Monday, February 19, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 06

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -6  -   സൂക്തം 25 മുതൽ  32  സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(25)
إِنِّىٓ ءَامَنتُ بِرَبِّكُمْ فَٱسْمَعُونِ


നിശ്ചയം ഞാൻ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു അതിനാൽ എന്റെ വാക്ക് നിങ്ങൾ കേൾക്കുക


ജനങ്ങൾ ദൂതന്മാരെ നിഷേധിച്ചതറിഞ്ഞ് പട്ടണത്തിന്റെ അങ്ങേത്തലയിൽ നിന്ന് വന്ന ഹബീബുന്നജ്ജാർ رضي الله عنه  പറഞ്ഞ വാക്കാണിത് ആരോട് പറഞ്ഞു എന്നത് സംബന്ധമായി മൂന്ന് അഭിപ്രായമുണ്ട് (1) ദൂതന്മാരോട് പറഞ്ഞു അതായത് ദൂതന്മാരെ പിന്തുണച്ച തന്നെ ജനം കൊല്ലുമെന്ന് മനസ്സിലാക്കിയ ഹബീബുന്നജ്ജാർ رضي الله عنهദൂതന്മാരോട് ഞാൻ കൊല്ലപ്പെടാൻ പോകുന്നു എന്നാൽ ഞാൻ നിങ്ങൾ പരിചയപ്പെടുത്തിയ നാഥനിൽ വിശ്വസിച്ചിട്ടുണ്ട് ഇത് നിങ്ങൾ കേൾക്കുകയും നാഥന്റെ അടുത്ത് എനിക്ക് നിങ്ങൾ സാക്ഷി പറയുകയും വേണം എന്ന് (2) അദ്ദേഹം വിശ്വസിക്കാൻ തന്റെ ജനത്തെ അദ്ദേഹം ക്ഷണിച്ചപ്പോൾ അത് സമ്മതിച്ചില്ലെന്ന് മാത്രമല്ല തന്നെ അക്രമിക്കാൻ തീരുമാനിക്കുകയാണ് അവർ ചെയ്തത് തന്റെ ഉപദേശം ഫലിക്കുന്നില്ലെന്ന് മനസിലായപ്പോൾ അവരോട് ഞാൻ സത്യവിശ്വാസിയാണ് നിങ്ങൾ എന്ത് ചെയ്താലും ഞാൻ അതിൽ ഉറച്ച് നിൽക്കും എന്ന് നിങ്ങൾ മനസ്സിലാക്കുക എന്ന് അദ്ദേഹം പറഞ്ഞു (3) തന്റെ സംസാരം കേൾക്കുന്ന എല്ലാവരോടുമായി പറഞ്ഞു ഞാൻ സത്യ വിശ്വാസിയാണ് എന്ന്. എന്റെ വാക്ക് നിങ്ങൾ കേൾക്കുകഎന്ന പ്രയോഗം കേട്ടു നിൽക്കുന്നവർ ചിന്തിക്കണം എന്ന അർത്ഥത്തിൽ പറഞ്ഞതാണ് അതായത് എന്റെ നിലപാട് ഞാൻ സ്വകാര്യമാക്കി വെച്ചിട്ടില്ല അങ്ങനെയാണെങ്കിൽ ഞങ്ങൾ അത് അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ ഞങ്ങളും വിശ്വസിച്ചേനേ എന്ന് പിന്നെ പറയാൻ അവർക്ക് അവസരം ഇല്ലാതാക്കാനാണ് ഈ പ്രയോഗം.   ഞാനീ പറയുന്നത് സ്വീകരിക്കണം എന്നും ആ പ്രയോഗത്തിനു അർത്ഥമാവാം അത്തരം ഒരു വികാരം ജനിപ്പിക്കാനാണ് എന്റെ നാഥനിൽ ഞാൻ വിശ്വസിച്ചു എന്ന് പറയാതെ നിങ്ങളുടെ രക്ഷിതാവിൽ ഞാൻ വിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞത് .നിങ്ങളുടെ നാഥനിൽ ഞാൻ വിശ്വസിക്കുക തന്നെ ചെയ്തു എന്ന് അദ്ദേഹം ദൂതന്മാരോട് പറഞ്ഞതാണെങ്കിൽ നിങ്ങൾ പരിചയപ്പെടുത്തിയ നാഥനിൽ ഞാൻ വിശ്വസിച്ചു എന്നാണ് അർത്ഥം. നിഷേധികളോടാണ് ഇത് പറഞ്ഞതെങ്കിൽ അത് അള്ളാഹുവിന്റെ ഏകത്വം (തൌഹീദ്) സ്ഥിരീകരിക്കലാണ് എന്നെയും നിങ്ങളെയും സൃഷ്ടിച്ചവനും നമ്മുടെ എല്ലാം ആരാധ്യനും ഒന്നാണ് അവനെ നിങ്ങൾ നിഷേധിക്കുന്നത് ശരിയല്ല എന്ന് സമർത്ഥിക്കുകയാണ് അദ്ദേഹം (റാസി)


(26)
قِيلَ ٱدْخُلِ ٱلْجَنَّةَ ۖ قَالَ يَـٰلَيْتَ قَوْمِى يَعْلَمُونَ


നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുക എന്ന് (അദ്ദേഹത്തോട്) പറയപ്പെട്ടു അദ്ദേഹം പറഞ്ഞു ഹാ! എന്റെ ജനത അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു

 
അദ്ദേഹം കൊല്ലപ്പെടുകയും ഉടൻ അദ്ദേഹത്തോട് സ്വർഗത്തിൽ പ്രവേശിക്കുക എന്ന് പറയപ്പെടുകയും ചെയ്തു എന്നും വിശ്വസിച്ചു എന്ന് പറഞ്ഞപ്പോൾ ഭൂമിയിൽ നിന്ന് തന്നെ ഇങ്ങനെ പറയപ്പെട്ടു എന്നും അഭിപ്രായമുണ്ട് മരണ ശേഷം  ആണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിൽ അദ്ദേഹത്തിന്റെ സംസാരം അള്ളാഹു ദൂതന്മാർ മുഖേന ഇവിടെ അറിയിച്ചു എന്നാകും  ജീവിത കാലത്ത് തന്നെയാണിത് പറഞ്ഞതെങ്കിൽ സത്യ വിശ്വാസികൾ സ്വർഗത്തിൽ കടക്കുമെന്ന് ദൂതന്മാർ കട്ടായം പറഞ്ഞത് ഉറച്ച് വിശ്വസിക്കുന്നത് കൊണ്ട് അദ്ദേഹം അങ്ങനെ പറഞ്ഞതാണ് എന്നാകും. അതായത് ഞാൻ ഈ സത്യം അറിഞ്ഞത് പോലെ എന്റെ നാട്ടുകാരും അറിഞ്ഞിരുന്നെങ്കിൽ അവരും സത്യ വിശ്വാസികളായേനേ എന്ന് സാരം. സ്വർഗത്തിൽ പ്രവേശിക്കുക എന്ന് പറയപ്പെട്ടു എന്ന് പറഞ്ഞാൽ ആ വാക്ക് അദ്ദേഹത്തോട് പറയപ്പെട്ടു എന്നോ അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നോ ആവാം(റാസി)


അവർ അദ്ദേഹത്തെ കാലു കൊണ്ട് ചവിട്ടുകയും അദ്ദേഹത്തിന്റെ മലദ്വാരം പുറത്തേക്ക് വരികയും ചെയ്തു. എന്നിട്ടും അദ്ദേഹം അവർക്കെതിരെ നിലപാട് കടുപ്പിച്ചില്ല മറിച്ച് അപ്പോഴും അദ്ദേഹം അവരെ സന്മാർഗത്തിലാക്കാൻ
അള്ളാഹുവോട് പ്രാർത്ഥിക്കുകയായിരുന്നു ജീവിത കാലത്ത് ദൂതന്മാരെ നിങ്ങൾ പിന്തുടരുക എന്ന് പറഞ്ഞു ജനങ്ങൾക്ക് സദുപദേശം നൽകിയ അദ്ദേഹം മരണ ശേഷവും എനിക്ക് ലഭിച്ച സന്തോഷം അവർ അറിഞ്ഞ് വിശ്വാസത്തിലേക്ക് വന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കുകയാണ്. ഇതാണ് ഗുണ കാംക്ഷ. സത്യ വിശ്വാസിയെ ഗുണകാംക്ഷയുള്ളവനായി മാത്രമേ കാണാനാവൂ ഒരിക്കലും വഞ്ചകനായി കാണാനാവില്ല എന്ന ഖതാദ: رضي الله عنه യുടെ വാക്ക് ഇവിടെ പ്രസക്തമാണ് (ഇബ്നുകസീർ)


(27)
بِمَا غَفَرَ لِى رَبِّى وَجَعَلَنِى مِنَ ٱلْمُكْرَمِينَ


എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തു തന്നതിനെക്കുറിച്ചും എന്നെ ആദരണീയരുടെ കൂട്ടത്തിൽ ആക്കിത്തന്നതിനെക്കുറിച്ചും (എന്റെ ജനത അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു)


ഞാൻ എന്റെ നാഥനെ വിശ്വസിച്ചതിനാലും അവന്റെ ദൂതന്മാർ പറയുന്നത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയതിനാലുമാണ് ഈ പ്രതിഫലം അള്ളാഹു എനിക്ക് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു (ഇബ്നുകസീർ)


മരണാനന്തരം അദ്ദേഹത്തിനു ലഭിച്ച രണ്ട് ബഹുമതികളാണിത്
അള്ളാഹു പാപ മോചനം നൽകി എന്നതും ആദരണീയരുടെ കൂട്ടത്തിലാക്കി എന്നതും
അദ്ദേഹത്തിന്റെ സത്യ വിശ്വാസവും സൽക്കർമങ്ങളും അദ്ധേഹത്തിനു നേടിക്കൊടുത്ത രണ്ട് നേട്ടങ്ങളാണിവ. (മുപ്പത്തിനാലാം അദ്ധ്യായം
സബഅ്നാലാം സൂക്തത്തിൽ അള്ളാഹു പറയുന്നു. സത്യ വിശ്വാസം സ്വീകരിക്കുകയും സൽകർമങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് പ്രതിഫലം കൊടുക്കാൻ ആണത് അവർക്ക് പാപ മുക്തിയും സമാദരണീയമായ ഉപജീവനവുമുണ്ട്). ഇദ്ദേഹം സൽകർമങ്ങൾ അനുഷ്ഠിക്കുന്ന സത്യ വിശ്വാസികളിൽ പെട്ടവരായിരുന്നു താനും സൽകർമികളെ മറ്റാരിലേക്കും ആവശ്യമില്ലാത്ത വിധം അള്ളാഹു ഐശര്യമാക്കും (റാസി)


ഇബ്നുകസീർ 
رحمة الله عليهഎഴുതുന്നു സത്യപ്രബോധനവുമായി വന്നവരൊക്കെ അവരുടെ ജനതയിൽ നിന്ന് ഈവിധം പീഢനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് ഉദാഹരണമായി ഉർവത്തുബിൻ മസ്‌ഊദ് അസ്സഖഫി رضي الله عنه നബി തങ്ങളോട് ആവശ്യപ്പെട്ടു എന്നെ എന്റെ ജനതയിലേക്ക് പ്രബോധകനായി തങ്ങൾ അയക്കണം. അപ്പോൾ തങ്ങൾ പറഞ്ഞു നിങ്ങളെ അവർ കൊന്നുകളയുമെന്ന് ഞാൻ ഭയപ്പെടുന്നു അപ്പോൾ ഉർവ: رضي الله عنهപറഞ്ഞു ഇല്ല നബിയേ! ഞാൻ ഉറങ്ങുന്ന നേരത്ത് എന്നെ ഉണർത്തി എനിക്ക് ശല്യമാവാൻ പോലും എന്റെ നാട്ടുകാർ വരികയില്ല (എനിക്ക് അത്രയും സ്വീകാര്യത നാട്ടിലുണ്ടെന്ന് സാരം) എന്നാൽ പോയി പ്രബോധനം നടത്തുക എന്ന് തങ്ങൾ പറഞ്ഞു അങ്ങനെ അദ്ദേഹം സ്വജനതയുടെ അടുത്തെത്തി ലാത്ത, ഉസ്സ തുടങ്ങിയ ബിംബങ്ങൾ ആരാധ്യന്മാരല്ലെന്നും നിങ്ങൾ മുസ്‌ലിംകളാവുക എന്നാലേ നിങ്ങൾ രക്ഷപ്പെടുകയുള്ളൂ എന്നും പറഞ്ഞു സഖീഫ് ഗോത്രക്കാർ (പാരമ്പര്യ ദൈവങ്ങളെ തള്ളി പറഞ്ഞതിൽ ) പ്രകോപിതരാവുകയും അദ്ദേഹത്തെ കൊന്നു കളയുകയും ചെയ്തു ഈ വിവരം അറിഞ്ഞ നബി തങ്ങൾ പറഞ്ഞത് അദ്ദേഹത്തിന്റെ ഉപമ യാസീനിലെ ചങ്ങാതി (ഹബീബുന്നജ്ജാർ) യുടെ ഉപമയാണ് എന്നായിരുന്നു ഹബീബ് ബിൻ സൈദ് رضي الله عنه എന്ന സഹാബിയെക്കുറിച്ച് ചരിത്രം പറയുന്നത് മുസൈലിമത്ത് എന്ന കള്ള പ്രവാചകൻ അദ്ദേഹത്തെ പിടിച്ച് ചോദിച്ചു മുഹമ്മദ് നബി അള്ളാഹുവിന്റെ ദൂതനാണെന്ന് നിങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടോ? അദ്ദേഹം പറഞ്ഞു അതെ സാക്ഷ്യപ്പെടുത്തുന്നുണ്ട് അപ്പോൾ അവൻ ചോദിച്ചു ഞാൻ ദൈവദൂതനാണെന്ന് സക്ഷ്യപ്പെടുത്തുന്നുണ്ടോ? അപ്പൊൾ ഹബീബ് പറഞ്ഞു ഞാൻ ഒന്നും കേൾക്കുന്നില്ല അപ്പൊൾ മുസൈലിമ ചോദിച്ചു മുഹമ്മദ് നബിയെക്കുറിച്ചുള്ള ചോദ്യം നീ കേൾക്കുകയും എന്നെക്കുറിച്ചുള്ളത് കേൾക്കാതിരിക്കുകയും ചെയ്യുന്നുവോ? അങ്ങനെ അദ്ദേഹത്തിന്റെ ഓരോ അവയവങ്ങളും മുറിച്ചു ആ കള്ളൻ.  മരണം വരെയും തന്റെ നിലപാടിൽ ഉറച്ച് നിന്ന് അവസാനം അദ്ദേഹം മരണപ്പെട്ടു. ഈ സംഭവം റിപ്പോർട്ട് ചെയ്യുന്ന കഅ്ബ് എന്നവർ പറഞ്ഞു അദ്ദേഹത്തിന്റെ പേർ യാസീനിലെ കൂട്ടുകാരൻ ഹബീബിന്റെ رضي الله عنه പേര് തന്നെയാണല്ലോ എന്ന്!(ഇബ്നുകസീർ)


(28)
 وَمَآ أَنزَلْنَا عَلَىٰ قَوْمِهِۦ مِنۢ بَعْدِهِۦ مِن جُندٍۢ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِين


തന്റെ ശേഷം അദ്ദേഹത്തിന്റെ ജനതയുടെ മേൽ ആകാശത്ത് നിന്ന് ഒരു സൈന്യവും നാം ഇറക്കിയിട്ടില്ല അങ്ങിനെ ഇറക്കുന്ന പതിവും നമുക്കില്ല


ഒരു സൈന്യത്തെ ഇറക്കുകയോ മറ്റോ ചെയ്യാതെ അവരെ
അള്ളാഹു പെട്ടന്ന് തന്നെ നശിപ്പിച്ചു അള്ളാഹുവിനു ഒരു കൂട്ടരെ നശിപ്പിക്കാൻ സൈന്യത്തെ വിളിക്കേണ്ട കാര്യമില്ല അത് അള്ളാഹുവിന്റെ രീതിയുമല്ല


ഹബീബുന്നജ്ജാർ
 رضي الله عنه കൊല്ലപ്പെട്ട ശേഷം ആ അക്രമികൾക്ക് അനുഭവിക്കേണ്ടി വന്ന അവസ്ഥാ വിശേഷമാണിവിടെ പറയുന്നത്



(29)
إِن كَانَتْ إِلَّا صَيْحَةًۭ وَٰحِدَةًۭ فَإِذَا هُمْ خَـٰمِدُونَ


അത് (ആ സംഭവം) ഒരു ഭയങ്കര ശബ്ദം മാത്രമായിരുന്നു തൽക്ഷണം അവരതാ നശിച്ചു കെട്ടടങ്ങിയവരായിരിക്കുന്നു !


അവരെ നശിപ്പിക്കാൻ ഒരു ഭയങ്കര ശബ്ദം ഉണ്ടായി അതിന്റെ ഭയാനകതയിൽ അവർ അപ്പോൾ തന്നെ നശിച്ചു പോയി കെട്ടടങ്ങിഎന്ന പ്രയോഗം പ്രസക്തമായിരിക്കുന്നു കാരണം മനുഷ്യനിൽ നിലനിൽക്കുന്ന ഒരു ചൂടുണ്ട് അതിലേക്ക് വികാരം, ദേഷ്യം എന്നീ ചേരുവകൾ കൂടി ശക്തമാകുമ്പോൾ അവരിൽ ശക്തമായി താപം ഉണരുന്നു അവർ ദേഷ്യത്തോടെയാണല്ലോ തൊട്ടു മുമ്പ് സത്യ വിശ്വാസിയായ ഹബീബുന്നജ്ജാറിനെ رضي الله عنه കൊന്നു കളഞ്ഞത്  തങ്ങളുടെ ഇഷ്ടത്തിനെതിരിൽ നിലനിൽക്കാൻ ആരെയും അനുവദിക്കില്ലെന്ന വികാരവും അവരിൽ ആ സമയത്ത് ശക്തമായിരുന്നു അത് കൊണ്ട് ജ്വലിച്ച് നിൽക്കുന്ന തീയോട് അവരുടെ അവസ്ഥയെ ഉപമിച്ച് അവരുടെ നാശത്തെ തീകെട്ടു പോവുക എന്ന പോലെ ആലങ്കാരികമായി പറഞ്ഞതാണ് (റാസി)


(30)
يَـٰحَسْرَةً عَلَى ٱلْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ


ഹാ
, അടിമകളുടെ സ്ഥിതി എത്ര കഷ്ടം! അവരുടെ അടുത്ത് ഏതൊരു ദൈവ ദൂതൻ ചെല്ലുമ്പോഴും അവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല


സത്യ നിഷേധികൾ അനുഭവിക്കുന്ന നഷ്ടത്തെ വർണിക്കുകയാണിവിടെ. നശിപ്പിക്കപ്പെട്ട ഈ സത്യ നിഷേധികൾക്ക് വേണ്ടി ദു:ഖിക്കാനും നിലവിളിക്കാനും അവരുടെ സ്വന്തക്കാരായി ആരും ഇവിടെ ഇല്ല. എന്നാലും നിഷേധികൾക്ക് തിരിച്ചടി നേരിടുമ്പോൾ അവർ നന്നാവാത്ത ദു:ഖമായിരിക്കും വിശ്വാസികൾക്ക് അല്ലാതെ അവർ നശിക്കുന്നതിലുള്ള സന്തോഷമായിരിക്കില്ല അത് കൊണ്ടാണ് തന്നെ കൊലപ്പെടുത്തുന്ന നിഷേധികൾക്ക് വേണ്ടി സന്മാർഗത്തിലാക്കണേ എന്ന് ദുആ ചെയ്താണ് ഹബീബുന്നജ്ജാർ رضي الله عنه മരണപ്പെട്ടത് മരണ ശേഷവും തനിക്ക് കറാമത്ത് ലഭിച്ചപ്പോൾ ഇത് അറിഞ്ഞെങ്കിലും എന്റെ ജനത വിശ്വാസത്തിലേക്ക് വന്നെങ്കിൽ നന്നായിരുന്നു എന്ന് ചിന്തിക്കുകയാണ് ഹബീബുന്നജ്ജാർرضي الله عنه ആ സന്മനസ്സിനെ അള്ളാഹു നന്നായി വർണിച്ചിരിക്കുകയാണിവിടെ. അവരുടെ അടുത്ത് ഏതൊരു ദൈവ ദൂതൻ ചെല്ലുമ്പോഴും അവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല, ഇത് അവരുടെ പേരിൽ ദു:ഖത്തിനുള്ള കാരണമാണ് ഒരിക്കലും അവർ സത്യം കാണാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല ഏത് വിധേനയും സത്യ പ്രബോധകരെ തള്ളിപ്പറയാനുള്ള വ്യഗ്രതയായിരുന്നു അവർക്ക്. ഈ നഷ്ടമേ എന്ന് വിളിക്കുന്നത് നിഷേധികൾ തന്നെയാകുന്നതിനും സാദ്ധ്യതയുണ്ട് പരലോകത്ത് ഇവർ നരകത്തിലും സത്യവിശ്വാസികൾ വലിയ സന്തോഷത്തിലും കാണുന്ന സമയത്തായിരിക്കും അത് എന്ന് മാത്രം                                                  (റാസി)


(31)
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ


അവരുടെ മുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചു കളഞ്ഞതെന്നും അവരാരും ഇവരുടെ അടുക്കലേക്ക് മടങ്ങി വരുന്നില്ലെന്നും അവർക്ക് കണ്ടുകൂടെ
?

സത്യ നിഷേധത്തിൽ മൂടുറച്ച് പോകുന്ന ഓരോ തലമുറയോടും അവരുടെ മുമ്പുള്ള നിഷേധികളുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് ചിന്തിക്കാനായി അള്ളാഹു ഉണർത്തുകയാണ് ഈ നശിച്ചവരാരും മടങ്ങി വന്നില്ലല്ലോ അവർ മടങ്ങി വന്ന് ഞങ്ങൾ അവിടെ ഒരു കുഴപ്പവും കണ്ടില്ല എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇവർക്ക് മരണാനന്തരമുണ്ടെന്ന് ദൂതന്മാർ പറയുന്നതിനെ നിഷേധിക്കാമായിരുന്നു ഒരു അറിവുമില്ലാതെ അതിനെ നിഷേധിക്കുന്ന ഇക്കൂട്ടർ ചിന്താ ശേഷി നശിച്ചവർ തന്നെ എന്ന് പറഞ്ഞു വെക്കുകയാണിവിടെ


(32)
وَإِن كُلٌّۭ لَّمَّا جَمِيعٌۭ لَّدَيْنَا مُحْضَرُونَ


അവരെല്ലാവരും (ഒന്നൊഴിയാതെ) നമ്മുടെ അടുത്ത് ഹാജറാക്കപ്പെടുന്നവർ തന്നെയാണ്

ഭൂമിയിലേക്ക് മടങ്ങി വരുന്നില്ലെങ്കിലും പരലോകത്ത് അവരെ എല്ലാവരെയും അള്ളാഹു ഒരുമിച്ച് കൂട്ടുകയും അവർക്ക് അർഹമായ പ്രതിഫലം നൽകുകയും ചെയ്യും ഇമാം റാസിرحمة الله عليهഎഴുതുന്നു സത്യ നിഷേധികളെ നശിപ്പിക്കുന്ന കാര്യം വിശദീകരിച്ച അള്ളാഹു മറ്റൊരു കാര്യം വിവരിക്കുകയാണിവിടെ അതായത് അവരെ നശിപ്പിച്ചത് അങ്ങനെ അവരെ ഒഴിവാക്കി വിടാനല്ല മറിച്ച് മരണ ശേഷം വീണ്ടും‍ ജീവൻ നൽകി അവരെ ഒരുമിച്ച് കൂട്ടുകയും വിചാരണക്ക് വിധേയരാക്കി അവരെ നരകത്തടവിൽ പാർപ്പിക്കുകയും ചെയ്യും കാരണം മരണ ശേഷം ഒരു വിചാരണയില്ലെങ്കിൽ മരിക്കുന്നത് ഇവർക്കൊരു സുഖമായേനേ (റാസി)


അള്ളാഹു നമ്മെ സത്യ വിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ آمین

(തുടരും)  إِنْ شَاءَ ٱللَّٰهُ



 

No comments: