Friday, April 6, 2018

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | ഭാഗം-05


അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89
بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നുസുഖ്‌റുഫ്’ എന്നാൽ സ്വർണം.  ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണംഅള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾഅറബികളുടെ സത്യ നിഷേധംപൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾപരലോക ശിക്ഷകൾപരലോക നേട്ടങ്ങൾമൂസാ നബിعليه السلامയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട്

ഭാഗം-01  >>
ഭാഗം-02  >>
ഭാഗം-03  >> 

ഭാഗം-04   >>

ഭാഗം-05 ( 36 to 45 )

(36)


وَمَن يَعْشُ عَن ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ

മഹാ കാരുണ്യവാനായ അള്ളാഹുവിന്റെ സ്മരണ വിട്ട്  വല്ലവനും തിരിഞ്ഞു കളയുന്ന പക്ഷം അവന്  ഒരു പിശാചിനെ നാം ഏർപ്പെടുത്തിക്കൊടുക്കും അപ്പോൾ ആ പിശാച് അവന്റെ കൂട്ടുകാരൻ ആയിരിക്കുന്നതാണ്

അള്ളാഹുവിനെ തീരെ സ്മരിക്കാത്തവരുടെ കൂട്ടുകാരൻ പിശാചായിരിക്കും.പിശാച് മനുഷ്യനെ ദുർമാർഗത്തിലേക്ക് നയിക്കുകയും അവന്റെ എല്ല ദുർവൃത്തിയും അവനു ഭംഗിയാക്കി കാണിക്കുകയും ചെയ്യും .അള്ളാഹുവിന്റെ അനുഗ്രഹം ഓർക്കാത്ത അവന്റെ ശിക്ഷയെ ഭയപ്പെടാത്തവരാണ് അള്ളാഹുവിന്റെ സ്മരണ വിട്ട് തിരിഞ്ഞു കളഞ്ഞവൻ(37)

وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ

നിശ്ചയം ആ പിശാചുക്കൾ അവരെ നേർമാർഗത്തിൽ നിന്ന് തടയുകയും തങ്ങൾ നേർമാർഗം പ്രാപിച്ചവരാണെന്ന് അവർ ധരിക്കുകയും ചെയ്യും

കൂട്ടാളിയായ ആ പിശാച് നേർമാർഗത്തിൽ നിന്ന് ഇവരെ തടയുകയും നിഷേധത്തെ ഭംഗിയാക്കി കാണിക്കുകയും അവർ നിഷേധത്തിൽ മൂടുറച്ച് പോവുകയും ചെയ്യും.എന്നിട്ടും ഞങ്ങൾ ഈ ചെയ്യുന്നത് ശരിയായ നിലപാടാണെന്ന് അവർ സ്വയം ആശ്വസിക്കുകയും ചെയ്യും


(38)

حَتَّى إِذَا جَاءنَا قَالَ يَا لَيْتَ بَيْنِي وَبَيْنَكَ بُعْدَ الْمَشْرِقَيْنِ فَبِئْسَ الْقَرِينُ


അങ്ങനെ നമ്മുടെ അടുക്കൽ വരുമ്പോൾ (തന്റെ കൂട്ടാളിയോട്) അവൻ പറയും എന്റെയും നിൻറ്റെയും ഇടയിൽ ഉദയാസ്തമന സ്ഥാനങ്ങളുടെ ഇടയിലുള്ള അത്ര ദൂരമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ! അപ്പോൾ ആ കൂട്ടുകാരൻ വളരെ ചീത്ത


ഇങ്ങനെ മനുഷ്യനെ വഴിതെറ്റിച്ച പിശാചും അവന്റെ കൂട്ടാളിയായ മനുഷ്യനും പുനർജന്മ സമയം ഒരുമിച്ചു കൂടുമ്പോഴാണ് ഈ സൂക്തത്തിൽ പറഞ്ഞ ആത്മഗതം. നാം തമ്മിൽ ഒരുമിച്ചു കൂടാതെ പരസ്പരം കണ്ടു മുട്ടാനാവാത്ത വിധം അകലമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു .വഴിതെറ്റിയെന്നും അപകടത്തിലാണെന്നും ബോദ്ധ്യപ്പെടുമ്പോൾ ഈ കൂട്ടാളികൾ പരസ്പരം ശത്രുക്കളാകുന്ന അതി ദയനീയ കാഴ്ചയാണിത്.ഇമാം ഖുർതുബി رحمة الله عليهഎഴുതുന്നു.അബൂ സഈദിൽ ഖുദ്‌രീ رضي الله عنهപറയുന്നു അവിശ്വാസിയെ പുനർജനിപ്പിക്കപ്പെട്ടാൽ അവന്റെ കൂട്ടാളിയായ പിശാചിനെ കൂടെ ചേർക്കപ്പെടുകയും രണ്ട് പേരും ഒന്നിച്ച് നരകത്തിലെത്തുകയും ചെയ്യും(ഖുർതുബി)

ഇബ്‌നു കസീർ
رحمة الله عليه എഴുതുന്നു “ഭൂമിയിൽ ഒരാൾ പ്രയാസത്തിലാകുമ്പോൾ കൂടെ വിഷമിക്കാൻ ഒരാളുണ്ടാവുന്നത് ആശ്വാസമാണ് നൽകുക.എന്നാൽ പരലോകത്ത് ഈ കൂട്ടുകാർക്ക് ആ ആശ്വാസം പോലും ലഭിക്കില.ഓരോരുത്തരും അവർ അനുഭവിക്കുന്ന ശിക്ഷയുടെ കാഠിന്യത്തിൽ മുഴുകുമ്പോൾ മറ്റുള്ളവരെ എങ്ങനെ ആശ്വസിപ്പിക്കാനാണ്?

(39)


وَلَن يَنفَعَكُمُ الْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِي الْعَذَابِ مُشْتَرِكُونَ


(അന്നേരം അള്ളാഹു പറയും) നിങ്ങളുടെ ആഗ്രഹം ഇന്ന്-നിങ്ങളുടെ അക്രമം വ്യക്തമായ ഈ സന്ദർഭത്തിൽ- നിങ്ങൾക്ക് ഉപകാരം ചെയ്യുന്നതല്ല തന്നെ. കാരണം  നിങ്ങൾ ഇരു കൂട്ടരും ശിക്ഷയിൽ പങ്കുകാരാണ്

നിങ്ങൾ ഭൂമിയിൽ വെച്ച് ശിർക്ക് ചെയ്തകാരണത്താൽ നിങ്ങൾക്കിടയിൽ ദൂരമുണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം നടക്കില്ല.നിങ്ങൾക്ക് രണ്ടുപേർക്കും മികച്ച ശിക്ഷ തന്നെ ഇവിടെ ലഭിക്കും


(40)

أَفَأَنتَ تُسْمِعُ الصُّمَّ أَوْ تَهْدِي الْعُمْيَ وَمَن كَانَ فِي ضَلَالٍ مُّبِينٍ


എന്നാൽ (നബിയേ) ബധിരന്മാരെ തങ്ങൾ കേൾപ്പിക്കുമോ?അല്ലെങ്കിൽ അന്ധന്മാരെയും വ്യക്തമായ ദുർമാർഗത്തിലായവരെയും തങ്ങൾ നേർമാർഗത്തിലാക്കുമോ?

സത്യം കേൾക്കാനും കാണാനും സന്മനസ്സ് കാണിക്കാത്തവരെ നേർമാർഗത്തിൽആക്കാൻ തങ്ങൾക്ക് സാധിക്കില്ല.അത് തങ്ങളുടെ ജോലിയുമല്ല.പ്രബോധനം ചെയ്യലും സന്ദേശം കൈമാറലും മാത്രമേ തങ്ങൾ ചെയ്യേണ്ടതുള്ളൂ.അത് തങ്ങൾ കൃത്യമായി നിർവഹിച്ച സ്ഥിതിക്ക് അവർ നേർമാർഗം സ്വീകരിക്കാത്തതിന്റെ പേരിൽ തങ്ങൾക്ക് വിഷമമുണ്ടാവേണ്ടതില്ല എന്ന് നബിയെ ആശ്വസിപ്പിച്ചതാണിവിടെ (ഖുർതുബി)


(41)

فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ


ഇനി (ഇവിടെ നിന്ന് മരണം മുഖേന) തങ്ങളെ നാം കൊണ്ട് പോയെങ്കിൽ അവരിൽ നിന്ന് നാം ശിക്ഷാ നടപടികൾ എടുക്കുക തന്നെ ചെയ്യുന്നതാണ്


തങ്ങളെ കഷ്ടപ്പെടുത്തിയ നിഷേധികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിനു മുമ്പ് തങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞാലും അക്രമികളെ നാം പിടികൂടുക തന്നെ ചെയ്യും (ബഗ്‌വി)

മക്കയിൽ നിന്ന് തങ്ങൾ പോയാലും അക്രമികളെ നാം വെറുതെ വിടില്ല എന്നാണ് ഖുർതുബിرحمة الله عليه ഇവിടെ വിശദീകരിച്ചത്


(42)
أَوْ نُرِيَنَّكَ الَّذِي وَعَدْنَاهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ


അല്ലെങ്കിൽ അവരോട് നാം താക്കീത് ചെയ്ത ശിക്ഷ തങ്ങൾക്ക് നാം കാണി
ച്ചു  തരികയാണെങ്കിൽ അതിനും അവരുടെ മേൽ നാം കഴിവുള്ളവരാകുന്നു


ആ ധിക്കാരികൾക്കുള്ള ശിക്ഷ തങ്ങൾക്ക് നേരിട്ട് കാണിച്ച് തരാനും നമുക്ക് സാധിക്കും.ബദ്‌റിലും മറ്റും അത് സംഭവിക്കുകയും ചെയ്തു (ഖുർതുബി)


(43)

فَاسْتَمْسِكْ بِالَّذِي أُوحِيَ إِلَيْكَ إِنَّكَ عَلَى صِرَاطٍ مُّسْتَقِيمٍ


അതിനാൽ തങ്ങൾക്ക് ബോധനം നൽകപ്പെട്ടിട്ടുള്ളതിനെ തങ്ങൾ മുറുകെ പിടിക്കുക തീർച്ചയായും തങ്ങൾ നേർമാർഗത്തിൽ തന്നെയാകുന്നു


തങ്ങൾക്ക് അവതരിപ്പിക്കപ്പെട്ട ഖുർആനിക സന്ദേശങ്ങൾ അങ്ങ് മുറുകെ പിടിക്കുക .കാരണം അത് സത്യമാണ് നേർമാർഗത്തിലേക്കും അതിലൂടെ സ്വർഗത്തിലേക്കും സാശ്വത സന്തോഷത്തിലേക്കും തങ്ങളെ അള്ളാ‍ഹു എത്തിക്കുന്നതാണ്


(44)
وَإِنَّهُ لَذِكْرٌ لَّكَ وَلِقَوْمِكَ وَسَوْفَ تُسْأَلُونَ


ഇത് (ഖുർആൻ) തങ്ങൾക്കും തങ്ങളുടെ ജനതക്കും ഒരു കീർത്തി തന്നെയാകുന്നു തീർച്ച നിങ്ങളോട് ചോദിക്കപ്പെടുകയും ചെയ്യും


ഖുർആൻ അറബി ഭാഷയിലായത് തങ്ങൾക്കും നാട്ടുകാർക്കും ഒരു ബഹുമതി തന്നെയാണ് എന്ന് സാരം.തങ്ങൾക്കും നാട്ടുകാർക്കും ഉൽബോധനമാണ് എന്നും വ്യാഖ്യാനമുണ്ട്.തങ്ങൾക്കും നാട്ടുകാർക്കും എന്ന് പറഞ്ഞത് കൊണ്ട് മറ്റുള്ളവർക്ക് ഖുർആൻ ബാധകമല്ലെന്ന് ഉദ്ദേശ്യമില്ല.ഖുർആൻ എല്ലാവർക്കുമുള്ളത് തന്നെയാണ്.ആ ഖുർആൻ അനുസരിച്ച് നിങ്ങൾ എങ്ങനെയൊക്കെ പ്രവർത്തിച്ചു എന്ന് പരലോകത്ത് ചോദിക്കപ്പെടുകയും ചെയ്യും (ഇബ്‌നു കസീർ)

തങ്ങളുടെ ജനത എന്നതിന് തങ്ങളെ പിന്തുടർന്നവർ (നാട്ടുകാരായാലും അല്ലെങ്കിലും) എന്നും വ്യാഖ്യാനമുണ്ട് (ഖുർതുബി)(45)

وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا أَجَعَلْنَا مِن دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ


തങ്ങൾക്ക് മുമ്പ് നമ്മുടെ റസൂലുകളായി നാം അയച്ചിട്ടുള്ളവരോട് തങ്ങൾ ചോദിച്ചു നോക്കുക മഹാ കാരുണ്യവാനായ അള്ളാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന വല്ല ആരാദ്ധ്യന്മാരെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്


നബി യുടെ ഇസ്‌റാഅ് യാത്രയിൽ ബൈത്തുൽ മുഖദ്ദസിലെ മസ്‌ജിദുൽ അഖ്‌സായിൽ വെച്ച് എല്ലാ നബിമാർക്കും ഇമാമായി നബി നിസ്ക്കരിച്ച ശേഷമാണ് ഈ സംഭവം.മുൻ കഴിഞ്ഞ ഏതെങ്കിലും നബിമാരെ അള്ളാഹുവിനു പുറമേ വല്ല ദൈവങ്ങളെയും ആരാധിക്കണമെന്ന കല്പനയുമായി അയക്കപ്പെട്ടിരുന്നോ എന്ന അറിവിന്റെ സഹായം ചോദിക്കാനാണ് കല്പന.നബി ചോദിച്ചില്ല.എനിക്ക് ആ വിഷയത്തിൽ സംശയമില്ല എന്ന് പറഞ്ഞു എന്നും അള്ളാഹു കല്പിച്ച സ്ഥിതിക്ക് ആ കല്പനക്ക് വഴങ്ങി നബിമാരോട് ചോദിച്ചുവെന്നും ഞങ്ങളെല്ലാം അയക്കപ്പെട്ടത് ആരാധനക്കർഹൻ അള്ളാഹു മാത്രം എന്ന് പഠിപ്പിക്കാനാണെന്ന് അവർ മറുപടി പറഞ്ഞു എന്നും ഇമാം ഖുർതുബിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.(മരണപ്പെട്ടവരോട് ഒന്നും ചോദിച്ചു കൂടാ എന്ന് പറയുന്നവർ ഈ സൂക്തം ശരിയായി ചിന്തിക്കേണ്ടിയിരിക്കുന്നു)

അള്ളാഹു നല്ലതുൾക്കൊള്ളാൻ നമ്മെ തുണക്കട്ടെ ആമീൻ

(തുടരും)
ഇൻശാ അള്ളാഹ്

പ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين


സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.comNo comments: