അദ്ധ്യായം 36 | സൂറത്ത് യാസീൻ سورة يس
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 83
(Part -7 - സൂക്തം 33 മുതൽ 40 സൂക്തങ്ങളുടെ വിവരണം )
بسم الله الرحمن الرحيم
റഹ്മാനും റഹീമുമായ
ﷲഅള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(33)
وَءَايَةٌۭ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَـٰهَا
وَأَخْرَجْنَا مِنْهَا حَبًّۭا فَمِنْهُ يَأْكُلُونَ
നിർജ്ജീവമായി കിടക്കുന്ന ഭൂമി അവർക്ക് വലിയൊരു ദൃഷ്ടാന്തമാണ് നാം അതിനെ ജീവിപ്പിക്കുകയും
അതിൽ നിന്ന് ധാന്യം ഉൽ പാദിപ്പിക്കുകയും ചെയ്തു
എന്നിട്ട് അവരതാ അതിൽ നിന്ന് ഭക്ഷിക്കുന്നു
ﷲഅള്ളാഹുവിന്റെ ആസ്തിക്യത്തിനും അവന്റെ സമ്പൂർണമായ കഴിവിനും മരിച്ചവരെ അവൻ
വീണ്ടും ജീവിപ്പിക്കുമെന്നതിനും തെളിവാണ് വരണ്ടുണങ്ങിക്കിടന്ന ഭൂമിക്ക് പിന്നീട്
വരുന്ന ഭാവ മാറ്റം.അവരുടെ ജീവിതത്തിനാവശ്യമായ ഭക്ഷണം ആ ഭൂമിയിൽ നിന്ന് ﷲഅള്ളാഹു സംവിധാനിക്കുകയും ചെയ്തു
കഴിഞ്ഞ സൂക്തത്തിൽ ‘അവരെല്ലാവരും നമ്മുടെ അടുത്ത് ഹാജറാക്കപ്പെടുക തന്നെ ചെയ്യും’ എന്ന് ﷲഅള്ളാഹു പറഞ്ഞപ്പോൾ പുനർജന്മം ഉണ്ടാകുമെന്ന് സൂചന നൽകുകയായിരുന്നു
. അവരാകട്ടെ പുനർജന്മം അസാദ്ധ്യമാണെന്നും അതുണ്ടാവുകയില്ലെന്നും ശക്തമായി
വാദിക്കുന്നവരുമായിരുന്നു അപ്പോൾ പുനർജന്മം അസാധ്യമല്ല എന്നതിലേക്ക് അവർക്ക് കൂടി
നിഷേധിക്കാനാവാത്ത ഒരു തെളിവ് ﷲഅള്ളാഹു നൽകുകയാണിവിടെ. അതായത് ഉണങ്ങി നിൽക്കുന്ന ഭൂമിയെ ﷲഅള്ളാഹു മഴ വർഷിപ്പിച്ച് സജീവമാക്കുകയും അതിൽ ധാരാളം
വിളവുകൾ ഉണ്ടാവുകയും ചെയ്യുന്നത് അവർ കാണുന്നുണ്ടല്ലോ ഉണങ്ങി നിൽക്കുമ്പോൾ കണ്ട
ഭൂമിയാണോ സസ്യങ്ങളും പുഷ്പങ്ങളും വളർന്ന് പച്ചപ്പട്ടുടുത്ത് നിൽക്കുന്ന ഭൂമി!
ഇത്രയും സജീവത ഈ ഭൂമിക്ക് വരുമെന്ന് നമുക്ക് ചിന്തിക്കാനാവുമോ?എന്നാൽ ആ ഭൂമിയെ ഇവ്വിധം
സജീവമാക്കിയ ﷲഅള്ളാഹുവിനു മരണ ശേഷം നിങ്ങളെ വീണ്ടും ജീവിപ്പിക്കുക എന്നത് ഒരു പ്രശ്നമേ അല്ല
എന്ന് തെളിയിക്കുകയാണിവിടെ. അതാണ് ‘നിർജ്ജീവമായി കിടക്കുന്ന ഭൂമി അവർക്ക് വലിയൊരു
ദൃഷ്ടാന്തമാണ്’ എന്ന് ﷲഅള്ളാഹു പറഞ്ഞത്.
മറ്റൊന്ന് മുൻ സൂക്തങ്ങളിൽ പ്രവാചകന്മാരുടെ അവസ്ഥയും നിഷേധികളെ നശിപ്പിച്ച
കാര്യങ്ങളും വിശദീകരിച്ചു. അതിൽ ﷲഅള്ളാഹുവിന്റെ ഏകത്വം എന്ന തൌഹീദ് പ്രവാചകന്മാർ സ്ഥാപിച്ചു അതിനുള്ള തെളിവായി ഈ കാര്യം പറഞ്ഞു.
ഭൂമിയുടെ അവസ്ഥയെ ആദ്യത്തെ തെളിവായി അവതരിപ്പിച്ചത് അവർ എല്ലായ്പ്പോഴും ആ
ഭൂമിയുമായി ബന്ധപ്പെട്ട് നിൽക്കുന്നത് കൊണ്ട് അവർക്ക് ഒരിക്കലും നിഷേധിക്കാനാവാത്ത
ഒരു തെളിവ് സമർത്ഥിക്കുക എന്ന നിലക്കാണ്. ഭൂമിയുടെ ഈ അവസ്ഥ എല്ലാവർക്കും
തെളിവാണെന്നിരിക്കെ ‘അവർക്ക് തെളിവാണ്’ എന്ന് പ്രത്യേകം എന്തിനു പറഞ്ഞു എന്ന് ചോദ്യം വരാം. വിശ്വാസികൾ ഇത്തരം തെളിവ്
ആവശ്യമില്ലാതെ തന്നെ ﷲഅള്ളാഹുവിനെ ശരിയായി വിശ്വസിച്ചവരാണ് അതിനാൽ അവർക്ക് തെളിവിന്റെ ആവശ്യമില്ല
ഇവർ നിഷേധികളാണ് അപ്പോൾ തെളിവ് കൊണ്ടേ അവരെ തിരുത്താനാവൂ എന്ന കാരണം കൊണ്ടാണ്
അങ്ങനെ പറഞ്ഞത്.
(34)
وَجَعَلْنَا فِيهَا جَنَّـٰتٍۢ مِّن نَّخِيلٍۢ وَأَعْنَـٰبٍۢ
وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ
നാമതിൽ ഈത്തപ്പനകളുടെയും മുന്തിരികളുടെയും തോട്ടങ്ങൾ ഉണ്ടാക്കുകയും അതിൽ അരുവികൾ
ഒഴുക്കുകയും ചെയ്തിരിക്കുന്നു
ധാന്യങ്ങൾക്ക്
പുറമേ അവരുടെ ജീവിതത്തിന്റെ സൌകര്യത്തിനായി ഈത്തപ്പനയുടെയും മുന്തിരിയുടെയും
തോട്ടങ്ങളും അതിന്റെ വളർച്ചക്കാവശ്യമായ അരുവികളും അതിൽ ﷲഅള്ളാഹു ക്രമീകരിച്ചിരിക്കുന്നു
പഴങ്ങൾ ധാരാളം ഉണ്ടായിരിക്കെ ഇത് രണ്ടും പ്രത്യേകമായി പറഞ്ഞത് അവയുടെ ഔന്നിത്യം
വെളിവാക്കാനാണ് സാധാരണ ഭക്ഷണമായി തന്നെ ഇവ ഉപയോഗിക്കുന്നു എന്നതും പരിഗണിക്കുന്നു
അത് കൊണ്ടാണല്ലോ പഴങ്ങളിൽ നിന്ന് അവയിൽ മാത്രം സക്കാത്ത് നിർബന്ധമായത്(ഖുർതുബി)
(35)
لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ
أَفَلَا يَشْكُرُونَ
അതിന്റെ ഫലങ്ങളിൽ നിന്നും തങ്ങളുടെ കൈകൾ പ്രവർത്തിച്ചുണ്ടാക്കിയതിൽ നിന്നും അവർ
ഭക്ഷിക്കുവാൻ വേണ്ടി (നാമതെല്ലാം ചെയ്തു) എന്നിട്ടും അവർ നന്ദി കാണിക്കുന്നില്ലേ?
ﷲഅള്ളാഹു
ധാന്യങ്ങളും പഴങ്ങളും സൃഷ്ടിക്കുകയും അവയുടെ വളർച്ചക്ക് വേണ്ട ജലസേചന സംവിധാനം
ഒരുക്കുകയും ചെയ്തത് ജങ്ങൾ അതിൽ നിന്ന് ആഹാരം കഴിക്കാനാണ്. എന്നാൽ ഇതെല്ലാം
ഒരുക്കി കൊടുത്ത ﷲഅള്ളാഹുവിനോട് അവരെന്തേ നന്ദി ചെയ്യാതായി ? എന്ന ചോദ്യം വളരെ ഗൌരമാണ്. വാസ്തവത്തിൽ ഈ
സൗകര്യം അനുഭവിക്കുന്നവർ ആരാണിതിൻ്റെ പിന്നിൽ എന്ന് ചിന്തിക്കുകയും ആ ശക്തിയെ
നന്ദിയോടെ ഓർക്കുകയും ചെയ്യേണ്ടതായിരുന്നു
‘തങ്ങളുടെ കൈകൾ പ്രവർത്തിച്ചുണ്ടാക്കിയതിൽ നിന്നും’ എന്ന സ്ഥലത്ത് ‘അതൊന്നും അവരുടെ കൈകൾ
പ്രവർത്തിച്ചുണ്ടാക്കിയതല്ല’ എന്ന അർത്ഥവും വ്യാഖ്യാതാക്കൾ നൽകുന്നുണ്ട് അതായത് ഇതെല്ലാം അവർക്ക് ലഭിച്ചത് അവരുടെ
കഴിവും ശക്തിയും കൊണ്ടല്ല മറിച്ച്
അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടാണ് എന്ന് സാരം അത് കൊണ്ടാണ് തുടർന്ന്
എന്നിട്ടും അവർ നന്ദി കാണിക്കുന്നില്ലേ?
എന്ന് ചോദിച്ചിരിക്കുന്നത് (ഇബ്നുകസീർ)
(36)
سُبْحَـٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا
تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ
ഭൂമി ഉൽ പാദിപ്പിക്കുന്നതിൽ നിന്നും അവരുടെ സ്വന്തം വർഗത്തിൽ നിന്നും അവർക്ക്
അറിഞ്ഞു കൂടാത്തവയിൽ നിന്നും എല്ലാ ഇണ വർഗങ്ങളെയും സൃഷ്ടിച്ചിരിക്കുന്നവൻ മഹാ
പരിശുദ്ധനത്രെ!
കൃഷികൾ, പഴങ്ങൾ, സസ്യങ്ങൾ മരങ്ങൾ തുടങ്ങി ഭൂമി
ഉല്പാദിപ്പിക്കുന്ന എല്ലാത്തിലും ഇണകളെ സംവിധാനിച്ചവനാണ് ﷲഅള്ളാഹു
മനുഷ്യരിലും ﷲഅള്ളാഹു ഇണകളെ സംവിധാനിച്ചു ആൺ, പെൺ എന്ന് മാത്രമല്ല കറുത്തവർ, വെളുത്തവർ, നീണ്ടവർ, കുറിയവർ എന്നിങ്ങനെയുള്ള വൈവിദ്ധ്യങ്ങളും ﷲഅള്ളാഹു സംവിധാനിച്ചു. മരങ്ങൾ, ചെടികൾ, സസ്യങ്ങൾ, വള്ളികൾ, തൂടങ്ങിയവയിലെല്ലാം നമുക്കറിഞ്ഞു കൂടാത്ത എത്ര ഇനങ്ങളുണ്ട്? മൃഗങ്ങൾ, പക്ഷികൾ, ഇഴജന്തുക്കൾ, ശലഭങ്ങൾ, പ്രാണികൾ, മുതലായവയിലെല്ലാം
നൂറ് നൂറ് ഇനങ്ങൾ ഉണ്ട്. മലകൾ, കുന്നുകൾ, പാറകൾ, ഖനികൾ നക്ഷത്രക്കൂട്ടങ്ങൾ തുടങ്ങി മനുഷ്യന്റെ അറിവിലും
പരിചയത്തിലും വരാത്ത അസംഘ്യം ഇനങ്ങൾ വേറെയും! ഇതെല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന
നാഥൻ പരിശുദ്ധനാകുന്നു അവനു പങ്കാളികളോ സന്താനങ്ങളോ സമന്മാരോ ഇല്ല അത്
പ്രഖ്യാപിക്കാൻ വിശേഷ ബുദ്ധിയുള്ള മനുഷ്യൻ ബാധ്യസ്ഥനാണ്. അതാണീ പരിശുദ്ധി
പ്രഖ്യാപനത്തിന്റെ പൊരുൾ!
ഇമാം ഖുർതുബി رحمة الله عليهഎഴുതുന്നു സത്യ നിഷേധികൾ ﷲഅള്ളാഹുവിന്റെ കഴിവിന്റെ തെളിവായ സൃഷ്ടികളെ ﷲഅള്ളാഹുവോടൊപ്പം ആരാധനയിൽ പങ്ക് ചേർക്കുമ്പോൾ അതിനെതിരിൽ
അവന്റെ പരിശുദ്ധി വിളംബരം ചെയ്യുകയാണിവിടെ.അവരുടെ നിലപാടിലുള്ള അത്ഭുതം കൂറലും ഈ
പ്രയോഗത്തിലുണ്ട് കരയിലും കടലിലും ആകാശത്തും ഭൂമിയിലും ഉള്ള വ്യത്യസ്ഥ വർണങ്ങളും
രുചികളും രൂപങ്ങളും ചെറുപ്പവും വലിപ്പവും ആണും പെണ്ണും എല്ലാം (നമുക്ക്
അറിയാവുന്നതും അറിയാത്തതും ) ﷲഅള്ളാഹുവാണ് പടച്ചത് അതിനാൽ ഏറ്റവും വലിയ താഴ്മയായ
ആരാധനക്കും അവൻ മാത്രമാണ് അർഹൻ. വസ്തുത
ഇതായിരിക്കെ ﷲഅള്ളാഹുവിനോട് അവന്റെ സൃഷ്ടികളെ പങ്ക് ചേർക്കുന്നത് എത്രമാത്രം അക്ഷന്തവ്യമായ
നിലപാടാണ്
(37)
وَءَايَةٌۭ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ
فَإِذَا هُم مُّظْلِمُونَ
രാവ് അവർക്കൊരു വലിയ ദൃഷ്ടാന്തമാണ് അതിൽ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു അപ്പോൾ
അവരതാ ഇരുട്ടിൽ പെട്ടവരായിത്തീരുന്നു
ﷲഅള്ളാഹുവിന്റെ
ശക്തമായ കഴിവിന്റെ മറ്റൊരു ഉദാഹരണമാണ് രാവിനെയും പകലിനെയും അവൻ സൃഷ്ടിച്ചു എന്നത്.
പകൽ അതിന്റെ പ്രകാശം കൊണ്ടും രാവ് അതിൻ്റെ ഇരുട്ട് കൊണ്ടും വ്യത്യസ്ഥമാവുന്നു
ഒന്ന് പോകുമ്പോൾ താമസം വിനാ മറ്റേത് വരുന്നു അല്പം പോലും തകരാറില്ലാതെ ഈ രണ്ട്
സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് അത്യത്ഭുതമല്ലേ? ആരാണിത് നിയന്ത്രിക്കുന്നത് സർവശക്തനായ ﷲഅള്ളാഹു എന്ന ഒറ്റ ഉത്തരമേ അതിനുള്ളൂ .അത് കൊണ്ട് മാറി മാറി
വരുന്ന രാവും പകലും ﷲഅള്ളാഹുവിന്റെ ശക്തിയുടെ തെളിവ് തന്നെയാണ്. രാവിൻ്റെയും പകലിൻ്റെയും മാറിവരൽ
നമുക്ക് വലിയ അനുഗ്രഹമാണ് രാത്രി സ്വസ്ഥമായി വിശ്രമിക്കാനും പകൽ ജീവിതോപാധികൾ
സുഖമമായി കണ്ടെത്താനും സഹായിക്കുന്നു സമയം മുഴുവനും പകലായാലും അല്ലെങ്കിൽ
രാത്രിയായാലും ജീവിതം ദുസ്സഹമാകും ﷲഅള്ളാഹു തന്നെ ഇരുപത്തിയെട്ടാം അദ്ധ്യായം ,അൽ ഖസസ്,71/72 സൂക്തങ്ങളിൽ
സമയം മുഴുവനും രാത്രിയായി ﷲഅള്ളാഹു സംവിധാനിച്ചാൽ പകലിനെയും
പകലായി സംവിധാനിച്ചാൽ രാത്രിയെയും ആരാണ് നിങ്ങൾക്ക് കൊണ്ടു വരിക (ആർക്കും
സാധ്യമല്ല) എന്ന് ചോദിക്കുന്നുണ്ട്.ഓരോന്നിൻ്റെയും സൗകര്യം അനുഭവിക്കുന്നവർക്ക്
അതില്ലാതായാലുള്ള ബുദ്ധിമുട്ട് മനസിലാകും.ഇത് ഈ വിധം സംവിധാനിച്ച ﷲഅള്ളാഹുവിൻ്റെ അനുഗ്രഹത്തിൻ്റെ വൈപുല്യവും!
(38)
وَٱلشَّمْسُ تَجْرِى
لِمُسْتَقَرٍّۢ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
സൂര്യൻ അതിന്റെ താവളത്തിലേക്ക് ചലിച്ചു കൊണ്ടിരിക്കുന്നു അത് പ്രതാപശാലിയും
സർവജ്ഞനുമായ ﷲഅള്ളാഹു വ്യവസ്ഥ ചെയ്തു കണക്കാക്കിയതാണ്
ﷲഅള്ളാഹുവിന്റെ
ക്രമീകരണമനുസരിച്ച് സൂര്യൻ അതിനു നിശ്ചയിച്ച അതിർത്തി വരെ ചലിച്ചു
കൊണ്ടിരിക്കുന്നു അതിനു ഒരു തകരാറും സംഭവിക്കുന്നില്ല (അത് കൊണ്ടാണ് എന്നും സൂര്യൻ
ഉദിക്കുന്നതും അസ്തമിക്കുന്നതും നാം അനുഭവത്തിൽ കാണുന്നത്) കാരണം അത്
അള്ളാഹുവിന്റെ നിയന്ത്രണത്തിലാണ് ചലിക്കുന്നത്. ഒരിക്കലും ഈ ക്രമീകരണത്തിനു മാറ്റം
വരാതെ ഇത് സംവിധാനിക്കാൻ സർവശക്തനായ ﷲഅള്ളാഹുവിനല്ലാതെ ആർക്ക് കഴിയും? ഇതാണ് തെളിവിൻ്റെ മർമം.
താവളമെന്നതിനു അന്ത്യനാൾ വരെ എന്നും വ്യാഖ്യാനമുണ്ട് കിഴക്കുദിക്കുന്ന സൂര്യൻ ഒരു
ദിനം പടിഞ്ഞാറ് നിന്ന് ഉദിക്കും. അതോടെ ലോകാവസാനത്തിൻ്റെ അവസ്ഥകൾ ആരംഭിക്കും പശ്ചാത്താപത്തിൻ്റെ
വാതിൽ അടക്കപ്പെടും പിന്നീട് പശ്ചാത്തപിച്ചാൽ അത് സ്വീകരിക്കപ്പെടുകയില്ല .അഥവാ അതുവരെ സൂര്യൻ കൃത്യമായി ചലിക്കും അതിനെ
നിയന്ത്രിക്കാനോ അതിൻ്റെ ചലനത്തെ നിർത്തി വെപ്പിക്കാനോ ആർക്കും സാധ്യമാവില്ല.ഇത്
സ്വന്തന്ത്രമായി പ്രവർത്തിക്കാൻ കഴിവുള്ള നാഥൻ്റെ മേലിലുള്ള തെളിവ് തന്നെ
(39)
وَٱلْقَمَرَ قَدَّرْنَـٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ
ٱلْقَدِيمِ
ചന്ദ്രനും നാം ചില ഭവനങ്ങൾ/ഘട്ടങ്ങൾ കണക്കാക്കിയിട്ടുണ്ട് അങ്ങനെ അത്
ഈന്തപ്പനക്കുലയുടെ പഴക്കം ചെന്ന തണ്ടുപോലെ ആയിത്തീരുന്നു
സൂര്യന്റെ ചലനം ഒരേ രീതിയിൽ നടക്കുമ്പോൾ
ചന്ദ്രന്റെ ചലന രീതി വ്യത്യസ്ഥമാണ് ഉദയ
സ്ഥലങ്ങൾ വ്യത്യസ്ഥമാവുകയും അതിന്റെ
വലിപ്പം ചെറുതായി തുടങ്ങി വലിപ്പം വർദ്ധിച്ച് പൂർണതയിലെത്തിയ ശേഷം വീണ്ടും
ചെറുതായി മാറുന്നു അതിനെ വർണിച്ചതാണ്
ഈന്തപ്പനക്കുലയുടെ പഴക്കം ചെന്ന തണ്ടുപോലെ
എന്ന്!
ദിവസം കണക്കാക്കാൻ സൂര്യ ചലനത്തെ ആശ്രയിക്കുകയും മാസത്തിൻ്റെ തുടക്കം
മനസ്സിലാക്കാൻ ചന്ദ്രോദയം അടിസ്ഥാനമാക്കുകയും ചെയ്യാനാണ് പ്രവാചക നിർദ്ദേശം.നിങ്ങൾ
നിലാവ് കണ്ടാൽ നോമ്പെടുക്കുകയും നിലാവ് കണ്ടാൽ നോമ്പ് മുറിക്കുകയും ചെയ്യുക. മേഘം
മൂടിയാൽ (നിലാവ് ദർശിച്ചില്ലെങ്കിൽ) മാസം മുപ്പത് പൂർത്തിയാക്കുക എന്ന നബി വചനം
ഇക്കാര്യം വ്യക്തമാക്കുന്നു
(40)
لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا
ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّۭ فِى فَلَكٍۢ يَسْبَحُونَ
സൂര്യന് ചന്ദ്രനെ പ്രാപിക്കുക സാധ്യമല്ല രാവ് പകലിനെ കവച്ചുവെച്ചു പോകുന്നതുമല്ല
എല്ലാം അതാതിന്റെ മണ്ഡലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു`
സൂര്യനും ചന്ദ്രനും കൂട്ടിമുട്ടുകയോ പരസ്പരം
മുന്നിലെത്താൻ മത്സരിക്കുകയോ ചെയ്യില്ല.രാവും പകലും തമ്മിലും മത്സരമില്ല ﷲഅള്ളാഹുവിന്റെ നിയന്ത്രണമനുസരിച്ച് മാത്രം സഞ്ചരിക്കുന്നു.ഈ
സൃഷ്ടി വൈഭവത്തെ നന്നായി മനസിലാക്കുന്ന ആർക്കും ﷲഅള്ളാഹുവിൻ്റെ ആസ്തിക്യത്തിൽ സംശയമുണ്ടാവുകയില്ല
ﷲഅള്ളാഹു
നമുക്ക് സത്യ വിശ്വാസം നിലനിർത്തി തരട്ടെ آمین
(തുടരും)
إِنْ شَاءَ ٱللَّٰهُ
No comments:
Post a Comment