Tuesday, May 24, 2011

അദ്ധ്യായം- 70 -സൂറത്തുൽ മആരിജ്-ഭാഗം-01

سورة المعارج മക്കയിൽ അവതരിച്ചു


സൂക്തങ്ങൾ 44



بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു




سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ (1


സംഭവിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് ചോദിക്കുന്ന ഒരാൾ ചോദിക്കുകയാണ്



لِّلْكَافِرينَ لَيْسَ لَهُ دَافِعٌ (2



സത്യ നിഷേധികൾക്ക്- അത് തട്ടിനീക്കുവാൻ ആർക്കും കഴിയുന്നതല്ല

അന്ത്യ നാളിനെക്കുറിച്ചും അന്ന് അവിശ്വാസികൾക്കുണ്ടാവുന്ന ശിക്ഷയെക്കുറിച്ചും നബി(സ)ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമ്പോൾ അതിനെ നിഷേധിച്ചു കൊണ്ട് പരിഹാസപൂർവം അവർ ചോദിക്കും എവിടെ ഈ ശിക്ഷ?എപ്പോഴാണിത് വരിക?എന്നൊക്കെ. അതിന്റെ ഉത്തരമാണ് (നിസ്സംശയം) സംഭവിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചാണ് സംഭവിക്കില്ലെന്ന് കരുതി ചിലർ ചോദിക്കുന്നത് .എന്നാൽ അത് സംഭവിക്കുന്ന ദിനത്തിൽ സത്യ നിഷേധികൾക്ക് ആ ശിക്ഷ തടയാൻ ആരുമുണ്ടാവില്ല ഇവിടെ വേറെയും വ്യാഖ്യാനങ്ങളുണ്ട്.

ഇമാം ഖുർത്വുബി(റ) എഴുതുന്നു. ഇവിടുത്തെ ചോദിച്ചു എന്നതിന്റെ താല്പര്യം പ്രാർത്ഥിച്ചു എന്നാണ്.അതായത് ഖുർആൻ പൂർവീകരുടെ കെട്ടുകഥയാണെന്ന് പറഞ്ഞിരുന്നവർ ഇത് സത്യമാണെങ്കിൽ ഞങ്ങളുടെ മേൽ കല്ല്മഴ വർഷിപ്പിക്കുകയോ അല്ലെങ്കിൽ വേറേ ശിക്ഷകൾ നൽകുകയോ ചെയ്യണമെന്ന് സത്യ നിഷേധികൾ പ്രാർത്ഥിച്ചിരുന്നു.സൂറത്ത് അൻഫാലിൽ അള്ളാഹു അത് പറഞ്ഞിട്ടുണ്ട്



وَإِذْ قَالُواْ اللَّهُمَّ إِن كَانَ هَـذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاء أَوِ ائْتِنَا بِعَذَابٍ أَلِيمٍ



അല്ലാഹുവേ, ഇതു നിന്റെ പക്കൽ നിന്നുള്ള സത്യമാണെങ്കിൽ നീ ഞങ്ങളുടെ മേൽ ആകാശത്ത്‌ നിന്ന്‌ കല്ല്‌ വർഷിപ്പിക്കുകയോ, അല്ലെങ്കിൽ ഞങ്ങൾക്ക്‌ വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന്‌ അവർ ( അവിശ്വാസികൾ ) പറഞ്ഞ സന്ദർഭവും ( ഓർക്കുക. )





ഈ പ്രാർത്ഥന നടത്തിയത് നള്റുബുൻ ഹാരിസ് എന്ന അവിശ്വാസിയായിരുന്നു ,അയാൾ ബദ് ർ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു.(ഖുർതുബി 18/206)മറ്റൊരു വ്യാഖ്യാനം അവിശ്വാസികൾക്ക് ശിക്ഷ ആവശ്യപ്പെട്ടത് നബി(സ)യാണെന്നാണ്.അഥവാ സത്യത്തോട് പുറം തിരിഞ്ഞു നിൽക്കുന്നവരെ ശിക്ഷിക്കാനായി നബി(സ) പ്രാർത്ഥിച്ചു ക്ഷമിക്കുക എന്ന് അഞ്ചാം സൂക്തത്തിൽ പറയുന്നത് ഈ വ്യാഖ്യാനത്തെ ശരിവെക്കുന്നു തങ്ങൾ ക്ഷമിക്കുക ശിക്ഷ അവർക്ക് വരികതന്നെ ചെയ്യുമെന്ന് ചുരുക്കം(റാസി30/108)ആർക്കാണ് ശിക്ഷയുണ്ടെന്ന് പറയുന്നത് എന്ന സംശയത്തിന്റെ ഉത്തരമാണ് രണ്ടാം സൂക്തം.അവിശ്വാസികൾക്കാണീ ശിക്ഷ സംഭവിക്കുന്നത് എന്ന് സാരം





مِّنَ اللَّهِ ذِي الْمَعَارِجِ (3




കയറിപ്പോകുന്ന സ്ഥലങ്ങളുടെ അധിപനായ അള്ളാഹുവിങ്കൽ നിന്നാണ് (അത് സംഭവിക്കുക)

കയറിപ്പോകുന്ന സ്ഥലങ്ങൾ കൊണ്ടുദ്ദേശ്യം ആകാശങ്ങളാണ്. മലക്കുകൾ അവിടേക്ക് കയറിപ്പോകുന്നത് കൊണ്ടാണ് ആകാശങ്ങൾക്ക് മആരിജ് എന്ന് പറഞ്ഞത്ആകാശങ്ങളുടെ അധിപനായ അള്ളാഹു തന്നെയാണിവർക്കുള്ള ശിക്ഷ സംവിധാനിക്കുന്നത് എന്ന് സാരംമ ആരിജ് എന്നാൽ അനുഗ്രഹങ്ങൾ എന്നും വ്യാഖ്യാനമുണ്ട്. അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ ഓരോരുത്തർക്ക് അവരുടെ അവസ്ഥയനുസരിച്ച് കൂട്ടിയും കുറച്ചും അള്ളാഹു നൽകുന്നത് കൊണ്ടാണ് ഏറ്റവ്യത്യാസമുള്ള അനുഗ്രഹങ്ങളുടയവൻ എന്ന അർത്ഥത്തിൽ ذِي الْمَعَارِجِ എന്ന് പറഞ്ഞത്(റാസി)

മൂന്നാമത്തെ വ്യാഖ്യാനം പദവികൾ ഉടയവൻ എന്നാണ്.അതായത് സ്വർഗ്ഗത്തിൽ തന്റെ ഇഷ്ടദാസന്മാർക്ക് വ്യത്യസ്ത പദവികൾ അള്ളാഹു നൽകുമല്ലൊ അതാണുദ്ദേശ്യം (റാസി)



تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ (4



മലക്കുകറളും റൂഹും അവങ്കലേക്ക് കയറിപ്പോകുന്നു.അമ്പതിനായിരം കൊല്ലത്തെ ദൈർഘ്യമുള്ള ഒരു ദിവസത്തിൽ (ആ ശിക്ഷ സംഭവിക്കുന്നതാണ്)

റൂഹ് കൊണ്ടുദ്ദേശ്യം മലക്കുകളുടെ നേതാവായ ജിബ് രീൽ(അ)ആണുദ്ദേശം.മലക്കുകളെ പൊതുവായി പറഞ്ഞതിനു ശേഷം ജിബ് രീൽ(അ)നെ പ്രത്യേകം പരാമർശിച്ചത് തന്റെ പ്രാമുഖ്യം വ്യക്തമാക്കാനാണ്.ഇമാം റാസി(റ) എഴുതുന്നു.ഭയപ്പെടുത്താനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നിടത്ത് മലകക്ുകളെ പറയുമ്പോൾ ജിബ് രീൽ(അ) നെ പ്രത്യേകം പരാമർശിക്കുന്ന പതിവ് മറ്റ് സ്ഥലങ്ങളിലും (ഉദാ:സൂറത്തുന്നബഅ് 38)

ഖുർആൻ സ്വീകരിച്ചത് തന്റെ മഹത്വം വ്യക്തമാക്കാനാണ്അവങ്കലേക്ക് കയറുക എന്നതിന്റെ താല്പര്യം ബാഹ്യമായി പോലും തന്റേതല്ലാത്ത നിയന്ത്രണാധികാരങ്ങളില്ലാത്ത ഉപരിലോകത്തേക്ക് കയറുക എന്നാണ്ഇമാം റാസി(റ) എഴുതുന്നു. “അള്ളാഹുവിനു സ്ഥലം ഉണ്ടെന്ന് പറയുന്ന (തെറ്റായ വിശ്വാസക്കാർ) ഈ ആയത്ത് കൊണ്ട് അതിനു ലക്ഷ്യം പിടിച്ചിട്ടുണ്ട് –അവനിലേക്ക് കയറുക എന്ന് പറയുമ്പോൾ അവൻ മേലെ ഉണ്ട് എന്ന് വരും-എന്നാണ് അവർ ധരിച്ചത്.എന്നാൽ ആ ധാരണ അസത്യമാകുന്നു.കാരണം അള്ളാഹു സ്ഥല കാലാതീതനാണെന്നത് സുവ്യക്തമായ കാര്യമാണ് അതിനാൽ ഇതിനും ഇത് പോലുള്ള വാക്കുകൾക്കുമൊക്കെ വ്യാഖ്യാനം പറയേണ്ടി വരും(ബാഹ്യാർത്ഥം കൽ‌പ്പിക്കരുത്)അവനിലേക്ക് കയറുക എന്നാൽ ഒരു സ്ഥലത്തേക്ക് എന്നല്ല മറിച്ച് കാര്യങ്ങളുടെ അന്തിമ വിധി അള്ളാഹുവിന്റെ അധികാരത്തിൽ മാത്രമാണ് എന്നത്രെ ഉദ്ദേശ്യം(റാസി 30/110)

അമ്പതിനായിരം കൊല്ലത്തെ ദൈർഘ്യമുള്ള ദിനം അന്ത്യനാളാണ്.അഥവാ വിചാരണക്ക് നിർത്തപ്പെടുന്ന ദിനം.സത്യ നിഷേധികൾക്കും കുറ്റവാളികൾക്കുമാണീ ദൈർഘ്യം അനുഭവപ്പെടുക അർശിന്റെ തണൽ കൊണ്ട് അനുഗ്രഹിക്കപ്പെടുന്ന സത്യ വിശ്വാസികൾക്ക് ഒരു നിസ്ക്കാര സമയത്തിന്റെ തോത് മാത്രമേ അനുഭവപ്പെടുകയുള്ളൂ. അബൂ സഈദിനിൽ ഖുദ്്രി(റ)പറഞ്ഞു. നബി(സ)യോട് ചോദിക്കപ്പെട്ടു ആ ദിനത്തിന്റെ ദൈർഘ്യം എത്രയാണ്?നബി(സ)പറഞ്ഞു. എന്നെ നിയന്ത്രിക്കുന്ന അള്ളാഹു തന്നെ സത്യം! സത്യവിശ്വാസിക്ക് ആ ദിനം ഭൂമിയിൽ വെച്ച് താൻ നിസ്ക്കരിക്കാറുള്ള ഒരു നിർബന്ധ നിസ്ക്കാരത്തേക്കാൾ ലഘൂകരിക്കപ്പെടും (റാസി30/110)അന്ന് അർശിന്റെ തണൽ ലഭിക്കാനുള്ള ഏഴ് യോഗ്യതകൾ നബി(സ) പഠിപ്പിച്ചിട്ടുണ്ട്. നീതിമാനായ ഭരണാധികാരിയും, അള്ളാഹുവിനോടുള്ള ഭക്തിയിലൂടെ യുവത്വം ഉപയോഗപ്പെടുത്തിയ വിശ്വാസിയും, പള്ളിയുമായി മനസ്സിണക്കപ്പെട്ട പുരുഷനും, അള്ളാഹുവിനു വേണ്ടി പരസ്പരം സ്നേഹിക്കുകയും അതിലായി ജീവിക്കുകയും മരിച്ചു പിരിയുകയും ചെയ്ത രണ്ട് സ്നേഹിതരും , സൌന്ദര്യവും കുലമഹിമയുമുള്ള ഒരു സ്ത്രീ വ്യഭിചാരത്തിനു ക്ഷണിച്ചപ്പോൾ അള്ളാഹുവെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് ആ തിന്മയിൽ നിന്ന് ഒഴിഞ്ഞു നിന്ന മനുഷ്യനും, വലത് കൈ നൽകിയത് ഇടത് കൈ അറിയാതെ(പ്രശസ്തിക്കും പേരെടുക്കാനുമല്ലാതെ ആത്മാർത്ഥമായി)ധർമ്മം ചെയ്തവനും, ഒറ്റക്കിരുന്ന് അള്ളാഹുവെക്കുറിച്ച് ചിന്തിച്ച് കരഞ്ഞവനുമാണീ ഏഴ് വിഭാഗം.ഇതിൽ ഏതെങ്കിലുമൊരു വിഭാഗത്തിലെങ്കിലും അംഗത്വമെടുക്കാൻ നാം ശ്രമിക്കേണ്ടതല്ലേ എന്ന് സഗൌരവം ആലോചിക്കുക.അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ



فَاصْبِرْ صَبْرًا جَمِيلًا (5




അതിനാൽ (നബിയേ) തങ്ങൾ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.

ഇവിടെ നബി(സ)യെ ആശ്വസിപ്പിക്കുകയാണ് അള്ളാഹു. കാരണം നള്റുബ്നു ഹാരിസ് ശിക്ഷയുണ്ടെങ്കിൽ പെട്ടെന്ന് വരട്ടെ എന്ന് നബി(സ)യോട് പറഞ്ഞത് പരിഹാസപൂർവമായിരുന്നു സ്വാഭാവികമായും അത് നബി(സ)യെ വിഷമിപ്പിച്ചു.അപ്പോൾ നബിയേ! അങ്ങ ക്ഷമിക്കുക ശിക്ഷ ഉടനെത്തും എന്ന് സൂചിപ്പിക്കുകയാണ് അള്ളാഹു



إِنَّهُمْ يَرَوْنَهُ بَعِيدًا (6



നിശ്ചയം അവർ അത് വിദൂരമായി കാണുന്നു.






وَنَرَاهُ قَرِيبًا (7




നാം അത് അടുത്തതായും കാണുന്നു.

അത് വിദൂരമായി കാണുന്നു എന്നതിന്റെ ഉദ്ദേശ്യമെന്താണ്? ആ ശിക്ഷയെ വിദൂരമായി കാണുന്നു അഥവാ അത് സംഭവിപ്പിക്കാൻ കഴിയില്ല എന്ന് അവർ ധരിക്കുന്നു.എന്നാൽ അത് നാം അടുത്തതായി കാണുന്നു എന്നാൽ അള്ളാഹുവിന്റെ കഴിവിലേക്ക് ചേർത്തിനോക്കുമ്പോൾ ഇത് വളരെ നിസ്സാരം എന്നത്രെ!അഥവാ ഇത് സാധ്യമാവില്ലെന്ന് നിഷേധികളും ഇത് നിഷ്പ്രയാസമെന്ന് അള്ളാഹുവും പറയുന്നു.



يَوْمَ تَكُونُ السَّمَاء كَالْمُهْلِ (8


ആകാശം ഉരുകിയ ലോഹം പോലെയാവുന്ന ദിവസം



وَتَكُونُ الْجِبَالُ كَالْعِهْنِ (9




പർവതങ്ങൾ കടഞ്ഞ രോമം പോലെയാവുന്ന ദിവസം(അന്നാണ് ശിക്ഷ സംഭവിക്കുക)

ഈ ലോകത്തിന്റെ സമ്പൂർണ്ണ നാശത്തിന്റെ രേഖയാണിവിടെ സൂചിപ്പിക്കുന്നത്



وَلَا يَسْأَلُ حَمِيمٌ حَمِيمًا (10


ഒരു സ്നേഹിതനും മറ്റൊരു സ്നേഹിതനോട് (ഒന്നും) ചോദിക്കുകയില്ല.

ആദിനത്തിന്റെ ഭയാനകത കാരണം ഭൂമിയിൽ തനിക്ക് വേണ്ടി ജീവൻ ത്യജിക്കാൻ പോലും തയാറായിരുന്ന കൂട്ടുകാരൻ പോലും തന്റെ സഹചാരിയുടെ അവസ്ഥ എന്ത് എന്ന് അന്വേഷിക്കില്ല കാരണം ആ ദിനത്തിന്റെ ഗൌരവത്തിൽ നിന്ന് താൻ എങ്ങനെ രക്ഷപ്പെടും എന്ന് മാത്രമേ അന്ന് എല്ലാവരും ചിന്തിക്കുകയുള്ളൂ




يُبَصَّرُونَهُمْ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ (11



അവർക്ക് അവരെ(പരസ്പരം) കാണിച്ച് കൊടുക്കപ്പെടും(എന്നാലും അവർ തമ്മിൽ തമ്മിൽ അന്വേഷിക്കയില്ല)തന്റെ സന്താനങ്ങളെ പ്രായശ്ചിത്തം നൽകി അന്ന്(ശിക്ഷയിൽ നിന്നും )മോചനം നേടിയിരുന്നെങ്കിൽ നന്നായേനേ എന്ന് കുറ്റവാളി കൊതിക്കും.

മുൻ സൂക്തത്തിൽ സ്നേഹിതർ പരസ്പരം ഒന്നും ചോദിക്കാത്തത് തമ്മിൽ കാണാത്തത് കൊണ്ടല്ല ആ ദിനത്തിന്റെ ഭീതി കൊണ്ടാണ് എന്ന് വിശദീകരിക്കാനാണ് അവർക്ക് പരസ്പരം കാണിക്കപ്പെടും എന്ന് വിശദീകരിക്കുന്ന മറ്റൊരു വ്യാഖ്യാനവും ഇവിടെയുണ്ട്. അന്നേദിനം സത്യ വിശ്വാസികൾക്ക് ലഭിക്കുന്ന സന്തോഷങ്ങൾ കാണുമ്പോൾ ധിക്കാരികൾ വല്ലാതെ വിഷമിക്കുകയും ഈ അവസ്ഥ തരണം ചെയ്യാൻ തന്റെ മക്കളെ ബലി കൊടുത്തെങ്കിലും സത്യാവിശ്വാസിയുടെ മുന്നിൽ ചെറുതാവും വിധത്തിലുള്ള ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചെങ്കിൽ എന്ന് ആഗ്രഹിക്കും എന്നാണത് ഇവിടെ പറഞ്ഞ കുറ്റവാളി അവിശ്വാസി മാത്രമായിരിക്കില്ല ദോഷാധിക്യമുള്ള വിശ്വാസികൾക്കും അവിടെ വിഷമം തന്നെയാവും(റാസി)



وَصَاحِبَتِهِ وَأَخِيهِ (12




സഹധർമ്മിണിയെയും സഹോദരനെയും (പ്രായശ്ചിത്തം നൽകിയും)




وَفَصِيلَتِهِ الَّتِي تُؤْويهِ (13




തനിക്ക് അഭയം നൽകുന്ന കുടുംബത്തെയും (പ്രായശ്ചിത്തം നൽകിയും)




وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ (14




ഭൂമിയിലുള്ള മുഴുവൻ പേരെയും (പ്രായശ്ചിത്തം നൽകിയും)എന്നിട്ട് തന്നെ രക്ഷപ്പെടുത്തിയിരുന്നെങ്കിൽ(എന്ന് അവൻ കൊതിക്കും)

കുറ്റവാളികളെ സംബന്ധിച്ച് ആദിനത്തിന്റെ ഭയാനകതയാണീ സൂക്തങ്ങൾ അറിയിക്കുന്നത്. തന്റെ രക്ഷക്ക് വേണ്ടി സ്വന്തം ഭാര്യ സന്താനങ്ങളെയും കുടുംബങ്ങളെയും തനിക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള സകലരെയും ബലി കൊടുത്തിട്ടെങ്കിലും തനിക്ക് രക്ഷപ്പെടാനുള്ള പഴുത് കിട്ടുമോ എന്ന് നോക്കും എന്നാൽ ആ ചിന്ത വെറും വ്യാമോഹം മാത്രമാവും അന്ന്!



ഭൂമിയിൽ ഇവർക്ക് വേണ്ടി സ്വജീവൻ കൊടുക്കാൻ തയാറാവുന്നവനാണ് പരലോകത്ത് ഇങ്ങനെ മാറിച്ചിന്തിക്കുന്നതെങ്കിൽ അവിടുത്തെ ഭയാനകത അത്രയും ഗുരുതരം തന്നെ എന്ന് മനസ്സിലാക്കാം. അന്നത്തെ രക്ഷക്ക് ഇപ്പഴേ മുൻ കരുതലെടുക്കുന്നതാണ് ബുദ്ധിമാന്റെ ലക്ഷണം



كَلَّا إِنَّهَا لَظَى (15




അത്(ആ കൊതി)വേണ്ടാ!നിശ്ചയമായും അത് ആളിക്കത്തുന്ന നരകമാണ്

ലളാ എന്നത് നരകത്തിന്റെ നാമങ്ങളിലൊന്നാണ്.ശുദ്ധമായ ആളിക്കത്തൽ എന്നാണ് ഈ വാക്കിന്റെ അർത്ഥം



نَزَّاعَةً لِّلشَّوَى (16




അത് (മനുഷ്യന്റെ) തൊലി പൊളിച്ചു നീക്കിക്കളയും

പതിനാറാം വാക്യത്തിലെ ശവാ എന്ന പദത്തിനു തലയുടെ തൊലി, തലയോട്, ചർമ്മങ്ങൾ കൈ കാലുകൾ എന്നൊക്കെ അർത്ഥമുണ്ട് നരകം മനുഷ്യന്റെ എല്ലാഭാഗവും കരിച്ചു കളയും എന്നാൽ ഉടൻ തന്നെ പുതിയത് നൽകി വീണ്ടും ശിക്ഷ തുടരും എന്ന് ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. ഏതായാലും ഉദ്ദേശം വ്യക്തമാണ്. സത്യവിശ്വാസം കൈക്കൊള്ളാതെയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കാതെയും സമ്പത്തിന്റെ അവകാശങ്ങൾ കൊടുത്തു വീട്ടാതെയും നടക്കുന്നവരെയാണ് നരകം പിടികൂടുക എന്നതത്രെ അത്. ഇനിയുള്ള സൂക്തങ്ങൾ ഈ ആശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്




تَدْعُو مَنْ أَدْبَرَ وَتَوَلَّى (17



(സത്യത്തിൽ നിന്ന്) പിന്നോട്ട് പോകുകയും തിരിഞ്ഞ് കളയുകയും ചെയ്തവരെ അത് വിളിക്കും

നരകം എങ്ങനെ വിളിക്കും എന്ന സംശയത്തിനു പല നിവാരണങ്ങളും വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്(1)നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നവരെ അവിടെയെത്തുമ്പോഴുള്ള സാഹചര്യ വിളിയാണുദ്ദേശ്യം പരസ്യമായി വിളി കേൾക്കുന്നില്ലെങ്കിൽ തന്നെയും നിശ്ശബ്ദമായി നരകം തന്നെ വിളിക്കുമെന്ന് സാരം(2)നരകത്തിനു അള്ളാഹു സംസാര ശേഷി പടക്കുകയും എന്നിലേക്ക് വരൂ എന്ന് അവിശ്വാസിയെയും കപട വിശ്വാസിയെയും വിളിക്കുകയും ചെയ്യും(3)നരകത്തിന്റെ കാവൽക്കാരായ മലക്കുകളാണ് വിളിക്കുന്നത് ആ വിളിയെ നരകത്തിലേക്ക് ചേർത്തിപറഞ്ഞതാണ് (റാസി)




അനുസരണയിൽ നിന്ന് പിന്തിരിയുകയും സത്യവിശ്വാസത്തിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തവരെയാണ് നരകം വിളിക്കുന്നത്






وَجَمَعَ فَأَوْعَى (18



(ധനം)ഒരുമിച്ച് കൂട്ടുകയും എന്നിട്ട് (ചെലവ് ചെയ്യാതെ)സൂക്ഷിച്ച് വെക്കുകയും ചെയ്തവരെ അത് വിളിക്കും

ധനം ഒരുമിച്ച് കൂട്ടി എന്നത് തന്റെ അത്യാഗ്രഹത്തിന്റെ തെളിവാണ് സൂക്ഷിച്ച് വെച്ചു എന്നത് തന്റെ ദുരാഗ്രഹത്തിന്റെ തെളിവുമാണ്ദീനീ നാശത്തിലേക്ക് അവനെ തള്ളിവിടാൻ അത്യാഗ്രഹവും ദുരാഗ്രഹവും തന്നെധാരാളം മതിയായതാണ്(റാസി)




إِنَّ الْإِنسَانَ خُلِقَ هَلُوعًا (19




നിശ്ചയമായും അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്



അത്യാഗ്രഹത്തിന്റെ ആധിക്ക്യവും അക്ഷമയുടെ ആൾ രൂപവുമാകുക എന്നാണ് ഇതിന്റെ താല്പര്യം. ഈهَلُوعًاഎന്നതിന്റെ വ്യാഖാനമാണ് തുടർന്നുള്ള രണ്ട് സൂക്തങ്ങൾ





إِذَا مَسَّهُ الشَّرُّ جَزُوعًا (20




അതായത് തിന്മ ബാധിച്ചാൽ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ട്




وَإِذَا مَسَّهُ الْخَيْرُ مَنُوعًا (21




തന്മ കൈവന്നാൽ തടഞ്ഞ് വെക്കുന്നവനായിക്കൊണ്ടും.

മനുഷ്യ സഹജമായ ഒരു ദുർഗുണം ചൂണ്ടിക്കാ‍ണിക്കുകയാണിവിടെ .തന്റെ ദേഹത്തിലോ ധനത്തിലോ തന്നോട് ബന്ധപ്പെട്ട മറ്റ് വല്ലതിലുമോ എന്തെങ്കിലും വിപത്ത് ബാധിക്കുമ്പോൾ വേവലാതിപ്പെടുകയും നിരാശനാവുകയും മറിച്ച് വല്ല നന്മയുമാണ് ലഭിക്കുന്നതെങ്കിൽ അത് ചെയ്ത് തന്ന നാഥനോട് നന്ദി കാണിക്കാതെയും പിശുക്ക് കാണിച്ച് പിടിച്ച് വെച്ചും അള്ളാഹു അവനിൽ നിന്ന് ആവശ്യപ്പെടുന്നതിന്റെ നേർ വിപരീതം പ്രവർത്തിക്കുന്നു.

ഇമാം റാസി(റ) എഴുതുന്നു. ഇവിടെ പറഞ്ഞ തിന്മ ദാരിദ്ര്യം രോകം തുടങ്ങിയവയും നന്മ എന്നത് ധനവും ആരോഗ്യവും ആണ്.അതായത് ദരിദ്രനോ രോഗിയോ ആയാൽ അക്ഷമനാവുകയും പരാതി പറയാൻ തുടങ്ങുകയും ചെയ്യും അതേ സമയം താൻ ധനികനും ആരോഗ്യവാനുമായാൽ നന്മ തടയാനും പിശുക്ക് കാണിക്കാനും ജനങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കാനുമായിരിക്കും അവന്റെ ശ്രമം .ഇവിടെ ഒരു ചോദ്യം വരാം അതായത് ബുദ്ധിമുട്ട് ഒഴിവായിക്കിട്ടുന്നതും സൌഖ്യം ലഭ്യമാക്കുന്നതും ബുദ്ധിയുള്ളവൻ അവശ്യപ്പെടേണ്ടത് തന്നെയല്ലെ? പിന്നെ എന്തിനാണിവനെ അള്ളാഹു ആക്ഷേപിക്കുന്നത്?മറുപടി ഇങ്ങനെയാണ് അള്ളാഹു അവനെ ആക്ഷേപിച്ചത് അവൻ ഈ ലോകത്തെ തന്റെ ശാരീരിക അവസ്ഥ മാത്രം ആലോചിക്കുകയും അനന്തമായ പരലോകത്തെ വിസ്മരിക്കുകയും ചെയ്തത് കൊണ്ടാണ് വല്ല രോഗത്തിലൊ വിഷമത്തിലോ പെട്ടാൽ ഇത് അള്ളാഹുവിന്റെ വിധി ആണെന്നും ക്ഷമിച്ചിരുന്നാൽ പരലോകത്ത് ഈ വിഷമം പ്രതിഫലാർഹമാവുമെന്നും, ചിന്തിക്കാതെ അസഹിഷ്ണുത കാണിക്കുന്നത് അതോടൊപ്പം തന്നെ തനിക്ക് ആരോഗ്യവും ധനവും ലഭിച്ചാൽ പരലോക മോക്ഷത്തിനു അനുകൂലമാവും വിധം അത് വിനിയോഗിക്കേണ്ടതിനു പകരം അവൻ അത് പൂഴ്ത്തിവെച്ചു ഇതാണ് ആക്ഷേപാർഹമായി അള്ളാഹു പറഞ്ഞത്.അത് കൊണ്ട് തന്നെയാ‍ണ് ഈ ഉത്തരവാദിത്വ നിർവഹണത്തിൽ വിജയിച്ചവരെ വരും സൂക്തങ്ങളിൽ അള്ളാഹു ഈ ആക്ഷേപങ്ങളിൽ നിന്ന് ഒഴിവാക്കിയതും(റാസി 30/115-116)


അത് അടുത്ത പോസ്റ്റിൽ തുടരാം ..ഇൻശാ അള്ളാഹ്

4 comments:

വഴികാട്ടി / pathfinder said...

سورة المعارج മക്കയിൽ അവതരിച്ചു
സൂക്തങ്ങൾ 44

ബഷീർ said...

മനുഷ്യ മനസുകളില്‍ വെളിച്ചം വിതറി വിളക്കുമായി വഴികാട്ടിയുടെ യാത്ര തുടരട്ടെ ആശംസകള്‍ പ്രാര്‍ത്ഥനകള്‍

haribsha said...

മാഷാ അല്ലാഹ്....വളരെ നല്ല അവതരണം.....സാധാരണക്കാരായ പലരും ഖുരാനിനെ കേവലം പദാനുപദ തര്‍ജമ നടത്തി വിക്ര്തമാക്കുന്ന വഹാബികളുടെ കെണിയില്‍ പെട്ട് പോകുന്നു...അത്തരക്കാര്‍ക്കു ഇത് വളരെ ഉപകാരപ്ര്തമാണ്....സുന്നികള്‍ അങ്ങീകരിക്കുന്ന ഖുര്‍ആന്‍ പരിഭാഷയെ പറ്റി പലരും ചോദിക്കാറുണ്ട്....സുന്നികള്‍ പരിഭാഷയെ അന്ഗീകരിക്കുന്നില്ല എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പിന്നെ എങ്ങിനെ സാധാരണക്കാരന്‍ ഖുര്‍-ആന്‍ മനസ്സിലാക്കും എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ വഴികാട്ടി...അല്ലാഹു ബര്കത് ചെയ്യട്ടെ

ഉസ്താടെ, ഇതിന്റെ ഫോണ്ട് സൈസ് കുറച്ചു കൂട്ടി ഒന്ന് കൂടി മനോഹരമാക്കിയാല്‍ കൂടുതല്‍ ആകര്ഷകമാകുമെന്നു തോന്നുന്നു...

വഴികാട്ടി / pathfinder said...

Basheer,
Harib Sha,

അഭിപ്രായങ്ങൾക്ക് വളരെ നന്ദി

പ്രിയ ഹാരിബ് ഷ, ഫോണ്ട് സൈസ് അവരവരുടെ കമ്പ്യൂട്ടറിൽ തന്നെ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ബ്ലോഗിൽ നോർമൽ സൈസിലാണ് പോസ്റ്റ് ചെയ്യുന്നത്. ചില വാക്യങ്ങൾ ലാർജ് സൈസിലു,

പോസ്റ്റ് തുറന്നതിനു ശേഷം കണ്ട്രോൾ കീ അമർത്ത് കൊണ്ട് മൌസ് മൌസ് ബട്ടൺ ഫോർവേഡ് ചലിപ്പിച്ചാൽ സൈസ് വലുതാക്കി കാണാം.