Saturday, November 5, 2011

അദ്ധ്യായം 59 സൂറത്തുൽ ഹശ്‌ർ -ഭാഗം-02

سورة الحشر



മദീനയിൽ അവതരിച്ചു :സൂക്തങ്ങൾ 24




بسم الله الرحمن الرحيم


പരമകാരുണികനും മഹാകാരുണ്യവാനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

ഭാഗം-01   സൂക്തം 1 മുതൽ 10  വരെ ഇവിടെ വായിക്കുക




أَلَمْ تَر إِلَى الَّذِينَ نَافَقُوا يَقُولُونَ لِإِخْوَانِهِمُ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ  (11


(നബിയേ!)കാപട്യം കാണിച്ചവരെ തങ്ങൾ കണ്ടില്ലേ? വേദക്കാരിൽ നിന്നുള്ള സത്യനിഷേധികളായ തങ്ങളുടെ സഹോദരന്മാരോട് അവർ പറയുന്നു നിങ്ങൾ(നാട്ടിൽ നിന്ന്)പുറത്താക്ക പ്പെട്ടാൽ ഞങ്ങൾ നിങ്ങളോടൊന്നിച്ച് പുറപ്പെടുക തന്നെ ചെയ്യും നിങ്ങളുടെ കാര്യത്തിൽ ഒരാളെയും ഒരിക്കലും ഞങ്ങൾ അനുസരിക്കുന്നതല്ല.നിങ്ങളോട് യുദ്ധം ചെയ്യപ്പെട്ടാൽ ഞങ്ങൾ നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും നിശ്ചയമായും അവർ കള്ളം പറയുന്നവരാണെന്ന് അള്ളാഹു സാക്ഷ്യം വഹിക്കുന്നു

മുഹാജിറുകൾ.അൻസാറുകൾ അവരെ പിന്തുടർന്ന പിൻഗാമികൾ എന്നിവരെക്കുറിച്ചാണല്ലോ കഴിഞ്ഞ സൂക്തങ്ങളിൽ പറഞ്ഞത്.ഇവരുടെ എതിരാളികളായ മദീനയിലെ മുനാഫിഖുകളെക്കുറിച്ചാണിവിടെ പറയുന്നത് അവരുടെ നേതാവ് അബ്ദുള്ളാഹിബ്നു ഇബയ്യ്, അബ്ദുള്ളാഹിബ്നു നബ്തൽ, രിഫാഅത്തുബ്നു സൈദ് തുടങ്ങിയവരാണിവിടെ ഉദ്ദേശ്യം അവർ (കുടുംബപരമായി) അൻസാരികളിൽപെട്ടവരായിരുന്നുവെങ്കിലും അവർ കാപട്യം കാണിച്ചു. കപടന്മാർ ബനൂനളീർ ഗോത്രക്കാർക്ക് നൽകിയ വാഗ്ദാനമാണിവിടെ കാണുന്നത് സത്യ നിഷേധത്തിലും നബി(സ)യെ വെറുക്കുന്നതിലും നബി(സ)ക്കെതിരിൽ പരസ്പരം സഹകരിക്കുന്നതിലും നബി(സ)യോട് ശാത്രവം പുലർത്തുന്നതിലും അവർക്ക് ഒരേ കാഴ്ച്ചപ്പാടായിരുന്നതിനാലാണ് കപടന്മാർ ജൂതന്മാരുടെ സഹോദരങ്ങളാണെന്ന് പറഞ്ഞത് .നിങ്ങളെ മദീനയിൽ നിന്ന് പുറത്താക്കപ്പെട്ടാൽ ഞങ്ങളും നിങ്ങൾക്കൊപ്പം മദീന വിടുമെന്നും നിങ്ങളെ ചതിക്കാനായി നിങ്ങൾക്കെതിരിൽ ആരെയും ഞങ്ങൾ ഒരു കാലത്തും അനുസരിക്കില്ലെന്നും നിങ്ങൾക്കെതിരിൽ യുദ്ധമുണ്ടായാൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ആയിരുന്നു അവർ ജൂതർക്ക് നൽകിയ വാഗ്ദാനം എന്നാൽ ആ വാഗ്ദാനം തനി വ്യാജമാണെന്ന് അള്ളാഹു പറഞ്ഞിരിക്കുകയാണ് സംഭവിച്ചതും അങ്ങനെ തന്നെ (ആ ചരിത്രം കഴിഞ്ഞ ഭാഗത്ത് നാം പറഞ്ഞത് ഓർക്കുമല്ലോ)


لَئِنْ أُخْرِجُوا لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ الْأَدْبَارَ ثُمَّ لَا يُنصَرُونَ(12


അവർ പുറത്താക്കപ്പെട്ടാൽ ഇവർ അവരോടൊപ്പം പുറപ്പെടുകയില്ല അവരോട് യുദ്ധം ചെയ്യപ്പെട്ടാൽ ഇവർ അവരെ സഹായിക്കുകയുമില്ല അവരെ സഹായിച്ചാൽ തന്നെയും ഇവർ പിന്തിരിഞ്ഞോടുന്നതാണ് തീർച്ച.പിന്നീട് അവർക്ക് ഒരു സഹായവും ലഭിക്കുന്നതല്ല


അവർ ജൂതർക്ക് നൽകിയ വാഗ്ദാനങ്ങൾ കള്ളമാണെന്ന പൊതു പ്രസ്താവനയുടെ വിശദീകരണമാണീ സൂക്തം..അള്ളാഹു ത്രികാല ജ്ഞാനിയാണ് അഥവാ ഭൂതകാലത്ത് എന്ത് നടന്നു നടന്നില്ല വർത്തമാന കാലത്ത് എന്ത് നടക്കുന്നു നടക്കുന്നില്ല ഭാവിയിൽ എന്തൊക്കെ നടക്കും നടക്കില്ല എന്ന് വിശദമായി അവൻ അറിയുന്നവനാണ്.അതിനാൽ അള്ളാഹു അറിയിക്കുകയാണ്. ജൂതന്മാരെ പുറത്താക്കപ്പെട്ടാൽ കപടന്മാർ ഒപ്പമുണ്ടാവില്ല.യുദ്ധം വന്നാൽ സഹായിക്കാനും അവരെകിട്ടില്ല ജൂതന്മാർ പുറത്താക്കപ്പെട്ടപ്പോൾ ഒരു കപടൻ പോലും ഒപ്പം പുറപ്പെട്ടില്ല യുദ്ധത്തിൽ സഹായിച്ചുമില്ല ഇനി സഹായിക്കാനെന്ന് പറഞ്ഞ് അവർ വന്നാലും യുദ്ധമുഖത്ത് പിടിച്ച് നിൽക്കാനാവാതെ ജൂതന്മാരെ മുസ്ലിംകളുടെ കൈകളിലേക്കിട്ട് കൊടുത്ത് അവർ പിന്തിരിഞ്ഞോടുമായിരുന്നു സൂക്തത്തിന്റെ അവസാനം അവർക്ക് സഹായം ലഭിക്കില്ലെന്ന് പറഞ്ഞത് കപടന്മാർക്ക് സഹായം ലഭിക്കില്ലെന്നും അവരുടെ കാപട്യം വെളിച്ചത്താവുകയും അവർ നശിപ്പിക്കപ്പെടുക തന്നെ ചെയ്യും ഈ ഞാണിന്മേൽ കളി അവരെ രക്ഷിക്കില്ലെന്ന് സാരം.ജൂതന്മാർ തോറ്റ് പോകുമെന്നും കപടന്മാരുടെ സഹായം അവരെ രക്ഷിക്കില്ലെന്നും ഇവിടെ വ്യാഖ്യാനമുണ്ട്



لَأَنتُمْ أَشَدُّ رَهْبَةً فِي صُدُورِهِم مِّنَ اللَّهِ ذَلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ(13)


(സത്യവിശ്വാസികളേ)നിശ്ചയമായും അവരുടെ ഹൃദയങ്ങളിൽ അള്ളാഹുവിനെക്കുറിച്ചുള്ളതിനേക്കാൾ കഠിന ഭയം നിങ്ങളെക്കുറിച്ചാണ് അവർ കാര്യം ഗ്രഹിക്കാത്ത ഒരു ജനത തന്നെയാണെന്നുള്ളതു കൊണ്ടാണത്

കപടന്മാർ ബുദ്ധിഹീനരും ചിന്താശൂന്യരുമായതിനാൽ അള്ളാഹുവിനെക്കുറിച്ച് തങ്ങൾക്ക് ഭയമുണ്ടെന്ന് പുറത്ത് കാണിക്കുന്നതിനേക്കാൾ അധികഭയം സത്യവിശ്വാസികളെ സംബന്ധിച്ച് അവരുടെ മനസ്സിലുണ്ട് (യഥാർത്ഥത്തിൽ അള്ളഹുവിന്റെ മഹത്വം മനസിലാക്കി അവനെയായിരുന്നു അവർ ഭയപ്പെടേണ്ടിയിരുന്നത്) അത് കൊണ്ടാണല്ലോ വിശ്വാസം മനസ്സിലില്ലാതിരുന്നിട്ടും പ്രത്യക്ഷത്തിൽ മുസ്ലിംകളായി നടക്കുന്നത് സത്യവിശ്വാസികളുടെ വിശ്വാസദ്ര്‌ഢതയും ധീരതയും അവർക്ക് നന്നായി അറിയാം അതിനാൽ സത്യവിശ്വാസികളോട് ഒരു സമരത്തിനിറങ്ങാൻ അവർ ധൈര്യപ്പെടുകയില്ല



لَا يُقَاتِلُونَكُمْ جَمِيعًا إِلَّا فِي قُرًى مُّحَصَّنَةٍ أَوْ مِن وَرَاء جُدُرٍ بَأْسُهُمْ بَيْنَهُمْ شَدِيدٌ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّى ذَلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ(14



കോട്ട കെട്ടി ഭദ്രമാക്കപ്പെട്ട നാടുകളിൽ വെച്ചോ വല്ല മതിലുകളുടെയും പിന്നിൽ നിന്നോ അല്ലാതെ അവർ സംഘടിച്ചുകൊണ്ട് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല അവർക്കിടയിൽ അവരുടെ സമര ശക്തി മികച്ചതാണ് അവർ സംഘടിച്ചവരാണെന്ന് തങ്ങൾ വിചാരിക്കുന്നു അവരുടെ ഹൃദയങ്ങളാവട്ടെ വിഭിന്നങ്ങളാണ് അത് അവർ ചിന്തിക്കാത്ത ഒരു ജനതയാണെന്നത് കൊണ്ടാകുന്നു

കപടന്മാർ തനി ഭീരുക്കളാണെന്നും ബഹുദൈവ വിശ്വാസികളും ജൂതന്മാരുമൊക്കെയായി അവർ പല ഗൂഢാലോചനയും വെറുതെ നടത്തുകയാണെന്നും നേരത്തേ പറഞ്ഞതിൽ നിന്ന് മനസ്സിലായല്ലൊ .എന്നാൽ നിവ്ര്‌ത്തിയില്ലാതെ അങ്ങനെ ഒരു യുദ്ധത്തിനു അവർ പുറപ്പെടേണ്ടി വന്നാൽ തന്നെ സുശക്തമായ വല്ല കോട്ടക്കുള്ളിൽ വെച്ചോ വല്ല മതിലുകളുടെയും പിന്നിൽ നിന്ന് ഒളിപ്പോരു നടത്തുകയോ അല്ലാതെ അരങ്ങത്ത് വന്ന് യുദ്ധം ചെയ്യാൻ അവർ ധൈര്യപ്പെടുകയില്ല കാരണം അവരുടെ മനസ്സിൽ അള്ളാഹു മുസ് ലിംകളെ സംബന്ധിച്ച് ശക്തമായ ഭയം ഇട്ട് കൊടുത്തിരിക്കുന്നു അവർ തമ്മതമ്മിൽ പോരാട്ടത്തിനു കേമന്മാരാണെങ്കിലും അള്ളാഹുവിന്റെ സേനക്കുമുന്നിൽ അവർ ചൂളിപ്പോകും അവർക്കിടയിൽ അവരുടെ സമര ശക്തി മികച്ചതാണെന്നതിനു അവർ പരസ്പരം ശത്രുക്കളാണെന്നാണ് ഇബ്നു അബ്ബാസ്(റ) പറഞ്ഞ വ്യാഖ്യാനം അവരുടെ മനസ്സ് വിഭിന്നമാണെന്ന വാക്യം അതിന്റെ തെളിവായി മഹാൻ ചൂണ്ടിക്കാണിക്കുന്നുണ്ട് അവർ കാഴ്ചയിൽ ഒറ്റക്കെട്ടാണെങ്കിലും മനസ്സ് ഭിന്നിപ്പിലാണ്. ഓരോരുത്തർക്കും ഓരോ അഭിപ്രായമാണെന്ന് സാരം(റാസി)

അവർ ചിന്തിക്കാത്ത ജനതയായത് കൊണ്ടാണിത് എന്നതിനു അവർക്ക് യഥാർത്ഥത്തിൽ എന്തിലാണ് വിജയം എന്ന് മനസ്സിലാക്കാത്തവരായത് കൊണ്ട് എന്നും അവരുടെ ശക്തി ക്ഷയിച്ചത് അവരുടെ മനസിന്റെ ഭിന്നിപ്പ് കാരണത്താലാണെന്ന് അവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല എന്നും വ്യാഖ്യാനമുണ്ട്



كَمَثَلِ الَّذِينَ مِن قَبْلِهِمْ قَرِيبًا ذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ(15



ഇവരുടെ സ്ഥിതി) അടുത്ത കാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ സ്ഥിതി പോലെ തന്നെയാണ് അവർ തങ്ങളുടെ കാര്യത്തിന്റെ ദുഷ്ഫലം (ഇഹലോകത്ത്)അനുഭവിച്ചു അവർക്ക്(പരലോകത്ത്)വേദനാജനകമായ ശിക്ഷയുമുണ്ട്


ബനൂനളീർ സംഭവത്തിനു അല്പം മുമ്പ് അവരെപ്പോലെ അക്രമം ചെയ്തവരുടെ മേൽ അള്ളാഹു നടപടി എടുത്തതാണിവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത് മക്കാമുശ്രിക്കുകളെ ബദ് റിൽ വെച്ച് അള്ളാഹു പിടികൂടിയതാണിവിടെ ഉദ്ദേശ്യം എന്നത്രെ വ്യാഖ്യാതാക്കൾ വിവരിക്കുന്നത് ബനൂനളീറിന്റെ ശിക്ഷാ നടപടിക്കുമുമ്പ്.ബനൂ ഖൈനുഖാ‍ അ് എന്ന ജൂത ഗോത്രത്തെ കരാർ ലംഘനവും ചതിയും കാണിച്ചപ്പോൾ അവരെ നാട്കടത്തിയിരുന്നു. അതാണിവിടെ ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്

അവർ ഇഹലോകത്ത് കൊല്ലപ്പെടലിന്റെയും നാടു കടത്തലിന്റെയും ദുഷ്ഫലം അനുഭവിച്ചു. പരലോകത്ത് ഗുരുതരമായ ശിക്ഷയും അവരെ കാത്തിരിക്കുന്നു



كَمَثَلِ الشَّيْطَانِ إِذْ قَالَ لِلْإِنسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِّنكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ(16
(ആ കപട വിശ്വാസികളുടെ ഉപമ)പിശാചിന്റെ മാതിരിയാണ് നീ സത്യം നിഷേധിക്കുക എന്ന് അവൻ മനുഷ്യനോട് പറഞ്ഞ സന്ദർഭം അങ്ങനെ മനുഷ്യൻ സത്യം നിഷേധിച്ചപ്പോൾ പിശാച് പറഞ്ഞു നിശ്ചയമായും ഞാൻ നിന്നിൽ നിന്ന് ഒഴിവായവനാണ് (നാം തമ്മിൽ ബന്ധമൊന്നുമില്ല) ലോകരക്ഷിതാവായ അള്ളാഹുവിനെ ഞാൻ ഭയപ്പെടുകതന്നെ ചെയ്യുന്നു



മുനാഫിഖുകളുടെയും അവരുടെ വാക്കുകൾ വിശ്വസിക്കുന്നവരുടെയും ഉദാഹരണമാണിവിടെ പറയുന്നത് പിശാച് മനുഷ്യനു പല ദുർബോധനവും നൽകും .എന്നാൽ അതിന്റെ ദുഷ്ഫലം അവൻ നേരിടുമ്പോൾ അവിടെ പിശാചിനെ കാണുകയില്ല അവസാനം നരകശിക്ഷയിൽ ഇരുവരും അകപ്പെടും ഇത് പോലെയാണ് മുനാഫിഖുകളുടെയും അവരുടെ വാക്ക് വിശ്വസിച്ച ജൂതരുടെയും ഉപമ എന്നാണിവിടെപറയുന്നത് ഇവിടെ പിശാച് അവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന എല്ലാ കാര്യവും ഉദ്ദേശ്യമാണെന്നും ബദ്റിൽ സഹായിക്കാമെന്ന് മുശ്രിക്കുകളോട് വാഗ്ദാനം ചെയ്ത പിശാച് മലക്കുകളുടെ സാന്നിദ്ധ്യമറിഞ്ഞപ്പോൾ ഞാൻ നിങ്ങളുമായി ബന്ധമില്ലെന്ന് പറഞ്ഞ് നിർണായക ഘട്ടത്തിൽ അവരെ കൈയൊഴിഞ്ഞ സംഭവമാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട്.ഏതായാലും പിശചിന്റെ വാഗ്ദാനം ലംഘിക്കപ്പെട്ടത് പോലെ കപടന്മാർ ജൂതരെ സഹായിക്കാമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടു എന്ന് ചുരുക്കം



فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا وَذَلِكَ جَزَاء الظَّالِمِينَ(17


അങ്ങനെ അവർ ഇരുവരുടെയും പര്യവസാനം ഇരുവരും നരകത്തിലാണ് എന്നതായിത്തീർന്നു അവർ അതിൽ നിരന്തര വാസികളായ നിലയിൽ അതത്രെ അക്രമികളുടെ പ്രതിഫലം

പിശാചും അവൻ വഴിതെറ്റിച്ചവരും നരകത്തിലാവുക എന്നതാണ് ഇതിന്റെ അവസാനം എന്നത് പോലെ ജൂതന്മാരും അവരെ വഴിതെറ്റിക്കാൻ വാഗ്ദാനം നൽകിയ കപടന്മാരും അവസാനം ഒരേ സ്ഥലത്ത് (നരകത്തിൽ)എത്തിപ്പെടുമെന്ന് ചുരുക്കം



يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ(18


സത്യ വിശ്വാസികളേ നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക നാളേക്ക് വേണ്ടി താൻ എന്താണ് ഒരുക്കിവെച്ചിട്ടുള്ളത് എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കുക നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അള്ളാഹു സൂക്ഷ്മജ്ഞൻ തന്നെയാകുന്നു



കപടന്മാരെയും ജൂതന്മാരെയും പിടികൂടിയ സത്യ നിഷേധം വിവരിച്ച ശേഷം സത്യ വിശ്വാസികൾക്ക് അള്ളാഹു നൽകുന്ന ഉപദേശമാണിവിടെ

അള്ളാഹുവിനെ സൂക്ഷിക്കുക അതായത് അവന്റെ വിധിവിലക്കുകൾ അനുസരിക്കുക വഴി അവനോടുള്ള ഭയ ഭക്തിയോടെ ജീവിക്കുക ഏറ്റവും മർമ്മപ്രധാനമാണ്  തഖ്‌വ: എല്ലാ നന്മയുടെയും വിജയത്തിന്റെയും അടിസ്ഥാനമാണ് തഖ്‌വ: നാളേക്ക് വേണ്ടി -അനശ്വരമായ പരലോകത്തിനുവേണ്ടി- എന്തൊക്കെയാണ് കാലേക്കൂട്ടി തയ്യാറാക്കിയത് എന്ന് ആത്മ പരിശോധന നടത്തുക .ഇതുമൂലം സ്വന്തം കുറ്റങ്ങളും കുറവുകളും കണ്ട് പിടിക്കാനും അത് പരിഹരിക്കാനും കഴിയും.വീണ്ടും തഖ് വ ചെയ്യണമെന്ന് പറഞ്ഞത് ആദ്യം പറഞ്ഞതിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നും ആദ്യം അള്ളാഹുവെ സൂക്ഷിക്കണമെന്ന് പറഞ്ഞത് നിർബന്ധങ്ങൾ നിർവഹിക്കണമെന്ന അർത്ഥത്തിലും രണ്ടാമത് പറഞ്ഞ അള്ളാഹുവെ സൂക്ഷിക്കണമെന്നത് കുറ്റങ്ങൾ ഉപേക്ഷിക്കണമെന്ന അർത്ഥത്തിലുമാണെന്നും അഭിപ്രായമുണ്ട്(റാസി)



وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ أُوْلَئِكَ هُمُ الْفَاسِقُونَ (19

അള്ളാഹുവിനെ മറന്ന് കളയുകയും തന്നിമിത്തം അവർക്ക് തങ്ങളെത്തന്നെ അവൻ വിസ്മരിപ്പിച്ച് കളയുകയും ചെയ്തിട്ടുള്ളവരെ പോലെ നിങ്ങൾ ആവരുത് അങ്ങനെയുള്ളവർ തന്നെയാണ് ധിക്കാരികൾ



അള്ളാഹുവിനെ തീരെ ഓർക്കാതെ തനി താന്തോന്നികളായിത്തീരുകയും തന്നിമിത്തം സ്വന്തം രക്ഷാമാർഗത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാതെ പോവുകയും ചെയ്തവരുടെ സമൂഹത്തിൽ പെടാതിരിക്കുക അതായത് അത്തരക്കാരെ അനുകരിക്കാതെ അവരോട് സാദ്ര്‌ശ്യപ്പെടാതെ സൂക്ഷിക്കുക അള്ളാഹുവിന്റെ ഈ ഉപദേശം അനുസരിച്ച് ജീവിക്കുന്നവർ ശരിയായ സത്യവിശ്വാസികളും പരലോകത്ത് സ്വർഗാവകാശികളുമാണ്


لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ(20


നരകക്കാരും സ്വർഗക്കാരും സമമാവുകയില്ല സ്വർഗക്കാർ തന്നെയാണ് വിജയികൾ


ഇവിടെ എങ്ങനെ ജീവിച്ചാലും മരണത്തോടെ എല്ലാം തീർന്നു എന്ന കണക്ക് കൂട്ടലിനെ തകർക്കുയാണിവിടെ .സ്വർഗക്കാർ വിജയം വരിക്കുകയും നരകക്കാർ നിത്യ ദു:ഖത്തിൽ അകപ്പെടുകയും ചെയ്യും



لَوْ أَنزَلْنَا هَذَا الْقُرْآنَ عَلَى جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ(21



ഈ ഖുർ ആനിനെ നാം ഒരു പർവതത്തിന്മേൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ അത് വിനയം കാണിക്കുന്നതായും അള്ളാഹുവിനെ ഭയപ്പെട്ടതിനാൽ പൊട്ടിപ്പിളരുന്നതായും അതിനെ തങ്ങൾ കാണുമായിരുന്നു ആ ഉപമകൾ നാം മനുഷ്യർക്ക് വേണ്ടി വിവരിക്കുന്നു അവർ ചിന്തിക്കുവാൻ വേണ്ടി


വിശുദ്ധ ഖുർആനിന്റെ മഹത്വവും ഉന്നത നിലപാടും ഒരു ഉപമാ രൂപത്തിൽ ചൂണ്ടിക്കാണിച്ച് കൊണ്ട് മനുഷ്യന്റെ ബുദ്ധിശൂന്യതയും ബോധമില്ലായ്മയും എടുത്ത് കാണിക്കുകയാണ് ഈ ഖുർ ആൻ അവതരിപ്പിച്ചു കൊടുത്തത് ഒരു പർവതത്തിനായിരുന്നുവെങ്കിൽ -അതെത്ര ഉറച്ചതും കടുത്തതുമായിരുന്നാലും-ഖുർ ആന്റെ ഗൌരവത്താൽ അത് അള്ളാഹുവോട് വിനയം കാണിക്കുകയും അവനെ ഭയന്നതിനാൽ പൊട്ടിപ്പിളരുകയും ചെയ്യുമായിരുന്നു അത്രയും മഹത്തായതാണത് എന്നിട്ടു പോലും വിശേഷ ബുദ്ധിയുള്ള മനുഷ്യൻ ഖുർആൻ ഉൾക്കൊണ്ട് ചിന്തിക്കുന്നവനും അള്ളാഹുവെ ഭയപ്പെടുന്നവനുമാകുന്നില്ലല്ലോ



هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ (22


താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായഅള്ളാഹുവാണവൻ.അവൻ ദൃശ്യവും അദൃശ്യവും അറിയുന്നവനാകുന്നു അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു

ആരാധ്യനാവാൻ അർഹൻ അള്ളാഹു മാത്രമേയുള്ളൂ.അവൻ എല്ലാം അറിയുന്നവനാണ് അവനെ അനുസരിച്ചവർക്കും അല്ലാത്തവർക്കും ഇഹലോകത്ത് അവൻ അനുഗ്രഹം നൽകുമെങ്കിലും അനന്തമായ പരലോകത്ത് അവനെ അനുസരിച്ചവർക്ക് മാത്രമേ അവൻ ഗുണം ചെയ്യുകയുള്ളൂ.ഇതാണ് അവസാന ഭാഗത്തിന്റെ ആശയം



هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ(23



(അതെ)അവനല്ലാതെ വേറെ ആരാധ്യനില്ലാത്ത അള്ളാഹുവാണവൻ.അവൻ രാജാവും മഹാ പരിശുദ്ധനും അന്യൂനനും അഭയം നൽകുന്നവനും മേൽനോട്ടം വഹിക്കുന്നവനും പ്രതാപശാലിയും പരമാധികാരിയും മഹത്വമുള്ളവനുമാണ് അവർ പങ്ക് ചേർക്കുന്നതിൽ നിന്ന് അള്ളാഹു എത്ര പരിശുദ്ധൻ!



അള്ളാഹുവിന്റെ അത്യുത്കൃഷ്ട ഗുണനാമങ്ങളിൽ ചിലത് എടുത്ത് കാണിച്ചിരിക്കയാണ് ഈ വാക്യങ്ങളിൽ.എല്ലാ വസ്തുക്കളുടെയും ഉടമസ്ഥനും അവയെ യഥേഷ്ടം നിയന്ത്രിക്കുന്നവനും എന്നാണ് الْمَلِكُ എന്ന നാമത്തിന്റെ വിവക്ഷ.സകലവിധ കുറ്റങ്ങളിൽ നിന്നും പരിശുദ്ധൻ എന്നാണ് الْقُدُّوسُ എന്നതിന്റെ വിവക്ഷ.എല്ലാ പോരായ്മയിൽ; നിന്നും സുരക്ഷിതൻ എന്ന് السَّلَامُ എന്ന വാക്ക് സൂചിപ്പിക്കുന്നു ഈഅർത്ഥപ്രകാരം ഖുദ്ദൂസ്, സലാം ഇത് രണ്ടും ഒന്നു തന്നെയല്ലേ പിന്നെ എന്തിനാണ് ആവർത്തിക്കുന്നത് എന്ന് ചോദ്യമുണ്ടാവാം.ഭൂതകാലത്തും വർത്തമാന കാലത്തും പോരായ്മകൾ അള്ളാഹിവുനുണ്ടായിട്ടില്ല എന്ന് ഖുദ്ദൂസ് എന്ന പദവും ഭാവിയിൽ ഒരു ന്യൂനതയും അള്ളാഹുവിനുണ്ടാവില്ല എന്ന സലാം എന്ന പദവും അറിയിക്കുന്നു എന്നാണിതിന്റെ നിവാരണം

അർഹതയുള്ളവർക്ക് അഭയം നൽകുന്നവൻ എന്ന് الْمُؤْمِنُ എന്ന വാക്യവും എല്ലാത്തിന്റെയും മേൽനോട്ടവും മേലന്വേഷണവും നടത്തുന്നവൻ എന്ന് الْمُهَيْمِنُ എന്ന വാക്യവും.തന്റെ അധികാര ശക്തിക്ക് എല്ലാവരെയും കീഴ് പെടുത്തുന്ന പരമാധികാരി എന്ന് എന്നതും എല്ലാ യോഗ്യതയും തികഞ്ഞ മഹത്വമുള്ളവൻ എന്ന് الْمُتَكَبِّرُ എന്ന വാക്കും അറിയിക്കുന്നു



هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاء الْحُسْنَى يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ(24


അവൻ അള്ളാഹുവാണ്. സൃഷ്ടിക്കുന്നവനും നിർമ്മിച്ചുണ്ടാക്കുന്നവനും രൂപം നൽകുന്നവനും.അവനു ഉൽകൃ‌ഷ്ട നാമങ്ങളുണ്ട് ആകാശഭൂമികളിലുള്ളതെല്ലാം അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നുണ്ട് അവൻ പ്രതാപ ശാലിയും അഗാധജ്ഞാനമുള്ളവമാണ്



സർവ വസ്തുക്കളെയും ഇന്നിന്ന പ്രകാരമെന്ന് നിശ്ചയിച്ച് ഓരോന്നിനും വേണ്ട ആക്ര്‌തിയും പ്രക്ര്‌തിയും കൊടുത്ത് ക്രമീകരിച്ച് രൂപം നൽകി സൃ‌ഷ്ടിച്ചുണ്ടാക്കുന്നവൻ എന്നാണ് الْخَالِقُ الْبَارِئُ الْمُصَوِّر എന്നിവയുടെ വ്യാഖ്യാനം.ഇത് പോലെ ധാരാളം നാമങ്ങൾ ഖുർ ആനിലും ഹദീസിലും വന്നിട്ടുണ്ട് അള്ളാഹുവിനു അതി വിശിഷ്ട നാമങ്ങളുണ്ട് അതിനാൽ അവകൊണ്ട് നിങ്ങൾ അള്ളാഹുവോട് പ്രാർത്ഥിക്കുക (അഅ്റാഫ് 180)

ഈ അവസാന നാലു സൂക്തങ്ങൾ രാവിലെയും വൈകുന്നേരവും പാരായണം ചെയ്യുന്നത് വളരെ ഉപകാരപ്രദമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്



അള്ളാഹുവിന്റെ മഹത്വങ്ങൾ മനസിലാക്കി അവനു കീഴ്പെട്ട് അവന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുന്നവരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ

1 comment:

with god's grace said...

hashr ayath 23 chila bhagangal vittu poyittund ..allahu anugrahikaktte