Monday, January 8, 2024

അദ്ധ്യായം 37 : സൂറത്തു അസ്സാഫാത്ത് الصافات سورة | ഭാഗം 15

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 182

(Part -15  -   സൂക്തം 164 മുതൽ 182 വരെ സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

(164)
وَمَا مِنَّا إِلَّا لَهُ مَقَامٌ مَّعْلُومٌ

ഞങ്ങളിൽപെട്ട ആർക്കും തന്നെ ഒരു നിശ്ചിത സ്ഥാനം ഇല്ലാതെയില്ല

മലക്കുകൾ അള്ളാഹുവിന്റെ പെൺ മക്കളാണെന്ന് മുശ്‌രിക്കുകൾ പറഞ്ഞ കള്ളം നേരത്തെ പൊളിഞ്ഞത് നാം കണ്ടു. മലക്കുകളെക്കുറിച്ചുള്ള ആ ദുരാരോപണത്തിൽ നിന്ന് മലക്കുകളുടെ പരിശുദ്ധി പ്രഖ്യാപിക്കുന്ന മറ്റൊരു പരാമർശനമാവിടെ നാം കാണുന്നത് മലക്കുകളിൽ ഓരോരുത്തർക്കും ആകാശങ്ങളിൽ പ്രത്യേകം ആരാധനാ സ്ഥലങ്ങൾ ഉണ്ട് അവിടെ നിന്ന്  മറ്റൊരിടത്തേക്ക് മാറുകയില്ല (അതായത് അള്ളാഹുവും ഞങ്ങളും തമ്മിലുള്ള ബന്ധം പിതാവും മക്കളും തമ്മിലുള്ള ബന്ധമല്ല പ്രത്യുത അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ്. അങ്ങനെയുള്ള ഞങ്ങൾ അള്ളാഹുവിന്റെ മക്കളാണെന്ന് പറയുന്ന നിങ്ങളുടെ വാദത്തിൽ ഒരു സത്യവുമില്ല)
ആകാശത്ത് റുകൂഇലോ സുജൂദിലോ ആയി ഒരു മലക്ക് ഇല്ലാതെ ഒരു കാല്പാദം വെക്കാനുള്ള സ്ഥലം പോലുമില്ലെന്ന് നബി
പറഞ്ഞതായി ഇബ്നു അസാക്കിർ رحمة الله عليه റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നുകസീർ)
ഇമാം ഖുർതുബി
رحمة الله عليهഎഴുതുന്നു. ‘ഞങ്ങളിൽ പെട്ട ഓരോരുത്തർക്കും ഒരു നിശ്ചിത സ്ഥാനമുണ്ടെന്ന് മലക്കുകൾ പറഞ്ഞത് അവരെ ആരാധിക്കുന്ന മുശ്‌രിക്കുകളുടെ നിലപാടിനെ നിഷേധിക്കാനും അള്ളാഹുവിനെ ആദരിക്കാനുമാണ്. മിഅ്റാജിന്റെ യാത്രയിൽ ഇനി ഞാൻ കൂടെയുണ്ടാവില്ല മുന്നോട്ട് തങ്ങൾ ഒറ്റക്ക് പോകണം എന്ന് ജിബ്‌രീൽ عليه السلامപറഞ്ഞപ്പോൾ ഇവിടെ നിന്ന് നിങ്ങൾ എന്നെ ഒഴിവാക്കുകയാണോ എന്ന് നബി ചോദിച്ചപ്പോഴാണ് ഈ സൂക്തവും തുടർന്നുള്ള രണ്ട് സൂക്തവും അവതരിച്ചത് അതായത് ഞങ്ങൾക്ക് സഞ്ചരിക്കാൻ നിർണിത സ്ഥലമുണ്ടെന്നും അത് വിട്ട് കടക്കാൻ അവകാശമില്ലെന്നും ജിബ്‌രീൽ عليه السلام പറഞ്ഞു. എന്ന് ഇമാം മുഖാതിൽ رحمة الله عليه അഭിപ്രായപ്പെടുന്നു. പരലോകത്ത് വിചാരണയുടെ സ്ഥാനം എല്ലാവർക്കും ഉണ്ട് എന്നും ഇവിടെ വ്യാഖ്യാനമുണ്ട്. ഭയത്തിന്റെയും പ്രതീക്ഷയുടെയും ആത്മാർത്ഥതയുടെയും നന്ദിയുടെയും ഉൾപ്പെടെ പല സ്ഥാനങ്ങളും ഉണ്ട് എന്നും വ്യാഖ്യാനമുണ്ട് . ആദ്യം പറഞ്ഞതാണ് പ്രബലം എങ്കിലും (ഖുർതുബി)


ഇമാം മുസ്‌ലിം
رحمة الله عليهറിപ്പോർട്ട് ചെയ്തു ഹുദൈഫ: رضي الله عنه നബി തങ്ങൾ പറഞ്ഞതായി ഉദ്ധരിക്കുന്നു മറ്റുള്ളവരേക്കാൾ മൂന്ന് കാര്യങ്ങൾ കൊണ്ട് നാം ശ്രേഷ്ടമാക്കപ്പെട്ടിരിക്കുന്നു നമ്മുടെ അണികളെ മലക്കുകളുടെ അണിപോലെ ആക്കപ്പെട്ടു, ഭൂമി മുഴുവനും നമുക്ക് നിസ്കാര യോഗ്യമാക്കി, മണ്ണ് ശുദ്ധീകരണത്തിനു പറ്റുന്നതുമാക്കി (ഇബ്നുകസീർ)

(165)
  وَإِنَّا لَنَحْنُ الصَّافُّونَ


തീർച്ചയായും ഞങ്ങൾ തന്നെയാണ് അണികെട്ടി നിൽക്കുന്നവർ
.

മലക്കുകൾ അണിയണിയായി ആരാധനക്ക് വേണ്ടി നിൽക്കുന്നവരാണ് ഭൂമിയിലുള്ളവർ അണിയായി നിൽക്കുന്നത് പോലെ.
ഇമാം മുസ്‌ലിം
رحمة الله عليهറിപ്പോർട്ട് ചെയ്യുന്നു ജാബിറുബിൻ സമുറത് رضي الله عنه പറഞ്ഞു ഞങ്ങൾ പള്ളിയിലായിരിക്കെ ഒരിക്കൽ നബി തങ്ങൾ ഞങ്ങളുടെ അടുത്തേക്ക് വന്നു എന്നിട്ട് തങ്ങൾ ചോദിച്ചു മലക്കുകൾ അണികെട്ടി നിൽക്കുന്നത് പോലെ നിങ്ങൾക്ക് അണിയായി നിൽക്കരുതോ? ഞങ്ങൾ ചോദിച്ചു മലക്കുകൾ എങ്ങനെയാണ് അണികെട്ടുന്നത്? തങ്ങൾ പറഞ്ഞു അവർ ആദ്യ ലൈൻ പൂർത്തിയാക്കിയേ രണ്ടാമത്തേത് തുടങ്ങൂ പരസ്പരം ചേർന്ന് വിടവ് ഇല്ലാതെയാക്കി നിൽക്കും എന്ന്. ഉമർ رضي الله عنه   നിസ്ക്കരിക്കാൻ നിന്നാൽ നിങ്ങളുടെ അണികൾ ശരിയാക്കുക വളയാതെ നിൽക്കുക മലക്കുകൾ അണി ചേർന്ന് നിൽക്കുന്നത് പോലെ നിങ്ങൾ നിൽക്കാൻ ആണ്  അള്ളാഹു ഉദ്ദേശിക്കുന്നത് എന്നിട്ട്  അണി ശരിപ്പെടാൻ വേണ്ടി ചിലരോട് മുന്നോട്ടും ചിലരോട് പിന്നോട്ടും നിൽക്കാൻ പറയും ശേഷം നിസ്ക്കാരം ആരംഭിക്കും (ഖുർതുബി)

(166)
  وَإِنَّا لَنَحْنُ الْمُسَبِّحُونَ


തീർച്ചയായും ഞങ്ങൾ
അള്ളാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നവർ തന്നെയാണ്.

ഞങ്ങൾ മലക്കുകൾ മുശ്‌രിക്കുകൾ പറയുന്നത് പോലെ ആരാധ്യ വസ്തുക്കൾ അല്ല  അള്ളാഹുവിനു തസ്‌ബീഹും നിസ്ക്കാരവും നിർവഹിക്കുന്ന അവന്റെ അടിമകളാണ്.  ഞങ്ങൾ അണിയായി നിന്ന് അള്ളാഹുവിന്റെ പരിശുദ്ധി വാഴ്ത്തുകയും അവന്റെ മഹത്വം പ്രഖ്യാപിക്കുകയും എല്ലാ ന്യൂനതകളിൽ നിന്നും അവൻ മുക്തനാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഞങ്ങൾ അവന്റെ അടിമകളും അവന്റെ കാരുണ്യത്തിലേക്ക് അത്യാവശ്യമുള്ളവരും അവന്റെ അടുത്ത് വിനയാന്വിതരുമാണ്  (ഇബ്നുകസീർ)


(167)
وَإِنْ كَانُوا لَيَقُولُونَ

തീർച്ചയായും അവർ പറയുന്നവരായിരുന്നു

നബി തങ്ങളുടെ നിയോഗത്തിനു മുമ്പ് മക്കയിലെ മുശ്‌രിക്കുകളുടെ ഒരു പ്രസ്താവനയെകുറിച്ചാണ് ഇവിടെ പറയുന്നത്


(168)
  لَوْ أَنَّ عِندَنَا ذِكْرًا مِّنْ الْأَوَّلِينَ

ഞങ്ങളുടെ പക്കൽ പൂർവീകരിൽ നിന്നുള്ള വല്ല വേദ പ്രമാണവും ഉണ്ടായിരുന്നെങ്കിൽ

നബി തങ്ങൾ വരുന്നതിനു മുമ്പ് ഞങ്ങൾക്ക് ഉൽബോധനം നൽകാനും  അള്ളാഹുവിന്റെ കല്പനകളെ കുറിച്ച് ബോധവൽക്കരിക്കാനും മുൻ-കാലക്കാരുടെ അവസ്ഥകൾ വിവരിച്ചു തരാനും ആകാശത്ത് നിന്ന് അവതരിപ്പിച്ച  തൌറാത്ത്, ഇഞ്ചീൽ പോലെ ഒരു ഗ്രന്ഥവും അത് വിശദീകരിക്കാൻ ജൂത, നസാറാക്കളിലേക്ക് വന്നത് പോലെ ഒരു പരിഷ്കർത്താവും (പ്രവാചകൻ) ഉണ്ടായിരുന്നെങ്കിൽ (ഞങ്ങൾ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് നന്നാകുമായിരുന്നു എന്ന് അവർ പറഞ്ഞിരുന്നു ) അതാണിവിടെ വിവരിക്കുന്നത് (ഥിബ്‌രി)


(169)
لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ

ഞങ്ങൾ അള്ളാഹുവിന്റെ നിഷ്ക്കളങ്കളങ്കരായ അടിമകൾ ആയിരുന്നേനേ!

ഞങ്ങൾക്ക് ഉപദേശം തരാൻ ഒരു പരിഷ്ക്കർത്താവ് ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ നല്ലവരായി ജീവിക്കുമായിരുന്നു എന്ന് അവർ പറഞ്ഞിരുന്നു
പ്രവാചകൻ വരികയും ഗ്രന്ഥം വിവരിക്കുകയും ചെയ്തിരുന്നെങ്കിൽ
അള്ളാഹുവിനെ ആരാധിക്കാനും അവന്റെ സ്വർഗത്തിലേക്ക് പരിഗണിക്കാനും അള്ളാഹു തിരഞ്ഞെടുത്ത വിഭാഗമായി ഞങ്ങൾ മാറുമായിരുന്നു എന്ന്  മക്കയിലെ മുശ്‌രിക്കുകൾ പറഞ്ഞു എന്നാൽ അത് സാക്ഷാൽക്കരിച്ച് ഖുർആനുമായി അള്ളാഹു നബി തങ്ങളെ നിയോഗിച്ചപ്പോൾ അവർ നിഷേധികളായി മാറി (ഥിബ്‌രി).


നബി
തങ്ങളുടെ നിയോഗത്തിനു മുമ്പ് വിവരമില്ലായ്മയുടെ പേരിൽ തങ്ങൾ നിസ്സാരമാക്കപ്പെടുമ്പോഴായിരുന്നു മക്ക മുശ്‌രിക്കുകൾ ഇത്തരം പ്രസ്താവന (പ്രവാചകനോ ദൈവിക ഗ്രന്ഥമോ വന്നാൽ ഞങ്ങൾ അനുസരിക്കും എന്ന്) നടത്തിയിരുന്നത് (ഖുർതുബി)

(170)
فَكَفَرُوا بِهِ فَسَوْفَ يَعْلَمُونَ


എന്നിട്ട് ഈ വേദഗ്രന്ഥത്തെ അവർ നിഷേധിച്ചു അതിനാൽ പിന്നീട് അവർക്ക് അറിയാനാകും

ഉപദേശകൻ വന്നാൽ അവരെ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നവർ നബി തങ്ങൾ വന്നപ്പോൾ ചുവട് മാറ്റി അവരിലേക്ക് വന്ന ഉപദേശകനെയും അവർ ആവശ്യപ്പെട്ട വേദ ഗ്രന്ഥത്തെയും അവർ നിഷേധിച്ചു അതിന്റെ പരിണിതഫലം എന്തായിരിക്കുമെന്ന് പിന്നീട് അവർക്ക് ബോധ്യപ്പെടും. ‘പിന്നീട് അവർക്ക് ബോദ്ധ്യപ്പെടുംഎന്ന് പറഞ്ഞത് അള്ളാഹുവിനെ നിഷേധിക്കുകയും നബി തങ്ങളെ തള്ളിപ്പറയുകയും ചെയ്തതിനുള്ള കടുത്ത ശിക്ഷയെക്കുറിച്ചുള്ള ശക്തമായ താക്കീതാണ് (ഇബ്നുകസീർ)


(171)
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ


നിശ്ചയമായും ദൈവദൂതന്മാരായ നമ്മുടെ അടിമകളെ സംബന്ധിച്ച് നമ്മുടെ വാക്ക് മുമ്പ് തന്നെ ഉണ്ടായിട്ടുണ്ട്


അള്ളാഹു തന്റെ ബഹുമാനികളായ അടിമകളായ പ്രവാചകന്മാരെ സഹായിക്കുകയും അവർക്കും അവരുടെ അനുയായികൾക്കും അന്തിമ വിജയം നൽകുമെന്നും മുമ്പ് തന്നെ അള്ളാഹു തീരുമാനിച്ചിട്ടുണ്ട്



(172)
  إِنَّهُمْ لَهُمُ الْمَنصُورُونَ


നിശ്ചയം അവർ സഹായം നൽകപ്പെടുന്നവർ തന്നെയാണ്
.


അവർക്ക് ആവശ്യമായ തെളിവുകൾ നൽകിയും  ദൈവിക സഹായം മുഖേനയും ശത്രുക്കൾക്കെതിരിൽ അവർക്ക് സഹായം നൽകുമെന്ന് അടിസ്ഥാന രേഖയായ ലൌഹുൽ മഹ്‌ഫൂളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്



(173)
  وَإِنَّ جُندَنَا لَهُمُ الْغَالِبُونَ

 


നിശ്ചയം നമ്മുടെ സൈന്യം തന്നെയാണ് വിജയികൾ എന്നും
.


ആത്യന്തിക വിജയം സത്യത്തിനും അതിന്റെ വക്താക്കളായ പ്രവാചകന്മാർക്കും അനുയായികൾക്കും ആയിരിക്കുമെന്നും നാം നേരത്തേ തീരുമാനിച്ചിട്ടുണ്ട്

(174)
فَتَوَلَّ عَنْهُمْ حَتَّى حِينٍ


അതിനാൽ ഒരു സമയം വരെ തങ്ങൾ അവരെ തൊട്ട് തിരിഞ്ഞ് കളയുക

ശരിയായ വിജയം തങ്ങൾക്കായിരിക്കുമെന്നതിനാൽ അവരുടെ കഷ്ടപ്പെടുത്തലും ഉപദ്രവങ്ങളും ക്ഷമയോടെ നേരിടണം കാരണം പരിപൂർണ സഹായവും വിജയവും തങ്ങൾക്ക് വരികതെന്നെ ചെയ്യും എന്നാണ് അള്ളാഹു പറയുന്നത്. ബദ്‌റിലും മറ്റ് വിശുദ്ധ യുദ്ധങ്ങളിലും അത് നബി തങ്ങൾക്കും വിശ്വാസികൾക്കും ബോധ്യമാവുകയും ചെയ്തു അവസാനം മക്കം ഫത്‌ഹോടെ തങ്ങളെ നേരിടാൻ കെൽപ്പില്ലാതെ ശത്രുക്കൾ നിഷ് പ്രഭരായി

(175)
  وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ


തങ്ങൾ അവരെ നോക്കുക (എന്ത് സംഭവിക്കുമെന്ന്)അവർ അടുത്ത് കണ്ടറിയുന്നതാണ്

തങ്ങളെ എതിർത്തതിന്റെ ഫലം എന്താണ് അവരിൽ നടക്കാൻ പോകുന്നത് എന്ന് തങ്ങൾക്ക്  തന്നെ  അനുഭവത്തിൽ കാണാം

(176)
  أَفَبِعَذَابِنَا يَسْتَعْجِلُونَ


എന്നിരിക്കെ നമ്മുടെ ശിക്ഷയെക്കുറിച്ചാണോ അവർ ധൃതി കൂട്ടുന്നത്

ശിക്ഷയെക്കുറിച്ചുള്ള നബി തങ്ങളുടെ താക്കീത് വെറുതെ പറയുകയാണ് എന്ന് ധരിച്ചതിനാൽ ശിക്ഷയുണ്ടെങ്കിൽ വേഗം വരട്ടെ എന്ന്  നിഷേധ സ്വരത്തിൽ അവർ ആവശ്യപ്പെട്ടിരുന്നു


(177)
  فَإِذَا نَزَلَ بِسَاحَتِهِمْ فَسَاء صَبَاحُ الْمُنذَرِينَ


എന്നാൽ അത് അവരുടെ മുറ്റത്ത് വന്നെത്തിയാൽ താക്കീത് നൽകപ്പെട്ടവരുടെ പ്രഭാതം വളരെ ചീത്ത തന്നെ
.


അള്ളാഹുവിന്റെ ശിക്ഷ ഒരു ജനതയിൽ ഇറങ്ങിയാൽ (അവരുടെ നാളുകൾ എണ്ണപ്പെട്ടാൽ) അത് അവർക്ക് ഏറ്റവും മോശം ദിനമായിരിക്കും പരിഹരിക്കാനാവാത്ത ദുരന്തമാണല്ലോ സംഭവിക്കുന്നത്.   
ഖൈബറിൽ പ്രഭാതത്തിൽ നബിയും
സൈന്യവും എത്തുകയും ആ ജനത കൃഷി ആയുധങ്ങളുമായി  കൃഷിയിടത്തിലേക്ക് പോകാനായി  പുറത്തിറങ്ങുകയും നബിയെയും അനുയായികളെയും കണ്ടപ്പോൾ  മുഹമ്മദ് നബി വന്നിരിക്കുന്നു എന്ന് പറഞ്ഞ് വീടിനകത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു അപ്പോൾ നബി പറഞ്ഞു അള്ളാഹു അക്ബർ ഖൈബർ തകർന്നു നാം ഒരു ജനതയുടെ മുറ്റത്ത് ഇറങ്ങിയാൽ താക്കീത് നൽകപ്പെട്ട ആ ജനതയുടെ പ്രഭാതം വളരെ ചീത്ത  (ഇബ്നുകസീർ)


(178)
  وَتَوَلَّ عَنْهُمْ حَتَّى حِينٍ


അതിനാൽ ഒരു സമയം വരെ തങ്ങൾ അവരെ തൊട്ട് തിരിഞ്ഞു കളയുക

അള്ളാഹുവിന്റെ ശിക്ഷ എപ്പോൾ നൽകണമെന്ന് അള്ളാഹു തീരുമാനിച്ചിട്ടുണ്ട് അതിന്റെ സമയമാകുമ്പോൾ അത് വരും. അത് വരെ എവിടെ ശിക്ഷ എന്ന് ചോദിച്ച് കൊണ്ട് അവർ തങ്ങളെ പരിഹസിക്കുന്നത് കാര്യമാക്കണ്ട

(179)
وَأَبْصِرْ فَسَوْفَ يُبْصِرُونَ


തങ്ങൾ നോക്കുക. അവർ അടുത്ത്  കണ്ടറിയുന്നതാണ്

 

നേരത്തേ പറഞ്ഞത് ഒന്നു കൂടി ഉറപ്പിച്ചതാണ്
അള്ളാഹുവിന്റെ ശിക്ഷ അവരിൽ ഇറങ്ങുന്ന നേരത്ത് അവരുടെ പശ്ചാത്താപം ഉപകരിക്കുകയില്ല. ആ സമയം അവർക്ക് എല്ലാം ബോദ്ധ്യമാവും പക്ഷെ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു നിവൃത്തിയുമുണ്ടാകില്ല

(180)
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ

 


പ്രതാപ ശാലിയായ തങ്ങളുടെ രക്ഷിതാവ് അവർ വർണിക്കുന്നതിനെതൊട്ട് പരിശുദ്ധനാണ്

അള്ളാഹുവിനു മക്കളുണ്ടെന്നും പങ്കാളിയുണ്ടെന്നുമെല്ലാം അവർ ആരോപിച്ചു എന്നാൽ അള്ളാഹു അതിൽ നിന്നെല്ലാം പരിശുദ്ധൻ ആണ്
ഇബ്നു കസീർ
رحمة الله عليه എഴുതുന്നു അക്രമികളും കളവാക്കുന്നവരും പരിധി ലംഘകരുമായ‍ ആളുകൾ പറയുന്ന ആരോപണങ്ങളെ തൊട്ട് അള്ളാഹു തന്നെ സ്വന്തത്തെ പരിശുദ്ധമാക്കുകയണിവിടെ അവൻ അങ്ങേ അറ്റം പ്രതാപിയാണ് (അവനെ അവന്റെ സൃഷ്ടികളുടെ സ്വഭാവത്തിലേക്ക് തരം താഴ്ത്തിയും സൃഷ്ടികളോട് തുല്യപ്പെടുത്തിയും സംസാരിക്കുന്നത് അങ്ങേ അറ്റം വില കുറഞ്ഞ നിലപാടുകളാണ് )‍ കള്ളം നിർമ്മിച്ച് പറയുന്നവരുടെ വാക്കുകളെത്തൊട്ട് അള്ളാഹു പരിശുദ്ധനാകുന്നു (ഇബ്നുകസീർ)

(181)
  وَسَلَامٌ عَلَى الْمُرْسَلِينَ


ദൈവ ദുതമാർക്ക് അനുഗ്രഹം ഉണ്ടായിരിക്കട്ടെ


അള്ളാഹുവിന്റെ ഏകത്വവും മറ്റു സന്ദേശങ്ങളും ജനങ്ങളിൽ എത്തിക്കുന്നവരാണ് പ്രവാചകന്മാർ അവർക്ക് അള്ളാഹു രക്ഷ വാഗ്‌ദാനം ചെയ്തതാണിവിടെ. അള്ളാഹുവിനെ സംബന്ധിച്ച് യാഥാർത്ഥ്യവും സത്യസന്ധവുമായി സംസാരിച്ച പ്രവാചകന്മാർക്ക് ഇഹലോകത്തും പരലോകത്തും അള്ളാഹു രക്ഷ നൽകും (ഇബ്നുകസീർ)
വലിയ ഭയത്തിന്റെ ദിനത്തിൽ പരലോകത്ത് അവർക്ക്
അള്ളാഹു നൽകുന്ന നിർഭയത്വമാണ് ഇവിടെ പറയുന്ന രക്ഷ എന്നും അഭിപ്രായമുണ്ട് (ഥിബ്‌രി/ഖുർതുബി)

(182)
  وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ


സർവലോക പരിപാലകനായ
അള്ളാഹുവിനാണ് എല്ലാ സ്തുതിയും

ഈ ലോകത്തും പരലോകത്തും എല്ലാ സാഹചര്യങ്ങളിലും എല്ലാ പൂർണതയും ഉള്ളവനായ അള്ളാഹുവിനാകുന്നു എല്ലാ സ്തുതിയും. നൂറ്റി എൺപതാം സൂക്തത്തിൽ പറഞ്ഞ തസ്‌ബീഹ് ന്യൂനതകളിൽ നിന്ന് അള്ളാഹുവിനെ മുക്തനാക്കുകയും ഇവിടെ പറയുന്ന ഹംദ് പൂർണതയുടെ വിശേഷണങ്ങൾ അള്ളാഹുവിനു സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.  തസ്‌ബീഹിൽ തന്നെ പൂർണതയുടെ സൂചനയും ഹംദിൽ ന്യൂനതയിൽ നിന്ന് മുക്തനാണെന്ന സൂചനയും ഉണ്ടെങ്കിലും രണ്ടും  വാചികമായി തന്നെ സ്ഥിരീകരിക്കാനാണ് തസ്‌ബീഹും, ഹംദും ഒരുമിച്ച് പറഞ്ഞിരിക്കുന്നത് ഇത് ഖുർ ആൻ പലയിടത്തും സ്വീകരിച്ച ശൈലി തന്നെയാണ് (ഇബ്നുകസീർ)


എല്ലാ ദൂതന്മാർക്കും സലാം എന്ന പ്രയോഗം ശ്രദ്ധേയമാണ് നബി
തങ്ങൾ പറഞ്ഞു നിങ്ങൾ എന്റെ മേലിൽ സലാം ചൊല്ലുമ്പോൾ മറ്റു പ്രവാചകന്മാരുടെ മേലിലും സലാം ചൊല്ലണം കാരണം ഞാൻ ആ പ്രവാചകന്മാരിൽ പെട്ട ആൾ ആണല്ലോ!(ഇബ്നുകസീർ)


ഈ അവസാനത്തെ മൂന്ന് സൂക്തങ്ങളുടെ ശ്രേഷ്ടത വിവരിക്കുന്ന ഒരു നബി വചനം കാണുക
ആരെങ്കിലും പൂർണമായ അളവു പാത്രം കൊണ്ട് അന്ത്യ നാളിൽ തനിക്ക് പ്രതിഫലം അളന്നു നൽകാൻ സന്തോഷം കാണിക്കുന്നുവെങ്കിൽ അവൻ സദസ്സിൽ നിന്ന് എഴുന്നേൽക്കുന്ന അവസാന സമയത്ത് ഈ മൂന്ന് സൂക്തങ്ങൾ പറയട്ടെ. എല്ലാ നിസ്ക്കാരങ്ങളുടെ ശേഷവും മൂന്ന് തവണ ഇവ പാരായണം ചെയ്താൽ വലിയ പ്രതിഫലം ലഭിക്കും എന്നും ഹദീസിൽ വന്നിട്ടുണ്ട് (ഇബ്നുകസീർ)


സന്തോഷ വാർത്ത അറിയിക്കുന്നവരും താക്കീതു നൽകുന്നവരുമായി ദൂതന്മാരെ അയച്ചതിന്റെ പേരിൽ എല്ലാ സ്തുതിയും
അള്ളാഹുവിനു എന്നും അള്ളാഹു നൽകിയ എല്ലാ അനുഗ്രഹത്തിന്റെ പേരിലും സ്തുതി അള്ളാഹുവിന് എന്നും  ഇവിടെ വ്യാഖ്യാനമാവാം (ഖുർതുബി)
എല്ലാ അനുഗ്രഹങ്ങളും
അള്ളാഹുവിൽ നിന്ന് ആയതിനാൽ എല്ലാ സ്തുതിയും അവനു തന്നെ (ഥിബ്‌രി)


അള്ളാഹുവിനെ ശരിയായി മനസ്സിലാക്കുന്ന അടിമകളിൽ അവൻ നമ്മെ ചേർക്കട്ടെ ആമീൻ


(തുടരും) ഇൻശാ അള്ളാഹ്


ഈ അദ്ധ്യായം അവസാനിച്ചു

No comments: