Tuesday, August 11, 2009

അദ്ധ്യായം 92 സൂറ:അല്ലൈൽ

അദ്ധ്യായം 92  സൂറ : അല്ലൈൽ   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  21

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

ഇമാം റാസി رحمة الله عليه  എഴുതുന്നു. ഇമാം ഖഫ്ഫാൽ رحمة الله عليه  പറഞ്ഞു. ഈ സൂറത്ത്‌  അബൂബക്കർ رضي الله عنهന്റെയും തന്റെ മുസ്‌ലിംകൾക്ക്‌ വേണ്ടിയുള്ള ധനം ചിലവാക്കലിന്റെയും വിഷയത്തിലും ഉമയ്യത്ത്‌ ബിൻ ഖലഫ്‌ എന്ന ദുഷ്ടന്റെയും അവന്റെ പിശുക്കിന്റെയും അവിശ്വാസന്റെയും കാര്യത്തിലുമിറങ്ങിയതാണ്‌.പക്ഷെ അബൂബക്കർ رضي الله عنه ന്റെ സ്വഭാവം നില നിർത്തുന്ന എല്ലാ വിശ്വാസികൾക്കും ഉമയ്യത്തിന്റെ ദുസ്വഭാവം പകർത്തിയ എല്ലാ അവിശ്വാസികൾക്കും ഇതിലെ നിയമം ഭാധകം തന്നെ(റാസി 31/185)

1.وَاللَّيْلِ إِذَا يَغْشَى

രാത്രിയെ തന്നെ സത്യം അത്‌ മൂടിക്കൊണ്ടിരിക്കുമ്പോൾ

2وَالنَّهَارِ إِذَا تَجَلَّى

പകലിനെ തന്നെയാണ്‌ സത്യം അത്‌ പ്രത്യക്ഷപ്പെടുമ്പോൾ.

മുൻ അദ്ധ്യായത്തിൽ വിശദീകരിച്ചത്‌ പോലെ രാത്രി അതിന്റെ ഇരുട്ടിനാൽ എല്ലാത്തിനെയും മൂടുകയും പകൽ നേരേ മറിച്ചുമാണ്‌ രാത്രിയാവുമ്പോൾ എല്ലാ ജീവികളും അതിന്റെ താമസസ്ഥലത്തേക്ക്‌ നീങ്ങുകയും ശരീരത്തിനു ആശ്വാസത്തിനായി വിശ്രമത്തിലേക്ക്‌ കടക്കുകയും ചെയ്യുന്നു അതെ സമയം പകൽ ആയാൽ എല്ലാവരും ഉറക്കത്തിന്റെ ആലസ്യം വിട്ടുണർന്ന് ജീവിതത്തിന്റെ വിവിധ തിരക്കുകളിലാവുകയും സജീവത നില നിർത്തുകയും ചെയ്യുന്നു കാലം മുഴുവനും രാത്രി മാത്രമോ പകൽ മാത്രമോ ആയിരുന്നുവെങ്കിൽ ജീവിതം തന്നെ വഴിമുട്ടുമായിരുന്നു.അതിനാൽ എല്ലാം മറക്കുന്ന സ്വകാര്യത സമ്മാനിക്കുന്ന രാത്രിയും എല്ലാം കാണാൻ സഹായിക്കുന്ന പകലും വല്ലാത്തൊരു അനുഗ്രഹം തന്നെ

3.وَمَا خَلَقَ الذَّكَرَ وَالْأُنثَى

പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചവനെ തന്നെയാണ്‌ സത്യം.

ഒരേ വസ്തുവിൽ നിന്ന് രണ്ട്‌ തരം ആളുകളെ സൃഷ്ടിക്കുക എന്ന മഹാ അത്ഭുതമാണ്‌ അല്ലാഹു കാഴ്ച വെക്കുന്നത്‌. ഇവിടെ പറഞ്ഞ ആൺ,പെൺ എന്നത്‌ എല്ലാ വിഭാഗത്തിലും പെട്ട രണ്ട്‌ വർഗമാണെന്നും ആദം(عليه السلام) ഹവ്വാ ബീവി(رضي الله عنها) എന്നിവരാണെന്നും വിശദീകരണമുണ്ട്‌

إِنَّ سَعْيَكُمْ لَشَتَّى 
നിശ്ചയം നിങ്ങളുടെ പ്രവർത്തനം വിഭിന്നങ്ങളത്രെ.

അടിമകളുടെ പ്രവർത്തനങ്ങൾ ഭിന്നമാണെന്ന് പറഞ്ഞതിന്റെ താൽപര്യം ചിലരുടെത്‌ നല്ലതും മറ്റ്‌ ചിലരുടെത്‌ തിന്മയും ആണെന്നും ചിലർ സ്വർഗത്തിലെത്താനുള്ള പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ മറ്റു ചിലർ നരകത്തിലെത്താനുള്ള പ്രവർത്തികൾ ചെയ്യുന്നു. രാവും പകലും പോലെ, ആണും പെണ്ണും പോലെ,മനുഷ്യന്റെ(ജിന്നിന്റെയും) പ്രവർത്തനവും സ്വഭാവവും വിത്യസ്തമായിരിക്കും ഈ വ്യത്യാസം ചൂണ്ടിക്കാണിക്കയാണ്‌ തുടർന്നുള്ള ആയത്തുകളിൽ.


5.فَأَمَّا مَن أَعْطَى وَاتَّقَى

അപ്പോൾ ആർ(കൊടുക്കേണ്ടത്‌)കൊടുക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തുവോ

കൊടുക്കേണ്ടത്‌ കൊടുക്കുക എന്ന് പറഞ്ഞാൽ അടിമ മോചനം, ദുർബലരെ സഹായിക്കൽ കുടുങ്ങിപ്പോയവരെ രക്ഷിക്കൽ സത്യത്തിനു വേണ്ടി അസത്യത്തിനെതിരെ സഹായിക്കൽ തുടങ്ങി നന്മയുടെ എല്ലാ വഴികളിലും ചിലവ്‌ ചെയ്യലാണു ഉദ്ദേശ്യം അബൂബക്കർرضي الله عنهചെയ്തിരുന്നത്‌ പോലെ .അത്‌ നിർബന്ധമായാലും സുന്നത്തായാലും ശരി എന്നാണ്‌ ഒരു അഭിപ്രായം മറ്റൊരു അഭിപ്രായം ധനത്തിന്റെ കടമകൾ വീട്ടുകയും ശരീരത്തെ അല്ലാഹുവിന്റെ അനുസരണത്തിലായി നയിക്കാനായാവശ്യമായ മുൻ കരുതലെടുക്കുകയും ചെയ്യുക എന്നാണ്‌ അല്ലാഹുവെ സൂക്ഷിക്കുക എന്നാൽ ഏറ്റവും ചുരുങ്ങിയത്‌ കൽപനകൾ പാലിക്കാനും വിരോധങ്ങൾ കയ്യൊഴിക്കാനും തയ്യാറാവലാണ്‌

6.
وَصَدَّقَ بِالْحُسْنَى

ഏറ്റവും നല്ലതിനെ സത്യമാക്കുക(വിശ്വസിക്കുക)യും ചെയ്തുവോ,

الحسني  എന്നാൽ അതിന്റെ വ്യാഖ്യാനത്തിൽ പല അഭിപ്രായവുമുണ്ട്‌

(1)
 തൗഹീദിന്റെ വാക്യം എന്നാണ്‌. അഥവാ ആരെങ്കിലും നൽകേണ്ടത്‌ നൽകുകയും അല്ലാഹുവെ സൂക്ഷിക്കുകയും അല്ലാഹുവിന്റെ ഏകത്വം സമ്മതിക്കുകയും പ്രവാചകത്വം സ്ഥിരീകരിക്കുകയും ചെയ്താൽ അവനു മെച്ചപ്പെട്ട പ്രതിഫലം ലഭിക്കും എന്നാവും അർത്ഥം കാരണം അവിശ്വാസമുള്ളതോടൊപ്പം ധനം നൽകിയിട്ടോ തെറ്റുകളെ സൂക്ഷിച്ചിട്ടോ ഒന്നും പരലോകത്ത്‌ പ്രയോചനപ്പെടില്ല

(2) الحسني എന്നാൽ അല്ലാഹു ശരീരത്തിന്റെ മേൽനിർബന്ധമാക്കിയ ആരാധനകളും ധനത്തിൽ അല്ലാഹു ഭാധ്യതയാക്കിയിട്ടുള്ള കാര്യങ്ങളുമാണ്‌ അപ്പോൾ ഈ സൂക്തങ്ങളുടെ അർത്ഥം ഇങ്ങനെയാവും. അല്ലാഹുവിന്റെ മാർഗത്തിൽ ധനം നൽകുകയും അരുതായ്മകളെ സൂക്ഷിക്കുകയും മത നിയമങ്ങളെ സ്വീകരിക്കുകയും, ചെയ്താൽ അവൻ ഏറ്റവും എളുപ്പമായതിലേക്ക്‌ എത്തിക്കും എന്നാവും

(3) الحسني എന്നാൽ അല്ലാഹു നൽകുന്ന പകരം എന്നാണ്‌ നിങ്ങൾ വല്ലതും ചിലവാക്കുന്നതായാൽ അതിനു അല്ലാഹു പകരം നൽകും(സബഅ് 39) എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ അർത്ഥം ഇങ്ങനെയാവും ഒരാൾ തന്റെ ധനത്തിൽ നിന്ന് നൽകുകയും അല്ലാഹു നൽകുന്ന പകരം വിശ്വസിക്കുകയുംചെയ്താൽ മെച്ചപ്പെട്ട പകരം അല്ലാഹു നൽകും എന്നാവും. നബി() പറയുന്നു ഓരോദിവസവും രണ്ട്‌ മലക്കുകൾ വിളിച്ചു പറയുന്നുണ്ട്‌ അല്ലാഹുവേ! നിന്റെ മാർഗത്തിൽ ചിലവഴിക്കുന്നവർക്ക്‌ നീ പകരം നൽകേണമേ. പിശുക്കന്മാർക്ക്‌ നീ നാശം നൽകേണമേ എന്ന്

(4) الحسني എന്നാൽ പ്രതിഫലം എന്നാണ്‌

(5),
 الحسني എന്നാൽ സ്വർഗ്ഗം എന്നാണ്‌ ഇമാം ഖഫാൽ رحمة الله عليه  പറഞ്ഞു
ചുരുക്കത്തിൽ, الحسني എന്ന പദം എല്ലാ നല്ലവിഷയങ്ങൾക്കും പര്യാപ്തമായതാണ്‌(റാസി 31/186-187)

7.فَسَنُيَسِّرُهُ لِلْيُسْرَى

അത്യന്തം എളുപ്പമായതിലേക്ക്‌ അവന്ന് നാം സൗകര്യം ചെയ്തു കൊടുക്കും

يسري എന്നാൽ നല്ല പ്രതിഫലം എന്നും സ്വർഗ്ഗം എന്നും മറ്റും വ്യാഖ്യാനമുണ്ട്‌ അഥവാ ജീവിതത്തിൽ പുലർത്തേണ്ട നല്ല സ്വഭാവങ്ങൾ സ്വായത്തമാക്കിയവനു ഏറ്റവും നല്ല പ്രതിഫലമായ സ്വർഗവും നല്ലതു പ്രവർത്തിക്കാനുള്ള സൗഭാഗ്യവും ചിലവഴിക്കാനുള്ള ഭാഗ്യവും ഒക്കെ നൽകുമെന്നാണ്‌

8.وَأَمَّا مَن بَخِلَ وَاسْتَغْنَى

എതൊരാൾ പിശുക്ക്‌ കാട്ടുകയും ധന്യത നടിക്കുകയും ചെയ്തുവോ

9.وَكَذَّبَ بِالْحُسْنَى

ഏറ്റവും നല്ലതിനെ നിഷേധിക്കുകയും ചെയ്തുവോ
10.فَسَنُيَسِّرُهُ لِلْعُسْرَى

അത്യന്തം ഞെരുക്കമായതിലേക്ക്‌ അവന്ന് നാം സൗകര്യം ചെയ്തുകൊടുക്കും.

ധനം ചിലവഴിക്കാൻ പിശുക്ക്‌ കാണിക്കുകയും തനിക്ക്‌ മറ്റാരുടെയും ആശ്രയം വേണ്ട തനിക്ക്‌ താൻ തന്നെ മതി എന്ന് ധരിക്കുകയും ചെയ്തവൻ അല്ലാഹുവിലുള്ള വിശ്വാസം നിഷേധിക്കുകയും പ്രതിഫലം ലഭിക്കുമെന്ന് അംഗീകരിക്കാതിരിക്കുകയും ചെയ്തതിനാൽ കൂടുതൽ പ്രയാസകരമായതിലേക്ക്‌ നാം അവനെ എത്തിക്കുകയും ഏറ്റവും ക്ലേശം നിറഞ്ഞ നരകത്തിലും ശിക്ഷയിലും അവൻ ആപതിക്കുമെന്നുമാണ്‌ ഇവിടെ പറയുന്നത്‌. അതിനാൽ നന്മയിലും സത്യ വിശ്വാസത്തിലും അടിയുറച്ച്‌ നിൽക്കുകയും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്യുന്നവർക്ക്‌ കൂടുതൽ നല്ലതു ചെയ്യാനുള്ള തൗഫീഖ്‌ അല്ലാഹു നൽകുകയും ശേഷം സ്വർഗത്തിൽ എത്തുകയും ചെയ്യും. നേരേ മറിച്ച്‌ ദുർമ്മാർഗത്തിലും സത്യ നിഷേധത്തിലും കഴിഞ്ഞു കൂടുന്നവർക്ക്‌ തിന്മയിലൂടെ സഞ്ചരിക്കാൻ അവസരം ലഭിക്കുമ്പോൾ നന്മ അവർ വിസ്മരിക്കുകയും തിന്മയിൽ സജീവതപുലർത്തുകയും കൂടുതൽ ശിക്ഷക്കും നരകത്തിനും അവർ അർഹരാവുകയും ചെയ്യുന്നു


11.وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّى

അവൻ (നരകത്തിൽ) വീഴുമ്പോൾ തന്റെ ധനം അവന്ന് പ്രയോചനപ്പെടുന്നതല്ല

നരകത്തിലെത്തിപ്പെടുന്ന ഇവരുടെ രക്ഷക്ക്‌ അവന്റെ എല്ലാമെല്ലാം എന്ന് അവൻ ധരിച്ചിരുന്ന ധനം ഉപകരിച്ചില്ല.തനിക്കു താൻ തന്നെ മതി എന്ന അഹങ്കാരം ഫലം ചെയ്തില്ല എന്നത്‌ അവന്ന് ബോദ്ധ്യപ്പെടുകയാണപ്പോൾ. (അല്ലാഹു നമ്മെയെല്ലാം കാത്ത്‌ രക്ഷിക്കട്ടെ ആമീൻ)

12.إِنَّ عَلَيْنَا لَلْهُدَى

നിശ്ചയം മാർഗദർശനം ചെയ്യൽ നമ്മുടെ മേലാണ്‌ (ബാദ്ധ്യത) ഉള്ളത്‌.

നന്മ ചെയ്യുന്നവർ തിന്മ ചെയ്യുന്നവർ എന്നിങ്ങനെ രണ്ട്‌ വിഭാഗമാണ്‌ ജനങ്ങൾ എന്ന് നേരത്തേ പറഞ്ഞുവല്ലോ.തുടർന്ന് അല്ലാഹു പറയുകയാണ്‌ സന്മാർഗവും ദുർമ്മാർഗവും ചൂണ്ടിക്കാണിച്ച്‌ കൊടുക്കുക എന്നത്‌ അല്ലാഹു നിർവ്വഹിക്കുന്നു എന്ന്! .അത്‌ അവഗണിക്കുന്നവരാണ്‌ തിന്മയിൽ അകപ്പെടുന്നത്‌

13.وَإِنَّ لَنَا لَلْآخِرَةَ وَالْأُولَى

നിശ്ചയം നമുക്കുള്ളത്‌ തന്നെയാണ്‌ പരലോകവും ആദ്യ ലോകവും (ഇഹലോകവും)

അതിനാൽ നിങ്ങൾ സന്മാർഗത്തിലായാലും വഴികേടിലായാലും എന്റെ അധികാരത്തിൽ ഒന്നും സംഭവിക്കില്ല.മറിച്ച്‌ നന്മയുടെയും തിന്മയുടെയും ഗുണവും ദോഷവും നിങ്ങൾക്ക്‌ തന്നെയാണെന്നും, വേണമെങ്കിൽ നിർബന്ധപൂർവ്വം എല്ലാവരെയും വിശ്വാസികളാക്കാൻ അല്ലാഹുവിനു സാധിക്കും പക്ഷെ നന്മ-തിന്മകളുടെ നിജസ്ഥിതി അവരെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷം വിശ്വസിക്കുന്നവർക്ക്‌ സ്വർഗവും അല്ലാത്തവർക്ക്‌ നരകവും നൽകുമെന്ന തീരുമാനാമാണവന്റേത്‌.(റാസി 31/190)

14.فَأَنذَرْتُكُمْ نَارًا تَلَظَّى

അതിനാൽ ആളിക്കത്തുന്ന നരകാഗ്നിയെ ക്കുറിച്ച്‌ നിങ്ങൾക്ക്‌ ഞാൻ താക്കീത്‌ നൽകിയിരിക്കുന്നു
15.لَا يَصْلَاهَا إِلَّا الْأَشْقَى

വളരെ ധുർഭാഗ്യവാനായുള്ളവനല്ലാതെ അതിൽ കടന്നെരിയുകയില്ല


16
الَّذِي كَذَّبَ وَتَوَلَّى

അതായത്‌ (സത്യത്തെ) നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തവൻ.

ഇബ്നു അബ്ബാസ്‌(رضي الله عنه) പറയുന്നു .ഈ സൂക്തങ്ങൾ ഇറങ്ങിയത്‌ ഉമയ്യത്തുബ്നു ഖലഫിനെയും അവനെ പോലുള്ളവരെയും കുറിച്ചാണ്‌ .അവൻ നബി()യെ നിഷേധിക്കുകയും പിശുക്ക്‌ കാണിക്കുകയും ചെയ്തു സത്യത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു.ഏറ്റവും വലിയ ദുർഭാഗ്യത്തിന്റെ ലക്ഷണമാണല്ലോ അതൊക്കെ (അല്ലാഹു നമ്മെ കാത്ത്‌ രക്ഷിക്കട്ടെ ആമീൻ)


17.وَسَيُجَنَّبُهَا الْأَتْقَى 

വളരെ സൂക്ഷ്മതയുള്ളവൻ അതിൽ നിന്ന് അകറ്റി നിർത്തപ്പെടും


18
.الَّذِي يُؤْتِي مَالَهُ يَتَزَكَّى

അതായത്‌ താൻ പരിശുദ്ധി നേടുവാനായി തന്റെ ധനം കൊടുക്കുന്നവൻ


19
.وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَى

പ്രത്യുപകാരം ചെയ്യപ്പെടേണ്ട ഒരു അനുഗ്രവും അവന്റെ അടുക്കൽ ആർക്കുമില്ല


20.
 إِلَّا ابْتِغَاء وَجْهِ رَبِّهِ الْأَعْلَى

തന്റെ അത്യന്നതനായ നാഥന്റെ പ്രീതി തേടുക എന്നല്ലാതെ.

ഈ പറഞ്ഞത്‌ അബൂബക്കർ സിദ്ദീഖ്‌(رضي الله عنه)നെക്കുറിച്ചാണ് എന്നതിൽ വ്യാഖ്യാതാക്കൾക്ക്‌ ഏകാഭിപ്രായമാണ്‌(റാസി 31/191) വിശ്വാസിയായതിന്റെ പേരിൽ ശത്രുക്കൾ ക്രൂരമായി മർദ്ദിച്ച ബിലാൽ(رضي الله عنه) ഉൾപ്പെടെയുള്ള എത്ര അടിമകളെ താൻ സ്വന്തം പണം കൊടുത്ത്‌ മോചിപ്പിച്ചിട്ടുണ്ട്‌. അതിന്റെയൊന്നും ലക്ഷ്യം ഭൗതികമായ ഒരു നേട്ടവും ആയിരുന്നില്ല മറിച്ച്‌ അല്ലാഹുവിന്റെ തൃപ്തിയും തന്റെ ആത്മീയമായ പരിശുദ്ധിയുമായിരുന്നു.ആ മോചിപ്പിക്കപ്പെട്ടവരിൽ നിന്ന് ഒരു പ്രത്യുപകാരവും താൻ പ്രതീക്ഷിച്ചിരുന്നില്ല അതിനെ പുകഴ്ത്തിയാണ്‌ അല്ലാഹു ഇതു പറയുന്നത്‌

21.وَلَسَوْفَ يَرْضَى

വഴിയെ അവൻ തീർച്ചയായും തൃപ്തിയടയുകയും ചെയ്യും.

അല്ലാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷിച്ച്‌ ജീവിക്കുന്ന ഭക്തരും ആത്മ ശുദ്ധി നേടിയവരുമായ ആളുകൾക്ക്‌ നരക ശിക്ഷ ഒഴിവാക്കപ്പെടുമെന്ന് മാത്രമല്ല മതി മതി എന്ന് തൃപ്തി വരുവോളം ഉന്നതമായ പ്രതിഫലം അല്ലാഹു അവർക്ക്‌ നൽകും എന്നാണ്‌ ഇതിന്റെ താൽപര്യം. ഇമാം റാസി എഴുതുന്നു.ഇങ്ങനെയുള്ള നല്ല സ്വഭാവമുള്ളവരെ അല്ലാഹു തൃപ്തിപ്പെടും എന്നുമാവാം ഇവിടെ ഉദ്ദേശ്യം അതാണ്‌ ഏറ്റവും നല്ല വ്യാഖ്യാനമായി കാണുന്നത്. കാരണം അല്ലാഹുവിന്റെ തൃപ്തി ലഭിക്കുക എന്നതിലും വലിയ ഒരു അനുഗ്രഹം അടിമക്ക്‌ വേറെ ഒന്നുമില്ലല്ലോ.അല്ലാഹു അവന്റെ തൃപ്തി കൊണ്ട്‌ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ആമീൻ


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

3 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 92 വിശദീകരണം

പള്ളിക്കുളം.. said...

വളരെ നല്ല ഉദ്യമം
അല്ലാഹു അനുഗ്രഹിക്കട്ടെ.

വഴികാട്ടി / pathfinder said...

edited and updated .PDF file also added