Wednesday, May 19, 2010

അദ്ധ്യായം 97 :സൂറത്തുൽ ഖദ്‌ർ

അദ്ധ്യായം 97 സൂറത്തുൽ ഖദ്‌റ്   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  5

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1. إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ


നിശ്ചയം നാം ഇതിനെ (ഖുർആൻ) ലൈലത്തുൽ ഖദ്‌റിൽ (നിർണ്ണയത്തിന്റെ രാത്രിയിൽ) അവതരിപ്പിച്ചിരിക്കുന്നു.

ഖദ്‌ർഎന്ന വാക്കിനു നിർണ്ണയിക്കുക,കണക്കാക്കുക എന്നും ബഹുമാനം,മഹത്വം എന്നും അർത്ഥമുണ്ട്‌.അപ്പോൾ ലൈലത്തുൽ ഖദ്‌ർഎന്നാൽ നിർണ്ണയ രാത്രി എന്നും ബഹുമാനത്തിന്റെ രാത്രി എന്നും വിവർത്തനം പറയാം.രണ്ടായാലും അത്‌ ആ മഹത്തായ രാത്രിയുടെ നാമം ആണ്.

സൂറ:ദുഃഖാനിൽ(അദ്ധ്യായം 44) ഇതേ രാത്രിയെക്കുറിച്ചാണ്.  لَيْلَةٍ مُّبَارَكَةٍ (അനുഗ്രഹീത രാത്രി) എന്ന് പറഞ്ഞിട്ടുള്ളത്‌ അവിടെ ഈ രാത്രിയുടെ പ്രത്യേകതയായി,
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (യുക്തിമത്തായ എല്ലാ കാര്യവും അതിൽ വേർ തിരിച്ച്‌ വിവരിക്കപ്പെടുന്നു)  എന്ന് പറഞ്ഞിരിക്കുന്നു ഈ സൂറയിൽ നാലാം വചനത്തിൽ റബ്ബിന്റെ ഉത്തരവു പ്രകാരം എല്ലാ കാര്യവും കൊണ്ട്‌ റുഹും മലക്കുകളും ഇറങ്ങി വരുമെന്നും പറഞ്ഞിരിക്കുന്നു.ആകയാൽ ആ രാത്രി ഭൂമിയിലെ കാര്യങ്ങൾ പലതും നിർണ്ണയിച്ചു വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു പ്രത്യേക ദിവസമാണെന്ന് മനസിലാക്കാം.

പ്രസ്തുത രാത്രിയുടെ മഹത്വമായി അല്ലാഹു പറഞ്ഞത്‌ ഖുർആൻ അവതരിച്ചത്‌ ആരാത്രിയിലാണ് എന്നത്രെ! ലോകാവസാനം വരെയുള്ള മാനവ ലോകത്തിന്റെ സകല നന്മകൾക്കും നിദാനമാകുന്ന ആ ദിവ്യഗ്രന്ഥത്തിന്റെ അവതരണം ഉണ്ടായ രാവ്‌ അനുഗ്രഹീതമായിരിക്കും എന്നതിൽ രണ്ട്‌ അഭിപ്രായമുണ്ടാവില്ല .കാരണം സമയങ്ങൾക്കും സ്ഥലങ്ങൾക്കുമൊക്കെ പ്രത്യേകത വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം ആ സ്ഥലങ്ങളിലും സമയങ്ങളിലുമൊക്കെ ഉണ്ടാവുന്ന സംഭവങ്ങൾ ആസ്പദമാക്കിയായിരിക്കും.(ആദം عليـه السلام ന്റെ ജന്മത്താൽ വെള്ളിയാഴ്ച്ചക്കും നബി യുടെ  ജന്മത്താൽ തിങ്കളാഴ്ച്ചക്കും മഹത്വമുള്ളത് ഹദീസുകളിൽ സ്ഥിരപ്പെട്ടത് പോലെ ) എങ്കിൽ അനുഗ്രഹീതമായ ഈ ഗ്രന്ഥത്തിന്റെ അവതരണം എന്ന സംഭവം നടന്ന സമയം അത്കൊണ്ട്‌ തന്നെ അനുഗ്രഹീതമാണ്. ഈ രാവ്‌ റമളാൻ മാസത്തിലാണെന്നത്‌ സുവ്യക്തവും, വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതുമാണ്. 

شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ


(ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ. 2/185)

റമളാനിലാണ് ഖുർആൻ അവതരിച്ചതെന്ന് അൽബഖറയിലും അനുഗ്രഹീത രാത്രിയിലാണെന്ന് 44/3ൽ ദുഃഖാനിലും ലൈലത്തുൽ ഖദ്‌റിലാണെന്ന് ഇവിടെയും പറയുന്നു അപ്പോൾ ലൈലത്തുൽ ഖദ്‌ർ റമളാനിലാണെന്നും അത്‌ തന്നെയാണ് അനുഗ്രഹീത രാത്രിയെന്നും വ്യക്തമായി.എന്നാൽ ഖുർആനിന്റെ അവതരണം പൂർത്തിയായത്‌ ഇരുപത്തിമൂന്ന് കൊല്ലം കൊണ്ടാണെന്നിരിക്കെ ഈ രാത്രിയിൽ അല്ലെങ്കിൽ റമളാൻ മാസത്തിൽ അവതരിച്ചു എന്ന് പറഞ്ഞതിന്റെ താൽപര്യം എന്താണ് ? എന്ന ചോദ്യം പ്രസക്തമാണ്. അതിന്റെ നിവാരണം രണ്ട്‌ രൂപത്തിൽ ഇമാമുകൾ വിലയിരുത്തുന്നുണ്ട്‌. ഭൂരിഭാഗം ഇമാമുകളുടെയും പക്ഷം അടിസ്ഥാന രേഖയാവുന്ന ലൗഹുൽ മഹ്‌ ഫൂളിൽ നിന്ന് ഏറ്റവും അടുത്ത ആകാശത്തേക്ക്‌ ഇറക്കിയത്‌ ആ രാത്രിയിലാണ്. പിന്നീട്‌ സന്ദർഭത്തിനനുസരിച്ച്‌ 23കൊല്ലം കൊണ്ട്‌ ഭൂമിയിലേക്ക്‌ അവതരിപ്പിക്കപ്പെടുകയാണ് ചെയ്തത്‌ എന്നാകുന്നു. മറ്റൊരു പക്ഷം പറയുന്നത്‌ നബി()ക്ക്‌ ഖുർആൻ അവതരിപ്പിക്കുവാൻ തുടങ്ങിയത്‌ റമളാനിൽ ആരാത്രിയിലാണ് എന്നാകുന്നു. രണ്ടായാലും ഈ അനുഗ്രഹീത രാത്രി കൊല്ലം തോറും ആവർത്തിച്ചു വരുന്നതാണ്.

2.وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ
ലൈലത്തുൽ ഖദ്‌ർ എന്നാൽ എന്താണെന്ന് തങ്ങൾക്ക്‌ അറിവ്‌ നൽകിയതെന്ത്‌?

ആ രാവിന്റെ മഹത്വത്തിലേക്ക്‌ ശ്രദ്ധ ആകർഷിക്കുന്നതിനായാണ് ഈ ചോദ്യം. തുടർന്ന് മഹത്വങ്ങൾ ഉണർത്തുകയാണ്.

3.لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
ലൈലത്തുൽ ഖദ്‌ർ ആയിരം മാസത്തേക്കാൾ ഉത്തമമാകുന്നു

ലൈലത്തുൽ ഖദ്‌ർ ആയിരം മാസത്തേക്കാൾ ഉത്തമം എന്നതിനു ലൈലത്തുൽ ഖദ്‌റില്ലാത്ത ആയിരം മാസങ്ങളിൽ ചെയ്താലുണ്ടാകുന്ന അത്ര പ്രതിഫലം ആ രാത്രിയിൽ ചെയ്യുന്ന പുണ്യകർമ്മങ്ങൾക്ക്‌ ലഭിക്കും എന്നായിരിക്കും. അല്ലെങ്കിൽ അതിൽ ആരാധന ചെയ്യുന്നയാൾക്ക്‌ മഹത്വം ഉണ്ടാവും എന്നാവും(റാസി32/27). ലൈലത്തുൽ ഖദ്‌ർ എന്ന് ഈ രാത്രിക്ക്‌ നാമം വരാൻ കാരണം ഈ രാവിൽ മഹത്വമുള്ള ഒരു ഗ്രന്ഥം മഹത്വമുള്ള മാലാഖയുടെ നാവിലൂടെ മഹത്വമുള്ള ഒരു ഉമ്മത്തി(സമൂഹം)നുമേൽ അവതരിപ്പിക്കപ്പെട്ടതിന്റെ കാരണത്താലാണ്. അത്‌ കൊണ്ടായിരിക്കാം അല്ലാഹു മഹത്വം എന്ന അർത്ഥം വരുന്ന ഖദ്‌ർ എന്ന പദം മൂന്ന് തവണ ആവർത്തിച്ചത്‌ എന്ന് അബൂബക്കർ അൽ വർറാക്‌ رحمة الله عليهഎന്നവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു(റാസി 32/27)

മുജാഹിദ്‌ رحمة الله عليهപറഞ്ഞു. ബനൂ ഇസ്‌റാഈല്യരിൽ ഒരാളുണ്ടായിരുന്നു.അദ്ദേഹം രാത്രി മുഴുവൻ നിസ്കരിക്കുകയും പ്രാഭാതം മുതൽ യുദ്ധം ചെയ്യുകയും ചെയ്യും ഇങ്ങനെ അദ്ദേഹം ആയിരം മാസം ഇത് തുടർന്നു. ഇതു കേട്ടപ്പോൾ നബിക്കും സഹാബത്തിനും അത്ഭുതമായി .(അദ്ദേഹത്തിന്റെ മഹത്വം ഓർത്ത്‌ അദ്ദേഹത്തെ പോലെ നമുക്ക്‌ ആവാൻ കഴിയുമോ എന്ന് ചിന്തിച്ച്‌ അത്ഭുതപ്പെട്ടു)അപ്പോൾ അല്ലാഹു ഈ ആയത്ത്‌ അവതരിപ്പിച്ച്‌ കൊണ്ട്‌ ആ ഇസ്രാഈലർക്ക്‌ ലഭിച്ച ആയിരം മാസത്തേക്കാൾ തങ്ങളുടെ ഉമ്മത്തിനു മഹത്വമുള്ള രാവാണീ ലൈലത്തുൽ ഖദ്‌ർ എന്ന് അല്ലാഹു പറഞ്ഞതാണ് ഈ ആയത്തിൽ കണ്ടത്‌(റാസി 32/29)


4.تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ

മലക്കുകളും റൂഹും(ആത്മാവും)അവരുടെ നാഥന്റെ കൽപന പ്രകാരം എല്ലാ കാര്യവും കൊണ്ട്‌ ആ രാത്രിയിൽ ഇറങ്ങി വരുന്നു

ആ അനുഗ്രഹീത രാത്രിയിൽ മലക്കുകളും റൂഹും ഇറങ്ങുന്നത് ആ രാത്രിയെ ആരാധനകൊണ്ട് ധന്യമാക്കുന്ന വിശ്വാസികളുടെ ആരാധന കാണാനും അവർക്ക് ആശംസകൾ നേരാനും അവരുടെ പ്രാർഥനകളിൽ സംബന്ധിക്കാനും നമുക്ക് വേണ്ടി അല്ലാഹുവോട് ശുപാർശ ചെയ്യാനും നമുക്ക് സലാം പറയാനും (മലക്കുകളുടെ സലാം ലഭിച്ചവന്റെ ദോഷം പൊറുക്കപ്പെടും) ആണ് (റാസി32/32)
ഇവിടെ റൂഹ് എന്ന് പറഞ്ഞതിന്റെ വിവക്ഷ മലക്കുകളുടെ നേതാവായ ജിബ്‌രീൽ عليـه السلام എന്നാണ് .ജിബ്‌രിൽ عليـه السلامന്റെ പ്രത്യേകത അറിയിക്കാനാണ് അത് പ്രത്യേകം പറഞ്ഞത്. ഒരു വലിയ മലക്കാണെന്നും അന്ന് മാത്രം കാണാൻ കഴിയുന്ന ഒരു കൂട്ടം മലക്കുകളാണെന്നും മലക്കുകളും മനുഷ്യരുമല്ലാത്ത ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം സൃഷ്ടികളാണെന്നും (അവർ സ്വർഗക്കാരുടെ സേവകരാണെന്നും), ഈസാ عليـه السلام ആണെന്നും, അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും, പ്രത്യേക കാവവൽക്കാരും നന്മ-തിന്മകൾ രേഖപ്പെടുത്തുന്ന മലക്കുകളാണെന്നും ഉള്ള എട്ട് അഭിപ്രായവും രേഖപ്പെടുത്തി പ്രബലമായ അഭിപ്രായം ജിബ്‌രീൽ( عليـه السلام) ആണെന്നും തന്റെ മഹത്വ വർദ്ദനവ് തെളിയിക്കാനാണ് പ്രത്യേകം പറഞ്ഞതെന്നും ഇമാം റാസി رحمة الله عليه രേഖപ്പെടുത്തിയിട്ടുണ്ട്(റാസി32/33)

എല്ലായ്പ്പോഴും ദിക്‌റിന്റെ‌ സദസ്സുകളിലും മറ്റ് നന്മയുടെ വേദികളിലുമൊക്കെ മലക്കുകൾ ഉണ്ടാവുമെന്നിരിക്കെ ഈ രാത്രി മലക്കുകൾ ഇറങ്ങുമെന്ന് പ്രത്യേകതയായി പറഞ്ഞത് ഈ പുണ്യ ദിനത്തിലെ ആരാധനക്ക് പ്രചോദനം വർദ്ധിപ്പിക്കാനാണ്.

അല്ലാഹുവിന്റെ അനുമതിയോടെ മലക്കുകൾ ഇറങ്ങും എന്ന് പറഞ്ഞതിൽ നിന്ന് മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങാൻ അല്ലാഹുവോട് സമ്മതം ചോദിക്കുമെന്നും നമ്മോട് ഇഷ്ടവും നമ്മെ കാണാനുള്ള താല്പര്യവും കൊണ്ടാണ് മലക്കുകൾ സമ്മതം തേടുന്നതെന്നും അല്ലാഹുവിന്റെ സമ്മതം അനുസരിച്ചല്ലാതെ മലക്കുകൾ ഒന്നും ചെയ്യില്ലെന്നും അത് അവരുടെ മഹത്വവും അല്ലാഹുവിന്റെ കല്പനകൾ കാറ്റിൽ പറത്തുന്ന താന്തോന്നികളുടെ നിന്ദ്യതയും വ്യക്തമാക്കുന്നുണ്ടെന്നും ഇമാം റാസി رحمة الله عليه ഇവിടെ വിശദീകരിക്കുന്നുണ്ട്.

എല്ലാ കാര്യവും കൊണ്ട് ഇറങ്ങും എന്നതിന് ആ വർഷത്തിൽ നടക്കാനുള്ള എല്ലാ നന്മ തിന്മകളുടെയും തീരുമാനം കൊണ്ട് എന്നതാണ് കൂടുതൽ വ്യഖ്യാതാക്കളും പറയുന്നത്. ബറാഅത്ത് രാവിൽ(ശഅബാൻ പതിനഞ്ചിന്റെ രാവ്)ആണ് ഭക്ഷണവും ആയുസ്സുമൊക്കെ തീരുമാനിക്കുന്നത് എന്നല്ലേ നിങ്ങൾ പറയാറുള്ളത് ഇപ്പോൾ അത് ലൈലത്തുൽ ഖദ്റിലാണെന്ന് പറയുന്നത് എങ്ങനെ യോജിക്കും ? എന്നൊരു ചോദ്യമുണ്ടിവിടെ അതിന്റെ നിവാരണം. ബറാഅത്ത് രാവിൽ അത് കണക്കാക്കുന്നു എന്നും ലൈലത്തുൽ ഖദ്റിൽ അതിന്റെ ആളുകളിലേക്ക് ആ തീരുമാനം കൈമാറുമെന്നും നബിപറഞ്ഞ ഹദീസിലുണ്ട്. അപ്പോൾ വൈരുദ്ധ്യമില്ല എന്നാണ്. വേറെയും വ്യാഖ്യാനങ്ങളുണ്ട്(റാസി 32/34)

5.سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ

പ്രഭാതോദയം വരെ അത്‌ സമാധാനമായിരിക്കുന്നതാണ്

ഈ രാത്രിയുടെ മറ്റൊരു പ്രത്യേകതയാണ് അല്ലാഹു ഈ സൂക്തത്തിൽ പറയുന്നത്.പ്രഭാതം വരെ അത് സലാം ആണ് എന്ന്. ഇവിടുത്തെ സലാം എന്നതിനു വിവിധ വ്യാഖ്യാനങ്ങളുണ്ട്. അവ എല്ലാം(വൈരുദ്ധ്യമില്ലാതെ) വൈവിധ്യമായതിനാൽ എല്ലാം സ്വീകാര്യവുമാണ് .അഥവാ ആ പ്രത്യേകതകളെല്ലാം ആ രാത്രിയിൽ പ്രതീക്ഷിക്കാം എന്ന് സാരം.

ഇമാം റാസി رحمة الله عليهഎഴുതുന്നു ഈ സലാം എന്ന വാക്കിൽ പല അഭിപ്രായമുണ്ട്.
(ഒന്ന്) ആരാധന നിർവഹിക്കുന്നവർക്ക് ആരാത്രി മുഴുവനും കൂട്ടം കൂട്ടമായി ഇറങ്ങുന്ന മലക്കുകൾ സലാം പറയും എന്നാണ്  

(രണ്ട്) രാത്രി തന്നെ സകല അപകടങ്ങളിൽ നിന്നും രക്ഷയാണ് അഥവാ മലക്കുകൾ ഇറങ്ങുന്നത് നന്മകളും വിജയങ്ങളും കൊണ്ട് മാത്രമാണ് 

(മൂന്ന്) അപകടകരമായ കാറ്റ്
, ഇടി പോലുള്ളവയിൽ നിന്ന് ആ രാത്രി രക്ഷയാണ് 

(നാല്) ആ രാത്രിയുടെ ഓരോഭാഗവും ആയിരം മാസങ്ങളേക്കാൾ മഹത്വമുള്ളതാണ്. മറ്റ് രാത്രികളിൽ ചില ആരാധനകൾക്ക് ചില സമയങ്ങളിൽ കൂടുതൽ പ്രത്യേകതയുള്ളത് പോലെ (ഉദാഹരണം അത്താഴ സമയത്ത് പ്രാർത്ഥനക്ക് പ്രത്യേകതയുള്ള പോലെ)യല്ല ഇവിടെ. ഈ രാത്രിയുടെ ഓരോ സമയവും എല്ലാ ആരാധനക്കും മഹത്വം ഉണ്ട് എല്ലാ സമയവും സമമാണ്.

വേറെയും വ്യാഖ്യാനങ്ങളുണ്ട്. ഏതായാലും ഈ രാവിന്റെ മഹത്വം ലഭിക്കുന്നവർ വിജയികളും അത് തടയപ്പെട്ടവർ നിർഭാഗ്യവാന്മാരും തന്നെ! അല്ലഹു നമ്മെ ഈ രാവിന്റെ മഹത്വം ലഭിക്കുന്നവരിലും ഒരുപാട് ലൈലത്തുൽ ഖദ്റുകളെ സ്വീകരിക്കാൻ ഭാഗ്യമുള്ളവരിലും ഉൾപ്പെടുത്തട്ടെ ആമീൻ

മുൻകാലസമുദായങ്ങൾ നീണ്ട ആയുസ്സ് നൽകപ്പെട്ടവരായിരുന്നു എന്നാൽ നബിയുടെ സമുദായത്തിനു ആയുസ്സ് കുറവാണ്. എന്നിട്ടും ഈ കുറഞ്ഞ ആയുസ്സിൽ ചെയ്യുന്ന നന്മകൾ കൊണ്ട് മുൻസമുദായങ്ങളെ മറികടക്കാൻ സാധിക്കുന്ന വിധത്തിൽ അല്ലാഹു ഈ ഉമ്മത്തിനു ധാരാളം പുണ്യങ്ങൾ നൽകി. അതിൽ ഒന്നത്രെ ലൈലത്തുൽ ഖദ്ർ! എൺപത്തിമൂന്ന് വർഷത്തിലധികം, ആരാധന ചെയ്യുന്നവർക്കുള്ള മഹത്വം ഒരു രാത്രി കൊണ്ട് ലഭിക്കുന്ന ഭാഗ്യം മഹത്തരം തന്നെയല്ലെ?

ഈ രാത്രി റമളാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലാണ് കൂടുതൽ സാദ്ധ്യത.അത് കൊണ്ട് തന്നെ റമളാനിനെ മൊത്തം ആദരിച്ചും ആ മാസം മുഴുവൻ ആരാധന വർദ്ധിപ്പിച്ചും അത് എന്ന് ആയാലും അതിന്റെ മഹത്വം തനിക്ക് ലഭിക്കാനുള്ള മുൻകരുതൽ എടുക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം. ലൈലത്തുൽ ഖദ്റ് എന്നാണെന്ന് നമുക്ക് അറിവ് നൽകപ്പെടാതിരുന്നത് എല്ലാ രാവിലും പ്രത്യേകിച്ച് അവസാന പത്തിലെ ഒറ്റയിട്ട രാത്രികളിലൊക്കെ ആരാധന വർദ്ധിപ്പിച്ച് കൊണ്ട് ആ രാവിനെ പ്രതീക്ഷിക്കാനും ആരാധന വർദ്ധനവിനു പ്രചോദനം നൽകാനുമാണ്. വേറെയും സമാന സംഭവങ്ങൾ കാണാം. ഇഅ്ത്തികാഫ് ഉൾപ്പെടെയുള്ള നന്മകൾ വർദ്ധിപ്പിക്കുക അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين  സന്ദർശിക്കുക  www.vazhikaati.com   വിവരങ്ങൾക്ക് vilakk@gmail.com

3 comments:

വഴികാട്ടി / pathfinder said...

ഒരു ഇടവേളക്ക് ശേഷം പുതിയ പോസ്റ്റ് അദ്ധ്യായം 97 സൂറത്തുൽ ഖദ്‌ർ

muham said...

നാളുകൾക്ക് ശേഷം വീണ്ടും വിളക്കിന്റെ വെളിച്ചം ലൈലത്തുൽ ഖദ്റിന്റെ വെളിച്ചവുമായി വന്നതിൽ വലിയ സന്തോഷം.
അല്ലാഹു സഹകാരികൾക്കെല്ലാം അനുഗ്രഹം ചെയ്യട്ടെ
ആ ശംസകളോടെ.....

വഴികാട്ടി / pathfinder said...

edited and updated . pdf file also added