അദ്ദ്യായം 84 സൂറ: അൽ ഇൻശിഖാഖ് | മക്കയിൽ
അവതരിച്ചു | സൂക്തങ്ങൾ 25
ഭാഗം 2 ( 16 മുതൽ 25 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം )
ഭാഗം 1- (1 മുതൽ 15 വരെ സൂക്തങ്ങളുടെ വിശദീകരണം ഇവിടെ ക്ലിക് ചെയ്ത് വായിക്കാം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
16.فَلَا أُقْسِمُ بِالشَّفَقِ
എന്നാൽ അസ്തമയ സമയത്തെ ശോഭകൊണ്ട് ഞാൻ സത്യം ചെയ്യുന്നു
17. وَاللَّيْلِ وَمَا وَسَقَ
രാത്രിയും അതുൾക്കൊള്ളുന്നവയും കൊണ്ടും(ഞാൻ സത്യം ചെയ്യുന്നു)
18. وَالْقَمَرِ إِذَا اتَّسَقَ
ചന്ദ്രനെ(അത് പൂർണ്ണത പ്രാപിച്ചുവരുമ്പോൾ) കൊണ്ടും ഞാൻ സത്യം ചെയ്യുന്നു
19.لَتَرْكَبُنَّ طَبَقًا عَن طَبَقٍ
തീർച്ചയായും നിങ്ങൾ ഘട്ടം ഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്
20.فَمَا لَهُمْ لَا يُؤْمِنُونَ
എന്നിരിക്കെ ഇവർക്ക് എന്ത് പറ്റി?ഇവർ വിശ്വസിക്കുന്നില്ലല്ലോ!?
21.وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ
അവർക്ക് ഖുർആൻ ഓതിക്കൊടുക്കപ്പെട്ടാൽ അവർ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നുമില്ല?
അസ്തമയ
സമയത്തെ ശോഭ,രാത്രി,രാത്രി
ഉൾക്കൊള്ളുന്നവ അഥവാ അതിന്റെ ഇരുട്ടിൽ മറഞ്ഞ് പോവുന്നവ (പകലിൽ പലസ്ഥലങ്ങളിലായി
വ്യാപിച്ച് കിടന്നിരുന്ന പലതരം ജീവികളും മറ്റും രാത്രിയാവുമ്പോൾ കൂടുകളിലും
അവയുടെ കേന്ദ്രങ്ങളിലും എത്തിച്ചേരുന്നതുമൊക്കെ രാത്രി ഉൾക്കൊള്ളുന്നവ എന്നതിന്റെ
വിശദീകരണത്തിൽ വരുന്നതാണ്) പൂർണ്ണ ദശപ്രാപിച്ച ചന്ദ്രൻ എന്നീ പ്രകൃതി
ദൃഷ്ടാന്തങ്ങളെ ക്കൊണ്ട് സത്യം ചെയ്ത് അല്ലാഹു പറയുന്നത് നിങ്ങൾ വിവിധ ഘട്ടങ്ങൾ
തരണം ചെയ്യുന്നുവെന്നാണ്. ശൈശവം, കൗമാരം, യുവത്വം, വാർദ്ധക്യം രോഗം, ആരോഗ്യം, സന്തോഷം, ദു:ഖം, സമൃദ്ധി, ദാരദ്ര്യം തുടങ്ങി ധാരാളം അവസ്ഥകൾ മനുഷ്യൻ തരണം
ചെയ്യുന്നു എന്തെങ്കിലും ഒരു കാര്യം സാധിക്കണമെങ്കിൽ അതിനായി പോലും അവൻ
നെട്ടോട്ടമോടേണ്ടി വരുന്നു. പിന്നീട് മരണം, ഖബ്‌ർ, ഉയിർത്തെഴുന്നേൽപ്പ്, വിചാരണ,സ്വർഗമോ
നരകമോ സ്വീകരിക്കൽ തുടങ്ങി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അവൻ പ്രയാണം
നടത്തിക്കൊണ്ടിരിക്കുന്നു അഥവാ മനുഷ്യജീവിതം നിശ്ചലമോ സുസ്ഥിരമോ ആയ ഒരു
അവസ്ഥയിലല്ല. മാറ്റങ്ങൾക്ക് വിധേയമാണ് വ്യക്തികളിൽ മാത്രമല്ല സമൂഹങ്ങളിലും ഈ
മാറ്റം പ്രകടം തന്നെയാണ് ഇതൊക്കെ അനുഭവത്തിൽ കാണുന്ന മനുഷ്യൻ തന്റെ ഭാവിയെക്കുറിച്ച്
കൂടുതൽ ആലോചിക്കുകയും യഥാർത്ഥ ഭാവി പരലോകരക്ഷയിലാണെന്ന് തിരിച്ചറിയുകയും
ചെയ്യേണ്ടതാണ് പക്ഷെ എന്നിട്ടും അവൻ വിശ്വസിക്കാത്തതെന്തേ എന്നാണ് അല്ലാഹു
ചോദിക്കുന്നത്. സത്യവിശ്വാസം ഉൾക്കൊള്ളുകയും ഖുർആൻ കേട്ട് അല്ലാഹുവിനു മുന്നിൽ
തലകുനിക്കാനോ അവൻ തയാറാവാത്തതെന്ത് ആശ്ചര്യം തന്നെ എന്നൊക്കെയാണ് അല്ലാഹു ഇവിടെ
പ്രസ്താവിക്കുന്നത്!
ഇമാം റാസി (رحمة الله عليه) എഴുതുന്നു. ‘നിങ്ങൾ ഘട്ടം
ഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ് എന്ന സൂകതത്തിനു വിവിധ അർത്ഥങ്ങളുണ്ട്
(1) ഹേ മനുഷ്യ
സമൂഹമേ! നിങ്ങൾക്ക് വിവിധ അവസ്ഥകളും വിവിധ താമസസ്ഥലങ്ങളും താണ്ടിക്കടന്ന് വേണം
മുന്നോട്ട് പോവാൻ അങ്ങനെ നിങ്ങൾ ഒന്നുകിൽ പ്രതിഫലത്തിന്റെ വീടായ സ്വർഗത്തിലോ അല്ലെങ്കിൽ
ശിക്ഷയുടെ ഭവനമായ നരകത്തിലോ സ്ഥിരതാമസമാക്കും
(2) ജനങ്ങൾ
അന്ത്യനാളിൽ വിവിധ പരീക്ഷണങ്ങൾ തരണം ചെയ്യേണ്ടിവരും പുനർജ്ജന്മത്തെ നിഷേധിക്കുന്നവരോട്
അത് സംഭവിക്കുകതന്നെ ചെയ്യുമെന്ന് ആണയിട്ട് പറയുകയാണ് അല്ലാഹു
(3) ഭൂമിയിലെ
സാഹചര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ അവസ്ഥകൾ മനുഷ്യൻ പരലോകത്ത്
അനുഭവിക്കും ഭൂമിയിൽ താഴ്‌ന്നവനായി അവഗണിക്കപ്പെട്ടിരുന്ന എത്രയോ ആളുകൾ അവിടെ
ഉന്നതമായ സ്ഥാനങ്ങളിൽ വിരാജിക്കുമ്പോൾ ഭൂമിയിൽ വലിയ മഹത്വം കൽപ്പിക്കപ്പെട്ടിരുന്ന
പലരും ഏറ്റവും അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടാവും ഭൂമിയിൽ കഷ്ടപ്പാടുകളിൽ
ഉഴലേണ്ടി വന്നിരുന്ന പലരും തികഞ്ഞ സമൃദ്ധിയിൽ മതിമറന്ന് സന്തോഷിക്കുമ്പോൾ ഭൂമിയിൽ
സുഖിച്ച് വാണിരുന്ന പലരും ദാഹജലം പോലും നൽകപ്പെടാത്തവിധം ശിക്ഷകൾ
ഏറ്റുവാങ്ങുന്നുണ്ടാവും അതാണ് ഖുർആൻ തന്നെ മറ്റൊരു സ്ഥലത്ത് (സൂറ:അൽ വാഖിഅ:3-മത്
സൂക്തത്തിൽ ചിലരെ താഴ്ത്തുകയും ചിലരെ ഉയർത്തുകയും ചെയ്യുമെന്ന് പറഞ്ഞത്). ഈ
മൂന്നാമത് വ്യാഖ്യാനത്തോട് ഏറ്റവും യോജിക്കുന്നതരത്തിലാണ് നേരത്തേ നല്ലവർക്ക്
വലത് കയ്യിൽ ഗ്രന്ഥം നൽകുമെന്നും അവർ സന്തോഷവാന്മാരാകുമെന്നും ഇടത്കയ്യിൽ ഗ്രന്ഥം
ലഭിക്കുന്നവർക്ക് അത് വലിയ തിരിച്ചടിയാവുമെന്നും ഉണർത്തിയത്(ഇതേ അദ്ധ്യായത്തിലെ
ഏഴുമുതൽ പതിനഞ്ച് വരെയുള്ള സൂക്തങ്ങളുടെ വ്യാഖ്യാനം ശ്രദ്ധിക്കുക)
(4) മുൻ കാലത്ത്
ജീവിച്ചിരുന്ന ജൂത കൃസ്ത്യാനികളുടെ മാർഗം പിൻ തുടരുന്നവർ നിങ്ങളിലുണ്ടാവും എന്നും
അവരിൽ പ്രവാചകന്മാരെ നിഷേധിച്ചവരും മറ്റും ഉണ്ടായത് പോലെ നിങ്ങളിലുമുണ്ടാവും
എന്നാണ് നാലാം വ്യാഖ്യാനം. പത്തൊമ്പതാം സൂക്തത്തിൽ لَتَرْكَبُنَّ എന്നിടത്ത് ഉകാരത്തിനു പകരം അകാരത്തിലും
പാരായണമുണ്ട് അപ്പോൾ ഈ സംബോധന നബി(ﷺ) യോടാണ് അഥവാ
തങ്ങൾക്ക് വിവിധ കയറ്റങ്ങളുണ്ട് എന്ന്! (തികച്ചും പരീക്ഷണങ്ങളിൽ തുടങ്ങിയ
പ്രബോധനം ഒന്നേകാൽ ലക്ഷം അനുയായികളുടെ മുന്നിൽ വെച്ച് പൂർത്തീകരിക്കപ്പെട്ടു
എന്ന് പ്രഖ്യാപിക്കാനായതും ലോകത്തിന്റെ എല്ലാ ഭാഗത്തും ഈ സന്ദേശം സർവ്വസ്വീകാര്യത
നേടിയതും എല്ലാവർക്കും അറിവുള്ളതാണല്ലോ!) ഇനി ആകാശങ്ങളിലേക്ക് അങ്ങ് കയറും
എന്നുമാവാം ഇവിടെ വിശദീകരണം ഏഴാകാശവും കടന്ന് ധാരാളം ഉപരിലോകത്ത് മിഅ്റാജിന്റെ
രാത്രിയിൽ അവിടുന്ന് യാത്ര ചെയ്തത് സുപരിചിതമല്ലേ!(റാസി 31/102-103)
ഇരുപത്തി ഒന്നാം സൂക്തം പാരായണം ചെയ്താൽ ഓത്തിന്റെ സുജൂദ് ചെയ്യൽ സുന്നത്താണ്
22.بَلِ الَّذِينَ كَفَرُواْ يُكَذِّبُونَ
(അത്രയുമല്ല)പക്ഷെ അവിശ്വസിച്ചവർ നിഷേധിച്ച്
കൊണ്ടിരിക്കുകയാണ്
23. وَاللَّهُ أَعْلَمُ بِمَا يُوعُونَ
അവർ(മനസ്സിൽ) സൂക്ഷിച്ച് വെക്കുന്നതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം
അറിയുന്നവനാകുന്നു.
24.فَبَشِّرْهُم بِعَذَابٍ أَلِيمٍ
ആകയാൽ(നബിയേ)തങ്ങൾ വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി അവർക്ക് സന്തോഷവാർത്ത
അറിയിക്കുക.
25. إِلَّا الَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ
വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കൊഴികെ. അവർക്ക്
മുറിഞ്ഞു(നഷ്ടപ്പെട്ട്) പോകാത്ത പ്രതിഫലമുണ്ട്.
അവർ സത്യ
വിശ്വാസം സ്വീകരിക്കുന്നില്ലെന്നും ഖുർആൻ കേട്ട് അല്ലാഹുവിനു സാഷ്ടാംഗം
ചെയ്യുന്നില്ലെന്നും മാത്രമല്ല ഖുർആനെയും മറ്റും നിഷേധിച്ച് തള്ളുകകൂടി
ചെയ്യുന്നുവെന്നും അവരുടെ മനസ്സിലിരിപ്പ് എന്താണെന്ന് അല്ലാഹുവിനു നന്നായി
അറിയാമെന്നും അതിനാൽ അവർക്ക് വല്ല സന്തോഷവാർത്തയും അറിയിക്കാനുണ്ടെങ്കിൽ അത്
കഠിനമായ ശിക്ഷയെക്കുറിച്ചുള്ളതാണ്, അതേ സമയം സത്യം സ്വീകരിക്കുകയും
നന്മപ്രവർത്തിക്കുകയും ചെയ്യുന്നവർക്കാവട്ടെ ഒരിക്കലും നഷ്ടപ്പെടാത്ത ശാശ്വതമായ
പ്രതിഫലവും ഉണ്ടായിരിക്കും
അവരുടെ
മനസ്സിലുള്ളത് എന്നതുകൊണ്ട് ഉദ്ദേശ്യം.
ശിർക്കും(ബഹുദൈവത്വം), പ്രവാചകനെ
നിഷേധിക്കൽ, വിശ്വാസികളോടുള്ള
അസൂയ അഹങ്കാരം തുടങ്ങിയവയാണ്. ഇമാം റാസി (رحمة الله عليه) എഴുതുന്നു.വിശ്വസിക്കേണ്ടതിന്റെ അനിവാര്യത
അവരെ ബോദ്ധ്യപ്പെടുത്താനാവശ്യമായ തെളിവുകൾ അവർക്ക് വ്യക്തമാണെങ്കിലും പൂർവ്വീകരായ
അസത്യവാദികളെ പിൻപറ്റിയതിനാലോ വിശ്വാസികളോട് അസൂയയുണ്ടായതിനാലോ വിശ്വാസം
പ്രഖ്യാപിച്ചാൽ ഭൂമിയിൽ വല്ല സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടേക്കാമെന്ന ഭയമോ
കാരണത്താലാണ് അവർ നിഷേധികളായി മാറിയത് (റാസി 30/104) ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി പരലോകജീവിതം
നശിപ്പിക്കുന്നത് എന്ത് മാത്രം അബദ്ധമാണെന്ന് ചിന്തിക്കാത്തത് മഹാകഷ്ടം
തന്നെയല്ലേ! ബുദ്ധിമാൻ സ്വശരീരത്തെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും മരണശേഷമുള്ള
ജീവിത സുരക്ഷക്കായി അദ്ധ്വാനിക്കുന്നവനുമാണെന്ന നബി വചനം എത്ര പ്രസക്തം!
അല്ലാഹു
നല്ലത് മനസിലാക്കാനും ഉൾക്കൊണ്ട് ജീവിക്കാനും നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ആമീൻ
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. വിളക്ക്
സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم
باحسان الي يوم الدين والحمد لله رب العالمين
5 comments:
അദ്ധ്യായം 84
ഭാഗം 2 ( 16 മുതൽ 25 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം )
with all my heart.. best wishes
kollaam arivinte velichham mattullavakkum pkaraanulla nalla manassinu nandi..
പ്രചാരകൻ,
വിജയലക്ഷ്മി,
നന്ദി. അഭിപ്രായങ്ങൾ അറിയിക്കാൻ അപേക്ഷ
പുതിയ പോസ്റ്റ്
അദ്ധ്യായം 85 അൽ ബുറൂജ് 22 സൂക്തങ്ങളുടെ വിവരണം ഇവിടെ വായിക്കാം
edited and updated. pdf file also added
Post a Comment