Tuesday, February 6, 2018

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | ഭാഗം-02

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89



بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


സുഖ്‌റുഫ്’ എന്നാൽ സ്വർണം.  ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണംഅള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾഅറബികളുടെ സത്യ നിഷേധംപൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾപരലോക ശിക്ഷകൾപരലോക നേട്ടങ്ങൾമൂസാ നബിعليه السلامയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട്

ഭാഗം-01  click here to read>>>
ഭാഗം-02  (  9 to 14 )

(9)

وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ خَلَقَهُنَّ الْعَزِيزُ الْعَلِيمُ


ആകാശ ഭൂമികളെ ആരാണ് സൃഷ്ടിച്ചതെന്ന് തങ്ങൾ അവരോട് ചോദിച്ചാൽ പ്രതാപവാനും സർവജ്ഞനുമായ അള്ളാഹുവാണ് അവയെ സൃഷ്ടിച്ചതെന്ന് അവർ തീർച്ചയായും പറയും

നബിയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്ത മുശ്‌രിക്കുകളുടെയും മുൻ കാല നിഷേധികൾ അവരുടെ പ്രവാചകന്മാരെ കളിയാക്കിയതിനെയുമെല്ലാം പരാമർശിക്കുകയായിരുന്നല്ലോ കഴിഞ്ഞ സൂക്തങ്ങളിൽ. ഇവിടെ നബിയെ എതിർത്ത നിഷേധികളുടെ ഇരട്ടത്താപ്പ് അനാവരണം ചെയ്യുകയാണ്. അതായത് അവർ കണ്ടുകൊണ്ടിരിക്കുന്ന ആകാശവും അവർ അധിവസിക്കുന്ന ഭൂമിയും ആരാണ് പടച്ചതെന്ന് ചോദിച്ചാൽ സ്വന്തം തീരുമാനം നടപ്പാക്കാൻ പ്രാപ്തനും എല്ലാം അറിയുന്നവനുമായ അള്ളാ‍ഹുവാണ് അവ പടച്ചതെന്ന് അവർ പറയും ഇമാം ബഗ്‌വി رحمة الله عليهഎഴുതുന്നു അള്ളാഹുവാണ് ഇവയുടെ സൃഷ്ടാവെന്ന് അവർ സമ്മതിക്കും അവൻ പ്രതാപിയാണെന്നും സർവജ്ഞനാണെന്നും അവർ പറയും എന്നിട്ട് അള്ളാ‍ഹുവല്ലാത്ത പലതിനെയും ആരാധിക്കുകയും അവരുടെ വിവരക്കേടിന്റെ ആധിക്യത്താൽ അള്ളാഹുവിന് അവരെ പുനർജനിപ്പിക്കാൻ കഴിവില്ലെന്ന് വാദിക്കുകയും ചെയ്യും (ബഗ്‌വി)

ആകാശ ഭൂമിയും അതിലുള്ളതും പടച്ചത് അള്ളാഹുവാണെന്ന് സമ്മതിക്കുന്നവർ അവൻ പടച്ച കല്ലുകളെയും മറ്റും അവനോട് സമപ്പെടുത്തി അവയെ ആരാധിക്കുകയും അള്ളാഹുവെ മാത്രം ആരാധിക്കണമെന്ന് പറഞ്ഞ നബി
യെ എതിർക്കുകയും ചെയ്യുന്നതിലെ പൊരുത്തക്കേടും അപഹാസ്യതയും ചൂണ്ടിക്കാണിക്കുകയാണിവിടെ


(10)

الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ

അതെ.അവൻ നിങ്ങൾക്ക് ഭൂമിയെ ഒരു വിരിപ്പാക്കി തന്നിരിക്കുന്നു (ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ) നിങ്ങൾ എത്തിച്ചേരുവാനായി അതിൽ നിങ്ങൾക്ക് അവൻ വഴികൾ ഒരുക്കിത്തരികയും ചെയ്തിരിക്കുന്നു

മഹ്‌ദ്’  എന്ന വാക്കിന് തൊട്ടിൽ എന്നും അർത്ഥമുണ്ട്.അതായത് ഭൂമി മനുഷ്യന് ഇരിക്കാനും നടക്കാനും നിൽക്കാനുമെല്ലാം സാധിക്കും വിധം ഒരു വിരിപ്പ്പോലെയും ഒരു കുഞ്ഞിനു തൊട്ടിൽ പോലെ സ്വസ്ഥതയും നൽകും വിധമാണ് അള്ളാ‍ഹു സംവിധാനിച്ചിരിക്കുന്നത് എന്ന് അവന്റെ അനുഗ്രഹം സൂചിപ്പിച്ചിരിക്കുകയാണ്.ഇത് ഭൂമി ഉരുണ്ടതാണെന്ന് പറായുന്നതിന് എതിരല്ല.മനുഷ്യന്റെ ആവാസ വ്യവസ്ഥ അള്ളാഹു ഭൂമിയിൽ ചിട്ടപ്പെടുത്തി എന്ന് മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ

ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കും ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്കും മനുഷ്യൻ അവന്റെ ജീവിതോപാധികൾ കണ്ടെത്താനും മറ്റു പല കാര്യങ്ങൾക്കും സഞ്ചരിക്കേണ്ടതുണ്ട്.അതിനുള്ള മാർഗങ്ങൾ ഈ ഭൂമിയിൽ അള്ളാഹു സംവിധാനിച്ചുവെന്ന അവന്റെ മഹത്തായ ഒരു അനുഗ്രഹത്തെക്കുറിച്ചുള്ള പരാമർശനമാണ്  “(ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ) നിങ്ങൾ എത്തിച്ചേരുവാനായി അതിൽ നിങ്ങൾക്ക് അവൻ വഴികൾ ഒരുക്കിത്തരികയും ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞത് .അത്തരമൊരു അനുഗ്രഹം അള്ളാഹു ചെയ്തില്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം ദുസ്സഹമാവുകയും വീടിന്റെ നാലുചുമരുകൾക്ക് പുറത്ത് കടക്കാനാവാതെ നാം കഷ്ടപ്പെടുകയും ചെയ്യുമായിരുന്നു



(11)

وَالَّذِي نَزَّلَ مِنَ السَّمَاء مَاء بِقَدَرٍ فَأَنشَرْنَا بِهِ بَلْدَةً مَّيْتًا كَذَلِكَ تُخْرَجُونَ

അവൻ ആകാശത്ത് നിന്ന് ഒരു തോതനുസരിച്ച് വെള്ളം ഇറക്കിത്തരികയും ചെയ്തിരിക്കുന്നു എന്നിട്ട് അത് (വെള്ളം ) മുഖേന നാം (അള്ളാഹു) നിർജീവ രാജ്യത്തെ ജീവിപ്പിച്ചു അത് പോലെ നിങ്ങൾ (ഖബ്‌റുകളിൽ നിന്ന് ) പുറത്തേക്ക് കൊണ്ടുവരപ്പെടുന്നതാകുന്നു

തോതനുസരിച്ച് വെള്ളം ഇറക്കി എന്ന് പറഞ്ഞാൽ നിങ്ങളുടെ ആവശ്യം നിറവേറാൻ മതിയായത് ഇറക്കി.നൂഹ് നബിയുടെ ജനതയുടെ മേലിൽ ഥൂഫാൻ ജല പ്രളയം ഇറക്കിയത് പോലെ വെള്ളത്തെ അനിയന്ത്രിതമാക്കിയില്ല.അനിയന്ത്രിതമായാൽ ഈ വെള്ളവും ഗുണത്തിനു പകരം ദോഷമാവുമല്ലോ.ആവശ്യത്തിനു തികയാത്ത വെള്ളമാണെങ്കിൽ അത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടാവുകയുമില്ല.എന്നാൽ അള്ളാഹു ഉണങ്ങിക്കിടക്കുന്ന ഭൂമിയെ സജീവമാക്കാനും നിങ്ങൾക്ക് ജീവിതോപാധികൾ കണ്ടെത്താനും സഹായകമായ സമീപനമാണ് മിതമായ മഴ മുഖേന നൽകുന്നത് ഇത് അവന്റെ മറ്റൊരു മഹത്തായ അനുഗ്രഹമാണ്.

അത് പോലെ ഖബ്‌റുകളിൽ നിന്ന് നിങ്ങൾ പുറത്ത് കൊണ്ടുവരപ്പെടും എന്ന് പറഞ്ഞത് സത്യ നിഷേധികളുടെ ഒരു തെറ്റായ വാദത്തിന്റെ മറുപടിയാണ്.മരിച്ച് മണ്ണിൽ ലയിച്ചാൽ പിന്നെ എങ്ങനെയാണ് പുനർജന്മം സാധ്യമാവുക എന്ന അവരുടെ ചോദ്യത്തിന്റെ  ഉത്തരമാണിതിൽ.അതായത് വരണ്ടുണങ്ങി ഒരു പുൽക്കൊടി പോലും തളിർക്കാതെ കിടക്കുന്ന ഭൂമിയെ അള്ളാഹു മഴ മുഖേന സജീവമാക്കിയപ്പോൾ പച്ചയുടുത്ത് നിൽക്കുന്നത് ഇവിടെ നാം കാണുന്നില്ലേ?ഇത് അവന്റെ കഴിവും ശക്തിയും വിളിച്ചോതുന്ന കാര്യമാണെന്ന് ആർക്കെങ്കിലും നിഷേധിക്കാനാവുമോ?ആ അള്ളാഹുവിനു മണ്ണിൽ ലയിച്ച നിങ്ങളെ പുനർജനിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമേ അല്ല എന്നാണിവിടെ വിശദീകരിക്കുന്നത്


(12)

وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُم مِّنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ

എല്ലാ ഇണകളെയും സൃഷ്ടിച്ചവനുമാണവൻ .നിങ്ങൾക്ക് യാത്ര ചെയ്യുവാനായി കപ്പലുകളെയും കാലികളെയും സംവിധാനിക്കുകയും ചെയ്തവൻ

എല്ലാ ഇണകളെയും സൃഷ്ടിച്ചു എന്നത് പ്രത്യുല്പാദനപരമായ ഒരു അനുഗ്രഹമാണ്.അതോടൊപ്പം ഏത് കാര്യത്തിന്റെയും മറുവശം നാം മനസ്സിലാക്കുകയും നന്മയും ഗുണപരവുമായതിനെ നെഞ്ചേറ്റാനും ദോഷവും ചീത്തയുമായവയെ കയ്യൊഴിയാനും ശ്രദ്ധിക്കുകയും വേണം.അതിനു സഹായകമാണീ ഇണകളെ മനസ്സിലാക്കൽ.
ചൂട്-തണുപ്പ്, രാവ് –പകൽ, ആകാശം-ഭൂമി, സ്വർഗം-നരകം ,ആൺ-പെൺ, നന്മ-തിന്മ, വിശ്വാസം-അവിശ്വാസം, ഉപകാരം-ഉപദ്രവം, ഐശര്യം-ദാരിദ്ര്യം, രോഗം-ആരോഗ്യം എന്നിങ്ങനെ എല്ലാ വിഷയത്തിലും ഇത് നമുക്ക് കാണാം
കടലിലെ യാത്രക്കായി കപ്പലും കരയിലെ യാത്രക്ക് കാലികളെയും അള്ളാഹു സംവിധാനിച്ചു
.യാത്രാ സൌകര്യത്തിന്റെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ഇന്ന് കാണുന്നത് അതിലേക്ക് ഖുർആൻ സൂചന നൽകുന്നത് പതിനാറാം അദ്ധ്യായം (നഹ്‌ൽ) എട്ടാം സൂക്തത്തിൽ നമുക്ക് കാണാം

وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً وَيَخْلُقُ مَا لاَ تَعْلَمُونَ


(കുതിരകളെയും കോവർ കഴുതകളെയും കഴുതകളെയും അവൻ സൃഷ്ടിച്ചിരിക്കുന്നു)അവയെ നിങ്ങൾക്ക് വാഹനമായി ഉപയോഗിക്കാനും അലങ്കാരത്തിനു വേണ്ടിയും .നിങ്ങൾക്കറിവില്ലാത്തതും അവൻ സൃഷ്ടിക്കുന്നു)

നിങ്ങൾക്കറിവില്ലാത്തതും അവൻ സൃഷ്ടിക്കുന്നു എന്ന പരാമർശനം വരാനിരിക്കുന്ന എല്ലാ പുരോഗതിയിലേക്കും സൂചനയാണ്.ഖുർആൻ അവതരിക്കുന്ന കാലത്ത് പരിചിതമല്ലാത്ത പുരോഗതികളെ കുറിച്ച് അക്കാലത്ത് പ്രസ്താവിക്കാൻ ത്രികാല ജ്ഞാനിയായ അള്ളാഹുവിനല്ലാതെ ആർക്ക് സാധിക്കും?



(13)

لِتَسْتَوُوا عَلَى ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ

നിങ്ങൾ അവയുടെ പുറത്ത് ശരിയായി ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങൾ ഓർക്കുവാനും നിങ്ങൾ ഇങ്ങനെ പറയുവാനും വേണ്ടി,,ഇതിനെ ഞങ്ങൾക്ക് കീഴ്പെടുത്തിത്തന്നവൻ മഹാ പരിശുദ്ധൻ! ഞങ്ങൾ (സ്വന്തമായി)ഇതിനെ കീഴ്പെടുത്താൻ കഴിവുള്ളവരായിരുന്നില്ല

വാഹനം അള്ളാഹു നമുക്ക് നൽകിയ വലിയൊരു അനുഗ്രഹമാണ്.അതിൽ ശരിയായി ഇരുന്നാൽ ഇതിനു സൌകര്യം ചെയ്തു തന്ന അനുഗ്രഹ ദാതാവായ അള്ളാഹുവിനെ നാം സ്മരിക്കണം.അവൻ ചെയ്തു തന്നതല്ലാത്ത ഒരു അനുഗ്രഹവും നമുക്കില്ല.അനുഗ്രഹത്തിനു നന്ദി ചെയ്യുന്നവരെ അള്ളാഹു ഇഷ്ടപ്പെടുന്നു.അവർക്ക് അവൻ അനുഗ്രഹം വർധിപ്പിച്ചു കൊടുക്കുകയും ചെയ്യും.അതേ സമയം നന്ദികേട് കാണിക്കുന്നവർ അവന്റെ ശിക്ഷയെ ഭയക്കണം .അത് കൊണ്ട് തന്നെ വാഹനപ്പുറത്ത് ഇരിപ്പുറപ്പിച്ചാൽ അള്ളാഹുവിനു നന്ദി രേഖപ്പെടുത്തുന്ന പ്രാർത്ഥന നടത്തണം അതാണിവിടെ അള്ളാഹു പഠിപ്പിച്ചിരിക്കുന്നത്.

سبحان الذي سخرلنا هذا وما كنا له مقرنين وانا الي ربنا لمنقلبون  

ഇതിനെ ഞങ്ങൾക്ക് കീഴ്പെടുത്തിത്തന്നവൻ മഹാ പരിശുദ്ധൻ! ഞങ്ങൾ (സ്വന്തമായി)ഇതിനെ കീഴ്പെടുത്താൻ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങൾ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങിച്ചെല്ലുന്നവരാണ്


അള്ളാഹുവാണ് ഈ വാഹനത്തെ എന്റെ നിയന്ത്രണത്തിലാക്കി തന്നത് അത് സ്വന്തമായി എനിക്ക് കഴിയുമായിരുന്നില്ല.ഇത് ഏറ്റവും വലിയ നന്ദി പ്രകടനം തന്നെ.അല്ലാതെ എന്റെ വാഹനം ഞാൻ ചിന്തിക്കുമ്പോലെ ഓടിക്കും എന്ന അഹങ്കാരം പാടില്ല. ഈ ദിക്‌റിന്റെ ആശയം മനസ്സിലാക്കി ഇത് ചൊല്ലി വാഹനമോടിക്കുന്നവർ ഒരിക്കലും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരാവുകയില്ല.കാരണം അള്ളാഹുവാണ് എന്നെ നിയന്ത്രിക്കുന്നതെന്ന് ചിന്തിച്ചാൽ അഹങ്കാരത്തിനു പകരം താഴ്മയും എളിമത്വവുമാണ് മനസ്സിൽ വരിക.പണ്ട് വാഹനങ്ങൾ കാലികളും മറ്റും ആയപ്പോൾ അതിന്റെ പുറത്തിരുന്നാൽ ചൊല്ലേണ്ട ദിക്‌റുകൾ തന്നെ നമ്മുടെ ആധുനിക വാഹന യാത്രയിലും നമുക്ക് മറക്കാതിരിക്കാം.വാഹന യാത്രയിലെ ദിക്‌റിന്റെ തുടർച്ച തന്നെയാണ് താഴേ പറയുന്ന സൂക്തവും അതായത് അത് കൂടി ഇതിലേക്ക് ചേർത്ത് ചൊല്ലണം


(14)

وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ

നിശ്ചയം ഞങ്ങൾ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങിച്ചെല്ലുന്നവരാണ്

യാത്രയിൽ നാഥനിലേക്ക് മടങ്ങുന്നവരാണെന്ന് പറയുന്നതിന്റെ മഹത്വം ഒന്ന് ചിന്തിച്ചു നോക്കൂ.പലപ്പോഴും യാത്രകൾ ദുരന്തങ്ങളാകാറുണ്ട്. യാത്ര ശിക്ഷയുടെ ഒരു ഭാഗമാണെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്.അഥവാ ഈ യാത്രയിലും മരണത്തേക്കുറിച്ചും നാഥനിലേക്കുള്ള മടക്കത്തെക്കുറിച്ചും നമ്മൾ ബോധവാന്മാരാവണം.ഒരു പക്ഷെ ഇത് എന്റെ അന്ത്യ യാത്രയായാലോ എന്ന ചിന്ത നമ്മെ കൂടുതൽ ശ്രദ്ധയുള്ളവരും റോഡ് നിയമങ്ങൾ പാലിക്കുന്നവരും മത്സരയോട്ടത്തിന്റെ ശത്രുക്കളുമാക്കിത്തീർക്കും.അത് നമ്മുടെ മാത്രമല്ല ഒരു സമൂഹത്തിന്റെ തന്നെ സമാധാനത്തിനു വഴിതുറക്കും 

യാത്രയിൽ ഈ ദിക്‌റിന്റെ കൂടെ വേറെയും പല പ്രാർത്ഥനകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.വാഹനത്തിൽ കയറുമ്പോൾ ബിസ്മി ചൊല്ലുകയും ഈ  സൂക്തങ്ങൾ ഇരുവിട്ട ശേഷം അൽഹംദുലില്ലാഹ് എന്ന് മൂന്നു തവണയും അള്ളാഹു അക്‌ബർ എന്ന് മൂന്ന് തവണയും പറഞ്ഞ് പിന്നീട് ഇങ്ങനെ പറയുന്നത് പുണ്യമാണ്

سبحانك اللهم اني ظلمت نفسي فاغفرلي فانه لايغفر الذنوب الاأنت  اللهم انا نسألك في سفرنا هذا البر والتقوي ومن العمل ماترضي اللهم هون علينا سفرنا واطو عنا بعده اللهم انت الصاحب في السفر والخليفة في الأهل والمال اللهم انا نعوذ بك من وعثاء السفر وكابة المنظر وسوء المنقلب في الأهل والمال والولد

യാത്ര യിൽ നിന്ന് തിരിച്ചു പോരുമ്പോൾ ഈ ദിക്‌റുകൾക്ക് പുറമേ

ائبون تائبون عابدون لربنا حامدون

ന്ന് കൂടി ചൊല്ലൽ സുന്നത്തുണ്ട് വേറെയും രൂപത്തിൽ ദിക്‌റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (അദ്‌കാർ /ഈളാഹ്)യാത്രയിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് നബ് പഠിപ്പിച്ചിട്ടുണ്ട്.അള്ളാഹു നമ്മെ അവന്റെ ഇഷ്ടക്കാരിൽ പെടുത്തട്ടെ ആമീൻ

(തുടരും)
ഇൻശാ അള്ളാഹ്

പ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.com

No comments: