Friday, March 9, 2018

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | ഭാഗം-04


അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89



بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



സുഖ്‌റുഫ്’ എന്നാൽ സ്വർണം.  ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണംഅള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾഅറബികളുടെ സത്യ നിഷേധംപൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾപരലോക ശിക്ഷകൾപരലോക നേട്ടങ്ങൾമൂസാ നബിعليه السلامയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട്

ഭാഗം-01  >>
ഭാഗം-02  >>
ഭാഗം-03  >> 



ഭാഗം-04 ( from 26 to 35 )


(26)

وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاء مِّمَّا تَعْبُدُونَ

നിങ്ങൾ ആരാധിക്കുന്ന വസ്തുക്കളിൽ നിന്ന് ഞാൻ തീർച്ചയായും ഒഴിവായവനാണ് എന്ന് ഇബ്‌റാഹീം നബി 
عليه السلامതന്റെ പിതൃവ്യനോടും , ജനതയോടും പറഞ്ഞ സന്ദർഭം (ഓർക്കുക)

ഖുർആനിന്റെ പ്രഥമ സംബോധിതരായ ഖുറൈശികൾ തങ്ങളുടെ പിതാവായും ആദരണീയനായും അവകാശപ്പെട്ടിരുന്ന ഇബ്‌റാഹീം നബിعليه السلام ബിംബാരാധകരായ തന്റെ പിതൃവ്യൻ ആസറിനെയും തന്റെ ജനതയെയും തന്റെ നിലപാട് കൊണ്ട് തള്ളിക്കളയുകയാണ് ,അതായത് അള്ളാഹുവിനു പുറമെയുള്ള നിങ്ങളുടെ ആരാദ്ധ്യ വസ്തുക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം പറഞ്ഞു.പൂർവീകരെ മാതൃകയാക്കിയാണ് ഞങ്ങൾ ബിംബാരാധന നടത്തുന്നതെന്ന് പറയുന്ന മക്കക്കാർക്കുള്ള വ്യക്തമായ ഘണ്ഡനമാണിത്.അതായത് നിങ്ങൾ പൂർവീകരെ പിന്തുടരുന്നു എന്ന് പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നിങ്ങൾക്കെല്ലാം സമാദരണീയനാണെന്ന് നിങ്ങൾ പറയുന്ന-നിങ്ങളുടെ പൂർവ പിതാവായ- ഇബ്‌റാഹീം നബി عليه السلامയെ പിന്തുടർന്ന് കൂടേ?  അദ്ദേഹം ബിംബാരാധനയിൽ മൂടുറച്ച് പോയ തന്റെ പിതൃവ്യനോടും നാട്ടുകാരോടും നിങ്ങൾ ആരാധിക്കുന്ന ബിംബങ്ങളുമായി എനിക്ക് ബന്ധമില്ലെന്നും ശൂന്യതയിൽ നിന്ന് എനിക്ക് അസ്തിത്വം നൽകിയ അള്ളാഹുവിനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ എന്ന് പറയുകയും ചെയ്തിട്ടുണ്ടല്ലോ.അതിന്റെ പേരിൽ ക്രൂരമായ പീഢനത്തിനും പച്ചക്ക് കത്തിക്കാനും വരെ അവർ ശ്രമിച്ചതും വീട്ടിൽ നിന്ന് പുറത്താക്കിയതുമെല്ലാം പ്രസിദ്ധമല്ലെ?ഇത്രയും മാതൃകാ യോഗ്യനായ ഒരു പിതാവിനെ തള്ളി ബിംബാരാധനയെ നെഞ്ചേറ്റാൻ എന്ത് തെളിവാണ് നിങ്ങളുടെ മുന്നിലുള്ളത് എന്നൊക്കെയാണിതിന്റെ സാരം


(27)

إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ

എന്നെ സൃഷ്ടിച്ചവൻ ഒഴികെ.കാരണം അവൻ എന്നെ നേർമാർഗത്തിലാക്കുക തന്നെ ചെയ്യുന്നതാണ്

എന്നെ സൃഷ്ടിച്ച അള്ളാഹുവിനെ മാത്രമേ ഞാൻ ആരാധിക്കൂ .അവൻ എന്നെ സന്മാർഗത്തിലാക്കുക തന്നെ ചെയ്യുന്നുണ്ട്.അള്ളാഹുവിലുള്ള കറകളഞ്ഞ വിശ്വാസവും ഉറപ്പുമാണീ വാക്കുകളിൽ പ്രകടമാകുന്നത് .സന്മാർഗത്തിലേക്ക് നയിക്കുന്നത് അള്ളാഹുവാണെന്ന് തന്റെ ജനതയെ ഓർമ്മിപ്പിക്കുക കൂടിയാണിതിലൂടെ (ഖുർതുബി)


(28)
وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ


അദ്ദേഹം അത് (ആ വാക്യം) തന്റെ സന്തതികളിൽ അവശേഷിക്കുന്ന ഒരു വാക്യമാക്കി. അവർ (അതിലേക്ക്) മടങ്ങുവാൻ വേണ്ടി

ആരാധ്യൻ അള്ളാഹു മാത്രം എന്ന ആശയമുൾക്കൊള്ളുന്ന ലാഇലാഹ ഇല്ലള്ളാഹ്‘ എന്നതാണ് ആ വാക്യം. അത് തന്റെ പിൻതലമുറയിലും സന്താന പരമ്പരയിലും നിലനിൽക്കണമെന്നും  ആ സത്യത്തിലേക്ക് അവർ തിരികെ വരാനും അദ്ദേഹം ആഗ്രഹിച്ചു.തന്റെ സന്താന പരമ്പരയിൽ  ഈ സത്യം മുറുകെ പിടിക്കുന്നവരെ അള്ളാഹു യാഥാർത്ഥ്യമാക്കുക തന്നെ ചെയ്തു.ധാരാളം നബിമാർ പിന്നീട് തന്റെ മകൻ ഇസ്‌ഹാഖ് നബിعليه السلامയുടെ പരമ്പരയിലൂടെ ഈ സന്ദേശം പ്രചരിപ്പിച്ചു.ഇസ്‌മാഈൽ നബിعليه السلامയുടെ പരമ്പരയിൽ വന്ന നബി അന്ത്യനാൾ വരെ ഈ സന്ദേശം നിലനിൽക്കാൻ കാരണക്കാരായി
 

(29)
بَلْ مَتَّعْتُ هَؤُلَاء وَآبَاءهُمْ حَتَّى جَاءهُمُ الْحَقُّ وَرَسُولٌ مُّبِينٌ

എങ്കിലും ഈ കൂട്ടർക്കും ഇവരുടെ പിതാക്കൾക്കും ഞാൻ ജീവിത സുഖം നൽകി (അങ്ങനെ അവർ അതിൽ വ്യാപൃതരായി) അവർക്ക് സത്യവും (ഖുർആനും) സ്പഷ്ടമാക്കുന്ന ഒരു റസൂലും വരുന്നത് വരെ

അള്ളാഹു ഒരിക്കലും അംഗീകരിക്കാത്ത ശിർക്കിൽ മുഴുകിയിട്ടും അവരെ പെട്ടെന്ന് നശിപ്പിക്കും വിധം ശിക്ഷ നൽകാതെ വീണ്ടു വിചാരത്തിനുള്ള അവസരം അവർക്ക് അള്ളാഹു നൽകുകയും സത്യമായ ആശയങ്ങളെ പ്രകാശനം ചെയ്യുന്ന ഖുർആനും അത് വസ്തുതാപരമായി വിശദീകരിക്കുന്ന നബി യെയും അയച്ച് അള്ളാഹു അവർക്ക് ഉൽബോധനം നൽകുകയും ചെയ്തു.ആ നബിയെയും ഗ്രന്ഥത്തെയും വിശ്വസിക്കുകയും അത് അംഗീകരിക്കുകയുമായിരുന്നു  അവരുടെ കടമയെങ്കിലും അവർ അതിനെയെല്ലാം അവഗണിച്ചപ്പോൾ ചില തിരിച്ചടികളൊക്കെ അള്ളാഹു അവർക്ക് നൽകുകയുണ്ടായി


(30)
وَلَمَّا جَاءهُمُ الْحَقُّ قَالُوا هَذَا سِحْرٌ وَإِنَّا بِهِ كَافِرُونَ

സത്യം അവർക്ക് വന്ന് കിട്ടിയപ്പോൾ ഇതൊരു ജാലമാണ് നിശ്ചയം ഞങ്ങൾ ഇതിനെ നിഷേധിക്കുന്നു എന്നവർ പറയുകയാണ് ചെയ്തത്

വ്യക്തമായ സത്യം അവർ സ്വീകരിച്ചില്ലെന്ന് മാത്രമല്ല സത്യത്തെ നിഷേധിക്കുകയും ഞങ്ങൾ ഇത് അംഗീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും അതിനു കാരണമായി ഇത് അള്ളാഹുവിൽ നിന്നുള്ളതൊന്നുമല്ല മറിച്ച് മായാജാലമാണെന്ന് ആരോപിക്കുകയും ചെയ്തു അവർ


(31)
وَقَالُوا لَوْلَا نُزِّلَ هَذَا الْقُرْآنُ عَلَى رَجُلٍ مِّنَ الْقَرْيَتَيْنِ عَظِيمٍ

അവർ (ഇങ്ങനെ) ചോദിക്കുകയുമുണ്ടായി. ഈ ഖുർആൻ ഈ രണ്ടു നാടുകളിൽ ഏതെങ്കിലുമുള്ള മഹാനായ ഒരു പുരുഷന്റെ മേൽ എന്ത് കൊണ്ട് അവതരിപ്പിക്കപ്പെട്ടില്ല

ഇങ്ങനെയൊരു ഗ്രന്ഥം അള്ളാഹു അവതരിപ്പിക്കുകയായിരുന്നെങ്കിൽ അത് മക്കയിലെയൊ, ഥാഇഫിലെയൊ ഒരു നേതാവിനല്ലെയോ ഇറക്കേണ്ടിയിരുന്നത്  എന്ന് കൂടി അവർ ചോദിക്കുകയുണ്ടായി.വലീദു ബിൻ മുഗീറ: ഉർവത്തു ബിൻ മസ്‌ഊദ് അടക്കമുള്ള പല പേരുകകളും ഇതിന്റെ വിവക്ഷയിൽ അഭിപ്രായമുണ്ട്


(32)
أَهُمْ يَقْسِمُونَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ

(നബിയേ) അവരാണോ തങ്ങളുടെ രക്ഷിതാവിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്? ഐഹിക ജീവിതത്തിൽ അവരുടെ ജീവിത വിഭവങ്ങൾ അവർക്കിടയിൽ നാം തന്നെ ഭാഗിച്ചു കൊടുത്തിരിക്കുകയാണ് അവരിൽ ചിലരെ മറ്റു ചിലർക്കുമേൽ പല പടികൾ നാം ഉയർത്തി വെക്കുകയും ചെയ്തിരിക്കുന്നു.അവരിൽ ചിലർ മറ്റു ചിലരെ കീഴ്പെടുത്തിവെക്കുവാൻ വേണ്ടി.തങ്ങളുടെ രക്ഷിതാവിന്റെ കാരുണ്യം അവർ ശേഖരിക്കുന്നതിനേക്കാൾ എത്രയോ ഉത്തമമാകുന്നു

അവരാണോ അള്ളാഹുവിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത് എന്ന ചോദ്യത്തിന്റെ കാരണത്തെ സംബന്ധിച്ച് ഇമാം ഖുർതുബി പറയുന്നു "ഖുറൈശി പ്രമുഖൻ വലീദുബിൻ മുഗീറ:പറയുമായിരുന്നു.മുഹമ്മദ് നബി പറയുന്നത് സത്യമാണെങ്കിൽ ആ ഖുർആൻ അവതരിക്കേണ്ടത് എനിക്കോ ഥാഇഫിലെ അബൂമസ്‌ഊദ് അസ്സഖഫിക്കോ ആയിരുന്നു അപ്പോൾ അള്ളാഹു ചോദിച്ചതാണ് “അവരാണോ അള്ളാഹുവിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്“ എന്നാലല്ലേ അവർ നിശ്ചയിക്കുന്നിടത്ത് ആ കാരുണ്യം അവതരിപ്പിക്കുക.എന്നാൽ അവരുടെ ഐഹിക ജീവിതത്തിൽ പോലും അള്ളാഹുവാണ് അവർക്കിടയിൽ കാരുണ്യം ഭാഗിച്ചു നൽകുന്നത് അതിന്റെ അടിസ്ഥാനത്തിൽ അള്ളാഹു ഉദ്ദേശിച്ചവരെ ദരിദ്രരും അവനുദ്ദേശിച്ചവരെ ധനികരുമാക്കുന്നു.അപ്പോൾ കേവലം ഭൌതിക കാര്യങ്ങൾ പോലും ഭാഗിക്കുന്നത് അവരല്ലെന്ന് വരുമ്പോൾ നുബുവ്വത്ത് എന്ന ആ വലിയ കാര്യമെങ്ങനെ അവരുടെ താല്പര്യത്തിനനുസരിച്ച് അവരുദ്ദേശിക്കുന്നവർക്ക് നൽകും?അള്ളാഹു നുബുവ്വത്ത് എന്ന അനുഗ്രഹം അവനുദ്ദേശിക്കുന്നവർക്കാണ് നൽകുക-അവർ പറയുന്നവർക്കല്ല-എന്ന് ചുരുക്കം.

ഭൂമിയിൽ ചിലർ ധനികരായതും മറ്റു ചിലർ ദരിദ്രരായതും ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താനാണ്.കാരണം കീഴ്പെടുത്തുന്നവരും കീഴ്പെടുന്നവരും ഉണ്ടാകുമ്പോൾ മാത്രമേ പാരസ്പര്യം നിലനിൽക്കുകയുള്ളൂ.എല്ലാവരും പണക്കാരായാലും എല്ലാവരും പാവപ്പെട്ടവരായാലും പരസ്പര സഹകരണവും സാമൂഹ്യ ജീവിതവും ദുഷ്ക്കരമാവും.അപ്പോൾ ജോലി ചെയ്യാൻ ആളുകൾ വേണം അവർക്ക്  കൂലി നൽകാനും ആളുകൾ വേണം .പണക്കാരന്റെ ഏർപ്പാടുകളും പണിക്കാരൻറ്റെ ജീവിതവും നന്നായി മുന്നോട്ട് പോവുകയും ചെയ്യും.എന്നാൽ ഇവിടെ പണക്കാരനും പണിക്കാരനും അള്ളാഹുവിങ്കൽ പ്രത്യേകതയൊന്നുമില്ല.പക്ഷ.അള്ളാഹുവിന്റെ ആത്മീയ മായ കാരുണ്യമാകുന്ന നുബുവ്വത്ത്,സ്വർഗം,സുകൃതങ്ങൾ വർദ്ധിപ്പിക്കൽ എന്നിവയൊക്കെ അവർ ഭൌതിക ലോകത്ത് സമ്പാദിക്കുന്നതിനേക്കാൾ ഉത്തമമാണ്.അഥവാ ഐഹിക ജീവിതത്തിലെ പുരോഗതി അള്ളാഹു ഇഷ്ടപ്പെട്ടതിന്റെ തെളിവല്ല എന്നാൽ അത്മീയ പുരോഗതി അവൻ ഇഷ്ടപ്പെട്ടവർക്ക് മാത്രമാണ് ലഭിക്കുക


(33)
وَلَوْلَا أَن يَكُونَ النَّاسُ أُمَّةً وَاحِدَةً لَجَعَلْنَا لِمَن يَكْفُرُ بِالرَّحْمَنِ لِبُيُوتِهِمْ سُقُفًا مِّن فَضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ

മനുഷ്യരെല്ലാം ഒരേയൊരു സമുദായമായിത്തീരുമായിരുന്നില്ലെങ്കിൽ മഹാ കാരുണ്യവാനായ അള്ളാഹുവിനെ നിഷേധിക്കുന്നവരുടെ വീടുകൾക്ക് വെള്ളി കൊണ്ടുള്ള മേല്പുരകളും  മേല്പോട്ട് കയറുവാനുള്ള കോണികളും അവർക്ക് നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു


ദുനിയാവിന്റെ നിസാരതയും ക്ഷണികതയും അതോടൊപ്പം അതിനെ വല്ലാതെ സ്നേഹിക്കുന്നതിന്റെ അപകടവും ചൂണ്ടിക്കാണിക്കുകയാണിവിടെ.അതായത് ഐഹിക വിഭവങ്ങൾ അള്ളാഹുവിങ്കൽ ഒരു വിലപ്പെട്ട വസ്തുവല്ല.തന്നെ നിഷേധിക്കുന്ന എല്ലാവർക്കും വേണമെങ്കിൽ അവരുടെ വീടുകളും കോണികളും മറ്റും വെള്ളികൊണ്ട് നിർമിക്കാൻ സാധിക്കും വിധം സാമ്പത്തിക ശേഷി ഞാൻ നൽകുമായിരുന്നു .പക്ഷെ ചില നല്ല മനുഷ്യരും അത് കാണുമ്പോൾ ഇവരുടെ കൂട്ടത്തിൽ പെട്ട് നിഷേധത്തിലാകാതിരിക്കാനാണ് ഞാൻ അങ്ങനെ ചെയ്യാതിരുന്നത്. അതായത് എല്ലാ നിഷേധികൾക്കും ലഭിക്കുന്ന ഭൌതിക സുഖം കണ്ട് ശുദ്ധാത്മാക്കളായ ചില ദുർബല ഹൃദയർ തെറ്റിദ്ധരിക്കാനിടവരും .അങ്ങനെ അവരും നിഷേധികളാകും എന്ന സാഹചര്യം വരാതിരിക്കാനാണ് അത് ചെയ്യാതിരുന്നത്.ഇത്രയൊക്കെ നിസ്സാരമാണ് ദുനിയാവ് എന്ന് ചൂണ്ടിക്കാണിച്ചിട്ട് പോലും പലരും അനിയന്ത്രിതമായി അതിനെ സ്നേഹിക്കുന്നുണ്ട് എന്നതിനെ ആക്ഷേപിക്കുക കൂടിയാണിവിടെ

(34)
وَلِبُيُوتِهِمْ أَبْوَابًا وَسُرُرًا عَلَيْهَا يَتَّكِؤُونَ

അവരുടെ വീടുകൾക്ക് (വെള്ളികൊണ്ടുള്ള) വാതിലുകളും അവർക്ക് ചാരി ഇരിക്കുവാനുള്ള കട്ടിലുകളും നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു

മേൽ പുരയും കോണിയും മാത്രമല്ല വാതിലുകളും കട്ടിലുമെല്ലാം വെള്ളിയുടെതാക്കിക്കൊടുക്കുമായിരുന്നു


(35)
وَزُخْرُفًا وَإِن كُلُّ ذَلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا وَالْآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ


(അപ്രകാരം) സ്വർണാലങ്കാരവും.(വാസ്തവത്തിൽ) അവയെല്ലാം തന്നെ ഐഹികജീവിതത്തിന്റെ ഉപകരണങ്ങൾ മാത്രമാണ്.പരലോകം തങ്ങളുടെ രക്ഷിതാവിങ്കൽ ദോഷബാധയെ സൂക്ഷിക്കുന്നവർക്കാകുന്നു


വെള്ളിയുടെത് മാത്രമല്ല സ്വർന്നം കൊണ്ടും ഇതൊക്കെ നിർമിക്കാനുള്ള അവസരം നൽകുമായിരുന്നു.എന്നാൽ ഭൌതിക വിഭവങ്ങൾ എത്ര തന്നെ ലഭിച്ചാലും അതെല്ലാം ഐഹിക ജീവിതത്തിലെ താൽക്കാലിക സന്തോഷങ്ങൾ മാത്രമാണ് മരണത്തോടെ അവസാനിക്കുമെന്ന് എല്ലാവർക്കും ബോദ്ധ്യമുള്ള സന്തോഷം. ഒരു കൊതുകിന്റെ ചിറകിനോളം സ്ഥാനം ഈ ദുനിയാവിനാകെ അള്ളാഹു നൽകിയിരുന്നുവെങ്കിൽ ഒരു നിഷേധിക്കും ഒരിറ്റ് വെള്ളം അള്ളാഹു നൽകില്ലായിരുന്നു എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്.ഈത്തപ്പനയോല കൊണ്ട് നിർമിച്ച പരുക്കൻ പായയുടെ പാട് നബിയുടെ ശരീരത്തിൽ കണ്ട ഉമർ സങ്കടപ്പെടുകയും ഭൌതിക രാജാക്കന്മാർ (കിസ്‌റയും ഖൈസറും) എത്ര സുഖത്തിലാണ് കഴിയുന്നത് തങ്ങൾ ഈ കഷ്ടപ്പാടിലും കഴിയുന്നുവല്ലോ എന്ന് വിലപിക്കുകയും ചെയ്തപ്പോൾ അവരുടെ നന്മകളെല്ലാം ദുനിയാവിൽ തന്നെ നൽകപ്പെട്ടുവെന്നും ദുനിയാവ് അവർക്കും പരലോകം നമുക്കുമാണെന്നത് നിങ്ങൾക്ക് സംതൃപ്തിക്ക് മതിയയതല്ലേ എന്ന് ചോദിക്കുകയും ചെയ്ത ഹദീസ് ഇബ്‌നു കസീർ رحمة الله عليهഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ കൊണ്ടു വന്നിട്ടുണ്ട്

എന്നാൽ അനന്തമായ പാരത്രിക സന്തോഷവും സ്ഥിരമായ സുഖങ്ങളുള്ള സ്വർഗവും ഐഹിക ജീവിതത്തിൽ അള്ളാഹുവിന്റെ വിധി വിലക്കുകൾ ശ്രദ്ധിച്ചും അവന്റെ നിയമ നിർദ്ദേശങ്ങൾ പാലിച്ചും ജീവിതം ക്രമീകരിച്ചവർക്ക് മാത്രം ലഭിക്കുന്നതാണ്.ഈ വസ്തുത മനസ്സിലാക്കിയാൽ ശരിയായി ചിന്തിക്കുന്നവർക്ക് ഒരു തീരുമാനത്തിലെത്താൻ എളുപ്പമാണ്.അല്പ കാലത്തെ സുഖത്തിനും സന്തോഷത്തിനുമായി സ്ഥിരമായ സന്തോഷത്തെ ബലി കഴിക്കാൻ താൻ തയാറല്ല.ദുനിയാവിൽ നിന്ന് നിയമാനുസരണമല്ലാതെ ഞാൻ ഒന്നും സമ്പാദിക്കില്ല.അള്ളാഹു ഇഷ്ടപ്പെടുന്ന വഴിയിലല്ലാതെ ഞാൻ ഒന്നും ചിലവാക്കുകയുമില്ല.താൽക്കാലിക വികാരങ്ങൾക്കടിമപ്പെട്ട് മദ്യത്തിനും മയക്കു മരുന്നിനും കുത്തഴിഞ്ഞ ലൈംഗീകതക്കും ആഭാസകരമായ വിനോദങ്ങൾക്കും അപകടം വിതക്കുന്ന അതി വൈകാരികതക്കും ഞാൻ അടിമപ്പെടില്ല സാഹചര്യങ്ങളിൽ നിന്ന് വികാരം വാങ്ങാതെ ദൈവിക പ്രമാണങ്ങളിൽ നിന്നും പൂർവ സൂരികളായ മഹത്തുക്കളിൽ നിന്നും പകർന്നു കിട്ടിയ വിവേകത്തിനു ചെവി കൊടുക്കാൻ ഞാൻ ശ്രദ്ധിക്കുക തന്നെ ചെയ്യും.അങ്ങനെ തനിക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും ഭീഷണിയാവാതെയും  എന്റെ  പരലോകം വിജയകരമാക്കിയും എനിക്ക് ജീവിക്കണം.അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
(തുടരും)


Part  >>

ഇൻശാ അള്ളാഹ്

പ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين


സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.com




No comments: