Wednesday, January 10, 2018

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ -ഭാഗം-05

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 59


Part-5  ( 43 to 59 )ഒന്നാം ഭാഗം ഇവിടെ വായിക്കുക >>

രണ്ടാം ഭാഗം ഇവിടെ വായിക്കുക  >>

മൂന്നാം ഭാഗം ഇവിടെ  >>>

നാലാം ഭാഗം  >>>


بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു(43)

إِنَّ شَجَرَةَ الزَّقُّومِ

നിശ്ചയം സഖ്ഖൂം വൃക്ഷംനരകത്തിന്റെ അടിത്തട്ടിൽ മുളക്കുന്ന ഒരു വൃക്ഷമാണ് സഖ്ഖൂം!


(44)

طَعَامُ الْأَثِيمِ
മഹാ പാപികളുടെ ഭക്ഷണമാകുന്നു


അവരുടെ മഹാ പാപം അവരുടെ നാഥനെ നിഷേധിക്കുക എന്ന കുഫ്‌റാണ്.ഏറ്റവും വലിയ കുറ്റവും അത് തന്നെയാണ് കാരണം അത് മനുഷ്യനെ സ്ഥിരമായി നരകത്തിൽ കിടക്കാൻ യോഗ്യനാക്കുന്ന കുറ്റമാണ്

ശപിക്കപ്പെട്ട വൃക്ഷം എന്ന് ഖുർആൻ (സൂറത്തുൽ ഇസ്‌റാഅ് അറുപതാം വാക്യം) പരിജയപ്പെടുത്തിയത് ഈ സഖ്ഖൂമിനെക്കുറിച്ചാണ്.നരകാവകാശികൾ വിശക്കുമ്പോൾ അതിലേക്ക് അഭയം പ്രാപിക്കുകയും അതിൽ നിന്ന് കഴിക്കുകയും ചെയ്യുമെന്ന് ഇമാം ഖുർതുബി  
رحمة الله عليه  വിശദീകരിച്ചിട്ടുണ്ട്


(45)


كَالْمُهْلِ يَغْلِي فِي الْبُطُونِ

ഉരുകിയ ലോഹം പോലിരിക്കും (അതിന്റെ കനി) അത് വയറുകളിൽ തിളക്കും

അതിന്റെ ശിക്ഷയുടെ തീഷ്ണതയാണിത് സൂചിപ്പിക്കുന്നത് .ശക്തമായ വിശപ്പിനു പരിഹാരത്തിനായി ഈ വൃക്ഷത്തിൽ നിന്ന് കഴിച്ചാൽ അത് തന്നെ അവർക്കൊരു ശിക്ഷയായി മാറും.ഉരുകിയ ലോഹം പോലെ ആ കനി ഉരുകി നിൽക്കുകയും ചുടു വെള്ളം തിളക്കുന്നത് പോലെ തിളക്കുകയും ചെയ്യും


(46)


كَغَلْيِ الْحَمِيمِ

ചൂടു വെള്ളം തിളക്കുന്നത് പോലെ


ചൂടിന്റെ പാരമ്യത്തീലെത്തുമ്പോഴുള്ള തിളക്കലാണിവിടെ ഉദ്ദേശ്യം


(47)

خُذُوهُ فَاعْتِلُوهُ إِلَى سَوَاء الْجَحِيمِ

അവനെ പിടിക്കുക.എന്നിട്ട് ജ്വലിക്കുന്ന നരകത്തിന്റെ നടുവിലേക്ക് അവനെ വലിച്ചിഴച്ച് കൊണ്ടു പോവുക


നരകത്തിന്റെ കാവൽക്കാരായ സബാനിയാക്കളോട് അള്ളാഹു നിർദ്ദേശിക്കുന്നതാണിത്.അവനെ പിടിച്ച് കത്തിയെരിയുന്ന നരകത്തിലേക്ക്  ശക്തമായി വലിച്ച് കൊണ്ടു പോവുക


(48)

ثُمَّ صُبُّوا فَوْقَ رَأْسِهِ مِنْ عَذَابِ الْحَمِيمِ


പിന്നീട് അവന്റെ തലക്കും മീതെ ചുട്ടു തിളക്കുന്ന വെള്ളമാകുന്ന ശിക്ഷയിൽ നിന്ന് ഒഴിച്ച് കൊടുക്കുക (എന്ന് അവിടെ വെച്ച് പറയപ്പെടും)


ഇബ്‌നു കസീർ എഴുതുന്നു നരകത്തിലെത്തിയ മനുഷ്യനെ മലക്കുകൾ ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിക്കും അപ്പോൾ അവന്റെതലയോട്ടി തുറന്ന്  തലച്ചോർ പുറത്ത് വരും .ആ സമയത്ത് അവന്റെ തലക്കുമീതെ ചൂടിന്റെ പാരമ്യത്തിലെത്തിയ വെള്ളം ഒഴിക്കപ്പെടും.അത് ശരീരത്തിലേക്കിറങ്ങുമ്പോൾ ആമാശയത്തിലുള്ളവയെല്ലാം പുറത്ത് വരുന്ന സാഹചര്യമുണ്ടാവും (അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ)


(49)

ذُقْ إِنَّكَ أَنتَ الْعَزِيزُ الْكَرِيمُ

നീ ഇത് രുചിച്ചു നോക്കൂ നിശ്ചയം നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും (എന്ന് അവനോട് പറയപ്പെടും)


ഈ സൂക്തം നരകത്തിലെത്തിയവർക്കെല്ലാം ബാധകമാണെങ്കിലും ഇത് അവതരിച്ചത് അബൂജഹ്‌ലിന്റെ വിഷയത്തിലാണെന്ന് ഇമാം ഥിബ്‌രി 
 رحمة الله عليهഎഴുതുന്നു.അബൂജഹ്‌ലിനെ നബി ﷺ താക്കീത് ചെയ്തപ്പോൾ അവൻ പറഞ്ഞു.എന്നെ നിങ്ങൾ ഭയപ്പെടുത്തുകയോ?ഇവിടെ എന്നെക്കാൾ പ്രാതാപിയായിട്ടാരാണുള്ളത്?എന്ന്.അതായത് എന്നെ ശിക്ഷിക്കാൻ ആരും വളർന്നിട്ടില്ലെന്ന് പറഞ്ഞ ആധിക്കാരിക്കും അതു പോലുൾളവർക്കും നരകത്തിലെ കഠിനമായ ശിക്ഷ ലഭിക്കുമ്പോൾ അവരുടെ ദു:ഖവും വഷളത്തരവും ഒന്നു കൂടി വർദ്ധിപ്പിക്കുന്നതാണീ പ്രയോഗം .നിന്റെ വിശ്വാസമനുസരിച്ച് നീ വലിയ പ്രതാപിയും മാന്യനുമല്ലേ?ഇത്തരം ശിക്ഷയൊന്നും നിനക്ക് നേരെ വരില്ലെന്ന് നീ വിമ്പിളക്കിയില്ലേ?ഇപ്പോൾ ഇത് നന്നായി ആസ്വദിക്കുക എന്ന് അവരോട് പറയപ്പെടും  .

ഇബ്‌നു കസീർ رحمة الله عليهഎഴുതുന്നു.ഒരിക്കൽ നബി ﷺ അബൂജഹ്‌ലിനെ കണ്ടു.നബി പറഞ്ഞു.ഹേ മനുഷ്യാ! “നീ വെറുക്കുന്ന കാര്യം നിന്നെ സമീപിച്ചിരിക്കുന്നു അത് നിനക്ക് ഏറ്റവും അവകാശപ്പെട്ടത് തന്നെ. വീണ്ടും നീ വെറുക്കുന്ന കാര്യം നിന്നെ സമീപിച്ചിരിക്കുന്നു അത് നിനക്ക് ഏറ്റവും അവകാശപ്പെട്ടത് തന്നെ” (സൂറത്തുൽ ഖിയാമ:34/35)എന്ന് നിന്നോട് പറയാൻ അള്ളാഹു കല്പിച്ചിരിക്കുന്നു .അപ്പോൾ അവൻ പറഞ്ഞു മുഹമ്മദേ!നിങ്ങൾക്കോ നിങ്ങളുടെ ചങ്ങാതിക്കോഎന്നെ ഒന്നും ചെയ്യാൻ കഴിയില്ല ഈ മക്കയിലെ ഏറ്റവും വലിയ ശക്തനും പ്രതാപിയുമാണ് ഞാൻ എന്ന്.എന്നാൽ ബദ്‌റിൽ വെച്ച് അവനെ കൊലപ്പെടുത്തിക്കൊണ്ട് ഭൂമിയിൽ അവൻ നിന്ദിക്കപ്പെട്ടു.പരലോകത്ത് ശിക്ഷയും ഇത്തരം പരാമർശനവും മുഖേന അവൻ അപകീർത്തിപ്പെടുത്തപ്പെടുകയും ചെയ്തു.നീ പ്രതാപിയും മാന്യനുമല്ലേ എന്നതിന്റെ അർത്ഥം നീ നിന്ദ്യനും പരിഹാസ്യനും തന്നെ എന്നാണെന്ന് ഇമാം ഖുർതുബി എഴുതുന്നു  

(50)

إِنَّ هَذَا مَا كُنتُم بِهِ تَمْتَرُونَ

ഇത് നിങ്ങൾ സംശയിച്ചു കൊണ്ടിരുന്ന ശിക്ഷ തന്നെയാണ്


ഭൂമിയിൽ വെച്ച് പുനർജന്മവും തുടർന്നുള്ള ശിക്ഷയുമൊന്നും സംഭവ്യമല്ല എന്ന് നിങ്ങൾ തർക്കിച്ചിരുന്നു എന്നാൽ ഇന്നത് യാഥാർത്ഥ്യമായി നിങ്ങൾ അനുഭവിക്കുക എന്ന് ചുരുക്കം


(51)

إِنَّ الْمُتَّقِينَ فِي مَقَامٍ أَمِينٍ 

നിശ്ചയം ഭക്തന്മാർ നിർഭയമായ ഒരു വാസ സ്ഥലത്തായിരിക്കും

നിഷേധികളുടെ ദുരിതത്തെക്കുറിച്ച് ഉണർത്തിയ ഖുർ ആൻ നല്ലവരുടെ പ്രതിഫലത്തെ വിവരിക്കുകയാണ്.ഭൂമിയിൽ അള്ളാഹുവിന്റെ നിയമ നീദ്ദേശങ്ങളെ മാനിച്ച് ജീവിച്ചവരാണ് മുത്തഖീങ്ങൾ.അവർക്ക് നിർഭയമായ താമസ സ്ഥലം ഒരുക്കിയിരിക്കുന്നു.സ്വർഗമാണത് കൊണ്ടുദ്ദേശ്യം .മരണത്തെയോ സ്വർഗത്തിൽ നിന്നുള്ള കുടിയിറക്കത്തെയോ മറ്റു വിഷമങ്ങൾ ബേജാറുകൾ ദുരിതങ്ങൾ എന്നിവയെയോ പിശാചിനെയോ അവന്റെ പാരകളെയോ മറ്റു ബുദ്ധിമുട്ടുകളെയോ ഒന്നും പേടിക്കേണ്ടതില്ല എന്നാണ് നിർഭയമായ വാസ സ്ഥലം എന്നതിന്റെ ഉദ്ദേശ്യമെന്ന് ഇബ്‌നു കസീർ 
رحمة الله عليهഎഴുതുന്നു


(52)

فِي جَنَّاتٍ وَعُيُونٍ
അതായത് ചില സ്വർഗത്തോപ്പുകളിലും അരുവികളിലും


തോട്ടങ്ങളും അതിലെ മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദികളുമാണുദ്ദേശ്യം


(53)

يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَابِلِينَ

നേർത്ത പട്ടും കട്ടിയുള്ള പട്ടും അവർ ധരിക്കുന്നതാണ് പരസ്പരം അഭിമുഖമായിട്ടായിരിക്കും അവർ ഇരിക്കുന്നത്


ഉയർന്നയിനം പട്ടും ശക്തമായി ലങ്കുന്ന പട്ടുമാണുദ്ദേശ്യം .അവർ കട്ടിലുകളിൽ ഇരിക്കുമ്പോൾ പരസ്പരം മുഖം കാണും വിധത്തിൽആയിരിക്കും ഇരിക്കുക.ഒരിക്കലും ഒരാൾക്കും മറ്റൊരാളുടെ പിരടി കാണും വിധം പുറകിലാകുന്ന സാഹചര്യമുണ്ടാവില്ല


(54)

كَذَلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ

അപ്രകാരമാണ് (കാര്യം) വിശാലമായ നേത്രങ്ങളുള്ള വെളുത്ത തരുണികളെ അവർക്ക് നാം ഇണകളായി നൽകുകയും ചെയ്യും


സ്വർഗ സ്ത്രീകളുടെ സൌന്ദര്യത്തിന്റെ ഒരു വിവരണമാണിത്


(55)

يَدْعُونَ فِيهَا بِكُلِّ فَاكِهَةٍ آمِنِينَ

അവിടെ നിർഭയരായിക്കൊണ്ട് അവർ എല്ലാ തരം പഴങ്ങളും ആവശ്യപ്പെടുന്നതാണ്


നിർഭയരായി കൊണ്ട് എന്ന് പറഞ്ഞാൽ ഏത് പഴം ചോദിക്കുമ്പോഴും അത് തീർന്നു പോകുമെന്ന ഭയമോ അത് കഴിച്ചാൽ ശരീരത്തിനെന്തെങ്കിലും ബുദ്ധിമുട്ടുകൾ സംഭവിക്കുമെന്ന ഭയമോ ഇല്ലാതെ എന്ന് സാരം


(56)
لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَى وَوَقَاهُمْ عَذَابَ الْجَحِيمِ

ആദ്യ മരണമല്ലാതെ അവിടെ വെച്ച് മറ്റൊരു മരണം അവർ അനുഭവിക്കുകയില്ല.ജ്വലിക്കുന്ന നരക ശിക്ഷയിൽ നിന്ന് അള്ളാഹു അവരെ കാത്തു രക്ഷിക്കുകയും ചെയ്തിരിക്കുന്നു


സ്വർഗത്തിലെത്തിയ ശേഷം ഇനി മരണമില്ല അനന്തമായി സന്തോഷങ്ങളിൽ മുഴുകാൻ സാധിക്കും വിധം നരകത്തിന്റെ ദുരിതം ബാധിക്കാത്ത വിധം അവർക്ക് സുഖം കൊള്ളാം
ഇബ്‌നു കസീർ 
رحمة الله عليهഎഴുതുന്നു നബി പറഞ്ഞതായി അബൂഹുറൈറ: رضي الله عنه അബൂ സഈദ്  رضي الله عنهഎന്നിവർ പറഞ്ഞു.രോഗം വരാത്ത വിധമുള്ള ആരോഗ്യവും മരണം സംഭവിക്കാത്ത വിധമുള്ള ജീവിതവും കുഴപ്പം വരാത്ത വിധമുള്ള സുഖങ്ങളും വാർധക്യം വരാത്ത വിധമുള്ള യുവത്വവും നിങ്ങൾക്കിവിടെ ഉണ്ട് എന്ന് സ്വർഗക്കാരോട് പറയപ്പെടും

മരണത്തിന്റെ സഹോദരനായി പരിചയപ്പെടുത്തപ്പെട്ട ഉറക്കവും സ്വർഗാവകാശികൾക്കില്ലെന്ന് ഇബ്‌നു കസീർ ഹദീസുകൾ വെച്ച് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്


(57)
فَضْلًا مِّن رَّبِّكَ ذَلِكَ هُوَ الْفَوْزُ الْعَظِيمُ

അങ്ങയുടെ രക്ഷിതാവിൽ നിന്നുള്ള അനുഗ്രഹമായിട്ടാണ് (ഇതെല്ലാം ലഭിക്കുന്നത്) അത് തന്നെയാണ് മഹത്തായ ഭാഗ്യം


അവർക്ക് ജീവിതത്തിൽ സംഭവിച്ചു പോയ തെറ്റുകൾക്കൊന്നും ശിക്ഷ നൽകാതെ അവരെ അള്ളാഹു അനുഗ്രഹിച്ചത് കൊണ്ടാണ് നരകത്തിൽ നിന്ന് അവർക്ക് രക്ഷ കിട്ടിയതും സ്വർഗത്തിന്റെ സുഖങ്ങൾ അവർ നേടിയതും.ഇത് അള്ളാഹു നൽകിയ ഭാഗ്യമാണ്.അവരുടെ അവകാശമല്ല


(58)

فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ

എന്നാൽ (നബിയേ) നാം ഈ ഖുർആനിനെ തങ്ങളുടെ ഭാഷയിൽ എളുപ്പമാക്കിത്തന്നിരിക്കുന്നത് അവർ ചിന്തിച്ച് ഗ്രഹിക്കാൻ വേണ്ടി മാത്രമാണ്


ഏറ്റവും സരസമായ അറബി ഭാഷയിൽ നാം ഖുർആൻ അവതരിപ്പിച്ചത് പ്രഥമ സംബോധിതരായ അറബികൾക്ക് അത് ഗ്രഹിക്കാനും  അവർ അത് ഉൾക്കൊള്ളാനുമാണ്.പക്ഷെ അവർ അതിനു തയാറായില്ലെന്ന് മാത്രമല്ല.അതിനെ നിഷേധിക്കുന്നതിൽ അതിരു കവിയുകയും ചെയ്തു


(59)

فَارْتَقِبْ إِنَّهُم مُّرْتَقِبُونَ

അതിനാൽ അങ്ങ് പ്രതീക്ഷിക്കുക നിശ്ചയം അവരും പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ്

അള്ളാഹുവിൽ നിന്നുള്ള സഹായവും വിജയവും തങ്ങൾ കാത്തിരിക്കുക.തങ്ങൾക്കെതിരിൽ വിജയം അവരും പ്രതീക്ഷിക്കുന്നുണ്ട്.അവരുടെ പ്രതീക്ഷയും കാത്തിരിപ്പും വെറുതെയാണ് തങ്ങൾക്ക് ഞാൻ വിജയവും സന്തോഷവും നൽകുക തന്നെ ചെയ്യും .ഇത്  നബി തങ്ങൾക്കുള്ള സന്തോഷ വാർത്തയും സമാധാന സന്ദേശവുമാണ്


ഈ അദ്ധ്യായം എന്നും പാരായണം ചെയ്യൽ സുന്നത്തുണ്ട്
അള്ളാഹു നമ്മെയെല്ലാം സ്വർഗാവകാശികളിൽ പെടുത്തട്ടെ ആമീൻപ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.com
 

No comments: