Thursday, July 1, 2010

അദ്ധ്യായം- 101 സൂറത്തുൽ ഖാരിഅ:

സൂറത്തുൽ ഖാരിഅ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ   11

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1الْقَارِعَةُ
ശക്തിയായി മുട്ടുന്ന ആ (ഭയങ്കര) സംഭവം

2.مَا الْقَارِعَةُ
ശക്തിയായി മുട്ടുന്ന സംഭവം എന്നാൽ എന്താണ്?

3.وَمَا أَدْرَاكَ مَا الْقَارِعَةُ

ശക്തിയായി മുട്ടുന്ന സംഭവമെന്നാൽ എന്താണെന്ന് തങ്ങൾക്ക് അറിവ് നല്കിയത് എന്ത്?

ഇത് എന്താണെന്ന് ആവർത്തിച്ച് ചോദിക്കുന്നത് അതിന്റെ ഗൌരവം സൂചിപ്പിക്കാനാണ്. വളരെ ശക്തിയായി മുട്ടി അലക്കുന്ന എന്നും, മുട്ടുമ്പോഴുണ്ടാവുന്ന കടുത്ത ശബ്ദം എന്നൊക്കെയാണ് ഖാരിഅ: എന്ന വാക്കിന്റെ താല്പര്യം. ഖിയാമത്ത് നാളിന്റെ നാമങ്ങളിലൊന്നാണ് ഖാരിഅ: എന്നത്. സൂർ എന്ന കാഹളത്തിലെ ഊത്തും അതിനെ തുടർന്ന് ലോകത്ത് സംഭവിക്കുന്ന തകർച്ചയും കാരണത്താൽ നാനാ ഭാഗത്ത് നിന്നും ഭയവും പരിഭ്രമവും തന്നെ വന്ന് മുട്ടുന്നത് കൊണ്ടാണ് ആ ദിനത്തിന്ന് ആ പേർ കിട്ടിയത്


4يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ

(അതെ) മനുഷ്യൻ ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുന്ന ദിവസം!


5.وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ

പർവതങ്ങൾ കടയപ്പെട്ട രോമം പോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം)അതുണ്ടാവും

ആ ദിവസത്തിൽ അരങ്ങേറുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് എന്താണ് സംഭവിക്കുന്നത്? തന്റെ ഭാവി എന്താകും? എന്നൊന്നും അറിയാതെ കോടിക്കണക്കിനാളുകൾ അന്തം വിട്ട് ഇയ്യാംപാറ്റക്കൂട്ടങ്ങളെ പോലെ ചിന്നി ചിതറുകയും, നിശ്ചലമായി ഉറച്ച് നില്ക്കുന്ന കൂറ്റൻ പർവതങ്ങളെല്ലാം കടഞ്ഞ രോമങ്ങളെപ്പോലെ ധൂളിയായി പാറിപ്പോവുകയും ചെയ്യും.


ഇമാം ഖുർത്വുബിرحمة الله عليه  എഴുതുന്നു. ‘വെളിച്ചം കണ്ട് തീയിൽ ആപതിക്കുന്ന പ്രാണികളാണ് فَرَاشِഎന്നാൽ.

ഇമാം മുസ്‌ലിം
رحمة الله عليه  തന്റെ ഹദീസ് ഗ്രന്ഥത്തിൽ പറയുന്നു നബി   പറഞ്ഞു എന്റെയും നിങ്ങളുടെയും ഉദാഹരണം തീ കത്തിച്ച ഒരു മനുഷ്യന്റെ ഉദാഹരണമാണ് അദ്ദേഹം തീകത്തിച്ചപ്പോൾ വെട്ടുകിളികളും ഇയ്യാം പാറ്റകളും ആ തീയിൽ വന്ന് വീണു കൊണ്ടിരുന്നു. അദ്ദേഹം അവകളെ തീയിൽ നിന്ന് തടഞ്ഞ് കൊണ്ടിരുന്നു (ഇത് പോലെ) ഞാൻ നിങ്ങളുടെ അരക്കെട്ട് പിടിച്ച് നരകത്തിൽ ചാടല്ലെ എന്ന് പറയുന്നു.എന്നാൽ നിങ്ങൾ എന്റെ കയ്യിൽ നിന്ന് ഊരി ചാടുന്നു(മുസ്ലിം)

ഇവിടെ പ്രാണികളോട് മഹ്‌ശറിലേക്ക് വരുന്ന മനുഷ്യരെ ഉപമപ്പെടുത്തിയത് ഖിയാമത്തിന്റെ ഭീകരതയിൽ പ്രാണികൾ തമ്മിൽ കൂട്ടി മുട്ടുന്നത് പോലെ മനുഷ്യർ തമ്മിൽ കൂട്ടി മുട്ടി വിഷമത്തിലാകും എന്ന് സൂചിപ്പിക്കാനാണ്(ഖുർത്വുബി20/119)

പ്രാണികൾ കൂട്ടമായി പറക്കുമ്പോൾ തന്നെ അവ പല ദിശയിലേക്കായിരിക്കും പറക്കുക എന്നത് പോലെ മനുഷ്യർ അന്നത്തെ ഭീകരത കാരണം എങ്ങോട്ടെന്നില്ലാതെ പരന്ന് നടക്കും എന്നാണ്(റാസി)


6. فَأَمَّا مَن ثَقُلَتْ مَوَازِينُهُ

അപ്പോൾ ആരുടെ തുലാസ്സുകൾ ഘനം തൂങ്ങിയോ അവൻ

7.فَهُوَ فِي عِيشَةٍ رَّاضِيَةٍ
അവൻ സംതൃപ്ത ജീവിതത്തിലായിരിക്കും

8.وَأَمَّا مَنْ خَفَّتْ مَوَازِينُهُ
ആരുടെ തുലാസുകൾ ലഘുവായോ അവൻ


9فَأُمُّهُ هَاوِيَةٌ
അവന്റെ സങ്കേതം ഹാവിയ ആകുന്നു


10وَمَا أَدْرَاكَ مَا هِيَهْ 

അത് (ഹാവിയ) എന്താണെന്ന് തങ്ങൾക്ക് വിവരം നല്കിയതെന്താണ്?


11نَارٌ حَامِيَةٌ

ചൂടേറിയ അഗ്നിയാകുന്നു(അത്)

മനുഷ്യന്റെ കർമ്മങ്ങളെല്ലാം പരലോകത്ത് തൂക്കിക്കണക്കാക്കുമെന്ന് ഖുർആനിൽ പലയിടത്തും അല്ലാഹു പറഞ്ഞിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് തൂക്കുന്നത്? തുലാസ്സ് എങ്ങനെയാണ്? ഇതൊന്നും നമുക്ക് നിർണ്ണയിക്കാൻ കഴിയില്ല. പക്ഷെ ആ തുലാസ്സ് നാം വിശ്വസിക്കുന്നു. ഓരോരുത്തരുടെയും കർമ്മങ്ങളിൽ ഏതാണ് അധികം, ഏതാണ് കുറവെന്ന് നമുക്ക് കൂടി ബോദ്ധ്യപ്പെടുന്ന വിധം ഉള്ള തൂക്കൽ തന്നെ നടക്കും. സൽകർമ്മങ്ങൾ കൂടുതലുള്ളവർക്ക് സംതൃപ്‌ത ജീവിതവും അല്ലാത്തവർക്ക് ചൂടേറിയ നരകവും ലഭിക്കും. ഇതാണിവിടെ വിശദീകരിക്കുന്നത്.
നന്മയുടെ തട്ടിനു ഭാരം വർദ്ധിക്കുന്ന സൽക്കർമ്മങ്ങൾ കൂട്ടുകയും, അല്ലാത്തവ ഒഴിവാക്കുകയും ചെയ്ത് കൊണ്ട് ആ പ്രതിസന്ധി തരണം ചെയ്യാൻ നാം തയാറാവണം .ഇവിടെ തുലാസ്സ് ഒന്നാണോ കുറേ ഉണ്ടോ എന്ന് രണ്ട് അഭിപ്രായമുണ്ട്(ഖുർത്വുബി )

സ്വർഗ്ഗം തന്റെ ഇംഗിതങ്ങളെല്ലാം നടക്കുന്ന സ്ഥലമായി അനുഭവപ്പെടുന്ന കാരണത്താലാണ് സംതൃപ്ത ജീവിതമുണ്ട് എന്ന് പറയുന്നത് .താൻ ഉദ്ദേശിക്കുന്നതെന്തും തന്റെ കൺമുന്നിൽ ഹാജറാക്കപ്പെടും. പറക്കാൻ കരുതിയാൽ പറക്കും താൻ ഒന്നും ചെയ്യേണ്ടതില്ല. ഇങനെയാണീ സംതൃപ്ത ജീവിതം (ഖുർത്വുബി 20/119)


ഉമ്മ് എന്നാൽ മാതാവ്, മൂലം, പ്രധാന ഭാഗം, മർമം, കേന്ദ്രസ്ഥാനം, സങ്കേതം എന്നിങ്ങനെ സാന്ദർഭിക അർത്ഥം പലതും വരും. തോന്നിവാസികൾക്കുള്ള സങ്കേതം നരകമാണെന്നത്രെ ഇവിടെ ഉദ്ദേശ്യം!
ഇവിടെ അല്ലാഹു പറഞ്ഞ നരകത്തിന്റെ ചൂടിന്റെ കാഠിന്യം
നബി  പറഞ്ഞിട്ടുണ്ട്. മനുഷ്യരിവിടെ (ഭൂമിയിൽ) കത്തിക്കുന്ന അഗ്നി ജഹന്നമിന്റെ ചൂടിന്റെ എഴുപതിൽ ഒരു അംശമാണ്. അപ്പോൾ സഹാബത്ത് ചോദിച്ചു ഇവിടുത്തെ ചൂട് തന്നെ മതിയായതല്ലേ നബിയേ! ഇത് പോലെയുള്ള 69 ഭാഗം കൂടി ശക്തിയുള്ള ചൂടാണതിനുള്ളത് എന്ന് നബി പറഞ്ഞു. അള്ളാഹു നമ്മെ എല്ലാവരെയും ഈ നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തട്ടെ ആമീൻ


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

2 comments:

വഴികാട്ടി / pathfinder said...

പർവതങ്ങൾ കടയപ്പെട്ട രോമം പോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം)അതുണ്ടാവും

ആ ദിവസത്തിൽ അരങ്ങേറുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്

-സൂറത്തുൽ ഖാരി‌അ: വിശദീകരണം-

വഴികാട്ടി / pathfinder said...

edited and updated . pdf file also added