Tuesday, December 8, 2015

അദ്ധ്യായം 50 : സൂറത്തു ഖാഫ്-ഭാഗം-01



അദ്ധ്യായം
 50 :  സൂറത്തു ഖാഫ് | മക്കയിൽ അവതരിച്ചു |സൂക്തങ്ങൾ 45


بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

സൃഷ്ടിപ്പിന്റെ ആരംഭം, മരണം, അനന്തര  ജീവിതം, പരലോകം, സ്വർഗം, നരകം, വിചാരണ, രക്ഷ, ശിക്ഷ, നന്മക്ക് പ്രേരണ നൽകൽ, തിന്മയെ തൊട്ട് താക്കീത് ചെയ്യൽ മുതലായ ധാരാളം വിഷങ്ങൾ അദ്ധ്യായം ചർച്ച ചെയ്യുന്നുണ്ട്.
രണ്ട് പെരുന്നാൾ നിസ്ക്കാരങ്ങളിൽ നബി () സൂറത്തും സൂറത്തുൽ ഖമറും (اقتربت الساعة ) ഓതാറുണ്ടായിരുന്നു.സുബ്ഹിയിലും ഈ സൂറത്ത് ഓതാറുണ്ടായിരുന്നു (ഖുർത്വുബി.17/3)


     ق وَالْقُرْآنِ الْمَجِيدِ(1)
(1) ഖാഫ്!   മഹത്വമേറിയ ഖുർആൻ തന്നെ സത്യം

ഖാഫ്’ എന്നതിനു ധാരാളം വ്യാഖ്യാനങ്ങൾ പറയപ്പെട്ടിട്ടുണ്ടെങ്കിലും ചില അദ്ധ്യായങ്ങളുടെ തുടക്കത്തിലുള്ള അക്ഷരങ്ങളുടെ വ്യാഖ്യാനം അള്ളാഹുവിനറിയാം എന്നാണ് വിഷയത്തിലെ സൂക്ഷ്മമായ നിലപാട്. ഇത് മുമ്പും നാം സൂചിപ്പിച്ചത് ഓർക്കുമല്ലോ!

ഭൂമിയെ ആകമാനം ഒരു പർവതം വലയം ചെയ്തിട്ടുണ്ടെന്നും അതിന്റെ നാമം ഖാഫ് എന്നാണെന്നും ഇവിടെ പറഞ്ഞ ‘ഖാഫ്’ അതാണെന്നും ചിലർ പറഞ്ഞത് തെളിവുകളുടെ പിന്തുണയില്ലാത്തതാകുന്നു (ഇബ്നു കസീർ)

മഹത്വമേറിയ ഖുർആനിനെ സത്യം ചെയ്യാൻ അള്ളാഹു ഉപയോഗിച്ചിരിക്കുന്നു

           بَلْ عَجِبُوا أَن جَاءهُمْ مُنذِرٌ مِّنْهُمْ فَقَالَ الْكَافِرُونَ هَذَا شَيْءٌ عَجِيبٌ  (2)


(2)  പക്ഷെ അവരിൽ നിന്നുള്ള ഒരു മുന്നറിയിപ്പുകാരൻ അവരുടെ അടുക്കൽ വന്നിട്ടുള്ളതിനാൽ അവർ ആശ്ചര്യപ്പെട്ടു എന്നിട്ട് ഇതൊരു അത്ഭുതകരമായ കാര്യമാണ് എന്ന് സത്യ നിഷേധികൾ പറഞ്ഞു

നബി()യുടെ പ്രവാചകത്വത്തെ നിഷേധിക്കുന്ന മക്കക്കാർ ഞങ്ങളുടെ ഇടയിൽ നിന്ന് മുഹമ്മദ് നബി () യെ പ്രവാചകനാക്കി എന്ന വാർത്ത അത്ഭുതത്തോടെ കാണുകയും അതിനെ നിഷേധിക്കുകയും ചെയ്യുന്നു. സത്യം ചെയ്ത് അള്ളാഹു പറഞ്ഞതിലേക്ക് സൂചനയാണിത് .അതായത് നബി () യുടെ പ്രവാചകത്വം സ്ഥിരീകരിക്കുകയും പുനർജന്മം ഉറപ്പാണെന്ന് സ്ഥാപിക്കുകയുമാണുദ്ദേശം (ഇബ്നു കസീർ 4/322)

أَئِذَا مِتْنَا وَكُنَّا تُرَابًا ذَلِكَ رَجْعٌ بَعِيدٌ      (3)

(3)
നാം മരിക്കുകയും മണ്ണായിത്തീരുകയും ചെയ്തിട്ടാണോ (വീണ്ടും മടക്കപ്പെടുന്നത്)? നിശ്ചയം അത് വിദൂരമായ ഒരു മടക്കം തന്നെ

മണ്ണിൽ ലയിച്ച ശേഷം വീണ്ടും പുനർജനിപ്പിക്കുമെന്നത് അവർക്ക് ഒരിക്കലും ഊഹിക്കാൻ പോലും സാധിക്കുന്നില്ല.അതിനാൽ അവർ പുനർജന്മത്തെ നിഷേധിക്കുന്നു അത് അസാദ്ധ്യമെന്ന് വാദിക്കുന്നു. എന്നാൽ പുനർജന്മം സത്യം തന്നെയാണ്.
ഇമാം ഖുർത്വുബി(رحمة الله عليه) എഴുതുന്നു സഹീഹായ ഹദീസിൽ വന്നിട്ടുണ്ട് “മനുഷ്യന്റെ ശരീരം മുഴുവനും മണ്ണ് തിന്നും. വാൽക്കുറ്റി ഒഴികെ അതിൽ നിന്നാണ് അവൻ സൃഷ്ടിക്കപ്പെട്ടത് അതിൽ നിന്ന് തന്നെയാണ് അവനെ വീണ്ടും സംവിധാനിക്കുന്നത്” എന്നാൽ നബിമാർ,ഔലിയാക്കൾ,രക്ത സാക്ഷികൾ എന്നിവരുടെ ശരീരം മണ്ണ് തിന്നുകയില്ല (ഖുർത്വുബി 17/5)

قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ وَعِندَنَا كِتَابٌ حَفِيظٌ (4)

(4)അവരിൽ നിന്ന് ഭൂമി കുറക്കുന്നതെന്താണെന്ന് നമുക്ക് തീർച്ചയായും അറിയാം എല്ലാം ശരിക്ക് സൂക്ഷിച്ച് വെച്ചിട്ടുള്ള ഒരു ഗ്രന്ഥം നമ്മുടെ അടുക്കലുണ്ട്

അവരുടെ ശരീരത്തിൽ നിന്ന് എത്രയാണ് മണ്ണ് തിന്നത് .എങ്ങിനെയൊക്കെയാണ് അവർ മണ്ണിൽ ലയിച്ചത് ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നുണ്ട് എന്നെല്ലാം അള്ളാഹുവിനു നന്നായി അറിയാം അവക്ക് വീണ്ടും ജന്മം നൽകാൻ അള്ളാഹുവിനു യാതൊരു പ്രയാസവുമില്ല

സൂക്ഷിച്ച് വെച്ച ഗ്രന്ഥം എന്നതിന്റെ വിവക്ഷ അവരുടെ എണ്ണവും പേരും രേഖപ്പെടുത്തിയ ഗ്രന്ഥം എന്നും പിശാചിന്റെ കയ്യേറ്റത്തെ തൊട്ട് സംരക്ഷിക്കപ്പെട്ട ഗ്രന്ഥം എന്നും എല്ലാം രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം എന്നും മനുഷ്യനെ വിചാരണ ചെയ്യാനായി അവന്റെ പ്രവർത്തനം രേഖപ്പെടുത്തി സൂക്ഷിച്ച ഗ്രന്ഥം എന്നും വ്യാഖ്യാനമുണ്ടെന്ന് ഖുർതുബി പറഞ്ഞിട്ടുണ്ട്

بَلْ كَذَّبُوا بِالْحَقِّ لَمَّا جَاءهُمْ فَهُمْ فِي أَمْرٍ مَّرِيجٍ  (5)

(5)
പക്ഷെ അവർക്ക് സത്യം വന്ന് കിട്ടിയപ്പോൾ അവർ അതിനെ നിഷേധിച്ചു അങ്ങനെ അവർ ചഞ്ചലമായ ഒരു അവസ്ഥയിലാണ്

മനുഷ്യന്റെ എല്ലാ വിധ യാഥാർത്ഥ്യങ്ങളും പാരത്രിക ജീവിത വിവരങ്ങളും വിശദമാക്കുന്ന ഖുർ ആൻ അവരെ ഓതിക്കേൾപ്പിക്കുമ്പോൾ അവർ നബി () യെപ്പറ്റി മാരണക്കാരൻ,കവി,ഭ്രാന്തൻ എന്നിങ്ങനെയും ഖുർ ആനിനെ കുറിച്ച് കവിത മാരണം കെട്ടു കഥ എന്നെല്ലാം വ്യത്യസ്ഥ അഭിപ്രായങ്ങൾ പറയുകയാണ്  അവർ അശേഷം ചിന്തിക്കുന്നില്ല.അവർ പറയുന്ന വാദങ്ങളിൽ തന്നെ അവർക്ക് ഒന്നിൽ ഉറച്ച് നിൽക്കാനും സാധിക്കുന്നില്ല

أَفَلَمْ يَنظُرُوا إِلَى السَّمَاء فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ  (6)

(6)
തങ്ങളുടെ മുകളിലുള്ള ആകാശത്തേക്കവർ നോക്കിയിട്ടില്ലേ?എങ്ങിനെയാണ് നാം അതിനെ നിർമ്മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളത്? അതിനെവിടെയും യാതൊരു വിടവുകളുമില്ല തന്നെ

അവരെ പുനർജ്ജനിപ്പിക്കുന്നത് ഉൾക്കൊള്ളാനാവാത്ത ജനതയോട് അവരുടെ കൺ മുന്നിലുള്ളതും എപ്പോഴും അവർക്ക് അനുഭവ വേദ്യമായിക്കൊണ്ടിരിക്കുന്നതുമായ ചില കാര്യങ്ങൾ നിരത്തി വെച്ച് ഇതെല്ലാം ചെയ്യുന്ന അള്ളാഹുവിനു  മരണാനന്തരമുള്ള പുനർജ്ജനിപ്പിക്കൽ ഒരു പ്രയാസമേ അല്ല എന്ന് ഓർമ്മിപ്പിക്കുകയാണിവിടെ. ചിന്തിക്കുന്നവർക്ക് ഇത് ധാരാളം മതി ആകാശത്തിന്റെ സംവിധാനം എത്ര അൽഭുതകരമാണ്.ഒരു തൂണിന്റെ സഹായമില്ലാതെ അത് ഉയർന്ന് നിൽക്കുന്നത് ആലോചിക്കേണ്ടതല്ലേ? നക്ഷത്രങ്ങൾ കൊണ്ടാണ് ആകാശത്തെ അലങ്കരിച്ചത്.എങ്ങനെ നിരൂപിച്ചാലും അതിന്റെ സൃഷ്ടിപ്പിൽ എന്തെങ്കിലുമൊരു പോരായ്മ ചൂണ്ടിക്കാണിക്കാൻ  ആർക്കും സാധ്യമല്ല.(ഇത്രയും സങ്കീർണമായ ആകാശത്തെ സംവിധാനിച്ച അള്ളാഹുവിനു മണ്ണിൽ ലയിച്ച മനുഷ്യനെ പുനർജനിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമേ അല്ല )

   وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ بَهِيجٍ  (7)

(7)
ഭൂമിയെ നാം വിശാലമാക്കുകയും അതിൽ ഉറച്ച് നിൽക്കുന്ന പർവതങ്ങൾ നാം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു കൌതുകമുള്ള എല്ലാ ഇനം ഇണകളെയും അതിൽ നാം മുളപ്പിക്കുകയും ചെയ്തു

മനുഷ്യനു താമസ യോഗ്യമാവും വിധം ഭൂമിയെ സംവിധാനിച്ചത് അള്ളാഹുവാണ്. ഭൂമി ഇളകാതിരിക്കാനായി ആണിയെന്നോണം പർവതങ്ങളെ അവൻ സംവിധാനിച്ചു (താൽക്കാലിക ലാഭത്തിനായി മലകളാകുന്ന ആണികൾ പറിച്ചു കളയുന്ന പ്രകൃതിയോടുള്ള കയ്യേറ്റം നമ്മുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നുവെന്നത് നാം വിസ്മരിക്കാവതല്ല) നോക്കുന്നവർക്ക് കണ്ണിനു കുളിർമ്മ നൽകുന്ന സസ്യങ്ങളും മറ്റുമാണ് ഇണകളെ മുളപ്പിച്ചു എന്നതിന്റെ ഉദ്ദേശം

تَبْصِرَةً وَذِكْرَى لِكُلِّ عَبْدٍ مُّنِيبٍ   (8)

(8)  (
അള്ളാഹുവിങ്കലേക്ക്) മടങ്ങുന്ന എല്ലാ അടിമകൾക്കും കണ്ട് മനസ്സിലാക്കുവാനും ഓർമിക്കുവാനും വേണ്ടിയാണ് (ഇതെല്ലാം ചെയ്തിരിക്കുന്നത്)

അള്ളാഹുവിന്റെ ശക്തിയെക്കുറിച്ച് ചിന്തിക്കുകയും അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവർക്ക് പ്രകൃതി പ്രതിഭാസങ്ങളെല്ലാം വലിയ തെളിവും അവന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്

وَنَزَّلْنَا مِنَ السَّمَاء مَاء مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ    (9)


(9) 
ഉപകാരമുള്ള വെള്ളത്തെ ആകാശത്ത് നിന്ന് നാം ഇറക്കുകയും എന്നിട്ട് അത് മൂലം ചില തോട്ടങ്ങളെയും കൊയ്തെടുക്കപ്പെടുന്ന ധാന്യങ്ങളെയും നാം മുളപ്പിക്കുകയും ചെയ്തു

വരണ്ടുണങ്ങിക്കിടന്ന ഭൂമിയിലേക്ക് മഴവെള്ളമെന്ന അനുഗ്രഹം ലഭിക്കുക വഴി തോട്ടങ്ങൾ സമൃദ്ധമായി വളരുകയും ഗോതമ്പ്,നെല്ല് പോലുള്ള ധാന്യങ്ങളെ മുളപ്പിച്ച് മൂപ്പെത്തുമ്പോൾ കൊയ്തെടുക്കാനുള്ള സംവിധാനവും അള്ളാഹു തന്നെയാണ് ചെയ്തത്

وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ    (10)

(10)
ഉയർന്ന് നിൽക്കുന നിലയിൽ ഈത്തപ്പനകളെയും നാം മുളപ്പിച്ചു അതിന് അടുക്കായുള്ള കുലയുമുണ്ട്

ഈത്തപ്പന നേരത്തേ പറഞ്ഞ കൊയ്തെടുക്കുന്ന ധാന്യത്തിൽ നിന്ന് വ്യത്യസ്ഥമായി ഉയർന്ന് നിൽക്കുന്നതാണ് അതിന്റെ പഴം ഒന്നിനുമീതെ ഒന്നായി അടുക്കായി തൂങ്ങി നിൽക്കുന്നു

رِزْقًا لِّلْعِبَادِ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا كَذَلِكَ الْخُرُوجُ    (11)

(11)
(നമ്മുടെ) അടിമകൾക്ക് ആഹാരമായിട്ടാണ് (ഇതെല്ലാം നാം സജ്ജീകരിച്ചത്) അത് (വെള്ളം ) മൂലം നിർജ്ജീവ പ്രദേശത്തെ നാം ജീവിപ്പിക്കുകയും ചെയ്തു.അത് പോലെയാണ് (ഖബ്റുകളിൽ നിന്ന്) പുറപ്പെടൽ

ആകാശത്ത് നിന്ന് വെള്ളം ഇറക്കിയതും തോട്ടങ്ങളും കൃഷികളും സജീവമാക്കിയതും തലയുയർത്തി നിൽക്കുന്ന ഈത്തപ്പനകളും അതിലെ പഴങ്ങളും സംവിധാനിച്ചതും അള്ളാഹുവിന്റെ അടിമകൾക്ക് ഭക്ഷണം എന്ന നിലയിൽ തന്നെയാണ് .വരണ്ടുണങ്ങിക്കിടന്ന ഭൂമിയിലേക്ക് മഴ വർഷിക്കുമ്പോൾ ആ ഭൂമി പച്ചപ്പുള്ളതാവുകയും സജീവമാകുകയും ചെയ്യുന്നത് പോലെ മരിച്ച് മണ്ണിൽ ലയിച്ച മനുഷ്യനെ പുതുതായി ഉണ്ടാക്കുന്നത് അള്ളാഹുവിനു നിഷ് പ്രയാസം സാധിക്കുന്ന കാര്യമാണ്!തരിശായി കിടക്കുന്ന ഭൂമിയെ വീണ്ടും അള്ളാഹു സജീവമാക്കുന്നത് കാണുന്ന മനുഷ്യൻ പിന്നെയും അള്ളാഹുവിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത് ധിക്കാരം തന്നെ

 كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَابُ الرَّسِّ وَثَمُودُ   (12)

(12)  
ഇവർക്ക് മുമ്പ് നൂഹി (عليه السلام) ന്റെ ജനതയും റസ്സുകാരും സമൂദും (സത്യത്തെ) നിഷേധിച്ചിട്ടുണ്ട്

നബി()യെ നിഷേധിക്കുന്നവർക്ക് താക്കീതെന്നോണം മുൻ കാലങ്ങളിലെ നിഷേധികളെ കുറിച്ച് ഓർമ്മപെടുത്തുകയാണ്.നീണ്ട കാലം സത്യത്തിലേക്ക് ക്ഷണിച്ച നൂഹ് (عليه السلام) ന്റെ ജനത നിഷേധാത്മക നിലപാട് തുടർന്നപ്പോൾ ജല പ്രളയം മുഖേന അവരെ അള്ളാഹു നശിപ്പിച്ചു .
റസ്സുകാർ ആരാണെന്നതിനെ സംബന്ധിച്ച് വിവിധ വീക്ഷണങ്ങളുണ്ട്.സമൂദ് കാരുടെ കൂട്ടത്തിലെ ഒരു ഗ്രാമക്കാരാണെന്നാണ് ഒരു പക്ഷം.ഇബ്നു അബ്ബാസ് (
رضي الله عنه  ) ന്റെതാണ് ഈ വീക്ഷണം

 യമാമയിലെ ഫലജ് എന്ന ഗ്രാമ വാസികളാണിവിടെ ഉദ്ദേശം സൂറത്ത് യാസീനിൽ പറഞ്ഞ ഗ്രാമവും ഇത് തന്നെ എന്നാണ് മറ്റൊരു പക്ഷം  ഇക്രിമ(
رضي الله عنه  ) ഈ അഭിപ്രായക്കാരനാണ്.

അദർബൈജാനിലെ ഒരു കിണറാണിതെന്നും അതിൽ അവർ അന്നത്തെ നബിയെ മൂടിയെന്നും വേറൊരു പക്ഷമുണ്ട്.ഇബ്നു അബ്ബാസ്(
رضي الله عنه  ) ഇക്രിമ(رضي الله عنه  ) എന്നിവരിൽ നിന്നെല്ലാം ഈ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ ഇബ്നു ജരീർ(رضي الله عنه  ) പ്രബലമാക്കുന്നത് സൂറത്തുൽ ബുറൂജിൽ (അദ്ധ്യായം 85) പറഞ്ഞ കിടങ്ങിന്റെ ആളുകൾ എന്ന് പറഞ്ഞതാണ് റസ്സുകാർ എന്നതത്രെ(ഇബ്നു കസീർ 3/520)

സാലിഹ് നബി (
عليه السلام) ന്റെ ജനതയായിരുന്നു സമൂദ് .പാറയിൽ നിന്ന് ഒട്ടകത്തെ കൊണ്ട് വന്നാൽ വിശ്വസിക്കാമെന്ന് പറഞ്ഞ ആ ധിക്കാരികൾക്ക് അവർ ആവശ്യപ്പെട്ട ദൃഷ്ടാന്തം കാണിച്ച് കൊടുത്തിട്ടും വിശ്വസിച്ചില്ലെന്ന് മാത്രമല്ല ഒട്ടകത്തെ ഉപദ്രവിക്കരുതെന്ന വ്യവസ്ഥ ലംഘിക്കുകയും അതിനെ അറുക്കുകയും ചെയ്തു .ശക്തമായ ശബ്ദവും ഭൂകമ്പവും മുഖേന അള്ളാഹു അവരെ നശിപ്പിച്ചു

 
وَعَادٌ وَفِرْعَوْنُ وَإِخْوَانُ لُوطٍ   (13)


(13) 
ആദ് സമൂഹവും ഫറോവയും ലൂഥ് (عليه السلام) ന്റെ സഹോദരങ്ങളും (സത്യത്തെ നിഷേധിച്ചിട്ടുണ്ട്)

ഹൂദ് (عليه السلام) ന്റെ ജനതയായിരുന്നു ആദ് സമൂഹം നബിയുടെ കല്പനകൾ അവർ നിഷേധിച്ചപ്പോൾ ഏഴ് ദിവസം നീണ്ടു നിന്ന ശക്തമായ കാറ്റിലൂടെ അള്ളാഹു അവരെ നശിപ്പിച്ചു

ഞാൻ തന്നെയാണ് ഏറ്റവും വലിയ ദൈവം എന്ന വാദവുമായി വന്നവനായിരുന്നു ധിക്കാരിയായ ഫറോവ.ചെങ്കടലിൽ മുക്കി അവനെ അള്ളാഹു നശിപ്പിച്ചു

സ്വവർഗാനുരാഗികളായിരുന്ന സദൂം ഗോത്രക്കാരായിരുന്ന ലൂഥ് (عليه السلام)ന്റെ ജനതയോട് തിന്മയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ ധിക്കാരത്തിൽ അതിരു കവിഞ്ഞു.കല്ല് മഴ വർഷിപ്പിച്ചും ഗ്രാമം കീഴ്മേൽ മറിച്ചും കൊണ്ട് അള്ളാഹു അവരെ നശിപ്പിച്ചു

وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ   (14)

(14) 
ഐകത്തുകാരും തുബ്ബ ഇന്റെ ജനതയും ഇവരെല്ലാവരും തന്നെ ദൂതന്മാരെ നിഷേധിച്ചു തന്നിമിത്തം എന്റെ താക്കീത് (അവരിൽ‌) സത്യമായി പുലരുകയും ചെയ്തു

ഐകത്തുകാർ ശുഐബ് (عليه السلام)ന്റെ ജനതയാണ്.വൃക്ഷങ്ങളും സസ്യങ്ങളുമുള്ള സ്ഥലത്തിനു ഐകത്ത് എന്നാണ് പറയുക.മദ്യൻ എന്ന പ്രദേശവും പരിസരവുമാണിത്.ശിർക്കിലായിരിക്കുന്നതോടൊപ്പം അളവിലും തൂക്കത്തിലും കുറവ് വരുത്തി ഉപഭോക്താക്കളെ വഞ്ചിക്കുക എന്നതായിരുന്നു അവരുടെ നിലപാട്.ഇതിനെതിരിൽ ശബ്ദിച്ച ശുഐബ് (عليه السلام) നെ അവർ തള്ളിക്കളഞ്ഞു.നിങ്ങൾ ഞങ്ങളുടെ മതത്തിൽ ചേരുന്നില്ലെങ്കിൽ നിങ്ങളെയും കൂടെയുള്ളവരെയും ഇവിടെ നിന്ന് ഞങ്ങൾ പുറത്താക്കുമെന്ന തിട്ടൂരം ശുഐബ് (عليه السلام) നു അവർ നൽകി.എന്നാൽ ധിക്കാരികളെ അള്ളാഹു നശിപ്പിച്ചു.അവരുടെ മുകളിൽ ഒരു മേഘം അള്ളാഹു പ്രത്യക്ഷപ്പെടുത്തി.അതിൽ നിന്ന് തണലും തണുപ്പുമല്ല.അതി ശക്തമായ ചൂടായിരുന്നു അവർക്ക് അനുഭവപ്പെട്ടത് .ഇത് ഏഴു ദിനം നീണ്ടു നിന്നതായി വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു പിന്നീട് അതി ശക്തമായ ഇടിനാദം മുഴങ്ങുകയും അവർ നശിച്ചു പോവുകയും ചെയ്തു

തുബ്ബഅ് എന്നത് യമനിലെ പുരാതന രാജാക്കൾക്ക് പറയുന്ന പേരാണ് (ഈജിപ്ത് ഭരിക്കുന്നവർക്ക് ഫറോവ,പേർഷ്യ ഭരിക്കുന്നവർ കിസ്റാ,റോം ഭരിക്കുന്നവർക്ക് ഖൈസർ,എത്യോപ്യ ഭരിക്കുന്നവർക്ക് നജ്ജാശി എന്ന് പറയുന്നത് പോലെ) സുലൈമാൻ (عليه السلام) ന്റെ അടുത്ത് വന്ന് വിശ്വസിച്ച ബിൽഖീസ് രാജ്ഞി പരമ്പരയിൽ പെട്ടവരാണ് ഇവിടെ പറഞ്ഞ തുബ്ബഅ് നല്ല മനുഷ്യനായിരുന്നു.പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അനുയായികൾ മോശക്കാരായി അവരെ അള്ളാഹു ശിക്ഷിച്ചു.അത് കൊണ്ടാണ് തുബ്ബഇനെയും എന്ന് പറയാതെ തുബ്ബഇന്റെ ജനതയും എന്ന് പറഞ്ഞത് ഇമാം ഇബ്നു കസീർ (رحمة الله عليه) എഴുതുന്നു. ‘തുബ്ബഅ് യമനിൽ നിന്ന് പുറത്ത് പല സ്ഥലങ്ങളും സന്ദർശിക്കുകയും സ്ഥലങ്ങൾ തന്റെ അധികാര പ്രദേശങ്ങളായി മാറ്റുകയും ചെയ്തു.അങ്ങനെയിരിക്കെ അദ്ദേഹം മദീനയിലും വന്നു.അവിടെയും പോരാട്ടം നടത്തി നാട്ടുകാർ ചെറുത്ത് നിന്നു.രാത്രി തുബ്ബഇനും കൂട്ടാളികൾക്കും മദീനക്കാർ താമസിക്കാൻ സൌകര്യം ചെയ്ത് കൊടുത്തു.പിറ്റേ ദിവസം തങ്ങൾക്ക് കിടക്കാൻ ഇടം തന്നവരോട് യുദ്ധം ചെയ്യാൻ തുബ്ബഇനു ജാള്യത തോന്നി. അതോടെ യുദ്ധം അവസാനിപ്പിച്ചു.മാത്രമല്ല തന്റെ കൂടെയുണ്ടായിരുന്ന രണ്ട് ജൂത പുരോഹിതന്മാർ നാടിനെ നിങ്ങൾക്ക് കീഴ്പെടുത്താനാവില്ലെന്നും അവസാന കാലത്ത് ഒരു പ്രവാചകൻ ഇങ്ങോട്ട് പാലായനം ചെയ്ത് വരാനുണ്ടെന്നും പുരോഹിതന്മാർ തുബ്ബഇനോട് പറഞ്ഞു.അദ്ദേഹം മദീന വിടാൻ തീരുമാനിച്ചു മദീനയിൽ നിന്ന് യമനിലേക്കുള്ള മടക്കയാത്രാ മദ്ധ്യേ മക്കയിലെത്തിയപ്പോൾ കഅ്ബ പൊളിക്കാൻ അദ്ദേഹം ആലോചിച്ചു അപ്പോഴും കൂടെയുള്ള പുരോഹിതന്മാർ പറഞ്ഞു ഇത് പവിത്രമായ ഭവനമാണ് ഇബ്റാഹീം (عليه السلام) പുനർനിർമ്മാണം നടത്തിയതാണ് അവസാന കാലത്ത് വരാനുള്ള പ്രവാചകനിലൂടെ ഇതിനു പ്രത്യേക ചില കാര്യങ്ങൾ വരാനുണ്ട് .അപ്പോൾ അദ്ദേഹം കഅ്ബയെ ആദരിക്കുകയും  കഅ്ബക്ക് പ്രത്യേകം വസ്ത്രം മൂടുകയും പ്രദക്ഷിണം ചെയ്യുകയും ചെയ്തു.യമനിൽ തിരിച്ചെത്തിയ അദ്ദേഹം മൂസാ (عليه السلام) യുടെ ദീൻ മുറുകെ പിടിക്കാൻ എല്ലാവരോടും ഉപദേശിച്ചു.അദ്ദേഹത്തിന്റെ മരണ ശേഷം നാട്ടുകാർ വീണ്ടും ബിംബാരാധകരാവുകയും അവരെ അള്ളാഹു നശിപ്പിക്കുകയും ചെയ്തു (ഇബ്നു കസീർ (4/208/209)

ഇവിടെ പറഞ്ഞ തുബ്ബഅ് രാജാവിന്റെ നാമം അസ്അദ് അബൂ കുറൈബ് എന്നാണ് 326 വർഷം അദ്ദേഹം ഭരണത്തിലുണ്ടായിരുന്നു അദ്ദേഹത്തേക്കാൾ കാലം രാജാവായ ആരും കൂട്ടത്തിലുണ്ടായിട്ടില്ല നബി () ജനിക്കുന്നതിനും 700 വർഷം മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.മദീന നബി () തങ്ങൾ ഹിജ് വരുന്ന നാടണെന്നും ആ നബിയുടെ നാമം അഹ്മദ് എന്നാണെന്നും  പുരോഹിതന്മാർ തന്നോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു പദ്യം ചൊല്ലുകയും മദീനാ നിവാസികളുടെ കയ്യിൽ അത് സൂക്ഷിക്കാൻ ഏല്പിക്കുകയും ചെയ്തു പദ്യം ഒരു തലമുറ അടുത്ത തലമുറയിലേക്ക് പാരമ്പര്യമായി കൈമാറിക്കൊണ്ടിരുന്നു നബി () മദീനയിലെത്തുമ്പോൾ മുൻ തലമുറയിൽ നിന്ന് പദ്യം ഏറ്റു വാങ്ങിയ വ്യക്തിത്വമായിരുന്നു അബൂ അയ്യൂബിൽ അൻ സാരി (رضي الله عنه  ) .പദ്യം ഇങ്ങനെയായിരുന്നു

شهدت علي أحمد أنه *** رسول من الله باري النسم

فلو مد عمري الي عمره ***   لكنت وزيرا له وابن عم

وجاهدت بالسيف أعداءه  ***  وفرجت عن صدره كل غم



അഹ്മദ് നബി (ജീവൻ പടച്ച അള്ളാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു*

പ്രവാചകൻ വരുന്നത് വരെ എനിക്ക് ആയുസ്സുണ്ടായാൽ ഞാൻ നബിയുടെ ശക്തനായ സഹായിയായി നില കൊള്ളുക തന്നെ ചെയ്യും *

വാൾ കൊണ്ട് നബിയുടെ ശത്രുക്കളോട് ഞാൻ പൊരുതുകയും നബിയെ അലട്ടുന്ന എല്ലാ വിഷമങ്ങളും നീക്കാൻ ശ്രമിക്കുകയും ചെയ്യും


തുബ്ബഅ് നല്ല മനുഷ്യനാണ് അദ്ദേഹത്തെ ചീത്ത പറയരുത് എന്ന് ആഇശ ബീവി (رضي الله عنها) പറയാറുണ്ടായിരുന്നു.തുബ്ബഇനെ ചീത്ത പറയരുത് അദ്ദേഹം മുസ്ലിമായിരുന്നു എന്ന് നബി () പറഞ്ഞിട്ടുണ്ട് (ഇബ്നു കസീർ 4/210)

ഏതായാലും മുൻ കാലത്തെ ശക്തന്മാരായിരുന്ന ധിക്കാരികളെയെല്ലാം ഞാൻ നശിപ്പിച്ചിട്ടുണ്ടെന്നും സത്യവുമായി വന്ന നബി () യെ നിഷേധിക്കുന്ന നിങ്ങളെ നശിപ്പിക്കുകയെന്നത് ഒരു പ്രയാസമുള്ള കാര്യമല്ലെന്നും സത്യ നിഷേധികളെ താക്കീത് ചെയ്യുകയാണ് പ്രഖ്യാപനതിലൂടെ.അള്ളാഹു!

 
أَفَعَيِينَا بِالْخَلْقِ الْأَوَّلِ بَلْ هُمْ فِي لَبْسٍ مِّنْ خَلْقٍ جَدِيدٍ   (15)

(15) 
അപ്പോൾ ഒന്നാം പ്രാവശ്യത്തെ സൃഷ്ടിക്കൽ കൊണ്ട് നാം ക്ഷീണിച്ചു പോയോ? (ഇല്ല) പക്ഷെ ഇവർ പുതിയ സൃഷ്ടിപ്പിനെ പറ്റി സംശയത്തിലാണ്

ഒന്നാമത്തെ സൃഷ്ടിപ്പ് കൊണ്ട് നാം ക്ഷീണിച്ചത് കൊണ്ടാണോ ഇവരെ പുനർജ്ജീവിപ്പിക്കാൻ അള്ളാഹുവിനു സാധിക്കില്ല എന്ന് ഇവർ വാദിക്കുന്നത്?എന്നാണ് പരലോക ജീവിതത്തെ നിഷേധിക്കുന്ന സത്യ നിഷേധികളോട് അള്ളാഹു ചോദിക്കുന്നത് പക്ഷെ അവർക്കെന്തുണ്ട് പറയാൻ?എന്ത് ലക്ഷ്യം കണ്ടാലും അവരുടെ സംശയം തീരുന്നില്ല.
ഇബ്നു കസീർ (
رحمة الله عليه) എഴുതുന്നു “ഇല്ലാത്ത അവസ്ഥയിൽ നിന്ന് ആദ്യം സൃഷ്ടിച്ച അള്ളാഹുവിനു ഒന്നു കൂടി മടക്കി സൃഷ്ടിക്കാൻ സാധിക്കില്ല  എന്നാണോ ഇവർ പറയുന്നത് എന്നാണിതിന്റെ അർത്ഥം (ഇബ്നു കസീർ)

  وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ   (16)

(16) 
നിശ്ചയം മനുഷ്യനെ നാം സൃഷ്ടിച്ചു അവന്റെ ഹൃദയം മന്ത്രിക്കുന്നത് നാം അറിയുന്നുണ്ട് അവന്റെ കൺഠ നാടിയേക്കാൾ  നാം അവനോട് അടുത്തവനാണ്

വരീദ് എന്ന് പറയുന്നത് മനുഷ്യന്റെ കഴുത്തിൽ ഇരു വശങ്ങളിലും സ്ഥിതി ചെയ്യുന്ന രണ്ട് പ്രധാന രക്തനാഡികളിൽ ഓരോന്നിനുമാണ്.അവയേക്കാൾ അള്ളാഹു അടുത്തവനാണെന്ന് പറഞ്ഞാൽ അറിവ് കൊണ്ട് അടുത്തവനാണെന്നാണ് വിവക്ഷ.അതായത് മനുഷ്യന്റെ എല്ലാ സ്ഥിതികളും അള്ളാഹു ഏറ്റവും നന്നായി അറിയുന്നവനാണെന്നാണ് വിവക്ഷ.

നാം അടുത്താണെന്ന് പറഞ്ഞതിന്റെ വിവക്ഷ അള്ളാഹുവിന്റെ മലക്കുകൾ മനുഷ്യനുമായി അടുത്താണെന്ന് വ്യാഖാനമുണ്ട്.ഇമാം ഇബ്നു കസീർ (رحمة الله عليه) എഴുതുന്നു. 'അള്ളാഹു കഴിവു നൽകിയതിന്റെ അടിസ്ഥാനത്തിൽ മലക്കുകൾ മനുഷ്യനോട് കൺഠ നാടിയേക്കാൾ അടുത്താണ്.മലക്കിന്റെ ഉൽബോധനവും പിശാചിന്റെ ദുർബോധനവും ഓരോ മനുഷ്യനിലും നടക്കുന്നുണ്ടെന്നും രക്ത ചലനമുള്ളിടത്തെല്ലാം മനുഷ്യ ശരീരത്തിൽ പിശാച് സഞ്ചരിക്കുന്നുണ്ടെന്നും നബി () പറഞ്ഞിട്ടുണ്ട് (ഇബ്നു കസീർ 4/325)

إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ (17)
 
(17)  സ്ഥിരപ്പെടുത്തുന്ന രണ്ട് പേർ സ്ഥിരപ്പെടുത്തുന്ന സന്ദർഭം (ഓർക്കുക) വല ഭാഗത്തും ഇടഭാഗത്തും ഇരിക്കുന്നവരാണവർ

مَا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ   (18)


(18)
തയ്യാറായി നിൽക്കുന്ന സൂക്ഷ്മ നിരീക്ഷകൻ അവന്റെ അടുത്ത് ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവൻ ഉച്ചരിക്കുന്നതല്ല

ഇതിനു പുറമേ മനുഷ്യനെ വിട്ടു പിരിയാത്ത സൂക്ഷ്മ വീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന മലക്കുകൾ അവന്റെ വലത്തും ഇടത്തുമുണ്ട്.അവരുടെ സാന്നിദ്ധ്യത്തിൽ അല്ലാതെ ഒരു വാക്കും ഉച്ചരിക്കുവാൻ അവനു കഴിയുന്നതല്ല.വല ഭാഗത്തെ മലക്ക് നന്മയും ഇടഭാഗത്തെ മലക്ക് തിന്മയും രേഖപ്പെടുത്തുന്നതാണ്.ഇതെല്ലാം ഓർത്തു കൊണ്ടായിരിക്കണം മനുഷ്യൻ പ്രവർത്തിക്കേണ്ടത്. നമ്മുടെ ഓരോ വാക്കും വളരെ ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കണമെന്ന് നാം ഓർക്കുക ‘നബി () പറഞ്ഞതായി ബിലാലുബ്നിൽ ഹാരിസ് അൽ മുസനീ (رضي الله عنه  ) പറയുന്നു ‘മനുഷ്യൻ അള്ളാഹു പൊരുത്തപ്പെടുന്ന ഒരു വാക്ക് സംസാരിക്കുന്നു (അത് അത്ര വലിയ സ്ഥാനത്തെത്തുമെന്നൊന്നും അവൻ ധരിച്ചിട്ടില്ല) എന്നാൽ ആ ഒരു വാക്ക് കാരണത്താൽ അള്ളാഹുവെ അവൻ കണ്ട് മുട്ടുന്നത് വരെ അവന്റെ പൊരുത്തം അള്ളാഹു നിശ്ചയിക്കുന്നു,അള്ളാഹുവിന്റെ ദേഷ്യത്തിനു കാരണമാകുന്ന ഒരു വാക്ക് ഒരാൾ സംസാരിച്ചാൽ (അത് അത്ര ഗൌരവമുള്ളതാണെന്ന് അവൻ കരുതിയില്ലെങ്കിലും)അള്ളാഹുവിന്റെ ദേഷ്യം അവന്റെ മേൽ അന്ത്യനാൾ വരെ എഴുതപ്പെട്ടു കൊണ്ടേയിരിക്കും (ഈ ഹദീസ് ഇമാം തുർമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്) ഈ ഹദീസ് വിവരിച്ചു കൊണ്ട് അൽഖമ(رضي الله عنه  ) പറയാറുണ്ട്.ബിലാൽ (رضي الله عنه  ) റിപ്പോർട്ട് ചെയ്ത ഈ ഹദീസ് എത്രയോ സംസാരങ്ങളിൽ നിന്ന് എന്നെ തടഞ്ഞിട്ടുണ്ട് എന്ന്! (ഇബ്നു കസീർ 4/325)

നമ്മുടെ വാക്കുകളും പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോധം തിന്മകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ നമുക്ക് പ്രചോദനമാവേണ്ടതുണ്ട്.അള്ളാഹു നമ്മെയെല്ലാം സജ്ജനങ്ങളിൽ പെടുത്തട്ടെ ആമീൻ


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين


ഭാഗം -02 ( 19 മുതൽ 45 വരെ ) വിവരണം ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

No comments: