Showing posts with label ആത്മീയം. Show all posts
Showing posts with label ആത്മീയം. Show all posts

Sunday, March 18, 2012

അദ്ധ്യായം-57-സൂറത്തുൽ ഹദീദ്‌-ഭാഗം-02

سورة الحديد

മദീനയിൽ അവതരിച്ചു :സൂക്തങ്ങൾ 29


ഭാഗം-01 ( 1 മുതൽ 11 വരെ സൂക്തം -വിവരണം ഇവിടെ വായിക്കുക)

بسم الله الرحمن الرحيم


പരമ കാരുണികനും കരുണാ വാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞു അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു




يَوْمَ تَرَى الْمُؤْمِنِينَ وَالْمُؤْمِنَاتِ يَسْعَى نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَانِهِم بُشْرَاكُمُ الْيَوْمَ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ذَلِكَ هُوَ الْفَوْزُ الْعَظِيمُ(12



സത്യ വിശ്വാസികളുടെയും സത്യ വിശ്വാസിനികളുടെയും പ്രകാശം അവരുടെ മുന്നിലൂടെയും വലത് ഭാഗത്ത് കൂടെയും പാഞ്ഞു കൊണ്ടിരിക്കുന്നതായി തങ്ങൾ കാണുന്ന ദിവസം(ഓർക്കുക) ഇന്ന് നിങ്ങൾക്ക് അനുമോദനം താഴ്ഭാഗങ്ങളിൽ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളാണ് അതിൽ നിത്യ വാസികളായ നിലയിൽ (എന്ന് അവരോട് പറയപ്പെടും)അത് തന്നെയാണ് മികച്ച വിജയം


പരലോകത്ത് സത്യവിശ്വാസികൾക്ക് ലഭിക്കുന്ന ഒരു അംഗീകാരമാണീ പ്രകാശം അവരുടെ നന്മയുടെ തോതനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകുന്നതാണ്.

ഇബ്നു മസ്ഊദ്(റ)പറഞ്ഞതായി ഇമാം ഖുർത്വുബി(റ)റിപ്പോർട്ട് ചെയ്യുന്നു അവർക്ക് അവരുടെ കർമ്മങ്ങളുടെ തോതനുസരിച്ച് പ്രകാശം നൽകപ്പെടും വിശാലമായി പ്രകാശം നൽകപ്പെടുന്നവർ ആക്കൂട്ടത്തിലുണ്ട്.ഏറ്റവും കുറഞ്ഞ പ്രകാശം നൽകപ്പെടുന്നവൻ കാലിന്റെ തള്ള വിരലിൽ മാത്രം പ്രകാശം നൽകപ്പെടുകയും അത് ചിലപ്പോൾ കത്തുകയും മറ്റു ചിലപ്പോൾ കെട്ട് പോവുകയും ചെയ്യുന്നവനാണ്(ഖുർത്വുബി)



സത്യ വിശ്വാസികളുടെ മുഖം അന്ന് വെളുക്കുമെന്നും അല്ലാത്തവരുടെത് അന്ന് കറുത്താണിരിക്കുക എന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്.വുളൂഇന്റെ അടയാളത്താൽ കൈകാലുകളും മുഖവും വെളുത്തവരേ എന്ന് നബി(സ)യുടെ സമുദായം പരലോകത്ത് വിളിക്കപ്പെടുമെന്ന നബി ചചനവും ഇവിടെ സ്മര്യമാണ് ഇന്ന് നിങ്ങൾക്കീ പ്രകാശം മാത്രമല്ല സ്വർഗ്ഗങ്ങളിലുള്ള താമസവും ഉണ്ടാകുന്നതാണ് എന്നും അതാണ് ശരിയായ വിജയമെന്ന് അവരോട് പറയപ്പെടുന്നതുമാണ്.



يَوْمَ يَقُولُ الْمُنَافِقُونَ وَالْمُنَافِقَاتُ لِلَّذِينَ آمَنُوا انظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ارْجِعُوا وَرَاءكُمْ فَالْتَمِسُوا نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ الْعَذَابُ(13

അതായത് കപട വിശ്വാസികളും കപട വിശ്വാസിനികളും സത്യ വിശ്വാസികളോട് ഞങ്ങളെ നോക്കണേ ഞങ്ങൾ നിങ്ങളുടെ പ്രകാശത്തിൽ നിന്ന് അല്പം പകർത്തിയെടുക്കട്ടെ എന്ന് പറയുന്ന ദിവസം!അവരോട് പറയപ്പെടും നിങ്ങളുടെ പിന്നിലേക്ക് നിങ്ങൾ മടങ്ങിയിട്ട് വല്ല പ്രകാശവും അന്വേഷിച്ച് കൊള്ളുക അപ്പോൾ അവർ രണ്ട് കൂട്ടർക്കുമിടയിൽ ഒരു മതിൽ സ്ഥാപിക്കപ്പെടുന്നതാണ് അതിനു ഒരു വാതിലുണ്ടായിരിക്കും അതിന്റെ ഉൾഭാഗത്ത് കാരുണ്യ(സ്വർഗ)മാണ് പുറഭാഗമാകട്ടെ അതിന്റെ ഭാഗത്ത് കൂടെയാണ് ശിക്ഷ(നരകം)



സംഭ്രമജനകമായ മഹ്ശറിൽ വെച്ച് വെളിച്ചം ലഭിക്കാതെ അന്ധാളിച്ച് കഷ്ടപ്പെടുന്ന കപട വിശ്വാസികൾ സത്യ വിശ്വാസികളുടെ പ്രകാശം കാണുമ്പോൾ അവരോട് സഹായം തേടുന്നതും ഈ പ്രകാശം നൽകാനാവില്ലെന്നും വേറെ മാർഗം വല്ലതും നോക്കൂ എന്നുള്ള മറുപടിയും ഇവിടെ വിവരിച്ചിരിക്കുകയാണ്.കൂടുതൽ സംസാരത്തിനു അവസരം നഷ്ടപ്പെടുത്തും വിധം അവർക്കിടയിൽ മതിൽ സ്ഥാപിക്കപ്പെടുന്നതാണ് അതിന്റെ ഉള്ളിലേക്ക് കടന്ന് ചെന്നാൽ അളവറ്റ അനുഗ്രഹങ്ങളോട് കൂടിയ സ്വർഗവും സന്തോഷവുമായിരിക്കും കാണുക.അതിന്റെ മറുവശത്ത് നരകവും സത്യനിഷേധികളും കപട വിശ്വാസികളുമായിരിക്കും രണ്ടിനിമിടക്കുള്ള ഒരതിർത്തിയായിരിക്കും ഈ മതിൽ.



يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ قَالُوا بَلَى وَلَكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّى جَاء أَمْرُ اللَّهِ وَغَرَّكُم بِاللَّهِ الْغَرُورُ(14



അവർ(കപടന്മാർ)അവരെ(സത്യ വിശ്വാസികളെ) വിളിച്ച് ചോദിക്കും ഞങ്ങൾ(ഭൂമിയിൽ)നിങ്ങളോട് കൂടെയായിരുന്നില്ലേ?അവർ പറയും.അതെ.പക്ഷെ നിങ്ങൾ സ്വന്തത്തെ തന്നെ കുഴപ്പത്തിലാക്കി (സത്യ വിശ്വാസികൾക്ക് ആപത്ത് സംഭവിക്കുമെന്ന് )നിങ്ങൾ പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയും (മതത്തിൽ)സംശയിക്കുകയും അള്ളാഹുവിന്റെ കല്പന(മരണം)വന്നെത്തുന്നത് വരെ വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിച്ച് കളയുകയും ചെയ്തു.അള്ളാഹുവിനെ സംബന്ധിച്ച് ആ വഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ച് കളഞ്ഞു



പ്രകാശം നിഷേധിക്കപ്പെടുമ്പോഴുള്ള ഇവരുടെ ദയനീയമായ ചോദ്യമാണ് ഭൂമിയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം താമസിച്ചിരുന്നവരല്ലേ?ഞങ്ങൾക്കൊരു വിഷമം വരുമ്പോൾ നിങ്ങളെന്തേ ഞങ്ങളെ സഹായിക്കാത്തത്?അതിനുള്ള മറുപടി വ്യക്തമാണ്.ഒന്നിച്ച് ജീവിച്ചിട്ടും ഞങ്ങൾ തിരഞ്ഞെടുത്ത സത്യ മാർഗം തള്ളിക്കളയുകയും സത്യ വിശ്വാസം സ്വീകരിച്ച ഞങ്ങൾക്ക് ആപത്ത് വരാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്തു.എന്നാൽ നിങ്ങളുടെ അവഗണനയും പാരയും അവഗണിച്ച് നാഥന്റെ മാർഗം സ്വീകരിച്ചു ഇന്ന് ഞങ്ങൾക്ക് ലഭിച്ച ഈ സൌഭാഗ്യം സത്യ വിശ്വാസത്തിന്റെ പ്രതിഫലമാണ് അത് സത്യ വിശ്വാസം അവഗണിച്ചവർക്ക് അർഹതപ്പെട്ടതല്ല പിശാചിന്റെ ദുർബോധനത്തിനു വഴങ്ങിയ നിങ്ങൾ മതത്തെ സംശയത്തോടെ വീക്ഷിക്കുകയായിരുന്നു എന്നതും നിങ്ങളുടെ പരാചയ കാരണമായി എന്ന് അവരെ ഉണർത്തുകയാണ് സത്യ വിശ്വാസികൾ



فَالْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ الَّذِينَ كَفَرُوا مَأْوَاكُمُ النَّارُ هِيَ مَوْلَاكُمْ وَبِئْسَ الْمَصِيرُ(15



ഇനി ഇന്ന് നിങ്ങളിൽ നിന്നാകട്ടെ സത്യ നിഷേധികളിൽ നിന്നാകട്ടെ യാതൊരു ദണ്ഡവും സ്വീകരിക്കപ്പെടുന്നതല്ല നിങ്ങളുടെ വാസ സ്ഥലം നരകമാണ് അതാണ് നിങ്ങൾക്ക് ഏറ്റവും യോചിച്ചത് ആ മടക്ക സ്ഥലം വളരെ ചീത്ത തന്നെ!



നേരത്തെ പറഞ്ഞ കാരണങ്ങളാൽ നിങ്ങൾക്ക് ഇവിടെ രക്ഷപ്പെടാൻ ഒരു മാർഗവുമില്ലെന്നും നരകത്തിലെത്താനുള്ള സകല യോഗ്യതകളും നിങ്ങളിൽ ഒത്തിട്ടുണ്ടെന്നും അത് വളരെ ചീത്തയായ സങ്കേതമാണെന്നും സാരം



أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِّنْهُمْ فَاسِقُونَ(16



അള്ളാഹുവിന്റെ സ്മരണയിലേക്കും അവതരിച്ച സത്യത്തി(ഖുർആൻ)ലേക്കും തങ്ങളുടെ ഹൃദയങ്ങൾ വിനയപ്പെട്ടു വരുവാൻ സത്യ വിശ്വാസികൾക്ക് സമയമായില്ലെയോ? മുമ്പ് വേദം നൽകപ്പെട്ടവരെ പോലെ ഇവർ ആവാതിരിക്കാനും(സമയമായില്ലയോ?)എന്നിട്ട് അവരിൽ(വേദക്കാരിൽ)കാലം ദീർഘിച്ചു അങ്ങനെ അവരുടെ ഹൃദയങ്ങൾ കടുത്തു പോയി അവരിൽ മിക്കപേരും (തങ്ങളുടെ മതത്തിൽ നിന്ന്)പുറത്തുപോയവരാകുന്നു



മുസ്‌ലിംകൾ സഗൌരവം ചിന്തിക്കേണ്ട ഒരു ചോദ്യമാണ് അള്ളാഹുവിന്റെ സ്മരണയിലേക്കും അവതരിച്ച സത്യത്തി(ഖുർആൻ)ലേക്കും തങ്ങളുടെ ഹൃദയങ്ങൾ വിനയപ്പെട്ടു വരുവാൻ സത്യ വിശ്വാസികൾക്ക് സമയമായില്ലെയോ?

എന്ന ചോദ്യം. സത്യ വിശ്വാസി തന്റെ വിശ്വാസത്തിന്റെ ചൈതന്യംനില നിൽക്കും വിധത്തിൽ എപ്പോഴും സജീവമായിരിക്കണം.ഒരിക്കലും തന്റെ മനസ്സിനു മാന്ദ്യത ഭാധിക്കരുതെന്ന ഉണർത്തലാണിത് അള്ളാഹുവിന്റെ സ്മരണയിലും ഖുർ ആനിന്റെ കല്പനകളിലും എപ്പോഴും നാം മുഴുകിയിരിക്കണമെന്ന് സാരം.ബാദ്ധ്യത മറന്ന മുൻ വേദക്കാരെ പോലെ നാം ആയിക്കൂടാ എന്നതും പ്രധാനപ്പെട്ട ഉപദേശം തന്നെ.ആദ്യ കാലങ്ങളിൽ അവർ നന്നായി ജീവിച്ചുവെങ്കിലും കാലാന്തരത്തിൽ അവരുടെ ഹ്ര്‌ദയങ്ങൾ ദുഷിച്ചു പോവുകയും ദുഷ്ക്കർമ്മങ്ങളിൽ മുഴുകുകയും ചെയ്തു അവർ വേദഗ്രന്ഥങ്ങൾ മാറ്റിമറിച്ചു ഐഹിക താല്പര്യങ്ങൾക്ക് വേണ്ടി നിയമങ്ങളിൽ ഭേദഗതി വരുത്തി.അവരുടെ താല്പര്യ സംരക്ഷണത്തിനായി കള്ളക്കഥകളും പുത്തൻ സിദ്ധാന്തങ്ങളും ആവിഷ്ക്കരിച്ചു. അള്ളാഹുവിനെ വിട്ട് അവരുടെ പുരോഹിതന്മാർക്ക് നിയമ നിർമ്മാണത്തിനുള്ള സ്വതന്ത്രാവകാശം അവർ പതിച്ചു നൽകി .ഇതെല്ലാം മുൻ വേദക്കാരെ നാശത്തിലെത്തിച്ചുവെങ്കിൽ നിങ്ങൾ ഒരിക്കലും അത്തരക്കാ‍രാവരുതെന്നും അള്ളാഹുവിന്റെ സ്മരണ തുടിക്കുന്ന മനസ്സും ഖുർആനിന്റെ ശരിയായ ആശയങ്ങളെ പിന്തുണക്കുന്ന സ്വഭാവവും നില നിർത്തണം എന്നാണിവിടെ ഉണർത്തുന്നത്.എന്നാൽ പൂർവ സൂരികൾ ശരിയായി മനസിലാക്കിയ ഖുർ ആനിക ആശയങ്ങളെ അവഗണിച്ച് തോന്നിയത് പോലെ മതം പറയുന്നവർ തലപൊക്കുകയും അവരെ അനുസരിക്കുന്നിടത്തേക്ക് സമൂഹം അധ:പതിക്കുകയും ചെയ്യുന്നത് വലിയ കഷ്ടം തന്നെ. ഈ സൂക്തം സത്യ വിശ്വാസത്തിന്റെ അനിവാര്യതയിലേക്ക് പല മഹാന്മാർക്കും മാർഗ ദർശനമായിട്ടുണ്ട്.



ഇമാം ഖുർത്വുബി(റ)എഴുതുന്നു ഇബ്നുൽ മുബാറക്(റ)വും ഫുളൈലു ബ്നു ഇയാള്(റ)വുമൊക്കെ ആത്മീയ ഉന്നതിയിലേക്ക് എത്താൻ കാരണം ഈ സൂക്തമാണ്. ഫുളൈൽ(റ)പിടിച്ച് പറിക്കാരനായി ജീവിച്ചു കൊണ്ടിരിക്കെ ഒരു പെണ്ണുമായി ഇഷ്ടത്തിലാവുകയും അവൾക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രാത്രി മതിൽ ചാടി അവളുടെ അടുത്തെത്താൻ ശ്രമിക്കുമ്പോൾ ഒരാൾ ഈ സൂക്തം പാരായണം ചെയ്യുന്നത് അദ്ദേഹം കേൾക്കുകയും അത് മനസ്സിനെ തട്ടിയുണർത്തിയപ്പോൾ പിന്നോട്ട് മാറി അള്ളാഹുവേ!എനിക്ക് നിന്നെ ഭയപ്പെടാൻ സമയമായി എന്ന് പറഞ്ഞ് പാശ്ചാത്താപ മന:സ്ഥിതിയോടെ തിരിച്ചു പോന്നു.അങ്ങനെ രാത്രി പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിൽ കഴിച്ചു കൂട്ടാമെന്ന് കരുതി ഒരു മൂലയിൽ ചുരുണ്ട് കൂടിയപ്പോൾ തൊട്ടപ്പുറത്തിരുന്ന് ഒരു യാത്രാ സംഘം പരസ്പരം സംസാരിക്കുന്നത് താൻ കേട്ടു.നമുക്ക് രാത്രി ഇവിടെ തന്നെ കൂടാം കാരണം വഴിയിൽ ആ ഫുളൈൽ കൊള്ളക്കിറങ്ങിയിട്ടുണ്ടാവും എന്ന്! അപ്പോൾ ഫുളൈൽ(റ) ഞാൻ രാത്രിയിൽ അള്ളാഹുവിനു ഇഷ്ടമില്ലാത്ത പണികൾ ചെയ്യുന്നു.അള്ളാഹുവിന്റെ അടിമകൾ എന്നെ ഭയപ്പെടുന്നു.അള്ളാഹുവേ! ഞാൻ ഇപ്പോൾ തന്നെ നിന്നിലേക്ക് പാശ്ചാത്തപിച്ച് മടങ്ങുന്നു എന്നും എല്ലാം ഉപേക്ഷിച്ച് നിന്റെ ഭവനമായ കഅബയുടെ സഹവാസം ഞാൻ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു എന്ന് താൻ പ്രഖ്യാപിച്ചു.(ഖുർത്വുബി)

അള്ളാഹുവിന്റെ സമയമായില്ലേ നന്നാവാൻ എന്ന ഈ ചോദ്യം നമ്മുടെയൊക്ക കർണപുടങ്ങളിൽ അലയടിക്കട്ടെ.അതെ നാഥാ എനിക്ക് നിന്നെ ഭയപ്പെട്ട് ജീവിക്കാൻ സമയമായി! എന്ന് പറയാൻ നമുക്കാവുകയും ചെയ്യട്ടെ എന്ന് പ്രത്യാശിക്കുകയാണ്



اعْلَمُوا أَنَّ اللَّهَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا قَدْ بَيَّنَّا لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ(17



ഭൂമി നിർജ്ജീവമായതിനു ശേഷം അള്ളാഹു അതിനെ ജീവിപ്പിക്കുക തന്നെ ചെയ്യുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കണം തീർച്ചയായും നിങ്ങൾക്ക് ചിന്തിച്ച് ഗ്രഹിക്കുവാൻ വേണ്ടി നാം ദൃഷ്ടാന്തങ്ങൽ വ്യക്തമാക്കിത്തന്നിരിക്കുന്നു



ഉണങ്ങി വരണ്ട ഭൂമിയിൽ മഴ വർഷിച്ചാൽ അത് പച്ച പിടിച്ച് ജീവസ്സുറ്റതാകുന്നത് നാം കാണുന്നുണ്ട്.അത് പോലെ ദുഷിച്ചു മരവിച്ചു പോയ ഹ്ര്‌ദയങ്ങളിലേക്ക് അള്ളാഹുവിനെക്കുറിച്ചുള്ള സ്മരണയും ഭയവും വന്നു കഴിഞ്ഞാൽ അതിനു ആത്മീയ ചൈതന്യമുണ്ടാകും അങ്ങനെ ആ ഹ്ര്‌ദയം വിശ്വാസവും ഭക്തിയും നിറഞ്ഞതും തന്മൂലം നന്മകളെ ഉൽ‌പ്പാദിപ്പിക്കുന്നതുമായിരിക്കും.അതിനാവശ്യമായ ദൃഷ്ടാന്തങ്ങളാകുന്ന മഴ അള്ളാഹു നമ്മിലേക്ക് വ്യക്തമാക്കിയിട്ടുണ്ടെന്ന് സാരം



إِنَّ الْمُصَّدِّقِينَ وَالْمُصَّدِّقَاتِ وَأَقْرَضُوا اللَّهَ قَرْضًا حَسَنًا يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ(18


നിശ്ചയമായും ദാനധർമ്മം ചെയ്യുകയും അള്ളാഹുവിനു നല്ല കടം കൊടുക്കുകയും ചെയ്ത പുരുഷന്മാർക്കും സ്ത്രീകൾക്കും (പ്രതിഫലം)ഇരട്ടിച്ചു നൽകപ്പെടുന്നതാണ് അവർക്ക് മാന്യമായ പ്രതിഫലമുണ്ടായിരിക്കും



ധർമ്മം ചെയ്യുന്ന സ്ത്രീക്കും പുരുഷനും അള്ളാഹു നൽകിയതിന്റെ ഇരട്ടികൾ പ്രതിഫലം നൽകും ഇത് ഇതേ അദ്ധ്യായത്തിലെ പതിനൊന്നാം സൂക്തത്തിൽ വിശദീകരിച്ചത് ഓർക്കുമല്ലോ



وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ أُوْلَئِكَ هُمُ الصِّدِّيقُونَ وَالشُّهَدَاء عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُوْلَئِكَ أَصْحَابُ الْجَحِيمِ(19



അള്ളാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ അവർ തന്നെയാണ് തങ്ങളുടെ രക്ഷിതാവിങ്കൽ സ്വിദ്ദീഖുകളും ശഹീദുകളും.തങ്ങളുടെ പ്രതിഫലവും പ്രകാശവും അവർക്കുണ്ടായിരിക്കുന്നതാണ് സത്യത്തെ നിഷേധിക്കുകയും നമ്മുടെ ആയത്തുകളെ വ്യാജമാക്കുകയും ചെയ്യുന്നവരാരോ അവർ നരകക്കാരാകുന്നു

സിദ്ദീഖ് എന്നാൽ സത്യ വിശ്വാസത്തിലും സത്യ നിഷ്ഠയിലും അടിയുറച്ച അങ്ങേയറ്റത്തെ സത്യ സന്ധൻ എന്നാണ്.ഇസ് ലാമിന്റെ രക്ഷക്കും നിലനിൽ‌പ്പിനും വേണ്ടി സ്വജീവൻ ബലിയർപ്പിച്ചവർ എന്നാണ് ശഹീദിന്റെ സാരം.സിദ്ദീഖിന്റെ സ്ഥാനം വിശ്വാസത്തിന്റെ ശക്തിയിൽ നിന്നും ശഹീദിന്റെ സ്ഥാനം ത്യാഗത്തിന്റെ ശക്തിയിൽ നിന്നും ഉടലെടുക്കുന്നു.പ്രവാചകന്മാരുടെ പദവി കഴിച്ചാ‍ൽ മനുഷ്യനു എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഉന്നതമായ പദവിയാണ് ഈ പറഞ്ഞവ.പ്രവാചക പദവി സ്വ പ്രയത്നം കൊണ്ട് ലഭിക്കുന്നതല്ല .അത് അള്ളാഹു പ്രത്യേകം തിരഞ്ഞെടുത്തവർക്കേ ലഭിക്കൂ .എല്ലാ കേവല സത്യ വിശ്വാസികളും സിദ്ദീഖുകളാണെന്നല്ല ഈ സൂക്തത്തിന്റെ ആശയം.പ്രത്യുത സത്യ വിശ്വാസത്തിന്റെ താല്പര്യമനുസരിച്ച് ജീവിതത്തിൽ സത്യ സന്ധതയും സൂക്ഷ്മതയും പാലിക്കുന്നവർക്കെ ആ സ്ഥാനം ലഭിക്കൂ സത്യ നിഷേധികൾ എന്ത് നല്ല പ്രവർത്തനം നടത്തിയാലും അള്ളാഹുവിന്റെ അടുത്ത് ശിക്ഷാർഹരാ‍ണെന്ന് സൂക്തത്തിന്റെ അവസാനം അറിയിക്കുന്നു



اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ(20



ഭൌതിക ജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങൾ തമ്മിൽ ദുരമഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുമ കാണിക്കലും മാത്രമാകുന്നു എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം (അതിന്റെ ഉപമ)ഒരു മഴ പോലെയാണ് അതുമൂലം മുളച്ച സസ്യം കർഷകരെ അത്ഭുതപ്പെടുത്തി.പിന്നീട് അത് ഉണങ്ങിപ്പോകുന്നു എന്നിട്ടതിനെ മഞ്ഞനിറമുള്ളതായി നീ കാണും അനന്തരമത് തുരുമ്പിച്ച വൈക്കോലായിത്തീരുന്നു പരലോകത്ത് കഠിന ശിക്ഷയും അള്ളാഹുവിങ്കൽ നിന്നുള്ള പാപ മോചനവും സംതൃപ്‌തിയുമുണ്ട് ഐഹിക ജീവിതം വഞ്ചനയുടെ വിഭവങ്ങൾ മാത്രമാകുന്നു



ഐഹിക ജീവിതത്തിന്റെ ആകെത്തുകയും അതിന്റെ യാഥാർത്ഥ്യവുമാണീ സൂക്തം.ഒരു വ്യാഖ്യാനത്തിനു ആവശ്യമില്ലാത്ത വിധം വ്യക്തമാണിത്.ഭൂമിയിൽ മഴ വർഷിച്ച് സസ്യങ്ങൾ മുളച്ചു ഭൂമിയിൽ പച്ചപ്പട്ട് വിരിച്ചു നിൽക്കുന്ന കൃഷികണ്ട് കർഷകർ ആനന്ദഭരിതനായി പിന്നീട് അത് മഞ്ഞ നിറമാകുന്നു തുടർന്ന് അത് ഉണങ്ങി വൈക്കോലായി നുറുങ്ങിപ്പൊടിഞ്ഞു പോകുന്നു ഇത് പോലെയാണ് ഐഹികജീവിതവും..നശ്വരവും ക്ഷണികവുമാണത്.എന്നാൽ കേവല ഭൌതിക വാദികളല്ലാത്ത ചില ആളുകൾ തന്നെ ഐഹിക ജീവിതത്തെയും പാരത്രിക ജീവിതത്തെയും ഒരേ അളവു കോൽ കൊണ്ട് അളക്കുന്നത് കാണാം.ചിലരുടെ പ്രസ്താവന കാണുമ്പോൾ അള്ളാഹുവും റസൂലും മനുഷ്യന്റെ വിജയമായി കണക്കാ‍ക്കുന്നത് ഐഹികജീവിതത്തിന്റെ വിജയം മാത്രമാണെന്നും തോന്നിപ്പോകും അങ്ങനെയുള്ളവർ ഈ സൂക്തവും ഇത് പോലുള്ളതും തുറന്ന ഹൃദയത്തോടേ നോക്കേണ്ടതാണ് ഐഹിക വിഭവങ്ങളെല്ലാം അവഗണിക്കണമെന്നോ വർജ്ജിക്കണമെന്നോ അല്ല ഈ പറഞ്ഞതിന്റെ സാരം.മറിച്ച് ഇവ അള്ളാഹുവിന്റെ നിയമങ്ങൾക്കനുസരിച്ച് മാത്രം ഉപയോഗിക്കുകയും തന്റെ പരലോക വിജയത്തിനു തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.ഐഹിക ജീവിതം കൊണ്ട് വഞ്ചിതരാവാതിരിക്കുക, .എന്നാൽ നാഥന്റെ പാപമോചനവും സംതൃപ്തിയും ലഭിക്കും.അല്ലാത്തവർക്ക് കഠിന ശിക്ഷയാവും ഫലം ഇമാം ഖുർത്വുബി(റ)എഴുതുന്നു.ഈ സൂക്തവും മുൻ സൂക്തവും തമ്മിലുള്ള ബന്ധം മനുഷ്യൻ ചിലപ്പോൾ യുദ്ധം ഒഴിവാക്കുന്നത് മരണത്തെ ഭയപ്പെട്ടാവും.എന്നാൽ ഭൌതിക ജീവിതം തികച്ചും ക്ഷണികമാണ് എത്ര ശ്രമിച്ചാലും ഐഹിക ജീവിതത്തിനു പരിമിതിയുണ്ട് ഭൂമിയിൽ നടക്കുന്ന ഭാവ മാറ്റങ്ങളും പരിണാമങ്ങളും ഈ ക്ഷണികതയെ മനസിലാക്കിത്തരുന്നുണ്ടെന്നാണിത് സൂചിപ്പിക്കുന്നത് എന്നെന്നും നില നിൽക്കുന്ന പരലോകത്തെ ക്ഷണികമായ ഐഹിക ജീവിതത്തിനു വേണ്ടി നഷ്ടപ്പെടുത്തരുതെന്ന് സാരം

അള്ളാഹു നമ്മെയെല്ലാം സജ്ജനങ്ങളിൽ പെടുത്തട്ടെ ആമീൻ

ബാക്കി സൂക്തങ്ങളുടെ വിവരണം അടുത്ത പോസ്റ്റിൽ  ഇൻശാ അള്ളാഹ്








Tuesday, September 13, 2011

അദ്ധ്യായം-76 -സൂറത്തുദ്ദഹ്റ് /സൂറത്തുൽ ഇൻസാൻ-ഭാഗം-01

سورة الإنسان –سورة الدهر

മക്കയിൽ അവതരിച്ചു -സൂക്തങ്ങൾ 31




بسم الله الرحمن الرحيم



പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു





ദഹ്റ് എന്നാൽ കാലം എന്നർത്ഥം. ഈ അദ്ധ്യായത്തിന്റെ ഒന്നാം സൂക്തത്തിൽ തന്നെ ആ പദം വരുന്നുണ്ട്. മനുഷ്യനെക്കുറിച്ചുള്ള ചില മൌലിക പരാമർശങ്ങളുൾക്കൊള്ളുന്നതിനാൽ ഇതിനു സൂറത്തുൽ ഇൻസാൻ എന്നും പേരുണ്ട്.മദീനയിലാണിതിന്റെ അവതരണം എന്നും അഭിപ്രായം ഉണ്ട്

അവതരണ കാരണത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്.നബി(സ)യോട് ഒരാൾ പല കാര്യങ്ങളും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ ഉമർ(റ) പറഞ്ഞു.ഹേ!സഹോദരാ നബി(സ)യെ വിഷമിപ്പിക്കല്ലേ…അപ്പോൾ നബി(സ) പറഞ്ഞു.ഉമറേ!അദ്ദേഹം ചോദിക്കട്ടെ.അപ്പോൾ ഈ അദ്ധ്യായം അവതരിച്ചു.നബി(സ) അത് പാരായണം ചെയ്യുകയും അങ്ങനെ സ്വർഗത്തിന്റെ വിശേഷണങ്ങൾ പരാമർശിക്കുന്ന ഭാഗമെത്തിയപ്പോൾ ആ മനുഷ്യൻ നെടുവീർപ്പിടുകയും ഉടൻ മരണപ്പെടുകയും ചെയ്തു.അപ്പോൾ നബി(സ) പറഞ്ഞു.സ്വർഗത്തിലേക്കുള്ള ആഗ്രഹം നിങ്ങളുടെ സഹോദരന്റ്റെ ആത്മാവ് വേർപ്പെടുത്തി..അലി(റ)ന്റെ വിഷയത്തിലാണീ അദ്ധ്യായം അവതരിച്ചതെന്നും അഭിപ്രായമുണ്ട്.

അവതരണ കാരണമെന്ത് തന്നെയായാലും ഉദ്ദേശ്യം പൊതുവാണ്. ഖുർആനിലെ അവതരണകാരണം പറയപ്പെട്ട എല്ലാത്തിന്റെയും വിധി പൊതുവായി തന്നെ വിലയിരുത്തപ്പെടുന്നതാണ് അവതരണ കാരണത്തിൽ മാത്രം ഒതുക്കി നിർത്തേണ്ടതല്ല (ഖുർത്വുബി)





هَلْ أَتَى عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ لَمْ يَكُن شَيْئًا مَّذْكُورًا(1




പറയത്തക്ക ഒരു വസ്തുവും ആയിരുന്നിട്ടില്ലാത്ത ഒരു കാലഘട്ടം നിശ്ചയമായും മനുഷ്യന്റെ മേൽ കഴിഞ്ഞു പോയിട്ടില്ലേ?

കഴിഞ്ഞു പോയിട്ടില്ലേ എന്ന് അന്വേഷണമല്ല നിസ്സംശയം കഴിഞ്ഞു പോയിട്ടുണ്ടെന്ന് തറപ്പിച്ചു പറയലാണുദ്ദേശ്യം .അത് കൊണ്ട് തന്നെ ഇവിടെ هَلْ എന്ന പദം തീർച്ചയായും എന്ന അർത്ഥം ലഭിക്കുന്ന قد എന്ന അർത്ഥത്തിലാണ് മിക്കവ്യാഖ്യാതാക്കളും പറയുന്നത്

മനുഷ്യൻ എന്ന അവസ്ഥ പോയിട്ട് ഏതെങ്കിലും രൂപത്തിലുള്ള ഒരു വസ്തു എന്ന് പോലും പറയാൻ പറ്റാത്ത നീണ്ട കാലഘട്ടം (–നിശ്ശേഷം ശൂന്യമായിരുന്ന എത്രയോ നീണ്ട കാലം )–മനുഷ്യനു മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട് ആകാശ ഭൂമികൾക്ക് മുമ്പ്,അവയുടെ സൃഷ്ടിപ്പിനു ശേഷം, ഭൂമിയിൽ ജീവികൾ നിലവിൽ വരുന്നതിനു മുമ്പ്, അതിനു ശേഷം,മനുഷ്യ പിതാവായ ആദം(അ) സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ്, പിന്നീട് ഓരോരുത്തരും മനുഷ്യ സൃഷ്ടിയായി വരുന്നതിനു മുമ്പ്.എന്നിങ്ങനെയുള്ള ഓരോ ഘട്ടത്തെക്കുറിച്ചും ആലോചിച്ച് നോക്കുക പിന്നെയാണ് മനുഷ്യനായി നാം ഓരോരുത്തരും ജനിക്കുന്നത്

ഇവിടെ പറഞ്ഞ മനുഷ്യൻ ആദം(അ) ആണ്.തനിക്ക് ആത്മാവ് നൽകുന്നതിനു മുമ്പ് കളിമണ്ണ് കൊണ്ട് പടക്കപ്പെട്ട രൂപമായി താൻ നാല്പത് കൊല്ലം കിടന്നു.അപ്പോൾ അള്ളാഹുവല്ലാതെ ആർക്കും ഇത് എന്താണ് ആവാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു.പിന്നീട് ആത്മാവ് നൽകപ്പെടുകയും തന്നെ അള്ളാഹുവിന്റെ പ്രതിനിധിയായി ഭൂമിയിലേക്ക് നിയോഗിക്കപ്പെടുന്നുവെന്നും മലക്കുകൾക്ക് അറിയാത്ത വിശാലവിജ്ഞാനം കൊണ്ട് തന്നെ അള്ളാഹു ആദരിക്കുകയും ആകാശവും ഭൂമിയും പർവതങ്ങളും ഏറ്റെടുക്കാൻ വിസമ്മതിച്ച അള്ളാഹുവിന്റെ അമാനത്ത്(വിധി വിലക്കുകളാവുന്ന സൂക്ഷിപ്പ് സ്വത്ത്) ഏറ്റെടുക്കുക വഴി തന്റെ മഹത്വം സ്ഥിരീകരിക്കപ്പെടുകയും ചെയ്തു കൊണ്ട് താൻ പറയപ്പെടാൻ മാത്രമുണ്ടെന്ന മഹത്വം സ്ഥിരീകരിക്കപ്പെട്ടു .(ഖുർത്വുബി)

മനുഷ്യനു പരലോകത്ത് വരാനിരിക്കുന്ന വിചാരണയും ഭൂമിയിലുണ്ടാകാവുന്ന പരീക്ഷണങ്ങളുടെ ഗൌരവവും ചിന്തിച്ചു കൊണ്ട് ഈ ഭാഗം പാരായണം ചെയ്യുമ്പോൾ അത് അങ്ങനെ തന്നെ അങ്ങ് പോയാൽ മതിയായിരുന്നു എന്ന് അബൂബക്കർ(റ) ഉമർ(റ) തുടങ്ങിയ മഹത്തുക്കൾ ആത്മ ഗതം ചെയ്യാറുണ്ട്(ഖുർത്വുബി)

മനുഷ്യനെ ശൂന്യതയിൽ നിന്ന് ജന്മം നൽകിയ അള്ളാഹുവിനു അവനെ പുനർജ്ജീവിപ്പിക്കാൻ കഴിവില്ലെന്ന് പറയാൻ ചിന്താശേഷിയില്ലാത്തവനു മാത്രമേ കഴിയൂ




إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا(2




(പലതും) കൂടിച്ചേർന്ന ഒരു ഇന്ദ്രിയ ബിന്ദുവിൽ നിന്ന് നിശ്ചയമായും മനുഷ്യനെ നാം സ്ര്‌ഷ്ടിച്ചിരിക്കുന്നു അവനെ നാം പരീക്ഷിക്കുന്നതാണ് അങ്ങനെ അവനെ നാം കേൾക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു

നിസ്സാരമായ ഇന്ദ്രിയത്തുള്ളിയിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്.അതാവട്ടെ വിവിധ വസ്തുക്കളാൽ മിശ്രിതമാണ്. മാതാ-പിതാവിൽ നിന്നുള്ള ബീജാണ്ഡങ്ങൾ കലർന്നതെന്ന നിലക്കും ശീതോഷ്ണം വാദ-പിത്ത-കഫം ആദിയായ പല പ്രകൃതി വിശേഷണങ്ങളോട് കൂടിയതെന്ന നിലക്കും മറ്റു പല രീതിയിലും ആ ചെറു ബീജം ധാരാളം വസ്തുക്കളുടെ മിശ്രിതമാണെന്ന് കാണാം അതാണ് പലതും കൂടിച്ചേർന്ന ഇന്ദ്രിയ ബിന്ദുവിൽ നിന്ന് മനുഷ്യനെ പടച്ചു എന്ന് പറഞ്ഞത് .ഈ മനുഷ്യനു വിധി വിലക്കുകളാകുന്ന പരീക്ഷണം അള്ളാഹു നൽകി .ഈ പരീക്ഷണത്തിൽ വിജയിക്കാനാവശ്യമായ എല്ലാ ഉപാധികളും അവന്നു ശരിപ്പെടുത്തിക്കൊടുത്തു.അതാണ് അവനെ കേൾക്കുന്നവനും കാണുന്നവനുമാക്കി എന്ന് പറഞ്ഞത്


ഈ ലോകം പരീക്ഷണത്തിന്റേതാണ് എന്നെന്നേക്കുമുള്ള വിജയം കരസ്ഥമാക്കാൻ ഈ ലോകം ഉപയോഗപ്പെടുത്തുന്നവനാണ് സത്യ വിശ്വാസി.തന്റെ ശരീരത്തെ അള്ളാഹുവിനു കീഴ്പ്പെടുത്തുകയും മരണ ശേഷമുള്ള ജീവിതത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാൻ എന്ന് നബി വചനം ശ്രദ്ധേയമാണ്



إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا(3)




ഒന്നുകിൽ നന്ദിയുള്ളവനായിക്കൊണ്ട് അല്ലെങ്കിൽ നന്ദികെട്ടവനായിക്കൊണ്ട് നിശ്ചയമായും അവന്ന് നാം വഴികാണിച്ചു കൊടുത്തു

പ്രവാചകന്മാരെ നിയോഗിച്ച് അവൻ സഞ്ചരിക്കേണ്ട മാർഗം അവനു അള്ളാഹു വ്യക്തമാക്കിക്കൊടുത്തു.എന്നാൽ കാണിച്ച് കൊടുത്ത മാർഗത്തിൽ സഞ്ചരിച്ച് നന്ദിയുള്ളവരായി മാറുന്നവരും ആ മാർഗം തെറ്റി നടന്ന് നന്ദി കെട്ടവനായി ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ട്,രണ്ട് വിഭാഗത്തിനും അള്ളാഹു നൽകുന്ന കാര്യങ്ങളാണ് തുടർന്ന് പറയുന്നത്



إِنَّا أَعْتَدْنَا لِلْكَافِرِينَ سَلَاسِلَا وَأَغْلَالًا وَسَعِيرًا(4




സത്യ നിഷേധികൾക്ക് ചില കാൽച്ചങ്ങലകളും വിലങ്ങുകളും ജ്വലിക്കുന്ന അഗ്നിയും നാം ഒരുക്കിവെക്കുകതന്നെ ചെയ്തിട്ടുണ്ട്

സത്യ നിഷേധികൾക്ക് അള്ളാഹു തയാർ ചെയ്ത ശിക്ഷകളിൽ ചിലതാണ് ഈ സൂക്തത്തിൽ പറഞ്ഞത്. കാൽ ചങ്ങലകളും കൈവിലങ്ങുകളും കത്തിജ്ജ്വലിക്കുന്ന നരകവും ആണ് സത്യ നിഷേധികളെ കാത്തിരിക്കുന്നത് അദ്ധ്യായം (69) അൽ ഹാഖ്ഖ യിൽ ഇതിന്റെ സ്വഭാവം മുമ്പ് വിവരിച്ചിട്ടുണ്ട്



إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا(5




നിശ്ചയമായും പുണ്യവാന്മാർ (മദ്യം നിറച്ച) ഒരു തരം പാന പാത്രങ്ങളിൽ നിന്ന് കുടിക്കുന്നതാണ് അതിലെ ചേരുവ കർപ്പൂരമായിരിക്കും

പുണ്യവാന്മാരെന്നാൽ അള്ളാഹുവിന്റെ കല്പനകൾക്ക് അക്ഷരാർത്ഥത്തിൽ വഴങ്ങിക്കൊടുത്തു കൊണ്ട് സത്യ സന്ധമായി ജീവിച്ചവർ എന്നാണ്.അവർ ചെയ്ത സൽക്കർമ്മത്തിന്റെ പേരിൽ അവർക്ക് ലഭിക്കുന്ന മഹത്വമാണ് കർപ്പൂരം കലർത്തിയ മദ്യം കുടിക്കാൻ ലഭിക്കും എന്നത്

ഇവിടെكَافُور എന്നാൽ സ്വർഗത്തിലെ ഒരു പ്രത്യേക നദിയാണെന്നും ആ നദിയിലെ വെള്ളം കലർത്തിയ പാനീയം കുടിക്കുമെന്നും വിശദീകരണമുണ്ട്.കർപ്പൂരത്തിന്റെ മണം ആ പാനീയത്തിനുണ്ടാവും എന്നും അഭിപ്രായമുണ്ട്



عَيْنًا يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيرًا(6



അതായത് ഒരു ജലം അള്ളാഹുവിന്റെ അടിമകൾ അതിൽ നിന്ന് കുടിക്കും അവരത് (ഇഷ്ടാനുസരണം) ഒഴുക്കി നടത്തുന്നതാണ്

അള്ളാഹുവിന്റെ തൃപ്തി നേടിയ അടിമകൾ ആ മദ്യത്തിന്റെ പുഴയിൽ നിന്ന് കുടിക്കും. അവരത് ഇഷ്ടാനുസരണം ഒഴുക്കുമെന്ന് പറഞ്ഞതിന്റെ താല്പര്യം അവരുദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും യഥേഷ്ടം ഒഴുക്കിക്കൊണ്ടു പോകാവുന്ന നിലക്കുള്ള നീരുറവയാണ് ആ മദ്യം എന്നത്രെ



يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا(7



അവർ നേർച്ചയെ നിറവേറ്റുകയും ആപത്തുകൾ പാറിപ്പറക്കുന്ന ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യും

പുണ്യവാന്മാരുടെ ചില സ്വഭാവങ്ങളാണിവിടെ പറയുന്നത് .നേർച്ച ചെയ്താൽ അത് നിറവേറ്റും (വ്യക്തിപരമായി നിർബന്ധമല്ലാത്തതും എന്നാൽ പുണ്യകരവുമായ കാര്യം നിർബന്ധ പൂർവം ചെയ്യാൻ ഏറ്റെടുക്കുക എന്നാണ് ഇസ്ലാമിക നേർച്ച ) .അള്ളാഹു തനിക്ക് നിർബന്ധമാക്കിയത് മാത്രമല്ല താൻ സ്വയം ചിലത് ഏറ്റെടുക്കുകയും അത് കൂടി നിർവഹിക്കാൻ ശുഷ്ക്കാന്തി കാണിക്കുകയും ചെയ്യും.അതിൽ തനിക്ക് നിർബന്ധമുണ്ടാവാൻ കാരണം ആപത്തുകൾ പറന്നു നടക്കുന്ന അന്ത്യദിനത്തെ ഭയപ്പെടുന്നതാണ്



وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا(8



ഭക്ഷണത്തോട് (തങ്ങൾക്കു തന്നെ) ഇഷ്ടമായതോട് കൂടി അഗതികൾക്കും അനാഥക്കുട്ടികൾക്കും ബന്ധനസ്ഥർക്കും അവർ ഭക്ഷണം കൊടുക്കുന്നതുമാണ്

തങ്ങളുടെ കയ്യിലുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും കൂടുതൽ പരിഗണനയർഹിക്കുന്ന അഗതികൾ. അനാഥർ.ബന്ധനസ്ഥർ എന്നിവർക്കൊക്കെ അത് നൽകുന്നവരാണവർ

തന്റെ ആവശ്യങ്ങൾക്ക് മതിയാവും വിധം വരുമാനമില്ലാത്തവനാണ് അഗതി,പിതാവ് മരണപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടിയാണ് അനാഥൻ.ബന്ധനസ്ഥർ എന്നതിന്റെ വിവക്ഷ സംബന്ധമായി ഇവിടെ വ്യാഖ്യാതാക്കൾ പല വ്യാഖ്യാനവും പറഞ്ഞിട്ടുണ്ട്.എല്ലാം വിശദീകരിച്ചു കൊണ്ട് ഇമം ത്വബ്_രി(റ)എഴുതുന്നത് മുശ്_രിക്കുകളാവട്ടെ മുസ് ലിംകളാവട്ടെ ബന്ധനസ്ഥരായവരെയൊക്കെ തന്റെ കാരുണ്യം കൊണ്ട് കടാക്ഷിക്കേണ്ടവനാണ് മുസൽമാൻ എന്നത്രെ!(ത്വബ് രി)

ഇമാം റാസി(റ) എഴുതുന്നു,,ആരാധനകളുടെ ആകെത്തുക രണ്ടു കാര്യങ്ങളിൽ ക്ലിപ്തമാണ് (ഒന്ന്)അള്ളാഹുവിന്റെ കല്പനകളെ ബഹുമാനിക്കൽ. നേർച്ച നിറവേറ്റുന്നവർ എന്നത് അതിലേക്ക് സൂചനയാണ് (രണ്ട്)അള്ളാഹുവിന്റെ പടപ്പുകളോട് സ്നേഹം കാണിക്കൽ. ഭക്ഷണം നൽകുന്നവരാണെന്ന് പറഞ്ഞത് അതിലേക്ക് സൂചനയാണ്(റാസി)

ഇവിടെ ഭക്ഷണം നൽകുക എന്ന് പറഞ്ഞത് അവർക്ക് ആവശ്യമുള്ളതൊക്കെ നൽകും വിധം അവർക്ക് ഗുണം ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ്.ഭക്ഷണം എന്നത് മനുഷ്യ നിലനില്പിന്റെ ഒരു അവിഭാജ്യ ഘടകമായതിനാൽ അത് പരാമർശിച്ചുവെന്നേയുള്ളൂ. പലിശ ഭക്ഷിക്കരുത്,അനാഥരുടെ ധനം തിന്നരുത്. നിങ്ങളുടെ ധനം അനധികൃതമായി തിന്നരുത് എന്നൊക്കെ ഖുർആൻ പരാമർശിച്ചിടത്തും തിന്നാനല്ലെങ്കിൽ ഇതൊക്കെ ആവാം എന്ന അർഥത്തിലല്ല. പ്രത്യുത ധനത്തിന്റെ പ്രധാന ലക്ഷ്യം തീറ്റയാണെന്ന് വരുത്തലാണ്.അപ്പോൾ ചിലർക്ക് ഭക്ഷണത്തേക്കാൾ ആവശ്യമായ മറ്റു സഹായങ്ങൾ ആവശ്യമാണെങ്കിൽ അത് ചെയ്ത് കൊടുക്കുന്നതും നല്ലവരുടെ ബാധ്യതയിൽ വരുന്നതും ഈ പ്രശംസയുടെ പരിധിയിൽ പെട്ടതുമത്രെ



إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاء وَلَا شُكُورًا(9



(അവരിങ്ങനെ പറയുകയും ചെയ്യും)നിശ്ചയമായും അള്ളാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രം ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം നൽകുകയാണ് നിങ്ങളിൽ നിന്ന് ഒരു പ്രതിഫലമാകട്ടെ ഒരു നന്ദിയാകട്ടെ ഞങ്ങളുദ്ദേശിക്കുന്നില്ല

അവർ ഈ ഭക്ഷണം നൽകുന്നത് ആരുടെയെങ്കിലും മുന്നിൽ ആളാവാനോ ഇവരുടെ പ്രീതി ആഗ്രഹിച്ചത് കൊണ്ടോ ഇവരിൽ നിന്ന് പ്രത്യുപകാരം പ്രതീക്ഷിച്ചു കൊണ്ടോ അല്ല.അള്ളാഹുവിന്റെ പൊരുത്തം കിട്ടണമെന്ന ചിന്ത മാത്രമേ അവർക്കുള്ളൂ

മുകളിൽ പറഞ്ഞ വാചകം ഇവർ വാക്കാൽ പറഞ്ഞതാവാനും അവരുടെ മനസ്സിലുള്ള ഈ കാര്യം അള്ളാഹു ഉണർത്തിയതാവാനും സാദ്ധ്യതയുണ്ട്.എന്തായാലും നാം ആവശ്യക്കാർക്ക് വല്ലതും ചെയ്ത് കൊടുക്കുമ്പോൾ നമുക്കുണ്ടാവേണ്ട ചിന്തയാണിതെന്ന് ഓർക്കേണ്ടതുണ്ട്.ജനത്തെ കാണിക്കാനും അവരുടെ പ്രശംസയും കൈയടിയും നേടാനുമുള്ള ഒരു പ്രവർത്തനവും നാഥന്റെ സ്വീകാര്യതക്ക് പര്യാപ്തമല്ലെന്ന് അറിയാമല്ലൊ!



إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا(10



(വിഷാദത്താൽ) മുഖം ചുളിച്ചു പോകുന്ന അതി ദുസ്സഹമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നും ഞങ്ങൾ ഭയപ്പെടുന്നു

അന്ത്യ നാളിന്റെ കാഠിന്യത്തിൽ നിന്ന് രക്ഷപ്പെടാൻ നാഥന്റെ പൊരുത്തം മാത്രമേ മാർഗമുള്ളൂ.ഞങ്ങൾ ചെയ്യുന്ന നന്മകളെല്ലാം ആ പൊരുത്തം നേടാൻ മാത്രമാണ് ആരുടെയും പ്രശംസ ലഭിക്കാനല്ല എന്ന് സാരം





فَوَقَاهُمُ اللَّهُ شَرَّ ذَلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا(11



അതിനാൽ അള്ളാഹു അവരിൽ നിന്ന് ആ ദിവസത്തിന്റെ വിപത്ത് തടയുകയും അവർക്ക് (മുഖ) പ്രസന്നതയും (ഹൃദയ) സന്തുഷ്ടിയും നൽകുകയുമുണ്ടായി


അന്നേദിനം പലരും വിയർത്ത് കുളിച്ചും ക്ലേശിച്ചും കഴിയുമ്പോൾ അവർ അള്ളാഹുവിന്റെ പൊരുത്തം കാംക്ഷിച്ചതിനാലും ഈ ദിനത്തിന്റെ വിപത്തിനെ ഭയപ്പെട്ടതിനാലും ആ ദിനത്തിൽ നാഥൻ പ്രത്യേകം അവർക്ക് അനുഗ്രഹം ചെയ്യുകയും സന്തോഷത്താൽ അവരുടെ മുഖം പ്രസന്നമാവുകയും മനസ്സിനു സന്തോഷം നൽകുകയും ചെയ്യും



وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا(12



ക്ഷമിച്ച കാരണത്താൽ അവർക്ക് (സ്വർഗീയ) തോട്ടങ്ങളും പട്ടു വസ്ത്രങ്ങളും അവൻ പ്രതിഫലം നൽകുകയും ചെയ്തു

സ്വന്തം ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ച് സാധുക്കളെ സഹായിച്ചും നാഥന്റെ വിധിവിലക്കുകൾ പാലിക്കുന്നതിൽ സഹനം കൈക്കൊണ്ടും ജീവിച്ച ഈ വിശ്വാസികൾക്ക്-പുണ്യവാന്മാർക്ക്- സ്വർഗീയ തോട്ടങ്ങളും പട്ട് വസ്ത്രങ്ങളും പ്രതിഫലം നൽകും

ക്ഷമ പ്രധാനമായും മൂന്ന് വിധമാണ് കടമകൾ നിർവഹിക്കാനും തെറ്റുകളിൽ നിന്ന് മാറി നിൽക്കാനും പരീക്ഷണങ്ങളിൽ സഹിക്കാനും ക്ഷമ വേണം.ഭൂമിയിൽ ജീവിക്കുമ്പോൾ അള്ളാഹു വിലക്കിയ വസ്ത്രങ്ങൾ വർജ്ജിച്ചവർക്ക് അതിനു പകരമായി അള്ളാഹു അവിടെ പട്ട് വസ്ത്രം നൽകും.ഇവിടെ അള്ളാഹുവിനു വേണ്ടി പല സന്തോഷങ്ങളും ഉപേക്ഷിച്ചതിനു പകരം സ്വർഗ്ഗീയ തോട്ടങ്ങളും അവർക്ക് പരലോകത്ത് അള്ളാഹു പ്രതിഫലം നൽകും



مُتَّكِئِينَ فِيهَا عَلَى الْأَرَائِكِ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا(13



അതിൽ അലംകൃത കട്ടിലുകളിന്മേൽ അവർ ചാരി ഇരുന്നുകൊണ്ട് (സുഖം കൊള്ളും) അവരതിൽ ചൂടോ കൊടും തണുപ്പോ കാണുകയില്ല

ശക്തമായ ചൂടുമൂലമോ കൊടും തണുപ്പു കൊണ്ടോ അവർ വിഷമിക്കേണ്ടി വരില്ല(നരകക്കാർ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നതാണ്)




وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا(14



അതിലെ നിഴലുകൾ(മരക്കൊമ്പുകൾ) അവരുടെ മീതെ അടുത്തതായിരിക്കും അതിലെ പഴക്കുലകൾ (പറിച്ചെടുക്കുവാൻ) വളരെ സൌകര്യപ്പെടുത്തുകയും ചെയ്തിരിക്കുന്നതാണ്

പഴങ്ങൾക്ക് ആഗ്രഹം തോന്നുമ്പോൾ ഇരുന്നോ നിന്നോ കിടന്നോ നിഷ്പ്രയാസം പറിച്ചെടുക്കാവുന്ന തരത്തിൽ പ്രത്യേക സൌകര്യങ്ങളോട് കൂടിയാണ് സ്വർഗത്തിലെ ഫല വൃക്ഷങ്ങള് സ്ഥിതി ചെയ്യുന്നത് അതിലെ പഴക്കുലകൾ പറിച്ചെടുക്കാൻ വളരെ സൌകര്യപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതിന്റെ താല്പര്യം അതാണ്



وَيُطَافُ عَلَيْهِم بِآنِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا(15



വെള്ളികൊണ്ടുള്ള ചില പാത്രങ്ങളും സ്ഫടികങ്ങളുടെ ചില കൂജകളുമായി അവർക്കിടയിൽ ചുറ്റിനടത്തപ്പെടുകയും ചെയ്യും



قَوَارِيرَ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا(16



അതായത് വെള്ളികൊണ്ടുള്ള സ്ഫടിക(മയമായ) പാത്രങ്ങൾ!.അവർ അവക്ക് ഒരു തോത് കണക്കാക്കിയിരിക്കുന്നു

പാത്രം വെള്ളികൊണ്ടുള്ളതാണെങ്കിലും നമ്മുടെ വെള്ളി പോലെയല്ല സ്ഫടിക സമാനമായതായിരിക്കും


ഓരോരുത്തരുടെയും ഹിതത്തിനും ആവശ്യത്തിനുമനുസരിച്ചായിരിക്കും ആ പാത്രങ്ങളിൽ നിറക്കപ്പെട്ട പാനീയം .കുടിക്കുവാനുള്ള ആഗ്രഹം തീരുന്നതോടെ പാത്രത്തിലെ പാനീയവും അവസാനിക്കും അതാണ് ഒരു തോത് കണക്കാക്കിയിരിക്കുന്നു എന്ന് പറഞ്ഞത്



وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا(17



അവർക്കതിൽ (മദ്യം നിറച്ച) ഒരു തരം പാന പാത്രവും കുടിക്കുവാൻ നൽകപ്പെടും അതിന്റെ ചേരുവ ഇഞ്ചിയായിരിക്കുന്നതാണ്

കർപ്പൂരക്കലർപ്പുള്ള ഒരു തരം മദ്യത്തെക്കുറിച്ച് നേരത്തെ വാക്യം അഞ്ചിൽ പ്രസ്താവിച്ചുവല്ലോ.അത് പോലെ ഇഞ്ചിക്കലർപ്പുള്ള ഒരു തരം മദ്യത്തിന്റെ ഉറവയെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.ആസ്വാദ്യകരമായ ഒരു രുചിയാണ് ഇഞ്ചിക്ക്.അറബികൾ ഇഞ്ചിരസത്തെക്കുറിച്ച് വളരെ പുകഴ്ത്തിപ്പറയുന്നവരാണ്



عَيْنًا فِيهَا تُسَمَّى سَلْسَبِيلًا (18



അതായത് സൽ സബീൽ എന്ന് പറയുന്ന അതിലെ ഒരു ജലം

ഇഞ്ചിച്ചേരുവയുള്ള മദ്യയുറവയുടെ പേര് സൽ സബീൽ എന്നാണ്



وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا(19




ശാശ്വത നിവാസികളായ ചിലകുട്ടികൾ അവർക്കിടയിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും അവരെക്കണ്ടാൽ വിതറിയിടപ്പെട്ട മുത്തുകളാണ് അവരെന്ന് തങ്ങൾ വിചാരിക്കുന്നതാണ്

സ്വർഗവാസികൾക്ക് സേവനം ചെയ്തു കൊണ്ട് അവർക്കിടയിൽ ചുറ്റിനടക്കുന്ന കുട്ടികൾ എന്നും ഒരേ സ്ഥിതിയിൽ -ഒരു കാലത്തും മാറ്റം വരാതെ-നില നിൽക്കുന്നതാണ്.വിതറിയിടപ്പെട്ട മുത്തുകളാണെന്ന് തോന്നുമെന്ന് പറഞ്ഞതിൽ നിന്ന് അവരുടെ ഭംഗിയും സൌന്ദര്യവും ഗ്രഹിക്കാവുന്നതാണ് അവരുടെ എണ്ണത്തിന്റെ ആധിക്യവും അത് സൂചിപ്പിക്കുന്നുണ്ട്



وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا(20



അവിടം കണ്ടാൽ വമ്പിച്ച അനുഗ്രഹവും വലിയ ഒരു രാജകീയതയും (സാമ്രാജ്യവും) തങ്ങൾക്ക് കാണാം

വർണ്ണിക്കാനാവാത്ത സുഖങ്ങളും വലിയ അധികാരവും കാണാം.ഇവിടെ പറഞ്ഞ വലിയ അധികാരം എന്താണ് എന്നതിനെ കുറിച്ച് ധാരാളം വ്യഖ്യാനങ്ങളുണ്ട് അള്ളാഹുവിൽ നിന്നുള്ള പ്രത്യേക സമ്മാനങ്ങളുമായി മലക്കുകൾ അവരുടെ അടുത്ത് വരാൻ അവരോട് അനുവാദം ചോദിക്കുന്നതിനെയാണ് ഉദ്ദേശം എന്നും അള്ളാഹുവെ കാണാനുള്ള സൌഭാഗ്യമാണുദ്ദേശ്യമെന്നും ഭൂമിയിൽ രാജാക്കൾക്ക് കിരീടം വെക്കുമ്പോലെ അവർക്ക് പ്രത്യേക കിരീടം നൽകപ്പെടുന്നതാണുദ്ദേശ്യമെന്നും നോക്കെത്താ ദൂരത്തോളം വിശാലമായിക്കിടക്കുന്ന തന്റെ സാമ്രാജ്യമാണുദ്ദേശമെന്നും മറ്റും അഭിപ്രായമുണ്ട്(ഖുർത്വുബി)




عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوا أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا(21



നേർമ്മയുള്ള പച്ചപ്പട്ട് വസ്ത്രങ്ങളും തടിച്ച പട്ടുമാണ് അവർ ധരിക്കുക വെള്ളികൊണ്ടുള്ള വളകളും അവർക്ക് അണിയക്കപ്പെടും അവരുടെ നാഥൻ അവർക്ക് വളരെ ശുദ്ധമായ ഒരു തരം പാനീയം കുടിക്കുവാൻ കൊടുക്കുന്നതുമാണ്

സ്വർണ്ണത്തിന്റെ വളകൾ അണിയിക്കപ്പെടുമെന്ന് വേറേ സ്ഥലത്ത് ഖുർ ആൻ പറഞ്ഞിട്ടുണ്ട്.അപ്പോൾ ചിലപ്പോൾ സ്വർണ്ണവും ചിലപ്പോൾ വെള്ളിയും സ്വർഗ്ഗാവകാശികളുടെ മനസ്സിന്റെ താല്പര്യത്തിനനുസരിച്ച് ധരിക്കാൻ അവസരമുണ്ടാവും എന്ന് സാരം.

ഇവിടെ പറഞ്ഞ ശുദ്ധമായ പാനീയത്തെക്കുറിച്ച് അലി(റ) പറയുന്നത് ഇങ്ങനെയാണ് “സ്വർഗ്ഗാവകാശികൾ സ്വർഗത്തിലേക്ക് വരുമ്പോൾ അവർ ഒരു മരത്തിന്റെ അരികിലൂടെ നടക്കുകയും ആ മരത്തിന്റെ താഴ്ഭാഗത്ത് നിന്ന് രണ്ട് ഉറവകൾ പുറപ്പെടുകയും അതിലെ ഒരു ഉറവയിൽ നിന്ന് അവർ കുടിക്കുകയും അപ്പോൾ അവർക്ക് സന്തോഷത്തിന്റെ പ്രസന്നത കൈവരികയും ആ പ്രസന്ന ഭാവം പിന്നീട് ഒരിക്കലും നഷ്ടമാവാതെ ഇരിക്കുകയും ചെയ്യും പിന്നെ മറ്റേ ഉറവയിൽ നിന്ന് കുടിക്കും.അപ്പോൾ അവരുടെ വയറിനകത്തുള്ള എല്ലാ മ്ലേഛതകളും നീങ്ങിപ്പോകും പിന്നീട് മലക്കുകൾ അവരെ സ്വാഗതം ചെയ്തു കൊണ്ട് അവർക്ക് സലാം പറയും,,,
ഭക്ഷണം കഴിച്ച ശേഷം ഈ ഉറവയിൽ നിന്ന് കുടിച്ചാൽ വയറ് ശുദ്ധിയാവുകയും അത് കസ്തൂരിയുടെ മണമുള്ള തികട്ടലായി മാറുകയും ചെയ്യും എന്നും ഈ ഉറവയിൽ നിന്ന് കുടിച്ചാൽ മനസ്സിനകത്തുള്ള എല്ലാ അസൂയയും മറ്റും പുറത്തു പോകുമെന്നും മറ്റും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇവിടെ നമുക്ക് മനസ്സിലാവുന്ന വിധത്തിൽ കുറെ സാധനങ്ങളുടെ നാമം പറഞ്ഞുവെങ്കിലും അതിന്റെ സ്വഭാവവും ഗുണവും ഭൂമിയിലുള്ള ഇത്തരം വസ്തുക്കളിൽ നിന്ന് തികച്ചും ഭിന്നമാണെന്ന് ഓർക്കേണ്ടതാണ്



إِنَّ هَذَا كَانَ لَكُمْ جَزَاء وَكَانَ سَعْيُكُم مَّشْكُورًا(22



(ഹേ പുണ്യവാളന്മാരേ!) ഇതെല്ലാം നിങ്ങൾക്കുള്ള പ്രതിഫലമാണ് നിങ്ങളുടെ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെട്ടതായിരിക്കുന്നു (എന്ന് അവരോട് പറയപ്പെടും)

നിങ്ങൾ ഭൂമിയിൽ വെച്ച് പ്രവർത്തിച്ചതിന്റെ പ്രതിഫലമാണിതെന്ന് അവരോട് പറയപ്പെടുന്നത് അവർക്കുള്ള വലിയ അംഗീകാരമാണ്.അവരുടെ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടുകയും അതിന്റെ പേരിൽ അള്ളാഹുവിന്റെ ഭാഗത്ത് നിന്ന് അവരെ പ്രശംസിക്കലും അതിനു അള്ളാഹു പ്രതിഫലം നൽകുകയും ചെയ്യും എന്നാണ് അവരുടെ പ്രവർത്തനങ്ങൾ മശ്ക്കൂർ ആണെന്ന് പറഞ്ഞതിന്റെ താല്പര്യം.

അള്ളാഹു നമ്മുടെ ചെറിയ ചെറിയ സൽക്കർമ്മങ്ങൾ പോലും സ്വീകരിച്ചാൽ അതിന്റെ പ്രതിഫലം പരലോകത്ത് വലിയതായി കാണാനാവും ഇത്തരം പരലോകത്തെ നേട്ടങ്ങൾ വിവരിക്കുന്ന സൂക്തങ്ങൾ കേട്ടപ്പോൾ അള്ളാഹുവിന്റെ ശിക്ഷയ ഭയപ്പെട്ടും അവന്റെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിച്ചും മരണം സഭവിച്ച മഹാന്മാരുടെ ചരിത്രങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്.അള്ളാഹു നമുക്ക് നല്ല ചിന്തയും പരലോക വിജയവും നൽകട്ടെ ആമീൻ


(തുടരും)ഇൻശാ അള്ളാഹ്

Sunday, July 10, 2011

അദ്ധ്യായം-72-സൂറത്തുൽ ജിന്ന്-ഭാഗം-02

മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 28

بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു




ഭാഗം-01 , സൂക്തം 1 മുതൽ 17 വരെ ഇവിടെ ക്ലിക് ചെയ്ത് വായിക്കുക




وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18



നിശ്ചയമായും പള്ളികൾ അള്ളാഹുവിന്നുള്ളതാകുന്നു അതിനാൽ അള്ളാഹുവോടൊപ്പം മറ്റാരെയും നിങ്ങൾ ആരാധിക്കരുത്

പള്ളികൾ അള്ളാഹുവിനുള്ളതാകുന്നു എന്നും അത് കൊണ്ട് അവനോടൊപ്പം മറ്റാരെയും ആരാധിക്കരുതെന്നും എനിക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു എന്നാണിവിടെ പറയുന്നത്. ആരെയും വിളിക്കരുതെന്ന് പറഞ്ഞത് കൊണ്ട് ഒരു ആരാധ്യനെയും വിളിക്കരുത് എന്നാണുദ്ദേശ്യമെന്ന് ഖുർആൻ തന്നെ പലസ്ഥലത്തും വിശദീകരിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ദുആ എന്നതിന്റെ വിശദീകരണത്തിൽ എല്ലാ വ്യാഖ്യാതാക്കളും പറഞ്ഞത് ആരാധിക്കുക എന്നത്രെ!

ഇതിനു വിരുദ്ധമായി വിളിച്ചു പ്രാർത്ഥിക്കുക എന്ന് തെറ്റായി അർത്ഥ കല്പന ചെയ്യുകയും മഹാന്മാരോടുള്ള സഹായാർത്ഥനയിലേക്ക് ഇതിനെ ചേർക്കുകയും ചെയ്യാവതല്ല എന്ന് പ്രത്യേകം നാമിവിടെ ഓർക്കണം. ഉദാഹരണമായി ഏറ്റവും പ്രാമാണിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇബ്നു ജരീർ അത്ത്വിബ് രി(റ) എഴുതുന്നു.


فلاتدعوا) أيهاالناس (مع الله أحدا)ولاتشركوا به فيها شيئا ولكن أفردواله التوحيد وأخلصوا له العبادة


ഓ ജനങ്ങളേ! അള്ളാഹുവോടൊപ്പം നിങ്ങൾ ആരെയും ആരാധിക്കരുത് അവനോടൊപ്പം ആരാധനയിൽ ആരെയും നിങ്ങൾ പങ്ക് ചേർക്കരുത് മറിച്ച് അള്ളാഹുവിന്റെ ഏകത്വം നിങ്ങൾ നിലനിർത്തുകയും അവനു മാത്രം ആരാധനയെ നിങ്ങൾ തനിപ്പിക്കുകയും ചെയ്യുക(ത്വിബ് രി 29/123)

അപ്പോൾ അള്ളാഹുവല്ലാത്തവരെ ആരാധിക്കരുതെന്ന മൌലിക സിദ്ധാന്തം സ്ഥിരീകരിക്കാൻ വന്ന സൂക്തങ്ങളെടുത്ത് ആരാധന അള്ളാഹുവിനു മാത്രമേ പാടുള്ളൂ എന്ന് മനസ്സറിഞ്ഞ് വിശ്വസിക്കുന്ന മഹത്തുക്കൾ അള്ളാഹുവിന്റെ അടിമകളാണെന്ന് ഉറച്ച് വിശ്വസിക്കുന്ന സത്യ വിശ്വാസികൾക്കെതിരിൽ ഇത്തരം സൂക്തങ്ങൾ ദുരുപയോഗം ചെയ്തു കൂടാത്തതാണെന്ന് ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക

ഇവിടെ പറഞ്ഞ മസാജിദ് എന്നതിന്റെ സാരം എന്താണെന്ന വിഷയത്തിൽ വിവിധ വ്യാഖ്യാനങ്ങളുണ്ട് ആരാധനക്ക് വേണ്ടി മത വിശ്വാസികൾ നിർമ്മിക്കുന്ന വീടുകൾ(പള്ളികൾ) ആണെന്നാണ് ഒരു വ്യാഖ്യാനം. എല്ലാ സ്ഥലവും ആണ് എന്ന വ്യാഖ്യാനവും ചിലർ പറഞ്ഞു നബി(സ)യുടെ ഒരു ഹദീസ് ആണ് ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം.‘’ഭൂമിയെ എനിക്ക് മസ്ജിദും(നിസ്കരിക്കാവുന്ന സ്ഥലം)ശുദ്ധീകരണത്തിനുതകുന്നതു(വെള്ളം ലഭ്യമായില്ലെങ്കിൽ മണ്ണ് ഉപയോഗിച്ച് തയമ്മും എന്ന ശുദ്ധീകരണമാണുദ്ദേശ്യം)മാക്കിയിരിക്കുന്നു ‘’ഈ ഹദീസിൽ ഭൂമിയെ നിസ്ക്കരിക്കാവുന്ന സ്ഥലം എന്ന അർത്ഥത്തിൽ മസ്ജിദ് എന്നാണ് പ്രയോഗിച്ചത്. സുജൂദ് ചെയ്യാനാവശ്യമായ അവയവങ്ങൾ എന്നും മസാജിദിനു വ്യാഖ്യാനമുണ്ട്. അതായത് രണ്ട് കല്പാദങ്ങൾ, രണ്ട് മുട്ടുകാലുകൾ, രണ്ട് കൈകൾ, മുഖം എന്നിവയാണിവിടെ ഉദ്ദേശ്യം അതായത് ഈ അവയവങ്ങൾ അള്ളാഹുവിന്റെ അനുഗ്രഹങ്ങളാണ് അത് ഉപയോഗിച്ച് അള്ളാഹുവല്ലാത്തവർക്ക് സാഷ്ടാംഗമരുത് അങ്ങനെ ചെയ്യുന്നത് അള്ളാഹുവോടുള്ള നിഷേധമാകും. മസാജിദ് എന്നതിനു നിസ്ക്കാരങ്ങൾ എന്നും വ്യാഖ്യാനമുണ്ട് ഇതിലെ ഒന്നാം വ്യാഖ്യാനമാണ് കൂടുതൽ പ്രബലം(ഖുർത്വുബി)

അള്ളാഹു അല്ലാത്തവരെ ആരാധിക്കരുതെന്ന് തുടർന്ന് പറഞ്ഞത് പ്രധാനമായും മസ്ജിദുൽ ഹറാമിൽ വെച്ച് അള്ളാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധനകളർപ്പിച്ച മക്കാ‍ മുശ്‌രിക്കുകൾക്കുള്ള താക്കീതാണ് ജൂത കൃ‌സ്ത്യാനികൾ അവരുടെ ആരാധനാലയങ്ങളിൽ പ്രവേശിച്ചാൽ ബഹുദൈവാരാധന നടത്തിയിരുന്നു അപ്പോൾ നബി(സ)യോടും സത്യ വിശ്വാസികളോടും അള്ളാഹുവെ മാത്രം ആരാധിക്കാനായി അള്ളാഹു കൽ‌പ്പിച്ചതാണെന്നത്രെ മുജാഹിദ്(റ)ന്റെ പക്ഷം. പള്ളികൾ അള്ളാഹുവിന്റെ ദിക്‌റുകൾക്ക് മാത്രമായി ചുരുക്കണം തമാശകൾക്കോ കച്ചവടത്തിനോ വിശ്രമത്തിനോ യാത്രക്കിടയിലെ ഇടത്താവളമായോ ഒന്നും ഉപയോഗിക്കരുതെന്നാണ് മറ്റൊരു വ്യാഖ്യാനം. കളഞ്ഞ് പോയ വസ്തു കിട്ടിയിട്ടുണ്ടോ എന്ന് പള്ളിയിൽ വെച്ച് വിളിച്ച് ചോദിക്കുന്നത് കേട്ടാൽ നിനക്ക് അള്ളാഹു അത് മടക്കിത്തരാതിരിക്കട്ടെ എന്ന് പറയണം കാരണം പള്ളികൾ അതിനു വേണ്ടിയല്ല നിർമ്മിക്കപ്പെട്ടതെന്ന് ഹദീസിൽ വന്നത് ഓർക്കുക.


وَأَنَّهُ لَمَّا قَامَ عَبْدُ اللَّهِ يَدْعُوهُ كَادُوا يَكُونُونَ عَلَيْهِ لِبَدًا (19


നിശ്ചയം അള്ളാഹുവിന്റെ അടിമ (നബി(സ-) അവനു ഇബാദത്ത് ചെയ്ത് കൊണ്ട് നിന്നപ്പോൾ അവർ ആ അടിമയുടെ മേൽ കൂട്ടം കൂട്ടമായി തിങ്ങിക്കൊണ്ടിരിക്കുമാറായി(എന്നും ദിവ്യബോധനം നൽകപ്പെട്ടതായി പറയുക)

ഇവിടെ പറഞ്ഞ അള്ളാഹുവിന്റെ അടിമ മുഹമ്മദ് നബി(സ)യാണ് .താഇഫിൽ നിന്നുള്ള മടക്കയാത്രയിൽ ബഥ്നു നഖ്‌ലയിൽ വെച്ച് നിസ്ക്കരിക്കുമ്പോൾ ഖുർആൻ പാരായണം കേട്ട ജിന്നുകൾ ശ്രദ്ധിച്ച് കേൾക്കാനുള്ള ആവേശത്തിൽ തിരക്ക് കൂട്ടി ചിലർ ചിലരുടെ മേലിലൂടെ മറിയുന്ന സാഹചര്യമുണ്ടായി എന്നാണിവിടെ ഒരു വ്യാഖ്യാനം. പ്രബോധനത്തിലേർപ്പെട്ട നബി(സ)യെ എങ്ങനെ തകർക്കാമെന്ന് ചിന്തിക്കാനായി ശത്രുക്കൾ നബി(സ)ക്കെതിരെ ഒത്ത് കൂടിയതാണെന്നും വ്യാഖ്യാനമുണ്ട്. പക്ഷെ അള്ളാഹു നബി(സ)യെ സഹായിച്ചു അവരുടെ കുതന്ത്രം തകർന്നു പോയി


قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20



(നബിയേ) പറയുക നിശ്ചയം എന്റെ നാഥനു മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ അവനോട് മറ്റാരെയും ഞാൻ പങ്ക് ചേർക്കുകയില്ല


നബി(സ)യോട്, ഇന്നാട്ടിലെ എല്ലാ നടപടിക്രമങ്ങളും തകർത്ത് ബഹുദൈവാരാധനയെ എതിർക്കാനും ഏകദൈവ സിദ്ധാന്തം സ്ഥാപിക്കാനും നിങ്ങൾ ശ്രമിച്ചാൽ ജനം നിങ്ങളെ എതിർക്കുമെന്നും അത് നേരിടാൻ നബിക്കാവില്ലെന്നും അതിനാൽ ഈ ശ്രമം ഉപേക്ഷിച്ച് നാട്ടുനടപ്പിനൊപ്പം നിന്നാൽ നിങ്ങൾക്ക് ഞങ്ങൾ അഭയം തരാമെന്നും മക്ക മുശ്‌രിക്കുകൾ പറഞ്ഞു അതിന്റെ മറുപടിയാണിത് എന്ത് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നാലും ബഹുദൈവാരാധനക്ക് ഞാനില്ലെന്നും പ്രത്യുത ഏകദൈവാരാധനയേ ഞാൻ നടത്തൂ എന്ന്!


قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا(21


പറയുക ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവത്തെയോ നന്മയെയോ ഉടമപ്പെടുത്തുന്നില്ല


നിങ്ങളിൽ നിന്ന് വല്ല ബുദ്ധിമുട്ടും ഇല്ലായ്മ ചെയ്യാനോ നന്മ വല്ലതും ഉണ്ടാക്കിത്തരാനോ അള്ളാഹുവിന്റെ അനുവാദത്തോടെയല്ലാതെ എനിക്ക് കഴിയില്ല അതായത് എന്റെ പ്രബോധനം നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും നിങ്ങളെ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല. എല്ലാത്തിന്റെയും ഉടമസ്ഥൻ അള്ളാഹുവത്രെ അവനെ അനുസരിക്കണം എന്ന് ഉപദേശിക്കലാണെന്റെ കടമ സ്വീകരിച്ചാൽ നിങ്ങൾക്ക് നല്ലത് ഇല്ലെങ്കിലും എന്റെ ബാദ്ധ്യത ഞാൻ നിറവേറ്റിയിരിക്കുന്നു


قُلْ إِنِّي لَن يُجِيرَنِي مِنَ اللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا (22

പറയുക നിശ്ചയം അള്ളാഹുവിൽ നിന്ന് എന്നെ ആരും രക്ഷിക്കുകയില്ല അവനെ കൂടാതെ ഒരു അഭയ സ്ഥാനവും ഞാൻ കണ്ടെത്തുന്നതുമല്ല തന്നെ


അള്ളാഹു എന്നെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ എന്നെ ആരും രക്ഷിക്കുകയില്ലെന്നും അവനെ ഒഴിവാക്കി മറ്റൊരു അഭയസ്ഥാനം എനിക്കുണ്ടാക്കിത്തരാൻ മറ്റാർക്കും കഴിയില്ലെന്നും പറയാ‍നാണ് അള്ളാഹു നിർദ്ദേശിക്കുന്നത് .നാട്ടു നടപ്പിനൊപ്പം നിന്നാൽ അഭയം ഞങ്ങൾ തരാമെന്ന് നബി(സ)ക്ക് അവർ നൽകിയ വാഗ്ദാനത്തിന്റെ ഉത്തരമാണിത്.അള്ളാഹുവിൽ നിന്ന് വിട്ടുള്ള അഭയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല എന്ന് ചുരുക്കം



إِلَّا بَلَاغًا مِّنَ اللَّهِ وَرِسَالَاتِهِ وَمَن يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا
(23

അള്ളാഹുവിങ്കൽ നിന്നുള്ള സന്ദേശം എത്തിക്കലും അവന്റെ ദൌത്യം നിർവഹിക്കലുമല്ലാതെ (മറ്റൊന്നും എന്റെ അധീനത്തിലില്ല) വല്ലവനും അള്ളാഹുവിന്റെയും അവന്റെ റസൂലിന്റെയും കല്പന ലംഘിക്കുന്ന പക്ഷം അവനു നരകാഗ്നിയുണ്ടായിരിക്കും തീർച്ച. അതിൽ എന്നെന്നും അവർ നിത്യ വാസികളായിക്കൊണ്ട്

ഉപകാരമോ ഉപദ്രവമോ ഞാൻ ഉടമയാക്കുന്നില്ലെന്ന് നേരത്തേ പറഞ്ഞല്ലോ .എനിക്ക് അള്ളാഹു നൽകിയത് അവന്റെ സന്ദേശം നിങ്ങളിലേക്കെത്തിക്കുന്ന ചുമതലയാണ്.(ആ ചുമതല ഞാൻ നിർവഹിച്ചില്ലെങ്കിൽ എനിക്ക് അവനിൽ അഭയം ലഭിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് സാരം)
അള്ളാഹുവിന്റെയും റസൂലിന്റെയും കല്പന ലംഘിക്കുക എന്നതിന്റെ പരിധിയിൽ എല്ലാ തെറ്റുകളും വരും എന്നാൽ ശിർക്കാകുന്നു ഇതിൽ ഏറ്റവും ഗൌരവം. നരകത്തിൽ നിത്യവാസികളാവുക എന്നത് സത്യവിശ്വാസമില്ലാതെ മരിക്കുന്നവർക്കാണ്. സത്യവിശ്വാസത്തോടെ മരിച്ചവർ കുറ്റവാളികളാണെങ്കിൽ അള്ളാഹു അത് പൊറുത്തില്ലെങ്കിൽ അതിന്റെ തോതനുസരിച്ച് നരക ശിക്ഷ അനുഭവിച്ച ശേഷം നരകത്തിൽ നിന്ന് രക്ഷപ്പെടും അപ്പോൾ എന്നെന്നും നരകത്തിലാവുമെന്ന് പറഞ്ഞത് ഈമാനില്ലാതെ മരിച്ചവരെക്കുറിച്ചാണ് എന്ന് വ്യക്തം(ഖുർത്വുബി)


حَتَّى إِذَا رَأَوْا مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا(24



അങ്ങനെ തങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അവർ കണ്ടാൽ ആരുടെ സഹായികളാണ് ഏറ്റവും ബലഹീനരും എണ്ണത്തിൽ ഏറ്റവും കുറഞ്ഞവരും എന്നെല്ലാം അവർക്ക് മനസ്സിലായിക്കൊള്ളും

താക്കീത് ചെയ്യപ്പെടുന്ന കാര്യം എന്നത് ശിക്ഷയാണ്. അതിൽ പരലോക ശിക്ഷയും ഭൌതിക ശിക്ഷയും (ബദ്‌റിൽ ശത്രുക്കൾക്ക് നേരിട്ടത് പോലുള്ളത്)ഉൾപ്പെടും .ശിക്ഷ നേരിൽ കാണുമ്പോൾ സത്യ നിഷേധികൾ വളരെ ദുർബലരായും ന്യൂനപക്ഷമായും അവർക്ക് തന്നെ ബോദ്ധ്യപ്പെടും.ഭൂമിയിൽ സത്യവിശ്വാസികളെ അവഗണിച്ചവർക്കൊക്കെ അവർക്ക് പരലോകത്ത് ലഭിക്കുന്ന അംഗീകാരം കാണുമ്പോൾ സത്യ നിഷേധത്തിന്റെ അപകടം മനസിലാവുമെന്ന് ചുരുക്കം


قُلْ إِنْ أَدْرِي أَقَرِيبٌ مَّا تُوعَدُونَ أَمْ يَجْعَلُ لَهُ رَبِّي أَمَدًا(25



പറയുക നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അടുത്ത് തന്നെ ഉണ്ടാകുന്നതാണോ അതല്ല എന്റെ നാഥൻ അതിനു വല്ല (ദീർഘമായ) കാലാവധിയും ഏർപ്പെടുത്തുന്നതാണോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ

താക്കീത് ചെയ്യപ്പെടുന്നത് അന്ത്യനാളാണെന്നും മറ്റ് ശിക്ഷകളാണെന്നും അഭിപ്രായമുണ്ട് ഏതായാലും ആ ശിക്ഷ എപ്പോഴാണ് സംഭവിക്കുക എന്ന് എന്റെ വിഷയമല്ല അള്ളാഹു നിശ്ചയിച്ച സമയത്താണത് നടക്കുക എന്ന് സാരം



عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا
(26


അവൻ അദ്ര്‌ശ്യകാര്യങ്ങൾ അറിയുന്നവനാകുന്നു എന്നാൽ തന്റെ അദ്ര്‌ശ്യകാര്യങ്ങളുടെ മേൽ അവൻ ഒരാൾക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല



إِلَّا مَنِ ارْتَضَى مِن رَّسُولٍ فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا
(27


അവൻ തൃ‌പ്തിപ്പെട്ട ദൂതനല്ലാതെ.അപ്പോൾ നിശ്ചയമായും അള്ളാഹു ആ റസൂലിന്റെ മുന്നിലും പിന്നിലും പാറാവുകാരെ ഏർപ്പെടുത്തുക തന്നെ ചെയ്യുന്നതാണ്


ബുദ്ധിക്കോ പഞ്ചേന്ദ്രിയങ്ങൾക്കോ അതീതമായ കാര്യങ്ങൾക്കാണ് അദൃ‌ശ്യം എന്ന് പറയുന്നത് . അതിൽ നിന്ന് അള്ളാഹു അവന്റെ ഇഷ്ടദാസന്മാർക്ക് മാത്രമേ അറിയിച്ച് കൊടുക്കുകയുള്ളൂ എന്നാണിവിടെ പറയുന്നത്.അപ്പോൾ അള്ളാഹുവിന്നല്ലാതെ അദൃ‌ശ്യമറിയില്ലെന്നത് സ്വന്തമായ അറിവിനെക്കുറിച്ചാണെന്നും അള്ളാഹു അവന്റെ ഇഷ്ടക്കാർക്ക് അത് അവൻ അറിയിച്ച് കൊടുക്കുകയാണെന്നും വ്യക്തമാവുന്നു. എങ്കിൽ മഹത്തുക്കൾക്ക് അദൃ‌ശ്യമറിയില്ലെന്ന ചർച്ച അനാവശ്യമാണെന്ന് മനസ്സിലാക്കാമല്ലൊ.ഇവിടെ പറഞ്ഞ ദൂതർ എന്നതിൽ പ്രവാചകരും മലക്കുകളും പെടും പാറാവുകാരെ ഏർപ്പെടുത്തുമെന്നതിന്റെ വിവക്ഷ ഇങ്ങനെയാണ് ജിബ്‌രീൽ(അ)വഹ്‌യുമായി വരുമ്പോൾ പാറാവുകാരായ നാലു മലക്കുകൾ തന്നോടൊപ്പമുണ്ടാകുന്നതാണ്(ഥിബ്‌രി)

വഹ്‌യിനിടക്ക് പിശാച് ദുർബോധനം നടത്താതിരിക്കാനുള്ള ശക്തമായ മുൻ കരുതലാണീ പാറാവുകാർ! നബി(സ)ക്കു ലഭിക്കുന്ന വാർത്തയുടെ സത്യ സന്ധതയും ഭദ്രതയുമാണിവിടെ വ്യക്തമാവുന്നത് .


ഈ നിലക്കുള്ള അദൃ‌ശ്യങ്ങൾ ഔലിയാക്കളായ മഹത്തുക്കൾക്ക് അള്ളാഹു അറിയിച്ച് കൊടുക്കുകയില്ലെന്ന് നേരത്തേ പറഞ്ഞ (അദൃ‌ശ്യകാര്യങ്ങളുടെ മേൽ അവൻ ഒരാൾക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല അവൻ തൃ‌പ്തിപ്പെട്ട ദൂതനല്ലാതെ.) സൂക്തത്തിൽ നിന്ന് തെറ്റിദ്ധരിക്കരുത്. കാരണം പ്രവാചകന്മാരല്ലാത്ത മഹത്തുക്കൾക്ക് അള്ളാഹു അദൃ‌ശ്യം അറിയിച്ച് കൊടുക്കുമെന്ന് ഖുർആനും ഹദീസും സ്ഥിരീകരിക്കുന്നുണ്ട്. ഉദാഹരണമായി ഖുർആൻ സൂറത്തുൽ ഖസസ്(അദ്ധ്യായം 28) ഏഴാം സൂക്തത്തിൽ പറയുന്നു.



وَأَوْحَيْنَا إِلَى أُمِّ مُوسَى أَنْ أَرْضِعِيهِ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ



മൂസാ(അ)യുടെ മാതാവിന്‌ നാം ബോധനം നൽകി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തിൽ നിനക്ക്‌ ഭയം തോന്നുകയാണെങ്കിൽ അവനെ നീ നദിയിൽ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീർച്ചയായും അവനെ നാം നിന്റെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതൻമാരിൽ ഒരാളാക്കുന്നതുമാണ്‌.


ഇവിടെ മൂസാ(അ)ന്റെ മാതാവിനു അള്ളാഹു ബോധനം നൽകിയതായി വ്യക്തമാവുന്നു അവർ റസൂലല്ലെന്ന് ഉറപ്പാണു താനും കാരണം പുരുഷന്മാരെയല്ലാതെ ദൂതന്മാരാക്കില്ലെന്ന് അള്ളാഹു സൂറത്തുൽ അമ്പിയാ‍അ്(അദ്ധ്യായം 21)ലെ ഏഴാം സൂക്തത്തിൽ പറയുന്നു



وَمَا أَرْسَلْنَا قَبْلَكَ إِلاَّ رِجَالاً نُّوحِي إِلَيْهِمْ فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ




അങ്ങേക്ക്​ മുമ്പ്‌ പുരുഷൻമാരെ യല്ലാതെ നാം ദൂതൻമാരായി നിയോഗിച്ചിട്ടില്ല. അവർക്ക്‌ നാം ബോധനം നൽകുന്നു. നിങ്ങൾ ( ഈ കാര്യം ) അറിയാത്തവരാണെങ്കിൽ വേദക്കാരോട്‌ ചോദിച്ച്‌ നോക്കുക



ഖള്ർ(അ) നു ധാരാളം അദൃ‌ശ്യങ്ങൾ അറിയിച്ച് കൊടുത്തത് അദ്ധ്യായം 18ൽ(സൂറത്തുൽ കഹ്‌ഫ്) കാണാം എന്നാൽ ഈ ഖിള് ർ(അ) നബിയല്ലെന്നും അഭിപ്രായമുണ്ടല്ലൊ


മർയം ബീവി(റ) ക്ക് മലക്കുകൾ മുഖേന അദൃ‌ശ്യങ്ങൾ അറിയിക്കപ്പെട്ടതായി മൂന്നാം അദ്ധ്യായം(ആലു ഇംറാൻ) 42 ൽ കാണാം



وَإِذْ قَالَتِ الْمَلاَئِكَةُ يَا مَرْيَمُ إِنَّ اللّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَى نِسَاء الْعَالَمِينَ



മലക്കുകൾ പറഞ്ഞ സന്ദർഭവും ( ശ്രദ്ധിക്കുക: ) മർയമേ, തീർച്ചയായും അല്ലാഹു നിങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിങ്ങൾക്ക്‌ പരിശുദ്ധി നൽകുകയും, ലോകത്തുള്ള സ്ത്രീകളിൽ വെച്ച്‌ ഉൽകൃഷ്ടയായി നിങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.


ഔലിയാക്കൾക്ക് അള്ളാഹു അദൃശ്യം അറിയിച്ചു കൊടുക്കുമെന്ന് അറിയിക്കുന്ന ഹദീസുകളും ധാരാളമുണ്ട് ഉദാഹരണമായി ഇമാം ബുഖാരി തന്റെ സ്വഹീഹിന്റെ 6990 –മത് ഹദീസായി പറയുന്നത്
“നബി(സ)പറഞ്ഞു സന്തോഷവാർത്തകൾ നൽകുന്നവ ഒഴിച്ച് പ്രവാചകത്വത്തിൽ നിന്ന് ഒന്നും ശേഷിച്ചിട്ടില്ല“ സന്തോഷ വാർത്തകർ നൽകുന്നവ എന്താണെന്ന് സഹാബികൾ ചോദിച്ചു നബി(സ) പറഞ്ഞു നല്ല സ്വപ്നമാവുന്നു .


പ്രവാചകരല്ലാത്തവർക്ക് നല്ല സ്വപ്നം മുഖേന ചില അദൃ‌ശ്യങ്ങൾ അറിയിക്കപ്പെടുന്നുവെന്ന് ഇതിൽ നിന്നു വ്യക്തമാണ്.


അപ്പോൾ ഈ സൂറയിലെ ഇഷ്ടപ്പെട്ട ദൂതന്മാർക്കല്ലാതെ അദൃശ്യം അറിയിച്ച് കൊടുക്കില്ലെന്നതിനു പൂർണ്ണമായ അറിയിച്ച് കൊടുക്കൽ ദൂതന്മാർക്കാണെന്നേ അർത്ഥമുള്ളൂ ഔലിയാക്കൾ ഒന്നും അറിയില്ലെന്നല്ല(അമ്പിയാഇനേക്കാൾ താഴെയാണല്ലൊ ഔലിയാഇന്റെ സ്ഥാനം) ഈ ആശയം തഫ്സീർ അബുസ്സുഊദിൽ കാണാം



لِيَعْلَمَ أَن قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَى كُلَّ شَيْءٍ عَدَدًا (28



അവർ തങ്ങളുടെ നാഥന്റെ ദൌത്യങ്ങൾ എത്തിച്ചു കൊടുത്തിരിക്കുന്നുവെന്ന് വെളിവായി അറിയുവാൻ വേണ്ടി(യാണത്) അവരുടെ അടുക്കലുള്ളത് അള്ളാഹു പൂർണ്ണമായി അറിയുന്നു അവൻ എല്ലാ വസ്തുക്കളുടെയും എണ്ണം കണക്കാക്കുകയും ചെയ്തിരിക്കുന്നു

ഇവിടെ വെളിവായി അറിയുന്നത് നബി(സ)യാണ് അതായത് മലക്കുകൾ അള്ളാഹുവിൽ നിന്ന് ലഭിച്ച ദൌത്യം ശരിയായ നിലക്ക് എത്തിച്ച് തന്നു എന്ന് നബി(സ)ക്ക് വ്യക്തമായി അറിയാൻ വേണ്ടി എന്ന് സാരം .


മറ്റൊരു വ്യാഖ്യാനം ദൂതന്മാർ അവരുടെ നാഥനിൽ നിന്നുള്ള ദൌത്യം വ്യക്തമായി ജനങ്ങൾക്ക് എത്തിച്ച് കൊടുത്തിട്ടുണ്ടെന്ന് മുശ്‌രിക്കുകൾ അറിയാൻ വേണ്ടി എന്നാവും എന്നിട്ടും അവർ നബിയെ എതിർത്തുവെന്നത് അവരുടെ നിലപാട് തെറ്റാണെന്ന് ഉണർത്തലാവും അപ്പോൾ ഉദ്ദേശ്യം.

അവരുടെ അടുക്കലുള്ളത് പൂർണ്ണമായി അള്ളാഹു അറിയുകയും എല്ലാ വസ്തുക്കളും എണ്ണം കണക്കാക്കുകയും ചെയ്യുമെന്ന് പറഞ്ഞാൽ അള്ളാഹു എല്ലാം വസ്തു നിഷ്ഠമായി അറിയുന്നു പ്രബോധന ബാധ്യത ദൂതന്മാർ നിർവഹിച്ചോ എന്നതും ആ കൂട്ടത്തിൽ പെട്ടത് തന്നെ എന്ന് സാരം


സർവജ്ഞനായ നാഥനെ അനുസരിക്കാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

Thursday, June 30, 2011

അദ്ധ്യായം-72-സൂറത്തുൽ ജിന്ന്-ഭാഗം-01

മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 28


بسم الله الرحمن الرحيم


പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


നമ്മുടെ ദൃ‌ഷ്ടികൾക്ക് ഗോചരമല്ലാത്ത തീ കൊണ്ട് സൃ‌ഷ്ടിക്കപ്പെട്ട ഒരു തരം ജീവികളാണ് ജിന്നുകൾ.(ഗോചരമല്ലെന്ന് പറഞ്ഞത് അവരുടെ ശരിയായ രൂപത്തിൽ കാണാനാവില്ലെന്നാണ്. അതേസമയം മറ്റു പലതായും അവർ രൂപാന്തരപ്പെടുകയും അപ്പോൾ നമുക്ക് കാണാൻ സാധിക്കുകയും ചെയ്യും. സക്കാത്തിന്റെ ധനം കളവ് നടത്തി കാവൽക്കാരനായ അബൂഹുറൈറ”(റ)നെ പറ്റിക്കാൻ മനുഷ്യ കോലത്തിൽ വന്ന ഇബ് ലീസിന്റെ കഥ ഹദിസു ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുണ്ടല്ലോ)

ഒരു കൂട്ടം ജിന്നുകൾ നബി(സ)യിൽ നിന്ന് ഖുർആൻ കേൾക്കുകയും അവർ ഖുർആനിലും നബി(സ)യിലും വിശ്വസിച്ച് സ്വന്തം സമുദായത്തെ അതിലേക്ക് ക്ഷണിക്കുകയും ചെയ്ത സംഭവമാണ് ഈ അദ്ധ്യായത്തിലെ പ്രധാന പരാമർശം


1. قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا


(നബിയേ!)പറയുക ജിന്നുകളിൽ നിന്നുള്ള ഒരു സംഘം (ഖുർആൻ)ശ്രദ്ധിച്ച് കേട്ടുവെന്ന് എനിക്ക് ദിവ്യ ബോധനം നൽകപ്പെട്ടിരിക്കുന്നു എന്നിട്ട് അവർ പറഞ്ഞു നിശ്ചയമായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടു എന്ന്.


2. يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَن نُّشْرِكَ بِرَبِّنَا أَحَدًا


അത് സന്മാർഗത്തിലേക്ക് വഴി കാട്ടുന്നുണ്ട് തന്മൂലം ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു ഞങ്ങളുടെ രക്ഷിതാവിനോട് ഞങ്ങൾ ആരെയും പങ്ക് ചേർക്കുകയില്ല തന്നെ

നബി(സ) യുടെ അടുത്ത് ജിന്നുകൾ ഒന്നിലധികം തവണ വന്നതായി ഹദീസുകളിൽ ഉണ്ട് നബി(സ) ഥാഇഫിലെ സഖീഫ് ഗോത്രക്കാരെ സത്യത്തിലേക്ക് ക്ഷണിക്കുകയെന്ന മഹാ ദൌത്യവുമായി പുറപ്പെടുകയും അവരുടെ നിഷേധാത്മക നിലപാടിലും ആക്രമണത്തിലും മനം നൊന്ത് തിരിച്ച് പോരും വഴി ബഥ്നു നഖ്‌ല: എന്ന സ്ഥലത്ത് വെച്ച് നിസ്ക്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്നത് ഒരു സംഘം ജിന്നുകൾ കേൾക്കുകയും അവർ സത്യവിശ്വാസത്തിലേക്ക് കടന്നു വരികയും ചെയ്തു . ആ ഖുർആൻ കേട്ടമാത്രയിൽ തന്നെ ഇത് സത്യത്തിലേക്ക് വഴികാട്ടിയാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു .അതിന്റെ അടിസ്ഥാനത്തിൽ ഏകദൈവ വിശ്വാസം സ്വീകരിക്കുന്നുവെന്നും ബഹുദൈവ സിദ്ധാന്തം ഞങ്ങൾ സ്വീകരിക്കില്ലെന്നും അഥവാ ഇനിയും പിശാചിനെ അനുസരിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു. ഖുർആൻ കേട്ട മാത്രയിൽ ഇത്രയും സുവ്യക്തമായി ജിന്നുകൾ ഖുർആനിനെ വിലയിരുത്തിയിട്ടും അറേബ്യൻ മുശ്‌രിക്കുകൾക്ക് അങ്ങനെ വിലയിരുത്താനായില്ലല്ലൊ എന്നത് അത്ഭുതം തന്നെ (ഖുർത്വുബി).

പത്തിൽ താഴെയുള്ള സംഘത്തിനാണ് നഫർ എന്ന് പറയുക

ഈ പ്രസ്താവനയിൽ നിന്ന് കുറെ കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്(1) നബി(സ) മനുഷ്യരിലേക്ക് മാത്രമുള്ള പ്രവാചകനല്ല(2) ജിന്നുകൾക്ക് മനുഷ്യ ഭാഷയും സംസാരവും മനസ്സിലാക്കാൻ കഴിയും(3) ജിന്നുകൾ മത നിയമങ്ങൾക്ക് വിധേയരാണ്(4) സാമൂഹ്യം ജീവിതം നയിക്കുകയും പരസ്പരം ഉപദേശം നടത്തുന്നവരും തന്നെയാണ് ജിന്ന് സമൂഹവും എന്നിവ അതിൽ പെട്ടതത്രെ!

അത്ഭുതകരാമായ ഖുർആൻ എന്ന് പറഞ്ഞത് സംസാര വ്യക്തതയിലും അർത്ഥ ഗാംഭീര്യതയിലും നന്മയുടെ ആധിഖ്യത്തിലും തുല്യതയില്ലാത്ത ഗ്രന്ഥമാവുന്നതിലുമൊക്കെയാണ്


3. وَأَنَّهُ تَعَالَى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا


നമ്മുടെ രക്ഷിതാവിന്റെ മഹത്ത്വം ഉന്നതം തന്നെയാകുന്നു അവൻ സഹധർമ്മിണിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

جَدُّ ന്നതിനു മഹത്വം എന്നതിനു പുറമെ ശക്തി,അനുഗ്രഹം കല്പന തുടങ്ങിയ അർത്ഥവും വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്

അള്ളാഹുവിനു ഭാര്യയും സന്താനങ്ങളുമുണ്ടെന്ന വാദത്തെത്തൊട്ട് അള്ളാഹു പരിശുദ്ധനാണെന്നും അവനു അതിലേക്ക് ആവശ്യമില്ലെന്നും അവൻ ഭാര്യ സന്താനങ്ങളെ ഉണ്ടാക്കിയിട്ടില്ലെന്നും ഞങ്ങൾ ഉറച്ച് വിശ്വസിക്കുകയാണെന്ന് അവർ പറഞ്ഞു


4. وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا


നിശ്ചയമായും നമ്മിലുള്ള ഭോഷന്മാർ അള്ളാഹുവിന്റെ പേരിൽ അതിരുവിട്ട അസത്യം പറയാറുണ്ടായിരുന്നു

അള്ളാഹുവിന്റെ വിശുദ്ധിക്ക് നിരക്കാത്ത വർത്തമാനം പറഞ്ഞിരുന്നവർ ഭോഷന്മാരാണെന്നും ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇവിടെ പറഞ്ഞ ഭോഷൻ ഇബ്‌ലീസ് ആണെന്നും മൊത്തം മുശ്‌രിക്കുകളായ ജിന്നുകളാണെന്നും അഭിപ്രായമുണ്ട്


5. وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّهِ كَذِبًا


നിശ്ചയമായും മനുഷ്യരും ജിന്നുകളും അള്ളാഹുവിന്റെ പേരിൽ കള്ളം പറയുകയേയില്ലെന്ന് ഞങ്ങൾ ധരിച്ചിരുന്നു

അള്ളാഹുവേക്കുറിച്ച് ഇത്തരം അബദ്ധങ്ങൾ ഞങ്ങൾ വിശ്വസിച്ച് പോയത് അള്ളാഹുവെക്കുറിച്ച് ഇവരാരും കള്ളം പറയില്ലെന്ന ധാരണയിലായിരുന്നു എന്നാൽ ഖുർ‌ആൻ കേട്ടപ്പോഴാണല്ലോ അള്ളാഹുവെക്കുറിച്ചും കള്ളം പറയുന്ന മനുഷ്യരും ജിന്നുംകളുമൊക്കെയുണ്ടെന്ന് ഞങ്ങൾക്ക് ബോദ്ധ്യമായത് എന്ന് സാരം


6. وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا


നിശ്ചയം മനുഷ്യരിൽ നിന്നുള്ള ചില പുരുഷന്മാർ ജിന്നുകളിൽ നിന്നുള്ള ചില പുരുഷന്മാരോട് അഭയം തേടാറുണ്ടായിരുന്നു അങ്ങനെ അവർ ഇവർക്ക് ഗർവ് വർദ്ധിപ്പിച്ചു

അറബികൾ ഏതെങ്കിലും വിജനമായ പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോൾ ആ പ്രദേശ വാസികളായ ജിന്നുകളിൽ നിന്ന് വല്ല ഉപദ്രവവും നേരിട്ടാലോ എന്ന് ഭയപ്പെടുകയും ഉപദ്രവം ഇല്ലാതിരിക്കാനായി ഈ പ്രദേശത്തെ നേതാവായ ജിന്നിനോട് ഞങ്ങൾ അഭയം തേടുന്നു എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു ഇങ്ങനെ പറഞ്ഞാൽ പിന്നെ ജിന്നിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് ധരിക്കുകയും ചെയ്തിരുന്നു ഇത് ആ ജിന്നുകൾക്ക് അഹങ്കാരവും ധിക്കാരവും വർദ്ധിപ്പിച്ചു(ഞങ്ങളെ മനുഷ്യർക്ക് പേടിയാണെന്ന് അവർ ധരിച്ചു) ഇതിനെ പറ്റിയാണ് ആ നല്ല ജിന്നുകൾ പറഞ്ഞത് മനുഷ്യർ കാവൽ തേടാറുണ്ടായിരുന്നു അത് ജിന്നുകൾക്ക് അഹങ്കാരം വർദ്ധിപ്പിച്ചു എന്ന്


7. وَأَنَّهُمْ ظَنُّوا كَمَا ظَنَنتُمْ أَن لَّن يَبْعَثَ اللَّهُ أَحَدًا


നിശ്ചയമായും അള്ളാഹു ആരേയും പുനർജ്ജനിപ്പിക്കുകയില്ലെന്ന് നിങ്ങൾ ധരിച്ചത് പോലെ അവരും ധരിച്ചിരിക്കുന്നു

മരണശേഷമുള്ള പുനർജ്ജന്മത്തെ മക്ക മുശ്‌രിക്കുകൾ നിഷേധിച്ചിരുന്നല്ലൊ. മണ്ണിൽ ലയിച്ച ഞങ്ങളെ എങ്ങനെ പുനർജ്ജനിപ്പിക്കുമെന്നായിരുന്നു അവരുടെ വാദം. ഇത് പോലെ പുനർജ്ജന്മം അസാദ്ധ്യമെന്ന് വിശ്വസിച്ചിരുന്ന ജിന്നുകളുമുണ്ടായിരുന്നുവെന്ന് സാരം പുനർജ്ജന്മത്തെ നിഷേധിച്ചിരുന്നുവെന്നതിനു പുറമേ റസൂലായി ആരെയും നിയോഗിക്കുകയില്ലെന്ന് അവർ ധരിച്ചു എന്നും ഇവിടെ വ്യാഖ്യാനമുണ്ട് നബി(സ) പ്രവാചകനാണെന്ന് പറഞ്ഞപ്പോൾ അങ്ങനെ ഒരു പ്രവാചകത്വം നൽകണമെങ്കിൽ മുഹമ്മദ്(സ)യെക്കാൾ സാമ്പത്തികമായും നേത്ര്വ പരമായുമൊക്കെ മുൻ നിരയിലുള്ള ഞങ്ങളിവിടെ ഉണ്ടല്ലോ ഒരിക്കലും പ്രവാചകത്വം നബി(സ) ക്ക് ലഭിക്കില്ലെന്ന് മക്കക്കാർ നിഷേധിച്ചിരുന്നു ഇത് പോലുള്ള വിശ്വാസം ജിന്നുകൾക്കുമുണ്ടായിരുന്നു എന്നും അർത്ഥമാവാം


8. وَأَنَّا لَمَسْنَا السَّمَاء فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا


നിശ്ചയം നാം ആകാശത്തെ സ്പർശിച്ചു അപ്പോൾ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി നാം കണ്ടെത്തി


9. وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا


നാം ആകാശത്തിൽ നിന്ന് ചില ഇരിപ്പിടങ്ങളിൽ ഇരിക്കാറുണ്ടായിരുന്നു എന്നാൽ ഇപ്പോൾ വല്ലവനും ചെവി കൊടു(ത്തുകേൾക്കാൻ ശ്രമി)ക്കുന്നതായാൽ അവനെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു തീജ്വാലയെ അവൻ കണ്ടെത്തുന്നതാണ്

ജിന്നുകളിൽ പെട്ട ദുഷ്ടന്മാർ -പിശാചുക്കൾ-മുൻകാലത്ത് ആകാശത്ത് ചില പ്രത്യേക സ്ഥലങ്ങളിൽ പതിയിരിക്കുകയും മലക്കുകൾ തമ്മിൽ പറയുന്ന ഭൂമിയിൽ നടക്കാനിരിക്കുന്ന ചില രഹസ്യ വിവരങ്ങൾ കട്ട് കേൾക്കുകയും ചെയ്യുകയും അതിൽ ധാരാളം കളവുകൾ ചേർത്ത് ഭൂമിയിലുള്ള തങ്ങളുടെ സേവക്കാർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ നബി(സ)യുടെ നിയോഗത്തോടെ പിശാചുക്കൾക്ക് ആകാശത്തേക്കുള്ള പ്രവേശനം തടയപ്പെട്ടു അഥവാ ആകാശത്തിലേക്ക് കയറാനോ അവിടെയുള്ള കാര്യങ്ങൾ കട്ട് കേൾക്കാ‍നോ ശ്രമിച്ചാൽ നക്ഷത്രങ്ങളിൽ നിന്നുള്ള ഉൽക്കകളാൽ അവർ എറിഞ്ഞോടിക്കപ്പെടുകയും ചെയ്തു അതിനെക്കുറിച്ചാണ് ആകാശം പാരാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടുവെന്നും ചെവി കൊടുത്ത് കട്ട് കേൾക്കാൻ ശ്രമിച്ചാൽ തീജ്വാലയെ കണ്ടെത്തുമെന്നും അവർ പറഞ്ഞത്.


10. وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَن فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا


ഭൂമിയിലുള്ളവർക്ക് തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതല്ല അവരുടെ രക്ഷിതാവ് നന്മയാണോ അവർക്കുദ്ദേശിച്ചിരിക്കുന്നത് എന്നൊന്നും നമുക്കറിഞ്ഞു കൂടാ.

ഇങ്ങനെ ആകാശത്ത് കാവലേർപ്പെടുത്തി ഞങ്ങളുടെ ആകാശ സഞ്ചാരവും വാർത്ത ചോർത്തലും തടയുക വഴി വല്ല അനിഷ്ടവും ഭൂമിയിലുള്ളവർക്ക് ഉണ്ടാക്കാനാണോ അല്ലെങ്കിൽ വല്ല നന്മയും നൽകാനാണോ അള്ളാഹു ഉദ്ദേശിക്കുന്നതെന്നൊന്നും ഞങ്ങൾക്കറിയില്ല എന്ന് സാരം

ഇമാം ത്വിബ്‌രി(റ) എഴുതുന്നു. ആകാശത്ത് നിന്ന് അവർ തടയപ്പെട്ടപ്പോൾ പിശാചുക്കൾ ഇബ്‌ലീസിന്റെ അടുത്ത് ചെന്ന് പറഞ്ഞു. ഞങ്ങൾക്ക് ആകാശത്തേക്ക് പ്രവേശനം തടയപ്പെട്ടിരിക്കുന്നു.അപ്പോൾ ഇബ് ലീസ് പറഞ്ഞു.ആകാശം ഈവിധത്തിൽ സംരക്ഷിക്കപ്പെടുന്നത് ഒന്നുകിൽ ഭൂമിയിലേക്ക് അള്ളാഹു പെട്ടെന്ന് ഇറക്കുന്ന ഒരു ശിക്ഷയുടെ തുടക്കമായോ അല്ലെങ്കിൽ നന്മസംസ്ഥാപിക്കാനും മാർഗദർശനം നൽകാനും വരുന്ന ഒരു നബിയെ അയക്കുന്നതിന്റെ ആരംഭമോ ആയിരിക്കണം എന്ന്!



11. وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَلِكَ كُنَّا طَرَائِقَ قِدَدًا


നിശ്ചയമായും നമ്മിൽ നല്ലവരുണ്ട് അല്ലാത്തവരുമുണ്ട് നാം വിവിധ മാർഗക്കാരായിരിക്കയാണ്

സ്വാലിഹ് എന്നാൽ അള്ളാഹുവിനെ നന്നായി അനുസരിക്കുന്ന മുസ്‌ലിം എന്നാണ് അല്ലാത്തവർ എന്നതിന്റെ വിവക്ഷ കാഫിറുകൾ. മുശ്‌രിക്കുകൾ എന്നത്രെ!


وَأَنَّا ظَنَنَّا أَن لَّن نُّعجِزَ اللَّهَ فِي الْأَرْضِ وَلَن نُّعْجِزَهُ هَرَبً ا (12


നിശ്ചയമായും നാം ഭൂമിയിൽ അള്ളാഹുവിനെ പരാചയപ്പെടുത്തന്നതേയല്ലെന്നും ഓടിപ്പോയി അവനെ തോൽ‌പ്പിക്കാൻ നമുക്ക് കഴിയുന്നതല്ലെന്നും നാം ഉറപ്പായി ധരിച്ചിട്ടുണ്ട്


അള്ളാഹു ഞങ്ങളെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ ഓടി രക്ഷപ്പെടാൻ ഞങ്ങൾക്ക് സാധിക്കാത്ത വിധം ഞങ്ങളെ പൂട്ടാൻ അള്ളാഹു ശക്തനാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് ഉറപ്പായിട്ടുണ്ടെന്ന് സാരം


وَأَنَّا لَمَّا سَمِعْنَا الْهُدَى آمَنَّا بِهِ فَمَن يُؤْمِن بِرَبِّهِ فَلَا يَخَافُ بَخْسًا وَلَا رَهَقًا (13

സന്മാർഗം(ഖുർ ആൻ) കേട്ടപ്പോൾ നാമതിൽ വിശ്വസിക്കുക തന്നെ ചെയ്തു എന്നാൽ വല്ലവനും തന്റെ റബ്ബിൽ വിശ്വസിക്കുന്ന പക്ഷം അവനു വല്ല നഷ്ടമോ അനീതിയോ ഭയപ്പെടേണ്ടി വരില്ല

ഖുർ‌ആൻ കേട്ടപ്പോൾ ഞങ്ങൾ അത് വിശ്വസിച്ചു എന്നും അത് അള്ളാഹുവിൽ നിന്നാണെന്ന് ഞങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അള്ളാഹുവിൽ അർഹമായി വിശ്വസിച്ചാൽ ചെയ്ത നന്മകൾക്ക് പ്രതിഫലം തരാതെയോ മറ്റുള്ളവരുടെ തിന്മ തന്റെ മേലിൽ അടിച്ചേൽ‌പ്പിച്ചു കൊണ്ടോ പ്രയാസപ്പെടുത്തുമെന്ന് ഭയപ്പെടേണ്ടതില്ല എന്ന് അവർ പറഞ്ഞു


14 ) وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ فَمَنْ أَسْلَمَ فَأُوْلَئِكَ تَحَرَّوْا رَشَدًا

നിശ്ചയമായും നമ്മിൽ മുസ് ലിംകളുണ്ട് സന്മാർഗം തെറ്റി നടക്കുന്നവരും നമ്മിലുണ്ട് എന്നാൽ ആരെങ്കിലും (അള്ളാഹുവിനു) കീഴൊതുങ്ങുന്ന പക്ഷം അവർ നേർമാർഗം ഉദ്ദേശിച്ചിരിക്കുന്നു


15 ) وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا


സന്മാർഗം തെറ്റി നടക്കുന്നവരാവട്ടെ അവർ നരകത്തിനു വിറകായിത്തീരുന്നതാണ് (ഇങ്ങനെയെല്ലാം ആ ജിന്നുകൾ പ്രസ്താവിച്ചു)


ജിന്നുകൾ അവരെക്കുറിച്ചുള്ള ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത് ഞങ്ങളിൽ നല്ലവരും അല്ലാത്തവരുമുണ്ട് പിഴച്ച മാർഗം സ്വീകരിച്ചാൽ അള്ളാഹു ശിക്ഷിക്കുമെന്നും അവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനോ അവനെ പരാചയപ്പെടുത്താനോ നമുക്ക് സാധിക്കില്ലെന്നും സത്യ വിശ്വാസിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും അല്ലാത്തവർക്ക് നരകം തന്നെയാണാധാരമെന്നുമൊക്കെയുള്ള സാരോപദേശങ്ങളാണ് ഖുർ‌ആൻ കേട്ട ജിന്നുകൾ തങ്ങളുടെ ജനതക്ക് നൽകുന്നത് മനുഷ്യരിലെന്ന പോലെ ജിന്നുകളിലും സത്യ വിശ്വാസികളും അല്ലാത്തവരുമുണ്ടെന്നും അള്ളാഹുവിന്റെ വിധി വിലക്കുകൾ അവർക്കും ബാധകമാണെന്നും ഈ പ്രസ്താവനയിൽ നിന്ന് മനസിലാക്കാം.ഒന്നാം വാക്യത്തിലെ അവർ പറഞ്ഞു എന്ന് പറഞ്ഞതിന്റെ തുടർച്ചയാണ് അവരുടെ വാചകമായി അള്ളാഹു ഇത് വരെ ഉണർത്തിയത്

ഇവിടെ ഒരു ചോദ്യമുണ്ട്. ജിന്നുകൾ തീ കൊണ്ട് പടക്കപ്പെട്ടവരല്ലേ ?അപ്പോൾ അവരെ തീയിലിട്ടിട്ട് എന്ത് കാര്യം?മറുപടി നരകത്തിൽ തീ ശിക്ഷയായി അവർക്ക് അനുഭവപ്പെടും വിധം അവരുടെ പ്രക്ര്‌തം മാറ്റപ്പെടുമെന്നാണ്(റാസി)


16 ) وَأَلَّوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُم مَّاء غَدَقًا


ആ മാർഗത്തിൽ (ഇസ്‌ലാമിൽ) അവർ ഉറച്ചു നിൽക്കുകയാണെങ്കിൽ അവർക്ക് നാം ധാരാളം വെള്ളം കുടിക്കുവാൻ കൊടുക്കും (എന്നും എനിക്ക് വഹ് യ് നൽകപ്പെട്ടിരിക്കുന്നു)


ധാരാളം വെള്ളം കുടിക്കുവാൻ കൊടുക്കുമെന്നതിന്റെ താല്പര്യം ജീവിത മാർഗം സുഖകരമാക്കിക്കൊടുക്കുമെന്നാണ്.സത്യമാർഗത്തിൽ ഉറച്ചു നിന്നാൽ എന്ന് പറഞ്ഞത് മനുഷ്യനും ജിന്നിനും ബാധകമാണ്


(17) لِنَفْتِنَهُمْ فِيهِ وَمَن يُعْرِضْ عَن ذِكْرِ رَبِّهِ يَسْلُكْهُ عَذَابًا صَعَدًا


അതിൽ അവരെ പരീക്ഷിക്കുവാൻ വേണ്ടി(യാണത്) വല്ലവനും തന്റെ രക്ഷിതാവിന്റെ ഉൽബോധനം (ഖുർ‌ആൻ) വിട്ട് തിരിഞ്ഞു പോകുന്ന പക്ഷം അവനെ അള്ളാഹു കഠിന ശിക്ഷയിൽ പ്രവേശിപ്പിക്കുന്നതാണ്

എന്നാൽ ഭൌതിക സുഖം ലഭിക്കുമ്പോൾ ചിലർ അള്ളാഹുവിനെ മറക്കാനും അധർമ്മകാരികളായി മാറാനും തുടങ്ങും, അവരെ ശക്തമായ ശിക്ഷ കാത്തിരിക്കുന്നുവെന്ന താക്കീതാണീ സൂക്തം. ഭൌതിക നേട്ടങ്ങൾ അള്ളാഹു ഇവിടെ നൽകുന്നത് നമ്മെ അവൻ ഇഷ്ടപ്പെട്ടു എന്നതിന്റെ തെളിവല്ല.മറിച്ച് അതും ഒരു പരീക്ഷണമാണ്. നാഥനു നന്ദിയോടെ ജീവിക്കാൻ ഈ സൌകര്യം ഒരാൾ ഉപയോഗപ്പെടുത്തിയാൽ അവൻ ശാശ്വതവിജയം നേടുകയും ധനം അഹങ്കാരിയാക്കിയവൻ എന്നെന്നേക്കുമായി പരാചയപ്പെടുകയും ചെയ്യും.ദുനിയാവ് മധുരവും പച്ചപ്പുമുള്ളതാണ് അള്ളാഹു നിങ്ങളെ അതിൽ പ്രതിനിധിയാക്കുകയും നിങ്ങൾ എങ്ങനെ പ്രവൃ‌ത്തിക്കുന്നുവെന്ന് അവൻ ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്ന നബി വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്

അള്ളാഹു സത്യവിശ്വാസമുൾക്കൊള്ളാനും ഇരു ലോക വിജയം കരസ്ഥമാക്കാനും നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.

തുടരും.. ഇൻശാ അള്ളാഹ്

Thursday, June 16, 2011

അദ്ധ്യായം-71-സൂറത്തുനൂഹ്-ഭാഗം-02

ഭാഗം 01 ( 1 മുതൽ 12 വരെ ) ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക


سورة نوح മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 28)

بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا (13


നിങ്ങൾക്കെന്തായിപ്പോയി?അള്ളാഹുവിനു ഒരു മഹത്വവും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല?

തങ്ങളുടെ വിഗ്രഹങ്ങൾക്ക് വളരെ മഹത്വം കൽ‌പ്പിച്ചിരുന്ന ആ ജനത അവരെ വിവിധ ദശകളിലായി പടച്ചുണ്ടാക്കിയ അള്ളാഹുവിനു യാതൊരു മഹത്വവും കണക്കാക്കിയിരുന്നില്ല. ഇവിടെ പ്രതീക്ഷിക്കുക എന്നാൽ ഭയപ്പെടുക എന്നും അർത്ഥമുണ്ട്.അതായത് നിങ്ങളെ ശിക്ഷിക്കാൻ കഴിവും മഹത്വവും ഉള്ളവനാണ് അള്ളാഹു .എന്നിട്ടും നിങ്ങൾ എന്ത് കൊണ്ട് അത് സൂക്ഷിക്കുന്നില്ല? അതിനു എന്ത് കാരണമാണ് നിങ്ങൾക്ക് പറയാനുള്ളത് എന്ന് ചുരുക്കം

നിങ്ങൾ അള്ളാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കാതെയും ശിക്ഷയെ ഭയപ്പെടാതെയും ആയത് എന്ത് കൊണ്ട് എന്നും അള്ളാഹുവിന്റെ മഹത്വം എന്തേ നിങ്ങൾ ശ്രദ്ധിക്കാത്തത് എന്നും എന്ത് കൊണ്ട് നിങ്ങൾ അള്ളാഹുവിന്റെ ഏകത്വം ഉൾക്കൊള്ളുന്നില്ല(അള്ളാഹുവിന്റെ ഏകത്വം മനസ്സിലാക്കിയാൽ അവന്റെ മഹത്വം ഉൾക്കൊള്ളാൻ കഴിയും അപ്പോൾ പിന്നെ നിങ്ങൾ ബഹുദൈവ വിശ്വാസികളാവുകയില്ലല്ലൊ എന്ന് ചുരുക്കം)എന്നും അർത്ഥമുണ്ട്


وَقَدْ خَلَقَكُمْ أَطْوَارًا (14

നിങ്ങളെ വിവിധ ദശകളിലായി അവൻ സൃ‌ഷ്ടിച്ചിരിക്കെ

അതായത് നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥ പരിശോധിച്ചാൽ തന്നെ അവന്റെ ഏകത്വം നിങ്ങൾക്കുൾക്കൊള്ളാൻ സാധിക്കുമല്ലോ എന്ന് സാരം

ഇന്ദ്രിയം, രക്തപിണ്ഡം, മാംസപിണ്ഡം, അപൂർണ്ണ മനുഷ്യരൂപം, പൂർണ്ണ മനുഷ്യരൂപം എന്നിങ്ങനെ ഗർഭാശയത്തിൽ വെച്ച് വിവിധ ദശകളെയും തരണം ചെയ്താണല്ലൊ മനുഷ്യൻ ശിശുവായി പിറക്കുന്നത് പിന്നീട് ശൈശവം , കൌമാരം, ബാല്യം, യൌവനം, വാർധക്യം തുടങ്ങിയ ദശകളെയും അവൻ അഭിമുഖീകരിക്കുന്നു ഇങ്ങനെയുള്ള പരിവർത്തനങ്ങളിലൂടെ നിങ്ങളെ ക്രമീകരിച്ച അള്ളാഹുവിന്റെ മഹത്വം നിങ്ങൾ എന്ത് കൊണ്ട് പരിഗണിക്കുന്നില്ലെന്നാണ് അള്ളാഹു ചോദിക്കുന്നത്. വിവിധ ദശ കളിലായി സൃ‌ഷ്ടിച്ചു എന്നതിന്റെ പരിധിയിൽ ആരോഗ്യാവസ്ഥ ,രോഗാവസ്ഥ,കാഴ്ച,അന്ധത,ഐശര്യം,ദാരിദ്ര്യം എന്നിവയും സ്വഭാവത്തിലും പ്രവർത്തനങ്ങളിലും വ്യതാസപ്പെടുക എന്നതും ഇതിന്റെ പരിധിയിൽ വരും(ഖുർത്വുബി)


أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَاوَاتٍ طِبَاقًا (15


നിങ്ങൾ കണ്ടില്ലേ?(ഒന്നിനുമീതെ)അടുക്കുകളായ നിലയിൽ ഏഴ് ആകാശങ്ങളെ എങ്ങനെയാണ് അള്ളാഹു സൃ‌ഷ്ടിച്ചിരിക്കുന്നത്?

അള്ളാഹുവിന്റെ ശക്തിയുടെയും ഏകത്വത്തിന്റെയും മറ്റൊരു തെളിവാണിത് ഭൂമിക്കുപരിയായിട്ടുള്ള പ്രപഞ്ചത്തെ അള്ളാഹു ബലിഷ്ഠമായ ഏഴ് മണ്ഡലങ്ങളായി പടച്ചു എന്നത്രെ ഇവിടെ പറയുന്നത്.


وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجا (16


അവയിൽ ചന്ദ്രനെ അവൻ ഒരു പ്രകാശമാക്കുകയും സൂര്യനെ ഒരു വിളക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു

സ്വശരീരത്തെക്കുറിച്ച് ഓർമ്മിപ്പിച്ച ശേഷം ചില പ്രാപഞ്ചിക ദൃ‌ഷ്ടാ‍ന്തങ്ങളിലേക്ക് നൂഹ്(അ)അവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ചന്ദ്ര വെളിച്ചം സൂര്യ വെളിച്ചത്തെ അപേക്ഷിച്ച് വളരെ ലഘുവാണ് അത് സൂര്യവെളിച്ചത്തിൽ നിന്ന് ലഭിക്കുന്നതുമാണല്ലൊ ! സൂര്യൻ സ്വയം പ്രകാശിക്കുന്നതും ഭൂമിക്കും ചന്ദ്രനും വെളിച്ചം നൽകുന്നതുമാണ് അത് കൊണ്ടായിരിക്കാം ചന്ദ്രനെ പ്രകാശമാക്കി എന്നും സൂര്യനെ വിളക്കാക്കി എന്നും വ്യത്യസ്ഥമായി പറഞ്ഞത്


وَاللَّهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا (17

അള്ളാഹു നിങ്ങളെ ഭൂമിയിൽ നിന്ന് സൃ‌ഷ്ടിച്ചിരിക്കുന്നു


മനുഷ്യ പിതാവായ ആദം(അ)നെ അള്ളാഹു സൃ‌ഷ്ടിച്ചത് മണ്ണ് കൊണ്ടായിരുന്നുവല്ലൊ.അതായിരിക്കാം നിങ്ങളെ അള്ളാഹു ഭൂമിയിൽ നിന്ന് പടച്ചു എന്ന് പറഞ്ഞത് ഓരോരുത്തരെക്കുറിച്ചും ആ പ്രഖ്യാപനം ശരിതന്നെയാണ്. കാരണം ഇന്ദ്രിയത്തിൽ നിന്ന് പടക്കപ്പെടുന്ന മനുഷ്യന്റെ ഇന്ദ്രിയം ഭക്ഷണത്തിൽ നിന്നും ഭക്ഷണം ഭൂവിഭവങ്ങളിൽ നിന്നും അവ ഭൂമിയിൽ നിന്നും ഉത്ഭവിക്കുന്നതാണല്ലോ ഈ അർത്ഥത്തിൽ എല്ലാവരും ഭൂമിയിൽ നിന്ന് സൃ‌ഷ്ടിക്കപ്പെട്ടവരാണെന്ന് പറയാവുന്നതാണ്.


ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا (18


പിന്നീട് അവൻ നിങ്ങളെ (മരണാനന്തരം) അതിലേക്ക് തന്നെ മടക്കുകയും (അനന്തരം അതിൽ നിന്നുതന്നെ)പുറത്തേക്ക് കൊണ്ട് വരികയും ചെയ്യും

മരണപ്പെടുമ്പോൾ ഖബ്റടക്കുന്നതിനെയാണ് അതിലേക്ക് മടക്കുമെന്നതിന്റെ താല്പര്യം. പുനർജന്മത്തിനായി ഖബ്റിൽ നിന്നുള്ള വരവാണ് അതിൽ നിന്ന് പുറത്ത് കൊണ്ടുവരുമെന്നതിന്റെ ഉദ്ദേശ്യം


وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا (19


അള്ളാഹു ഭൂമിയെ നിങ്ങൾക്ക് ഒരു വിരിപ്പാക്കിത്തന്നിരിക്കുന്നു


لِتَسْلُكُوا مِنْهَا سُبُلًا فِجَاجًا (20


അതിൽ നിന്ന് വിശാലമായ മാർഗങ്ങളിൽ നിങ്ങൾ പ്രവേശിക്കുവാൻ വേണ്ടി

ഭൂമി ഒരു വിരിപ്പെന്ന നിലയിൽ പരന്നു വിസ്ത്രിതമായി കിടക്കുകയാണ് അതിന്റെ വിശാലമാർഗങ്ങളിൽ യഥേഷ്ടം വിഹരിക്കുവാനും വികസിക്കുവാനും മറ്റെല്ലാ പ്രവർത്തനങ്ങൾക്കും പറ്റിയ വിധം അള്ളാഹു അത് സൌകര്യപ്പെടുത്തി തന്നിരിക്കുന്നു എത്ര വലിയ അനുഗ്രഹം!


قَالَ نُوحٌ رَّبِّ إِنَّهُمْ عَصَوْنِي وَاتَّبَعُوا مَن لَّمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارًا (21


നൂഹ്(അ)പറഞ്ഞു. എന്റെ നാഥാ!നിശ്ചയമായും അവർ എന്റെ കല്പന ലംഘിക്കുകയും ധനവും സന്താനവും തങ്ങൾക്ക് നഷ്ടാധിക്യംമാത്രം വരുത്തിവെച്ച ചില ആളുകളെ അവർ പിൻപറ്റുകയും ചെയ്തു


وَمَكَرُوا مَكْرًا كُبَّارًا (22


വളരെ വലിയ കുതന്ത്രങ്ങൾ അവർ പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു

ഇവിടെ പറഞ്ഞ കുതന്ത്രങ്ങൾ നൂഹ്(അ)നെ വധിക്കാനായി ചിലരെ അവർ ചട്ടം കെട്ടിയതാണെന്നും മുതലാളിമാർ അല്ലാത്തവരെ ധനത്തിന്റെ ബലത്തിൽ വിശ്വസിക്കാതിരിക്കാനായി ഭീഷണിപ്പെടുത്തിയിരുന്നതാണെന്നും അവർക്ക് ധനം ലഭിച്ചത് അവരാണ് സത്യത്തിലെന്നതിന്റെ രേഖയാണെന്ന് ധരിച്ചിരുന്നതിനെക്കുറിച്ചാണെന്നും അള്ളാഹുവിനു മക്കളെയും ഭാര്യയെയുമൊക്കെ അവർ സ്ഥാപിച്ചതാണെന്നും അവരുടെ അവിശ്വാസം ആണെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)


وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا (23


(ജനങ്ങളേ!)നിങ്ങളുടെ ദൈവങ്ങളെ നിങ്ങൾ കൈവിടരുത് വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നിവയെ(വിശേഷിച്ചും)നിങ്ങൾ കൈവിടരുത് എന്ന് അവർ പറയുകയും ചെയ്തു

അവരുടെ കുതന്ത്രങ്ങളിൽ പെട്ട ഏറ്റവും വലിയ കാര്യമാണിത്. നേതാക്കൾ സാധാരണക്കാരെ ഉപദേശിക്കുന്നത് എന്ത് വന്നാലും നിങ്ങളുടെ ദൈവങ്ങളെ കൈവിടരുതെന്നും വദ്ദ്, സുവാഅ് തുടങ്ങിയ ബിംബങ്ങളെ എന്ത് വിലകൊടുത്തും നിലനിർത്തണമെന്നുമാണ് അവർ പറഞ്ഞത്. നൂഹ്(അ)ന്റെ ജനത ആരാധിച്ചിരുന്ന ബിംബങ്ങളുടെ പേരുകളാണിവിടെ പറഞ്ഞതെന്നും ഇതേ ബിംബങ്ങളെ പിന്നീട് അറബികളും ആരാധിക്കുകയായിരുന്നുവെന്നുമാണ് ഭൂരിപക്ഷ വ്യാഖ്യാതാക്കളും പറയുന്നത്
വദ്ദ് സുവാ അ് എന്നിങ്ങനെ മുകളിൽ പറഞ്ഞ അഞ്ച് പേരുകൾ സജ്ജനങ്ങളായ മാതൃ‌കാ പുരുഷന്മാരായ നൂഹ്(അ)ന്റെ ജനതയിലൂള്ള അഞ്ച് ആളുകളായിരുന്നു. അവർ മരണപ്പെട്ടപ്പോൾ പിശാച് ആ ജനതയുടെ അടുത്ത് വരികയും അവർ ഇരിക്കാറുണ്ടായിരുന്ന സ്ഥലത്ത് ഇവരുടെ ബിംബങ്ങളെ പ്രതിഷ്ഠിക്കാനും ഈ പേരുകൾ അവക്ക് നൽകാനും ദുർബോധനം നൽകി .ഈ ബിംബങ്ങളെ ദർശിക്കുമ്പോൾ അവരെ ഓർമ്മിക്കുക എന്നതായിരുന്നു ആദ്യ സമയത്തുണ്ടായിരുന്നത് എന്നാൽ ആ തലമുറ മരണപ്പെട്ടപ്പോൾ അടുത്ത തലമുറ ഈ ബിംബങ്ങളെ ആരാധിക്കാൻ തുടങ്ങുകയായിരുന്നു(ബുഖാരി)


وَقَدْ أَضَلُّوا كَثِيرًا وَلَا تَزِدِ الظَّالِمِينَ إِلَّا ضَلَالًا (24


നിശ്ചയമായും അവർ വളരെ ആളുകളെ പിഴപ്പിച്ചു കളഞ്ഞിരിക്കുന്നു(അത് കൊണ്ട് എന്റെ റബ്ബേ)അക്രമികൾക്ക് വഴികേടല്ലാതെ നീ വർദ്ധിപ്പിക്കരുതേ

പ്രബോധനത്തിന്റെ എല്ലാ വഴികളും ഒമ്പതര നൂറ്റാണ്ട് ഉപയോഗിച്ച നൂഹ്(അ) ധിക്കാരവും നിഷേധവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ കണ്ടപ്പോൾ ജനിച്ചു വരുന്ന പുതു തലമുറ പോലും ധിക്കാരത്തിലേക്കും നിഷേധത്തിലേക്കും കൂപ്പ് കുത്തുന്ന ദയനീയമായ കാഴ്ച കണ്ടപ്പോൾ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട സമയത്താണ് നൂഹ്(അ) അവർക്കെതിരിൽ ഇങ്ങനെ പ്രാർത്ഥിച്ചത്. ധനവും സന്താനങ്ങളും കൂടുതൽ നഷ്ടം വരുത്തിവെച്ചവർ എന്ന് പറഞ്ഞത് നേതാക്കളെ പറ്റിയാണ്. അവരാണ് സാധാരണക്കാരെ സത്യത്തിൽ നിന്ന് തടഞ്ഞത് അതിനായി അവരുടെ ദൈവങ്ങളെ കൈവിടരുതെന്ന് ശക്തമായി അവർ ഉപദേശിച്ചു പ്രധാനപ്പെട്ട അഞ്ച് ബിംബങ്ങളുടെ പേരുകളാണിവിടെ പറഞ്ഞിരിക്കുന്നത്


مِمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُم مِّن دُونِ اللَّهِ أَنصَارًا (25


തങ്ങളുടെ തെറ്റുകളാൽ തന്നെ അവർ വെള്ളത്തിൽ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവർ അഗ്നിയിൽ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി അപ്പോൾ അള്ളാഹുവിനെ കൂടാതെയുള്ള ഒരു സഹായികളെയും തങ്ങൾക്ക് അവർ കണ്ടെത്തിയില്ല

നൂഹ്(അ)യെ വിശ്വസിക്കാത്ത ആജനത ഒന്നടങ്കം വെള്ളത്തിൽ മുക്കി കൊല്ലപ്പെട്ടു. നൂഹ്(അ)യോടൊപ്പം സത്യവിശ്വാസികളും കപ്പലിൽ രക്ഷപ്പെട്ടു. മുക്കിക്കൊല്ലപ്പെട്ടു എന്നതിനു ശേഷം അവർ അഗ്നിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞത് ഈ നാശത്തിനു ശേഷം പരലോകത്ത് നരകത്തിൽ കടക്കുമെന്നോ മരിച്ച ഉടൻ തന്നെ നരക ശിക്ഷ ഖബ്റിൽ വെച്ച് തുടങ്ങി എന്നോ അർത്ഥമാവാം


وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا (26


നൂഹ്(അ)പറഞ്ഞു എന്റെ നാഥാ!സത്യനിഷേധികളിൽ പെട്ട ഒരൊറ്റ പൌരനെയും ഭൂമുഖത്ത് നീ വിട്ട് കളയരുതേ!

ഇനി അവരിൽ നിന്ന് ആരും വിശ്വസിക്കുകയില്ലെന്നുള്ള വിവരം അള്ളാഹുവിൽ നിന്ന് ലഭിച്ചപ്പോഴായിരുന്നു ഈ പ്രാർത്ഥന എന്നാണ് വ്യാഖ്യാതാക്കൾ പറയുന്നത് .ഇത് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്


وَأُوحِيَ إِلَى نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلاَّ مَن قَدْ آمَنَ فَلاَ تَبْتَئِسْ بِمَا كَانُواْ يَفْعَلُونَ


നിങ്ങളുടെജനതയിൽ നിന്ന്‌ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാൽ അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അങ്ങ്? സങ്കടപ്പെടരുത്‌ എന്ന്‌ നൂഹി(?)ന്‌ സന്ദേശം നൽകപ്പെട്ടു.

മുഹമ്മദ് ബിൻ കഅബ് ,മുഖാതിൽ,റബീഅ്,അത്വിയ്യ (റ) തുടങ്ങിയ വ്യാഖ്യാതാക്കൾ പറയുന്നത് നൂഹ്(അ)ന്റെ ഈ പ്രാർത്ഥന പിതാക്കളുടെ മുതുകുകളിൽ നിന്നും ഉമ്മമാരുടെ ഗർഭാശയത്തിൽനിന്നും സത്യവിശ്വാ‍സികൾ മുഴുവൻ പുറത്ത് വന്ന ശേഷം അവരിൽ ഗർഭധാരണം നടക്കാത്ത സാഹചര്യം അള്ളാഹു ഉണ്ടാക്കുകയും ഒരുപാട് വർഷം(70/40എന്നിങ്ങനെ അഭിപ്രായമുണ്ട്)കഴിഞ്ഞപ്പോൾ കുട്ടികൾ അവിടെ ഇല്ലാത്ത സാഹചര്യം ഉണ്ടായി അപ്പോഴായിരുന്നു പ്രർഥനയും നാശവുണ്ടായത്.എന്നാണ്(ഖുർത്വുബി). ഥൂഫാൻ പ്രളയത്തിൽ കുട്ടികൾ ശിക്ഷിക്കപ്പെട്ടില്ലെന്ന് ചുരുക്കം


إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا (27


(കാരണം)നീ അവരെ (നശിപ്പിക്കാതെ) വിട്ടുകളയുന്ന പക്ഷം അവർ നിന്റെ അടിമകളെ വഴി തെറ്റിച്ചു കളയുന്നതാണ് തീർച്ച,(മാത്രമല്ല)സത്യനിഷേധികളായ ദുർവൃ‌ത്തരെയല്ലാതെ അവർ ജനിപ്പിക്കുകയുമില്ല

ആ ജനതയിൽ നിന്ന് നന്മയുടെ ഒരു കണികപോലും കാണുകയില്ലെന്നു മനസിലാക്കിയ നൂഹ്(അ)വരാനിരിക്കുന്ന തലമുറയെ കൂടി ഈ നാശത്തിലെത്തിക്കുമെന്ന് ഭയപ്പെട്ടുഇവരിൽ ആരും ഇനി വിശ്വസിക്കില്ലെന്ന് തനിക്ക് ബോധനവും ലഭിച്ചിരുന്നു ഈ സാഹചര്യത്തിലാണ് സ്വന്തം സമൂഹത്തിനെതിരെ പ്രാർത്ഥിച്ചത്


رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا (28


എന്റെ നാഥാ!എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസിയായിക്കൊണ്ട് എന്റെ വീട്ടിൽ പ്രവേശിക്കുന്നവർക്കും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്ത് തരേണമേ!അക്രമികൾക്ക് നാശമല്ലാതെ നീ വർദ്ധിപ്പിക്കരുതേ!

അവസാനമായി തനിക്കും മാതാപിതാക്കൾ (ലാമിക് ബിൻ മുതവശ് ലിഖ് എന്നായിരുന്നു പിതാവിന്റെ പേര്. ശംഖാ ബിൻത് അനൂശ് എന്നായിരുന്നു മാതാവിന്റെ നാമം. മിൻജൽ എന്നാണ് മാതാവിന്റെ പേര് എന്നും അഭിപ്രായമുണ്ട് എന്ന് ഖുർത്വുബിയിൽ കാണാം) സത്യവിശ്വാസികൾ എന്നിവർക്കും പാപമോചനത്തിനായി പ്രാർത്ഥിക്കുകയും സത്യനിഷേധികൾക്കെതിരിലുള്ള പാർത്ഥന ആവർത്തിക്കുകയും ചെയ്യുന്നുനൂഹ്(അ) തന്റെ വീട് എന്ന് പറഞ്ഞത് പള്ളിയെ ഉദ്ദേശിച്ചാണെന്നും വീട് ഉദ്ദേശിച്ചാണെന്നും തങ്ങളുടെ രക്ഷാകവചമായ കപ്പലിനെ ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്
ഇവിടെ സത്യവിശ്വാസികൾക്ക് പ്രാർത്ഥിച്ചത് അന്ത്യനാൾ വരെയുള്ളവരെ ഉദ്ദേശിച്ചാണെന്നും സത്യനിഷേധികൾക്കെതിരെയും അങ്ങനെ തന്നെയെന്നും തന്റെ സമൂഹത്തിലുള്ളവരെ മാത്രം ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്

അള്ളാഹു സദുപദേശങ്ങൾ ഉൾക്കൊള്ളാനും അവന്റെ ഇഷ്ടജനങ്ങളിൽപെടാനും നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

Wednesday, June 8, 2011

അദ്ധ്യായം 71-സൂറത്തു നൂഹ്-ഭാഗം-01

سورة نوح
മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 28)



بسم الله الرحمن الرحيم



പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



إِنَّا أَرْسَلْنَا نُوحًا إِلَى قَوْمِهِ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ (1



താങ്കളുടെ ജനതക്ക് വേദനാജനകമായ വല്ല ശിക്ഷയും വന്നെത്തുന്നതിനു മുമ്പ് അവരെ തങ്ങൾ താക്കീത് ചെയ്യുക എന്ന് കൽ‌പ്പിച്ച് കൊണ്ട് നൂഹ്(അ)നെ തന്റെ ജനതയിലേക്ക് (റസൂലായി) നാം അയക്കുക തന്നെ ചെയ്തു.

നൂഹ്(അ) ധിക്കാരികളെ നന്മയിലേക്ക് ക്ഷണിക്കാനായി ആദ്യമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് നൂഹ്(അ). ആദം നബി(അ)യും ഇദ് രീസ് നബി(അ)യും നൂഹ്(അ)ന്റെ മുമ്പ് നബിമാരായിരുന്നുവെങ്കിലും അക്കാലത്തെ പ്രബോധിത സമൂഹം ധിക്കാരികളായിരുന്നില്ല.ബിംബാരാധനയിലും മൂല്യച്യുതിയിലും മുങ്ങിക്കുളിച്ചവരെ സംസ്ക്കരിക്കാനായി നൂഹ്(അ) ആണ് ആദ്യമായി നിയോഗിക്കപ്പെട്ടത്. (ആദ്യ പ്രവാചകനാണ് നൂഹ്(അ) എന്ന് കാണുന്ന റിപ്പോർട്ടുകളും ആദം(അ) ഇദ് രീസ്(അ) എന്നിവർ നബിമാരാണെന്ന റിപ്പോർട്ടുകളും തമ്മിലുള്ള സംയോജനം ആണിത്. നൂഹ്(അ) പ്രവാചകനായത് നാല്പതാം വയസ്സിലാണെന്നും അമ്പതിലാണെന്നും മറ്റും അഭിപ്രായമുണ്ട്. തൊള്ളായിരത്തി അമ്പത് കൊല്ലം ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ മഹാൻ പ്രവർത്തിച്ചു. ഥൂഫാൻ ജലപ്രളയത്തിനു ശേഷം ലോകം ജന സാന്ദ്രതയിലാവുന്നത് വരെ പിന്നെയും ജീവിച്ചു അത് എത്ര കൊല്ലം എന്നതിൽ വിവിധ റിപ്പോർട്ടുണ്ട് . അറുപത് വർഷം, എഴുപത് വർഷം എന്നിങ്ങനെ വേറെയും അഭിപ്രായങ്ങളുണ്ട് വലിയ പരിഹാസവും പീഢനങ്ങളുമാണ് ജനങ്ങൾ തനിക്ക് സമ്മാനിച്ചത് ധിക്കാരികളായ നിഷേധികളുടെ അടിയേറ്റ് ബോധം കെട്ട് ധാരാളം തവണ വീണ് പോയിട്ടും ബോധം തെളിയുമ്പോൾ വിവരമില്ലാത്ത ഇവരോട് നാഥാ നീ പൊറുക്കേണമേ എന്ന് മഹാൻ പ്രാർത്ഥിക്കുമായിരുന്നു(ഖുർത്വുബി). പിൽക്കാലത്ത് വന്നവരെല്ലാം നൂഹ്(അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരാണ്

ആദം(അ)നു ശേഷം പത്ത് തലമുറ പിന്നിടുമ്പോഴാണ് നൂഹ്(അ)ന്റെ കാലം. സത്യവിശ്വാസം സ്വീകരിച്ചില്ലെങ്കിൽ നിങ്ങൾ അപകടാവസ്ഥയിലാവുമെന്ന് അവർക്ക് താക്കീത് നൽകാനായിട്ടാണ് നൂഹ് (അ)നെ നാം നിയോഗിച്ചത് എന്നാണ് അള്ളാഹു പറയുന്നത് ഈ താക്കീത് അവഗണിച്ച ആ ജനത ശക്തമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു എന്ന് ഖുർ ആൻ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്





قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ (2



അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.

എന്റേ വാക്കുകളെ അവഗണിക്കരുത് ഞാൻ നിങ്ങൾക്ക് നൽകുന്ന നിർദേശങ്ങൾ എന്റെ വകയല്ല അള്ളാഹുവിന്റെ നിർദ്ദേശമാണെന്ന് സാരം ഞാൻ താക്കീതുനൽകാൻ വന്നതാണെന്ന് വെറുതെ പറയുന്നതല്ല വ്യക്തമായ തെളിവുണ്ട്.



أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ (3


നിങ്ങൾ അള്ളാഹുവിനെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക

അള്ളാഹുവിനെ ആരാധിക്കാനും അവനെ സൂക്ഷിക്കാനും നൂഹ്(അ)നെ അനുസരിക്കാനും ആണിവിടെ പറയുന്നത് . ഇമാം റാസി(റ) എഴുതുന്നു. “ അള്ളാഹുവിനെ ആരാധിക്കണമെന്ന കല്പന ഹൃ‌ദയത്തിന്റെയും അവയവങ്ങളുടെയും പ്രവർത്തനങ്ങളിൽ പെടുന്ന നിർബന്ധമോ സുന്നത്തോ ആയ എല്ലാ കാര്യങ്ങളെയും ഉൾപ്പെടുത്തുന്നു. അള്ളാഹുവെ സൂക്ഷിക്കണം എന്ന കല്പന കണിശമായോ അല്ലാതെയോ വിലക്കപ്പെട്ട എല്ലാകാര്യത്തെയും ഉൾക്കൊള്ളിക്കുന്നു. എന്നെ അനുസരിക്കണമെന്നത് താൻ കൽ‌പ്പിക്കുന്നതും വിരോധിക്കുന്നതും അംഗീകരിക്കാൻ ബാദ്ധ്യതയുണ്ടെന്ന് സ്ഥിരീകരിക്കുന്നു. അള്ളാഹുവെ ആരാധിക്കണം അവനെ സൂക്ഷിക്കണം എന്ന കല്പനയിൽ നൂഹ്(അ) നെ അനുസരിക്കണമെന്നതുമുൾപ്പെടുമെന്നിരിക്കെ അത് പ്രത്യേകം പറഞ്ഞത് അള്ളാഹു തന്നെ അംഗീകരിക്കുന്നുണ്ടെന്ന് ശക്തമായി സ്ഥാപിക്കാനും ആ കല്പന സ്ഥിരീകരിക്കുന്നതിന്റെ ഗൌരവം കാണിക്കാനുമാണ്(റാസി 30/120)




يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَى أَجَلٍ مُّسَمًّى إِنَّ أَجَلَ اللَّهِ إِذَا جَاء لَا يُؤَخَّرُ لَوْ كُنتُمْ تَعْلَمُونَ (.4



എന്നാൽ അവൻ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ഒരു നിശ്ചിതാവധിവരെ നിങ്ങളെ പിന്തിക്കുന്നതുമാണ്. അള്ളാഹുവിന്റെ (നിശ്ചയപ്രകാരമുള്ള) അവധി വന്നാൽ അത് പിന്തിക്കപ്പെടുന്നതേയല്ല . നിങ്ങൾ അറിയുന്നവരാണെങ്കിൽ.




يَغْفِرْ لَكُم مِّن ذُنُوبِكُمْ


എന്നിടത്തെ مِّن എന്നതിനു അല്പം എന്ന ആശയമുണ്ടെന്നും ഇല്ലെന്നും വ്യാഖ്യാനമുണ്ട് അഥവാ നാം നേരത്തേ അർത്ഥം നൽകിയത് പോലെ നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരും എന്ന് അർത്ഥം പറയുമ്പോൾ ഈ مِّن അർത്ഥം ഇല്ലാത്തതാവും അല്പം എന്ന അർത്ഥം ഉണ്ടെന്നും അഭിപ്രായമുണ്ട് അപ്പോൾ ദോഷങ്ങളിൽ നിന്ന് അല്പം പൊറുക്കപ്പെടുമെന്നാവും അർത്ഥം അപ്പോൾ ആ അല്പം എന്നതിന്റെ താല്പര്യമെന്താണെന്ന്. ഇമാം റാസി(റ) എഴുതുന്നു ഒരാൾ വിശ്വസിച്ചാൽ അവന്റെ മുൻ പാപങ്ങൾ അതിലൂടെ പൊറുക്കപ്പെടും അതേസമയം ഇനി ചെയ്യുന്ന ദോഷങ്ങൾ പിന്നീട് അവൻ പാശ്ചാത്തപിച്ച് പൊറുപ്പിക്കണം നേരത്തെയുള്ള ദോഷങ്ങൾ പൊറുക്കുമെന്നാണ് ആയത്തിൽ പറഞ്ഞത് അല്പം എന്ന ആശയം അപ്പോൾ വ്യക്തമായി(റാസി)



മുൻ സൂക്തത്തിലെ മൂന്ന് കല്പനകൾ പാലിക്കുന്നവർക്കുള്ള നേട്ടങ്ങളാണ് ഈ സൂക്തത്തിലെ പരാമർശം .(ഒന്ന്) പരലോകത്തെ ബുദ്ധിമുട്ട് ഒഴിവാക്കിക്കൊടുക്കും ദോഷം പൊറുക്കപ്പെട്ടാ‍ലല്ലേ അവിടെ നേട്ടം ലഭിക്കൂ (രണ്ട്) ഭൂമിയിലെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കിക്കൊടുക്കും ഇവിടുത്തെ സന്തോഷം അനുഭവിക്കാൻ ആയുസ്സാണല്ലോ ആദ്യം വേണ്ടത് അവർക്ക് നിശ്ചിതാവധിവരെ സമയം നീട്ടിക്കൊടുക്കുമെന്നത് അതിന്റെ ആദ്യപടിയാണ്.ആയുസ്സ് പിന്തിക്കുമെന്ന് ഈ സൂക്തത്തിന്റെ തുടക്കത്തിൽ പറഞ്ഞുഅവധി വന്നാൽ പിന്തിക്കപ്പെടുന്നതേയല്ല എന്ന് പിന്നെയും പറഞ്ഞു ഇത് വൈരുദ്ധ്യമല്ലേ എന്ന് ഇവിടെ ചോദിക്കാം മറുപടി ഇതാണ് നൂഹ്(അ) നെക്കൊണ്ട് വിശ്വസിച്ചാൽ അവർക്ക് ആയുസ്സ് അവസാന അവധിവരെ നീട്ടിക്കൊടുക്കും ഇല്ലെങ്കിൽ അതിനു മുമ്പേ ശിക്ഷകൾ ഇറങ്ങിക്കൊണ്ടുള്ള മരണം ബാധിക്കും. അതായത് അള്ളാഹുവിന്റെ വിധി രണ്ട് രൂപത്തിലുണ്ട് സോപാധിക വിധി നിരുപാധിക വിധിഎന്നിവയാണത്.സോപാധിക വിധിയാണ് സൽക്കർമ്മത്തിന്റെ അടിസ്ഥാനത്തിൽ മാറ്റം വരുന്നത് അതാണ് ആയത്തിന്റെ തുടക്കത്തിൽ നിശ്ചിതാവധി വരെ പിന്തിക്കും എന്ന് പറഞ്ഞത് നിരുപാധികവിധിയാണ് പിന്തിക്കപ്പെടുകയില്ലെന്ന് രണ്ടാമത് പറഞ്ഞത് ഉദാഹരണമായി അവർ നൂഹ്(അ)നെ കൊണ്ട് വിശ്വസിച്ചാൽ അവർക്ക് ആയിരം കൊല്ലം ജീവിക്കാൻ അവസരം നൽകും വിശ്വസിച്ചില്ലെങ്കിൽ തൊള്ളായിരം കൊല്ലം കൊണ്ട് തന്നെ അവരെ മരിപ്പിക്കും എന്ന് പറയുന്നത് പോലെ(റാസി)



നിങ്ങൾ അറിയുന്നവരാണെങ്കിൽ…എന്ന് പറഞ്ഞത് അവരുടെ ഭൌതികതയോടുള്ള താല്പര്യവും അത് നേടാനുള്ള ഉത്സാഹവും അതിനു വേണ്ടിയുള്ള വഴിവിട്ട മാർഗങ്ങൾ അവലംബിക്കുന്നതും കാണുമ്പോൾ മരിക്കുമെന്നതിനെ നിഷേധിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നാൽ അള്ളാഹു നിശ്ചയിച്ച അവസാന വിധി എത്തിയാൽ അല്പം പോലും മരണത്തെ താമസിപ്പിക്കപ്പെടുന്നതല്ല എന്ന് ചുരുക്കം

ഇത്രയും സമയം നിങ്ങൾക്ക് വിശ്വസിക്കാനുള്ള സമയമാണെന്നും ഇത് തിരിച്ചറിഞ്ഞ് വിശ്വസിക്കാതെ മുന്നോട്ട് പോയി ശിക്ഷയുടെ അവധി എത്തിയാൽ പിന്നെ രക്ഷപ്പെടാനാവില്ലെന്ന് സാരം



قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا (5



അദ്ദേഹം പറഞ്ഞു എന്റെ റബ്ബേ! നിശ്ചയമായും എന്റെ ജനതയെ രാവും പകലും (നിന്റെ മാർഗത്തിലേക്ക്) ഞാൻ വിളിച്ചു





فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا (6



എന്നിട്ട് എന്റെ വിളി അവരെ കൂടുതൽ അകറ്റിക്കളയുക മാത്രമാണ് ചെയ്തത്



താക്കീതുകാരനായി വന്ന നൂഹ്(അ) തന്റെ ദൌത്യം ഭംഗിയായി നിർവഹിച്ചു രാവും പകലും എന്ന വ്യത്യാസമില്ലാതെ അഥവാ എപ്പോഴും പ്രബോധനം തുടർന്നു പക്ഷെ ജനത്തിന്റെ പ്രതികരണം വളരെ പ്രതികൂലമായിരുന്നു അവർ കൂടുതൽ സത്യനിഷേധം വെച്ചുപുലർത്തി അതാണ് എന്റെ വിളി അവരെ കൂടുതൽ അകറ്റിക്കളഞ്ഞു എന്ന് പറഞ്ഞത്




وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا (7



നീ അവർക്ക് പൊറുത്ത് കൊടുക്കുവാൻ വേണ്ടി ഞാൻ അവരെ വിളിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ വിരലുകൾ കാതുകളിൽ ഇടുകയും വസ്ത്രങ്ങൾ കൊണ്ട്(ശിരസ്സുകൾ) മൂടിപ്പൊതിയുകയും (നിഷേധത്തിൽ) ഉറച്ച് നിൽക്കുകയും വലിയ അഹങ്കാരം നടിക്കുകയും ചെയ്യുന്നു

നൂഹ്(അ) തന്റെ ജനതക്ക് അള്ളാഹുവിന്റെ പാപമോചനം ലഭിക്കാനായി അള്ളാഹുവിനെ ആരാധിക്കാനും തന്നെ അനുസരിക്കാനും അവരെ വിളിക്കുമ്പോൾ നിഷേധത്തിന്റെ ശക്തികാണിക്കാനായി അവർ ചെവിയിൽ വിരലിട്ടു അതായത് നൂഹ് (അ) പറയുന്ന തെളിവുകൾ കേട്ട് മനസ്സാന്തരം വന്നു പോയാലോ എന്ന് ഭയപ്പെട്ട് തങ്ങളുടെ അന്ധവിശ്വാസത്തിൽതന്നെ അടിയുറച്ച് നിൽക്കാനാണിവർ ചെവിയിൽ വിരലിട്ടത് സത്യം കേൾക്കാൻ പോലും തയാറാവാത്തവർ പിന്നെ എങ്ങനെ അനുസരിക്കും?! വസ്ത്രങ്ങൾകൊണ്ട് മൂടിയിരുന്നു എന്നതാണ് അവരുടെ നിഷേധത്തിന്റെ രണ്ടാമത്തെ അടയാളമായി പറഞ്ഞത് നൂഹ്(അ)ന്റെ വാക്കുകൾ കേൾക്കുന്നത് പോലും അനുവദനീയമല്ലെന്ന് വരുത്താനും മുഖം കാണുന്നത് പോലും വർജ്യമാണെന്ന് തോന്നിപ്പിക്കാനുമായിട്ടാണ് അവർ വസ്ത്രം കൊണ്ട് തലയടക്കം മൂടിയിരുന്നത് നൂഹ്(അ)പറയുന്നത് കേൾക്കാൻ പോലും ഞങ്ങൾ സന്നദ്ധരല്ലെന്ന് വരുത്തുകയായിരുന്നു ഈ പ്രവർത്തനത്തിലൂടെ അവർ ഉദ്ദേശിച്ചിരുന്നത് ആളെ തിരിച്ചറിഞ്ഞ് പ്രബോധനം നടത്തിയാലോ എന്ന് കരുതി തലയിൽ മുണ്ടിട്ട് നൂഹ്(അ)ന്റെ അരികത്ത് കൂടി പോകുമായിരുന്നു എന്നും വ്യാഖ്യാനമുണ്ട്

അവർ ഉറച്ച് നിന്നു എന്നതിന്റെ താല്പര്യം നിഷേധത്തിൽ ഉറച്ച് നിന്നു എന്നോ സത്യപ്രബോധനത്തെ അവഗണിക്കുന്നതിൽ ഉറച്ച് നിന്നു എന്നോ ആവാം (രണ്ടും ഉണ്ടായി എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്).വലിയ അഹങ്കാരം നടിച്ചു എന്നത് നിഷേധത്തിന്റെ അറ്റത്തെത്തി എന്നത്രെ!



ثُمَّ إِنِّي دَعَوْتُهُمْ جِهَارً ا(8



പിന്നെ(അതിനും പുറമെ) ഞാൻ അവരെ ഉച്ചത്തിൽ വിളിച്ചു

നേരത്തേ രാപ്പകൽ സത്യത്തിലേക്ക് ക്ഷണിച്ചു എന്ന് പറഞ്ഞത് രഹസ്യമായി ക്ഷണിച്ചു എന്നാണ്.അത് ഫലവത്താകുന്നില്ലെന്ന് കണ്ടപ്പോഴാണ് പരസ്യമായി ക്ഷണം തുടങ്ങിയത് അതാണ് ഈ സൂക്തത്തിൽ പറയുന്നത്



ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا (9



പിന്നെ അവർക്ക് ഞാൻ (എന്റെ വിളി) പരസ്യമാക്കുകയും രഹസ്യമാക്കുകയും ചെയ്തു.

അതും ഫലം കണ്ടില്ല അപ്പോൾ രഹസ്യമായും പരസ്യമായും സാഹചര്യം പോലെ ക്ഷണം തുടങ്ങി ഇങ്ങനെ മൂന്ന് രൂപത്തിലും തന്റെ പ്രബോധനം തുടർന്നു എന്ന് ചുരുക്കം



فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10




എന്നിട്ട് അവരോട് ഞാൻ പറഞ്ഞു നിങ്ങളുടെ നാഥനോട് നിങ്ങൾ പാപമോചനം തേടുക നിശ്ചയം അവൻ വളരെയധികം പൊറുക്കുന്നവനായിട്ടുണ്ട്.

മുഖാത്തിൽ(റ) പറഞ്ഞതായി ഇമാം റാസി(റ)എഴുതുന്നു. വളരെക്കാലം അവരുടെ സത്യനിഷേധം തുടർന്നപ്പോൾ അള്ളാഹു അവർക്ക് മഴ തടയുകയും സ്ത്രീകൾക്ക് ഗർഭധാരണ ശേഷി ഇല്ലാതാവുകയും ചെയ്തു അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ആ വിഷമത്തിന്റെ പരിഹാരത്തിനായി അവർ നൂഹ്(അ)നെ സമീപിച്ചു അപ്പോൾ നൂഹ്(അ)അവരോട് പറഞ്ഞു അള്ളാഹുവിന്റെ അനുഗ്രഹ കവാടങ്ങൾ അവൻ നിങ്ങളിലേക്ക് തുറക്കാനായി ശിർക്ക് ഉപേക്ഷിച്ച് സത്യവിശ്വാസം ഉൾക്കൊണ്ട് അള്ളാഹുവോട് നിങ്ങൾ പൊറുക്കലിനെ തേടുക എന്ന്.കാരണം അവൻ വളരെയധികം പൊറുക്കുന്നവനാണ്(റാസി)

നന്മയുടെ കവാടങ്ങൾ തുറക്കാനുള്ള കാരണമാണ് സൽക്കർമ്മങ്ങളിൽ മുഴുകൽ .ദുഷ്ക്കർമ്മങ്ങൾ നേരേ മറിച്ചും വരും. സൂക്ഷ്മതയുള്ള ജീവിതം നയിച്ചാൽ അനുഗ്രഹങ്ങൾ അള്ളാഹു തുറന്ന് തരുമെന്ന് ഖുർ ആൻ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട് എന്നാൽ സൽക്കർമ്മങ്ങളിൽ വെച്ച് ഏറ്റവും വലുത് ശിർക്കിൽ നിന്ന് മാറി നിൽക്കലും സത്യവിശ്വാസത്തിന്റെ ശൈലി സ്വീകരിക്കലുമത്രെ!പാപ മോചനം തേടൽ വലിയ ശ്രേഷ്ഠതയുള്ള കർമ്മമാണ്. ഇമാം റാസി(റ)എഴുതുന്നു. ബക്റുബ്നു അബ്ദിള്ളാഹ്(റ)പറഞ്ഞു ജനങ്ങളിൽ വെച്ച് ഏറ്റവും ദോഷമുള്ളവർ പാപമോചനം തേടൽ ഏറ്റവും കുറഞ്ഞവരും പൊറുക്കലിനെതേടൽ(അസ്തഗ്ഫിറുള്ളാഹ് പറയൽ)ഏറ്റവും വർദ്ധിപ്പിക്കുന്നവർ കുറ്റം ഏറ്റവും കുറഞ്ഞവരുമാണ്. ഹസൻ(റ)നോട് വരൾച്ചയെക്കുറിച്ച് വിഷമം പറഞ്ഞ വ്യക്തിയോട് അസ്തഗ്ഫിറുള്ളാഹ് പറയാൻ നിർദ്ദേശിച്ചു ദാ‍രിദ്ര്യത്തെക്കുറിച്ച് പറഞ്ഞയാളോടും സന്താനമില്ലെന്ന് പറഞ്ഞയാളോടും ഭൂമിയിൽ വിള കുറവിനെക്കുറിച്ച് വിഷമം പറഞ്ഞയാളോടും അസ്തഗ്ഫിറുള്ളാഹ് വർദ്ധിപ്പിക്കാനായിരുന്നു നിർദ്ദേശം അപ്പോൾ ചിലർ ചോദിച്ചു എന്ത് വിഷമം പറയുന്നവരോടും ഇതേകാര്യമാണല്ലോ നിങ്ങൾ പറയുന്നത് എന്ന് അപ്പോൾ ഈ സൂക്തം ഓതിക്കൊണ്ടാണ് ഹസൻ(റ)മറുപടി പറഞ്ഞത്(റാസി)



يُرْسِلِ السَّمَاء عَلَيْكُم مِّدْرَارًا (11



എന്നാൽ നിങ്ങൾക്കവൻ യഥേഷ്ടം മഴവർഷിപ്പിച്ചു തരും



وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا (12



സ്വത്തുക്കൾ കൊണ്ടും സന്താനങ്ങൾ കൊണ്ടും അവൻ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും നിങ്ങൾക്കവൻ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരുന്നതുമാണ്

മഴ ലഭിക്കാനും സന്താന സൌഭാഗ്യത്തിനും സാമ്പത്തികലാഭത്തിനും സ‌മൃദ്ധിക്കും കാരണമാണ് പൊറുക്കലിനെ തേടൽ എന്നത്രെ ഇതിന്റെ ആശയം ഭൌതികനേട്ടങ്ങളോട് വലിയ താല്പര്യമായിരിക്കും മനുഷ്യനു്! എന്നാൽ സത്യവിശ്വാസം പരലോക നേട്ടം മാത്രമല്ല ഈ ലോകവിജയവും സുനിശ്ചിതമാക്കിത്തീർക്കുമെന്നാണിതിൽ നിന്ന് വ്യക്തമാകുന്നത്

അസ്തഗ്ഫിറുള്ളാഹ് പതിവാക്കിയാൽ എല്ലാ ക്ലേശങ്ങളിൽ നിന്നും അള്ളാഹു അവനു രക്ഷ നൽകുമെന്നും മനോവ്യഥകളിൽ നിന്ന് മുക്തി നൽകുമെന്നും അവൻ വിജാരിക്കാത്ത നിലക്ക് അള്ളാഹു അവനു ഭക്ഷണം നൽകുമെന്നും നബി(സ)പറഞ്ഞിട്ടുണ്ട്

അള്ളാഹുവോട് പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുന്നവരെ അവൻ ശിക്ഷിക്കുക്കയില്ലെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്


ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കാനും നല്ല കാര്യങ്ങളിൽ സജീവമാകാനും അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

(തുടരും) ഇൻശാ അള്ളാഹ്