Friday, September 25, 2009

അദ്ധ്യായം 95 ;സൂറ:അത്തീൻ

അദ്ധ്യായം 95  സൂറത്തുത്തീൻ    | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  8

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1وَالتِّينِ وَالزَّيْتُونِ

അത്തിയെയും ഒലീവിനെയും തന്നെ (സത്യം)

അത്തിവൃക്ഷം നമ്മുടെ നാട്ടിലും കാണാമെങ്കിലും അറേബ്യയിലെ വിശേഷിച്ചും ഫലസ്തീൻ നാടുകളിലെ അത്തിക്കു പല സവിശേഷതകളുമുണ്ട്‌. പഴത്തിന്റെ വലിപ്പം, ആകൃതി, സ്വാദ്‌, പ്രയോജനം എന്നിവയിലെല്ലാം അതു വളരെ മെച്ചപ്പെട്ടതാണ്. ആരോഗ്യദായകമായ ഒരു ഭക്ഷ്യ വസ്തുവും ഔഷധവീര്യമുള്ളതും ആണിത്‌. ഇമാം ഖുർത്വുബി رضي الله عنه എഴുതുന്നു. നബി ക്ക്‌ ഒരിക്കൽ അത്തിപ്പഴം ഹദ്‌യ (തിരുമുൽക്കാഴ്ച) യായി വന്നു അവിടുന്ന് പറഞ്ഞു കഴിക്കുക. തങ്ങളും കഴിച്ചു എന്നിട്ട്‌ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നൊരു പഴം എന്ന് ഞാൻ പറയുകയായിരുന്നുവെങ്കിൽ ഈ പഴത്തെ കുറിച്ച്‌ അങ്ങനെ പറയുമായിരുന്നു അത്‌ നിങ്ങൾ കഴിക്കുക .അത്‌ മൂലക്കുരു ഇല്ലാത്താക്കുകയും വാദരോഗങ്ങൾക്ക്‌ ശമനം നൽകുകയും ചെയ്യും (ഖുർത്വുബി 20/79)

സ്വർഗത്തിൽ വെച്ച്‌ ആദ്യമായി നഗ്നത വെളിപ്പെട്ടപ്പോൾ ആദം عليه السلام പറിച്ചെടുത്ത്‌ നഗ്നത മറക്കാൻ ഒട്ടിച്ച്‌ വെച്ചത്‌ അത്തിമരത്തിന്റെ ഇലയായിരുന്നു. ആ പ്രാധാന്യമാണ് അത്‌ കൊണ്ട്‌ സത്യം ചെയ്യാൻ അല്ലാഹു ഇതു ഉപയോഗിച്ചിരിക്കുന്നത്‌(ഖുർത്വുബി 20/80) ഒലീവ്‌ മരത്തിന്റെ കേന്ദ്രവും ഫലസ്തീനും പരിസരങ്ങളും തന്നെ.
ഒലീവിന്റെ കായ വളരെ പ്രധാനപ്പെട്ട ഒരു എണ്ണ വിത്താണ് ഒലീവിൽ നിന്നെടുക്കുന്ന എണ്ണ (സൈത്തെണ്ണ) ഏറ്റവും പ്രാധാന്യമുള്ള എണ്ണയാണ് കറിയായും മരുന്നായും ലേപനമായും വിളക്കെണ്ണയായും അതു ഉപയോഗിക്കുന്നു.

ഒലീവിന്റെ കമ്പ്‌ പല്ലു തേക്കാനുള്ള മിസ്‌വാക്കായി ഉപയോഗിച്ച്‌ മുആദ്‌ رضي الله عنه പറഞ്ഞു. സൈത്തൂൻ അനുഗ്രഹീത വൃക്ഷമാണ് അതിൽ നിന്നുള്ള മിസ്‌വാക്ക്‌ നല്ല മിസ്‌വാക്ക്‌ ആണ്. വായ ശുദ്ധിയാവാനും പല്ലിന്റെ മഞ്ഞനിറം കളയാനും സഹായകമാണ് അത്‌. എന്റെയും മറ്റ്‌ നബിമാരുടെയും മിസ്‌വാക്കാണ് എന്ന് നബി പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് (ഖുർത്വുബി 20/79)

2.وَطُورِ سِينِينَ

സീനാ പർവ്വതത്തെ തന്നെയാണ് (സത്യം)

മൂസാ (عليه السلام) ക്ക്‌ പ്രവാചകത്വം ലഭിച്ചതും അല്ലാഹുവുമായി മൂസാ عليه السلام സംസാരിച്ചതും തങ്ങൾക്ക്‌ തൗറാത്ത്‌ ലഭിച്ചതും സീനാ പർവ്വതത്തിൽ വെച്ചാണ്. മൂസാ عليه السلام യുടെയും ഇസ്‌റാഈല്യരുടെടെയും ധാരാളം ചരിത്രങ്ങളുമായി ഈ പർവ്വതത്തിനു ബന്ധമുണ്ട്‌


3.وَهَذَا الْبَلَدِ الْأَمِينِ

നിർഭയമായ ഈ രാജ്യത്തെ തന്നെയുമാണ് (സത്യം).


നിർഭയ രാജ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മക്കയാണ്. മക്കയിൽ വെച്ച്‌ ആരും ആരെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാറില്ലായിരുന്നു അതിനാൽ ആ കാലത്ത്‌ പോലും മക്ക നിർഭയത്വത്തിന്റെ സങ്കേതമായിരുന്നു

4. لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ

തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോട്കൂടി സൃഷ്ടിച്ചിരിക്കുന്നു.

നാലു വസ്തുക്കളെക്കൊണ്ട്‌ ആണയിട്ട്‌ അല്ലാഹു പറയുന്ന കാര്യം മനുഷ്യനെ അവൻ ഏറ്റവും നല്ല പാകതയിലായിട്ട്‌ സൃഷ്ടിച്ചു എന്നാണ്. ശാരീരികമായും ബുദ്ധിപരമായും എല്ലാം മറ്റു സൃഷ്ടികളേക്കാൾ ഉൽകൃഷ്ടനാണ്. മനുഷ്യൻ. അവനേക്കാൾ എത്രയോ വലുപ്പമുള്ള ജീവികളെയാണ്. അവൻ അനായാസം നിയന്ത്രിക്കുന്നത്‌ ! സകലതിനെയും തന്റെ കരവലയത്തിലൊതുക്കി കൈകാര്യം ചെയ്യാൻ വേണ്ട പക്വതയും പാകതയും അല്ലാഹു അവനു നൽകിയിട്ടുണ്ട്‌ മനുഷ്യനു അല്ലാഹു നൽകിയ ശാരീരിക ക്രമമവും വളരെ സൗന്ദര്യകരം തന്നെ.

ഇമാം ഖുർത്വുബി رحمة الله عليه എഴുതുന്നു. “ഈസബ്നു മൂസൽ ഹാശിമി എന്നവർ തന്റെ ഭാര്യയെ നന്നായി സ്നേഹിക്കുന്ന ആളായിരുന്നു.ഒരിക്കൽ അദ്ദേഹം ഭാര്യയോട്‌ പറഞ്ഞു ആ കാണുന്ന പൂണ്ണ ചന്ദ്രനേക്കാൾ നിനക്ക്‌ കൂടുതൽ സൗന്ദര്യമില്ലെങ്കിൽ നീ എന്നിൽ നിന്ന് വിവാഹ മോചനം നൽകപ്പെട്ടവളാണ് എന്ന്. അപ്പോൾ ഭാര്യ അവിടെ നിന്ന് എഴുന്നേൽക്കുകയും നിങ്ങൾ എന്നെ ത്വലാഖ്‌ ചൊല്ലി എന്ന് പറയുകയും ചെയ്തു. അദ്ദേഹത്തിനു അപ്പോൾ വലിയ വിഷമം തോന്നുകയും ഭരണാധികാരിയായ ഖലീഫാ മൻസൂറിന്റെ അടുത്ത്‌ ചെന്ന് വിവരം പറയുകയും അദ്ദേഹം പണ്ഡിതന്മാരെ വിളിച്ച്‌ വരുത്തി ത്വലാഖ്‌ പോയോ എന്ന് ചോദിക്കുകയും ചെയ്തു. പലരും പറഞ്ഞു. തലാഖ് പോയി എന്ന് ! അപ്പോൾ അബൂഹനീഫ: رحمة الله عليه ന്റെ ഒരു ശിഷ്യൻ മാത്രം ഒന്നും മിണ്ടാതിരിക്കുന്നത്‌ ഖലീഫകാണുകയും നിങ്ങൾ എന്താണ് ഒന്നും മിണ്ടാത്തത്‌ എന്ന് അന്വേഷിക്കുകയും ചെയ്തു അപ്പോൾ അദ്ദേഹം 


  وَالتِّينِ وَالزَّيْتُونِ  * وَطُورِ سِينِينَ * وَهَذَا الْبَلَدِ الْأَمِينِ * لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ

ഈ സൂക്തങ്ങൾ പാരായണം ചെയ്യുകയും മനുഷ്യനേക്കാൾ സൗന്ദര്യമുള്ള ഒന്നുമില്ലെന്നും അതിനാൽ ത്വലാഖ്‌ പോകില്ലെന്നും പറഞ്ഞു. അതാണ് ശരിയെന്നും ഭാര്യയുമൊന്നിച്ച്‌ നിങ്ങൾക്ക്‌ കഴിയാമെന്ന് ഈസബ്നു മൂസാ എന്നവരോട്‌ ഖലീഫ പറയുകയും ഭർത്താവിനെ അനുസരിച്ച്‌ ജീവിക്കാൻ ഭാര്യയോട്‌ നിർദ്ദേശിക്കുകയും ചെയ്തു(ഖുർത്വുബി 20/82). ഇത് അല്ലാഹു മനുഷ്യനു നൽകിയ വലിയ അംഗീകാരമാണ്.

ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ

പിന്നീട്‌ അവനെ നാം അധമന്മാരിൽ ഏറ്റവും അധമനാക്കിത്തീർത്തു

ഇങ്ങനെ എല്ലാ അംഗീകാരവും നൽകപ്പെട്ട മനുഷ്യൻ പക്ഷെ തന്റെ വിശേഷ ബുദ്ധി ഉപയോഗിച്ച്‌ അല്ലാഹുവിന്റെ ശക്തിമനസിലാക്കി അവനിൽ വിശ്വസിക്കാനും അവനു വേണ്ടി സുകൃതങ്ങൾ ചെയ്യാനും അവന്റെ നിർദ്ദേശങ്ങൾ പാലിക്കാനും  തയാറാവുന്നില്ലെങ്കിൽ ഏറ്റവും അധമനായി അവനെ അല്ലാഹു തരം താഴ്ത്തുക തന്നെ ചെയ്യും അഥവാ അവൻ അല്ലാഹുവിന്റെ അടുത്ത്‌ ഏറ്റവും നികൃഷ്ടനായി മാറുകയും പരലോകത്ത്‌ അതി ദയനീയമായ ശിക്ഷകൾ കൊണ്ട്‌ അല്ലാഹു അവനെ ശിക്ഷിക്കുകയും ചെയ്യും

6.إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ 

സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവരൊഴികെ. എന്നാൽ അവർക്ക്‌ മുറിക്കപ്പെടാത്ത പ്രതിഫലമാണുണ്ടായിരിക്കുക.

സത്യവിശ്വാസവും സൽക്കർമ്മങ്ങളും സ്വഭാവമാക്കിയവർക്ക്‌ നിന്ദ്യതയില്ലെന്ന് മാത്രമല്ല വളരെ ഉന്നതമായ നേട്ടങ്ങളാണ്. അവനെ കാത്തിരിക്കുന്നത്‌ അല്ലാഹുവിന്റെ അടുത്ത്‌ അവർക്ക്‌ മഹത്തായ സ്ഥാനമുള്ളതിനാൽ അവന്റെ ദർശനത്തിനു പോലും അവർക്ക്‌ അല്ലാഹു അവസരം നൽകും .അവർക്ക്‌ ലഭിക്കുന്ന നേട്ടങ്ങളൊന്നും ഒരിക്കലും നിന്ന് പോകാത്ത വിധം നിത്യമായി തുടരുകയും ചെയ്യും 

ഇമാം ഖുർത്വുബി
رحمة الله عليه എഴുതുന്നു. സത്യവിശ്വാസി മരണപ്പെട്ടാൽ അവന്റെ ഖബ്‌റിനു സമീപം വെച്ച്‌ അന്ത്യനാൾ വരെ അല്ലാഹുവിനെ ആരാധിക്കാനായി അല്ലാഹു രണ്ട്‌ മലക്കുകൾക്ക്‌ കൽപന നൽകും എന്നിട്ട്‌ അതിന്റെ പ്രതിഫലം ഇദ്ദേഹത്തിനു നൽകപ്പെടുകയും ചെയ്യും എന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു(ഖുർത്വുബി 20/83)

സത്യവിശ്വാസിക്കായി എത്ര പേർ പ്രാർത്ഥിക്കുന്നു അതിന്റെയൊക്കെ ഫലം അവനെ തേടി എത്തുന്നു.അതിനാൽ സത്യവിശ്വാസവും അതിനനുസരിച്ചുള്ള സൽക്കർമ്മവും ജീവിത ശൈലിയാക്കാൻ നാം ശീലിക്കണം അല്ലാഹു തുണക്കട്ടെ ആമീൻ

7فَمَا يُكَذِّبُكَ بَعْدُ بِالدِّينِ

എന്നിരിക്കെ ഇതിനു ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തിൽ (നബിയേ)തങ്ങളെ നിഷേധിക്കാൻ എന്തു ന്യായമാണുള്ളത്‌


أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ

അല്ലാഹു വിധികർത്താക്കളിൽ വെച്ച്‌ ഏറ്റവും നല്ല വിധികർത്താവല്ലയോ?

മനുഷ്യന്റെ അവസ്ഥ ഇതൊക്കെയാണെന്ന് വന്നാൽ അവന്നു വിചാരണയുണ്ടെന്നും പുനർജ്ജന്മമുണ്ടെന്നും പറയുമ്പോൾ അവൻ നിഷേധിയാകുന്നത്‌ എന്തിന്? അതിനു വല്ല ന്യായവുണ്ടോ? ഇല്ലെന്ന് മാത്രമല്ല അതും അവന്റെ ധിക്കാരത്തിന്റെയും വിവരക്കേടിന്റെയും അടയാളമായി മാറുന്നു. ഇതൊക്കെ പറഞ്ഞത്‌ അല്ലാഹു ആണ് അവൻ ഏറ്റവും നല്ല വിധികർത്താവല്ലേ? അവൻ ഏറ്റവും യുക്തിയുക്തം, കാര്യങ്ങൾ ചെയ്യുന്നവനല്ലേ ഇതവർ ഓർക്കാത്തതെന്ത്‌ എന്നൊക്കെയാണീ ചോദ്യത്തിന്റെ താൽപര്യം ഈ അവസാന സൂക്തം ഓതുമ്പോൾ  بلي وأنا علي ذلك من الشاهدين (അതെ!ഞാനും അതിനു സാക്ഷ്യം വഹിക്കുന്നവരിൽ പെട്ടവൻ തന്നെ) എന്ന് പറയൽ സുന്നത്താണ്. അല്ലാഹുവെ അറിഞ്ഞു ആരാധിക്കാൻ അല്ലാഹു നമുക്കെല്ലാം അനുഗ്രഹം നൽകട്ടെ ആമീൻ



പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

3 comments:

Unknown said...

Al Hamdulillah..... Adutha bhakhathinayi kathirikkunnu.

എ പി അബൂബക്കര്‍ said...

അസ്സലാമു അലൈകും
വിവര സാങ്കേതിക വിദ്യാരംഗം മലീമസമായ സാഹചര്യങ്ങള്‍ക്ക് വളരെ വേഗം വഴി തുറക്കുന്ന വര്‍ത്തമാനത്തില്‍ മാനവരാശിക്ക് മഹിത ദര്‍ശനത്തിന്‍റെ മലര്‍വാടി യായി പ്രോജ്വോലിക്കുന്ന പരിശുദ്ധ ശരീഅത്തുല്‍ ഇസ്ലാമിന്‍റെ വെള്ളി വെളിച്ചം പ്രഭ തേടി അലയുന്ന മനതലങ്ങളില്‍ വിടര്‍ത്താന്‍ ഈ "വിളക്കിനു " സാധ്യമാവട്ടെ...ആമീന്‍ ...എന്ന പ്രാര്‍ത്ഥന ആശംസയായി അര്‍പ്പിക്കുന്നു.വിളക്കിന്‍റെ വെട്ടത്തില്‍ .പ്രഭ തേടിയെത്തുന്ന സ്നേഹ മനസ്സുകളോട് താഴ്മയോടെ ഉണര്‍ത്തുന്നു .നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ സഹോദരനെയും കുടുംബത്തെയും ഉള്‍പെടുത്താന്‍ മറക്കരുത്. നാഥന്‍ ഈ വിളക്കിന്‍റെ പ്രഭ ലോകമെങ്ങും പരത്തട്ടെ...ആമീന്‍
എ പി അബൂബക്കര്‍
അല്‍ ഐന്‍ ഡയറി ഫാം
യു എ ഇ
മൊബൈല്‍ : +971 55 87 32 600
email :abuasifa@gmail.com

വഴികാട്ടി / pathfinder said...

edited and updated . pdf file also added