Thursday, September 16, 2010

അദ്ധ്യായം 110 : സൂറത്ത് നസ്വ്‌ർ

അദ്ധ്യായം 110- സൂറത്ത് നസ്വ്‌ർ    | മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 3

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.إِذَا جَاء نَصْرُ اللَّهِ وَالْفَتْحُ

അള്ളാഹുവിന്റെ സഹായവും വിജയവും വന്നാൽ

ഇവിടുത്തെ സഹായം ഖുറൈശികൾക്കെതിരെയുള്ള സഹായം എന്നും യുദ്ധരംഗത്ത് ശത്രുക്കൾക്കെതിരെയുള്ള സഹായം എന്നും ഉദ്ദേശിക്കാം. ഫത്ഹ് എന്നത് മക്കം ഫത്ഹ് (വിജയം)ആണുദ്ദേശ്യം.

ത്വാഇഫ് വിജയമെന്നും നബിക്ക് അള്ളാഹു നൽകിയ അളവറ്റ വിജ്ഞാനമെന്നും അഭിപ്രായമുണ്ട്(റാസി)


2.وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا

അള്ളാഹുവിന്റെ മതത്തിൽ കൂട്ടം കൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ തങ്ങൾ കാണുകയും( ചെയ്താൽ )

നബിമക്ക ജയിച്ചടക്കിയപ്പോൾ അറബ് ഗോത്രങ്ങൾ പറയാൻ തുടങ്ങി. ആനപ്പടയിൽ നിന്ന് അള്ളാഹു അഭയം നൽകിയിരുന്ന ഹറം നിവാസികൾക്ക് എതിരെ മുഹമ്മദ് നബിക്ക് അള്ളാഹു വിജയം കൊടുത്തുവെങ്കിൽ നമുക്ക് ആ നബിക്കെതിരെ ഒരു സഹായവും ലഭിക്കില്ലഎന്ന്.അങ്ങനെ അവർ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്ന് വരാൻ തുടങ്ങി(ഖുർത്വുബി)

3.فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا
അപ്പോൾ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുക നിശ്ചയം അവൻ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു

ഈ സൂറത്ത് ഇറങ്ങിയതിനു ശേഷം ഒരു നിസ്ക്കാരവും   سبحا نك ربنا وبحمدك اللهم اغفرلي   
എന്ന് (റുകൂഇലും സുജൂദിലും) പറയാതെ നബി നിസ്ക്കരിച്ചിട്ടില്ലെന്ന് ആഇശ رضي الله عنها പ്രസ്താവിക്കുന്നു(ബുഖാരി)

അള്ളാഹു തന്റെ ദീനിന്റെ പൂർത്തീകരണവും വിജയവും യാഥാർത്ഥ്യമാക്കാനാണല്ലോ നബിയെ നിയോഗിച്ചത്.ആ ദൌത്യ നിർവഹണത്തിന്നായി നബിഅവിശ്രമപരിശ്രമങ്ങൾ നടത്തുകയും ത്യാഗം സഹിക്കുകയും കഷ്ടപ്പാടുകൾ അനുഭവിക്കുകയും ചെയ്തു.പ്രവാചകത്വ കാലഘട്ടമായ ഇരുപതിൽപരം വർഷങ്ങൾ ഈ പ്രക്രിയ അവിടുന്ന് തുടർന്നു. അവസാനം നബി  അള്ളാഹുവിന്റെ സഹായത്താൽ പരിപൂർണ്ണ വിജയം നേടി. നേരത്തേ ഒറ്റപ്പെട്ട ആളുകളാണ് ഇസ്‌ലാമിലേക്ക് കടന്ന് വന്നിരുന്നത്.അനേകം അറബി ഗോത്രങ്ങൾ മക്കക്കാരുടെ നിലപാട് കാത്തിരിക്കുകയായിരുന്നു. എന്നാൽ വിസ്മയകരമായ മക്കാവിജയം കൈവരികയും അവിടെ അവശേഷിച്ചവർ സത്യത്തിലേക്ക് കടന്ന് വരികയും ചെയ്തതോടെ ശിർക്കിന്റെ കേന്ദ്രമായി മാറിയിരുന്ന കഅബയും പരിസരവും യഥാർത്ഥ തൌഹീദിന്റെ ഈറ്റില്ലമായി വീണ്ടും തിരിച്ചുവന്നു. ഇതേത്തുടർന്ന് അറേബ്യയുടെ നാനാ ഭാഗത്ത് നിന്നും ജനങ്ങൾ കൂട്ടം കൂട്ടമായി മദീനയിലെത്തുകയും നബിയുടെ സാന്നിദ്ധ്യത്തിൽ സത്യമതത്തിൽ പ്രവേശിക്കുകയും ചെയ്തു കൊണ്ടിരുന്നു. മറ്റ് സ്ഥലങ്ങളിലേക്ക് ഇസ് ലാമിനെ എത്തിച്ച് കൊടുക്കാനും നബി നൽകിയ സന്ദേശം പ്രചരിപ്പിക്കാനും പ്രാപ്തരായ ഒരു ശിഷ്യ സമ്പത്ത് അവിടുന്ന് വാർത്തെടുത്തു. ഈ സാഹചര്യത്തിലാണീ അദ്ധ്യായം അവതരിക്കുന്നത്.അതായത് ഇവിടെ നബിക്ക് അള്ളാഹുവിൽ നിന്ന് ലഭിക്കേണ്ട സഹായങ്ങൾ ലഭിക്കുകയും അവിടുത്തെ ദൌത്യം പൂർത്തിയാവുകയും ചെയ്തു .ചെയ്ത് തീർക്കേണ്ട എല്ലാ ജോലികളും അവിടുന്ന് പൂർത്തിയാക്കിയിരിക്കുന്നു. ആസ്ഥിതിക്ക് ഇനി വർണ്ണനാതീതമായ അളവറ്റ അനുഗ്രഹങ്ങൾ അള്ളാഹു തനിക്ക് സജ്ജമാക്കി വച്ചിട്ടുണ്ട്.അത് അനുഭവിക്കാനും ആസ്വദിക്കാനും അള്ളാഹു നബിയെ സ്വാഗതം ചെയ്തിരിക്കുകയാണ്.

അഥവാ ആ യാത്രക്ക് തയാറാ‍വാനുള്ള സൂചനയാണീ‍ സൂറത്ത്. ഇതിൽ നബിയുടെ വിയോഗത്തിന്റെ സൂചനയുണ്ടെന്ന് ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞിരിക്കുന്നു ,നബിതന്നെ ഈ സൂറത്ത് ഇറങ്ങിയപ്പോൾ قد نعيت الي نفسي (എനിക്ക് എന്റെ മരണ വാർത്ത അറിയിക്കപ്പെട്ടിരിക്കുന്നു)എന്ന് പറഞ്ഞിട്ടുണ്ട്(അഹ്‌മദ്, ബൈഹഖി)അത് കൊണ്ട് ഈ സൂറത്തിനു التوديع سورة (യാത്രയയപ്പ് അദ്ധ്യായം)എന്ന് പേരുണ്ട്

പരലോക യാത്രക്ക് മുമ്പായി അള്ളാഹു ഇത് വരെ ചെയ്ത് തന്ന അനുഗ്രഹങ്ങൾക്ക് നന്ദിയായി അള്ളാഹുവിനു സ്തുതി കീർത്തനങ്ങൾ നടത്തുകയും പൊറുക്കലിനെ തേടുകയും ചെയ്യാനുള്ള നിർദ്ദേശം നൽകിയിരിക്കുകയാണ് ഇമാം റാസി رحمة الله عليه  എഴുതുന്നു.പൊറുക്കലിനെ തേടാനുള്ള നിർദ്ദേശത്തിൽ അവധി അടുത്തു എന്ന സൂചനയുണ്ട്.അതായത് സമയമായി യാത്ര അടുത്തു അതിനായി ഒരുങ്ങുക ,ഇതാണിതിൽ അടങ്ങിയിട്ടുള്ളത് ബുദ്ധിയുള്ളവൻ മരിക്കാറാവുമ്പോൾ പശ്ചാത്താപം വർദ്ധിപ്പിക്കണമെന്ന് ഇതിൽ മുന്നറിയിപ്പുണ്ട്(റാസി)

ഈ സൂറത്ത് ഇറങ്ങിയപ്പോൾ അബ്ബാസ്رضي الله عنهകരഞ്ഞു.എന്തിനാണ് കരയുന്നതെന്ന് നബിചോദിച്ചപ്പോൾ അങ്ങയുടെ മരണ വാർത്ത ഇതിലുണ്ടെന്ന് പറയുകയും കാര്യം അങ്ങനെ തന്നെ എന്ന് നബി സ്ഥിരീകരിക്കുകയും ചെയ്തു.ഇത് പറഞ്ഞത് അബ്ബാസ്رضي الله عنهന്റെ മകൻ അബ്ദുള്ളാഹിബിനു അബ്ബാസ്رضي الله عنه ആണെന്നും മഹാൻ അത് പറഞ്ഞപ്പോൾ ഈ കുട്ടിക്ക് ധാരാളം ജ്ഞാനം നൽകപ്പെട്ടിരിക്കുന്നു എന്ന് നബിപറഞ്ഞതായും റിപ്പോർട്ടുണ്ട്(റാസി)

ഇബ്നു അബ്ബാസ്رضي الله عنهവിൽ നിന്ന് ഇവിടെ ഒരു സംഭവം ഇമാം ബുഖാരി رحمة الله عليه അടക്കം പല മഹാന്മാരും ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്, ബദ്ർ യുദ്ധത്തിൽ പങ്കെടുത്തിരുന്ന വൃദ്ധന്മാരായ സഹാബിമാരോടൊപ്പം ഉമർ رضي الله عنه എന്നെയും സദസ്സിൽ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. അതിഷ്ടപ്പെടാതിരുന്ന ചിലർ ഉമർرضي الله عنهനോട് പറഞ്ഞു എന്താണീ ചെറുപ്രായക്കാരനെ ഞങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നത് ഇതേപ്രായത്തിലുള്ള മക്കളുള്ളവരല്ലേ ഞങ്ങൾ എന്ന്! ഉമർرضي الله عنهപറഞ്ഞു ഇയാൾ നിങ്ങൾക്കറിയാവുന്ന ആളാണല്ലോ. നബിയുടെ  പൃതൃവ്യ പുത്രനും ഖുർആനെ സംബന്ധിച്ച് കൂടുതൽ അറിയുന്ന ആളുമാണ് (ആനിലക്ക് അദ്ദേഹത്തിന്റെ പ്രായക്കുറവ് കാര്യമാക്കേണ്ടതില്ല എന്ന് സാരം) അങ്ങനെ ഒരു ദിവസം അവരെയെല്ലാം ഉമർرضي الله عنه ഒരുമിച്ച് കൂട്ടി.കൂട്ടത്തിൽ എന്നെയും വിളിച്ചു(എന്റെ അറിവ് അവർക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കലായിരുന്നു ഉദ്ദേശ്യം) എന്നിട്ട് ഉമർرضي الله عنه


إِذَا جَاء نَصْرُ اللَّهِ وَالْفَتْحُ * وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا * فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا


അള്ളാഹുവിന്റെ സഹായവും വിജയവും വന്നാൽഎന്ന് അള്ളാഹു പറഞ്ഞതിനെ കുറിച്ച് നിങ്ങൾ എന്ത് പറയുന്നു എന്ന് ചോദിച്ചു. ചിലർ പറഞ്ഞു, ‘നമുക്ക് സഹായം ലഭിക്കുകയും വിജയം സിദ്ധിക്കുകയും ചെയ്യുമ്പോൾ നാം അള്ളാഹുവിനെ സ്തുതിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യണമെന്ന് അള്ളാഹു നമ്മെ ഉപദേശിച്ചിരിക്കുകയാണ്‘ .ചിലർ ഒന്നും പറയാതെ മൌനം പാലിക്കുകയും ചെയ്തു.അപ്പോൾ ഉമർرضي الله عنه എന്നോട് ചോദിച്ചു അങ്ങനെ തന്നെയാണോ താങ്കളും പറയുന്നത്? അല്ല .അത് നബിയുടെ ആയുഷ്ക്കാലാവധി അറിയിച്ച് കൊടുത്തതാണ് അഥവാ അള്ളാഹുവിന്റെ സഹായവും വിജയവും വന്നാൽ അത് അവിടുത്തെ അവധിയുടെ അടയാളമാണ് അതിനാൽ തങ്ങൾ നാഥനെ സ്തുതിച്ചും പരിശുദ്ധി പ്രകീർത്തനം ചെയ്തും പാപമോചനം തേടിയും യാത്രക്കൊരുങ്ങുക എന്നാണ് ആ സൂറത്തിന്റെ താല്പര്യം എന്ന് ഞാൻ പറഞ്ഞു.ഇത് കേട്ടപ്പോൾ ഉമർ رضي الله عنه താങ്കൾ പറയുന്നത് തന്നെയാണ് ഞാനും അതിൽ നിന്ന് മനസിലക്കിയത് എന്ന് പറഞ്ഞു (ബുഖാരി). ഉമർرضي الله عنه ഇവിടെ ഇബ്നു അബ്ബാസ്رضي الله عنهന്റെ വിപുലമായ വിജ്ഞാനം മറ്റുള്ളവരെ ധരിപ്പിക്കൽ കൂടി ഉദ്ദേശിച്ചിരുന്നു.

പ്രവാചകന്മാർ പാപ സുരക്ഷിതരാണെന്നിരിക്കെ പൊറുക്കലിനെ തേടാൻ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് സംശയിച്ചേക്കാം അത് അവിടുത്തെ താഴ്മ പ്രകടിപ്പിക്കാനും അതിന്റെ ഗുണം ഉമ്മത്തിനു(സ്വസമുദായത്തിനു) ലഭിക്കാനും വേണ്ടിയാണ്. പാപം ചെയ്യാതിരുന്നിട്ടും എന്റെ ജീവിതത്തിലെ വല്ല ചലനവും അബദ്ധമായേക്കുമോ എന്ന ഭയം നബിﷺ ക്കുണ്ടെങ്കിൽ സാധാരണയായി തെറ്റു ചെയ്യുന്ന നാം എത്ര ഗൌരവത്തിൽ ചിന്തിക്കണം ഇത്.നമുക്ക് മാതൃക കാണിക്കുകയും നബിയുടെ പൊറുക്കലിനെ തേടുന്നതിന്റെ ലക്ഷ്യമാണ്

നബി അവിടുത്തെ അവസാന കാലത്ത് سبحان الله وبحمده استغفر الله وأتوب اليه
എന്ന് അധികം പറയാറുണ്ടായിരുന്നുവെന്ന് ആഇശرضي الله عنها  പ്രസ്താവിച്ചിട്ടുണ്ട്(അഹ് മദ്)

അബൂ ഹുറൈറرضي الله عنهപറയുന്നു. ഈ സൂറത്ത് അവതരിച്ചപ്പോൾ നബി കൂടുതൽ ആരാധനകളിൽ മുഴുകാൻ തുടങ്ങി.അവിടുത്തെ കാലിൽ നീരു വരാനും ശരീരം ശോഷിക്കാനും പുഞ്ചിരി മായാനും കരച്ചിൽ വർദ്ധിക്കാനും തുടങ്ങി’.(ഖുർത്വുബി)

നബി തന്റെ അവസാന സമയങ്ങളിൽ എല്ലാ സന്ദർഭങ്ങളിലും الله وبحمده سبحان
എന്ന് പറഞ്ഞിരുന്നു,ശിഷ്യന്മാർ ചോദിച്ചു എന്താണ് നിൽക്കുമ്പോഴും ഇരിക്കുമ്പോഴും വരുമ്പോഴും പോകുമ്പോഴുമൊക്കെ ഈ തസ്ബീഹ് വർദ്ധിപ്പിക്കുന്നത്.എന്ന്,അവിടുന്ന് പറഞ്ഞത് അങ്ങനെ പറയാൻ ഞാൻ കൽ‌പ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ്.എന്നിട്ട് ഈ സൂറത്ത് അവിടുന്ന് ഓതുകയും ചെയ്തു(ത്വബ്‌രി )

ഈ സൂറത്ത് ഓതിയാൽ നബിയോടൊപ്പം മക്കം ഫത്ഹിൽ പങ്കെടുത്തവർക്ക് ലഭിക്കുന്നത് പോലുള്ള പ്രതിഫലം നൽകപ്പെടും എന്ന് നബി പറഞ്ഞു(ബൈളാവി)

അള്ളാഹു നമ്മെയെല്ലാം പാശ്ചാത്താപിക്കുന്നവരിലും തസ്ബീഹും സ്തുതിയും വർദ്ധിപ്പിക്കുന്നവരിലും ഉൾപ്പെടുത്തട്ടെ ആമീൻ


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  

وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

4 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 110
سورة النصر മദീനയിൽ അവതരിച്ചു -വചനങ്ങൾ 3



ഇതിൽ നബി(صلى الله عليه وسلم)യുടെ വിയോഗത്തിന്റെ സൂചനയുണ്ടെന്ന് ഇബ്നു അബ്ബാസ്(رضي الله عنه)പറഞ്ഞിരിക്കുന്നു

haribsha said...

വളരെ നന്നായിട്ടുണ്ട്. സാധാരണക്കാരായ എന്നെ പോലെയുള്ള ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വളരെ ലളിതമായി പരിശുദ്ധ ഖുര്‍'ആന്‍ വ്യക്യാനിച്ചിട്ടുണ്ട്. അള്ളാഹു ഇതിനുള്ള പ്രതിഫലം ഇരുലോകത്തും നല്‍കട്ടെ, ഒരു പാട് കാലം പരിശുദ്ധ ദീനിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അള്ളാഹു തൌഫിക് ചെയ്യട്ടെ - ആമീന്‍.

ഫോര്‍മാറ്റിലും, ഫോണ്ടുകളിലും, background ലും എല്ലാം ചെറിയ മാറ്റങ്ങള്‍ വരുത്തി കുറച്ചുകൂടി ആകര്ഷനീയമാക്കിയാല്‍ വളരെ നന്നായിരിക്കും. blogspot ലെ പുതിയ 'template designer' പോലെയുള്ള options ഉപയോഗിച്ച് കുറച്ചുകൂടി ആകര്ഷനീയമാക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എത്രയും പെട്ടെന്ന് താങ്കളുടെ പുതിയ പോസ്റ്റ്‌ വായിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ...

ഹാരിബ്

വഴികാട്ടി / pathfinder said...

HaribSha,

വിശദമായ വായനയ്ക്കും അഭിപ്രായ നിർദ്ദേശങ്ങൾക്കും വളരെ നന്ദി അറിയിക്കുന്നു.

മാറ്റങ്ങൾ ആവശ്യപ്പെട്ടതിനെ കുറിച്ച് കൂടുതൽ വ്യക്തമാക്കി ഒരു മെയിൽ അയക്കുമല്ലോ
അതിന്റെ സാങ്കേതിക വശങ്ങൾ കൂടി അറിയിച്ചാൽ ഉപകാരം.. ഇൻശാ അല്ലാഹ് ആകർഷണീയമാക്കാൻ വേണ്ടത് ചെയ്യുന്നതാണ്.

ഹെഡർ പുതിയതാക്കിയിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ..

വഴികാട്ടി / pathfinder said...

edited and updated with pdf file