Wednesday, June 3, 2009

അദ്ധ്യായം 85 ; സൂറ : അൽബുറൂജ് سورة البروج

അദ്ധ്യായം 85 സൂറ : അൽ ബുറൂജ്    | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 22  

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1.وَالسَّمَاء ذَاتِ الْبُرُوجِ

ഗ്രഹമണ്ഡലങ്ങളുള്ളതായ ആകാശം തന്നെയാണ്‌ (സത്യം).

കോട്ട, കൊട്ടാരം, സുഭദ്രമായ കെട്ടിടം എന്നൊക്കെ ബുറൂജിനു അർത്ഥമുണ്ട്‌. സൂര്യന്റെ ഭ്രമണ മാർഗത്തിലെ പന്ത്രണ്ട്‌ രാശികളാണിവിടെ ഉദ്ദേശ്യം എന്നാണ്‌ ഒരു വിഭാഗത്തിന്റെ അഭിപ്രായം.നക്ഷത്രങ്ങളാണെന്നും ചന്ദ്രന്റെ ഭ്രമണപഥമാണെന്നും മറ്റും അഭിപ്രായമുണ്ട്‌.(റാസി 31/106)

2 .وَالْيَوْمِ الْمَوْعُودِ

വാഗ്‌ദത്തം ചെയ്യപ്പെട്ട (ആ)ദിവസം തന്നെയാണ്‌ (സത്യം).

ഖിയാമത്ത്‌ നാൾ ആണീ വാഗ്‌ദാനം ചെയ്യപ്പെട്ട ദിവസം
3.وَشَاهِدٍ وَمَشْهُودٍ

സാക്ഷിയും സാക്ഷീകരിക്കപ്പെടുന്നതും തന്നെയാണ്‌(സത്യം).

സാക്ഷിയും സാക്ഷീകരിക്കപ്പെടുന്നതും കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്നതിനെ കുറിച്ച്‌ പല വ്യാഖ്യാനങ്ങളുമുണ്ട്‌. മനുഷ്യന്റെ കർമ്മങ്ങൾക്ക്‌ ലോക വസ്തുക്കളിൽ കണക്കറ്റ സാക്ഷികളെ കാണാവുന്നതാണ്‌ സ്ഥലങ്ങൾ, പരിസരവസ്തുക്കൾ, സമയങ്ങൾ, ഉപകരണങ്ങൾ, സഹജീവികൾ തുടങ്ങി പലതും അവനു സാക്ഷികളായിത്തീരുന്നു അല്ലാഹുവിന്റെ കോടതിയിൽ ഇവയെല്ലാം മനുഷ്യ കർമ്മങ്ങളെ സാക്ഷീകരിക്കുന്നതാണ്‌.

നബി()തങ്ങൾ ഈ സമുദായത്തിനും മുമ്പുണ്ടായിരുന്ന പ്രവാചകന്മാർ അവരുടെ സമുദായങ്ങൾക്കും സാക്ഷികളാകുന്നു(നിസാഅ് 41)ഈ സമുദായം മറ്റു സമുദായങ്ങൾക്ക്‌ സാക്ഷികളാണ്‌(അൽബഖറ:143) മനുഷ്യന്റെ അവയവങ്ങൾ അവന്ന് സാക്ഷി നിൽക്കും(യാസീൻ 65) ഹജറുൽ അസ്‌വദ്‌ അതിനെ ചുംബിക്കുന്നവർക്ക്‌ സാക്ഷിനിൽക്കും എന്നിങ്ങനെ ധാരാളം സാക്ഷികളെക്കുറിച്ച്‌ പ്രവാചക വചനങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്‌ അങ്ങനെയുള്ള എല്ലാ സാക്ഷികളും ആ സാക്ഷികളുടെ സാക്ഷ്യങ്ങൾക്ക്‌ വിധേയരായവരും ഇതിൽ ഉൾപ്പെടുന്നു.

 مشهود - شاهدഎന്നീ വാക്കുകൾക്ക്‌ കാണുന്നതും കാണപ്പെടുന്നതും എന്നും ഹാജറാകുന്നതും ഹാജറാകുന്ന സ്ഥലവും കാലവും എന്നും അർത്ഥം പറയാവുന്നതാണ്‌. ഖിയാമത്ത്‌ നാൾ, ജുമുഅ:ദിവസം,അറഫാ ദിവസം,പള്ളി മുതലായവയും അവയിൽ സമ്മേളിക്കുന്നവരുമാണ്‌ ഇവിടെ ഉദ്ദേശ്യമെന്ന് ഈ അർത്ഥത്തിലാണ്‌ വിശദീകരിക്കപ്പെടുന്നത്‌ ‌ അത്‌ മാത്രം എന്ന അർത്ഥത്തിലല്ല!

4.قُتِلَ أَصْحَابُ الْأُخْدُودِ
കിടങ്ങിന്റെ ആളുകൾ ശപിക്കപ്പെടട്ടെ.

 5 .النَّارِ ذَاتِ الْوَقُودِ 

അതായത്‌ വിറകിട്ട്‌ കത്തിക്കപ്പെടുന്ന അഗ്നിയുടെ(ആൾക്കാർ)

6.إِذْ هُمْ عَلَيْهَا قُعُودٌ

അവർ അതിന്റെ അതിന്റെ അടുത്ത്‌ ഇരുന്നുകൊണ്ടിരിക്കുന്ന സന്ദർഭം

7.وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ

സത്യവിശ്വാസികളെക്കൊണ്ട്‌ തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നതിനു അവർ ദൃക്‌സാക്ഷികളായിക്കൊണ്ട്‌ !

നബി()യും ശിഷ്യന്മാരും ശക്തമായ ആക്രമണങ്ങൾ ശത്രുക്കളിൽ നിന്ന് നേരിട്ടിരുന്ന സമയത്താണീ അദ്ധ്യായം അവതരിക്കുന്നത്‌. ബിലാൽ(رضي الله عنه), സുഹൈബ്‌(رضي الله عنه), യാസിർ(رضي الله عنه), ഭാര്യ സുമയ്യ:( رضي الله عنها), മകൻ അമ്മാർ(رضي الله عنه) തുടങ്ങി ധാരാളം വിശ്വാസികൾ ഖുറൈശികളുടെ വിവിധ തരത്തിലുള്ള ക്രൂരമർദ്ദനങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന ഘട്ടത്തിൽ നബി() യുടെ സമീപത്ത്‌ ചെന്ന് ചില വിശ്വാസികൾ തങ്ങളുടെ കഷ്ടപ്പാടിന്റെ തീഷ്‌ണതയും അസഹ്യമായ അവസ്ഥയും ആവലാതിയായി ബോധിപ്പിച്ചപ്പോൾ മനസ്സ്‌ തകർന്ന തന്റെ അരുമശിഷ്യന്മാരെ ആശ്വസിപ്പിച്ചു കൊണ്ട്‌ നബി() മുൻകാലങ്ങളിലെ സത്യവിശ്വാസികൾക്കും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ധാരാളമുണ്ടായിരുന്നുവെന്നും അതൊന്നും അവരെ ഉറച്ച വിശ്വാസത്തിൽ നിന്ന് പിൻമാറ്റാൻ ഹേതുവായിട്ടില്ലെന്നും നിങ്ങൾക്കും അല്ലാഹു സഹായം തരികയും ഈ മതം അവൻ പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നും അതിനാൽ മുൻകാലത്ത്‌ സത്യവിശ്വാസികൾക്ക്‌ അനുഭവിക്കേണ്ടിവന്ന (വിശ്വാസികളെ കുഴികുത്തി അതിലിറക്കി നിർത്തി വാൾ നെറുകുതലയിൽ വെച്ച്‌ രണ്ട്‌ പിളർപ്പാക്കി മാറ്റുകയും ഇരുമ്പിന്റെ ചീർപ്പ്‌ കൊണ്ട്‌ മാംസം എല്ലിൽ നിന്ന് ചുരണ്ടി എടുത്ത്‌ കൊല്ലാകൊല ചെയ്തിട്ടും ആ മുൻഗാമികൾ അവരുടെ വിശ്വാസത്തിലെ സജീവതയും ദൃഢതയും പ്രഖ്യാപിക്കുകയായിരുന്നു ചെയ്തിരുന്നത്‌) പ്രയാസങ്ങൾ ക്ഷമയോടെ നിങ്ങളും നേരിടേണ്ടി വരുമെന്നും അവസാനം അല്ലാഹു നമുക്ക്‌ സഹായം നൽകുമെന്നും നബി() അവരെ ആശ്വസിപ്പിക്കുമായിരുന്നു.

ഇത്തരത്തിലുള്ള ഒരു കിരാതമായ ശിക്ഷാ സമ്പ്രദായത്തെ തന്നെയാണ്‌ ഈ സൂക്തങ്ങളിലും പരാമർശിക്കപ്പെടുന്നത്‌. ഇവിടെ മിക്ക വ്യാഖ്യാതാക്കളും സൂചിപ്പിക്കുന്ന ഒരു ചരിത്രത്തിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം. ഇമാം മുസ്‌ലിം(رحمة الله عليه) രേഖപ്പെടുത്തുന്നു. സുഹൈബ്‌(رضي الله عنه) നബി()യിൽ നിന്ന് ഉദ്ധരിക്കുന്നു. മുൻ കാലത്ത്‌ ഒരു രാജാവിനു ഒരു സാഹിർ(ആഭിചാര വിദഗ്ദൻ)ഉണ്ടായിരുന്നു. ഒരിക്കൽ അയാൾ രാജാവിനോട്‌ പറഞ്ഞു. പ്രഭോ! എനിക്കു വയസ്സായി. മിടുക്കനായ പിൻഗാമിയെ അങ്ങ്‌ കണ്ടെത്തണം എന്റെ അടുത്തുള്ള വിദ്യകളൊക്കെ ഞാൻ അവനു പഠിപ്പിക്കാം .അത്‌ നല്ല അഭിപ്രായമായി തോന്നിയ രാജാവ്‌ അതിനു അനുമതി നൽകുകയും മിടുക്കനായ ഒരു കുട്ടിയെ അതിനായി കണ്ടെത്തുകയും ചെയ്തു പക്ഷെ ഈ കുട്ടിക്ക്‌ മായാവിദ്യ പഠിക്കുന്നതിൽ താൽപര്യമില്ലായിരുന്നു. അങ്ങനെയിരിക്കെ കുട്ടിയുടെ വഴിമധ്യേ ഒരു മതപുരോഹിതനെ കുട്ടി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ മതാദ്ധ്യാപനം കുട്ടിക്ക്‌ സന്തോഷമായി തോന്നുകയും ചെയ്തു.അങ്ങനെ ഒരു തികഞ്ഞ ദൈവവിശ്വാസിയായി മാറാൻ ഈ കൂട്ട്‌കെട്ട്‌ കുട്ടിക്ക്‌ സഹായകമായി .ഒരു ദിവസം വഴിയിൽ ഒരു മൃഗം പ്രത്യക്ഷപ്പെടുകയും ജനങ്ങൾക്ക്‌ മാർഗതടസ്സമുണ്ടാവുകയും ചെയ്തു. അതിനെ നേരിടാനാവാതെ മിഴിച്ച്‌ നിൽക്കുന്ന ജനത്തിന്റെ മുന്നിൽ കുട്ടി നിശ്ശബ്ദമായി ഒരു തീരുമാനമെടുത്തു. സാഹിറിന്റെ (ആഭിചാരക്കരന്റെ) തത്വങ്ങളേക്കാൾ അല്ലാഹുവിനിഷ്ടം ഈ പുരോഹിതന്റെ മതതത്വങ്ങളാണെങ്കിൽ അല്ലാഹുവേ ഈ മൃഗത്തെ നീ കൊല്ലുകയും ജനങ്ങൾക്ക്‌ സൗകര്യമൊരുക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിച്ച്‌ കൊണ്ട്‌ ആ മൃഗത്തിനു നേരെ കുട്ടി കല്ലെറിഞ്ഞു .ഉടൻ മൃഗം ചാവുകയും ജനം നടന്ന് പോകുകയും ചെയ്തു.

ഈ സംഭവം കുട്ടിക്ക്‌ ജനശ്രദ്ധകിട്ടാൻ കാരണമായി. കുട്ടിയെ സമീപിക്കുന്ന രോഗികളുടെ അസുഖങ്ങൾ സുഖപ്പെടുന്നതും മറ്റും പ്രസിദ്ധമായി .അങ്ങനെ രാജാവിന്റെ അടുത്ത ഒരാൾ തന്റെ കണ്ണിന്റെ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാനായി കുട്ടിയെ സമീപിക്കുകയും കുട്ടി അല്ലാഹുവോട്‌ പ്രാർത്ഥിച്ച്‌ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു .ഇയാൾ മുഖേന കുട്ടിയുടെ സിദ്ധിയെക്കുറിച്ച്‌ രാജാവും അറിഞ്ഞു.കുട്ടിയുടെ ആഭിചാര പഠനത്തിൽ നിന്നാണ്‌ ഇതെല്ലാം നേടിയതെന്നായിരുന്നു ജനത്തിന്റെയും രാജാവിന്റെയും ധാരണ! പക്ഷെ ഇതെല്ലാം അല്ലാഹു നൽകുന്ന സിദ്ധികളാണെന്നും (അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക്ക്‌ ധാരാളം അസാധാരണമായ കൈകാര്യത്തിനു അംഗീകാരം നൽകുമെന്നത്‌ അവൻ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌) ആ അല്ലാഹുവിനെ വിശ്വസിക്കാൻ നിങ്ങൾ തയാറാവണമെന്നും കുട്ടി തുറന്നടിച്ചു. ഏറ്റവും വലിയ ദൈവം ചമഞ്ഞു നടന്നിരുന്ന രാജാവിനു ഇതു സഹിക്കാനായില്ല അയാൾ നിനക്കു ഞാനല്ലാത്ത ദൈവമുണ്ടോ എന്ന് ആക്രോഷിച്ച്‌ കൊണ്ട്‌ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി അവസാനം തന്റെ ഗുരുവായ പുരോഹിതനാണ്‌ എനിക്കിതൊക്കെ പറഞ്ഞു തന്നതെന്നു കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പുരോഹിതനെ വിളിച്ചു വരുത്തി മതത്തിൽ നിന്ന് രാജിവെക്കാൻ രാജാവ്‌ നിർബന്ധിച്ചെങ്കിലും സത്യം കയ്യൊഴിക്കാൻ തയാറല്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും വാൾ ശരീരത്തിൽ വെച്ച്‌ അദ്ദേഹത്തെ രണ്ട്‌ ഭാഗമായി പൊളിച്ച്‌ കളഞ്ഞു .അങ്ങനെ കുട്ടിയോടും സത്യമതം വിടാൻ നിർബന്ധിച്ചെങ്കിലും ഗുരുവിന്റെ വഴി തിരഞ്ഞെടുക്കാൻ കുട്ടി തീരുമാനിച്ചു.അപ്പോൾ ഒരു മലമുകളിൽ കൊണ്ട്പോയി വിശ്വാസം കൈവിടാത്ത പക്ഷം താഴേക്ക്‌ ഉരുട്ടിക്കൊല്ലാൻ രാജാവ്‌ ഉത്തരവിടുകയും മലമുകളിൽ വെച്ച്‌ കുട്ടിയുടെ പ്രാർത്ഥനാഫലമായി കുട്ടി രക്ഷപ്പെടുകയും രാജാവിന്റെ അടുത്ത്‌ തിരിച്ചെത്തുകയും ചെയ്തു. കൂടുതൽ കോപാകുലനായ രാജാവ്‌ കപ്പലിൽ കയറ്റി സമുദ്രത്തിലെറിയാൻ ഏർപ്പാടാക്കി. അവിടെയും തന്റെ പ്രാർത്ഥന ഫലിക്കുകയും രാജാവിന്റെ ശ്രമം തകരുകയും ചെയ്തു. അവസാനം കുട്ടി പറഞ്ഞു. രാജാവേ, നിങ്ങൾക്കെന്നെ കൊല്ലണമെങ്കിൽ ഞാൻ പറയുന്ന മാർഗം സ്വീകരിക്കണം. എന്താണത്‌ എന്ന് രാജാവ്‌ ചോദിക്കുകയും എന്റെ അമ്പ്‌ കൊണ്ട്‌ ജനമദ്ധ്യത്തിൽ വെച്ച്‌ എന്റെ നാഥന്റെ നാമത്തിൽ എന്നെ അമ്പെയ്യണം എന്നാലേ നിങ്ങൾക്ക്‌ എന്നെ കൊല്ലാൻ കഴിയുകയുള്ളൂ എന്ന് കുട്ടി പറയുകയും അതിന്റെ അപകടം മനസിലാക്കാൻ കഴിയാതിരുന്ന രാജാവ്‌ ജനസമക്ഷത്തിൽ ഈ കുട്ടിയുടെ നാഥന്റെ നാമത്തിൽ,  بسم الله رب الغلام  എന്ന് പറഞ്ഞുകൊണ്ട്‌ അമ്പെയ്യുകയും കുട്ടിയുടെ നെറ്റിയിൽ തറച്ച അമ്പിന്റെ കാരണത്താൽ കുട്ടി മരിക്കുകയും ചെയ്തു. പക്ഷെ നാളിതുവരെ ഞാനാണ്‌ നിങ്ങളുടെ നാഥൻ എന്ന് വീമ്പിളക്കിയിരുന്ന രാജാവ്‌ തന്നെ മറ്റൊരു റബ്ബിന്റെ നാമാത്തിൽ അമ്പെയ്യുക വഴി യഥാർത്ഥ റബ്ബിനെ പ്രഖ്യാപിച്ചപ്പോൾ ഇത്‌ കേട്ട ജനക്കൂട്ടം ഒന്നാകെ വിളിച്ച്‌ പറഞ്ഞു. ഈ കുട്ടിയുടെ നാഥനെ ഞങ്ങളും വിശ്വസിക്കുന്നു എന്ന്!  കൂടുതൽ സമ്മർദ്ദത്തിലായ രാജാവും കിങ്കരന്മാരും കവലകളിൽ കുഴി കുത്തി വിറക്‌ നിറച്ച്‌ തീ കത്തിക്കുകയും ജനത്തെ അതിന്റെ അടുത്ത്‌ കൊണ്ട്‌ വന്ന് വിശ്വാസം കയ്യൊഴിക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചാൽ ആ തീയിലിട്ട്‌ കരിക്കുകയും ചെയ്തു കൊണ്ടിരുന്നു. പക്ഷെ വിശ്വാസികൾ സാവേശം തീയിൽ ചാടുകയല്ലാതെ രാജാവിന്റെ തിട്ടൂരത്തിനു ചെവികൊടുത്തില്ല. അവസാനം ഒരു സ്ത്രീ തന്റെ കൈക്കുഞ്ഞുമായി തീയിൽ ചാടാൻ വരികയും കുഞ്ഞിനോടുള്ള മാതൃ സ്നേഹം ഒരു നിമിഷം തന്നെ പുറകോട്ട്‌ പിടിച്ച്‌ വലിക്കുകയും ചെയ്തപ്പോൾ സംസാരിക്കാൻ പ്രായമാവാത്ത ആ കുഞ്ഞ്‌ തന്റെ ഉമ്മാക്ക്‌ ധൈര്യം പകർന്നു കൊണ്ട്‌ എന്റെ പ്രിയപ്പെട്ട ഉമ്മാ!ക്ഷമിക്കുക.നിശ്ചയം നിങ്ങൾ സത്യത്തിലാണ്‌ എന്ന് പറയുകയും ആ ഉമ്മ തീയിൽ വെന്തു മരിക്കുകയും ചെയ്തു. ഈ സംഭവത്തിൽ നിന്ന് സത്യത്തെ പുൽകിയവർക്ക്‌ പരീക്ഷണങ്ങൾ പൂമാലയായിരിക്കുമെന്നും അവർ അക്ഷമരാവുകയോ സത്യത്തിൽ നിന്ന് വ്യതിചലിക്കുകയോ ചെയ്യുകയില്ലെന്നും മനസിലാക്കാം. ഇതാണ്‌ വിറകിട്ട്‌ കത്തിക്കുന്ന കിടങ്ങിന്റെ ആളുകൾ എന്ന് പറഞ്ഞത്‌.

തീയിലിട്ട്‌ വിശ്വാസികളെ കത്തിച്ച സംഭവങ്ങൾ എത്ര തവണയുണ്ടായിട്ടുണ്ടെന്നതിൽ ഏകാഭിപ്രായമില്ല.ശാമിലും പേർഷ്യയിലും യമനിൽ പെട്ട നജ്‌റാനിലും ഇപ്രകാരം നടന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

8وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ
പ്രതാപശാലിയായ സ്തുത്യർഹനായ അല്ലാഹുവിൽ അവർ(ആ സത്യവിശ്വാസികൾ) വിശ്വസിക്കുന്നുവെന്നല്ലാതെ അവരെ വെറുപ്പിക്കുന്ന ഒന്നും തന്നെ ഇവർ ചെയ്തിട്ടില്ലതാനും

9الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَاللَّهُ عَلَى كُلِّ شَيْءٍ شَهِيدٌ

അതായത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം വഹിക്കുന്ന അല്ലാഹുവിൽ (വിശ്വസിക്കുന്നത്‌ ഒഴികെ അവരെ വെറുപ്പിക്കുന്ന ഒന്നും ഇവർ ചെയ്തിട്ടില്ല)അല്ലാഹുവാകട്ടെ എല്ലാകാര്യത്തിനും ദൃക് സാക്ഷിയാവുന്നു.

ഏറ്റവും സത്യമായ ഏകദൈവ വിശ്വാസം (അല്ലാഹു മാത്രമാണ്‌ യഥാർത്ഥ ആരാധ്യൻ എന്ന സത്യം) സ്വീകരിച്ചു എന്നതല്ലാതെ ഒരു കുറ്റവും ആ വിശ്വാസികൾ ചെയ്തിട്ടില്ല .അതാണെങ്കിലോ ബുദ്ധിയുള്ളവരൊക്കെ ചെയ്യേണ്ടകാര്യവുമാണ്‌.കാരണം അവനാണ്‌ ആകാശ ഭൂമികളുടെ അധികാരവും നിയന്ത്രണവും! അവൻ എല്ലാം നിരീക്ഷിച്ച്കൊണ്ടിരിക്കുകയുമാണ്‌. ആരാണ്‌ ശരി ഏതാണ്‌ തെറ്റ്‌ എന്നൊക്കെ അവനു നല്ലപോലെ അറിയാം അതിനാൽ അക്രമികളെ അവൻ ശപിക്കുക തന്നെ ചെയ്യും അവർക്ക്‌ അവൻ അർഹമായ ശിക്ഷ തന്നെ നൽകും എന്നൊക്കെയാണിവിടത്തെ പരാമർശം

10.
إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ

നിശ്ചയം! സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും (മർദ്ദിച്ച്‌)കുഴപ്പത്തിലാക്കുകയും പിന്നീട്‌ പാശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവർ അവർക്ക്‌ നരക ശിക്ഷയുണ്ട്‌ അവർക്ക്‌ ചുട്ടുകരിക്കുന്ന ശിക്ഷയുമുണ്ട്‌

11.إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ذَلِكَ الْفَوْزُ الْكَبِيرُ

നിശ്ചയം! വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ-അവർക്ക്‌ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളുണ്ട്‌.അതത്രെ വലിയ വിജയം!

12.إِنَّ بَطْشَ رَبِّكَ لَشَدِيدٌ

നിശ്ചയം തങ്ങളുടെ നാഥന്റെ പിടുത്തം(ശിക്ഷിക്കൽ)കഠിനാമായത്‌ തന്നെയാണ്‌.


13.إِنَّهُ هُوَ يُبْدِئُ وَيُعِيدُ

നിശ്ചയം അവൻ തന്നെയാണ്‌ ആദ്യമായി ഉണ്ടാക്കു(സൃഷ്ടിക്കു)ന്നതും (വീണ്ടും) ആവർത്തിച്ചുണ്ടാക്കുന്നതും.

14.وَهُوَ الْغَفُورُ الْوَدُودُ 

അവൻ വളരെ പൊറുക്കുന്നവനും വളരെ സ്നേഹമുള്ളവനുമാകുന്നു.

15. ذُو الْعَرْشِ الْمَجِيدُ

അവൻ അർശി(സിംഹാസനം)ന്റെ നാഥനും മഹത്വമേറിയവനുമാകുന്നു.

16.فَعَّالٌ لِّمَا يُرِيدُ

താൻ ഉദ്ദേശിക്കുന്നതെന്തോ അത്‌ (ശരിക്കും) പ്രവർത്തിക്കുന്നവനുമാകുന്നു.

സത്യവിശ്വാസികളെ ഭൂമിയിൽ വെച്ച്‌ ഉപദ്രവിച്ചവർക്ക്‌ അല്ലാഹു നല്ല ശിക്ഷ തന്നെ പരലോകത്ത്‌ നൽകുമെന്നും എന്നാൽ ഏത്‌ പ്രതികൂല സാഹചര്യമുണ്ടായാലും ഏറ്റവും മഹാനായ സിംഹാസനത്തിന്റെ ഉടമസ്ഥനായ നന്നായി രക്ഷിക്കാനും ശക്തമായി ശിക്ഷിക്കാനും കഴിവുള്ള അല്ലാഹുവിനെ വിശ്വസിച്ചും അവന്റെ ഇഷ്ടം കരസ്ഥമാക്കാൻ സൽക്കർമ്മങ്ങൾ അനുഷ്ടിച്ചും ജീവിച്ചവർക്ക്‌ യാതൊരു വിധത്തിലുള്ള പ്രയാസങ്ങളുമില്ലാത്ത സുഖ സൗകര്യങ്ങൾകൊണ്ട്‌ സമ്പന്നമായ സ്വർഗത്തിലായിരിക്കും അല്ലാഹു താമസമൊരുക്കുക. എന്നാൽ തെറ്റുകൾ ചെയ്തവർ തന്നെ അത്‌ തിരുത്താൻ തയാറായാൽ അല്ലാഹു വളരെ പൊറുക്കുന്നവനും അടിമകളോട്‌ വളരെ തൽപരനുമാണെന്നും അല്ലാഹു ഉണർത്തുന്നു.തെറ്റുകളിൽ മുഴുകുന്നവർക്ക്‌ നന്മയിലേക്കുള്ള ഒരു ഉണർത്തു പാട്ടായി ഈ വാക്യം കാണാവുന്നതും അപരാധങ്ങൾ ഒഴിവാക്കി നല്ലവരാവാൻ സഹായകവുമാണീ വാക്യം. അല്ലാഹുവാണ്‌ ആദ്യമായി നമ്മെ സൃഷ്ടിച്ചതെന്നും ഒരിക്കൽ കൂടി പുനർജ്ജനിപ്പിക്കുമെന്നും അത്‌ ഭൂമിയിലെ അദ്ധ്വാനത്തിനു കൂലി തരാനാണെന്നും അവൻ വിചാരിച്ചത്‌ ചെയ്യാൻ കഴിവുള്ളവനാണെന്നും ഇവിടെ പ്രസ്ഥാവിച്ചിരിക്കുകയാണ്‌

17.هَلْ أَتَاكَ حَدِيثُ الْجُنُودِ

നബിയേ!ആ സൈന്യങ്ങളുടെ വാർത്ത തങ്ങൾക്കു വന്നെത്തിയോ?

18.فِرْعَوْنَ وَثَمُودَ

അതായത്‌ ഫറോവയുടെയും ഥമൂദിന്റെയും(വാർത്ത).


അല്ലാഹിവിന്റെ ശിക്ഷ കഠിനമായിരിക്കുമെന്ന് പന്ത്രണ്ടാമത് സൂക്തം അറിയിച്ചിരുന്നുവല്ലോ! 17, 18 വാക്യങ്ങളിലൂടെ മക്കക്കാരേക്കാൾ എത്രയോ പ്രബലായിരുന്ന രണ്ട്‌ വിഭാഗത്തെ അല്ലാഹു ശിക്ഷിച്ചത്‌ ഓർമ്മപ്പെടുത്തുകയാണ്‌. ശക്തനായിരുന്ന ഫറോവയെ മുക്കിക്കൊന്നതും ഥമൂദ്‌ ഗോത്രക്കാരെ നശിപ്പിച്ചതും മക്കക്കാർക്കും അറിയാമായിരുന്ന ചരിത്രമാണ്‌ ആ ചരിത്രത്തിലേക്ക്‌ ശ്രദ്ധതിരിക്കുക വഴി നബി()ക്കും അനുയായികൾക്കും സമാധാനം നൽകാനും മക്കക്കാർക്ക്‌ ഒരു പാഠമായിരിക്കുവാനുമാണ്‌ അല്ലാഹു അത്‌ ഉണർത്തുന്നത്‌.

19.بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ

പക്ഷെ (ഈ) സത്യ നിഷേധികൾ (നബിയെയും ഖുർആനിനെയുമൊക്കെ) വ്യാജമാക്കുന്നതിലാണ്‌ ഏർപ്പെട്ടിട്ടുള്ളത്‌.

20.وَاللَّهُ مِن وَرَائِهِم مُّحِيطٌ

അല്ലാഹുവാകട്ടെ അവരുടെപിന്നിൽ കൂടി അവരെ വലയം ചെയ്തവനാകുന്നു.
21.بَلْ هُوَ قُرْآنٌ مَّجِيدٌ

പക്ഷെ ഇത്‌ മഹത്വമേറിയ ഖുർആനാകുന്നു.

22.فِي لَوْحٍ مَّحْفُوظٍ

സുരക്ഷിതമായ ഒരു ഫലകത്തിലാണിത്‌ സ്ഥിതി ചെയ്യുന്നത്‌.

അക്രമത്തിലും ധിക്കാരത്തിലും മുൻപന്തിയിൽ നിന്നിരുന്ന അതി കേമന്മാരായിരുന്ന ഫറോവ, ഥമൂദ്‌ വർഗം പോലെയുള്ളവരുടെയെല്ലാം അവസാനം എങ്ങനെയായിരുന്നുവെന്ന് മനസിലാക്കിയിട്ടും ഈ ധിക്കാരികൾ അതിൽ നിന്നൊന്നും പാഠമുൾക്കൊള്ളാതെ സത്യനിഷേധം തൊഴിലാക്കി നടക്കുകയാണ്‌ എന്നാൽ ഇതെല്ലാം അല്ലാഹു സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അവർ ഖുർആനിനെതിരെ നടത്തുന്ന ഒരു ദുഷ്പ്രചരണത്തിനും അതിനെ തമസ്ക്കരിക്കാൻ കഴിയില്ലെന്നും അതിലെ വചനങ്ങളും ആശയങ്ങളും അത്‌ മുന്നോട്ട്‌ വെക്കുന്ന ആദർശങ്ങളും അതി മഹത്തരമാണെന്നും ആരുടെ കൈകടത്തലിനും സാധിക്കാത്തവിധം സുരക്ഷിതമാണതെന്നും അത്‌ സുരക്ഷിതഫലകത്തിൽ ഭദ്രമാണെന്നും അല്ലാഹു ഉണർത്തുന്നു ലൗഹുൽ മഹ്‌ഫൂള്‌ എന്നാൽ അല്ലാഹുവിങ്കൽ സൂക്ഷിക്കപ്പെട്ട ജ്ഞാന രേഖയാണത്‌ എല്ലാം രേഖപ്പെടുത്തപ്പെട്ട മൂലഗ്രന്ഥമാണത്‌ അതിൽ മാറ്റം വരുത്താനും സ്ഥിരപ്പെടുത്താനുമൊക്കെയുള്ള അധികാരം അല്ലാഹുവിനു മാത്രമത്രെ! 

അല്ലാഹു ഉദ്ദേശിക്കുന്നത്‌ അവൻ മായ്ച്ച്‌ കളയുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു മൂലഗ്രന്ഥം അവങ്കലാണു താനും(സൂറ:റഅ്ദ്‌ 39)

നബി() وَالسَّمَاء ذَاتِ الْبُرُوجِ എന്ന സൂറത്തും وَالسَّمَاء وَالطَّارِقِ എന്ന സൂറത്തും ഇശാ നിസ്ക്കാരത്തിൽ ഓതാറുണ്ടായിരുന്നുവെന്ന് ഇമാം അഹ്‌മദ്‌(رحمة الله عليه) അബൂ ഹുറൈറ(رضي الله عنه) വിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്‌ കാര്യങ്ങൾ ശരിയായി ഉൾക്കൊണ്ട്‌ ഇരുലോക വിജയം വരിക്കാൻ അല്ലാഹു നമ്മെയെല്ലാം അനുഹ്രഹിക്കട്ടെ ആമീൻ തുടരും (ഇൻശാ അല്ലാഹ്‌)


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ   

4 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 85 അൽ ബുറൂജ്
22 സൂക്തങ്ങൾ
വിവരണം വായിക്കുക

നേരിന്റെ കൂടെ said...

ചിന്തിക്കാനും പകർത്താനും സഹായകം!
അണിയറ ശിൽ‌പ്പികൾക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ
ആശംസകൾ

വഴികാട്ടി / pathfinder said...

വായനക്കാർക്കും അഭിപ്രാ‍യം ബ്ലോഗിലും മെയിൽ വഴിയും അറിയിക്കുന്നവർക്കും വളരെ നന്ദി

പുതിയ പോസ്റ്റ് അദ്ധ്യായം 86 ഥാരിഖ് 17 സൂക്തങ്ങളുടെ വിവരണം ഇവിടെ വായിക്കുക

വഴികാട്ടി / pathfinder said...

edited and updated .pdf file also added