Tuesday, June 9, 2009

അദ്ധ്യായം-86- സൂറ: ഥാരിഖ് : سورة الطارق

അദ്ധ്യായം 86 സൂറ: ഥാരിഖ്    | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  17

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1.وَالسَّمَاء وَالطَّارِقِ

ആകാശവും ഥാരിഖും തന്നെയാണ്‌ സത്യം
2.وَمَا أَدْرَاكَ مَا الطَّارِقُ

ഥാരിഖെന്നാൽ എന്താണെന്ന് തങ്ങൾക്ക്‌ അറിവ്‌ നൽകിയതെന്താണ്‌

3.النَّجْمُ الثَّاقِبُ 

(അത്‌) തുളച്ച്‌ ചെല്ലുന്ന ഒരു നക്ഷത്രമാകുന്നു

إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ

ഓരോ മനുഷ്യനും അവന്റെ മേൽ ഒരു സൂക്ഷിപ്പുകാരൻ ഇല്ലാത്തതായിട്ടില്ല.


ആകാശം സൂര്യൻ ചന്ദ്രൻ,നക്ഷത്രം എന്നിവയൊക്കെ ഉപയോഗിച്ച്‌ കൊണ്ട്‌ പലസ്ഥലത്തും ഖുർആൻ സത്യം ചെയ്തിട്ടുണ്ട്‌. ഇവിടെ ആകാശത്തെയും നക്ഷത്രത്തെയും കൊണ്ടാണ്‌ അല്ലാഹു സത്യം ചെയ്യുന്നത്‌ നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്‌ രാത്രിയിലായത്‌ കൊണ്ടാണ്‌ രാത്രി കടന്നുവരുന്നത്‌ എന്നു അർത്ഥമുള്ള ഥാരിഖ്‌ എന്നും പ്രകാശിക്കുന്ന ശോഭയോടെയായതിനാൽ അതിനെ ثاقب എന്നും വിശേഷിപ്പിച്ചിരിക്കുന്നത്‌. ഇവിടെ നക്ഷത്രം എന്ന് ഏകവചനമായാണ്‌ പറഞ്ഞതെങ്കിലും പൊതുവിൽ എല്ലാ നക്ഷത്രങ്ങളുമാണ്‌ ഉദ്ദേശം എന്നും കാർത്തിക നക്ഷത്രമാണെന്നും മറ്റും അഭിപ്രായമുണ്ട്‌ മനുഷ്യന്റെ കർമ്മങ്ങളെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പാറാവുകാരൻ ഉണ്ടെന്നും അതിൽ നിന്ന് ആരും ഒഴിവല്ലെന്നുമാണ്‌ അല്ലാഹു സത്യം ചെയ്ത്‌ കൊണ്ട്‌ പറയുന്നത്‌  ഇവിടെ പറഞ്ഞ (حافظ) എന്നാൽ മനുഷ്യന്റെ കർമ്മങ്ങളെല്ലാം വീക്ഷിക്കുകയും എല്ലാം എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്ന മലക്കുകളാണ്‌ ഉദ്ദേശ്യം എന്നും അഭിപ്രായമുണ്ട്  (ഇൻഫിത്വാർ 10 وَإِنَّ عَلَيْكُمْ لَحَافِظِينَ പറഞ്ഞപോലെ. )

മനുഷ്യന്റെ മുമ്പിലൂടെയും പുറകിലൂടെയും അവനെ കാത്തു സൂക്ഷിച്ചുകൊണ്ടിരിക്കുന്ന മലക്കുകളാണ്‌ ഇവിടെ ഉദ്ദേശ്യം എന്നും അഭിപ്രായമുണ്ട് (സൂറ:റഅ്ദ്‌ 11 പറഞ്ഞപോലെ..
لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللّهِ (മനുഷ്യന്ന് അവന്റെ മുന്നിലൂടെയും പുറകിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അള്ളാ‍ഹുവിന്റെ കല്പന പ്രകാരം അവനെ കാത്തു സൂക്ഷിച്ചു കൊണ്ടിരിക്കുന്നന്ന (മലക്കുകൾ) ഉണ്ട് )

അല്ലാഹു തന്നെയാണ്‌ ഉദ്ദേശ്യം എന്നും (    فالله خير حافظا     അള്ളാഹു തന്നെ നല്ല പാറാവുകരൻ) അഭിപ്രായമുണ്ട്‌ .ഏതായാലും തന്റെ പവർത്തനങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നു എന്ന ബോധം ഉള്ളവനായി ജീവിക്കാൻ മനുഷ്യൻ ശ്രദ്ധിച്ചേ പറ്റൂ.

5.فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ

എന്നാൽ മനുഷ്യൻ എന്തിൽ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അവൻ ചിന്തിച്ച്‌ നോക്കട്ടെ

ഉപരിലോകത്തെക്കുറിച്ചും തന്നെ നിരീക്ഷിക്കുന്ന ശക്തിയെക്കുറിച്ചും സൂചിപ്പിച്ച ശേഷം മനുഷ്യൻ സ്വന്തം അസ്തിത്വത്തെക്കുറിച്ച്‌ ചിന്തിക്കാൻ ഉൽബോധിപ്പിക്കുകയാണ്‌. എങ്ങനെയാണ്‌ അവൻ സൃഷ്ടിക്കപ്പെട്ടത്‌? കോടിക്കണക്കിൽ പുരുഷബീജങ്ങളിൽനിന്ന് ഒന്നിനെയും സ്ത്രീയുടെ അനേകം അണ്ഡങ്ങളിലൊന്നിനെയും സംയോജിപ്പിച്ച്‌ ഒരു മനുഷ്യ സൃഷ്ടി സാദ്ധ്യമാക്കിയിരിക്കുകയാണ്‌ ജനിക്കുന്നത്‌ വരെ അതിന്റെ ഓരോഘട്ടങ്ങളും സങ്കീർണ്ണമായ സാഹചര്യങ്ങളും തരണം ചെയ്ത്‌ തനിക്ക്‌ ജനിക്കാൻ അവസരം നൽകിയ അല്ലാഹുവിനെ മറക്കാൻ മനുഷ്യനെങ്ങനെ കഴിയുന്നു!


6.خُلِقَ مِن مَّاء دَافِقٍ 

തെറിച്ച്‌ വരുന്ന ഒരു വെള്ളത്തിൽ നിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.


7.يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ

അത്‌ മുതുകെല്ലിന്റെയും നെഞ്ചെല്ലിന്റെയും ഇടയിൽ നിന്ന് പുറപ്പെടുന്നു.

സ്ത്രീ പുരുഷന്മാരുടെ പ്രജന ധാതു മനുഷ്യന്റെ നട്ടെല്ലിനും വാരിയെല്ലിനുമിടക്കുള്ള ശരീരഭാഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നതായത്‌ കൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞത്‌ ഈ ധാതു കൈകാലുകൾ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട്‌ തന്നെ പ്രജനധാതു മനുഷ്യന്റെ പൂർണ്ണശരീരത്തിൽ നിന്നാണുത്ഭവിക്കുന്നതെന്ന് പറയാവതല്ല. ശരീരത്തിന്റെ മുഖ്യാവയവങ്ങൾ അവന്റെ ഉത്ഭവകേന്ദ്രമാണ്‌ അത്‌ എല്ലാശരീരത്തിലുമുണ്ട്‌ താനും.

8.إِنَّهُ عَلَى رَجْعِهِ لَقَادِرٌ 

നിശ്ചയം അവൻ(അല്ലാഹു) അവനെ(മനുഷ്യനെ) മടക്കി സൃഷ്ടിക്കുന്നതിനു കഴിവുള്ളവൻ തന്നെയാണ്‌.

മാതാപിതാക്കളിൽനിന്ന് തെറിച്ച്‌ വീഴുന്ന നിസ്സാരമായ ഇന്ദ്രിയത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു അവനെ രണ്ടാമതൊന്നു പടക്കാൻ ശക്തനാണോ എന്ന സംശയം പോലും ബുദ്ധിയുള്ളവരിൽ നിന്നുണ്ടായിക്കൂടാ. കാരണം ആദ്യം സൃഷ്ടിക്കുന്ന അത്രയും സങ്കീണ്ണമായിരിക്കില്ല പുന: സൃഷ്ടി എന്നത്‌ വ്യക്തമല്ലേ?

9يَوْمَ تُبْلَى السَّرَائِرُ

രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസം(ആണ്‌ മനുഷ്യൻ പുനർജ്ജനിപ്പിക്കപ്പെടുക)

10.فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ

അപ്പോൾ അവന്നൊരു ശക്തിയോ സഹായിയോ ഉണ്ടായിരിക്കയില്ല.

രഹസ്യങ്ങൾ പരിശോധിക്കപ്പെടുകയെന്നാൽ സ്വകാര്യജീവിതത്തിൽ അവൻ നടത്തിയ എല്ലാ കാര്യങ്ങളും വികാര,വിചാര,വിശ്വാസ,ഉദ്ദേശ്യ ലക്ഷ്യങ്ങളെല്ലാം തന്നെ പരിശോധനക്ക് വിധേയമാക്കപ്പെടും എന്നു തന്നെയാണ്‌ .അതായത്‌ ഭൗതിക ജീവിതത്തിൽ അവൻ ചെയ്ത ഒരു കാര്യം പരസ്യമായി കുഴപ്പമില്ലാത്തത്‌ ആയി ഗണിക്കാമായിരുന്നുവെങ്കിലും അത്‌ ഒരു വലിയ വിപത്തിനു തിരി കൊളുത്തിയിരുന്നുവെങ്കിൽ അതിന്റെ അവസാനം വരെ നടക്കുന്ന എല്ലാ കുഴപ്പങ്ങളുടെയും ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് ഈ ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചവനു ഒഴിഞ്ഞു നിൽക്കാനാവില്ല. ഭൂമിയിൽ ഒരു പക്ഷെ ന്യായങ്ങൾ പറഞ്ഞ്‌ അവൻ രക്ഷപ്പെട്ടിരിക്കാം എന്നാലും താൻ കുത്തിയിട്ട വിഷവിത്തിന്റെ വിളവെടുപ്പ്‌ എത്രകാലം ആരൊക്കെ ഏതൊക്കെ നിലയിൽ നടത്തിയോ അതിന്റെയൊക്കെ ശിക്ഷയിൽ ഒരു അംശം ഇവനെ തേടി എത്താതിരിക്കില്ല.അത്‌ കൊണ്ടാണല്ലോ ഭൂമിയിൽ ആദ്യമായി കൊല നടത്തിയ ഖാബീൽ എന്ന കൊലയാളിക്ക്‌ ഭൂമിയിൽ നടക്കുന്ന ഓരോകൊലയുടെയും ഒരു ശിക്ഷാവിഹിതം ഉണ്ടാവുമെന്ന് ഇസ്‌ലാം അറിയിച്ചത്‌.

ആലോചിക്കുക നമ്മുടെ പ്രവർത്തനങ്ങൾ ചർവ്വിത ചർവ്വണം ചെയ്യപ്പെടുന്ന പരലോകത്ത്‌ ഒരു മുട്ടാപോക്ക്‌ ന്യായത്തിനും നമ്മെ രക്ഷിക്കാനാവില്ല.അതിനാൽ സ്വകാര്യ ജീവിതം വിശുദ്ധമാക്കാനും സാമൂഹ്യ ജീവിതം കുറ്റമറ്റതാക്കാനും നാം സജീവ ശ്രദ്ധാലുക്കളായിരിക്കണം. പരലോകത്ത്‌ നിന്നെ സന്തോഷിപ്പിക്കുന്നതല്ലാത്തതൊന്നും  ചെയ്യാനും പറയാനും മുതിരരുതെന്ന് ഉപദേശിച്ച മഹത്തുക്കൾ എന്തു മാത്രം അഭിനന്ദനമർഹിക്കുന്നു ഈ വിചാരണ നാളിൽ അനധികൃതമായി നിന്നെ സഹായിക്കാൻ ഒരു ശക്തിക്കുമാകില്ലെന്ന് അല്ലാഹു താക്കീത്‌ ചെയ്യുന്നത്‌ കൂടി ശ്രദ്ധിക്കുക.അല്ലാഹു നമ്മെ നന്നാക്കട്ടെ ആമീൻ

 11. وَالسَّمَاء ذَاتِ الرَّجْعِ

ആവർത്തി(ച്ച്‌ മഴ ചൊരി)ക്കുന്ന ആകാശം തന്നെയാണ്‌ സത്യം

മടക്കം അഥവാ ആവർത്തനം എന്നാണ്‌ رجع എന്ന അറബി പദത്തിന്റെ അർത്ഥം ആലങ്കാരികമായാണ്‌ അത്‌ മഴക്ക്‌ വേണ്ടി പ്രയോഗിക്കുന്നത്‌. കാരണം മഴ ആവർത്തിച്ച്‌ പെയ്തുകൊണ്ടിരിക്കുന്നുണ്ടല്ലോ. ഭൂമിയിലെ സമുദ്രത്തിൽ നിന്ന് ആവിയായി ഉയർന്ന് പോയ വെള്ളം പിന്നീട്‌ തിരിച്ച്‌ വന്ന് മഴയായി ഭൂമിയിൽ തന്നെ വർഷിക്കുന്നു.അപ്പോൾ മടങ്ങിവരിക എന്നത്‌ മഴയുടെ വിഷയത്തിൽ സത്യമാകുന്നുണ്ടല്ലോ!

12.وَالْأَرْضِ ذَاتِ الصَّدْعِ

(സസ്യലതാദികൾ മുളച്ചു) പിളരുന്ന ഭൂമിയും തന്നെയാണ്‌ സത്യം.

മഴപെയ്തു ഭൂമി സസ്യങ്ങളെ മുളപ്പിക്കുന്ന അവസ്ഥയെയാണിവിടെ വിശദീകരിച്ചിരിക്കുന്നത്‌ വരണ്ടുണങ്ങിക്കിടന്നിരുന്ന ഭൂമിക്ക്‌ മഴലഭിക്കുമ്പോൾ അതിലുണ്ടാവുന്ന സജീവത മനുഷ്യന്ന് അവന്റെ സൃഷ്ടിപ്പിനെക്കുറിച്ചും പുനർജ്ജന്മത്തിന്റെ സാദ്ധ്യതകളെക്കുറിച്ചുമൊക്കെ ബോധം നൽകേണ്ടതാണ്‌.

13.إِنَّهُ لَقَوْلٌ فَصْلٌ

നിശ്ചയം ഇത്‌ (ഖണ്ഡിതമായ) ഒരു വാക്കു തന്നെയാണ്‌.
14.وَمَا هُوَ بِالْهَزْلِ

ഇത്‌ തമാശയല്ല.

ഈ പുനർജ്ജന്മവും വിചാരണയുമൊന്നും അല്ലാഹു തമാശക്ക്‌ പറഞ്ഞതല്ലെന്നും അത്‌ യുക്തിയുക്തവും നീക്കുപോക്കില്ലാത്തവിധം ഖണ്ഡിതവും ആണെന്നാണ്‌ അല്ലാഹു ആണയിട്ട്‌ പറയുന്നത്‌ .

15.إِنَّهُمْ يَكِيدُونَ كَيْدًا

നിശ്ചയം അവർ (അവിശ്വാസികൾ) ഒരു വമ്പിച്ച തന്ത്രം പ്രയോഗിക്കുന്നു.

16
.وَأَكِيدُ كَيْدًا 

(അവരുടെ തന്ത്രങ്ങൾക്ക്‌) ഞാൻ തക്കപ്രതിഫലം നൽകുന്നതാണ്‌.

17.فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا

ആകയാൽ (നബിയേ) സത്യനിഷേധികൾക്ക്‌ തങ്ങൾ (കാല) താമസം നൽകുക. അവർക്ക്‌ തങ്ങൾ അൽപ കാലം താമസം ചെയ്തു കൊടുക്കുക

സത്യ പ്രബോധനത്തെയും നബി() തങ്ങളെത്തന്നെയും ഇല്ലായ്മ ചെയ്യാനായി ധാരാളം കുതന്ത്രങ്ങൾ ശത്രുക്കൾ നടത്തുന്നുണ്ടെന്നും എന്നാൽ അവരുടെ കുതന്ത്രങ്ങൾ തകർക്കാനും ഈ സത്യം ലോകത്ത്‌ പറിച്ചെറിയപ്പെടാൻ സാധിക്കാത്ത വിധം സ്ഥിരപ്പെടുത്താനും വേണ്ടതെല്ലാം ഞാൻ ചെയ്യുമെന്നും അതിനാൽ അവരുടെ വിഷയത്തിൽ അൽപം കൂടി ക്ഷമിച്ചിരിക്കണമെന്നും അവരെ ഞാൻ പിടികൂടുമെന്നും പറഞ്ഞ്കൊണ്ട്‌ നബി() യെ ആശ്വസിപ്പിക്കുകയാണിവിടെ. ഇത്‌ നടപ്പാവുകയും തകർക്കാൻ ശ്രമിച്ചവർ തന്നെ നിർമ്മാണത്തിൽ പങ്കാളികളായ അത്ഭുതം ലോകം കാണുകയും ഒന്നേകാൽ ലക്ഷം അനുയായികളുടെ സാന്നിദ്ധ്യത്തിൽ ഈ മതത്തിന്റെ പൂർത്തീകരണ സന്ദേശം ലോകത്തിനു നൽകാൻ നബി()ക്ക്‌ അല്ലാഹു അവസരം നൽകുകയും ചെയ്തത് പ്രസിദ്ധമാണല്ലോ

ഈ സത്യപാതയിൽ അടിയുറച്ച്‌ നിൽക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

4 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 86 ഥാരിഖ്
മക്കയിൽ അവതരിച്ചു
സൂക്തങ്ങൾ 17

കാസിം തങ്ങള്‍ said...

വിശുദ്ധ ഖുര്‍‌ആനിന്റെ ശരിയായ ആശയങ്ങള്‍ പ്രകാശിതമാക്കാനുള്ള ഈ പരിശ്രമങ്ങള്‍ക്ക് നാഥന്‍ അര്‍ഹാമായ പ്രതിഫലം നല്‍കട്ടെ ആമീന്‍.

വഴികാട്ടി / pathfinder said...

കാസിം തങ്ങൾ,
മറ്റ് എല്ലാ വായനക്കാർക്കും പിന്തുടരുന്നവർക്കും നന്ദി

പുതിയ പോസ്റ്റ് ,അദ്ധ്യായം 87 ന്റെ വിവരണം ഇവിടെ വായിക്കാം

വഴികാട്ടി / pathfinder said...

edited and updated .pdf file also added