Wednesday, January 24, 2018

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് -ഭാഗം-01

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു | വാക്യങ്ങൾ 89


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


സുഖ്‌റുഫ്’ എന്നാൽ സ്വർണം.  ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണം, അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾ, അറബികളുടെ സത്യ നിഷേധം, പൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾ, പരലോക ശിക്ഷകൾ, പരലോക നേട്ടങ്ങൾ, മൂസാ നബിعليه السلامയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട്


(1)

حم

വ്യാഖ്യാനം അള്ളാഹുവിനറിയാം


(2)

وَالْكِتَابِ الْمُبِينِ

വ്യക്തമായ ഈ വേദഗ്രന്ഥം തന്നെയാണ് (സത്യം)

ചിന്തിക്കുന്നവർക്ക് നേരിന്റെ വഴി മനസിലാക്കാൻ സഹായിക്കുന്ന, ഉദ്ബോധനങ്ങളും ഉപദേശങ്ങളും യാഥാർത്ഥ്യ ബോധം സമ്മാനിക്കുന്ന ഒരു ദൈവിക ഗ്രന്ഥമാണിത്. മക്കക്കാർ ആരോപിച്ചത് പോലെ മുഹമ്മദ് നബിയോ മറ്റാരെങ്കിലുമോ സ്വയം നിർമ്മിച്ചുണ്ടാക്കിയതല്ല
വ്യക്തമായ ഭാഷയും ശൈലിയുമാണ് ഖുർആനിന്റെത്. കാരണം ഏറ്റവും സാഹിത്യ സൌന്ദര്യമുള്ള അറബി ഭാഷയിൽആണിത്


(3)

إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

നിശ്ചയം ഇതിനെ നാം അറബി ഭാഷയിലുള്ള ഖുർആനാക്കിയിരിക്കുന്നു .നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി

ഖുർആനിന്റെ വിധികളും നിയമങ്ങളും ചിന്തിച്ച് മനസ്സിലാക്കാൻ ഉതകുന്ന വിധം എല്ലാവർക്കും വ്യക്തത വരത്തക്ക വിധത്തിലാണ് ഖുർആനിന്റെ അവതരണം


(4)


وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ

അത് ഒരു മൂല ഗ്രന്ഥത്തിൽ നമ്മുടെ അടുക്കൽ ഉന്നത പദവിയിലിരിക്കുന്നതും തത്വങ്ങളാൽ നിറക്കപ്പെട്ടതും തന്നെയാകുന്നു

മൂല ഗ്രന്ഥം എന്നത് അടിസ്ഥാന രേഖയാകുന്ന ലൌഹുൽ മഹ്‌ഫൂള്‘ ആണ് എല്ലാം അവിടെ രേഖപ്പെട്ടു കിടക്കുന്നുണ്ട്. വാന ലോകത്തുള്ളവർ അതിനെ ആദരിക്കുന്നു. ഭൂമിയിലുള്ളവർക്കും ആദരിക്കാനും അനുസരിക്കാനും  കടമയുണ്ട് എന്ന് ഉണർത്തുകയാണിവിടെ .‘ഉന്നത പദവിയിലിരിക്കുന്നു‘ എന്നത് അതിന്റെ മഹത്വവും ബഹുമാനവും തെളിയിക്കുന്നു.തത്വങ്ങളാൽ നിറക്കപ്പെട്ടു എന്ന് പറഞ്ഞത് അതിൽ മാറ്റത്തിരുത്തലുകളോ സംശയങ്ങളോ വൈരുദ്ധ്യങ്ങളോ സൂക്ഷ്മ നിരീക്ഷണത്തിൽ കാണാൻ കഴിയില്ല എന്ന് സൂചിപ്പിക്കുന്നു ഇത്രയും വിശദീകരിച്ചിട്ട് ഇബ്‌നു കസീർ തന്റെ വ്യാഖ്യാനത്തിൽ പറയുന്നു ഇത് കൊണ്ടാണ് ശുദ്ധിയില്ലാത്തവൻ ഖുർആൻ തൊടരുതെന്ന് പണ്ഡിതന്മാർ കണ്ടെത്തിയത്. കാരണം അതിനെ വാന ലോകത്തുള്ള മലക്കുകൾ ആദരിക്കുന്നു നമുക്ക് വേണ്ടിയാണല്ലോ ഖുർആൻ അവതരിപ്പിക്കപ്പെട്ടത് അപ്പോൾ അതിനെ ബഹുമാനിക്കാൻ മലക്കുകളേക്കാൾ നമുക്ക് ബാധ്യതയുണ്ട്.ശുദ്ധിയോടെ മാത്രം അതിനെ സ്പർശിച്ചും അതിന്റെ കല്പനകൾക്ക് വഴങ്ങിക്കൊടുത്തും അത്യാദരവോടെ അതിനെ സമീപിച്ചുമാണ് ആ ബഹുമാനം നാം പ്രയോഗവൽക്കരിക്കേണ്ടത്


(5)

أَفَنَضْرِبُ عَنكُمُ الذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ

എന്നിരിക്കെ നിങ്ങൾ അതിരു വിട്ടു പോയ ഒരു ജനതയായിരിക്കയാൽ നിങ്ങളിൽ നിന്ന് ഈ ഖുർ ആനെ നാം നീക്കിക്കളയുമോ?

നിങ്ങൾ ഖുർആനിനെ നിഷേധിക്കുകയും അവിശ്വാസത്തിൽ മുഴുകി അതിക്രമികളാവുകയും ചെയ്തു എന്നതിന്റെ പേരിൽ ഖുർആനിന്റെ അവതരണം നാം നിർത്തിവെക്കുമെന്ന് ധരിക്കുകയോ നിങ്ങൾക്ക് ധിക്കാരത്തിന്റെ ശിക്ഷ ഇല്ലാതാകുമെന്ന് കരുതുകയോ വേണ്ടതില്ല എന്നാണ് ഇതിന്റെ സാരം.

ഇബ്‌നു കസീർ 
رحمة الله عليهഎഴുതുന്നു “ഇതിന്റെ വ്യാഖ്യാനത്തിൽ രണ്ട് വിധത്തിൽ വിശദീകരണമുണ്ട് (ഒന്ന്) എന്റെ കല്പനകൾക്ക് വഴങ്ങാതെ നിങ്ങൾ ജീവിച്ചാലും നിങ്ങളെ ശിക്ഷിക്കാതെ ഞാൻ വിട്ടു കളയുമെന്ന് നിങ്ങൾ ധരിക്കുന്നുണ്ടോ? (ഉണ്ടെങ്കിൽ അത് വേണ്ട)

(രണ്ട്) ഖുർആൻ അവതരിപ്പിക്കപ്പെട്ട ആദ്യ സമൂഹം അതിനെ നിഷേധിച്ചപ്പോൾ അള്ളാഹു ഖുർആനിന്റെ അവതരണം നിർത്തിവെച്ചിരുന്നുവെങ്കിൽ ആ ജനത നശിക്കുമായിരുന്നു പക്ഷെ അള്ളാ‍ഹു അവന്റെ കാരുണ്യത്താൽ വീണ്ടും ഖുർആൻ ഇറക്കിക്കൊണ്ടിരുന്നു ഉൽബോധനം ഫലം ചെയ്തവർക്ക് അത് ഉൾക്കൊള്ളാനും  ധിക്കാരം തുടർന്നവർക്ക് എതിരിൽ തെളിവ് നിരത്താനും വേണ്ടി


(6‌)

وَكَمْ أَرْسَلْنَا مِن نَّبِيٍّ فِي الْأَوَّلِينَ

പൂർവീകരിൽ എത്രയെത്ര നബിമാരെയാണ് നാം അയച്ചത്?

നബി യെ ആശ്വസിപ്പിക്കാനാണീ സൂക്തം. തങ്ങളുടെ ജനത നിഷേധികളായതിൽ വിഷമിക്കേണ്ടതില്ല.മുൻ കാല സമുദായങ്ങളിലും നാം എത്രയോ പ്രവാചകന്മാരെ അയച്ചു അവരെല്ലാം നിഷേധിക്കപ്പെട്ടു.അത് കൊണ്ട് തങ്ങൾ വിഷമിക്കേണ്ടതില്ല പ്രബോധനം അവസാനിപ്പിക്കേണ്ടതുമില്ല.ക്ഷമയോടെ പ്രബോധന വീഥിയിൽ മുന്നേറുക


(7)



وَمَا يَأْتِيهِم مِّن نَّبِيٍّ إِلَّا كَانُوا بِهِ يَسْتَهْزِؤُون

ഏതൊരു നബി അവരുടെ അടുക്കൽ ചെന്നാലും അവർ അദ്ദേഹത്തെ പരിഹസിക്കാതെ വിട്ടിട്ടില്ല

എല്ലാ നബിമാരും അവരുടെ സമുദായത്താൽ പരിഹസിക്കപ്പെട്ടിട്ടുണ്ട് .തങ്ങളുടെ സമുദായവും അത് തന്നെ ചെയ്യുന്നു.അത് കൊണ്ട് മുൻ കാല  നബിമാർ ക്ഷമിച്ചത് പോലെ തങ്ങളും ക്ഷമിക്കുക അന്തിമ വിജയം തങ്ങൾക്കും സത്യത്തിനും തന്നെയായിരിക്കും

(8)

فَأَهْلَكْنَا أَشَدَّ مِنْهُم بَطْشًا وَمَضَى مَثَلُ الْأَوَّلِينَ


തന്നിമിത്തം ഇവരേക്കാൾ കൈയൂക്കിൽ ശക്തരായിരുന്നവരെ നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട് പൂർവീകരുടെ (ശിക്ഷയുടെ) ഉപമകൾ (മുമ്പ് ഖുർആനിൽ) കഴിഞ്ഞു പോയിരിക്കുന്നു

മക്കക്കാരേക്കാൾ ശക്തന്മാരായിരുന്ന സത്യ നിഷേധികളെ മുമ്പ് നാം നശിപ്പിച്ചിട്ടുണ്ട് ഇവർക്കും അത്തരം ശിക്ഷ നൽകാൻ അള്ളാഹുവിനു പ്രയാസമുണ്ടാവില്ല .അത് കൊണ്ട് ഫലം ഉണ്ടായാലും ഇല്ലെങ്കിലും അങ്ങ് പ്രബോധനം ക്ഷമയോടെ തുടരുക.പൂർവീകരുടെ ശിക്ഷയുടെ ഉപമകൾ ധാരാളം ഖുർആൻ ചർച്ച ചെയ്തിട്ടുണ്ട്. നൂഹ് നബിعليه السلامയുടെ ജനത,ലൂഥ് നബിعليه السلامയുടെ ജനതഹൂദ് നബിعليه السلامയുടെ ജനതയായ ആദ് സമൂഹം,സാലിഹ് നബിعليه السلامയുടെ ജനതയായ സമൂദ് ഗോത്രം, ശുഐബ് നബിعليه السلامയുടെ മദ്‌യനുകാർ തുടങ്ങിയവരുടെയെല്ലാം നിഷേധത്തിന്റെയും നാശത്തിന്റെയും വിശദ വിവരണം ഖുർആൻ നടത്തിയിട്ടുണ്ട്. അതിന്റെയൊക്കെ ആകെത്തുക എത്ര ശക്തിയുണ്ടായാലും എത്ര ആൾ ബലം സംഭരിച്ചാലും ആയുധ ബലം സ്വന്തമാക്കിയാലും കുരുട്ടു ബുദ്ധി പ്രയോഗിച്ചാലും സത്യത്തിനെതിരിൽ താൽക്കാലികമായ ചില മികവുകൾ കണ്ടേക്കാമെങ്കിലും അതിന്റെ അവസാനം കൊടും ഖേദത്തിലും വലിയ നാശത്തിലും തന്നെയാണവസാനിക്കുക എന്നതാണ്.അത് തന്നെയാണ് തങ്ങളും കാണാനിരിക്കുന്നത്.


അള്ളാഹു  നന്മക്കൊപ്പം നിലകൊള്ളാൻ നമ്മെ അനുഗ്രഹിക്കട്ടെ  ആമീൻ
(തുടരും)

ഇൻശാ അള്ളാഹ്


പ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.com

No comments: