Monday, January 1, 2024

അദ്ധ്യായം 37 : സൂറത്തു അസ്സാഫാത്ത് الصافات سورة | ഭാഗം 14

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات

سورة മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 182

(Part -14  -   സൂക്തം 149 മുതൽ 163 വരെ സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 


(149)

فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ


(നബിയേ ) എന്നാൽ തങ്ങൾ അവരോട് അഭിപ്രായം ചോദിക്കുക പെൺ മക്കൾ തങ്ങളുടെ രക്ഷിതാവിനും ആൺ മക്കൾ അവർക്കുമാണോ
? എന്ന്


ഇബ്നു കസീർ رحمة الله عليه എഴുതുന്നു അള്ളാഹുവിനു പെൺമക്കളായി മലക്കുകളെ സ്ഥാപിച്ച ബഹുദൈവാരാധകരെ വിമർശിച്ച് കൊണ്ട് അള്ളാഹു പറയുകയാണ്, അവർ വെറുപ്പോടെ മാറ്റി നിർത്തുന്ന പെൺമക്കളെ അള്ളാഹുവിനു നിങ്ങൾ സ്ഥാപിക്കുന്നുവോ എന്ന്. അവർക്ക് പെൺകുഞ്ഞ് ജനിച്ചാൽ അങ്ങേ അറ്റം വിഷമിക്കുകയും അതിനെ അപമാനം ഭയന്ന് ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തിരുന്നു അവർ (നഹ്‌ൽ 50) എന്നിട്ട് മലക്കുകളെ അള്ളാഹുവിന്റെ പെൺമക്കളാണെന്ന് വാദിക്കുന്നത് എത്രമാത്രം അപഹാസ്യമാണ് അള്ളാഹു മക്കളെ ഉണ്ടാക്കിയവൻ അല്ല അവനിലേക്ക് ഏത് മക്കളെയും ചേർത്തു പറയുന്നത് തന്നെ അപരാധമാണ് എന്നിരിക്കെ അവർക്ക് പോലും അവർ ആഗ്രഹിക്കാത്ത പെൺമക്കൾ അള്ളാഹുവിന് ഉണ്ട് എന്ന് പറഞ്ഞത് മഹാ അക്രമം തന്നെ എന്ന് സാരം
അള്ളാഹുവിനു മക്കളെ സ്ഥാപിക്കുക, അത് മുഖേന അവനു പങ്കാളികളെ നിശ്ചയിക്കുക എന്നിങ്ങനെ രണ്ട് ഗുരുതരമായ കുറ്റങ്ങളാണ് അവർ ചെയ്തത്
ഇമാം ഖുർതുബി
رحمة الله عليه എഴുതുന്നു, ‘പ്രബോധന വീഥിയിൽ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന നബി തങ്ങളെ ആശ്വസിപ്പിക്കാനായി കഴിഞ്ഞ കാല ജനങ്ങളുടെ വിവരണങ്ങൾ നടത്തിയ ശേഷം ഖുറൈശികൾക്കെതിരിൽ തെളിവ് സമർത്ഥിച്ച് കൊണ്ട് അള്ളാഹു പറയുന്നതാണിത്. ജുഹൈന:, ഖുസാഅ:, ബനൂമലീഹ്, ബനൂസലമ:, അബ്ദുദ്ദാർ എന്നീ ഗോത്രക്കാർ മലക്കുകൾ അള്ളാഹുവിന്റെ പെൺമക്കളാണ് എന്ന് വാദിച്ചപ്പോഴാണ് അവർക്കെതിരിൽ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. ഇത് അവരിൽ നിന്ന് അറിവ് ലഭിക്കാനുള്ള ചോദ്യമല്ല പ്രത്യുത ഇത്തരം അബദ്ധം പറഞ്ഞവരെ ഭയപ്പെടുത്താനുള്ള ചോദ്യമാണ് (ഖുർതുബി)


(150)
أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ


അതോ അവർ ദൃക്‌സാക്ഷികളായിക്കൊണ്ട് മലക്കുകളെ നാം സ്ത്രീകളായി സൃഷ്ടിച്ചിരിക്കുന്നുവോ
?

അള്ളാഹുവിലേക്ക് തന്റെ അടിമകളായ മലക്കുകളെ പെൺമക്കളെന്ന നിലയിൽ ചേർത്തു പറയാൻ അവർ ആ സൃഷ്ടിപ്പിനു സാക്ഷികളായിരുന്നുവോ? ഒരിക്കലുമില്ല. അപ്പോൾ ഒരു അറിവുമില്ലാതെയാണ് ഇങ്ങനെ അവർ പറഞ്ഞത്  ആ സ്ഥിതിക്ക് ഈ ആരോപണം മഹാ കഷ്ടം തന്നെ.


(151)
أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ


അറിയുക അവരുടെ വ്യാജ നിർമ്മിതിയാൽ അവർ പറഞ്ഞുകൊണ്ടിരിക്കുന്നു
കളവുകളുടെ കൂട്ടത്തിൽ ഏറ്റവും ചീത്തയായ കളവാണ് അത്.

(152)
وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ


അള്ളാഹു സന്താനോല്പാദനം നടത്തിയെന്ന്!.
തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാകുന്നു
,


കള്ളം പറയാനുള്ള മെയ്‌വഴക്കം കാണിച്ചിരിക്കുകയാണ് അള്ളാഹു സന്താനോല്പാദനം നടത്തി എന്ന പ്രസ്താവനയിലൂടെ മുശ്‌രിക്കുകൾ. അവരുടെ പ്രസ്താവനയിൽ സത്യത്തിന്റെ തരിമ്പും ഇല്ല അവർ കള്ളം പറയുക തന്നെയാണ്.

ഇബ്നുകസീർ رحمة الله عليه എഴുതുന്നു അള്ളാഹുവിനു മക്കളുണ്ടെന്നും അത് പെൺ മക്കളാണെന്നും അത് കൊണ്ട് ആ മലക്കുകൾ ആരാധിക്കപ്പെടാൻ അർഹരാണെന്നും അവർ ജല്പിച്ചു ഇത് ഓരോന്നും അവർ സാശ്വതമായി നരകത്തിൽ കടക്കാൻ കാരണമാകുന്ന കുറ്റങ്ങളാണ്


(153)
أَصْطَفَى الْبَنَاتِ عَلَى الْبَنِينَ


അവൻ ആൺ മക്കളേക്കാൾ (പ്രാധാന്യം നൽകി) പെൺ മക്കളെ തിരഞ്ഞെടുത്തിരിക്കുകയാണോ?

അള്ളാഹുവിനു മക്കളുണ്ടെന്ന വാദം തന്നെ തെറ്റ് അത് പെൺ മക്കളാണെന്ന കണ്ടെത്തൽ വളരെ ഗുരുതരം കാരണം അവർക്ക് പെൺ മക്കളെ ഇഷ്ടമല്ല ആ സ്ഥിതിക്ക് ആ പെൺ മക്കളെ അവർ അള്ളാഹുവിലേക്ക് ചേർത്തു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?


(154)
مَا لَكُمْ كَيْفَ تَحْكُمُونَ


(ഹേ ! ബഹുദൈവാരാധകരേ! ) നിങ്ങൾക്ക് എന്ത് പറ്റി
?എങ്ങനെയെല്ലാമാണ് നിങ്ങൾ വിധി കല്പിക്കുന്നത്?

പറയുന്ന ആരോപണത്തിന്റെ ഗൌരവം ചിന്തിക്കാതെ പോയത് എന്താണ്


(155)
أَفَلَا تَذَكَّرُونَ


അപ്പോൾ നിങ്ങൾ ഒട്ടും ചിന്തിക്കുന്നില്ലേ
?



ചിന്തിച്ചിട്ട് വേണ്ടേ സംസാരിക്കാൻ. ചിന്തിച്ചിരുന്നുവെങ്കിൽ ഇത്തരം അബദ്ധം പറയില്ലായിരുന്നുവല്ലോ!



(156)
أَمْ لَكُمْ سُلْطَانٌ مُّبِينٌ


അതോ വ്യക്തമായ വല്ല ലക്ഷ്യവും നിങ്ങൾക്കുണ്ടോ
?


ദൈവ ദൂതന്മാരിൽ നിന്നോ ദൈവിക ഗ്രന്ഥങ്ങളിൽ നിന്നോ ലഭിച്ച വല്ല തെളിവിന്റേയും അടിസ്ഥാനാത്തിലാണ് ഇങ്ങനെ അള്ളാഹുവിനു മക്കളുണ്ടെന്ന് വാദിക്കുന്നത് എന്ന് നിങ്ങൾ പറയുമോ?



(157)
فَأْتُوا بِكِتَابِكُمْ إِن كُنتُمْ صَادِقِينَ


എങ്കിൽ നിങ്ങളുടെ ഗ്രന്ഥം (ലക്ഷ്യം ) കൊണ്ടു വരൂ.നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ

ഈ വാദത്തിനു അള്ളാഹു അവതരിപ്പിച്ച വല്ല ഗ്രന്ഥത്തിലും തെളിവുണ്ടെങ്കിൽ അത് സമർത്ഥിക്കൂ.  ഒരിക്കലും അള്ളാഹു അങ്ങനെ ഒന്ന് അവതരിപ്പിച്ചിട്ടില്ല ശരിയായ യുക്തി അത് സമ്മതിക്കുകയുമില്ല. ആ സ്ഥിതിക്ക് ഒന്നുകിൽ നിങ്ങൾ കരുതിക്കൂട്ടി കള്ളം പറയുന്നു അല്ലെങ്കിൽ യാതൊരു അറിവുമില്ലാതെ അബദ്ധം വിളിച്ചു പറയുന്നു എന്നേ പറയാനാവൂ



(158)
وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ


അവർ
അള്ളാഹുവിന്റെയും ജിന്നുകളുടെയും ഇടയിൽ കുടുംബ ബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു നിശ്ചയം ജിന്നുകൾക്കറിയാം അവർ (ശിക്ഷയിൽ) ഹാജറാക്കപ്പെടുന്നവർ തന്നെയാണെന്ന്


ഇബ്നു കസീർ رحمة الله عليه എഴുന്നു ഇമാം മുജാഹിദ് رحمة الله عليه പറഞ്ഞു മലക്കുകൾ അള്ളാഹുവിന്റെ പെൺ മക്കളാണെന്ന് മുശ്‌രിക്കുകൾ പറഞ്ഞപ്പോൾ അബൂബക്കർ رضي الله عنه  ചോദിച്ചു എങ്കിൽ ആ പെൺ മക്കളുടെ ഉമ്മമാർ ആരാണ്? എന്ന് അവർ പറഞ്ഞു ജിന്നുകളുടെ കൊള്ളാവുന്ന സ്ത്രീകളാണ് എന്ന്. എന്നാൽ അത്തരം ഒരു ബന്ധം അള്ളാഹുവും ജിന്നുകളും തമ്മിൽ ഇല്ലെന്നും ഈ ആരോപകർ യാതൊരു അറിവും ഇല്ലാതെ ഇങ്ങനെ കള്ളം പറഞ്ഞ കാരണത്താൽ വിചാരണ നാളിൽ അള്ളാഹുവിന്റെ കടുത്ത ശിക്ഷക്ക് ഹാജറാക്കപ്പെടുകതന്നെ ചെയ്യുമെന്നും ജിന്നുകൾക്ക് അറിയാം.(അവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നെങ്കിൽ അവർക്ക് ഒരിക്കലും അത്തരം വിചാരണയെക്കുറിച്ച് ഭയം ഉണ്ടാകുമായിരുന്നില്ല)

അള്ളാഹുവും ഇബ്‌ലീസും സഹോദരന്മാരാണെന്ന് വാദിക്കുന്നവരും ഇക്കൂട്ടരിൽ ഉണ്ട് എന്ന് ഇബ്നു അബ്ബാസ് رضي الله عنه   പ്രസ്താവിച്ചത്  ഇമാം ഥബ്‌രി رحمة الله عليه വിവരിച്ചിട്ടുണ്ട് (ഇബ്നുകസീർ)


ജിന്ന് എന്ന പദം മലക്കുകളെ ഉദ്ദേശിച്ച് പറഞ്ഞതാണ്
, മനുഷ്യരുടെ കണ്ണിൽ നിന്ന് മറഞ്ഞവർ എന്നേ ജിന്ന് എന്നതിനു അർത്ഥമാക്കേണ്ടതുള്ളൂ എന്നും ഇവിടെ അഭിപ്രായമുണ്ട്.



(159)
سُبْحَانَ اللَّهِ عَمَّا يَصِفُونَ


അവർ വർണിച്ച് പറയുന്നതിൽ നിന്നെല്ലാം
അള്ളാഹു എത്രയോ പരിശുദ്ധനാണ്

അള്ളാഹുവിനു മക്കളുണ്ടെന്നും പങ്കാളികളുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങൾ അവർ അള്ളാഹുവിനെക്കുറിച്ച് പറയുന്നതുമായി അള്ളാഹുവിനു യാതൊരു ബന്ധവുമില്ല  അവരുടെ ദുരാരോപണം മാത്രമാണത്.



(160)
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ

 


അള്ളാഹുവിന്റെ നിഷ്ക്കളങ്കരായ അടിമകൾ ഒഴികെ (അവർ ആ കൂട്ടരിൽ പെടുകയില്ല)

നരകത്തിൽ കടക്കുന്നവരുടെ കൂട്ടത്തിൽ അള്ളാഹുവിനെ മാത്രം ആരാധിക്കുകയും അവനെ സംബന്ധിച്ച് അസംബന്ധം പറയാതെ ശരിയായി വിശ്വസിക്കുകയും ചെയ്തവർ പെടുന്നില്ല



(161)
فَإِنَّكُمْ وَمَا تَعْبُدُونَ


എന്നാൽ നിങ്ങളും നിങ്ങൾ ആരാധിക്കുന്ന വസ്തുക്കളും



(162)

مَا أَنتُمْ عَلَيْهِ بِفَاتِنِينَ



അള്ളാഹുവിനെതിരിൽ (ആരെയും) നിങ്ങൾ കുഴപ്പത്തിലാക്കുന്നവരല്ല


(163)
إِلَّا مَنْ هُوَ صَالِ الْجَحِيمِ


നരകത്തിൽ കടക്കു (വാൻ ഒരുങ്ങു)ന്നവനെയല്ലാതെ


അള്ളാഹുവിനെതിരിൽ നിങ്ങൾ പറയുന്ന നുണകൾ വിശ്വസിക്കാനോ നിങ്ങൾ ആരാധ്യ വസ്തുക്കളായി അവതരിപ്പിക്കുന്നതിനെ അംഗീകരിക്കാനോ യഥാർത്ഥ വിശ്വാസികളെ കിട്ടുകയില്ല നരകത്തിൽ കിടന്ന് എരിയാൻ വെമ്പൽ കൊള്ളുന്ന തിന്മയുടെ ഉപാസകരെ മാത്രമേ നിങ്ങൾക്ക് വഴി തെറ്റിക്കാനാവൂ അതിനാൽ ഇത്തരം അബദ്ധം പറഞ്ഞ് നല്ലവരെ നിങ്ങളുടെ വഴിക്ക് കൊണ്ടു വരാം എന്ന് സ്വപ്നം കാണേണ്ടതില്ല.


അള്ളാഹു നമ്മുടെ ഈമാൻ സ്ഥിരതയുള്ളതാക്കട്ടെ ആമീൻ


(തുടരും) ഇൻശാ അള്ളാഹ്                                                                                                                                                                                                                                                                                                                                                                                                                                                                                                       1


 

No comments: