Sunday, April 22, 2018

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | ഭാഗം-06

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


സുഖ്‌റുഫ്’ എന്നാൽ സ്വർണം.  ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണംഅള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾഅറബികളുടെ സത്യ നിഷേധംപൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾപരലോക ശിക്ഷകൾപരലോക നേട്ടങ്ങൾമൂസാ നബിعليه السلامയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട്

ഭാഗം-06 ( 46 to 56 )

(46)

وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا إِلَى فِرْعَوْنَ وَمَلَئِهِ فَقَالَ إِنِّي رَسُولُ رَبِّ الْعَالَمِينَ

നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫറോവയുടെയും അവന്റെ പ്രധാനികളുടെയും അടുക്കലേക്ക് മൂസാ നബിയെ നാം അയക്കുക തന്നെ ചെയ്തു.എന്നിട്ടദ്ദേഹം (അവരോട്) പറഞ്ഞു,,തീർച്ചയായും ഞാൻ ലോക രക്ഷിതാവിന്റെ ദൂതനാകുന്നുതങ്ങളെ  ഖുറൈശികളിലേക്കും മറ്റും പ്രവാചകനായി നിയോഗിച്ചപോലെ ഞാൻ മൂസാ നബിعليه السلامയെ ഫറോവയിലേക്കും അവിടെയുള്ള പ്രമാണിമാരിലേക്കും പ്രവാചകനായി അയക്കുകയും (തങ്ങൾ തങ്ങളുടെ സമൂഹത്തോട് ഞാൻ അള്ളാഹുവിനാൽ നിയുക്തനായ ദൈവ ദൂതനാണെന്ന് പറഞ്ഞപോലെ) മൂസാ നബി عليه السلامതന്റെ ജനതയോട് ഞാൻ ദൈവദൂതനാണെന്ന് പറയുകയും ചെയ്തു

മുൻ സൂക്തങ്ങളിൽ നബി
തങ്ങളെ നിഷേധിച്ചവരെ നാം ശിക്ഷിക്കുക തന്നെ ചെയ്യുമെന്ന് അള്ളാഹു പറഞ്ഞുവല്ലോ.അതിനെ സ്ഥാപിച്ചു കൊണ്ട് മുൻ സമുദായങ്ങളിലേക്ക് ദൂതന്മാരെ തെളിവുകളുമായി അയച്ചതും അവർ നിഷേധിച്ചപ്പൊൾ അവരെ ശിക്ഷിച്ചതും വിശദീകരിച്ചു കൊണ്ട് തങ്ങളോട് അള്ളാഹു ചെയ്ത വാഗ്ദാനത്തെ ശക്തിപ്പെടുത്തുകയാണിവിടെ . മൂസാ നബിعليه السلامക്ക് നൽകിയിരുന്ന ദൃഷ്ടാന്തങ്ങൾ ഒമ്പതെണ്ണമുണ്ടായിരുന്നു.

ഇബ്‌നു കസീർ رحمة الله عليه എഴുതുന്നു “ഫറോവയുടെയും അവന്റെ മന്ത്രിമാർ, നായകർ, നേതാക്കൾ, അനുയായികൾ, ഖിബ്‌ഥികളിലും ഇസ്‌റയേല്യരിലുമുള്ള സാധാരണക്കാർ എന്നിവരിലേക്കെല്ലാമായി അള്ളാഹുവിനെ മാത്രം ആരാധിക്കണം അവനു പങ്കാളിയില്ല തന്നെ. അവനല്ലാത്ത ഒന്നിനെയും ദൈവമാക്കരുത്  എന്നിങ്ങനെയുള്ള സന്ദേശങ്ങളുമായി –പ്രകാശിക്കുന്ന  കൈയ്യും, അത്ഭുതം കാണിക്കുന്ന വടിയും, (ധിക്കാരം വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന) വെള്ളപ്പൊക്കവും,വെട്ടുകിളി ശല്യമെന്ന ശിക്ഷയും, പേൻ ശല്യവും, തവള ശല്യവും, രക്ത പരീക്ഷണവും, കൃഷി നാശവും, ആൾ നഷ്ടവും എന്നിങ്ങനെ ഒമ്പത് തെളിവുകൾ മൂസാ നബിعليه السلامക്കൊപ്പമുണ്ടായിരുന്നു (ഇബ്‌നു കസീർ)


(47)

فَلَمَّا جَاءهُم بِآيَاتِنَا إِذَا هُم مِّنْهَا يَضْحَكُونَ

അങ്ങനെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അദ്ദേഹം അവരുടെ അടുത്ത് ചെന്നപ്പോൾ അവരതാ അതിനെ പറ്റി ചിരിക്കുന്നുഇത്രയും വ്യക്തമായ തെളിവുകളുണ്ടായിട്ടും അവർ മൂസാനബിعليه السلامയെ വിശ്വസിക്കാൻ തയാറാവാതെ അഹങ്കരിക്കുകയും മൂസാ നബി عليه السلامകൊണ്ടുവന്ന തെളിവുകളെ   പരിഹസിച്ച് ചിരിക്കുകയും ചെയ്തു.അതാണ് ‘അവർ അതിനെ പറ്റി ചിരിക്കുന്നു’   എന്ന് പറഞ്ഞത്

ഇമാം ഥിബ്‌രി 
رحمة الله عليهഎഴുതുന്നു.നബി തങ്ങൾ പലതെളിവുകളും കാണിച്ചു കൊടുത്തപ്പോൾ തന്റെ നാട്ടുകാർ അതിനെ പരിഹസിച്ച് തള്ളിക്കളയുകയും നബിയെ നിഷേധിക്കുകയും ചെയ്തിരുന്നു.അതിൽ വിഷമിച്ച നബി തങ്ങളെ ആശ്വസിപ്പിക്കുകയാണ് അള്ളാഹു.അതായത് തെളിവുകളെ പരിഹസിക്കൽ മുമ്പും നടന്നിട്ടുണ്ട്.അപ്പോൾ നബിമാർ ക്ഷമിക്കുകയും ചെയ്തിട്ടുണ്ട് .ആ നിഷേധികൾക്ക് അള്ളാഹു ശിക്ഷയും നബിമാർക്ക് അന്തിമ വിജയവും   നൽകി.ഇതു പോലെ തങ്ങൾ ക്ഷമിക്കുക.പരിഹസിക്കുന്നവർക്ക് അർഹമായത് അള്ളാഹു നൽകും തങ്ങൾക്ക് അള്ളാഹു വിജയവും നൽകും(ഥബ്‌രി)


(48)

وَمَا نُرِيهِم مِّنْ آيَةٍ إِلَّا هِيَ أَكْبَرُ مِنْ أُخْتِهَا وَأَخَذْنَاهُم بِالْعَذَابِ لَعَلَّهُمْ يَرْجِعُونَ


അവർക്ക് നാം കാണിച്ചു കൊടുത്തിരുന്ന ഓരോദൃഷ്ടാന്തവും അതിന്റെ ഇണയേക്കാൾ വലിയതായിരുന്നു അവർ മടങ്ങേണ്ടതിനു വേണ്ടി പലതരം ശിക്ഷകൾ മുഖേന നാം അവരെ പിടിക്കുകയും ചെയ്തു


ഓരോതെളിവുകളും ആദ്യത്തിനേക്കാൾ വ്യക്തവും ശക്തവുമായി തന്നെ അള്ളാഹു അവർക്ക് കാണിച്ചു കൊടുത്തു.മൂസാനബി عليه السلامദൈവദൂതനാണെന്ന് കൂടുതൽ കൂടുതൽ ആ തെളിവുകൾ വ്യക്തമാക്കി പക്ഷെ.ഇതൊക്കെ ജാലവിദ്യയാണെന്ന് പറഞ്ഞ് തള്ളിക്കളയാനും പരിഹസിക്കാനും അവർ ശ്രമിച്ചു.നിഷേധത്തിൽ നിന്ന് മടങ്ങേണ്ടതിന്നായി ചില ശിക്ഷകൾ അവർക്ക് അള്ളാഹു നൽകി.വരൾച്ചയും കൃഷി നാശവുമൊക്കെ അതിന്റെ ഭാഗമായി അവർ അനുഭവിച്ചു.വെള്ളപ്പൊക്കവും വെട്ടുകിളി ശല്യവുമെല്ലാം അവരിലേക്ക് അവതരിപ്പിക്കപ്പെട്ടു.പക്ഷെ നിഷേധത്തിനു പലപ്പോഴും മാറ്റമുണ്ടായില്ല


(49)

وَقَالُوا يَا أَيُّهَا السَّاحِرُ ادْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ


അവർ പറഞ്ഞു. ഹേ ജാലവിദ്യക്കാരാ!  താങ്കളുടെ രക്ഷിതാവ് താങ്കൾക്ക് അറിയിച്ചു തന്നതനുസരിച്ച് ഞങ്ങൾക്ക് വേണ്ടി താങ്കളുടെ നാഥനോട് പ്രാർത്ഥിക്കുക നിശ്ചയം ഞങ്ങൾ നേർവഴി പ്രാപിക്കാം


ശിക്ഷ അവരെ വരിഞ്ഞു മുറുക്കുമ്പോൾ അതിൽ നിന്ന് രക്ഷ നേടാനായി അവർ മൂസാനബിعليه السلامയോട് പറയുന്നതാണ് ഈ സൂക്തത്തിൽ പറയുന്നത് .’താങ്കളുടെ രക്ഷിതാവ് അറിയിച്ചതനുസരിച്ച്, എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചാൽ അള്ളാഹു ശിക്ഷ ഒഴിവാക്കിത്തരുമെന്നാണല്ലോ നിങ്ങളെ അള്ളാഹു അറിയിച്ചിട്ടുള്ളത് അതിനാൽ ഞങ്ങളെ രക്ഷപ്പെടുത്താൻ-ഈ ശിക്ഷ ഒഴിവാക്കാൻ അങ്ങ് പ്രാർത്ഥിക്കണം.ഞങ്ങൾ സത്യ വിശ്വാസം സ്വീകരിക്കാൻ തയാറാണ് എന്ന് അവർ പറഞ്ഞു.

ഇവിടെ സാഹിർ എന്നതിനു ഹേ മഹാ പണ്ഡിതാ!എന്നും വ്യാഖ്യാനമുണ്ട്.പണ്ഡിതന്മാരെ സാഹിർ എന്ന് പ്രയോഗിക്കൽ അവരിൽ പതിവുണ്ടായിരുന്നു എന്നും ഈ സാഹിറേ! എന്ന വിളി ബഹുമാന പുരസ്സരം തന്നെയായിരുന്നുവെന്നും ഇബ്‌നു കസീറും മറ്റും വിശദീകരിച്ചിട്ടുണ്ട്.ഓരോ ശിക്ഷ വരുമ്പോഴുമുള്ള അവരുടെ കുമ്പസാരമായിരുന്നു ഇത്.എന്നാൽ മൂസാ നബിعليه السلامപ്രാർത്ഥിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടാൽ വീണ്ടും അവർ നിഷേധ നിലപാട് തന്നെ തുടരുകയായിരുന്നു ചെയ്തിരുന്നത് (ബഗ്‌വി)


(50)
فَلَمَّا كَشَفْنَا عَنْهُمُ الْعَذَابَ إِذَا هُمْ يَنكُثُونَ


അങ്ങനെ അവരിൽ നിന്ന്  നാം ശിക്ഷ അകറ്റിയപ്പോൾ അവരതാ കരാർ ലംഘനം ചെയ്യുന്നു

ശിക്ഷ ഒഴിവാക്കിയാൽ ഞങ്ങൾ വിശ്വസിക്കാം എന്ന വാഗ്ദാനം അവർ ലംഘിക്കുന്നു എന്ന് സാരം

(51)


وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الْأَنْهَارُ تَجْرِي مِن تَحْتِي أَفَلَا تُبْصِرُونَ


ഫറോവ തന്റെ ജനതയോട് വിളിച്ച് ചോദിച്ചു ഹേ !എന്റെ ജനങ്ങളേ! ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികൾ ഒഴുകുന്നത് എന്റെ താഴ് ഭാഗത്തുകൂടിയല്ലേ? അപ്പോൾ ഇതെല്ലാം നിങ്ങൾ കണ്ട് മനസ്സിലാക്കുന്നില്ലേ?

മൂസാ നബിعليه السلامയിൽ നിന്ന് പ്രകടമാകുന്ന അത്ഭുത സിദ്ധികൾ ജനങ്ങൾ വിശ്വസിച്ചേക്കുമോ എന്ന് ഫറോവക്ക് ഭയം തോന്നിയപ്പോൾ ജന മനസ്സിൽ മൂസാ നബിعليه السلامയോട് അവജ്ഞയും തന്നോട് മതിപ്പുമുണ്ടാക്കാനായി ഫറോവ നടത്തുന്ന ഒരു ചെപ്പടി വിദ്യയാണിവിടെ വിശദീകരിക്കുന്നത്.അതായത് ഈജിപ്ത് ഭരിക്കുന്നത് ഞാൻ! നൈൽ നദിയും മറ്റു ഉപനദികളും ഒഴുകുന്നത് എന്റെ നിർദ്ദേശാനുസരണം എന്റെ കൊട്ടാരത്തിന്റെ താഴ് ഭാഗത്തു കൂടി. അതേ സമയം മൂസാനബിക്കോ ഇസ്‌റയേല്യർക്കോ വല്ല സാമ്പത്തിക ഭദ്രതയുമുണ്ടോ?ഇത് ചിന്തിച്ചാൽ തന്നെ മൂസാനബിയേക്കാൾ ഞാനാണ് മഹാൻ എന്ന് മനസ്സിലാകുമല്ലോ എന്ന് ഫറോവ വാദിക്കുന്നു. തന്റെ ജനതയെ ആ വഴിക്ക് ചിന്തിപ്പിച്ച് ഭൌതിക പ്രൌഡിയുടെ ബലത്തിൽ പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമം!


(52)

أَمْ أَنَا خَيْرٌ مِّنْ هَذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ

അഥവാ അധമനും വ്യക്തമായി സംസാരിച്ചേക്കാത്തവരുമായ മൂസാനബിയേക്കാൾ ഉത്തമൻ ഞാനാകുന്നു (ഇതും നിങ്ങൾ കണ്ട് മനസ്സിലാക്കുന്നില്ലേ?)നിങ്ങൾ മൂസാനബിعليه السلامയെ പരിഗണിക്കരുത് കാരണം അദ്ദേഹത്തിനു സാമ്പത്തിക ശേഷിയില്ല.അദ്ദേഹം സരസമായി സംസാരിക്കുന്ന ആളുമല്ല.അത് കൊണ്ട് നിങ്ങൾ എന്നെയാണ് സ്വീകരിക്കേണ്ടത് എന്ന് ഫറോവ വാദിച്ചു.സരസമായി സംസാരിക്കില്ല എന്ന് പറഞ്ഞത് ഫറോവയുടെ ദുർവ്യാഖ്യാനമാണ്.ചെറുപ്രായത്തിൽ നാവിൽ തീക്കനൽ വെച്ച കാരണത്താൽ സംസാരത്തിന്റെ ഒഴുക്ക് കുറവുണ്ടായിരുന്നുവെങ്കിലും ആശയം സമർത്ഥിക്കുന്നതിനോ ശ്രോദ്ധാക്കൾക്ക് അത് മനസ്സിലാക്കി കൊടുക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ല.ഉള്ള ചെറിയ പ്രയാസം തന്നെ നീക്കാൻ അള്ളാഹുവോട് ദുആ ചെയ്ത്  അത് പരിഹരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുക്ഷ്മമായ വിശകലനം.ഫറോവ പക്ഷെ ഇത് പറയുന്നത് മൂസാനബിയിൽ നിന്ന് ജനങ്ങളെ തന്നിലേക്ക് ആകർഷിക്കാനുള്ള വേലയായാണ്.സത്യത്തിൽ മൂസാ നബിعليه السلام ശ്രേഷ്ടനും സത്യ സന്ധനും ഗുണവാനും കാര്യബോധമുള്ളവരുമാണ്.ഫറോവയാകട്ടെ അഹങ്കാരിയും ബോഷനും നുണയനുമാണ്

ഇവിടെ ഇമാം റാസി 
رحمة الله عليهഎഴുതുന്നു.മൂസാ നബി عليه السلامഅവർക്ക് തന്റെ സംസാരം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും വിധം തന്റെ നാവിന്റെ കെട്ട് അഴിച്ചു തരണമെന്ന് അള്ളാഹുവോട് പ്രാർത്ഥിക്കുകയും ആവശ്യം ഞാൻ അംഗീകരിച്ചു എന്ന് അള്ളാഹു പറയുകയും ചെയ്തു എന്ന് ഇരുപതാം അദ്ധ്യായം സൂറത്ത് 'താഹാ' യുടെ 27/28 സൂക്തങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ? ആസ്ഥിതിക്ക് മൂസാ നബിعليه السلامക്ക് വ്യക്തമായി സംസാരിക്കാൻ കഴിയില്ല എന്ന ഫറോവയുടെ ആരോപണം അസത്യമല്ലേ? എന്ന ചോദ്യം പ്രസക്തമാണ്.ഇതിനു രണ്ട് രൂപത്തിൽ മറുപടി പറയാം (ഒന്ന്) വ്യക്തമായി സംസാരിക്കില്ല എന്ന് ഫറോവ പറഞ്ഞതിന്റെ ഉദ്ധേശ്യം തന്റെ വാദം സ്ഥാപിക്കാൻ കഴിയില്ല എന്നാണ് അല്ലാതെ സംസാര ശേഷി ഇല്ല എന്ന അർത്ഥത്തിലല്ല

(രണ്ട്) മൂസാ നബി
عليه السلام പണ്ട് ഫറോവയുടെ അടുത്തുണ്ടായിരുന്നപ്പോഴുള്ള അതേ പ്രശ്നം ഇപ്പോഴുമുണ്ടെന്ന് അവൻ ധരിച്ചു.മൂസാ നബി ദുആ ചെയ്തതും അള്ളാഹു അത് സ്വീകരിച്ചതും അവൻ അറിഞ്ഞിരുന്നില്ല.ആ നിലക്ക് അവന്റെ ഊഹം വെച്ച് അവൻ പറഞ്ഞതാണ് അത് ശരിയല്ല.മൂസാ നബിക്ക് ഒരു കുഴപ്പവുമില്ല  (റാസി)


(53)

فَلَوْلَا أُلْقِيَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَاء مَعَهُ الْمَلَائِكَةُ مُقْتَرِنِينَ


എന്നാൽ (ഈ നബി പറയുന്നത് സത്യമാണെങ്കിൽ) ഈ നബിക്ക് സ്വർണത്തി
ന്റെ  വളകൾ അണിയിക്കപ്പെടാത്തത് എന്ത് കൊണ്ട്? അല്ലെങ്കിൽ ഈ നബിയോടൊന്നിച്ച് കൂട്ടം ചേർന്ന് കൊണ്ട് മലക്കുകൾ വരാത്തതെന്ത് കൊണ്ട്?


നേതൃ സ്ഥാനത്ത് വരുന്നവർക്ക് സ്വർണ വളകൾ അണിയിക്കുന്നത് ഒരു നേതാവിന്റെ അടയാളമായി അവർ കണ്ടിരുന്നു.അപ്പോൾ മൂസാനബിعليه السلامയെ എതിർക്കാൻ ഫറോവ മുന്നോട്ട് വെക്കുന്ന ഒരു ദുർബലമായ വാദഗതിയാണിത്.ഇദ്ദേഹം നബിയാണെങ്കിൽ എന്ത് കൊണ്ട് സ്വർണ വളകൾ അണിയിക്കപ്പെട്ടില്ല.അല്ലെങ്കിൽ ഈ നബിയെ സാക്ഷ്യപ്പെടുത്തി മലക്കുകളുടെ രംഗ പ്രവേശനമുണ്ടായില്ല? വാസ്തവത്തിൽ ഈ വാദങ്ങളൊന്നും നില നിൽക്കുന്നതല്ല. കാരണം സ്വർണ വളകൾ അണിയിച്ച് ആദരിക്കുക എന്നത് ഭൌതിക രാജ രീതിയാണ്.പ്രവാചകന്മാർ അങ്ങനെയല്ല ആദരിക്കപ്പെടുന്നത്.അമാനുഷിക സിദ്ധികൾ നൽകിക്കൊണ്ടാണ് അത് മൂസാ നബിക്ക് ധാരാളമായി അള്ളാഹു നൽകുകയും ചെയ്തിട്ടുണ്ട്.അതിനു മുന്നിൽ പതറിയ ഫറോവയുടെ വെപ്രാളമാണ് വാസ്തവത്തിൽ ഈ വാദഗതികൾ.രണ്ടാമതായി മലക്കുകൾ മൂസാ നബിعليه السلامയെ സാക്ഷ്യപ്പെടുത്തി വരിക എന്നത് ഇവർക്ക് മനസ്സിലാകണമെങ്കിൽ മനുഷ്യരൂപത്തിൽ വരണമല്ലോ അപ്പോൾ ആ വന്നത് മലക്കുകളാണെന്ന് ഇവരെങ്ങനെ മനസിലാക്കും.അതിനാൽ അതും വൃഥാ വർത്തമാനം തന്നെ

(54)

فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ

അങ്ങനെ ഫറോവ തന്റെ ജനതയെ വിഢ്ഢികളാക്കി .അതിനാൽ അവർ അവനെ അനുസരിച്ചു .അവർ തമ്മാടികളായ ഒരു ജനത തന്നെയായിരുന്നു


ഫറോവ ഉന്നയിച്ച ഈ ബാലിശമായ വാദങ്ങൾ സ്വീകരിക്കുക വഴി ആ ജനത വിഡ്ഡികളായി മാറി.അവരെ ഫറോവ നന്നായി കപളിപ്പിച്ചു.അവർസത്യവുമായി വന്ന  മൂസാ നബിعليه السلامയെ നിഷേധിക്കുകയും കള്ളനായ ഫറോവയെ സ്വീകരിക്കുകയും ചെയ്യുക വഴി വലിയ അക്രമികളായി മാറി.അതായത് ക്ഷണികമായ ഭൌതിക നേട്ടങ്ങളെ മഹത്വമായി വാദിച്ച ഫറോവയെ അനുസരിക്കുകയും ദൈവിക സഹായം നൽകപ്പെട്ട മൂസാ നബിعليه السلامയുടെ പ്രത്യേകത തള്ളിക്കളയുകയും ചെയ്തത് മഹാ പാതകമാണ്.ചിന്താ ശേഷിയുള്ളവരുടെ ശൈലിയല്ല അത്.  മറിച്ച് വിഢ്ഢികളുടെ സ്വഭാവമാണത്


(55)

فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ

അങ്ങനെ അവർ നമ്മെ പ്രകോപിപ്പിച്ചപ്പോൾ അവരെ നാം ശിക്ഷിച്ചു.അങ്ങനെ അവരെയെല്ലാം നാം വെള്ളത്തിൽ മുക്കി നശിപ്പിച്ചു


അള്ളാഹുവിന്റെ ഇഷ്ട ദാസനായ മൂസാനബിعليه السلامയെ വേദനിപ്പിക്കുക വഴി അള്ളാഹുവിനെ അവർ ദേഷ്യം പിടിപ്പിച്ചപ്പോൾ അള്ളാഹു അവരെ ചെങ്കടലിൽ മുക്കി നശിപ്പിച്ചു . അള്ളാഹുവിന്റെ ഇഷ്ടദാസന്മാരെ പരിഹസിക്കുന്നതും ഇകഴ്ത്തുന്നതുമെല്ലാം അള്ളാഹുവിന്റെ അതൃപ്തിക്ക് കാരണാമാകുന്ന മഹാ തിന്മകളാണ്.ഇത് ശ്രദ്ധിക്കാത്തവർ ആത്മീയ നാശം സംഭവിച്ചവരും അനന്തമായ പരാചയം ഏറ്റു വാങ്ങുന്നവരുമാണ് അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ


(56)

فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِلْآخِرِينَ

അങ്ങനെ അവരെ നാം ഒരു മുൻ മാതൃകയും പിന്നീട് വരുന്നവർക്ക് ഒരു ഉപമയും ആക്കി

സത്യത്തെ നിരാകരിച്ച് നാശമടയുന്നവർക്കെല്ലാം ഇവർ മാതൃകയാവുകയും ഇനി വരാനിരിക്കുന്നവർക്ക് സത്യനിഷേധികളെ കാത്തിരിക്കുന്ന ദുരന്തമോർമപ്പെടുത്താനുള്ള ഒരു പാഠവുമാക്കി.ആ പാഠമുൾക്കൊള്ളാൻ തയാറാവാതെ നബി
 തങ്ങളുടെ സാമ്പത്തിക ശേഷിയില്ലായ്മയെ പ്രവാചകത്വത്തിനുള്ള അയോഗ്യതായി അവതരിപ്പിച്ച മക്കക്കാർ ഫറോവയിൽ നിന്നും അവന്റെ ചിന്തയില്ലാത്ത അനുയായികളിൽ നിന്നും ഒട്ടും ഭിന്നരല്ല എന്ന് അള്ളാഹു ഉണർത്തുകയാണ്.അള്ളാഹു സത്യമുൾക്കൊള്ളാൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

(തുടരും)ഇൻശാ അള്ളാഹ്


പ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين


സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.com

No comments: