Saturday, July 10, 2010

അദ്ധ്യായം 102 : സൂറത്തുത്തകാഥുർ

സൂറത്തു തകാഥുർ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  8

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


1. أَلْهَاكُمُ التَّكَاثُرُ

പരസ്പരം പെരുപ്പം കാണിക്കൽ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു

ധനത്തിന്റെ വർദ്ധനവും ഐഹിക സൌകര്യങ്ങളും കൊണ്ടുള്ള അഭിമാനം കൊള്ളുന്നതിനിടക്ക് അള്ളാ‍ഹുവിന്റെ ആരാധനയിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തെറ്റിപ്പോകുന്നു എന്നാണിവിടെ ഉദ്ദേശ്യം. ഗോത്രങ്ങൾ തമ്മിലുള്ള അഭിമാനം പറയലും കച്ചവടത്തിലെ വർദ്ധനവിൽ പെരുമ നടിക്കലുമൊക്കെ ഇവിടെ വരാവുന്നതാണ്(ഖുർത്വുബി)

ധനം, മക്കൾ മുതലായ ഭൌതിക സംവിധാനങ്ങൾ ലഭിക്കുമ്പോൾ തനിക്ക് മറ്റുള്ളവരേക്കാൾ ധനവും മക്കളും അധികമുണ്ടെന്ന തലക്കനവും അത് വർദ്ധിപ്പിക്കാനുള്ള മത്സര മന:സ്ഥിതിയും ഈ പെരുപ്പം കാണിക്കൽ എന്നതിന്റെ വിവക്ഷയിൽ വരുന്നു. ധനവും മക്കളുമെല്ലാം അള്ളാഹു നമുക്ക് നൽകുന്ന അനുഗ്രഹങ്ങളാണ് അത് അള്ളാഹുവിന്റെ അനുഗ്രഹം എന്ന നിലയിൽ അതിനു നന്ദി രേഖപ്പെടുത്തുന്ന മന:സ്ഥിതിയും കൂടുതൽ വിനയം പ്രകടിപ്പിക്കലുമാണ് വിശ്വാസിയുടെ ബാദ്ധ്യത.അതിനു പകരം ഇതൊക്കെ തന്റെ മഹത്വമാണെന്ന മിഥ്യാ ധാരണയിൽ നിന്നാണ് ഈ പെരുപ്പം കാണിക്കലും പെരുമ നടിക്കലും ഉണ്ടാകുന്നത്.

ഈ സൂക്തം ഓതിക്കൊണ്ട് നബി പറഞ്ഞു. "ആദമി عليـه السلام  ന്റെ മകൻ (മനുഷ്യൻ) പറയും എന്റെ ധനം,എന്റെ ധനം എന്ന്! (അല്ലയോ മനുഷ്യാ!) നീ തിന്നു തീർത്തതോ, നീ ഉടുത്തു പഴക്കിയതോ, നീ ധർമ്മം കൊടുത്ത് നടപ്പിൽ വരുത്തിയതോ അല്ലാതെ നിന്റെ ധനത്തിൽ നിന്ന് നിനക്ക് വല്ലതും ഉണ്ടോ? ഇതല്ലാത്തതെല്ലാം പോയിപ്പോകുന്നതും ജനങ്ങൾക്കായി നീ വിട്ട് കൊടുക്കുന്നതുമാണ്.(മുസ്‌ലിം)

ധന വർധനവിനായുള്ള മനുഷ്യന്റെ നെട്ടോട്ടം വ്യക്തമാക്കുന്ന ഒരു നബി വചനം കാണുക

അനസ് ബിൻ മാലിക് رضي الله عنه നബി പറഞ്ഞതായി പറയുന്നു. "മനുഷ്യന് സ്വർണ്ണത്തിന്റെ രണ്ട് മലഞ്ചെരിവുകളുണ്ടായാൽ മൂന്നാമതൊന്നു കൂടി അവൻ ഇഷ്ടപ്പെടും (അതിനായി ശ്രമം തുടരും) മണ്ണല്ലാതെ അവന്റെ വായയെ നിറക്കുകയില്ല(ഖബ്റിലെത്തുവോളം തന്റെ ആർത്ഥി തീരുകയില്ല)

അള്ളാഹു അവനുദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കും(ഇങ്ങനെയൊക്കെ അള്ളാഹുവിനെ മറന്ന് ഓടിയവൻ തെറ്റ് തിരുത്തി നാഥനിലേക്ക് മടങ്ങാൾ തയാറായാൽ അവനെ അള്ളാഹു സ്വീകരിക്കും(തുർമുദി)

تكاثر എന്നാൽ അനധികൃ‌തമായി ധനം ഒരുമിച്ച് കൂട്ടുക, കടമകൾ അതിൽ നിന്ന് വീട്ടാതിരിക്കുക, വെറുതെ ധനം കെട്ടിപ്പൂട്ടി വെക്കുക എന്നാണിതിന്റെ അർത്ഥം എന്നും വ്യാഖ്യാനമുണ്ട്

2.حَتَّى زُرْتُمُ الْمَقَابِرَ

നിങ്ങൾ ഖബ്ർ സ്ഥാനങ്ങളെ സന്ദർശിക്കുന്നത് വരെ

ഈ പെരുമ നടിക്കൽ; മരണം വരെയും നിങ്ങൾ തുടരും എന്നാണ് അള്ളാഹു ഉണർത്തുന്നത്. ഖബ്‌റുകൾ സന്ദർശിക്കുക എന്നതിന്റെ താല്പര്യം നിങ്ങൾ ഖബ്റിൽ ആകുക എന്നത്രെ! അതായത് ഭൌതികതയുടെ വികാസത്തിനായി മാത്രം ജീവിക്കുന്ന മനുഷ്യൻ ഈ പ്രവർത്തനം മരണം വരെ തുടരുമെന്നും മരണ ശേഷം ജീവിതത്തിലെ അരുതായ്മകളുടെ പേരിലുള്ള ശിക്ഷകൾ താൻ നേരിടേണ്ടി വരുമെന്നുമാണ്. അപ്പോൾ അവൻ വിലപിക്കും അത് വരെ ഈ ഒരു അവസ്ഥയെ കുറിച്ച് അവൻ വിസ്മരിക്കും

ഇമാം ഖുർത്വുബി رحمة الله عليه എഴുതുന്നു. "ഖബർ സന്ദർശനം കടുത്ത മനസുകൾക്കുള്ള ഏറ്റവും വലിയ ഔഷധമാണ്. അത്യാഗ്രഹം ഒഴിവാക്കാനും ദുനിയാവിനെ സ്നേഹിക്കാതിരിക്കാനും അത് പ്രേരണ നൽകും, നിങ്ങൾക്ക് ഖബ്ർ സന്ദർശനം നേരത്തേ ഞാൻ വിലക്കിയിരുന്നു. ഇനി നിങ്ങൾ ഖബ്റുകൾ സന്ദർശിക്കുക കാരണം അത് നിങ്ങളെ ഭൂമിയിൽ പ്രബഞ്ച ത്യാഗികളും പരലോകത്തെ ചിന്തിപ്പിക്കുന്നവരുമാക്കും എന്ന നബിവചനം ഇവിടെ പ്രസക്തമാണ്(ഖുർത്വുബി20/123)

പണ്ഡിതന്മാർ പറയുന്നു. മനസിനെ ചികിത്സിച്ച് ഭൌതിക പ്രേമത്തിൽ നിന്ന് നാഥനെ അനുസരിക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവർ എല്ലാ രസങ്ങളെയും മുറിച്ച് കളയുന്ന, സംഘത്തിൽ നിന്ന് തന്നെ വേർപെടുത്തി കൊണ്ട് പോകുന്ന, മക്കളെ അനാഥരാക്കുന്ന, മരണം എന്ന യാഥാർത്ഥ്യത്തെ നന്നായി ഓർക്കുക. മരണാസന്നരെ (ആ അവസ്ഥയിൽ) കാണാൻ ശ്രദ്ധിക്കുക. മരണപ്പെട്ട മുസ്‌ലിംകളുടെ ഖബ്‌റുകൾ സന്ദർശിക്കുക എന്നീ മൂന്ന് കാര്യങ്ങൾ ഹൃ‌ദയം കടുത്തവർക്കും ദോഷം പതിവാക്കിയവർക്കും ഫലപ്രദമായ ചികിത്സയാണ്. അതായത് എത്ര വലിയവനും മരിക്കുന്നു അതിൽ നിന്ന് അവനു രക്ഷപ്പെടാനാവുന്നില്ല . രംഗബോധമില്ലാതെ എല്ലാവരിലേക്കും കടന്ന് വരുന്ന സത്യമാണ് മരണം ഇത് ഓർത്താൽ നന്നാവാൻ കഴിയും. മരണാസന്നനായ മനുഷ്യന്റെ നിസഹായത കാണുമ്പോഴും ഭൂമിയിലെ നമ്മുടെ അലക്ഷ്യമായ ജീവിതത്തിൽ നിന്ന് മാറാൻ പ്രേരണ നൽകും .ശാന്ത ഗംഭീരമായ മൂകത തളം കെട്ടി നിൽക്കുന്ന ഖബ്‌ർ സന്ദർശിക്കുമ്പോൾ ഇവരൊക്കെ എത്ര വലിയ സംവിധാനത്തോടെ ഭൂമിയിൽ ജീവിച്ചിരുന്നു എന്നിട്ടും ഖബ്‌റാകുന്ന കല്ലറയിൽ അവനിപ്പോൾ ഏകനായി കഴിയുന്നു ഇത് എനിക്കും വരാനുള്ള സംഭവമാണ് .ഇത് ചിന്തിച്ച് നന്നാവാൻ കഴിയാത്തവൻ ഒന്നും മനസിലാവാത്തവനാണ്.

ഭൌതിക ജീവിതത്തിൽ എത്ര തന്നെ നമുക്ക് സുഖ സൌകര്യങ്ങൽ ലഭിച്ചാലും അതിൽ നിന്ന് അവൻ ഉപയോഗപ്പെടുത്തുന്നത് വളരെ കുറഞ്ഞ ഭാഗം മാത്രമാണ് അതും ചുരുങ്ങിയ കാലത്തേക്ക് മാത്രം!പിന്നെ അത് മുഴുവനും മറ്റുള്ളവർക്ക് വിട്ട് കൊടുത്ത് അവൻ വെറും കയ്യോടെ യാത്രയാവുന്നു ഇതാണ് ഭൌതിക ജീവിതത്തിന്റെ സ്വഭാവമെങ്കിൽ അതിന്റെ പേരിൽ പെരുമ നടിക്കാനും എന്നാൽ എന്നെന്നും ജീവിക്കേണ്ട പരലോകത്തെ വിസ്മരിക്കാനും മനുഷ്യൻ തയാറാകുന്നത് വ്യക്തമായ വിവര ദോഷം തന്നെ. ഈ വിഡ്ഡിത്തം തുടരുന്ന മനുഷ്യർക്കുള്ള ശക്തമായ താക്കീതാണ് തുടർന്ന് അള്ളാഹു പറയുന്നത്

3.كَلَّا سَوْفَ تَعْلَمُونَ

വേണ്ടാ..പിന്നീട് നിങ്ങൾക്ക് മനസിലാകും

നിങ്ങളുടെ ഈ ഭൌതിക സംവിധാനങ്ങളൊന്നുമല്ല യാഥാർത്ഥ്യം ഇതിന്റെയൊക്കെ അവസാനം വരാനിരിക്കുന്ന ചില അനുഭവങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു അത് കാണുമ്പോൾ നിങ്ങൾക്ക് മനസിലാവും. ഭൂമിയിൽ പ്രവാചകന്മാരും സത്യ വിശ്വാസികളും നൽകിയിരുന്ന ഉൽബോധനങ്ങൾ സത്യമായിരുന്നു എന്ന്.  ഈ മനസ്സിലാവൽ ഖബ്‌ർ ജീവിതം മുതൽ തന്നെ തുടങ്ങും .അതാണിവിടെ സൂചിപ്പിക്കുന്നത് ഖബ്‌റിൽ ശിക്ഷയുണ്ടാവുമോ എന്ന സംശയത്തിന്റെ നിവാരണം ഈ ആയത്തിലുണ്ട്. ഈ ആയത്തിൽ മനസിലാവും എന്ന് പറഞ്ഞത് ഖബ്റിൽ വെച്ച് മനസിലാവും എന്നാണ്

4ثُمَّ كَلَّا سَوْفَ تَعْلَمُونَ
പിന്നെ വേണ്ടാ...വഴിയെ നിങ്ങൾക്ക് മനസിലാകും

ഇത് പുനർജന്മത്തിനു ശേഷം ശരിക്കും അനുഭവിക്കുന്ന അവസ്ഥയിലേക്കാണ് സൂചന നൽകുന്നത്

ഒന്നാമത് മനസിലാവുമെന്ന് പറഞ്ഞത് മരണ സമയത്തുള്ള ബേജാറുകളാണെന്നും രണ്ടാമത്തെ മനസിലാവൽ ഖബ്‌റിൽ മുൻ‌കർعليـه السلام  , നകീർعليـه السلام   ചോദ്യം ചോദിക്കുകയും ഉത്തരം കിട്ടാതെ ഇവൻ വിഷമിക്കുകയും ചെയ്യുന്ന സമയത്ത് അനുഭവപ്പെടുന്നഅവസ്ഥയാണെന്നും അഭിപ്രായമുണ്ട്

ഒന്നാമത് പറഞ്ഞ മനസിലാവും എന്നത് അവിശ്വാസികൾ ശിക്ഷ കാണുമ്പോൾ മനസിലാവുമെന്നും രണ്ടാമത് പറഞ്ഞത് സത്യ വിശ്വാ‍സികൾ പ്രതിഫലം, കാണുമ്പോൾ മനസിലാവും എന്നാണെന്നും ഇവിടെ അർത്ഥം വരാം (ഖുർത്വുബി). ഇതൊന്നും ഊഹങ്ങളല്ല മറിച്ച് മനുഷ്യൻ ശരിക്കും അനുഭവത്തിൽ മനസിലാക്കാൻ പോകുന്ന കാര്യങ്ങളാണെന്നത്രെ അള്ളാഹു പറയുന്നത്

5.كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ

നിശ്ചയം.നിങ്ങൾ ദൃഢമായ അറിവ് അറിഞ്ഞിരുന്നെങ്കിൽ. (നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യുമായിരുന്നില്ല)


കല്ലാ എന്ന പദം ഒരിക്കലും നിങ്ങൾ ഈ നിലപാട് ആവർത്തിക്കരുതെന്ന താക്കീതിനായുള്ള ശൈലിയാണ്.നിങ്ങൾ അരുതായ്മകൾ ചെയ്യല്ലെ ദു:ഖിക്കേണ്ടി വരും എന്ന താക്കീതാണിത് പരലോകത്ത് വിജയ പരാജയങ്ങൾ തീരുമാനിക്കുന്ന സമയത്ത് താൻ മനസിലാക്കുന്ന യാഥാർഥ്യം ഇപ്പഴേ ചിന്തിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഐഹിക ജീവിതത്തിന്റെ പ്രൌഡിക്കായി പരലോകം  നശിപ്പിക്കുമായിരുന്നില്ല എന്നാണിതിന്റെ ചുരുക്കം ഇതൊരു ശക്തമായ താക്കീതാണ്


6.لَتَرَوُنَّ الْجَحِيمَ

ജ്വലിക്കുന്ന നരകത്തെ നിശ്ചയമായും നിങ്ങൾ കാണുക തന്നെ ചെയ്യും


ഇത് മറ്റൊരു താക്കീത് ആണ്.നരകം കാണുമെന്നത് എല്ലാവരും കാണുമെന്നും അവിശ്വാസികൾ കാണുന്നതാണെന്നും അഭിപ്രായമുണ്ട് നരകത്തിന്റെ മുകളിൽ സ്ഥാപിച്ച സ്വിറാത്ത് എന്ന പാലം കടക്കാതെ സ്വർഗത്തിലെത്താനാവില്ല അപ്പോൾ വിശ്വാസികളും അത് (നരകം) കാണും അവിശ്വാസികൾക്ക് അത് താമസ സ്ഥലവും വിശ്വാസികൾക്ക് അത് സ്വർഗത്തിലേക്കുള്ള നടപ്പു വഴിയുമാണ്

7.ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ

പിന്നെ നിങ്ങൾ നിശ്ചയം  അതിനെ ദൃഢമായ കൺകാഴ്ചയായി കാണുക തന്നെ ചെയ്യും

നരകത്തിൽ അവിശ്വാസികൾ പ്രവേശിക്കുമ്പോഴുള്ള അനുഭവമാണീ കൺ‌കാഴ്ച കൊണ്ട് ഉദ്ദേശ്യം.

വരാനിരിക്കുന്ന ആ അവസ്ഥ നിങ്ങൾക്ക് ശരിക്കും ബോധ്യമുണ്ടായാൽ അകക്കണ്ണ് കൊണ്ട് ഇപ്പോൾ തന്നെ നിങ്ങൾക്ക് നരകം കാണാനാവുമെന്നും പിന്നീട് പരലോകത്ത് മുഖത്തുള്ള കണ്ണ് കൊണ്ട് കാണാൻ സാധിക്കും എന്ന അർത്ഥവും ചില ഇമാമുകൾ ഇവിടെ പറയുന്നുണ്ട്(ഖുർത്വുബി)


8ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ
അനന്തരം അന്നത്തെ ദിവസം നിങ്ങളുടെ സുഖാനുഗ്രഹങ്ങളെപറ്റി നിശ്ചയമായും നിങ്ങളോട് ചോദിക്കപ്പെടുന്നതാണ്.

ഈ ജീവിതത്തിൽ അനുഭവിച്ച എല്ലാ സുഖ സൌകര്യങ്ങളെക്കുറിച്ചും അത് എങ്ങനെ കിട്ടി, എന്തിൽ ചിലവഴിച്ചു എന്നൊക്കെ ചോദ്യം ചെയ്യപ്പെടും. കത്തിജ്വലിക്കുന്ന നരകം കൺ‌മുന്നിൽ ഹാജറാക്കപ്പെട്ടിട്ടുമുണ്ടാകും. ഈ സമയത്ത് ത്രിപ്തികരമായ മറുപടി പറഞ്ഞ് രക്ഷപ്പെടാൻ സാധിക്കണമെങ്കിൽ ഈ ഭൌതിക നേട്ടങ്ങളിൽ മതി മറക്കുന്നതും മേനി നടിക്കുന്നതും ഒഴിവാക്കി പരലോക രക്ഷക്ക് വേണ്ട മുൻ‌കരുതൽ എടുക്കേണ്ടിയിരിക്കുന്നു നമുക്ക് അള്ളാഹു നൽകിയ എല്ലാ അനുഗ്രഹങ്ങളും ചോദ്യം ചെയ്യപ്പെടും എന്ന ബോധം നമുക്ക് വേണം

നിശ്ചയം കേൾവി, കാഴ്ച, ഹൃദയം എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാകുന്നു (ഇസ്റാ‍അ് 36)


അഞ്ചു കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടാതെ അന്ത്യ നാളിൽ മനുഷ്യ ന്റെ കാലടികൾ (വിചാരണ സ്ഥലത്ത് നിന്ന്)നീങ്ങുകയില്ല.! അവന്റെ ആയുസ്സ് എന്തിൽ വിനിയോഗിച്ചു? അവന്റെ യുവത്വം എന്തിൽ നശിപ്പിച്ചു?  അവന്റെ ധനം എവിടെ നിന്ന് സമ്പാദിച്ചു? എന്തിൽ ചിലവഴിച്ചു? അവനു അറിവുള്ള വിഷയത്തിൽ എന്ത് പ്രവർത്തിച്ചു? എന്നിവയാണിത് (തുർമുദി)

നബി യും അബൂബക്കർ رضي الله عنه ഉമർ رضي الله عنه എന്നിവരും വിശന്ന് വലഞ്ഞ ഒരു അവസ്ഥയിൽ ഒരു അൻസാരി(നബി യുടെ മദീനക്കാരനായ ഒരു ശിഷ്യൻ) -മാലിക് ബിൻ അൽതയ്ഹാൻ رضي الله عنه അവരെ സൽക്കരിച്ചു.ആദ്യം ഈത്തപ്പഴവും പിന്നീട് ആടിനെ അറുത്ത് ഭക്ഷണവും നൽകി ഭക്ഷണ ശേഷം നബി ഇങനെ പറഞ്ഞു. തീർച്ചയായും അന്ത്യ നാളിൽ ഇതിനെക്കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും വീട്ടിൽ നിന്ന് വിശന്നിറങ്ങിയ നിങ്ങൾക്ക് വിശന്ന് തന്നെ മടങ്ങി പോകേണ്ടി വന്നില്ല എന്നത് അള്ളാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹമാകുന്നു(മുസ്‌ലിം)

നിർഭയത്വം, ആരോഗ്യം, ഒഴിവ് സമയം, പഞ്ചേന്ദ്രിയങ്ങൾ, രുചികരമായ ഭക്ഷണം, ശുദ്ധജലം, ഉറക്കം തുടങ്ങിയവയൊക്കെ അനുഗ്രഹങ്ങളിൽ പെട്ടതാണ് .അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ മേനി നടിക്കുകയല്ല ഇതിനു വിചാരണ വരും എന്ന ഭയത്താൽ വിനീതനായി ശ്രദ്ധയോടെ ജീവിക്കാൻ നാം ശ്രദ്ധിക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

5 comments:

വഴികാട്ടി / pathfinder said...

അഞ്ചു കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടാതെ അന്ത്യ നാളിൽ മനുഷ്യ ന്റെ കാലടികൾ (വിചാരണ സ്ഥലത്ത് നിന്ന്)നീങ്ങുകയില്ല ..അവന്റെ ആയുസ്സ് എന്തിൽ വിനിയോഗിച്ചു?അവന്റെ യുവത്വം എന്തിൽ നശിപ്പിച്ചു? അവന്റെ ധനം എവിടെ നിന്ന് സമ്പാദിച്ചു? എന്തിൽ ചിലവഴിച്ചു?അവനു അറിവുള്ള വിഷയത്തിൽ എന്ത് പ്രവർത്തിച്ചു?എന്നിവയാണിത്(തുർമുദി)

kochi kazhchakal said...

കേരളത്തിലെ പുരാതനമായ മുസ്ലിം പള്ളികളെ കുറിച്ചുള്ള ചരിത്രങ്ങളും പ്രശസ്തരും അപ്രശസ്തരുമായ ഇസ്ലാമിക പണ്ഡിതരെ കുറിച്ചുള്ള വിവരണങ്ങളും കൂടെ ഉള്‍ക്കൊള്ളിച്ചാല്‍ വളരെ നന്നായിരുന്നു

Akbar said...

ഈ സല്‍പ്രവര്‍ത്തികള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കട്ടെ.

വഴികാട്ടി / pathfinder said...

Anwar Kochi,


ഇപ്പോൾ വിശുദ്ധ ഖുർആൻ വിശദീകരണമാണ്‌ പോസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇൻശാ അല്ലാഹ് മറ്റ് വിഷയങ്ങൾ ചേർത്ത് കൊണ്ട് വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. നിർദ്ദേശത്തിനു വളരെ നന്ദി. തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

Akabr,

ആമീൻ .
തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

വഴികാട്ടി / pathfinder said...

edited and updated .pdf file also added