Friday, June 3, 2011

അദ്ധ്യായം-70-സൂറത്തുൽ മ‌ആരിജ്-ഭാഗം-02

سورة المعارج മക്കയി അവതരിച്ചു


സൂക്തങ്ങ 44


بسم الله الرحمن الرحيم


പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നുpart-1 ( 1 മുതൽ 21 വരെ ) ഇവിടെ ക്ലിക് ചെയ്ത് വായിക്കാംإِلَّا الْمُصَلِّينَ(22)


നിസ്ക്കരിക്കുന്നവരൊഴികെഅക്ഷമരായ മനുഷ്യരുടെ ചില ദുസ്വഭാവം കഴിഞ്ഞ സൂക്തങ്ങളിൽ വിശദീകരിച്ചുവല്ലൊ.എന്നാൽ സത്യവിശ്വാസികളുടെ മാതൃ‌കാപരമായ എട്ട് സ്വഭാവങ്ങളാണിവിടെ വിശദീകരിക്കുന്നത് സൃ‌ഷ്ടാവായ അള്ളാഹുവിനെ അനുസരിക്കുന്നതിലും സൃ‌ഷ്ടികളോട് ദയ കാണിക്കുന്നതിലും പ്രതിഫല ദിനത്തെ വിശ്വസിക്കുന്നതിലും നാഥന്റെ ശിക്ഷയെ ഭയപ്പെടുന്നതിലും വികാരങ്ങളെ നിയന്ത്രിക്കുന്നതിലും ക്ഷണികമായ ഭൌതിക സന്തോഷങ്ങളേക്കാൾ അനന്തമായ പരലോക വിജയത്തിനു മുന്തൂക്കം നൽകുന്നതിലും മുഴുകുന്നവർക്ക് മാത്രമെ ഈ വിജയം കരസ്ഥമാക്കാനാവൂ.അതിനു മനുഷ്യനെ പാകപ്പെടുത്താനാവശ്യമായ ഗുണങ്ങളാണ് ഇനി പറയുന്നത്الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ(23)തങ്ങളുടെ നിസ്ക്കാരങ്ങളുടെ മേൽ കൃ‌ത്യനിഷ്ഠയുള്ള വരായ(നിസ്ക്കാരക്കാർ ഒഴികെ)നിഷ്ഠ എന്നതിന്റെ താല്പര്യം ഒരു സാഹചര്യത്തിലും നിസ്ക്കാരം ഉപേക്ഷിക്കാതെ എന്നെന്നും അത് നിർവഹിക്കുക എന്നാണ് അതായത് നിസ്ക്കരിക്കുന്നവരായാൽ മാത്രം പോരാ.അതിൽ നിഷ്ഠ വേണം കൃ‌ത്യ സമയത്ത് തന്നെ നിർബന്ധ നിസ്ക്കാരങ്ങൾ നിർവഹിക്കുന്നവരെന്നും നിരബന്ധ നിസ്ക്കാരങ്ങൾക്കൊപ്പം തന്നെ സുന്നത്ത് നിസ്ക്കാരത്തിൽ കൂടി സജീവത നിലനിർത്തുന്നവരെന്നും വ്യാഖ്യാനമുണ്ട്, ഇവിടെ പറഞ്ഞ നിസ്ക്കാരത്തിൽ നിഷ്ഠയുള്ളവർ എന്ന് പറഞ്ഞത് നബി(സ)യുടെ നേരെ ശിഷ്യന്മാരായ സ്വഹാബികളാണുദ്ദേശ്യമെന്നും അള്ളാഹുവിനെക്കുറിച്ചുള്ള ശക്തമായ വിശ്വാസത്താൽ നിസ്ക്കാര വിഷയത്തിൽ ശക്തമായ നിഷ്ഠ സൂക്ഷിക്കുന്ന എല്ലാ വിശ്വാസികളുമുദ്ദേശ്യമാണെന്നും അഭിപ്രായമുണ്ട് നിസ്ക്കാരത്തിൽ നിഷ്ഠയുള്ളവരെന്നതിനു ഇടത്തും വലത്തും നിസ്ക്കാരത്തിൽ തിരിഞ്ഞു നോക്കാതെ (ശാന്തമായി)നിസ്ക്കരിക്കുന്നവരെന്നും വ്യാഖ്യാനമുണ്ട്(ഖുർത്വുബി 18/214)وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ (24)

തങ്ങളുടെ സ്വത്തുക്കളിൽ നിശ്ചിത അവകാശമുള്ളവരുമായ

ഇവിടെ പറഞ്ഞ അവകാശം നിർബന്ധ സക്കാത്താണെന്നും സുന്നത്തായ ധർമ്മങ്ങളാണെന്നും അഭിപ്രായമുണ്ടെങ്കിലും നിർബന്ധ സക്കാത്താണെന്നത്രെ പ്രബലംസക്കാത്തിനു പുറമേ കുടുംബ ബന്ധം നിലനിർത്താനും അതിഥി സൽക്കാരത്തിനും നിരാലംബരെ ആശ്വസിപ്പിക്കാനുമെല്ലാം ധനത്തിന്റെ ഒരു ഭാഗം വിനിയോഗിക്കേണ്ടത് തന്നെയാണ്.അയൽ വാസി പട്ടിണികിടക്കുമ്പോൾ വയറു നിറക്കുന്നവൻ എന്റെ സംസ്ക്കാരം ഉൾക്കൊണ്ടവനല്ലെന്ന നബി വചനവും വിശക്കുന്നവനു ഭക്ഷണം കൊടുക്കാത്തതിനെ തനിക്ക് ഭക്ഷണം നൽകിയില്ലെന്ന ആക്ഷേപമായി പരലോകത്ത് അള്ളാഹു ചോദിക്കുമെന്ന വചനവുമൊക്കെ നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടത് തന്നെ!لِّلسَّائِلِ وَالْمَحْرُومِ(25)
ചോദിക്കുന്നവനും (ചോദിക്കുന്നതിനു)മുടക്കം ബാധിച്ചവനുംദാരിദ്ര്യം കൊണ്ട് സഹായം ചൊദിച്ചു വരുന്നവനും അഭിമാന ക്ഷതമോർത്ത് കൊണ്ടോ ധാതാക്കളുടെ സമീപത്തെത്താൻ സാധിക്കാത്തതിനാലോ ചോദിച്ച് വാങ്ങുന്നതിനു മുടക്കം പറ്റിയവനും ധനികന്റെ ധനത്തിൽ അവകാശമുണ്ട് അർഹർ നമ്മോട് ചോദിച്ചില്ലെങ്കിലും അവരെ കണ്ടറിഞ്ഞ് സഹായിക്കൽ നമ്മുടെ കടമയാണെന്ന് ചുരുക്കംوَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ (26പ്രതിഫല ദിനത്തെക്കൊണ്ട് വിശ്വസിക്കുന്നവരുമായ

ഭൂമിയിലെ പ്രവർത്തനത്തിനു പ്രതിഫലം നൽകുന്ന അന്ത്യനാൾ(പുനർജന്മവും മഹ്ശർ മൈതാനിയിൽ ഒത്ത് കൂടലും വിചാരണയും നല്ലവർ- അല്ലാത്തവർ എന്ന വിഭജനവും ) സത്യമാണെന്ന് വിശ്വസിക്കുന്നവരാണവർوَالَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ( 27


അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് ഭയപ്പെടുന്നവരുമായ(വരൊഴികെ)

ഈ ഭയം നിർബന്ധങ്ങൾ ഉപേക്ഷിക്കുന്നതിനെ തൊട്ടും അരുതായ്മകളിലേക്ക് മുന്നിടുന്നതിനെതൊട്ടും ഉണ്ടാവും.ഈ ഭയം നിലനിൽക്കുന്ന ഒരാൾക്ക് എപ്പോഴും തന്റെ കർതവ്യങ്ങളിൽ വീഴ്ച വരുത്തരുതെന്ന ജാഗ്രതയുണ്ടാവും(റാസി)
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ (28


കാരണം അവരുടെ നാഥന്റെ ശിക്ഷ (വരികയില്ലെന്ന്)സമാധാനിച്ചിരിക്കാവതേയല്ല

അള്ളാഹുവിന്റെ ശിക്ഷ എന്നെ ഭാധിച്ചേക്കുമോ എന്ന ഭയം ഉള്ളവരായിരിക്കണം എപ്പോഴും വിശ്വാസികൾ.സ്വർഗ്ഗത്തിൽ രണ്ടു കാലും കണ്ടാൽ മാത്രമേ ഒരു വിശ്വാസിക്ക് സമാധാനിക്കാൻ കഴിയൂ പരാജയപ്പെട്ടവരല്ലാതെ അള്ളാഹുവിന്റെ ശിക്ഷയെത്തൊട്ട് നിർഭയരാവില്ലെന്ന് ഖുർആൻ തന്നെ ഉണർത്തിയിട്ടുണ്ട്


ഇമാം റാസി(റ)എഴുതുന്നു.ഈ ആയത്തിന്റെ താല്പര്യം നമുക്കാർക്കും തന്റെ കടമകൾ എല്ലാം ഭംഗിയായി നിർവഹിച്ചു എന്നോ വിലക്കപ്പെട്ടവയിൽ നിന്നെല്ലാം പൂർണ്ണമായി ഒഴിഞ്ഞു നിന്നുവെന്നൊ ഉറപ്പിക്കാൻ കഴിയില്ല മറിച്ച് തനിക്ക് വീഴ്ച പറ്റിയിരിക്കാം അതിനു അള്ളാഹു തന്നെ പിടികൂടുമോ എന്ന ഭയം അവനുണ്ടാകും അപ്പോൾ നാഥന്റെ ശിക്ഷയെ എപ്പോഴും ഭയപ്പെട്ടേ പറ്റൂ.അതാണ് സത്യവിശ്വാസിയുടെ സ്വഭാവംوَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ (29


തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്നവരും(ഒഴികെ)
30 ) إِلَّا عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ


തങ്ങളുടെ ഭാര്യമാരുടെയോ തങ്ങളുടെ വലം കൈകൾ ഉടമയാക്കിയവരുടെയോ മേലിൽ ഒഴികെ കാരണം അവർ ആക്ഷേപാർഹരേയല്ല.


ലൈംഗീക ശുദ്ധി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.വികാരം തീർക്കാൻ അനുവദിക്കപ്പെട്ട മാർഗ്ഗം മാത്രം സ്വീകരിക്കുന്നവരാണു സത്യവിശ്വാസികൾ.ശരിയായ വിവാഹത്തിലൂടെ ലഭിച്ച ഭാര്യയും അടിമ വ്യവസ്ഥയിൽ ലഭിച്ച അടിമ സ്ത്രീകളും മാത്രമേ വികാശ ശമനത്തിനു ഉപയോഗിക്കാവൂ.എന്നാൽ അടിമ വ്യവസ്ഥ നിലവിലില്ലാത്ത ഇക്കാലത്ത് ഭാര്യമാരുമായുള്ള ബന്ധം മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ.പരസ്ത്രീ ബന്ധമോ സ്വവർഗ രതിയോ സ്വന്തമായ വികാര ശമനത്തിന്റെ വഴികളോ ശക്തമായി വിലക്കുകയാണീ സൂക്തങ്ങൾ അതാണ് താഴേ സൂക്തത്തിൽ അതിനപ്പുറമുള്ള മാർഗം തേടുന്നവൻ അതിക്രമിയാണെന്നും നിർണ്ണിത രേഖ വിട്ടവനാണെന്നും അള്ളാഹു പറയുന്നത് നാവു കൊണ്ടും ഗുഹ്യം കൊണ്ടും തെറ്റ് ചെയ്യില്ലെന്നുറപ്പ് തരുന്നവർക്ക് സ്വർഗം നൽകാമെന്ന് ഞാൻ ഉറപ്പ് തരുമെന്ന നബി വചനം ചിന്തിക്കേണ്ടത് തന്നെ


فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ (31എന്നാൽ അതിനപ്പുറം ആരെങ്കിലും തേടുന്ന പക്ഷം അവർ തന്നെയാണ്

അതിക്രമികൾഭാര്യമാരുമായുള്ളതല്ലാത്ത എല്ലാ വികാരശമന വഴികളും ആക്ഷേപാർഹാമാണെന്ന് സാരം


وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ (32


തങ്ങളെ വിശ്വസിച്ചേൽ‌പ്പിക്കപ്പെട്ട കാര്യങ്ങളെയും തങ്ങളുടെ ഉടമ്പടികളെയും പാലിക്കുന്നവരും (ഒഴികെ)


വിശ്വസിച്ചേൽ‌പ്പിക്കപ്പെട്ട കാര്യങ്ങൾ എന്നത് വിശാലമായ അർത്ഥമുള്ള വാക്കാണ് ഇമാം റാസി(റ)എഴുതുന്നു.ഉപേക്ഷിക്കൽ വഞ്ചനയായി കണക്കാക്കാവുന്ന എല്ലാ കാര്യങ്ങളെയും ഉൾക്കൊള്ളുന്ന വാക്കാണ് അമാനത്ത് എന്ന പദം നമ്മുടെ ആരാധനകളെല്ലാം ഈ അമാനത്തിന്റെ പരിധിയിൽ വരുന്നു(റാസി) മതപരമായ സൂക്ഷിപ്പ് സ്വത്താ‍യ മത നിയമങ്ങളും ഭൌതികമായ സൂക്ഷിപ്പ് സ്വത്തുക്കളും ഇവിടെ ഉദ്ദേശമാണ്.അള്ളാഹുവിന്റെ നിയമങ്ങൽ പാലിക്കാമെന്ന് അള്ളാഹുവിൽ നിന്ന് നാം ഏറ്റെടുത്തിട്ടുണ്ടെന്ന് ഖുർ ആൻ പറയുന്നുണ്ട്.അഥവാ നമ്മുടെ ജീവിതത്തിൽ മതം അനുശാസിക്കുന്ന വഴി ഉപേക്ഷിക്കാതെ നോക്കാൻ ശ്രമിക്കുന്നവർ മാത്രമേ ആക്ഷേപത്തിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ.ഏറ്റവും കൂടുതൽ തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ വരുന്ന ഇക്കാലത്ത് ഭൌതികമായ സൂക്ഷിപ്പുകളിൽ നീതി പാലിക്കുകയും അർഹർക്ക് തന്നെ അത് തിരിച്ചു നൽകുക എന്നതും വല്ലത്തൊരു കടമ്പ തന്നെയാണ്


കരാറുകൾ പാലിക്കാതിരിക്കുന്നത് കാപട്യമായാണ് ഇസ് ലാം പഠിപ്പിക്കുന്നത് .മക്കയിൽ നബി(സ)യുടെ ഏറ്റവും വലിയ ശത്രുക്കൾ പോലും അവരുടെ വസ്തുക്കൾ സൂക്ഷിക്കാൻ വിശ്വസിക്കാവുന്ന സൂക്ഷിപ്പ് സ്ഥലമായി കണ്ടത് നബി(സ)യെ ആയിരുന്നു എന്നത് പ്രസിദ്ധ ചരിത്രമാണ്.വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം എന്ന് നാം സാധാരണ പറയാറില്ലേ?സത്യ വിശ്വാസി അങ്ങനെയായിരിക്കും എന്ന് ചുരുക്കം


وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ (33തങ്ങളുടെ സാക്ഷ്യം ശരിക്ക് നിർവഹിക്കുന്നവരും(ഒഴികെ)

സാക്ഷി പറയേണ്ടി വരുന്നിടത്ത് നീതി നടപ്പാകാൻ അത് ഭംഗിയായി നിർവഹിക്കുന്നവൻ തന്നെയാണ് സത്യ വിശ്വാസി.ഇമാം റാസി(റ)എഴുതുന്നു സാക്ഷ്യം നിർവഹിക്കുന്നു എന്നാൽ സത്യവും നീതിയും നിലനിർത്താൻ ഭരണകൂടത്തിന്റെ അടുത്ത് ഒന്നും മറച്ച് വെക്കാതെ സാക്ഷിപറയലാണ് ഇതും നേരത്തേ പറഞ്ഞ അമാനത്തിൽ പെട്ടതാണെങ്കിലും പ്രത്യേകം പറഞ്ഞത് സത്യ സന്ധമായി സാക്ഷി പറയുന്നതിന്റെ ശ്രേഷ്ടത വിശദീകരിക്കാനാണ്. കാരണം ഈ സാക്ഷ്യത്തിലൂടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്താൻ സാധിക്കും അത് ഉപേക്ഷിക്കുന്നതിലൂടെ അവകാശ ധ്വംസനം ഉണ്ടാവുകയും ചെയ്യും .അള്ളാഹു ഏകനാണെന്നും അവനു പങ്കാളികളില്ലെന്നും സാക്ഷ്യം വഹിക്കലാണെന്നും വ്യഖ്യാനമുണ്ട്(റാസി 30/117)


وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ (34തങ്ങളുടെ നിസ്ക്കാരങ്ങളിൽ കൃ‌ത്യ നിഷ്ഠ പാലിക്കുന്നവരും(ഒഴികെ)

ഇവിടെ പറഞ്ഞ നിഷ്ഠ കൊണ്ടുദ്ദേശ്യം നിസ്ക്കാരത്തിന്റെ മര്യാദകൾ പാലിക്കുക സമയത്ത് നിസ്ക്കരിക്കുക,എന്നിവയൊക്കെയാണ് ഇമാം റാസി(റ) എഴുതുന്നു,നിസ്ക്കാരത്തിലെ സൂക്ഷ്മത എന്നതിന്റെ താല്പര്യം പൂർണ്ണാർത്ഥത്തിൽ അത് നിർവഹിക്കാനാവശ്യമായ ശ്രദ്ധയും ശുഷ്ക്കാന്തിയും ഉണ്ടാവുക എന്നാണ്,ഈ ശ്രദ്ധ നിസ്ക്കാരത്തിന്റെ മുമ്പുള്ള ചില വിഷയങ്ങളുമായും നിസ്ക്കാരത്തോടൊപ്പമുള്ള ചില വിഷയങ്ങളുമായും നിസ്ക്കാര ശേഷമുള്ള ചില കാര്യങ്ങളുമായും ബന്ധപ്പെടുന്നുണ്ട്.നിസ്ക്കാര സമയത്തിന്റെ മുമ്പ് തന്നെ നിസ്ക്കരിക്കാനായല്ലൊ എന്ന് മനസിൽ ഓർമ്മിക്കുക, വുളൂ, നഗ്നത മറക്കൽ, ഖിബ് ല അന്വേഷിക്കൽ, ശുദ്ധിയുള്ള വസ്ത്രം സ്ഥലം എന്നിവ ശരിയാക്കുക,സംഘടിതമായി നിസ്ക്കരിക്കാനുള്ള സ്ഥലത്തെത്തുക,അനുഗ്രഹീതമായ പള്ളികളിലാവാൻ ശ്രമിക്കുക,എല്ലാ ചിന്തകളിൽ നിന്നും മനസ്സിനെ നാഥനിലേക്ക് മാത്രം തിരിക്കുക ലോകമാന്യവും പേരെടുക്കലും ഉദ്ദേശിക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക,എന്നിങ്ങനെയുള്ള കാര്യങ്ങൾ നിസ്ക്കാരത്തിനു മുമ്പ് തന്നെ ശരിയാക്കേണ്ടവയാണ്.വലത്തോട്ടും ഇടത്തോട്ടുമൊന്നും തിരിഞ്ഞ് നോക്കാതെ –സുജൂദിന്റെ സ്ഥാനത്തേക്ക് മാത്രം നോക്കി നിസ്ക്കരിക്കുക, ഖുർആൻ പാരായണ സമയത്തും മറ്റ് ദിക്റുകൾ ഉരുവിടുന്ന സമയത്തും ശരിക്ക് ഹൃദയ സാന്നിദ്ധ്യമുണ്ടാക്കുക. അവയുടെ ആശയം ഓർക്കുക നിസ്ക്കാരത്തിന്റെ വിധികളെല്ലാം ഓർമ്മയുണ്ടാവുക എന്നിവയൊക്കെ നിസ്ക്കാരത്തിൽ ശ്രദ്ധിക്കേണ്ടവയാണ്. നിസ്ക്കാര ശേഷം അനാവശ്യ വിനോദങ്ങളിലും ദോഷങ്ങളിലും ചെന്ന് പെടാതെ ശ്രദ്ധിക്കുക നിസ്ക്കാരം മുഖേന ലഭിച്ച വിശുദ്ധി കളഞ്ഞ് കുളിക്കാതിരിക്കുക എന്നതൊക്കെ നിസ്ക്കാര ശേഷം ഓർക്കേണ്ടവയാണ്(റാസി30/116)
أُوْلَئِكَ فِي جَنَّاتٍ مُّكْرَمُونَ (35


അവർ സ്വർഗ്ഗങ്ങളിലാണ് അവർ ആദരിക്കപ്പെടുന്നവരുമാണ്

അള്ളാഹു ആദരിച്ചവർക്ക് മാത്രമായി അവൻ തയാർ ചെയ്തതതാണ് സ്വർഗം.അതിൽ ഒരാൾ പ്രവേശിച്ചാൽ അവൻ അള്ളാഹുവിനാൽ ആദരിക്കപ്പെട്ടു എന്ന് തന്നെയാണ് അർത്ഥം


36 ) فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَഅപ്പോൾ സത്യ നിഷേധികൾക്കെന്തായിപ്പോയി?അവർ നബി തങ്ങൾക്ക് നേരെ കഴുത്ത് നീട്ടിക്കൊണ്ടിരിക്കുന്നു

മക്ക മുശ് രിക്കുകൾ നബി(സ) യുടെ സമീപത്ത് വട്ടം കൂടി ഇരിക്കുകയും നബി(സ)യുടെ വാക്കുകൾ ശ്രദ്ധിച്ച് പരിഹാസത്തോടെ അവർ പറയും,മുഹമ്മദ്(സ)പറയുമ്പോലെ ഇവർ സ്വർഗത്തിൽ പ്രവേശിക്കുമെങ്കിൽ അവരുടെ മുമ്പേ ഞങ്ങളായിരിക്കും സ്വർഗത്തിൽ കടക്കുക എന്നിട്ട് അവർ നബി(സ)യുടെ നേരേ കഴുത്ത് നീട്ടി പരിഹാസത്തോടെ ഗോഷ്ഠി കാണിക്കും അപ്പോഴാണ് മേൽ സൂക്തം അവതരിച്ചത്(റാസി)37 ) عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَവല ഭാഗത്തും ഇടഭാഗത്തും സംഘം സംഘമായി ചിതറിപ്പോകുന്നുഅതായത് നബി(സ)യുടെ വലത്തും ഇടത്തുമായി അവർ സംഘം ചേർന്നിരിക്കുമായിരുന്നു(എന്നിട്ടായിരുന്നു പരിഹാസം)


أَيَطْمَعُ كُلُّ امْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيم (38താൻ സുഖാനുഭൂതിയുടെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുമെന്ന് അവരിൽ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നുണ്ടോ?

നബി(സ)യോട് പരിഹാസ പൂർവ്വം ശത്രുക്കൾ സ്വർഗമുണ്ടെങ്കിൽ ഞങ്ങളായിരിക്കും ആദ്യം അതിൽ പ്രവേശിക്കുക എന്ന് പറഞ്ഞതിന്റെ മറുപടിയാണിത്.മുസ് ലിംകളെ പോലെ ഇവർക്കും സ്വർഗത്തിൽ കടക്കാം എന്ന് ആഗ്രഹമുണ്ടോ?അഗ്രഹിച്ചിട്ട് കാര്യമില്ലെന്ന് സാരം


39 ) كَلَّا إِنَّا خَلَقْنَاهُم مِّمَّا يَعْلَمُونَഅതില്ല തന്നെ! അവർക്കറിയാവുന്ന ഒരു വസ്തുവിൽ നിന്നാണ് നിശ്ചയമായും അവരെ നാം സൃ‌ഷ്ടിച്ചിരിക്കുന്നത്

മരിച്ച് മണ്ണായാൽ പിന്നെ പുനർജനിപ്പിക്കൽ അസാദ്ധ്യം എന്നായിരുന്നു മക്ക മുശ്‌രിക്കുകളുടെ വാദം.അതിന്റെ മറുപടിയാണിത്.അതായത് ഇവരെ വെറുമൊരു ഇന്ദ്രിയതുള്ളിയിൽ നിന്ന് സ്ര്‌ഷ്ടിച്ചത് അള്ളാഹുവാണെന്ന് ഇവർക്ക് തന്നെ അറിയാമല്ലൊ വെറും ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്ന് നിങ്ങളെ പടക്കാൻ കഴിവുള്ള അള്ളാഹുവിനു മരിച്ച് മറ്റൊരു അവസ്ഥയിലേക്ക് മാറിയ നിങ്ങളെ പുനർജ്ജനിപ്പിക്കാൻ യാതൊരു പ്രയാസവുമില്ല എന്ന് അറിയിക്കുകയാണിവിടെവിശ്വാസികളെ പരിഹസിച്ച മുശ്‌രിക്കുകൾക്കുള്ള ഉത്തരവും ഇവിടെ ഉണ്ട്.അതായത് ഇവർ സൃ‌ഷ്ടിക്കപ്പെട്ട ഇന്ദ്രിയത്തിൽ നിന്ന് തന്നെയാണ് മുസ്‌ലിംകളും സൃ‌ഷ്ടിക്കപ്പെട്ടത് പിന്നെ എങ്ങനെയാണ് അവർ സത്യ വിശ്വാസികളെ പരിഹസിക്കുന്നത് എന്നും ഇവിടെ പ്രസക്തം തന്നെ.മറ്റൊരു കാര്യം ഇവിടെ ശ്രദ്ദേയമാവുന്നത് മ്ലേഛമായ ഒരു വസ്തുവിൽ നിന്ന് പടക്കപ്പെട്ട മനുഷ്യൻ സത്യ വിശ്വാസത്തിന്റെയും അള്ളാഹുവിനെ അറിയുന്നതിന്റെയും മഹത്വത്തിലൂടെയല്ലാതെ യുക്തമായ തീരുമാനത്തിന്റെ ഉടമസ്ഥനായ അള്ളാഹു അവനെ സ്വർഗത്തിൽ കടത്തുമോ?എന്നതാണ്.ചുരുക്കത്തിൽ നബി(സ)യുടെ ശിഷ്യന്മാരെ പരിഹസിക്കുന്ന ഈ വർഗം എങ്ങനെ സ്വർഗ പ്രവേശനത്തിനു യോഗ്യത നേടും ഒരിക്കലും അതുണ്ടാവില്ല(റാസി)فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ (40


എന്നാൽ ഉദയ സ്ഥാനങ്ങളുടെയും അസ്തമന സ്ഥാനങ്ങളുടെയും നാഥനെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു തീർച്ചയായും നാം കഴിവുള്ളവർ തന്നെയാണെന്ന്عَلَى أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ (41


അവരെക്കാൾ ഉത്തമമായവരെ അവർക്ക് പകരം കൊണ്ടുവരാൻ..(കഴിവുള്ളവനാണ്നാം) നാം തോൽപ്പിക്കപ്പെടുന്നവനല്ല താനും!


ഓരോ ദിനത്തിന്റെയും ഉദയാസ്തമനത്തിന്റെ നാഥൻ എന്നോ ഓരോ നക്ഷത്രങ്ങളുടെയും ഉദയാസ്തമന ത്തിന്റെ നാഥൻ എന്നോ‍ ഓരോനബിമാരുടെയും പ്രബോധനത്തിന്റെ ഉദയാസ്തമനത്തിന്റെ നാഥൻ എന്നോ ഇവിടെ അർത്ഥമാകാം എന്തായാലും അള്ളാഹുവിനെ കൊണ്ട് സത്യം ചെയ്ത് പറയുന്നത് ഈ നിഷേധികൾ അള്ളാഹുവിനു ഒരു വിഷയമല്ലെന്നും അവർ സുരക്ഷിതരായി ജീവിക്കുന്നത് അവന്റെ ഔദാര്യത്തിലാണെന്നും അവരെ നശിപ്പിച്ച് ഇതിലും മെച്ചപ്പെട്ട വിഭാഗത്തെ കൊണ്ട് വരാൻ അള്ളാഹുവിനു സാധിക്കും എന്ന് ഉണർത്തിയതാണ് അവരെ അള്ളാഹു നശിപ്പിച്ചില്ല അപ്പോൾ പിന്നെ നശിപ്പിക്കാൻ കഴിയുമെന്ന് പറഞ്ഞത് അവരെ ഭയപ്പെടുത്താനും സത്യ വിശ്വാസം കൈക്കൊള്ളാൻ പ്രചോദനം നൽകാനുമാണ്


വേറെയും പല വ്യാഖ്യാനങ്ങളും ഇവിടെയുണ്ട് ചിലത് താഴേ പറയാംഇവരെക്കാൾ ഉത്തമന്മാരെ അള്ളാഹു പകരം കൊണ്ട് വന്നു.മുഹാജിറുകളും (മക്കയിൽ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത വിശ്വാസികൾ)അൻസാറുകളും(മദീനാ നിവാസികളായ –നബി(സ)യെയും മക്കയിൽ നിന്നെത്തിയവരെയും നിസ്സീമമായി സഹായിച്ച -സത്യ വിശ്വാസികൾ)ആയ അനുയായികളെ അള്ളാഹു പകരം നൽകി എന്നും ഈ അവിശ്വാസികളിൽ നിന്ന് തന്നെ ഒരു വിഭാഗത്തിനു സത്യത്തിന്റെ വെളിച്ചം നൽകി പകകരമാക്കി എന്നും വ്യാഖ്യാനമുണ്ട്(റാസി)


فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ (42


അത് കൊണ്ട്(നബിയേ!) അവരെ തങ്ങൾ വിട്ടേക്കുക അവരോട് താക്കീത് ചെയ്യപ്പെടുന്ന ആ ദിനം അവർ കണ്ട് മുട്ടുന്നത് വരെ അവർ (ദുർവൃ‌ത്തികളിൽ)മുഴുകിയും വിനോദിച്ചും കൊണ്ടിരിക്കട്ടെ

ഈ സാവകാശം ഒരു പരീക്ഷണമാണെന്ന് സാരം ഈ നിഷേധത്തിനും സത്യത്തോടുള്ള മത്സരത്തിനും കണക്ക് പറയേണ്ട ദിനം വരാനിരിക്കുന്നു അത് വരെ അവരെ അവരുടെ പാട്ടിനു വിടുകيَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَى نُصُبٍ يُوفِضُونَ (43


അതായത് ഖബ് റുകളിൽ നിന്ന് ബദ്ധപ്പെട്ടവരായി അവർ പുറത്ത് വരുന്ന ദിവസം .അവർ ഒരു നാട്ടക്കുറിയിലേക്ക് ധൃ‌തിപിടിച്ച് ഓടുന്നത് പോലെ


അള്ളാഹു വിചാരണസ്ഥലത്തേക്ക് അവരെ വിളിക്കുമ്പോൾ ഭൂമിയിൽ അവരുടെ ബിംബങ്ങളുടെ അടുത്തേക്ക് ഓടിയിരുന്നത് പോലെ അവർ ധൃ‌തിയിൽ ഖബ് റിൽ നിന്ന് പുറത്ത് വരും എന്നാണ് ഒരു വ്യാഖ്യാനം നാട്ടക്കുറിയിലേക്ക് ഓടുന്നത് പോലെ എന്നത് കൊണ്ട് വിവക്ഷ ഓട്ട മത്സരത്തിലോ മറ്റോ പങ്കെടുക്കുന്നവർക്ക് വേണ്ടി ഫിനീഷിങ് പോയിന്റിൽ സ്ഥാപിക്കുന്ന അടയാളത്തിലേക്ക് ഓടുന്നവനെ പോലെ എന്നത്രെ!44 ) خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ذَلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ


അവരുടെ കണ്ണുകൾ താഴ്മകാണിച്ച് കൊണ്ട്.അപമാനം അവരെ ആവരണം ചെയ്യുന്നതാണ്.അവരോട് താക്കീത് ചെയ്യപ്പെട്ടു കൊണ്ടിരുന്ന ദിവസം അതാകുന്നു

ഭൂമിയിൽ അവർ കാണിച്ച അഹങ്കാരം നിമിത്തം ഇവിടെ അവർ നിന്ദ്യരായിത്തീരും അത് കാരണത്താൽ അവരുടെ മുഖം താഴ്ന്നു പോകും എന്ന് സാരം ഈ ദിനം ഉണ്ടാവില്ലെന്ന് വാദിക്കാനായിരുന്നുവല്ലൊ ഭൂമിയിൽ; അവർക്ക് താല്പര്യം


ഈ അദ്ധ്യായം പാരായണം ചെയ്യുന്നവർക്ക് അമാനത്ത് കാത്ത് സൂക്ഷിക്കുന്നവർക്കും ഉടമ്പടികൾ പാലിക്കുന്നവർക്കും നൽകപ്പെടുന്ന പ്രതിഫലം നൽകപ്പെടും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(ബൈളാവി)


അള്ളാഹു ആ ദിനത്തിൽ സന്തോഷിക്കുന്നവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ

2 comments:

വഴികാട്ടി / pathfinder said...

സൂറത്തുൽ മ‌ആരിജ്
ഭാഗം-02

prachaarakan said...

May Allah Accept and reward for this work..