അദ്ധ്യായം 98 സൂറത്തുൽ ബയ്യിന | മദീനയിൽ
അവതരിച്ചു | സൂക്തങ്ങൾ 8
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു
1.
لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنفَكِّينَ حَتَّى تَأْتِيَهُمُ الْبَيِّنَةُ
لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنفَكِّينَ حَتَّى تَأْتِيَهُمُ الْبَيِّنَةُ
വേദക്കാരും ബഹുദൈവ വിശ്വാസികളും ആയ സത്യനിഷേധികൾ തങ്ങൾക്ക്
വ്യക്തമായ തെളിവ് വന്നെത്തുന്നത് വരെ (സത്യനിഷേധത്തിൽ നിന്ന്)വേറിട്ട്
പോരുന്നവരായിട്ടില്ല
2.رَسُولٌ مِّنَ اللَّهِ يَتْلُو صُحُفًا مُّطَهَّرَةً
അതായത്
പരിശുദ്ധ ഏടുകൾ അവർക്ക് ഓതിക്കൊടുക്കുന്ന അല്ലാഹുവിങ്കൽ നിന്നുള്ള ഒരു റസൂൽ
(വന്നെത്തുന്നത് വരെ)
3. فِيهَا كُتُبٌ قَيِّمَةٌ
(വക്രതയില്ലാതെ) ചൊവ്വായുള്ള പല
(ലിഖിത)രേഖകൾ അവയിലുണ്ട് (അങ്ങനെയുള്ള ഏടുകൾ ഓതിക്കൊടുക്കുന്ന റസൂൽ (വരുന്നത്
വരെ)
അഹ്ലുകിതാബ് എന്ന് പറഞ്ഞാൽ തൗറാത്ത് നല്കപ്പെട്ട
ജൂതന്മാരും ഇഞ്ചീൽ നല്കപ്പെട്ട നസാറാക്കളുമാണ്. മുശ്രിക്കുകൾ
എന്നത് കൊണ്ട് ബിംബാരാധകരായ അറബികളുമാണ് ഇവിടെ ഉദ്ദേശ്യം.
യാതൊരു വക്രതയുമില്ലാത്ത നിയമവിധികൾ ഉൾക്കൊണ്ടതും പരിശുദ്ധമായ ഏടുകളിൽ
രേഖപ്പെടുത്തിയതുമായ ഖുർആൻ വാക്യങ്ങൾ ഓതിക്കേൾപ്പിക്കുന്ന ഒരു പ്രവാചകൻ; മുഹമ്മദ്
നബി ﷺ വരുന്നത് വരെ വേദക്കാരായ ജൂത നസാറാക്കളും
ബിംബാരാധകരായ അറബികളും തങ്ങളുടെ പിഴച്ച വാദങ്ങളിലും വിശ്വാസത്തിലും
തന്നെയായിരുന്നു. എന്നാൽ നബി ﷺ വരികയും സത്യം പ്രകാശിപ്പിക്കുകയും ചെയ്തപ്പോൾ
സന്മനസ്സുള്ളവർ വിശ്വസിക്കുകയും മർക്കടമുഷ്ടിക്കാർ പിഴച്ച വഴിയിൽ തന്നെ പിടിച്ചു
തൂങ്ങുകയും ചെയ്തു എന്നാണ് ഇവിടുത്തെ ആശയം . റസൂൽ ﷺ വന്നതിനു ശേഷവും വഴികേടിൽ
കടിച്ചു തൂങ്ങിയവർ വല്ലാത്ത ഗതികേടിൽ തന്നെ (അല്ലാഹുവിൽ അഭയം)
ഇവിടെ ,ബയ്യിനത്ത്,(തെളിവ്) എന്ന് പറഞ്ഞത് നബി ﷺ തങ്ങളാണ്. തങ്ങളെക്കുറിച്ച്
തെളിവ് എന്ന് പറയാൻ കാരണം പലതുമുണ്ട്. നബി ﷺ തന്റെ പ്രവാചകത്വം
സ്ഥിരീകരിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തുന്നതിൽ ഒരിക്കലും, ഒരു
കളവ് പറയുന്നവൻ ചെയ്യാത്ത ശ്രമങ്ങൾ നടത്തിക്കൊണ്ട് തന്റെ സത്യ സന്ധത തെളിയിച്ച്
തങ്ങൾ തന്നെ തെളിവായി എന്നാണ്. നബി ﷺ പൂർണ്ണമായ
ബുദ്ധിയുടെ ഉടമയാണ് (നല്ല ബുദ്ധിയുള്ളവൻ കളവ് പറയില്ല). നബി ﷺ സത്യമേ
പറയൂ. അപ്പോൾ നബി ﷺതന്നെ തെളിവായി. നബി ﷺ യുടെ
അമാനുഷിക പ്രവർത്തനങ്ങൾ(മുഅജിസത്തുകൾ) അത്രയും വ്യക്തമാണ്. അങ്ങനെ നബി ﷺ തന്നെ തെളിവായി മാറി(റാസി/32/39). ബയ്യിനത്ത് എന്നാൽ എല്ലാപ്രവാചകന്മാരുമാണ് എന്നും, ഖുർആനാണെന്നും
അഭിപ്രായമുണ്ട്
ശുദ്ധമായ ഏടുകൾ എന്നാൽ അസത്യം അതിൽ കടന്ന് കൂടാത്ത വിധം ശുദ്ധമാക്കപ്പെട്ടത്
എന്നും അതെക്കുറിച്ച് മോശമായി പറയപ്പെടാത്ത വിധം പരിശുദ്ധമാക്കപ്പെട്ട ഗ്രന്ഥം
എന്നും അശുദ്ധിയുള്ളവർ സ്പർശിക്കാൻ പറ്റാത്ത വിധം ശുദ്ധമാക്കപ്പെട്ടത് എന്നും
അഭിപ്രായമുണ്ട്.ഇതെല്ലാം പലയിടത്തായി ഖുർആൻ തന്നെ വിശദീകരിച്ചിട്ടുണ്ട്
അപ്പപ്പോൾ വരുന്ന ആയത്തുകൾ നബി ﷺ അപ്പോൾ
തന്നെ മന:പാഠമാക്കുകയും ശിഷ്യന്മാർക്ക് ഓതിക്കൊടുക്കുകയും ചെയ്യുന്നതോടൊപ്പം അത്
എഴുതിവെക്കാൻ നബി ﷺ നിർദ്ദേശിച്ചിരുന്നു
അത് അവർ ഏടുകളിൽ എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു അതാണ് ഏടുകൾ ഓതിക്കൊടുക്കുന്നു
എന്ന് പറഞ്ഞത്
സത്യത്തിലേക്ക് നയിക്കാൻ ആവശ്യമായ സുതാര്യമായ നിയമങ്ങളും തത്വോപദേശങ്ങളുമാണ്
ചൊവ്വായ ലിഖിതങ്ങൾ എന്നതിന്റെ വിവക്ഷ
4. وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءتْهُمُ الْبَيِّنَةُ
വേദം നല്കപ്പെട്ടവർ തങ്ങൾക്ക് വ്യക്തമായ തെളിവുകൾവന്നു
കിട്ടിയ ശേഷമല്ലാതെ ഭിന്നിച്ചിട്ടില്ല
മുശ്രിക്കുകൾക്ക് നേരത്തേ വേദങ്ങൾ പരിചയം ഇല്ല അവർ നിഷേധിക്കുന്നതിൽ അത്ഭുതവുമില്ല.
അതെ സമയം വേദക്കാർക്ക് നേരത്തേ വേദം പരിചയമുണ്ട് എന്ന് മാത്രമല്ല അവർ
പ്രതീക്ഷിക്കുന്ന പ്രവാചകരായി തന്നെയാണ് നബി ﷺ കടന്നു വരുന്നത്. നബി ﷺ യെ ക്കുറിച്ച് സ്വന്തം മക്കളെ
അറിയുന്നത് പോലെ അവർക്ക് വ്യക്തമായി അറിയാമെന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്. ആ നബി ﷺ കൊണ്ട് വന്ന ആശയവും ഇവർക്ക്
വേദങ്ങളിൽ നിന്ന് പരിചയമുള്ള ആശയവും താത്വികമായി ഒന്നു തന്നെയാണ്. നിഷ്ക്കളങ്കമായ
ഏകദൈവ വിശ്വാസ(തൗഹീദ്)വും അവനെ മാത്രം ആരാധിക്കലും നിസ്ക്കാരം, സക്കാത്ത്
എന്നിവ നിർവഹിക്കലുമൊക്കെയാണ് അവരുടെ ഗ്രന്ഥങ്ങളിൽ നിർദ്ദേശിക്കപ്പെട്ടത്. അത്
തന്നെയാണ് നബി ﷺ യും
പറയുന്നത് എന്നിട്ടും അവർ നബി ﷺ വന്നപ്പോൾ
നബിയെ അംഗീകരിക്കാൻ തയ്യാറാകാത്തത് എത്രമാത്രം നിഷേധാത്മകമാണ്. അസൂയയും പകയുമാണ്
അവരെ ഇങ്ങനെ നിഷേധികളാക്കിയത്. ഇബ്റാഹീമീ സരണിയാണ് ഞങ്ങളുടെതെന്ന് അവർ
അവകാശപ്പെടും പക്ഷെ ആ സരണിയുമായി വന്ന നബി ﷺ യെ അവർ തള്ളുന്നു.
അദ്ധ്യായത്തിന്റെ ആദ്യത്തിൽ മുശ്രിക്കുകളെയും വേദക്കാരെയും ഒന്നിച്ചു പറഞ്ഞ
അല്ലാഹു ഇവിടെ വേദക്കാരെ മാത്രം പറയാൻ എന്താണ് കാരണം ? നബി ﷺ യുടെ പ്രവാചകത്വം
അറിയാമായിരുന്ന നിഷേധികളായ വേദക്കാർ തന്നെ നബിയുടെ വിഷയത്തിൽ ഭിന്നിച്ചുവെങ്കിൽ
മുൻകൂട്ടി വിവരങ്ങളില്ലാത്ത മുശ്രിക്കുകൾ ഭിന്നിക്കുന്നത് പറയേണ്ടതില്ലല്ലോ എന്ന
നിലക്കാണ്(റാസി/ഖുർത്വുബി)
ഈ ആയത്ത് നബി ﷺ യെ
ആശ്വസിപ്പിക്കാനാണ് അല്ലാഹു പറഞ്ഞത്.അതായത് തങ്ങൾ പറഞ്ഞ് കൊടുത്ത തെളിവിന്റെ
പോരായ്മകൊണ്ടാണ് അവർ വിശ്വസിക്കാതെ പോയതെന്ന്. തങ്ങൾ വിഷമിക്കേണ്ടതില്ലെന്നും
മറിച്ച് മനസിലായ സത്യം അവർ മറച്ചു വെച്ചതാണെന്നും ആശ്വസിപ്പിച്ചതാണ്. അവരുടെ മുൻഗാമികളും
അങ്ങനെ തന്നെയായിരുന്നു (വ്യക്തമായ തെളിവുകൾ കൊടുത്തിട്ടും ശനിയാഴ്ച്ച ആരാധനയുടെ
വിഷയത്തിലും പശുക്കുട്ടിയെ ആരാധിക്കുന്ന വിഷയത്തിലുമൊക്കെ അവർ ഭിന്നിച്ചിരുന്നില്ലേ)
അത് ഇവരും തുടരുകയാണെന്ന് സാരം(റാസി3240
5.
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ
മതത്തെ അല്ലാഹുവിനു നിഷ്ക്കളങ്കമാക്കിക്കൊണ്ട് (യാതൊരു
വക്രതയും ഇല്ലാത്തവരായ നിലയിൽ) അവനെ ആരാധിക്കുവാനും നിസ്ക്കാരം മുറപ്രകാരം
നിലനിർത്തുവാനും സക്കാത്ത് കൊടുക്കാനും മാത്രമാണ് അവരോട്
കല്പ്പിക്കപ്പെട്ടിരുന്നത്. വക്രതയില്ലാത്ത മതം അതാണ്
ആരാധന അല്ലാഹുവിനു അർപ്പിക്കണം. അത് കൊണ്ട് അവന്റെ പൊരുത്തം മാത്രം ആഗ്രഹിക്കണം(അതിനെയാണ് ഇഖ്ലാസ് എന്ന് പറയുന്നത്)
എല്ലാ ദുർമ്മാർഗങ്ങളും വിട്ട് നേരായ സത്യവഴിയിലേക്ക് തിരിഞ്ഞവർ എന്നാണ് حُنَفَاء എന്നത് കൊണ്ട് ഉദ്ദേശ്യം.
ആരാധനകളുടെ കൂട്ടത്തിലെ വളരെ പ്രാധാന്യമാണ് നിസ്ക്കാരം നില നിർത്തുക(സമയം തെറ്റാതെ നിബന്ധനകളും മര്യാദകളുമൊക്കെ പാലിച്ച് നിർവഹിക്കുക എന്നാണിതിന്റെ താല്പര്യം) സക്കാത്ത് കൊടുക്കുക എന്നിവക്കുള്ളത് അതാണ് പ്രത്യേകം അത് പരാമർശിക്കപ്പെട്ടത്
ഇതാണ് ശരിയായ മതം അത് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. ഇസ്ലാമല്ലാത്തതിനെ മതമായി
സ്വീകരിച്ചവനിൽ നിന്ന് അത് സ്വീകരിക്കപ്പെടില്ലെന്നും പരലോകത്ത് അവൻ പരാചയത്തിന്റെ
കൈപ്പ് അനുഭവിക്കേണ്ടി വരുമെന്നും(സൂറ;ആലു ഇംറാൻ85 ) അല്ലാഹു പറഞ്ഞതോർക്കുക
6.
إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُوْلَئِكَ هُمْ شَرُّ الْبَرِيَّةِ
വേദക്കാരും ബഹുദൈവ വിശ്വാസികളുമായ സത്യ നിഷേധികൾ
നരകാഗ്നിയിലായിരിക്കും തീർച്ച! അതിൽ അവർ നിരന്തര വാസികളായ നിലയിൽ. അവരാണ് `സൃഷ്ടികളിൽ
വെച്ച് ഏറ്റവും ദുഷിച്ചവർ
ഇവർ നരകശിക്ഷ അനുഭവിക്കേണ്ടിവരാനുള്ള കാരണം അവരുടെ അവിശ്വാസം എന്നത്
പറയുന്നതോടൊപ്പം അവർ ഏറ്റവും ദുഷിച്ചവരാണെന്ന് പറഞ്ഞതിന്റെ താല്പര്യം ഇമാം റാസി(റ)
വിശദീകരിക്കുന്നു. ദുഷിച്ചത് ധാരാളമുണ്ടെങ്കിൽ അതിൽ ഏറ്റവും ദുഷിച്ചത് ഇവരുമായി
ബന്ധപ്പെട്ട ദൂഷ്യമാണ്. കളവ് നടത്തുന്നവർ ദുഷിച്ചവരാണെങ്കിൽ ഏറ്റവും ദുഷിച്ച
കള്ളന്മാർ ഇവരാണ്. കാരണം ഇവർ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് നബി ﷺ യുടെ വിശേഷണങ്ങളാണ് കട്ടത്.
വഴി തടസ്സപ്പെടുത്തുന്നവരെ ഏറ്റവും ദുഷിച്ചവരായി നാം കണ്ടാൽ ഏറ്റവും ദുഷിച്ച വഴി
തടസ്സക്കാർ തന്നെയാണിവർ. കാരണം അവർ സത്യത്തിലേക്കുള്ള വഴിയാണ് തകർത്തത് .....(റാസി
32/48)
ഇവിടെ മുശ്രിക്കുകൾക്ക് മുമ്പ് വേദക്കാരെ പറഞ്ഞതിന്റെ കാരണം റാസി(رحمة الله عليه)പറയുന്നത് ശ്രദ്ധേയമാണ്. നബി ﷺ തങ്ങളുടെ കാര്യങ്ങളേക്കാൾ
അല്ലാഹുവിന്റെ വിഷയങ്ങളെ മുന്തിച്ചിരുന്നു. ഉദാഹരണമായി തന്നെ ശത്രുക്കൾ
ഉപദ്രവിച്ച് പല്ല് പൊട്ടിച്ചപ്പോൾ അവരെ നന്നാക്കണേ എന്ന് പ്രാർഥിച്ച നബി ﷺ ഖന്തഖിൽ വെച്ച് അസ്വർ
നിസ്ക്കാരം നഷ്ടപ്പെടാൻ കാരണക്കാരായവർക്കെതിരെ അവരുടെ വീടും ഖബ്റും തീയാൽ
നിറക്കണേ എന്ന് പ്രാർഥിച്ചത് തന്റെ ശരീരത്തിന്റെ നഷ്ടം സഹിച്ച നബി ﷺ അല്ലാഹുവുമായി ബന്ധപ്പെട്ടത്
സഹിക്കില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു
ഇതു പോലെയാണ് അല്ലാഹു തിരിച്ചും.
വേദക്കാർ
നബി ﷺ യെ
ആക്ഷേപിച്ചതിന്റെ അളവ് കൂടുതലായതിനാൽ ധുഷിച്ചവർ എന്ന് പറയുമ്പോൾ അല്ലാഹു ആദ്യം
അവരെ പരാമർശിച്ച് കൊണ്ട് നബി ﷺ യെ
ഇകഴ്ത്തുന്ന ഒന്നും അല്ലാഹു ഇഷ്ടപ്പെടില്ല എന്ന സന്ദേശം നല്കുവാനാണ്.(റാസി32/46) ഒരു വാക്ക് കൊണ്ട് പോലും നബി ﷺ യുടെ
മഹത്വത്തോട് നിരക്കാത്ത വിധം സംസാരിക്കുന്നത് നാം സഗൗരവം കാണണം
7. إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُوْلَئِكَ هُمْ خَيْرُ الْبَرِيَّةِ
നിശ്ചയമായും സത്യത്തിൽ വിശ്വസിക്കുകയും സല്ക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ അവർ തന്നെയാണ് സൃഷിടികളിൽ ഏറ്റവും ഉൽകൃഷ്ടർ
സത്യ വിശ്വാസവും സല്ക്കർമ്മങ്ങളും ചെയ്യുന്നവരുടെ പ്രതിഫലമാണിവിടെ പറയുന്നത്
അവരുടെ ഏറ്റവും വലിയ മഹത്വമായി അല്ലാഹു പറയുന്നത് അവർ ഏറ്റവും നല്ലവരാണ് എന്നത്രെ
ഇവിടെ സത്യ നിഷേധികളുടെ കാര്യം ആദ്യവും സത്യ വിശ്വാസികളൂടെ കാര്യം പിന്നെയും
പറഞ്ഞതിന്റെ ക്രമ സൗന്ദര്യം ഇമാം റാസി رحمة الله عليه വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ശിക്ഷയുണ്ടാവുമെന്ന താക്കീത്
മരുന്ന് പോലെയും സ്വർഗമുണ്ടെന്ന വാഗ്ദാനം ഭക്ഷണത്തിന്റെ സ്ഥാനത്തുമാണ്. രോഗാതുരമായ
ശരീരത്തിനു ആദ്യം നല്കേണ്ടത് മരുന്നാണ്. കാരണം രോഗമില്ലാതാക്കിയതിനു ശേഷം
കഴിക്കുന്ന ഭക്ഷണത്തിനാണല്ലോ ശരീരത്തിൽ കൂടുതൽ ഫലമുണ്ടാക്കാൻ സാധിക്കുക ഇത്
പോലെയാണ് അവിശ്വാസമാകുന്ന രോഗത്തിൽ നിന്ന് മുക്തമാക്കി വിശ്വാസത്തിന്റെ
സൗഭാഗ്യത്തിലേക്ക് വരുന്നതാണ് ഫലപ്രദം എന്ന് സൂചിപ്പിക്കുകയാണ്
സത്യ വിശ്വാസവും സൽകർമ്മങ്ങളും ഉള്ളവർക്ക് അവരാണ് ഏറ്റവും നല്ലവർ എന്ന
അല്ലാഹുവിന്റെ സാക്ഷ്യ പത്രത്തേക്കാൾ വലിയൊരു അംഗീകാരം മറ്റെന്താണ് ലഭിക്കാനുള്ളത്!
അല്ലാഹു നമ്മെ എല്ലാം ആ കൂട്ടത്തിലാക്കട്ടെ ആമീൻ
8
جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ لِمَنْ خَشِيَ رَبَّهُ
തങ്ങളുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലം അടിഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിക്കുന്ന സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങളാണ്. അതിൽ അവർ എന്നെന്നും സ്ഥിരവാസികളായ നിലയിൽ. അല്ലാഹു അവരെക്കുറിച്ചും അവർ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു അത്(ആ പ്രതിഫലം) തന്റെ രക്ഷിതാവിനെ ഭയപ്പെടുന്നവർക്കുള്ളതാണ്
സ്വർഗ്ഗത്തിലെ സൗകര്യങ്ങളിലേക്കുള്ള സൂചന നല്കിയ ഈ സൂക്തത്തിൽ ,വിശാസികളുടെ
മനസിനെ കുളിരണിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അല്ലാഹു അവരെ
പൊരുത്തപ്പെടുന്നു എന്നതാണ്. അല്ലാഹുവിന്റെ പൊരുത്തം ലഭിച്ചാൽ പിന്നെ മറ്റെന്താണ്
നമുക്ക് ആവശ്യമുള്ളത്. അതിലേക്ക് നമ്മെ എത്തിക്കുന്ന സ്വഭാവം സത്യവിശ്വാസവും
സൽക്കർമ്മങ്ങളും ആണെന്ന് ഇവിടെ ഉണർത്തുമ്പോൾ ആ സ്വഭാവം കാത്ത് സൂക്ഷിക്കാനുള്ള
പ്രതിജ്ഞ നാം എടുക്കേണ്ടിയിരിക്കുന്നു. അരുതായ്മകളിൽ നിന്ന് മാറി നില്കാനും നന്മകൾ
വർധിപ്പിക്കാനും നാം ശ്രമിക്കണം. അതിലേക്ക് നമ്മെ എത്തിക്കാനാണ് ‘അല്ലാഹുവിനെ
ഭയപ്പെടുന്നവർക്കാണീ നേട്ടം’ എന്ന്
അല്ലാഹു പറഞ്ഞത്. തെറ്റുകളിൽ നിന്ന് അല്ലഹുവിനെ ഭയപ്പെട്ട് മാറി
നില്ക്കുന്നതോടൊപ്പം ചെയ്യുന്ന കർമ്മങ്ങളിൽ ഇത് അല്ലാഹു സ്വീകരിക്കാതെ പോയേക്കുമോ
എന്നു ഭയപ്പെടുന്നതും ആ വിഷയത്തിൽ നാം കാണണം. അല്ലാഹു നല്ലവരിൽ നമ്മെ
ഉൾപ്പെടുത്തട്ടെ ആമീൻ
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. വിളക്ക്
സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم
باحسان الي يوم الدين والحمد لله رب العالمين
5 comments:
سورة البينة ( മദീനയിൽ അവതരിച്ചു : സൂക്തങ്ങൾ 8 )
assalamu alaikkum
assalamu alaikum
i am interested in your blog and willing to have backlink with your blog
if you are interested please contact me
http://salawath.blogspot.com/
Saidalavi,
Sayed,
wa alaikkumussalaam wr.br
@ Sayed,
thanks for your comment and happy to know that u are interested in this blog. you may proceed .InSha Allah..may Allah accept all the good deeds. ameen
edited & updated . pdf file added
Post a Comment