മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 55 -
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടികൊണ്ട് ഞാൻ ആരംഭിക്കുന്നു
ഒന്നു മുതൽ 16 വരെ സൂക്തങ്ങളുടെ വിവരണം ഇവിടെ വായിക്കാം
17.
وَلَقَدْ
يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുർആനിനെ നാം എളുപ്പമാക്കി(സൌകര്യപ്പെടുത്തി)യിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
ഖുർആൻ വാക്യങ്ങൾ വളരെ ലളിതമാണ് അത് വായിക്കാനും മന:പാഠമാക്കാനും വളരെ എളുപ്പമാണ്.കെട്ടിക്കുടുക്കുകളോ ബുദ്ധിക്ക് ദഹിക്കാത്തതോ, ഗ്രഹിക്കാൻ
പറ്റാത്തതോ ആയി അതിൽ ഒന്നുമില്ല.മുൻ വിധിയില്ലാതെ സത്യാന്വേഷണ മനസ്സോടെ അതിനെ സമീപിച്ചാൽ അതിന്റെ നിർദ്ദേശങ്ങളും സദുപദേശങ്ങളും കേൾക്കുന്ന ഒരാൾക്ക് ചിന്തിക്കാനും സന്മാർഗമുൾക്കൊള്ളാനും വളരെ എളുപ്പമാണ് എന്നൊക്കെയാണീ പറഞ്ഞതിന്റെ സാരം.അല്പ സ്വല്പം
അറബി ഭാഷ പഠിച്ചാൽ ഖുർആൻ
വാക്യങ്ങൾക്ക് സ്വയം വ്യാഖ്യാനം പറയാമെന്നോ അനർഹർക്ക് നേരിട്ട് ഖുർആനിൽ ഗവേഷണമാവാമെന്നോ ഇതിൽ
നിന്ന് ധരിക്കുന്ന ചില അല്പ്ജ്ഞരുണ്ട്.അത് മഹാ
അബദ്ധമാണ്.അത്തരക്കാർ മതത്തിലുണ്ടാക്കുന്ന അപകടം വളരെ
ഗുരുതരവുമാണ്.കാരണം ഖുർ
ആൻ മനസ്സിലാക്കണമെങ്കിൽ ഒരു പാട് സാങ്കേതിക
ജ്ഞാനങ്ങൾ ആവശ്യമാണ്. വളരെ ഭാരമേറിയ വാക്ക് തങ്ങൾക്ക് നാം
പറഞ്ഞു തരുന്നു
എന്ന് ഖുർആനെക്കുറിച്ച് അള്ളാഹു പറഞ്ഞിട്ടുണ്ട്.മാത്രവുമല്ല ഖുർആൻ തങ്ങൾ വിശദീകരിക്കാനാണ് തങ്ങൾക്ക് അള്ളാഹു അത് അവതരിപ്പിച്ചത് എന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്.
സാഹിത്യത്തിന്റെ നെറുകയിൽ ജീവിച്ച അറബികൾക്ക്
പോലും നബി(സ)യുടെ വിശദീകരണമില്ലാതെ ഖുർആൻ മനസ്സിലായിട്ടില്ല(പിന്നെയല്ലേ എങ്ങുമെത്താത്ത
ഭാഷാ പാണ്ഡിത്യമുള്ളവർക്ക്
ഖുർആൻ മനാസിലാവൽ!)അതിനാൽ നബി(സ)യുടെ വിശദീകരണം
മനസ്സിലാക്കാതെ ഖുർആൻ ഉൾക്കൊള്ളാനാവില്ല.അത് കൊണ്ടാണ് പൂർവീക മഹത്തുക്കളെ ആശ്രയിക്കാതെ ഖുർ ആനിൽ നിന്ന്
മത വിധി കണ്ടെത്തുന്ന അല്പന്മാരാവരുത് എന്ന് നാം പറയേണ്ടി വരുന്നത്.ഈ സൂക്തം പലരും തെറ്റായി മനസിലാക്കുകയും അവർ തോന്നിയത് പോലെ ഖുർ
ആൻ ദുർവ്യാഖ്യാനിക്കുകയും ചെയ്തു.ഒരിക്കലും അത്തരം അനധികൃത കടന്നു
കയറ്റത്തിനു ഈ സൂക്തത്തെ കൂട്ടുപിടിക്കാവതല്ല
18.
كَذَّبَتْ
عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ
ആദ് സമുദായം
(സത്യം)
നിഷേധിച്ചു അപ്പോൾ എന്റെ ശിക്ഷയും താക്കീതും എങ്ങനെയായിത്തീർന്നു?
ഹൂദ് നബി(അ)ന്റെ ജനതയാണ് ആദ് സമൂഹം.ഹൂദ് നബിയുടെ പ്രബോധനം അവർ നിഷേധിക്കുകയും ഹൂദ് നബിയെ
അവർ നിരാകരിക്കുകയും ചെയ്തു.അവർക്കെതിരെ
അള്ളാഹു ശക്തമായ ശിക്ഷ ഇറക്കി
19.
إِنَّا
أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ
നിശ്ചയമായും അവരുടെ മേൽ മുറിഞ്ഞു പോകാത്ത ദുശ്ശകുന ദിവസം നാം ഒരു കൊടുങ്കാറ്റയച്ചു
20.
تَنزِعُ
النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ
അത് മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു അവർ കടപുഴകി വീണ ഈത്തപ്പനത്തടികളെന്നോണമായിരുന്നു
(നിലം പതിച്ചത്)
ഏഴു രാവും എട്ടു പകലും തുടർച്ചയായി ആഞ്ഞടിച്ച കൊടുങ്കാറ്റിൽ പെട്ട് ശക്തന്മാരായിരുന്ന ആദ് സമൂഹം ഈത്തപ്പനകൾ
കട പുഴകി വീണത് പോലെ വീണു മരിച്ചു.അവരെ സംബന്ധിച്ചിടത്തോളം അതൊരു
ദുശ്ശകുന ദിനം തന്നെ .മുറിഞ്ഞു പോകാത്ത
ദുശ്ശകുനം എന്നതിനു ആ ദിനം മുഴുവൻ നീണ്ടു നിന്നത് എന്നും ഇവിടെ തുടങ്ങിയ ശിക്ഷ
മുറിയാതെ നരകം വരെ തുടരുമെന്നും(അവിടം മുതൽ പിന്നെ ശിക്ഷ മാത്രമേ
ഉണ്ടാവൂ)വ്യാഖ്യാനമുണ്ട്.മനുഷ്യരെ പറിച്ചെറിയുന്ന കാറ്റ് അടിച്ചു എന്നതിന്റെ
വ്യാഖ്യാനത്തിൽ ഇമാം ഖുർത്വുബി(റ)എഴുതുന്നു,കാറ്റിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി
കുഴികളുണ്ടാക്കിയും മറ്റും ചിലർ പ്രതിരോധം തീർത്തു പക്ഷെ അവിടെയും കടന്നു ചെന്ന്
കാറ്റ് അവരെ പുഴക്കിയെറിഞ്ഞു(ഖുർത്വുബി)
21.
فَكَيْفَ
كَانَ عَذَابِي وَنُذُرِ
അപ്പോൾ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു?(അതിന്റെ സ്ഥാനത്തു തന്നെയാണത്)
ശിക്ഷയിറക്കുമെന്ന താക്കീത് ഭംഗി വാക്ക് പറഞ്ഞതല്ലെന്നും പ്രവാചകാദ്ധ്യാപനങ്ങളെ നിരാകരിച്ചപ്പോൾ അവർക്ക് ആ ശിക്ഷ വന്നത്തുക
തന്നെ ചെയ്തിട്ടുണ്ടെന്നും സാരം
22.
وَلَقَدْ
يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുർ ആനിനെ നാം എളുപ്പമാക്കി(സൌകര്യപ്പെടുത്തി)യിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
23.
كَذَّبَتْ
ثَمُودُ بِالنُّذُرِ
സമൂദ് സമുദായം താക്കീതുകൾ നിഷേധിച്ചു
സാലിഹ് നബി(അ)ന്റെ സമുദായമാണ് സമൂദ് ഗോത്രം.അവർ സാലിഹ്
നബിയെ കളവാക്കി.ഖുർ ആൻ
ധാരാളം സ്ഥലത്ത് അവരുടെ ചരിത്രം പറഞ്ഞിട്ടുണ്ട്
24.
فَقَالُوا
أَبَشَرًا مِّنَّا وَاحِدًا نَّتَّبِعُهُ إِنَّا إِذًا لَّفِي ضَلَالٍ وَسُعُرٍ
എന്നിട്ടവർ പറഞ്ഞു,,നമ്മളിൽ ഉള്ള ഒരു മനുഷ്യനെ നാം പിൻ പറ്റുകയോ?അങ്ങനെയാണെങ്കിൽ നാം വഴികേടിലും കിറുക്കിലും അകപ്പെട്ടവരായിരിക്കുക തന്നെ ചെയ്യും
നമ്മൾ എല്ലാവരും പറയുന്ന ബഹുദൈവത്വത്തിനെതിരിൽ ഒരാൾ മാത്രം പറയുന്ന ഏകദൈവ സിദ്ധാന്തം നാം സ്വീകരിക്കുകയോ?അങ്ങനെ നാം
സ്വീകരിച്ചാൽ നാം വഴികേടിലാവുമെന്ന് മാത്രമല്ല അത് ഒരു തരം ഭ്രാന്തിന്റെ ലക്ഷണമായും
കാണേണ്ടി വരും എന്നായിരുന്നു സമൂദ് ഗോത്രക്കാരുടെ വിലയിരുത്തൽ
25.
أَؤُلْقِيَ
الذِّكْرُ عَلَيْهِ مِن بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ
നമ്മുടെ ഇടയിൽ നിന്ന് അദ്ദേഹത്തിനു(പ്രത്യേകം)ബോധനം നൽകപ്പെട്ടുവെന്നോ?
സാലിഹ്(അ)നു പ്രവാചകത്വം
ലഭിക്കുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.അതിൽ നിന്നുള്ള
ചോദ്യമാണിത്.സാലിഹ്(അ)നേക്കാൾ സാമ്പത്തിക ശേഷിയും മറ്റുമുള്ളവർക്കല്ലേ പ്രവാചകത്വം ലഭിക്കുമെങ്കിൽ ലഭിക്കേണ്ടത് എന്നും ഇതിൽ അടങ്ങിയിട്ടുണ്ട്.എല്ലാ കാലത്തും ശത്രുക്കൾ ഉന്നയിക്കാറുള്ള ഒരു ദുർ ന്യായമാണിത്.അള്ളാഹുവിന്റെ മറുപടി ആർക്കാണീ മഹാ സ്ഥാനം നൽകേണ്ടത് എന്ന് അവനു നന്നായി അറിയാം എന്നത്രെ
അല്ല,പക്ഷെ അദ്ദേഹം വലിയ കള്ളവാദിയും അഹങ്കാരിയുമാകുന്നുനമ്മുടെ നേതാക്കളെയൊക്കെ അവഗണിച്ച് സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന സാലിഹ്(അ)നു പ്രവാചകത്വം ലഭിച്ചു എന്ന വാദം കള്ളമാണെന്നും നമ്മുടെ നേതാക്കളോടുള്ള ധിക്കാരമാണതെന്നും അവർ വാദിച്ചു.അർഹതയില്ലാത്തത് ഉണ്ടെന്ന് വരുത്തുന്ന ധിക്കാരിയാണ് സാലിഹ്(അ)എന്നായിരുന്നു അവരുടെ വിമർശനം.ഈ വിമർശനത്തിനുള്ള മറുപടിയാണ് താഴെ!
26.
سَيَعْلَمُونَ
غَدًا مَّنِ الْكَذَّابُ الْأَشِرُ
ആരാണ് വലിയ കള്ളവാദിയും അഹങ്കാരിയുമെന്ന് അവർ നാളെ അറിയും
നാളെ എന്നത് ഭാവിയിൽ എന്ന അർത്ഥത്തിലാണ്.സാലിഹ്(അ)കള്ളനല്ലെന്നും കള്ളന്മാർ തന്റെ എതിരാളികളാണെന്നും പിന്നീട്
അവർക്ക് മനസ്സിലാകുമെന്നാണ് അള്ളാഹു പറയുന്നത്.ഭൂമിയിൽ നിന്ന് തന്നെ അത്
പുലർന്നതായി തുടർന്നുള്ള വരികളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം
27.
إِنَّا
مُرْسِلُو النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْ
നിശ്ചയമായും അവർക്ക് ഒരു പരീക്ഷണമായിക്കൊണ്ട് ഒരു ഒട്ടകത്തെ നാം അയക്കുന്നു അത് കൊണ്ട് തങ്ങൾ അവരെ വീക്ഷിക്കുകയും ക്ഷമിച്ചിരിക്കുകയും ചെയ്യുക
സാലിഹ് നബിയുടെ പ്രവാചകത്വം ചോദ്യം ചെയ്ത സമൂദ് സമൂഹം താൻ പ്രവാചകനാണെന്നതിനു തെളിവായി പാറയുടെ ഉള്ളിൽ നിന്ന് ഒരു ഗർഭിണിയായ
ഒട്ടകത്തെ കൊണ്ടു വരാൻ ആവശ്യപ്പെട്ടു.ആ വെല്ലു
വിളി ഏറ്റെടുത്ത സാലിഹ് നബി(അ)
അള്ളാഹുവോട് പ്രാർത്ഥിച്ചു ഒട്ടകം പുറത്ത് വന്നു.അതിനോട് അവർ സ്വീകരിക്കേണ്ട സമീപനം
നേരത്തേ തന്നെ അള്ളാഹു അവരോട് അറിയിച്ചിരുന്നു.എന്നാൽ അവർ ആ കരാറ് പാലിച്ചില്ല.അള്ളാഹുവിന്റെ ശിക്ഷ അവരെ
പിടികൂടൂക തന്നെ ചെയ്തു.അവർക്ക് വരാനിരിക്കുന്ന ശിക്ഷ പ്രതീക്ഷിക്കാനും അവരുടെ ധിക്കാരം നിരീക്ഷിക്കാനുമാണിവിടെ നിർദ്ദേശിക്കുന്നത്
28.
وَنَبِّئْهُمْ
أَنَّ الْمَاء قِسْمَةٌ بَيْنَهُمْ كُلُّ شِرْبٍ مُّحْتَضَرٌ
വെള്ളം അവർക്കിടയിൽ പങ്ക്(ഊഴം)ആണ് വെള്ളത്തിൽ നിന്നുള്ള എല്ലാ ഓഹരിയും (അതിൽ അതിന്റെ അവകാശികൾ-അവരും ഒട്ടകവും)സന്നിഹിതരാക്കപ്പെടേണ്ടതാണ് എന്ന് തങ്ങൾ അവരെ അറിയിക്കുകയും ചെയ്യുക
ആ ഒട്ടകം പുറത്ത് വരുമ്പോൾ അതിനോട് സ്വീകരിക്കേണ്ട നിലപാടു നേരത്തെ തന്നെ അറിയിച്ചതാണിത്.ഒരു ദിവസം
അവിടെയുള്ള വെള്ളം മുഴുവൻ ഒട്ടകം കുടിക്കും.അടുത്ത ദിവസം ഒട്ടകം വെള്ളത്തിന്റെ
അടുത്തേക്ക് വരില്ല.അന്ന് വെള്ളം അവർക്കുള്ളതാണ്.അതാണ് ഊഴം എന്ന്
പറഞ്ഞത്.അവരവർക്ക് അവകാശപ്പെട്ട ദിവസം മാത്രമേ അവർ വെള്ളത്തിനടുത്തെത്താവൂ
എന്നാണിവിടെ പറയുന്നത് ഒട്ടകം വെള്ളം കുടിക്കുന്ന ദിവസം അത്ര തന്നെ പാൽ ഒട്ടകത്തിൽ
നിന്ന് അവർക്ക് കറന്നെടുക്കാൻ സാധിച്ചിരുന്നു,ജാബിർ(റ)പറയുന്നു.തബൂക്ക് യുദ്ധ
യാത്രയിൽ സമൂദ് ഗോത്രക്കാർ താമസിച്ചിരുന്ന സ്ഥലത്ത് (ഹിജ് റിൽ)നബി(സ)യോടൊപ്പം
ഞങ്ങൾ ഇറങ്ങി.അപ്പോൾ നബി(സ)പറഞ്ഞു.ഓ ജനങ്ങളേ!ഇത് സാലിഹ്(അ)ന്റെ ജനതയാണ്.അവരുടെ
നബിയോട് ഒട്ടകെത്തെ കൊണ്ട് വരാൻ അവർ ആവശ്യപ്പെട്ടുഅങ്ങനെ അള്ളാഹു അവർക്ക്
ഒട്ടകത്തെ അയച്ചു കൊടുത്തു.ഈ ഭാഗത്തു കൂടി അതിന്റെ ഊഴമുള്ള ദിനത്തിൽ ഒട്ടകം
വരികയും അത് കുടിക്കുന്ന വെള്ളത്തിന്റെ അത്ര പാൽ അവർ കറന്നെടുക്കുകയും
ചെയ്യും(ഖുർത്വുബി)
29.
فَنَادَوْا
صَاحِبَهُمْ فَتَعَاطَى فَعَقَرَ
അങ്ങനെ അവർ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു അപ്പോൾ അവൻ
(അതിനെ കൊല്ലുവാൻ
)തയ്യാറായി അവൻ അതിനെ അറുക്കുകയും ചെയ്തു
വെള്ളത്തിലെ ഊഴം പോലെ ആ ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും
അവരോട് സാലിഹ്(അ) നിർദ്ദേശിച്ചിരുന്നു.അല്പ ദിവസം ഈ നിബന്ധന അവർ പാലിച്ചെങ്കിലും
വഴികേടിന്റെ ധിക്കാരം കാരണത്താൽ പിന്നീട് അവർ ആ ഒട്ടകത്തെ അറുക്കാൻ തീരുമാനിച്ചുഎല്ലാവരുടെയും പ്രേരണയോടെ ഖുദാർ ബിൻസാലിഫ്
എന്ന നിർഭാഗ്യവാനായ ധിക്കാരിയാണ് മരത്തിന്റെ മറവിൽ മറഞ്ഞു നിന്ന് അമ്പെയ്ത് കാലിനു
മുറിവാക്കി വാളെടുത്ത് കുതി ഞെരമ്പ് മുറിച്ചു.അപ്പോൾ ഒരു വലിയ ശബ്ദത്തോടെ ഒട്ടകം വീഴുകയും
അതിന്റെ വയറ്റിലുള്ള കുട്ടി പുറത്ത് വരികയും ചെയ്തു.എന്നിട്ട് ആ ഒട്ടകത്തെ അവൻ അറുത്തു.പുറത്ത്
വന്ന കുട്ടി മലയിൽ ഒരു പാറയിലേക്ക് ഓടിപ്പോയി.സാലിഹ്(അ)വന്ന് നോക്കുമ്പോൾ ചലനമറ്റ് കിടക്കുന്ന ഒട്ടകത്തെ കണ്ടപ്പോൾ
അവിടുന്ന് കരയുകയും അള്ളാഹുവിന്റെ ആദരവ് നിങ്ങൾ പറിച്ചു ചീന്തിയിരിക്കുന്നുവെന്നും
അതിനാൽ അവന്റെ ശിക്ഷ നിങ്ങൾ കാത്തിരിക്കുക എന്ന് പറയുകയും ചെയ്തു.
30.
فَكَيْفَ
كَانَ عَذَابِي وَنُذُرِ
അപ്പോൾ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു?(അതിന്റെ സ്ഥാനത്തു തന്നെയാണത്)
ആ ഒട്ടകത്തോട് മോശമായി പെരുമാറിയാൽ
അള്ളാഹുവിന്റെ ശിക്ഷ വരുമെന്ന താക്കീത് അവർക്ക് നൽകപ്പെട്ടിരുന്നു.അത് ശരിക്കും സംഭവിക്കുക
തന്നെ ചെയ്തു.ശിക്ഷ എന്തായിരുന്നു എന്ന് താഴെ വരുന്നുണ്ട്
31.
إِنَّا
أَرْسَلْنَا عَلَيْهِمْ صَيْحَةً وَاحِدَةً فَكَانُوا كَهَشِيمِ الْمُحْتَظِرِ
അവരുടെ മേൽ ഒരൊറ്റ ഘോര ശബ്ദം നാം അയക്കുക തന്നെ ചെയ്തു.അപ്പോൾ അവർ ആട്ടിൻ കൂട് പണിയുന്നവന്റെ
(അവൻ ഉപേക്ഷിച്ചു കളഞ്ഞ)ചില്ലിത്തുരുമ്പ് പോലെ ആയിത്തീർന്നു
അവരുടെ മേൽ
ജിബ് രീൽ(അ) ശക്തമായി ഒരു ശബ്ദമുണ്ടാക്കി.അങ്ങനെ അവർ നശിച്ചു .ആടുകളെ താമസിപ്പിക്കുവാനായി
അവയുടെ ഇടയന്മാർ ചുള്ളിക്കൊമ്പുകളാൽ ആലയുണ്ടാക്കുമ്പോൾ
അവയുടെ ഇലകളും ചില്ലകളുമൊക്കെ ഒഴിവാക്കുകയും
അതിനു മേൽ ആടുകൾ ചവിട്ടി അതിനെ നുറുക്കി കളയുമല്ലോ.അതിനാണ് ഹശീം എന്ന് പറയുന്നത്.അതു പോലെ സമൂദ് സമുദായം അള്ളാഹുവിന്റെ
ശിക്ഷയിൽ പെട്ട് അവരുടെ ശരീരം നുറുങ്ങി ഛിന്നഭിന്നമായിപ്പോയി
32.
وَلَقَدْ
يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുർ ആനിനെ നാം എളുപ്പമാക്കി(സൌകര്യപ്പെടുത്തി)യിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
വിശദീകരണം
മുമ്പ് പറഞ്ഞിട്ടുണ്ട്
അള്ളാഹുവിന്റെ വിധി വിലക്കുകൾ
പാലിച്ചും പ്രവാചകന്മാരെ അനുസരിച്ചും നന്മ നേടാൻ അള്ളാഹു നമ്മെ സഹായിക്കട്ടെ ആമീൻ ( തുടരും )
6 comments:
സൂറത്ത് അൽ ഖമർ ഭാഗം -02 വിവരണം
pls continue for the rest part..
Dear,
Assalam Alaikum...
ee blog il ulla Quran thafseer nte author aranennu ariyaan aagrahikkunnu....
INSHA ALLAH WILL RESTART SOON.. THIS BLOG RUN BY ICF MUSAFFAH
അസ്സലാമു അലൈകും...
ഈ ബ്ലോഗ് കാണാനിടയായത് മുതല്‍ ഇവിടം സ്ഥിരം സന്ദര്ശകനാണ്... വളരെ ഉപകാരപ്രദവും ഏറെ കാലത്തെ തിരച്ചിലിനൊടുവില്‍ ലഭിച്ച അമൂല്യ നിധിയുമായാണ് ഞാന്‍ ഇതിനെ കാണുന്നത് ..
ഇതിലെ ഓരോ സൂറത്തും വെവേറെ ഓരോ പിഡിഎഫ് ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമായിരുന്നെന്കില്‍ വഴിക്ക് വഴിയായി ലഭിക്കാന്‍ വളരെ എളുപ്പമായിരുന്നു....
എല്ലാ വിധ ഭാവുകങ്ങളും....
@ cafaraz , Insha Allah will do asap.
Post a Comment