Saturday, February 17, 2018

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് |ഭാഗം-03

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89



بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


സുഖ്‌റുഫ്’ എന്നാൽ സ്വർണം.  ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണംഅള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾഅറബികളുടെ സത്യ നിഷേധംപൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾപരലോക ശിക്ഷകൾപരലോക നേട്ടങ്ങൾമൂസാ നബിعليه السلامയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട്

ഭാഗം-01  click here to read>>>
ഭാഗം-02  >>


ഭാഗം-03   ( 15 to  25 )




(15)

وَجَعَلُوا لَهُ مِنْ عِبَادِهِ جُزْءًا إِنَّ الْإِنسَانَ لَكَفُورٌ مُّبِينٌ

അള്ളാഹുവിനു തന്റെ അടിമകളിൽ നിന്ന് സന്താനങ്ങളെ അവർ സ്ഥാപിച്ചു നിശ്ചയം മനുഷ്യൻ വ്യക്തമായ നന്ദികേടുള്ളവൻ തന്നെ


(16)

أَمِ اتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَاكُم بِالْبَنِينَ

അതോ  താൻ സൃഷ്ടിക്കുന്നവയിൽ നിന്ന് ചിലതിനെ അവൻ പെൺ മക്കളാക്കി വെക്കുകയും ആൺ മക്കളെ നിങ്ങൾക്ക് പ്രത്യേകമാക്കിത്തരികയും ചെയ്തിരിക്കുകയാണോ?


ലോക സൃഷ്ടാവ് അള്ളാഹുവാണെന്ന് സമ്മതിച്ചിരുന്ന മുശ്‌രിക്കുകൾ മലക്കുകൾ അവന്റെ പെൺ മക്കളാണെന്ന് വാദിച്ചു.ഈ ബുദ്ധി ശൂന്യത ചൂണ്ടിക്കാണിക്കുകയാണിവിടെ.അഥവാ അവർക്ക് കുറവായി അവർ കാണുന്ന പെൺമക്കളെ അള്ളാഹുവിന് സ്ഥിരപ്പെടുത്തി അവരുടെ ധാരണയിൽ മഹത്വമുള്ളവരായി അവർ കാണുന്ന ആൺ മക്കളെ അവർക്ക് സ്വന്തമെന്ന് പറയുക വഴി അവരാണ് അള്ളാഹുവേക്കാൾ ആദരണീയർ എന്ന് വരുത്തുന്ന ദുർവ്യാഖ്യാനമാണിത് .ഇത് വിവരക്കേടാണ് എന്ന് സാരം


(17)

وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَنِ مَثَلًا ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ


അവൻ മഹാ കാരുണ്യവാനായ അള്ളാഹുവിനു തുല്യമാക്കിയതിനെ (പെൺ മക്കളെ) പറ്റി അവരിൽ ഒരാൾക്ക് സന്തോഷ വാർത്ത അറിയിക്കപ്പെട്ടാൽ മഹാ ദു:ഖിതനായിക്കൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരും



മുശ്‌രിക്കുകളുടെ ഇരട്ടത്താപ്പ് എടുത്ത് കാണിക്കുകയാണ് ഖുർആൻ! അതായത് ധാരാളം അബദ്ധങ്ങൾ അവർ ചെയ്തു കൂട്ടുന്നു.അള്ളാഹുവിനു മക്കളുണ്ടെന്ന് പറഞ്ഞതും മലക്കുകൾ മക്കളാണെന്ന് പറഞ്ഞതും അത് അള്ളാഹുവിന്റെ പുത്രിമാരാണെന്ന് പറഞ്ഞതുമെല്ലാം അബദ്ധം. എന്നാൽ അള്ളാഹുവിനുണ്ടെന്ന് അവർ സ്ഥാപിച്ച പെൺ മക്കൾ അവർക്ക് ജനിച്ചാൽ അവരുടെ നിലപാട് എന്താണ്?അതാണിവിടെ എടുത്ത് പറയുന്നത് .തനിക്കൊരു പെൺ കുഞ്ഞ് പിറന്നിട്ടുണ്ടെന്ന് സന്തോഷവാർത്തയറിക്കപ്പെട്ടാൽ അവൻ ദു:ഖ പരവശനാവും.മുഖം കറുത്തിരുണ്ട് പോകും.അതിനെ ജീവനോടെ കുഴിച്ചു മൂടാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും.

അറബികളിൽ ഒരാൾക്ക് പെൺ കുഞ്ഞ് ജനിച്ചപ്പോൾ അവൻ വീട് ബഹിഷ്ക്കരിച്ചു. പരിസരങ്ങളിലൊക്കെ വന്നിട്ടും തന്റെ ഭാര്യയെയും കുഞ്ഞിനെയും അയാൾ തിരിഞ്ഞു നോക്കിയില്ല .അപ്പോൾ അയാളുടെ ഭാര്യ ഒരു പാട്ട് പാടി



مالأبي حمزة لايأتينا   *   يظل في البيت الذي يلينا

غضبان ان لانلد البنينا  *  وانما نأخذ مانعطينا

  
(എന്റെ ഭർത്താവ് അബൂ ഹംസ നമ്മുടെ പരിസര വീടുകളിലൊക്കെ വന്നിട്ടും നമ്മുടെ അടുത്തേക്ക് വരുന്നില്ല. ഞാൻ ആൺ കുട്ടിയെ പ്രസവിക്കാത്തതിൽ അരിശം പൂണ്ടാണ് അദ്ദേഹം വരാത്തത്. പക്ഷെ നമുക്ക് തരുന്നതല്ലേ നമുക്ക് വാങ്ങാൻ പറ്റുകയുള്ളൂ)

ഇമാം ഖുർതുബി رحمة الله عليهഇത് ഉദ്ധരിക്കുന്നു.പെൺ കുഞ്ഞ് ജനിച്ചാലുള്ള അവരുടെ നിലപാട് ഇതിൽ നിന്ന് വ്യക്തം.  അപ്പോൾ തങ്ങളിലേക്ക് ചേർത്തിപറയുന്നതിൽ അവർക്ക് വഷളത്തരം തോന്നുന്ന കാര്യം അള്ളാഹുവിലേക്ക് ചേർത്ത് പറയുന്ന ഇവരുടെ മനസ്സിൽ അവർ പറയുന്ന അള്ളാഹുവിന്റെ സ്ഥാനം എത്ര താഴെയാണെന്ന് ചിന്തിക്കുക 

മക്കൾ മാതാപിതാക്കളുടെ വർഗത്തിൽ പെട്ടവരായിരിക്കുന്നത് കൊണ്ടാണ് “അള്ളാഹുവിനു തുല്യമാക്കിയതിനെ“ എന്ന് പറഞ്ഞത്.അതായത് അള്ളാഹു ആരാദ്ധ്യനാണ്.അവനു മക്കളുണ്ടെന്ന് പറയുന്നത് അവരും ആരാധനക്കർഹരാണെന്ന് പറയുന്നതിനു സമാനമാണ്.

(18)

أَوَمَن يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ

ആഭരണാലങ്കാരങ്ങളിലായി വളർത്തപ്പെടുന്നവരെയാണോ (നിങ്ങൾ അള്ളാഹുവിന്റെ സന്താനങ്ങളാക്കി വെക്കുന്നത്?) അവരാകട്ടെ വാഗ്വാദത്തിൽ (ന്യായം) വ്യക്തമാക്കാ(ൻ കഴിവില്ലാത്തവരുമാണ്


അള്ളാഹുവിനു പെൺ മക്കളുണ്ടെന്ന വാദത്തിന്റെ മറ്റൊരു തെറ്റ് ചൂണ്ടിക്കാണിക്കുകയാണിവിടെ പെൺ കുട്ടികൾ ചെറുപ്പം മുതൽ തന്നെ ആഭരണങ്ങളും സൌന്ദര്യ വർദ്ധക വസ്തുക്കളും ഉപയോഗിക്കുന്ന രീതിലായാണ് വളർത്തപ്പെടുക ഇത് വാസ്തവത്തിൽ അവർക്കുള്ള ഒരു കുറവ് നികത്തുന്നതിന്റെ ഭാഗമാണ്.(പ്രകൃത്യാ പുരുഷനും സ്ത്രീയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്.താരതമ്യേന സ്ത്രീക്ക് ബലഹീനതയുണ്ട് എന്ന് എല്ലാവരും സമ്മതിക്കുമല്ലോ)കായിക ക്ഷമതയിലും ബുദ്ധിയുടെ കാര്യത്തിലുമെല്ലാം ഈ വ്യക്താസം പ്രകടമാണ് .അത് കൊണ്ടാണ് വാ‍ഗ്വാദത്തിൽ  അവർ ന്യായം വ്യക്തമാക്കാൻ കഴിവില്ലാത്തവരുമാണ്‘ എന്ന് അള്ളാഹു പറഞ്ഞത്. എന്നിട്ടും ഇവർ മലക്കുകളെ അള്ളാഹുവിന്റെ പെൺ മക്കളാണെന്ന് പറഞ്ഞത് എന്ത് മാത്രം അപരാധമല്ല!

വാഗ്വാദത്തിൽ ന്യായം വ്യക്തമാക്കാൻ കഴിവില്ലാത്തവർ എന്നതിന്റെ വ്യാഖ്യാനത്തിൽ ഖതാദ: 
رضي الله عنهപറഞ്ഞതായി ഇമാം ബഗ്‌വി رحمة الله عليهഉദ്ധരിക്കുന്നു ഒരു സ്ത്രീ തനിക്ക് അനുകൂലമായി സംസാരിക്കാൻ തുടങ്ങിയിട്ട് തനിക്കെതിരായി സംസാരിക്കാതിരിക്കുക എന്നത് വളരെ ചുരുക്കം.തന്റെ വാദത്തിനു എതിരായി തെളിവ് പറഞ്ഞു പോകും എന്ന് സാരം


(19)

وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَنِ إِنَاثًا أَشَهِدُوا خَلْقَهُمْ سَتُكْتَبُ شَهَادَتُهُمْ وَيُسْأَلُونَ

മഹാ കാരുണ്യവാനായ അള്ളാഹുവിന്റെ അടിമകളായ മലക്കുകളെ അവർ സ്ത്രീകളാണെന്ന് വിധി കല്പിച്ചിരിക്കുന്നു അവരുടെ സൃഷ്ടിപ്പിന് ഇവർ അവിടെ ഹാജറുണ്ടായിരുന്നോ?അവരുടെ സാക്ഷ്യം എഴുതിവെക്കപ്പെടുകയും അവർ (അതിനെ പറ്റി) ചോദിക്കപ്പെടുകയും ചെയ്യുന്നതാണ്

മലക്കുകൾ പെൺ മക്കളാണെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണിവർ പറയുന്നത് .അവരെ സൃഷ്ടിക്കുന്നതിനു ഇവർ സാക്ഷികളാവുകയും പെണ്ണാണെന്ന് കാണുകയും ചെയ്തിരുന്നുവോ? ഒരിക്കലുമില്ല. അപ്പോൾ ഈ ആരോപണത്തിന്റെ നിരർത്ഥകത ഒന്നു കൂടി വ്യക്തമാകുന്നു

ഇമാം ബഗ്‌വി 
رحمة الله عليهഎഴുതുന്നു “അവർ മലക്കുകളെകുറിച്ച് ഇത് പറഞ്ഞപ്പോൾ നബി അവരോട് ചോദിച്ചു.മലക്കുകൾ പെൺ മക്കളാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?അപ്പോൾ അവർ പറഞ്ഞു.ഞങ്ങൾ ഞങ്ങളുടെ പിതാക്കളിൽ നിന്ന് കേട്ടതാണ് അവർ കള്ളം പറയില്ലെന്ന്  ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എന്ന്.അപ്പോൾ അള്ളാഹു പറഞ്ഞു ഇവരുടെ സക്ഷ്യം രേപ്പെടുത്തുകയും അത് സംബന്ധമായി അന്ത്യ നാളിൽ അവർ ചോദിക്കപ്പെടുകയും ചെയ്യും (ബഗ്‌വി)  . ഇത് ശക്തമായ താക്കീതാണ് (ഇബ്‌നു കസീർ)


(20)

وَقَالُوا لَوْ شَاء الرَّحْمَنُ مَا عَبَدْنَاهُم مَّا لَهُم بِذَلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَخْرُصُونَ

റഹ്‌മാനായ അള്ളാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ മലക്കുകൾക്ക് ഞങ്ങൾ ആരാധിക്കുമായിരുന്നില്ല  എന്ന് അവർ പറഞ്ഞു.അത് സംബന്ധിച്ച് അവർക്ക് യാതൊരുവിധ അറിവുമില്ല അവർ ഊഹിച്ചു പറയുക മാത്രമാണ് ചെയ്യുന്നത്


തങ്ങളുടെ ശിർക്കിനെ ന്യായീകരിക്കാൻ അവരുന്നയിച്ച ഒരു പൊള്ള വാദമാണിത്. അതായത് അള്ളാഹുവിനു പുറമേ ഞങ്ങൾ പലതിനെയും ആരാധിച്ചിട്ടും അവൻ ഞങ്ങളെ ശിക്ഷിക്കാത്തത് ഞങ്ങളുടെ ശിർക്ക് അള്ളാഹുവിനു ഇഷ്ടമുള്ളത് കൊണ്ടാണ് എന്ന് അവർ വാദിച്ചു.അത് കള്ളമാണ് അവർ പറയുന്നത്.കാരണം അള്ളാഹു നന്മയും തിന്മയും ഇവിടെ വിവരിക്കുകയും ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും നല്ലത് സ്വീകരിച്ചാൽ പ്രതിഫലവും തിന്മ സ്വീകരിച്ചാൽ ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ശിർക്ക് അള്ളാഹു ഒരിക്കലും പൊറുക്കുകയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കെ അള്ളാഹു നൽകിയ സ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിച്ച ശേഷം 'അള്ളാഹു ഉദ്ദേശിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ശിർക്ക് ചെയ്യില്ലായിരുന്നു'എന്ന്  പറയുന്നത് ധിക്കാരവും ദുരുപദിഷ്ഠവുമാണ്


(21)

أَمْ آتَيْنَاهُمْ كِتَابًا مِّن قَبْلِهِ فَهُم بِهِ مُسْتَمْسِكُونَ


അതോ ഇതിനു മുമ്പ് അവർക്ക് നാം വല്ല വേദ ഗ്രന്ഥവും കൊടുത്തിട്ട് അവർ അതിനെ മുറുകെപ്പിടിച്ചിരിക്കുന്നവരാണോ?

ഇങ്ങനെ വാദിക്കാൻ വല്ല തെളിവും ലഭിക്കാനുതകുന്ന വേദങ്ങൾ വല്ലതും ഇവരുടെ കയ്യിലുണ്ടോ?ഒന്നുമില്ല വെറുതെ വായിൽ വന്നത് വിളിച്ചു കൂവുകയാണിവർ.ബോധ പൂർവം കള്ളം പറയുകയാണ്


(22)

بَلْ قَالُوا إِنَّا وَجَدْنَا آبَاءنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّهْتَدُونَ

(അതൊന്നുമല്ല) പക്ഷെ നിശ്ചയം ഞങ്ങളുടെപൂർവ പിതാക്കളെ ഒരു മാർഗത്തിലായി ഞങ്ങൾ കണ്ടെത്തിച്ചു ഞങ്ങൾ അവരുടെ കാല്പാടുകൾ പിൻ പറ്റിക്കൊണ്ട് നേർവഴി പ്രാപിക്കുന്നവരാകുന്നു എന്നാ‍ണ് അവർ പറയുന്നത്


ഇവർ ചെയ്യുന്ന ശിർക്കിനു യാതൊരു തെളിവും ഇവർക്കില്ല.ഇവർ ഇവരുടെ മുൻ തലമുറയുടെ തെറ്റുകൾ അതേ പടി ആവർത്തികുകയും അതിൽ സംതൃപ്തി അടയുകയും ചെയ്യുകയാണ്


(23)

وَكَذَلِكَ مَا أَرْسَلْنَا مِن قَبْلِكَ فِي قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّقْتَدُونَ

(നബിയേ) അപ്രകാരം തന്നെ തങ്ങൾക്ക് മുമ്പ് ഒരു രാജ്യത്തും ഒരു താക്കീതുകാരനെ (പ്രവാച
നെ) നാം അയച്ചിട്ട് അവിടുത്തെ സുഖലോലുപന്മാർ (ഇങ്ങനെ) പറയാതിരുന്നിട്ടില്ല ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിൽ ഞങ്ങൾ കണ്ടെത്തിച്ചു അവരുടെ കാല്പാടുകളിലൂടെ ഞങ്ങൾ പിൻതുടരുന്നവരാണ് തീർച്ച

ഈ തെറ്റായ അനുകരണവും സത്യ നിഷേധവും ഇവരിൽ മാത്രമല്ല മുൻ പ്രവാചകന്മാരുടെ അനുയായികളിലും ഇതേ നിലയിൽ തുടർന്നു വന്നിരുന്നു എന്ന് പറഞ്ഞ് നബിയെ അള്ളാഹു സമാധാനിപ്പിക്കുകയാണ്

(24)

قَالَ أَوَلَوْ جِئْتُكُم بِأَهْدَى مِمَّا وَجَدتُّمْ عَلَيْهِ آبَاءكُمْ قَالُوا إِنَّا بِمَا أُرْسِلْتُم بِهِ كَافِرُونَ


അദ്ദേഹം (പ്രവാചകൻ) പറഞ്ഞു നിങ്ങളുടെ പൂർവ പിതാക്കൾ നടന്നതായി നിങ്ങൾ കണ്ടെത്തിച്ചതിനേക്കാൾ മാർഗ ദർശകമായതിനെ ഞാൻ നിങ്ങൾക്ക് കൊണ്ടുവന്നാലും (നിങ്ങൾ അവരെത്തന്നെ പിന്തുടരുകയാണോ?) അവർ പറഞ്ഞു നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ ഞങ്ങൾ അതിനെ നിഷേധിക്കുന്നവർ തന്നെയാണ്


പൂർവീകരെ പിൻ തുടർന്ന് പ്രവാചകന്മാരെ തള്ളിയവരോട് പ്രവാചകരുടെ യുക്തി ദ്രമായ ചോദ്യമാണിത്.അതായത് നിങ്ങളുടെ  പൂർവീകർ നടന്ന മാർഗം തെറ്റും ഞാൻ കാണിച്ച് തരുന്ന  മാർഗം ശരിയുമാണ് ആസ്ഥിതിക്ക് ഈ ശരിയേക്കാൾ ആ തെറ്റിനെ ഞങ്ങൾ പിൻ തുണക്കുന്നു എന്ന് പറയുന്നത് ശരിയാണോ? ആ ചോദ്യത്തിനു തൃപ്തികരമായ മറുപടിയില്ലാത്ത ആ ധിക്കാരികൾ നിങ്ങളുടെ മാർഗം ഞങ്ങൾ തള്ളിക്കളയുന്നു എന്ന് നിരുത്തരവാദപരമായി നിർദാക്ഷിണ്യം പറയുകയാണുണ്ടായത്.ഇവിടെ ചിലർ ഇന്ന് നടത്തുന്ന ഒരു ദുർവ്യാഖ്യാനം ചൂണ്ടിക്കാണിക്കാതെ പോകുന്നത് ശരിയായിരിക്കില്ല.അതായത് പ്രവാചകന്മാരോട് നിങ്ങളുടെ ഉപദേശം ഞങ്ങൾക്ക് വേണ്ട ഞങ്ങളുടെ പൂർവീകർ കാണിച്ചു തന്ന മാർഗം ഞങ്ങൾക്ക് മതി എന്ന് പറഞ്ഞ പ്രസ്താവന ചില പുത്തൻ വാദികൾ ഇസ്‌ലാമിന്റെ മഹിത പാരമ്പര്യം മുറുകെ പിടിക്കുകയും നമ്മുടെ പൂർവീകർ നമുക്ക് ശരിയായ മാതൃകയാണെന്ന വാദം മുന്നോട്ട് വെക്കുകയും ചെയ്യുന്ന യഥാർത്ഥ മുസ്‌ലിംകൾക്കെതിരിൽ എടുത്ത് ഉപയോഗിക്കാറുണ്ട്.പാരമ്പര്യം തള്ളരുതെന്ന് പറയുന്നത് പ്രവാചക വിരോധികളുടെ നിലപാടാണെന്നും അത്  കൊണ്ട് മുൻ ഗാമികൾക്ക് പരിജയമില്ലാത്ത എന്ത് പുത്തൻ വാദവും ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടാൻ ഞങ്ങളെ പിന്തുണക്കമെന്നും അവർ ആവശ്യപ്പെടുന്നു.വാസ്തവത്തിൽ ഇത് ഖുർആനിക താല്പര്യത്തെയും സത്യത്തെയും പച്ചയായി തള്ളിക്കളയുന്ന ദുർവ്യാഖ്യാനവും അവകാശ വാദവുമാണ് .കാരണം പ്രവാചക വിരോധികളുടെ പൂർവീകർ സത്യത്തിലായിരുന്നില്ല.എന്നാൽ നമ്മുടെ പൂർവീകർ ശരിയായ സത്യത്തിലാണ് ജീവിച്ചു പോയത്.ഇത് തമ്മിൽ തുലനം ചെയ്യുകയും മുസ്‌ലിംകളിലെ പൂർവ സൂരികളെ മുശ്‌രിക്കുകളിലെ പൂർവീകരോട് തുലനം ചെയ്യുകയും ചെയ്യാൻ ധൈര്യമുണ്ടാവുന്നത് ചർമത്തിന്റെ കട്ടിയോ അസത്യം മനസ്സിനെ അടക്കി ഭരിക്കുന്നതോ ആണു സൂചിപ്പിക്കുന്നത്.മുസ്‌ലിം പാരമ്പര്യമാണ് ശരിയായ വിശ്വാസം.അത് തള്ളി പുതിയ മേച്ചിൽ പുറങ്ങൾ മതത്തിൽ അന്വേഷിക്കുന്നത് നരകത്തിലേക്കുള്ള സീറ്റുറപ്പിക്കലാണെന്ന്   നാലാം അദ്ധ്യായം സൂറത്ത് നിസാ‍ഇന്റെ നൂറ്റിപതിനഞ്ചാം സൂക്തം വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല നിങ്ങൾക്കും നിങ്ങളുടെ പിതാക്കൾക്കും കേട്ടു പരിജയമില്ലാത്ത വർത്തമാനങ്ങളുമായി അവസാന കാലത്ത് ചില പെരും നുണയന്മാരും ദജ്ജാലുകളും (അസത്യം സത്യമെന്ന് പുകമറ സൃഷ്ടിക്കാൻ ചില പൊടിക്കൈകൾ കാണിക്കുന്നവർ) വരുമെന്നും അവരെ നിങ്ങൾ കരുതിയിരിക്കണമെന്നും നബി താക്കീത് നൽകിയിട്ടുമുണ്ട്    )മുസ്‌ലിം ഹദീസ് നമ്പർ 16)

മാത്രവുമല്ല.നേർമാർഗത്തിലേക്ക് ചേർക്കാനായുള്ള ഒന്നാം അദ്ധ്യായം സൂറത്തുൽ ഫാതിഹയിലെ പ്രാർത്ഥനയിൽ നേർമാർഗം അള്ളാഹു വിശദീകരിക്കുന്നത് അള്ളാഹു അനുഗ്രഹിച്ച മഹത്തുക്കൾ സഞ്ചരിച്ച മാർഗം എന്നാണ്.അഥവാ നമ്മുടെ പൂർവീകർ സന്മാർഗ ലബ്‌ദി കൊണ്ട് അള്ളാഹു അനുഗ്രഹിച്ചവരാണ് അവരെ പിന്തുടർന്നില്ലെങ്കിൽ നരകമുറപ്പാകും (അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ) അതേ സമയം അബൂജഹ്‌ലിന്റെ പൂർവീകർ സത്യം തിരിയാത്തവരും സന്മാർഗം ലഭിക്കാത്തവരുമാണ് അവരെ പിന്തുടർന്നാലും നരകമുറപ്പമാവും.ഈ രണ്ട് കൂട്ടരെയും ഒരു പോലെ സങ്കല്പിച്ചാലും നരകമുറപ്പമാവും.അപ്പോൾ പാരമ്പര്യ ഇസ്‌ലാം ആധികാരികവും പുത്തൻ വാദം വർജ്യവുമാണ് എന്ന് വ്യക്തം!

 അള്ളാഹു നമ്മെ നാളിതുവരെയുള്ള പാരമ്പര്യ ഇസ്‌ലാമിൽ അടിയുറപ്പിച്ച് നിർത്തട്ടെ ആമീൻ

(25)

فَانتَقَمْنَا مِنْهُمْ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ

അങ്ങനെ അവരിൽ നിന്ന് നാം ശിക്ഷാ നടപടി സ്വീകരിച്ചു അപ്പോൾ നോക്കുക ആ സത്യ നിഷേധികളുടെ പര്യവസാനം എങ്ങനെയാണുണ്ടായത്?

ധിക്കാരത്തിന്റെ നെറുകയിലെത്തിയ എല്ലാ നിഷേധികൾക്കെതിരെയും അള്ളാഹു ശക്തമായ ശിക്ഷാ നടപടി സ്വീകരിച്ചു അവർ നശിക്കുകയും ചെയ്തു.ഭൂമിയിൽ തന്നെ അവർ ശിക്ഷിക്കപ്പെട്ടു.പരലോക ശിക്ഷ അതി കഠിനമായത് വരാനിരിക്കുന്നു.

അള്ളാഹു നമ്മെ വിജയികളിൽ പെടുത്തട്ടെ ആമീൻ

(തുടരും)
ഇൻശാ അള്ളാഹ്

പ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.com

No comments: