Tuesday, January 6, 2009

അദ്ധ്യായം 1 (ഫാതിഹ) സൂക്തം 7 (വിശദീകരണം-ഭാഗം രണ്ട്‌)

ഏഴാം സൂക്തത്തിന്റെ (صراط الذين أنعمت عليهم അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി) വിശദീകരണത്തിന്റെ രണ്ടാം ഭാഗമാണിത്‌. ആദ്യ ഭാഗം ഇവിടെ വായിക്കുക

നബിമാരുടെ വഴി

അല്ലാഹു അനുഗ്രഹിച്ചവരെ നാല്‌ വിഭാഗമായി അവൻ തന്നെ തിരിച്ചത്‌ നാം കഴിഞ്ഞ ലേഖനത്തിൽ കണ്ടുവല്ലോ. അവരുടെയൊക്കെ വഴിയിൽ നമ്മെയും നടത്താനാണ്‌ പ്രാർത്ഥിക്കുന്നത്‌ അതിനാൽ തത്വത്തിൽ നാലും ഒന്ന് തന്നെയാണെങ്കിലും ഈ നാലിലെ ഓരൊരുത്തർക്കും പ്രത്യേക ഉത്തരവാദിത്വവും, വ്യക്തിത്വവും ഉണ്ട്‌ ഇതെല്ലാം മുറപോലെ നിലനിർത്തുമ്പോഴാണ്‌ ഇസ്‌ലാം സമ്പൂർണ്ണമാവുക. കുറച്ച്‌ പ്രവാചകന്മാർ മാത്രം പോരാ! അവരെ അംഗീകരിക്കുന്നവരും അവർക്ക്‌ ശേഷം അവരെ പ്രതിനിധീകരിക്കുന്നവരുമായ അടുത്ത അനുയായികൾ വേണം. അവരത്രെ സിദ്ദീഖുകൾ. പ്രവാചകർ എന്ത്‌ പറഞ്ഞാലും കണ്ണടച്ച്‌ അംഗീകരിക്കുന്നവർ. ഇവർ മാത്രം പോര ഇവർ പ്രചരിപ്പിക്കുന്ന തത്വം എതിർക്കുന്ന ശത്രുക്കളെ നിയമാനുസൃതം നേരിടാൻ സന്നദ്ധരായ ആളുകൾ വേണം അവർ അവരുടെ ജീവനേക്കാൾ ഈ ആദർശത്തെ സ്നേഹിക്കുകയും അതിനു വേണ്ടി ജീവാർപ്പണം ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്നു അവരത്രെ രക്തസാക്ഷികൾ. ഇനിയും ഇങ്ങനെ സ്ഥിരീകരിക്കപ്പെട്ട തത്വങ്ങൾ നടപ്പാക്കുന്ന അത്‌ പ്രയോഗവൽക്കരിക്കുന്നവർ വേണം അവരത്രെ സജ്ജനങ്ങൾ. ഇതെല്ലാം കൂടി ചേരുമ്പോൾ മാത്രമേ ഇസ്‌ലാം ഒരു ജനകീയ പ്രസ്ഥാനവും ശാശ്വതമായി നിലനിൽക്കുന്നതുമാവുകയുള്ളൂ. ആദം(അ) മുതൽ ദീനിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ നാലു വിഭാഗത്തിന്റെയും സജീവ സാന്നിധ്യം കാണാം അതായത്‌ മത സമൂഹത്തെ കെട്ടിപ്പടുത്ത ഏതൊരു പ്രവാചകനും അടുത്ത അനുയായികൾ, പ്രതിരോധ ഭടന്മാർ, അനുസരണശീലരായ പൊതു അനുയായികൾ എന്നിവരുണ്ടായിരുന്നു. ചിലർക്ക്‌ അംഗബലം കൂടിയും ചിലർക്ക്‌ കുറഞ്ഞുമിരിക്കുമെങ്കിലും. ഈ വിഭാഗങ്ങളെല്ലാം അവരുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവ്വഹിച്ചപ്പോൾ അതാത്‌ കാലങ്ങളിൽ ഇസ്‌ലാം സമൂഹത്തിലെ സജീവ സാന്നിധ്യമായി. ഈ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ അനുഗ്രഹീതരുടെ വഴി നീ ഞങ്ങളെ വഴിനടത്തേണമേ എന്നതിനർത്ഥം ഞങ്ങളിൽ ഓരൊരുത്തരും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ച്‌ നീ അനുഗ്രഹിച്ചവരുടെ വഴിയിൽ ഞങ്ങളെ നടത്തേണമേ.. അവർ എങ്ങനെ ഇസ്‌ലാമിനെ സേവിച്ചോ അങ്ങനെ സേവിക്കാൻ ഞങ്ങൾക്കും നീ ഭാഗ്യം നൽകണേ എന്നൊക്കെയാണ്‌ അപ്പോൾ ഖുർആനിന്റെ വഴി, ഇസ്‌ലാമിന്റെ വഴി, അല്ലാഹുവിന്റെ വഴി, പ്രവാചകന്റെ വഴി എന്നൊക്കെ പറയുന്നതിനേക്കാൾ ഏറ്റവും അർത്ഥവത്താകുന്നത്‌ അനുഗ്രഹിച്ചവരുടെ വഴി എന്ന് തന്നെയാണ്‌ പക്ഷെ ഈ പറഞ്ഞ വഴികളെല്ലാം അന്തിമവിശകലനത്തിൽ ഒന്ന് തന്നെയാണെന്നത്‌ ബോധ്യമാവുന്നു.

ഉത്തരവാദിത്വങ്ങൾ, അനുഗ്രഹീതരുടെ ചുമതലകൾ, അവരുടെ വഴി ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കണം. കാരണം അവർക്ക്‌ ശേഷം ആ ചുമതല നിർവ്വഹിക്കേണ്ടവർ ഇവരാണല്ലോ. അനുഗ്രഹീതരിൽ ഒന്നാം സ്ഥാനത്ത്‌ പ്രവാചകരാണല്ലോ അവരിൽ ഏറ്റവും ശ്രേഷ്ടരായ മുഹമ്മദ്‌ നബി(സ്വ) യുടെ ഉത്തരവാദിത്വം എന്താണെന്ന് ഖുർആൻ പറയുന്നത്‌ കാണുക!
هو الذي بعث في الأميين رسولامنهم يتلوعليهم اياته ويزكيهم ويعلمهم الكتاب والحكمة وان كانوا من قبل لفي ضلال مبين (الجمعة 2"അക്ഷരാഭ്യാസം നേടാത്തവരിൽ അവരിൽ നിന്ന് തന്നെ ഒരു പ്രവാചകനെ നിയോഗിച്ചവനാണ്‌ അല്ലാഹു. ആ പ്രവാചകൻ അവർക്ക്‌ അല്ലാഹുവിന്റെ സൂക്തങ്ങൾ ഓതിക്കൊടുക്കുന്നു. അവരെ സംസ്ക്കരിക്കുകയും ഗ്രന്ഥവും തത്വവും അവർക്ക്‌ പഠിപ്പിക്കുകയും ചെയ്യുന്നു(സൂറ:അൽ ജുമുഅ:2)

ഖുർആൻ ഓതിക്കൊടുക്കുക, സംസ്ക്കരിക്കുക, വേദവും തത്വവും പഠിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ്‌ നബി(സ്വ)യുടെ ഉത്തരവാദിത്വമായി ഇവിടെ പറയുന്നത്‌. ഇനി മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ ഈ മൂന്നെണ്ണത്തിൽപെട്ടതായിരുക്കുമത്‌. നബി(സ്വ) അവിടത്തെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗത്തിൽ അറഫയിൽ അനുയായികൾ നബി(സ്വ)ക്ക്‌ കൊടുത്ത സാക്ഷ്യപത്രം പ്രസിദ്ധമാണല്ലോ. നബി(സ്വ)ക്ക്‌ ശേഷം ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാൻ നബി(സ്വ) സഹാബത്തിനെ ചുമതലപ്പെടുത്തി. അവർ അത്‌ ഭംഗിയായി നിർവ്വഹിച്ചു നബി(സ്വ)യുടെ ഒന്നാമത്തെ ഉത്തരവാദിത്വമായി ഖുർആൻ പറഞ്ഞത്‌ അല്ലാഹുവിന്റെ സൂക്തങ്ങൾ ഓതിക്കൊടുക്കുക എന്നാണല്ലോ! നബി(സ്വ)യിൽ നിന്ന് എങ്ങനെയാണോ സ്വഹാബികൾ കേട്ടത്‌ അത്‌ പോലെ അവർ പിൻതലമുറക്ക്‌ എത്തിച്ച്‌ കൊടുത്തു. ഇസ്‌ലാമിക ലോകത്ത്‌ ഖുർആൻ പാരായണം വ്യാപിച്ചു. എത്രയോ ആളുകൾ മന:പാഠമാക്കി. മന:പാഠമുള്ളവർ യമാമ പോലുള്ള യുദ്ധങ്ങളിൽ രക്തസാക്ഷികളായപ്പോൾ ഖുർആൻ നഷ്ടപ്പെടാതിരിക്കാൻ അത്‌ ക്രോഢീകരിച്ചുകൊണ്ട്‌ അബൂബക്കർ സിദ്ദീഖ്‌(റ) ഏറ്റവും വലിയ സേവനം ചെയ്തു. ഉമർ(റ) ആയിരുന്നു ആദ്യമായി രണ്ട്‌ ചട്ടക്കുള്ളിൽ ഖുർആൻ ക്രോഢീകരിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച്‌ സിദ്ദീഖ്‌(റ)നോട്‌ അഭിപ്രായം പറഞ്ഞത്‌. അങ്ങനെ നബി(സ്വ)യുടെ വഹ്‌യ്‌(ദിവ്യബോധനം) എഴുതിയിരുന്ന സൈദ്‌ബിൻ സാബിത്‌(റ)നെ സിദ്ദീഖ്‌(റ)വിളിപ്പിക്കുകയും ഖുർആൻ പലയിടത്തായി പരന്ന് കിടക്കുന്നത്‌ പരിശോധിച്ച്‌ ക്രോഢീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സൈദ്‌(റ) വളരെ ശ്രമകരമായ ആ ജോലി സുന്ദരമായി നിർവ്വഹിച്ചു(ബുഖാരി). പിന്നീട്‌ പാരായണ ശൈലിയിൽ ഉള്ള അംഗീകൃത അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തി അല്ലാത്തത്‌ നീക്കം ചെയ്ത്‌ കൊണ്ട്‌ ഉസ്മാൻ(റ)ന്റെ ഭരണത്തിൽ ഔദ്യോഗിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും കോപ്പികൾ ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും അയച്ച്കൊടുക്കുകയും ചെയ്തു. ഈ കോപ്പികളുടെയും സഹാബത്ത്‌ പഠിപ്പിച്ചതിന്റെയും അടിസ്ഥാനത്തിൽ പാരായണ ശാസ്ത്രം രൂപം കൊണ്ടു. ഇസ്‌ലാമിക വിജ്ഞാന രംഗത്ത്‌ ഇത്‌ ഉയർന്ന സ്ഥാനം കൈവരിച്ചു. ഈ വിഷയത്തിൽ ലോകപ്രശസ്തരായ ഇമാമുകളും അവരുടെ ശിഷ്യന്മാരും ഏറ്റം വലിയ സേവനമർപ്പിച്ചു. നിരവധി ഗ്രന്ഥങ്ങളുണ്ടായി. സഹാബത്ത്‌ താബിഉകൾ(സഹാബത്തിന്റെ ശിഷ്യന്മാർ) മുതൽ തലമുറയായി അംഗീകൃത ഗുരുനാഥന്മാരിലൂടെ ലോകത്ത്‌ ഇത്‌ നിലനിന്നു. ഇന്നും ആ ശൈലി തുടരുന്നു. ചുരുക്കത്തിൽ നബി(സ്വ)യുടെ ഒന്നാമത്തെ ഉത്തരവാദിത്വമായ പാരായണം ഭംഗിയായി നിലനിര്‍ത്താന്‍ മുസ്‌ലിം ലോകത്തിനു സാധിച്ചിട്ടുണ്ട്‌ ഇനി ഇവിടന്നങ്ങോട്ടും സാധിക്കണം അതിനു സംവിധാനം വേണം ഇതാണ്‌ അനുഗ്രഹീതരുടെ വഴി നീ ഞങ്ങളെ നയിക്കേണമേ എന്ന പ്രാർത്ഥനയിലൂടെ നാം നിർവ്വഹിക്കുന്നത്‌.

നബി(സ്വ) യുടെ രണ്ടാമത്തെ ഉത്തരവാദിത്തം സംസ്ക്കരണമാണ്‌ അഥവാ മാനസിക ശുദ്ധീകരണം.
അവിശ്വാസം, അഹങ്കാരം, അസൂയ, കുശുമ്പ്‌ തുടങ്ങിയ മാലിന്യങ്ങളിൽനിന്ന് മനസ്സിനെ ശുദ്ധി ചെയ്യലാണിത്‌. ഈ രംഗത്ത്‌ അത്ഭുതകരമായ വിജയമാണ്‌ നബി(സ്വ) കാഴ്ച്ച വെച്ചത്‌. അവിശ്വാസത്തിന്റെ കൂരിരുട്ടിൽ തപ്പിത്തടഞ്ഞവരെ നേർവ്വഴിയുടെ വെളിച്ചത്തിലേക്ക്‌ കൊണ്ട്‌ വരാനും മറ്റ്‌ മാനസിക മാലിന്യങ്ങളെ തുടച്ച്‌ നീക്കാനും അവിടുത്തെ സംസ്ക്കരണപ്രവർത്തനം സഹായകമായി. ലക്ഷ്യബോധമില്ലാതെ അപഥ സഞ്ചാരം നടത്തിക്കൊണ്ടിരുന്ന ഒരു ജനതയെ സൂക്ഷ്മതയുടെ മൂശയിൽ വാർത്തെടുത്ത്‌ ലോകത്തിനു മാതൃകയാക്കിയത്‌ ഈ സംസ്ക്കരണ പ്രവർത്തനത്തിന്റെ തിളക്കമാർന്ന വിജയമായിരുന്നു. കൊള്ളയും കൊലയും വ്യഭിചാരവും കള്ളും തുടങ്ങി എല്ലാവൃത്തികേടുകളുടെയുംമേൽ അടയിരുന്ന ഒരു ജനതയെ ക്ഷന്തവ്യമല്ലെന്ന് അറിയുന്നതൊക്കെ കയ്യൊഴിക്കാൻ വെമ്പൽ കൊള്ളുന്നവരാക്കി മാറ്റിയത്‌ ഭൗതിക നിയമങ്ങളോ ഭീഷണികളൊ അല്ല എന്ന് ചിന്തിക്കുമ്പോഴാണ്‌ ഈ സംസ്ക്കരണപ്രക്രിയയുടെ വിപ്ലവം നമുക്ക്‌ ബോധ്യമാവുക. കുലമഹിമയുടെയും മറ്റും പേരിൽ അഹങ്കരിച്ചവരെ അടിമകൾക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിയുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന മനസ്സുള്ളവരാക്കി ഈ സംസ്ക്കരണം. അമ്മാർ (റ) ബിലാൽ(റ) തുടങ്ങിയവർ അബൂബക്കർ(റ) ഉമർ(റ) തുടങ്ങിയവരോടൊപ്പം ഇരിക്കുന്ന കാഴ്ച എന്തുമാത്രം സന്തോഷകരമാണ്‌. നബി(സ്വ)യെ വധിക്കാനൂരിയ വാൾ അതേ നബി തങ്ങൾ വഫാത്തായെന്ന് പറഞ്ഞവെർക്കെതിരിൽ (നബി(സ)യോടുള്ള അളവറ്റ സ്നേഹത്താല്‍ )ഓങ്ങുന്നിടത്തേക്ക്‌ ഉമർ(റ)നെ പരിവർത്തിപ്പിച്ച ഈ സംസ്ക്കരണം ചരിത്രത്തിന്റെ ഗതിമാറ്റുകയായിരുന്നു. പാരായണം പോലെ ഈ ഉത്തരവാദിത്തവും സഹാബത്ത്‌ മുതൽ അനുഗ്രഹീതർ നന്നായി നിർവ്വഹിച്ചു. മഹാനായ അലി(റ) സഹാബികളിലും ഹസനുൽ ബസരി(റ) താബിഉകളിലും ഈ വിഷയത്തിൽ മികച്ച്‌ നിൽക്കുന്നു. ഈ വിജ്ഞാന ശാഖയാണ്‌ ഇൽമുത്ത്വരീഖത്ത്‌ എന്നപേരിൽ പ്രസിദ്ധിയാർജ്ജിച്ചത്‌. ഇമാം ഗസ്സാലി (റ) യെപോലുള്ള പണ്ഡിതന്മാരും താത്വികന്മാരും പിന്നീട്‌ ഈ രംഗത്ത്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചു.

കർമ്മശാസ്ത്രത്തിൽ നാലു ഇമാമുകളെ പോലെ ഈ ശാസ്ത്രത്തിൽ നാലു ഖുത്ബുകൾ(ഔലിയാക്കളിലെ ഏറ്റവും വലിയ സ്ഥാനമുള്ളവർ )ചെയ്ത സേവനം എടുത്ത്‌ പറയേണ്ടതാണ്‌. അസ്സയ്യിദ്‌ അബ്ദുൽഖാദിർ ജീലാനി(റ), അസ്സയ്യിദ്‌ അഹ്‌മദുൽകബീർ അർരിഫാഇ(റ), അസ്സയ്യിദ്‌ അഹ്‌മദുൽ ബദവി(റ), അസ്സയ്യിദ്‌ ഇബ്‌റാഹീം അദ്ദസൂഖി(റ) എന്നിവരാണ്‌ ആ നാലു മഹാന്മാർ
. ലോകത്ത്‌ ഇസ്‌ലാമിന്റെ വളർച്ച വേഗത്തിലാക്കിയതിൽ വലിയ പങ്കാണ്‌ ആത്മീയ നേതാക്കളായ ഇവർ വഹിച്ചത്‌ ജനങ്ങളുടെ മനസ്‌ കാണാനും നിയന്ത്രിക്കാനും അല്ലാഹു നൽകിയ മഹത്വമാണ്‌ ഇവരെ വിജയത്തിലെത്തിച്ചത്‌ ഇങ്ങനെ ഇന്നും ഈ സംസ്ക്കരണപ്രക്രിയ തുടരുമ്പോൾ അഹ്‌ലുസ്സുന്നയുടെ നേതാക്കൾ മാത്രമേ ഈ രംഗത്ത്‌ കാണാൻ കഴിഞ്ഞിട്ടുള്ളൂ. അവരിലൂടെ നബി(സ്വ) യുടെ രണ്ടാം ദൗത്യം നടപ്പിലാവുമ്പോൾ നന്മയിൽ വഴി നടത്തണമെന്ന പ്രാർത്ഥന ഈ രംഗത്തുള്ള സേവനത്തിനുള്ള ഭാഗ്യത്തിനു കൂടിയായി മാറുന്നു ഈ നല്ലവരെ അംഗീകരിക്കാനുള്ള മനസ്സെങ്കിലും ലഭിക്കാത്തവർ നിർഭാഗ്യവാന്മാർ തന്നെ. അല്ലാഹു കാക്കട്ടെ ആമീൻ.

നബി(സ്വ)യുടെ മൂന്നാം ദൗത്യം ഗ്രന്ഥവും തത്വവും പഠിപ്പിക്കലാണല്ലോ
ഗ്രന്ഥം ഖുർആൻ തന്നെ. തത്വം അവിടുത്തെ ചര്യയും. ഇത്‌ സഹാബത്തിനു നബി(സ്വ) പഠിപ്പിച്ചു. ഇസ്‌ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ ഇതിൽ വരുന്നു. പുതുതായുണ്ടാവുന്ന പ്രശ്നങ്ങളിൽ യോഗ്യരായവർക്ക്‌ ഗവേഷണം നടത്താനുള്ള അനുമതിയും അവിടുന്ന് നൽകി നബി(സ്വ) പഠിപ്പിച്ചതത്രയും സഹാബത്തും അവരെ കണ്ടവരും അങ്ങനെ.....തുടർന്നു ആവശ്യമായി വന്നപ്പോൾ യോഗ്യരായവർ ഗവേഷണം നടത്തുകയും ചെയ്തു ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ എന്നെന്നേക്കുമായി അവർ വിശ്വാസാചാരങ്ങൾ ക്രോഢീകരിച്ചു ഇങ്ങനെ സർവ്വ സംശയങ്ങൾക്കുമതീതമായി ഇൽമുൽ അഖാഇദ്‌(വിശ്വാസ ശാസ്ത്രം) ഇൽമുൽ ഫിഖ്‌ഹ്‌(കർമ്മശാസ്ത്രം) അവർ ക്രോഢികരിച്ചു ഇപ്പോഴില്ലാത്ത ഒരു പുതിയ വിഷയം വന്നാൽ കൈകാര്യം ചെയ്യാനായി ഇൽമുൽ ഉസൂൽ(നിദാന ശാസ്ത്രം)ഉം സംവിധാനിച്ചു വിശ്വാസ ശാസ്ത്രത്തിനു നേതൃത്വം വഹിച്ചത്‌ അബുൽ ഹസനുൽ അശ്‌അരി(റ)യും അബൂമൻസൂർ അൽ മാതുരീദീ(റ)യുമാണ്‌ കർമ്മ ശാസ്ത്രത്തിനു അബൂഹനീഫതൽകൂഫീ(റ) മാലികുബിൻ അനസ്‌ അൽഇസ്ബഹീ(റ), മുഹമ്മദ്‌ ബിൻ ഇദ്‌രീസ്‌ അശ്ശാഫിഈ(റ), അഹ്‌മദ്‌ ബിൻ ഹമ്പൽ അശ്ശൈബാനി(റ) എന്നിവരും നേതൃത്വം നൽകി. ഇതിനർത്ഥം മറ്റൊരു ഇമാമും ഗവേഷണം നടത്തിയിട്ടില്ലെന്നല്ല വ്യവസ്ഥാപിതമായി ക്രോഢീകരണം നടന്നതും പിൻതലമുറക്ക്‌ ലഭിച്ചതും ഈനാല്‌ മഹാന്മാരുടെ ഗവേഷണ ഫലങ്ങളാണെന്നാണ്‌. അല്ലാതെ ചിലർ തെറ്റിദ്ധരിക്കുമ്പോലെ മറ്റുള്ളവരെ നാം തള്ളുകയോ ഇവരിൽ മതത്തെ തളച്ചിടാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഈരണ്ട്‌ ശാസ്ത്രങ്ങൾക്കും(വിശ്വാസ, കർമ്മ ശാസ്ത്രങ്ങൾ) മതപരമായ അടിസ്ഥാനമായി നിലകൊണ്ടത്‌ ഇൽമുത്തഫ്‌സീർ(ഖുർആൻ വ്യാഖ്യാന ശാസ്ത്രം), ഇൽമുൽ ഹദീസ്‌(പ്രവാചക ചര്യയുമായി ബന്ധപ്പെട്ടത്‌)എന്നിവയും ഭഷാപരമായി ഇൽമുന്നഹ്‌വ്‌, ഇൽമുസ്സ്വർഫ്‌ തുടങ്ങിയവയുമാണ്‌. ഈ രംഗത്തൊക്കെയും അഹ്‌ലുസ്സുന്നയുടെ നേതാക്കൾ തന്നെയാണ്‌ മികച്ച്‌ കാണുന്നത്‌. ചുരുക്കത്തിൽ നബി(സ്വ)യുടെ ഗ്രന്ഥവും തത്വവും പടിപ്പിക്കുക എന്ന കാര്യം ഇവിടെ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നു ഇത്‌ നില നിർത്താനുള്ള പ്രാർത്ഥനയും കൂടിയാണീ നേർവ്വഴി നയിക്കണമെന്നത്‌.

സിദ്ദീഖുകളുടെ വഴി


അനുഗ്രഹീതരിൽ രണ്ടാം വിഭാഗമായ സിദ്ദീഖുകളുടെ വഴി നയിക്കുക എന്നാൽ എന്താണെന്ന് നോക്കാം. പ്രവാചക അനുയായികളിൽ ഏറ്റവും സ്ഥാനം കൂടിയവരാണ്‌ സിദ്ദീഖുകൾ ഏത്‌ കാര്യത്തിലും ആരേക്കാളും മുമ്പ്‌ വിശ്വസിക്കുകയും എന്ത്‌ പറഞ്ഞാലും സംശയമില്ലാതെ ഉൾക്കൊള്ളുകയും ചെയ്യുന്നവരാണിവർ. ഒന്നാം ഖലീഫ:അബൂബക്കർ(റ) സിദ്ദീഖ്‌ എന്ന് അറിയപ്പെട്ടത്‌ പ്രസിദ്ധമാണല്ലോ സാധാരണ ബുദ്ധിക്ക്‌ ഉൾക്കൊള്ളാൻ പ്രയാസമുള്ള നബി(സ്വ)യുടെ ആകാശാരോഹണത്തെക്കുറിച്ച്‌ പലരും ശ്രദ്ധയിൽപെടുത്തിയപ്പോൾ നബി(സ്വ) അതിലും വലിയ കാര്യം പറഞ്ഞാലും ഞാൻ വിശ്വസിക്കുമെന്ന പ്രഖ്യാപനമായിരു‍ന്നു താൻ നടത്തിയത്‌. മനസാ വാചാ കർമ്മണാ പരിപൂർണ്ണമായി പ്രവാചകരെ ഉൾക്കൊണ്ടവർക്ക്‌ ഈ നാമത്തിനു അർഹതയുണ്ട്‌ ഇസ്‌ലാമിന്റെ സാമ്പത്തികമായി സഹായിക്കേണ്ട എല്ലാഘട്ടത്തിലും മുമ്പിൽ അബൂബക്കർ(റ) ഉണ്ടായിരുന്നു. അബൂബക്കറിന്റെ ധനം എനിക്കുപകരിച്ചത്‌ പോലെ മറ്റാരുടെതും എനിക്കുപകരിച്ചിട്ടില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌. മുസ്‌ലിമായതിന്റെ പേരിൽ മർദ്ദനമേൽക്കേണ്ടി വന്ന ബിലാൽ(റ)നെ പോലുള്ളവരെ പണം മുടക്കി മോചിപ്പിച്ചു താൻ പശു സംസാരിക്കുന്ന കഥ നബി(സ്വ) ഒരിക്കൽ ശിഷ്യന്മാരോട്‌ വിശദീകരിക്കുമ്പോൾ അത്ഭുതത്തോടെ പശു സംസാരിക്കുകയോ എന്ന് ചിലർ ചോദിച്ചപ്പോൾ അക്കാര്യം ഞാനും അബൂബക്കറും ഉമറും വിശ്വസിക്കുന്നു എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം. അവർ രണ്ട്‌ പേരും അപ്പോൾ ആ സദസ്സിലുണ്ടായിരുന്നില്ല. അഥവ നബി(സ്വ) വിശ്വസിക്കുന്നതെന്തും ഒരു നിമിഷം വൈകാതെ അവർ വിശ്വസിക്കുന്നു എന്നാണല്ലോ ഈ പ്രഖ്യാപനം തെളിയിക്കുന്നത്‌. ഇങ്ങനെയുള്ളവരാണ്‌ അനുഗ്രഹീതരായ സിദ്ദീഖുകൾ. നബിയോടുള്ള വിശ്വാസത്തിന്റെ കണിശത അവരുടെ ജീവിതത്തിൽ നമുക്ക്‌ കാണാം നബി(സ്വ)യുടെ വഫാത്ത്‌ കഴിഞ്ഞപ്പോൾ വല്ലാത്തൊരു പ്രതിസന്ധി മദീനയിലുണ്ടായി. കള്ളപ്രവാചകരുടെ അരങ്ങേറ്റം, ഇസ്‌ലാമിൽ നിന്നുള്ള ചില ദുർബലന്മാരുടെ രാജി, തുടങ്ങി പലതും. അതിനിടക്ക്‌ സക്കാത്ത്‌ നൽകില്ലെന്ന വാദവുമായി ഇസ്‌ലാമിന്റെ ഉള്ളിൽ തന്നെ പ്രത്യക്ഷപ്പെട്ട പുത്തൻ വാദികൾക്കെതിരെ ശക്തമായ നിലപാടെടുത്ത സിദ്ദീഖ്‌(റ​) മതത്തിൽ യാതൊരു വിട്ട്‌ വീഴ്ച്ചക്കും തയാറല്ല എന്ന സന്ദേശം നൽകുകയായിരുന്നു അപ്പോൾ സിദ്ദീഖുകളുടെ വഴി എന്നതിൽ ഏറ്റവും ഉയർന്ന വിശ്വാസം, വിനയം, സൂക്ഷ്മത, ധീരത തുടങ്ങിയ സൽഗുണങ്ങൾ നൽകി നീ ഞങ്ങളെ സിദ്ദീഖുകളുടെ വഴിയിൽ യാത്ര ചെയ്യിപ്പിക്കണേ എന്ന് പ്രാർത്ഥിക്കലാണ്‌ നേർവ്വഴി നടത്തൽ എന്ന് മനസിലായി.

മതത്തിൽ ആശയ വിശുദ്ധി കാത്ത്‌ സൂക്ഷിക്കലും മതത്തെ വികലമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആശയപരമായ വിയോജിപ്പ്‌ നടപ്പാക്കുകയും ചെയ്യാത്തവർക്ക്‌ തന്നെ സിദ്ദീഖുകളുമായി ബന്ധമില്ലെങ്കിൽ മതത്തെ വെട്ടിമുറിക്കാനും വികലമാക്കാനും ശ്രമിക്കുന്ന പുത്തൻവാദികളുടെ അവസ്ഥ ഒന്ന് ആലോചിച്ച്‌ നോക്കൂ!

രക്തസാക്ഷികളുടെ വഴി


അനുഗ്രഹീതരായ മൂന്നാം വിഭാഗമാണ്‌ രക്തസാക്ഷികൾ. നാലുഖലീഫമാരിൽ അബൂബക്കർ(റ) ഒഴിച്ചുള്ള മൂന്ന് പേരും രക്തസാക്ഷികളാണ്‌. സത്യത്തിനുവേണ്ടി ഇസ്‌ലാമിനുവേണ്ടി സ്വജീവൻ പോലും വെടിയാനുള്ള ആർജ്ജവം കാണിച്ച രക്തസാക്ഷികളുടെ വഴി എന്താണ്‌? അല്ലാഹുവിന്റെ മതം മുറുകെ പിടിക്കുകയും അതിനു വിരുദ്ധമായ എല്ലാം തള്ളിക്കളയാൻ തയ്യാറാവുകയും ചെയ്തുകൊണ്ടാണ്‌ രക്തസാക്ഷികളുടെ വഴി നടത്താൻ നാം പ്രാർത്ഥിക്കുന്നത്‌.

സജ്ജനങ്ങളുടെ വഴി


അനുഗ്രഹീതരിൽ നാലാമത്തെ വിഭാഗമാണ്‌ സാലിഹുകൾ. സിദ്ദീഖുകൾ, ശുഹദാക്കൾ എന്നീഗണത്തിൽ വരാത്ത എല്ലാസഹാബികളും സാലിഹുകൾ എന്ന വിഭാഗത്തിൽപെട്ടവരാണ്‌ സത്കർമ്മങ്ങളുടെ ആധിക്യം കാരണം ദുഷ്ക്കർമ്മങ്ങൾക്ക്‌ ജീവിതത്തിൽ പ്രസതിയില്ലാതാക്കിയ എല്ലാ വിശ്വാസികളും ഈ ഗണത്തിൽ വരുന്നു. ഇവരിൽ നിന്ന് നബി(സ്വ) പ്രത്യേകം പ്രശംസിച്ചവരാണ്‌ ആദ്യ മൂന്ന് നൂറ്റാണ്ടിലെ സജ്ജനങ്ങൾ. അന്ത്യനാൾവരെ ജീവിക്കുന്നവർക്ക്‌ നല്ലമാതൃക അവരിൽ നമുക്ക്‌ കാണാം ആമൂന്ന് നൂറ്റാണ്ടിലാണ്‌ നാം നേരത്തെ പറഞ്ഞ വിശ്വാസ രംഗത്തെ രണ്ടും കർമ്മരംഗത്തെ നാലും മാർഗങ്ങൾ അംഗീകരിക്കപ്പെട്ടത്‌. അടിസ്ഥാനപരമായി നബിയും സ്വഹാബത്തും പഠിപ്പിച്ചതു തന്നെയാണത്‌ എന്ന് മുമ്പ്‌ നാം വിശദീകരിച്ചത്‌ ഓർക്കുമല്ലോ! മദ്‌ഹബിന്റെ ഇമാമുമാരെയും അവരുടെ ശിഷ്യന്മാരായ ഇമാമുകളെയും സാലിഹുകൾ എന്ന പ്രയോഗത്തിൽ നിന്ന് ഒരിക്കലും പുറത്താക്കാനാവില്ല. ഇവരുടെ വഴി ഞങ്ങളെ നീ നയിക്കണേ എന്ന് കൂടിയാണ്‌ അനുഗ്രഹീതരുടെ വഴി നടത്തണേ എന്ന പ്രാർത്ഥനയുടെ പൊരുൾ. അർഹരായവർ ഗവേഷണം നടത്തുക. അനർഹർ അർഹരെ പിന്തുണക്കുക. ഇതാണ്‌ അവരുടെ വഴി. ഇതിൽ മുൻകാലം മുതൽ ഇക്കാലം വരെയും യഥാർത്ഥ മുസ്‌ലിംകൾക്കിടയിൽ ഒരു തർക്കവുമില്ല തർക്കിച്ചവർക്ക്‌ മുൻഗാമികളുടെയോ പിൻഗാമികളുടെയോ പിന്തുണയുമില്ല. എല്ലാവരും ഗവേഷണം നടത്തണം എന്ന വാദം നില നിൽക്കുന്നതല്ല. അയോഗ്യരുടെ ഗവേഷണം ഇസ്‌ലാം തള്ളിക്കളയുകയും അയോഗ്യർ യോഗ്യരെ സ്വീകരിക്കുകയുമാണ്‌ വേണ്ടത്‌ എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.

അല്ലാഹു പറയുന്നു فاسألوا أهل الذكر ان كنتم لاتعلمون നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ അറിവുള്ളവരോട്‌ ചോദിക്കുക

അവസാനകാലമാവുമ്പോൾ ജനം വിവരമില്ലാത്തവരെ നേതാക്കളാക്കുകയും അവർ ചോദിക്കപ്പെടുകയും മതവിധികൊടുത്ത്‌ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുമെന്ന് നബി(സ്വ) മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ചുരുക്കത്തിൽ അനുഗ്രഹീതരുടെ വഴിവിട്ട്‌ മതത്തിൽ ഗവേഷണത്തിനിറങ്ങാൻ തുനിയുന്നവർ തത്വത്തിൽ മതനിയമങ്ങളെ വെല്ലുവിളിക്കുകയാണ്‌ സ്വിറാത്ത്‌ എന്നാൽ വഴി എന്നാണല്ലോ അതിന്റെ മറ്റൊരു പദമാണ്‌ മദ്‌ഹബ്‌ വേറെയൊന്നാണ്‌ ത്വരീഖ്‌ ഇതിന്റെ സ്ത്രീലിംഗമാണ്‌ ത്വരീഖത്ത്‌. നബി(സ്വ)യുടെ ഉത്തരവാദിത്വത്തിലെ രണ്ടാമത്തത്‌ സംസ്ക്കരണവും മൂന്നാമത്തേത്‌ ഗ്രന്ഥവും തത്വവും പഠിപ്പിക്കലുമാണല്ലോ ഇത്‌ തന്നെയാണ്‌ യഥാക്രമം ത്വരീഖത്തും ശരീഅത്തും. ഒന്നാമത്തെ ഉത്തരവാദിത്തം പാരായണ ശാസ്ത്രം(ഇൽമുൽ ഖിറാഅ:) രണ്ടാമത്തേത്‌ ആത്മീയ ശാസ്ത്രം(ഇൽമുത്ത്വരീഖത്ത്‌) മൂന്നാമത്തേത്‌ കർമ്മശാസ്ത്രം(ഇൽമുൽ ഫിഖ്‌ഹ്‌) ഇതിലെല്ലാം പ്രാവീണ്യം നേടിയവർ സഹാബികളിലുണ്ടായിരുന്നു അവരുടെ തുടർച്ചയായി പിൽക്കാലത്ത്‌ ഓരോവകുപ്പിലും പ്രത്യേകം ഇമാമുകൾ വന്നു ഇതൊന്നും ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല അനുഗ്രഹീതരുടെ വഴിയുടെ തുടർച്ചയാണ്‌. ഇതാണ്‌ അല്ലാഹു പറയുന്നത്‌ ''തീർച്ച സന്ദേശം നാം അവതരിപ്പിച്ചു അത്‌ സംരക്ഷിക്കുകയും ചെയ്യും( അൽ ഹിജ്‌ർ:9)

ഇതുവരെ നാം വിശദീകരിച്ചതിൽ നിന്ന് അനുഗ്രഹീതരിൽ ആരുടെ വഴിയും ഒറ്റപ്പെട്ടതല്ലെന്നും അടിസ്ഥാനപരമായി അതെല്ലാം നബിയിലേക്കെത്തുന്നതാണെന്നും അതിനു മാത്രമെ ഇസ്‌ലാമികമായി പരിഗണനയുള്ളൂവേന്നും നമുക്ക്‌ മനസിലാക്കാം. സമകാലിക സമൂഹത്തിൽ ശരീഅത്തിലും ത്വരീഖത്തിലും നവീന ചിന്താഗതികൾ കടന്ന് കൂടുന്നുണ്ട്‌ ഇന്നത്തെ സ്ഥിതിക്ക്‌ ഇത്‌ കല്ലും നെല്ലും തിരിക്കാൻ പ്രയാസം നേരിടും വിശേഷിച്ച്‌ സാധാരണക്കാർക്ക്‌. അതിനാൽ എത്ര മനോഹരമായി തോന്നിയാലും വിശ്വാസാചാര രംഗത്ത്‌ പുതിയതുമായി ബന്ധപ്പെടാതിരിക്കുകയാണ്‌ ബുദ്ധി. ഇക്കാര്യം സാധാരണക്കാരെക്കൂടി ധരിപ്പിക്കാനാണ്‌ അനുഗ്രഹീതരുടെ വഴി എന്ന മഹിതമായ പാരമ്പര്യത്തിലൂടെ സഞ്ചരിക്കാനുള്ള പ്രാർത്ഥന! അവരുടെ പിന്തുണയില്ലാത്തതെല്ലാം ഒറ്റപ്പെട്ടതാണ്‌ ഒറ്റപ്പെട്ടത്‌ പിശാചിനാണ്‌ പഥ്യം, വിശ്വാസികൾക്കല്ല ! അപ്പോൾ നന്മയെല്ലാം പൂർവ്വീകരെ പിന്തുടരുന്നതിലും തിന്മയെല്ലാം അവർക്കെതിരിൽ പിന്നീട്‌ വന്നവർ കാട്ടിക്കൂട്ടുന്നതിലുമാണെന്ന് വ്യക്തം. ഈ പൂർവ്വീകരെ സ്വീകരിച്ച്‌ അവരോടൊന്നിച്ച്‌ സ്വർഗ പ്രവേശനത്തിനു അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.

തുടരും(ഇൻശാ അല്ലാഹ്‌)

11 comments:

വഴികാട്ടി / pathfinder said...

ഏഴാം സൂക്തത്തിന്റെ (صراط الذين أنعمت عليهم അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി) വിശദീകരണത്തിന്റെ രണ്ടാം ഭാഗം

Unknown said...

very good thanks to vazhikaatti

prachaarakan said...

എന്നത്തെയും പോലെ വിശദമായ വിശദീകരണത്തിനു നന്ദി. അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. ആമീന്‍

muham said...

ഖുർ ആനിന്റെ ആഴത്തിലേക്കുള്ള ചൂണ്ട്പലകയായി ഈ വിളക്ക്‌ എന്നും വെളിച്ചം തരട്ടെ

അഭിനന്ദനങ്ങൾ

ഇഹ്സാൻ said...

ഇത്ര വസ്തു നിഷ്ഠമായി സുന്നത്ത്‌ ജമാഅത്തിന്റെ ടിസ്ഥാനം വരച്ച്‌ കാണിച്ചിട്ടും ഇത്‌മനസിലാവാത്തവർ സഹതാപം മാത്രമേഅർഹിക്കുന്നുള്ളൂ.....

വഴികാട്ടിക്കും സഹകാരികൾക്കും അല്ലാഹു നന്മയുടെ പ്രചരണത്തിനു കൂടുതൽ അവസരം നൽകട്ടെ....

Areekkodan | അരീക്കോടന്‍ said...

ഈ വിളക്ക്‌ എന്നും വെളിച്ചം തരട്ടെ

yousufpa said...

പക്ഷപാതമില്ലാതെ നെരുകള്‍ പ്രചരിപ്പിക്കാന്‍ ഈ പോസ്റ്റുകള്‍ക്ക് ആകട്ടെ..

Mohammed Iqbal Noori said...

السلام عليكم ورحمة الله
അല്ലാഹുവിന്റെ റസൂല്‍ صلاالله عليه وسلم. ആ റസൂ‍ലിന്റെ ജോലി അല്ലാഹു പറഞ്ഞത് ..هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ. ഇവിടെ പറഞ്ഞ ആയാതും കിതാബും ഒന്നല്ല. 4 കാര്യങ്ങളാണ് അല്ലാഹു പറയുന്നത്.3 അല്ല. അത് നാലും 4 തന്നെയുമാണ്. ആവര്‍ത്തിച്ചതല്ല.ഖുര്‍ആനിലെ കലാമുകള്‍ക്ക് ആയത്ത് എന്ന് തന്നെയാണ് പറയുന്നത്. എന്നാല്‍ അവിടെ മാത്രമല്ല ആയാത്തുകള്‍.ഈ പ്രഞ്ചം മുഴുവനും അല്ലാഹുവിന്റെ ആയാത്തുകള്‍ തന്നെയാണ്.(سورة فصلت 53)
سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ
അല്ലാഹുവിന്റെ ആയാത്തുകള്‍ അന്‍ഫുസിലും,ആഫാഖിലും അവര്‍ക്ക് കാണിച്ച് കൊടുക്കുന്നതാണ്. ഈ അന്‍ഫുസും , ആഫാ‍ഖും വ്യക്തമായി അറിയണമെങ്കില്‍ നിങ്ങള്‍ സൂചിപ്പിച്ച പോലെ ആന്തരിക വിജ്ഞാനം കൈകാര്യം ചെയ്യുന്ന മശാഇഖന്മാരില്‍ നിന്ന് കരസ്തമാക്കേണ്ഡതാണ്. ആ മശാഇഖന്മാരെയും നിങ്ങള്‍ സൂചിപ്പിക്കുകയുണ്ഡായി. ബാഹ്യമായ ശരീഅത്തിന്റെ അറിവ് കരസ്തമാക്കാന്‍ 4 ഇമാമീങ്ങളില്‍ ഒരാളെ പിന്‍ പറ്റല്‍ നിര്‍ബന്ധമെന്ന പോലെ..(ഇമാം,ഹനഫീ,ശാഫിഈ,ഹന്‍ബലീ,മാലിക്കീ,رضي الله عنهم)ആന്തരീകമായ അറിവ് കരസ്തമാക്കാന്‍ ഔലിയാക്കളുടെ മശാഇഖന്മാരുടെ പാത പിന്‍പറ്റല്‍ അനിവാര്യമാണ്.(നിര്‍ബന്ധമാണ്)ഏറ്റവും പ്രധാനികളായ 4 പേര്‍,ഖാദിരീ,ചിശ്തീ,നഖ്ശബന്‍ന്ദി,സുഹ്റവര്‍ദി, അത് പോലെത്തന്നെ, രിഫാഈ,ശാതുലി,അക്ബരി,ദസൂഖി,etc.... തുടങ്ങിയ ഒട്ടേറെ ത്വരീഖത്തുകള്‍. അങ്ങിനെയുള്ള മശാഇഖന്മാരുടെ സഹവാസത്തിലൂടെ നേടിയെടുക്കാം. അല്ലാഹു തൌഫീക്ക് ചെയ്യട്ടെ. ആമീല്‍.കേവലം ഏതെങ്കിലും അറബി കോളേജിലെ ഡിഗ്രി എടുത്ത് ഞാന്‍ തന്നെ ഏറ്റവും വലിയ അറിവുള്ളവന്‍ എന്നുള്ളവരും ഇക്കാലത്ത് കുറവല്ല.ഔലിയാക്കളുടെ സഹവാ‍സം കൊണ്ഡ് കാഫിറും,മുശ്‘രിഖും,കള്ളനും,തെമ്മാടിയും,മുസ്ലിമായിത്തീരുംബോള്‍ ബാഹ്യമായ അറിവുണ്ഡെന്ന് നടിക്കുന്നവര്‍ എല്ലാവരേയും കാഫിറാക്കി ഫത്‘വ ഇറക്കുന്നതാണ് നാം കാണുന്നത്. അവരെത്തൊട്ട് അല്ലാഹു കാത്ത് രക്ഷിക്കട്ടെ. ആമീന്‍.പിന്നെ അല്ലാഹു അനുഗ്രഹിച്ച നബിമാര്‍,സിദ്ധീഖീങ്ങള്‍,ശുഹദാക്കള്‍,സ്വാലിഹീങ്ങള്‍,ഈ ദറജകളാണ് അല്ലാഹു വാഗ്ദാനം ചൈതിട്ടുള്ളത്.കുറെ നിസ്കരിച്ച് നോമ്പ് നോറ്റതു കൊണ്ഡ് അല്ലെങ്കില്‍ ഇബാദത്തില്‍ വര്‍ധന വരുത്തിയത് കൊന്‍ണ്ഡ് ഒരു സ്വാലിഹ് അതിലും ഉയര്‍ന്ന ദറജയാ‍യ ശുഹദാ‍ഓ, സിദ്ധീഖൊ,ആകുന്നതല്ല.ഈ ദറജകള്‍ അതിലുള്ള ഇല്‍മും അതനുസരിച്ചുള്ള അമല്‍ കൊണ്ഡുമാണ് നേടിയെടുക്കാനുള്ളത്. ആ ജോലിയാണ് അല്ലെങ്കില്‍ അതിലേക്ക് സഹായകമാ‍യ ഇല്‍മാണ് ഔലിയാക്കള്‍ നല്‍കുന്നത്. അതില്‍ അവസനത്തെ ദറജ ,നുബുവ്വത്ത് അവസാനിച്ചതിനാല്‍ ഇനി ആര്‍ക്കും നബി ആകാന്‍ കഴിയില്ല. പക്ഷെ ആ നബിയുടെ വാരിസാകാം (അനന്തരാവകാശീ).ആ അംബിയാ വാരിസാണ് അഹ്ലുന്നുന്നത്തി വല്‍ ജമാ‍അത്തിന്റെ നേതാവും.വലിയ്യന്‍ മുര്‍ശിദ് എന്നും പറയും, അല്ലാഹു ഹിദായത്ത് നല്‍കാന്‍ ഉദ്ദേശിച്ചവര്‍ക്ക് അവന്‍ ആ വലിയ്യന്‍ മുര്‍ശിദിനെ എത്തിക്കുന്നതാണ്. അല്ലാഹു ഒരാളെ പിഴപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കില്‍ അവന് ആ വലിയ്യന്‍ മുര്‍ശിദിനെ എത്തിക്കുന്നതല്ല.
مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِي وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا
അല്ലാഹു ആരെ ഹിദായത്തിലാക്കുന്നുവൊ അവര്‍ മാത്രമാണ് ഹിദായത്ത് കിട്ടീയവര്‍.അവന്‍ ആരെ ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നുവൊ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു വലിയ്യന്‍ മുര്‍ശിദിനെ അവന്‍ എത്തിക്കുകയില്ല. سورة الكهف 17.അല്ലാഹു തൌഫീക്ക് ചെയ്യട്ടെ.ആമീല്‍.അപ്പോള്‍ ഇവിടെ അല്ലാഹുവിനോട് സ്വിറാത്തുല്‍ മുസ്തഖീം തേടുമ്പോള്‍ ആ ദുആ അല്ലാഹു സ്വീകരിച്ച വ്യക്തിക്ക് തീര്‍ച്ചയായും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ആ മുര്‍ശിദിനെ അവന്‍ നല്‍കുന്നതായിരിക്കും.അവര്‍ ഖിയാമത്തോളം,ഈ ദീന്‍ ഉള്ള കാലത്തോളം ഉണ്ഡായിരിക്കും.. അല്ലാഹു അനുഗ്രഹിച്ചവര്‍ക്ക് അവന്‍ എത്തിച്ച് കൊടുക്കുന്നതുമായിരിക്കും.ഇന്‍ശാ‍അല്ലാഹ്.കഷ്ടമെന്ന് പറയാമല്ലോ ചില പണ്ഡീതന്മാര്‍ പറയുന്നത് അങ്ങിനെയുള്ള വലിയ്യന്‍ മുര്‍ശിദ് ഈ കാലഘട്ടത്തിലില്ല. അഥവാ ഉണ്ഡെങ്കില്‍ത്തന്നെ ഏതെങ്കിലും കാട്ടിലോ,മലയിലൊ ഒളിച്ച് ഇരിക്കുകയായിരിക്കുമെന്ന്.ഖുര്‍ആനുമായി എത്ര വിരുദ്ധം.അല്ലാ‍ഹു അക്കൂട്ടരില്‍ നിന്ന് കാത്ത് രക്ഷിക്കട്ടെ. ആമീന്‍. അല്ലാഹുവിന്റെ ഹിദായത്ത് കിട്ടിയവരുടെ കൂട്ടത്തില്‍,അവന്‍ വലിയ്യന്‍ മുര്‍ശിദിനെ നല്‍കിയവരുടെ കൂട്ടത്തില്‍ നാം എല്ലാവരേയും അവന്‍ ഉള്‍പ്പെടൂത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.
بجاه سيدنا محمد صلاالله عليه وسلم

വഴികാട്ടി / pathfinder said...

ബഹു ഇഖ്ബാൽ സാഹിബ്‌!
ആദ്യമായി ക്ഷമ ചോദിക്കുന്നു താങ്കളുടെ കമന്റ്‌ വായിക്കാനും മറുകുറി തരാനും വൈകിയതിന്‌..
അനിവാര്യമായ ചില തിരക്കുകളിൽ പെട്ടത്‌ കൊണ്ടാണ്‌ താമസിച്ച്‌ പോയത്‌.
സൂക്ഷ്മമായ നിരീക്ഷണത്തിനും കമന്റിനും ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
അല്ലാഹു നമുക്കെല്ലാം അവന്റെ ഇഷ്ടത്തിനു തൗഫീഖ്‌ നൽകട്ടെ ആമീൻ

ഇഖ്ബാലിന്റെ നിരീക്ഷണങ്ങളിൽ ചിലതിനെ കുറിച്ച്‌ വഴികാട്ടിയുടെ കാഴ്ചപ്പാട്‌ അറിയിക്കുന്നതിൽ വിരോധമുണ്ടാവില്ലെന്ന് കരുതട്ടെ...{{{ഇവിടെ പറഞ്ഞ ആയാതും കിതാബും ഒന്നല്ല. 4 കാര്യങ്ങളാണ് അല്ലാഹു പറയുന്നത്.3 അല്ല. അത് നാലും 4 തന്നെയുമാണ്. ആവര്‍ത്തിച്ചതല്ല.ഖുര്‍ആനിലെ കലാമുകള്‍ക്ക് ആയത്ത് എന്ന് തന്നെയാണ് പറയുന്നത്. എന്നാല്‍ അവിടെ മാത്രമല്ല ആയാത്തുകള്‍.ഈ പ്രഞ്ചം മുഴുവനും അല്ലാഹുവിന്റെ ആയാത്തുകള്‍ തന്നെയാണ്.}}}

ആയാത്ത്‌ എന്നതിന്റെ വ്യാഖ്യാനത്തിൽ ഖുർആൻ അല്ലാത്തതൊന്നും പെടുകയില്ലെന്ന് വിളക്ക്‌ പറഞ്ഞിട്ടില്ല മറിച്ച്‌ എല്ലാ ആയാത്തും ഖുർആനിൽ അടങ്ങിയതായതിനാൽ കുറച്ച്‌ കൂടി വ്യാപകമായ അർത്ഥം ഇങ്ങനെ പറയുമ്പോൾ ലഭ്യമാവും എന്ന് നിരീക്ഷിക്കുകയാണ്‌ ചെയ്തത്‌.
അത്‌ സ്വന്തം വകയിൽ ചെയ്തതുമല്ല. ആയാത്ത്‌ എന്നതിനു
ഇമാം സ്വുയൂത്വിയും
ഖുർത്വുബിയും
ഒക്കെ പറഞ്ഞ അർത്ഥമാണ്‌..
എല്ലാ ആയാത്തും ഖുർആനിൽ അടങ്ങിയതുമാണ്‌ ഖുർആൻ പറയുന്നു

مافرطنا فى الكتاب من شيء(الانعام38 )

ഖുർആനിൽ ഒരു വീഴ്ചയും നാം വരുത്തിയിട്ടില്ല (അൻ ആം 38)

ونزلنا عليك الكتاب تبيانا لكل شيء وهدى ورحمة وبشري للمسلمين(النحل 89)

എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാർഗ്ഗ ദർശനവും കാരുണ്യവും അല്ലാഹുവിനു കീഴ്‌പ്പെട്ട്‌ ജീവിക്കുന്നവർക്ക്‌ സന്തോഷവാർത്തയുമായിക്കൊണ്ടാണ്‌ തങ്ങൾക്ക്‌ നാം ഖുർആൻ അവതരിപ്പിച്ചത്‌(നഹ്‌ ൽ 89)

അപ്പോൾ എല്ലാം അടങ്ങിയ ഖുർആൻ എന്ന് പറയുന്നതാണ്‌ വ്യാപകമായ അർത്ഥത്തിനു പറ്റിയത്‌...പിന്നെ കിതാബിനെയും ഹിക്‌ മത്തിനെയും വിശദീകരിക്കുക എന്നത്‌ ഒന്നായി പറഞ്ഞത്‌ കൊണ്ടാണ്‌ അത്‌ മൂന്ന് എന്ന് പറഞ്ഞത്‌..
ആ അർത്ഥത്തിൽ നാല്‌ എന്ന് എണ്ണിപറയാത്തത്‌ കുറ്റമല്ല..
ഇനി ആയാത്ത്‌ എന്നതിനു നിങ്ങൾ പറഞ്ഞപോലെ പറഞ്ഞാലും അത്‌ ഒന്നേ ആവുന്നുള്ളൂ എന്നത്‌ ശ്രദ്ധിക്കുമല്ലോ!

ഓതിക്കൊടുക്കലും പഠിപ്പിക്കലും ഒന്നല്ല എന്നതും ശ്രദ്ധിക്കുമല്ലോ.

അപ്പോൾ ആവർത്തനം വരാതിരിക്കാൻ അങ്ങനെയൊരു കണ്ടുപിടുത്തം വേണ്ടതില്ല..

{{{അല്ലാഹു ഹിദായത്ത് നല്‍കാന്‍ ഉദ്ദേശിച്ചവര്‍ക്ക് അവന്‍ ആ വലിയ്യന്‍ മുര്‍ശിദിനെ എത്തിക്കുന്നതാണ്. അല്ലാഹു ഒരാളെ പിഴപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കില്‍ അവന് ആ വലിയ്യന്‍ മുര്‍ശിദിനെ എത്തിക്കുന്നതല്ല.
مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِي وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا
അല്ലാഹു ആരെ ഹിദായത്തിലാക്കുന്നുവൊ അവര്‍ മാത്രമാണ് ഹിദായത്ത് കിട്ടീയവര്‍.അവന്‍ ആരെ ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നുവൊ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു വലിയ്യന്‍ മുര്‍ശിദിനെ അവന്‍ എത്തിക്കുകയില്ല. سورة الكهف 17}}}


ഈ ആയത്തിനെ ഇഖ്ബാൽ കൈകാര്യം ചെയ്ത ശൈലി ശരിയായില്ലെന്നൊരു വിനീതമായ അഭിപ്രായം വഴികാട്ടിക്കുണ്ട്‌.
കാരണം എല്ലാ കാലത്തും ഈ മുറബ്ബിയായ മുർശിദിനെ ലഭിക്കാത്ത (അതിനു യോഗ്യരല്ലാത്ത മുസ്‌ ലിംകൾ) ജീവിച്ചിട്ടില്ലേ?
അവരെയൊക്കെ കാഫിർ വിധി കൊടുക്കുന്നത്‌ അക്രമമായിരിക്കും....
കാരണം മുർശിദിനു താങ്കൾ പറഞ്ഞ അർത്ഥപ്രകാരം ആ മുർശിദിനും അദ്ദേഹം ഇർശാദ്‌ ചെയ്യേണ്ട മുരീദിനുമൊക്കെ വളരെയധികം നിബന്ധനകളുണ്ടെന്ന് ആ വിജ്ഞാന ശാഖയിലെ മഹാന്മാരായ ഗസ്സാലി(റ) നെ പോലുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്‌..
അങ്ങാടിയിൽ നിന്ന് മീൻ വാങ്ങുന്ന ലാഘവത്തോടെ ത്വരീഖത്തിനേയും ശൈഖിനെയുമൊക്കെ സാമാന്യവൽക്കരിക്കാൻ ആ മേഖലയിലെ ഗുരുവര്യരുടെ വാക്കുകൾ ശ്രദ്ധിച്ചവർക്ക്‌ കഴിയില്ല..

അയോഗ്യർ ശൈഖിയ്യത്ത്‌ വാദിച്ചതാണ്‌ ത്വരീഖത്ത്‌ തന്നെ തെറ്റിദ്ധരിക്കപ്പെടാൻ കാരണമായതെന്ന് നാം മനസിലാക്കണം ഏറ്റവും നല്ലവർ ജീവിച്ച കാലത്തെ പോലെയല്ല ഇന്ന് ഈ മേഖല പലരും കൈകാര്യം ചെയ്യുന്നത്‌. പണത്തിനും പ്രശസ്തിക്കും ഇത്‌ വഴിയാക്കി സ്വീകരിക്കുന്ന കള്ള നാണയങ്ങൾ ഈ രംഗത്ത്‌ ഇന്ന് ധാരാളമാണ്‌. മനുഷ്യന്റെ ആത്മീയ ശുദ്ധിക്ക്‌ കാരണമാവേണ്ട ഈ മേഖലയിലാണ്‌=ഉജുബ്‌=
(താൻ തരക്കേടില്ല എന്ന ചിന്ത) എന്ന മഹാരോഗം വല്ലാതെ കാണുന്നത്‌.
അതിനാൽ ത്വരീഖത്ത്‌ സത്യമാണ്‌ നിസ്ക്കാരത്തിന്റെയും നോമ്പിന്റെയുമൊക്കെ ഏറ്റവും കുറ്റമറ്റ ശൈലി പ്രാവർത്തികമാക്കൽ തന്നെയാണത്‌.
ശരീഅത്തിനു വലിയ പ്രാധാന്യമില്ലെന്ന് വരുത്തുന്നവരൊക്കെ പിശാചിന്റെ കെണിയിലകപ്പെട്ടവരാണെന്നതാണ്‌ യാഥാർത്ഥ്യം..

{{{ചില പണ്ഡീതന്മാര്‍ പറയുന്നത് അങ്ങിനെയുള്ള വലിയ്യന്‍ മുര്‍ശിദ് ഈ കാലഘട്ടത്തിലില്ല. അഥവാ ഉണ്ഡെങ്കില്‍ത്തന്നെ ഏതെങ്കിലും കാട്ടിലോ,മലയിലൊ ഒളിച്ച് ഇരിക്കുകയായിരിക്കുമെന്ന്.ഖുര്‍ആനുമായി എത്ര വിരുദ്ധം.അല്ലാ‍ഹു അക്കൂട്ടരില്‍ നിന്ന് കാത്ത് രക്ഷിക്കട്ടെ. ആമീന്‍. }}}

ഇല്ലെന്ന് പറയുന്നത്‌ ശരിയായിരിക്കില്ല പക്ഷെ കാട്ടിലാവുമെന്നത്‌ ആ രംഗത്തെ മഹാന്മാർ കാലങ്ങൾക്ക്‌ മുമ്പേ പ്രവചിച്ചതാണ്‌.. ഇന്ന് കാണുന്ന വാർഡ്‌ തോറുമുള്ള ശൈഖ്‌ വാദവും ത്വരീഖത്ത്‌ പ്രസ്ഥാനങ്ങളും പലപ്പോഴും ഒറിജിനലിനെ വെല്ലുന്ന ഡ്യുബ്ലിയാണെന്ന് നാം മനസിലാക്കണം.... യോഗ്യനായ ശൈഖും മുരീദും എന്നത്‌ സുലഭമല്ലെന്നാണ്‌ ഈ പറഞ്ഞതിനർത്ഥം അതെങ്ങനെ ഖുർആൻ വിരുദ്ധമാവും?

ഈ മേഖലയിലെ നമ്മേക്കാളെല്ലാം കേമന്മാരായ മഹത്തുക്കൾ തന്നെ പറഞ്ഞതാണത്‌..

واعلم ان الشيخ المرشد لم يزل مستورا بين أولياءالله تعالى فضلا عن غيرهم من العوام فلايعرفه الاارباب البواطن والبصائر دون اهل الظواهروسبب اختفاء الكمل من الواصلين الى الله تعالى قلة صدق الطالبين فصارطلبهم للطريق غير خالص بل هو مشوب بالحظوظ النفسانية والأهواء والأغراض الفاسدة وكثرة دعوى الناس للمشيخة بغير اذن من مشائخهم(الهجة السنية 34)
നീ അറിയുക നിശ്ചയം മുർശിദായ ശൈഖ്‌ ഔലിയാക്കൾക്കിടയിൽ തന്നെ ഒളിഞ്ഞിരിക്കുന്നവരാണ്‌ അപ്പോൾ പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലൊ.ആന്തരികതയും ഉൾക്കാഴ്ച്ചയുമുള്ളവർക്കല്ലാതെ ആ ശൈഖിനെ അറിയാനാകില്ല അല്ലാഹുവിലേക്ക്‌ ചേർന്ന പരിപൂർണ്ണരായ മശാഇഖുമാർ ഒളിഞ്ഞിരിക്കുന്നത്‌ അവരെ അന്വേഷിച്ചു വരുന്നവരിൽ സത്യവാന്മാർ വിരളമായത്‌ കൊണ്ടാണ്‌ ശാരീരിക ഇഛകളോടും തെറ്റായ ആവശ്യങ്ങളോടും കലർത്തപ്പെട്ടതിനാൽ ആ അന്വേഷണം നിഷ്ക്കളങ്കമല്ല മാത്രമല്ല യഥാർത്ഥ ശൈഖുമാരിൽനിന്നുള്ള അനുമതി ലഭിക്കാത്ത ശൈഖ്‌ വാദികൾ വർദ്ധിച്ചതും അവർ മറയാൻ കാരണമായി എന്ന് മഹാനായ റാസി(റ) ൽ നിന്ന് മഹാനായ ശൈഖ്‌ മുഹമ്മദുൽ ഖാനി(റ) ഉദ്ധരിക്കുന്നു( അൽ ബഹ്ജത്തുസ്സനിയ്യ:34)

അപ്പോൾ വിഷയം വളരെ വ്യക്തമാണ്‌ കള്ളന്മാരെ ചൂണ്ടിക്കാണിച്ച്‌ ത്വരീഖത്തിനെ തന്നെ നിരാകരിക്കുന്ന അപകടം നാം ചെയ്യാൻ പാടില്ലെന്ന് പറയുമ്പോൾ തന്നെ കള്ള നാണയങ്ങളെ തുടരുന്നത്‌ ഈമാനിക നാശത്തിന്റെ വലിയ ഹേതുവാകുമെന്ന് മനസിലാക്കാനാണ്‌ പൻഡിതന്മാർ ഇത്തരം കര്യങ്ങൾ പറയുന്നത്‌ അത്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ഉണർത്താനാണ്‌ ആ രംഗത്തുണ്ടായിരുന്ന മഹാന്മാർ തന്നെ ഈ കാര്യം ഉണർത്തിയിരുന്നുവെന്ന് പറഞ്ഞത്‌....
ഇങ്ങനെയുള്ള മുർശിദിനെ ലഭിക്കാത്ത കാലത്ത്‌ അല്ലെങ്കിൽ മുർശിദിനെ ലഭിക്കാത്തവർ ശരീഅത്ത്‌ മുറുകെ പിടിക്കുകയും നബി(സ്വ) യുടെ പേരിൽ സ്വലാത്ത്‌ വർദ്ധിപ്പിച്ച്‌ ഈമാൻ രക്ഷിക്കുകയും വേണമെന്നാണ്‌മഹാന്മാർ പറഞ്ഞിട്ടുള്ളത്‌
അതിനാൽ ഏതെങ്കിലും കള്ള ചിരക്കുകൾ ഏറ്റെടുത്ത്‌ പരീക്ഷിക്കാതെ ഈ സുരക്ഷിത വഴി ഉൾക്കൊണ്ട്‌ ജീവിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌ അല്ലാഹു തൗഫീഖ്‌ നൽകട്ടെ.എല്ലാവർക്കും നന്ദി പറയുന്നു

ബഷീർ said...

വഴിയേ നടക്കുന്നവര്‍ക്ക്‌ പ്രകാശവും വഴിതെറ്റിയവര്‍ക്ക്‌ ദിശാ സൂചികയുമായി വഴികാട്ടിയുടെ വിളക്ക്‌ പ്രകാശം പരത്തിയുള്ള ഈ യാത്ര തുടരുക. ആശംസകള്‍.. വിശദമായ മറുപടിക്ക്‌ നന്ദി

വഴികാട്ടി / pathfinder said...

വിളക്കിന്റെ വെട്ടത്ത്‌ വരികയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്ത

രാജ്‌ മോഹന്‍
പ്രചാരകന്‍
മുഹം
ഇഹ്സാന്‍
ഇഖ്ബാല്‍
യൂസുഫ്പ
അരീക്കോടന്‍
ബഷീര്‍ വെള്ളറക്കാട്‌

തുടങ്ങി വിളക്ക്‌ പിന്തുടരുന്നവര്‍ക്ക്‌ എല്ലാവര്‍ക്കും നന്ദി

ആമീന്‍ എന്നതിന്റെ വിശദികരണം ഇവിടെ വായിക്കുക. അഭിപ്രായം അറിയിക്കുക