Wednesday, October 6, 2010

അദ്ധ്യായം 112 സൂറത്തുൽ ഇഖ്‌ലാസ്

സൂറത്തുൽ ഇഖ്‌ലാസ് | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  4

ഈ അദ്ധ്യായത്തിനു ധാരാളം നാമങ്ങൾ മഹാന്മാർ പറഞ്ഞിട്ടുണ്ട്. യാതൊരു കലർപ്പും കൂടാതെ പരിശുദ്ധമായ ഏകദൈവ വിശ്വാസമൂല്യങ്ങൾ ഉൾക്കൊള്ളുന്ന അദ്ധ്യായമെന്ന നിലക്ക് സൂറ:അൽ ഇഖ്‌ലാസ്(നിഷ്ക്കളങ്കമാക്കൽ)എന്നും മതത്തിന്റെ അടിസ്ഥാനപരമായ മൌലിക തത്വങ്ങൾ ഉൾക്കൊള്ളുന്നതെന്ന നിലക്ക് സൂറ:അൽ അസാസ് (അടിത്തറ) എന്നും സൂറ അൽ മ അ്‌രിഫ:(വിജ്ഞാനം) എന്നും സൂറത്തുത്തൌഹീദ് (ഏക ദൈവ സിദ്ധാന്തം) ഇതുൾപ്പെടെ 20 നാമങ്ങൾ ഇമാം റാസിرحمة الله عليه പറഞ്ഞിട്ടുണ്ട്. ഓരോ നാമവും ഈ അദ്ധ്യായത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

ഈ സൂറത്തിന്റെ പ്രാധാന്യവും ശ്രേഷ്ഠതയും വിശദീകരിക്കുന്ന ധാരാളം നബി വചനങ്ങൾ വന്നിട്ടുണ്ട്. ഖുബാ പള്ളിയിലെ ഇമാം നിസ്ക്കാരത്തിൽ ഓരോ സൂറത്ത് ഓതുമ്പോഴും അതിനു മുമ്പായി ഈ സൂറത്ത് ഓതുമായിരുന്നു.ഇങ്ങനെ എല്ലാസമയത്തും അദ്ദേഹം ചെയ്തപ്പോൾ ജനങ്ങൾ അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചു, അതായത് ഒന്നുകിൽ ഈ സൂറത്ത് മാത്രം ഓതുക.അല്ലെങ്കിൽ വേറെ ഓതുന്ന സൂറത്തിൽ ചുരുക്കുക. അദ്ദേഹം പറഞ്ഞു ഞാൻ ഇങ്ങനെയേ പ്രവർത്തിക്കുകയുള്ളൂ. ഇത് നിങ്ങൾ ഇഷ്ടപ്പെടുമെങ്കിൽ ഞാൻ നിങ്ങൾക്ക് ഇമാമത്ത് നിന്ന് നേതൃത്വം നൽകാം .അല്ലെങ്കിൽ ഞാൻ ഈ സ്ഥാനം ഒഴിയാം(മറ്റൊരാളെ നിങ്ങൾക്ക് ഇമാമാക്കി നിശ്ചയിക്കാം)എന്നാൽ നാട്ടുകാർ ഈ ഇമാമിനെ കൈവിട്ടില്ല.നബിയോട് അവർ ഈ കാര്യം സംസാരിച്ചു അപ്പോൾ നബിആ ഇമാമിനെ വിളിച്ച് എന്താണിങ്ങനെ ചെയ്യാൻ കാരണം എന്ന് അന്വേഷിച്ചു. ഞാനതിനെ ഇഷ്ടപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.അപ്പോൾ നബിപറഞ്ഞു

حبك اياها أدخلك الجنة    (താങ്കൾക്ക് അതിനോടുള്ള ഇഷ്ടം താങ്കളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്(ബുഖാരി) .ഈ അദ്ധ്യായത്തോടുള്ള ഇഷ്ടം സ്വർഗപ്രവേശനം ഉറപ്പാക്കുമെന്ന് പറയപ്പെടാൻ മാത്രം മഹത്വമുള്ള അദ്ധ്യായമാണിത്

നിങ്ങൾ പറയുന്ന രക്ഷിതാവിന്റെ പരമ്പര ഒന്ന് വിശദീകരിച്ചു തരണമെന്ന് നബി യോട് ശത്രുക്കൾ ചോദിച്ചപ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചത്. എന്നും എല്ലാവരെയും അള്ളാഹു പടച്ചു അള്ളാഹുവിനെ ആരാണ് പടച്ചത് എന്ന് ജൂതന്മാർ നബിയോട് ചോദിക്കുകയും അപ്പോൾ മോശമായ ആ ചോദ്യം കേട്ട് നബിക്ക് ദേഷ്യം വരികയും തങ്ങളെ ആശ്വസിപ്പിച്ച് ജിബ്‌രീൽ  عليه السلام  വന്ന് അതിന്റെ മറുപടിയായി ഈ സൂറത്ത് ഓതിക്കൊടുത്തു(ത്വബ്‌രി 15/388)

സൂറത്ത് ഇഖ്‌ലാസ് ഖുർ‌ആനിന്റെ മൂന്നിലൊന്നിനോട് തുല്യമാണെന്ന് നബിപറഞ്ഞിട്ടുണ്ട്.

ഇതും തുടർന്നുള്ള രണ്ട് അദ്ധ്യായങ്ങളും നബി  ഉറങ്ങാൻ കിടക്കുന്നേരം ഓതി ഇരു കൈകളിലും ഊതി അവിടുത്തെ മുഖവും ശിരസ്സും ശരീരത്തിൽ നിന്ന് കൈ എത്തുന്ന മറ്റ് ഭാഗങ്ങളും തടവാറുണ്ടായിരുന്നെന്നും ഇമാം ബുഖാരി رحمة الله عليه  ഉൾപ്പെടെയുള്ള ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതൊരു ആരാദ്ധ്യനിലേക്കാണോ ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് അവന്റെ ഗുണവിശേഷണങ്ങൾ ഞാൻ നിങ്ങൾക്ക് വിവരിച്ച് തരാം എന്ന് പറയുവാൻ നബി  യോട് കൽ‌പ്പിച്ച് കൊണ്ടാണിത് ആരംഭിക്കുന്നത്. തുടർന്ന് തൌഹീദിന്റെ (ഏകത്വം) അനിവാര്യതക്കാധാരമായ അഞ്ച് ഗുണ വിശേഷണങ്ങൾ ആണ് ഈ സൂറത്തിൽ പരിചയപ്പെടുത്തുന്നത്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1.قُلْ هُوَ اللَّهُ أَحَدٌ

(നബിയെ!) പറയുക.കാര്യം അള്ളാഹു ഏകനാകുന്നു

هُو - എന്ന സർവ നാമത്തിനു അത് എന്നും അവൻ എന്നും അർത്ഥം വരും.മുമ്പ് പ്രസ്താവിക്കപ്പെട്ട ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ച് കൊണ്ടല്ലാതെയുള്ള ഇത്തരം സന്ധർഭങ്ങളിൽ പിന്നീട് പറയുന്ന വിഷയത്തിന്റെ ഗൌരവത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുവാൻ വേണ്ടി ആ പദം പ്രയോഗിക്കാറുണ്ട്. അതിനു ضمير الشأن (കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള സർവ നാമം) എന്ന് പറയും അതാണ് ഇവിടെ ഉദ്ദേശ്യം എന്ന് ധാരാളം വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്.അത് അനുസരിച്ചാണ് കാര്യം എന്ന് ഇവിടെ هُو എന്നതിനു അർത്ഥം പറഞ്ഞത്. താഴേ പറയുന്നതാണ് കാര്യം എന്ന് സാരം.

അവിശ്വാസികളുടെ വാക്കുകളിൽ നിന്നോ സ്ഥിതിഗതികളിൽ നിന്നോ അള്ളാഹുവിനെക്കുറിച്ച് ഉത്ഭവിച്ച അന്വേഷണത്തിന്റെ മറുപടിയെന്ന നിലക്ക് هُو എന്നത് സാധാരണ സർവ നാമമാണെന്നും ആവാം .അപ്പോൾ അടുത്ത വാക്കും ഇതും ചേർന്ന് കൊണ്ടുള്ളതായിരിക്കണം വാചക ഘടന.അവൻ അള്ളാ‍ഹുവാണ് ഏകനാണ് എന്നാവും അപ്പോൾ ഈ ആയത്തിന്റെ അർത്ഥം, കൂടുതൽ പ്രസക്തം ഒന്നാം വിശദീകരണമാണ് .അള്ളാഹു എന്ന വാക്ക് മഹത്വത്തിന്റെ എല്ലാ ഗുണ വിശേഷണങ്ങളും ഒരുമിച്ച് കൂട്ടിയത് പോലെ  أَحَدٌ എന്നതും പരിപൂർണ്ണതയുടെ എല്ലാഗുണങ്ങളും ഒരുമിച്ച്കൂട്ടിയ പദമാണ് അതായത് അവന്റെ സത്തക്ക് ബഹുത്വമോ പലതിനാലും കൂടിയ ഘടനയോ ഇല്ലാത്തവൻ, ഇണയോ തുണയോ പങ്കാളിയോ ഇല്ലാത്തവൻ, സത്തയിലും ഗുണത്തിലും പ്രവർത്തനത്തിലും ഏകനായുള്ളവൻ എന്ന് ഈവാക്ക് അറിയിക്കുന്നു .

أَحَدٌ എന്നതിനു ഏകൻ ,ഒരുവനെന്നൊക്കെയാണ് വാക്കർത്ഥമെങ്കിലും അതിന്റെ പ്രയോഗത്തിനു ചില പ്രത്യേകതകളുണ്ട് . لاأحد (ഒരാളുമില്ല) എന്ന നിഷേധരൂപത്തിൽ ഈ വാക്ക് പറയുമ്പോൾ അത് സൃഷ്ടികളെ പറ്റി ഉപയോഗിക്കാറുണ്ടെങ്കിലും സ്ഥിരപ്പെടുത്തുന്ന രൂപത്തിൽ പറയുമ്പോൾ അത് അല്ലാഹുവിനെ പറ്റി മാത്രമേ ഉപയോഗിക്കാറുള്ളൂ. അള്ളാഹു ഏകനാണെന്നും ഏകനായ അള്ളാഹു എന്നും( الله أحد –الله الأحد )പറയും പോലെ ഏകനായ നേതാവ്.നേതാവ് ഏകനാണ് ( الأحد-  السيد   أحد  السيد) എന്നോ പറഞ്ഞ് കൂടാ

അത് പോലെ എണ്ണം പറയുമ്പോൾ ഒന്ന് ,ഒരാൾ എന്ന അർത്ഥത്തിലും أَحَدٌ എന്ന് പറയില്ല واحد എന്നേ പറയൂ.അപ്പോൾ أحد എന്നാൽ എണ്ണത്തിൽ ഏകൻ എന്ന് മാത്രമല്ല ഏത് നിലക്ക് നോക്കിയാലും ഏകൻ എന്ന അർത്ഥം ധ്വനിപ്പിക്കാനാണീ പ്രയോഗം അത് കൊണ്ട് തന്നെ അള്ളാഹുവെ കുറിച്ച് واحد എന്നോ أحد എന്നോ പറയുമ്പോൾ ഇതേ അർഥം ആണുദ്ദേശിക്കുന്നത്

ഈ വ്യത്യാസം ധ്വനിപ്പിക്കാൻ ഉതകുന്ന ഒരു പദം മലയാളത്തിൽ ഇല്ല. ചുരുക്കത്തിൽ ബഹുത്വത്തിന്റെയോ നാനാത്വത്തിന്റെയോ ഘടനയുടെയോ കലർപ്പില്ലാത്ത ഏകനായുള്ളവൻ എന്ന് അഹദിനും എണ്ണത്തിൽ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവൻ എന്ന് വാഹിദിനും അർത്ഥമാകുന്നു. അള്ളാഹു ഏകനാണെന്നതിന്റെ തെളിവും വിശദീകരണവുമാണ് തുടർന്ന് പറയുന്നത്

2اللَّهُ الصَّمَدُ

അള്ളാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സർവചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു

ഈ പദത്തെയും പൂർണ്ണമായി ഉൾക്കൊള്ളാവുന്ന ഒരു പദവും മലയാളത്തിൽ കാണുന്നില്ല
ആരുടെയും ആശ്രയം വേണ്ടാത്ത എല്ലാവരും അങ്ങോട്ട് ആശ്രയിക്കേണ്ടി വരുന്ന അജയ്യനായ-നിത്യശക്തനായ യജമാനൻ എന്നാണ് ചുരുക്കത്തിൽ വിവക്ഷ. അതായത് യാതൊന്നിന്റെയും ഒരു തലത്തിലുള്ള ആശ്രയവും വേണ്ടാതിരിക്കുവാനും എല്ലാ വസ്തുക്കൾക്കും അവനിലേക്ക് ആശ്രയം അനിവാര്യമായിത്തീരുവാനും ആവശ്യമായ എല്ലാ ഉൽകൃഷ്ട ഗുണങ്ങളും സമ്പൂർണ്ണമായുള്ള മഹാൻ എന്ന് സാരം

3.لَمْ يَلِدْ وَلَمْ يُولَدْ

അവൻ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല അവൻ സന്താനമായി ജനിച്ചിട്ടുമില്ല

അവൻ ഏതെങ്കിലും ഒന്നിന്റെ ജനയിതാവല്ല അഥവാ പിതാവോ മാതാവോ ബീജമോ ഒന്നും അല്ല.അവൻ മറ്റൊന്നിൽ നിന്ന് ജന്യനായവനോ ഉണ്ടായവനോ അല്ല അവൻ ഇല്ലായ്മ വന്നിട്ടില്ലാത്ത അനാദ്യനാണ് നാശം വരാത്ത അനന്ത്യനാണ്.അത് കൊണ്ട് തന്നെ അവന്റെ അവതാരമോ സന്താനമോ ആയി യാതൊന്നും ഉണ്ടാകാവതല്ല. അങ്ങനെയുള്ള എല്ലാ സങ്കൽ‌പ്പങ്ങളിൽ നിന്നും അല്ലാഹു പരിശുദ്ധനത്രെ അവനല്ലാത്തതെല്ലാം അവന്റെ സൃഷ്ടികൾ മാത്രം! അള്ളാഹു ജനിപ്പിച്ചവനല്ല.(മർ‌യം ബീവിയെ പോലെ) മറ്റൊരാളാൽ ജനിപ്പിക്കപ്പെട്ടതുമല്ല (ഈസാ عليه السلامനെ പോലെ) അവരൊന്നും ദൈവങ്ങളാവാൻ യോഗ്യരല്ലെന്ന് ചുരുക്കം (റാസി)

4. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ

അവനോട് തുല്യനായി ആരും (ഒന്നും) ഇല്ല

അവന്റെ സത്തയിലോ ഗുണങ്ങളിലോ പ്രവർത്തനങ്ങളിലോ അധികാരാവകാശങ്ങളിലോ സൃഷ്ടി സംഹാര-നിയന്ത്രണാധികാരങ്ങളിലോ അറിവിലോ കഴിവിലോ ഒന്നും തന്നെ അവനു തുല്യമായി പങ്കാളിയായി-ആരുമില്ല.ഒന്നുമില്ല

അള്ളാഹു പറഞ്ഞു .ليس كمثله شيئ وهو السميع العليم

അവനെ പോലെ ഒന്നുമില്ല അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു

ചുരുക്കത്തിൽ ഈ അദ്ധ്യായം അള്ളാഹുവിന്റെ തൌഹീദിനെ ശക്തമായി സ്ഥാപിക്കുന്നതും ശിർക്കിനെ ശക്തമായി നിരാകരിക്കുന്നതുമാണ്

തൌഹീദ് (ഏകദൈവ വിശ്വാസം) എന്നാൽ സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അള്ളാഹു ഏകനാണെന്ന് സുദൃ‌ഢമായി ഉറച്ച് വിശ്വസിച്ച് കൊണ്ട് അവനെ മാത്രം ആരാധിക്കലാണ്, ഇതിനെതിരായി ആരാധിക്കപ്പെടാൻ അർഹനാണെന്ന നിലയിൽ അള്ളാഹുവിനു പങ്കാളികളെ സ്ഥാപിക്കലാണ് ശിർക്ക് .ഉണ്ടായിരിക്കൽ നിർബന്ധം എന്ന അർത്ഥത്തിലോ (അള്ളാഹുവിനു ഇല്ലായ്മ എന്നത് വരാൻ പറ്റില്ല എന്നത് വ്യക്തം അത് പോലെ നാശം വരാൻ പാടില്ലാത്ത ആരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുക) ആരാധിക്കപ്പെടാൻ അർഹനാണെന്ന അർത്ഥത്തിലോ ആണീ പങ്കാളികളെ സ്ഥാപിക്കൽ.ആദ്യത്തെ രൂപം (ഉണ്ടായിരിക്കൽ നിർബന്ധം എന്ന അർത്ഥത്തിൽ) അഗ്നി ആരാധകരായ മജൂസികളുടെ വിശ്വാസവും രണ്ടാമത്തെ രൂപം (ആരാധിക്കപ്പെടാൻ അർഹർ എന്ന അർത്ഥത്തിൽ) ബിംബാരാധകരായ മുശ്‌രിക്കുകളുടെ വിശ്വാസവുമാണ്. അപ്പോൾ അള്ളാഹുവിനെ പോലെ സ്വയം പര്യാപ്തനുണ്ടെന്നോ, ആരാധിക്കപ്പെടാൻ മറ്റാർക്കെങ്കിലും അർഹതയുണ്ടെന്നോ ഉള്ള വിശ്വാസമാണ് ശിർക്കി(ബഹുദൈവത്വം)ന്റെ മാന ദണ്ഡം. അള്ളാഹുവിന്റെ ഇഷ്ടദാസന്മാരെ സമീപിക്കുന്ന സത്യ വിശ്വാസികൾ ഒരിക്കലും ഈ ശിർക്കൻ വിശ്വാസക്കാരല്ല.

നബി തങ്ങൾ ഒരാൾ ഈ അദ്ധ്യായം ഓതുന്നത് കേട്ടപ്പോൾ സ്ഥിരപ്പെട്ടു എന്ന് പറയുകയും എന്ത് സ്ഥിരപ്പെട്ടു എന്ന് ചോദിച്ചപ്പോൾ സ്വർഗം സ്ഥിരപ്പെട്ടു എന്ന് പറയുകയും ചെയ്തു എന്ന് ഇമാം ബൈളാവിرحمة الله عليه തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്
അള്ളാഹു നല്ലത് മനസിലാക്കാൻ നമുക്ക് അനുഗ്രഹം നൽകട്ടെ ആമീൻ. 

പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين   ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  

وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

2 comments:

Anonymous said...

all the best for vilakk and vazhikaattil

വഴികാട്ടി / pathfinder said...

edited and updated post