Sunday, May 15, 2016

അദ്ധ്യായം 48 - സൂറത്തുൽ ഫത്‌ഹ്-ഭാഗം-03


അദ്ധ്യായം 48 | സൂറത്തുൽ ഫത്ഹ്  | മദീനയിൽ അവതരിച്ചു  | സൂക്തങ്ങൾ 29

Part 3  ( 18 to 29 )

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

Part 1  (  1 to  7  ) click here to read
Part 2  (  7 to 17 ) click here to read


(18)
لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا

വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ച് തങ്ങളോട് ഉടമ്പടി ചെയ്യുമ്പോൾ സത്യവിശ്വാസികളെക്കുറിച്ച് നിശ്ചയമായും അള്ളാഹു തൃപ്തിപ്പെട്ടിട്ടുണ്ട് അവരുടെ ഹൃദയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്തിട്ടുണ്ട് അതിനാൽ അള്ളാഹു അവർക്ക് മനസ്സമാധാനം  ഇറക്കിക്കൊടുക്കുകയും ആസന്നമായ ഒരു വിജയം പ്രതിഫലം കൊടുക്കുകയും ചെയ്തു
ആ ഉടമ്പടിയിലേക്ക് നയിച്ച ചരിത്രം മുമ്പ് നാം പറഞ്ഞത് ഓർക്കുക.അതൊരു ത്യാഗത്തിനുള്ള തീരുമാനമായിരുന്നു അള്ളാഹുവിന്റെയും റസൂലിന്റെയും തൃപ്തിക്ക് വേണ്ടിയാണല്ലോ സഹാബികൾ ഈ ത്യാഗത്തിനു തയാറായത്.അത് അള്ളാഹു സാധിപ്പിച്ചു കൊടുത്തു എന്ന സന്തോഷ വാർത്തയാണിതിൽ .അവരുടെ ഹൃദയങ്ങളിലുള്ളത് അവരുടെ സത്യ സന്ധതയാണ് അഥവാ നബി യോടുള്ള കരാർ ഒരു ജാഢയല്ല.നടപ്പാക്കാൻ തീരുമാനിച്ചുറച്ച സത്യ സന്ധമായ നിലപാട് തന്നെയാണ് എന്ന സാക്ഷ്യം സഹാബികൾക്ക് അള്ളാഹു നൽകുകയാണ്. അവർക്ക് അള്ളാഹു ഇറക്കിക്കൊടുത്ത സമാധാനം കാരണമായാണ് മരിക്കാൻ തയാറാണെന്ന കരാറിൽ അവർ ഏർപ്പെട്ടത്  ആസന്ന വിജയം എന്ന് പറഞ്ഞത് ഖൈബർ വിജയമാണ്


(19)
وَمَغَانِمَ كَثِيرَةً يَأْخُذُونَهَا وَكَانَ اللَّهُ عَزِيزًا حَكِيمًا

അവർ പിടിച്ചെടുക്കുന്ന ധാരാളം ഗനീമത്തുകളും (അവർക്ക് അള്ളാഹു നകി) അള്ളാഹു പ്രതാപശാലിയും അഗാധജ്ഞനുമാവുന്നു

‘ധാരാളം ഗനീമത്തുകൾ’ ഖൈബറിലെ ജൂതന്മാരിൽ നിന്ന് ലഭിച്ച സ്വത്തുക്കളാകുന്നു മുസ്ലിംകളിൽ നിന്ന് 150 പേർ രക്തസാക്ഷികളായെങ്കിലും ശത്രുക്കളുടെ ഏറ്റവും വലിയ കേന്ദ്രവും കോട്ടയുമായിരുന്ന രാജ്യം അവർ ഉപേക്ഷിച്ചു പോകേണ്ടി വന്നു അവരുടെ ധാരാളം സ്വത്തുക്കൾ മുസ്ലിംകൾക്ക് ലഭിക്കുകയും ചെയ്തു അള്ളാഹു അവന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ പ്രതാപമുള്ളവനാണ് അത് കൊണ്ടാണ് ശക്തന്മാരായിരുന്നവരെ പരാചയപ്പെടുത്തിയതും മുസ്ലിംകൾക്ക് വിജയം നൽകിയതും

(20‌)
وَعَدَكُمُ اللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَذِهِ وَكَفَّ أَيْدِيَ النَّاسِ عَنكُمْ وَلِتَكُونَ آيَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَاطًا مُّسْتَقِيمًا

നിങ്ങൾ (ഭാവിയിൽ) പിടിച്ചെടുക്കുന്ന ധാരാളം ഗനീമത്തുകൾ അള്ളാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരിക്കുന്നു അങ്ങനെ ഇത് നിങ്ങൾക്ക് അവൻ വേഗം കൈവരുത്തിത്തന്നതാണ് ജനങ്ങളുടെ കൈകളെ നിങ്ങളിൽ നിന്ന് അവൻ തടയുകയും ചെയ്തു(നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും) സത്യവിശ്വാസികൾക്ക് ഇതൊരു ദൃഷ്ടാന്തമായിരിക്കുവാനും നിങ്ങളെ നേരായ മാർഗത്തിൽ നയിക്കുവാനും കൂടി ആകുന്നു (ഇതെല്ലാം)


ഖൈബർ മാത്രമല്ല ഇനിയും ധാരാളം വിജയങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നാണിവിടെ  മുസ്ലിംകളോട് അള്ളാഹു പറയുന്നത് .’വേഗം കൈവരുത്തിത്തന്നു’ എന്നത് ഹുദൈബിയ്യാ വിജയമാണെന്നും ഖൈബർ വിജയമാണെന്നും അഭിപ്രായമുണ്ട്. നബി യും സഹാബികളും ഹുദൈബിയ്യയിലേക്ക് പോയ അവസരത്തിലും ഖൈബറിലേക്ക് പോയ സന്ദർഭത്തിലും ശത്രുക്കൾ മദീനയെ അക്രമിക്കുന്നതിൽ നിന്ന് അവരെ അള്ളാഹു തടഞ്ഞു അതാണ് ജനങ്ങളുടെ കൈകളെ നിങ്ങളിൽ നിന്ന് അവൻ തടഞ്ഞു’ എന്ന് പറഞ്ഞത് നിഷ്ക്കളങ്കമായ ത്യാഗത്തിനും സേവനത്തിനും തയാറുണ്ടെങ്കിൽ എല്ലാ സത്യവിശ്വാസികൾക്കും ഇതുപോലുള്ള ഭാഗ്യങ്ങളും നേട്ടങ്ങളും കൈവരുമെന്നും ഇത് അതിനൊരു ദൃഷ്ടാന്തമാണെന്നും ഇവിടെ സൂചിപ്പിക്കുന്നു


(21)

وَأُخْرَى لَمْ تَقْدِرُوا عَلَيْهَا قَدْ أَحَاطَ اللَّهُ بِهَا وَكَانَ اللَّهُ عَلَى كُلِّ شَيْءٍ قَدِيرًا 

മറ്റു ചില നേട്ടങ്ങളുമുണ്ട്  അവ നേടാൻ നിങ്ങൾക്ക് (ഇതുവരെ ) കഴിവുണ്ടായിട്ടില്ല അള്ളാഹു അവയെ വലയം ചെയ്തിട്ടുണ്ട് അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു


നിങ്ങൾക്ക് ഊഹിക്കാൻ പോലും സാധിക്കാത്ത വേറെ ചില നേട്ടങ്ങളും അള്ളാഹു നിങ്ങൾക്ക്  നൽകുമെന്ന വാഗ്ദാനം നൽകുകയാണിവിടെ. അധികം താമസിയാതെ മുസ്‌ലിംകൾക്ക് കൈവന്ന വിജയങ്ങളും ഗനീമത്തുകളും ഇതിൽ പെടുന്നതാണ് ഇപ്പോൾ അതിനു സഹാചര്യമൊരുങ്ങിയിട്ടില്ലെങ്കിലും ഭാവിയിൽ അവർക്ക് സൌകര്യമൊരുങ്ങുമെന്ന  സന്തോഷവാർത്ത ഇതിലുണ്ട്. മക്കാ വിജയം,തുടർന്ന് വന്ന ഹുനൈൻ യുദ്ധം,അതിൽ നിന്ന് കൈവന്ന ഗനീമത്ത്, സിദ്ധീഖ് رضي الله عنه ന്റെ ഭരണ കാലത്ത് നടന്ന യമാമ:യുദ്ധം, ഉമർ رضي الله عنه ന്റെ കാലത്ത് നടന്ന പേർഷ്യാ-റോമാ വിജയങ്ങൾ ഇതെല്ലാം ഈ വാഗ്ദാനത്തിൽ ഉൾപ്പെടുന്നു അള്ളാഹു അവയെ വലയം ചെയ്തു എന്ന് പറഞ്ഞാൽ ഒരിക്കലും സത്യവിശ്വാസികൾക്ക് അത് നഷ്ടപ്പെടാതെ അള്ളാഹു അവയെ സംരക്ഷിക്കുമെന്നാണ്


(22)
وَلَوْ قَاتَلَكُمُ الَّذِينَ كَفَرُوا لَوَلَّوُا الْأَدْبَارَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا

സത്യനിഷേധികൾ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നെങ്കിൽ തന്നെ അവർ പിന്തിരിഞ്ഞോടുമായിരുന്നു പിന്നീട് ഒരു സംരക്ഷകനെയും ഒരു സഹായിയെയും അവർ എത്തിക്കുകയുമില്ല

ഇമാം റാസി رحمة الله عليه പറയുന്നു ‘ഇത് ഒരു ചോദ്യത്തിന്റെ ഉത്തരമാണ്.അഥവാ ശത്രുക്കൾ മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാതെ പോയത് കൊണ്ടല്ലേ മുസ്‌ലിംകൾക്ക് ഈ നേട്ടമുണ്ടായത്.അഥവാ അവർ യുദ്ധം ചെയ്തിരുന്നെങ്കിൽ ഈ നേട്ടമൊന്നും മുസ്‌ലിംകളെ തേടി വരുമായിരുന്നില്ലല്ലോ?ഇതിന്റെ മറുപടിയായി അള്ളാഹു പറയുകയാണ് അവർ യുദ്ധത്തിനു വന്നിരുന്നുവെങ്കിലും അവർ തോറ്റു പോവുകയും മുസ്‌ലിംകൾക്ക് തന്നെ വിജയം വരികയും ചെയ്യും (റാസി)


(23)
سُنَّةَ اللَّهِ الَّتِي قَدْ خَلَتْ مِن قَبْلُ وَلَن تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا

മുമ്പ് മുതലേ നടന്നു വന്നിട്ടുള്ള അള്ളാഹുവിന്റെ നടപടിക്രമമാകുന്നു (ഇത്) അള്ളാഹുവിന്റെ നടപടി ക്രമത്തിനു യാതൊരു മാറ്റവും അങ്ങ് കാണുകയില്ല

സത്യത്തിന്റെ ചേരിയായ പ്രവാചക ചേരിയും നിഷേധികളുടെ അസത്യത്തിന്റെ ചേരിയും തമ്മിൽ നടക്കുന്ന ധർമ്മ സമരങ്ങളിൽ പ്രവാചക ചേരിക്ക് അന്തിമ വിജയം നൽകുക എന്നത് മുമ്പ് തന്നെ അള്ളാഹുവിന്റെ നടപടി ക്രമമാണ് അതിൽ മാറ്റമൊന്നുമുണ്ടാകില്ല ആത്യന്തികമായ വിജയം സത്യത്തിനു തന്നെയായിരിക്കും.അതിനാൽ ഹുദൈബിയ്യയിലോ ഖൈബറിലോ മറ്റു സ്ഥലങ്ങളിലോ മുസ്ലിംകളുമായി നേരിട്ടൊരു യുദ്ധം നടന്നിരുന്നുവെങ്കിൽ അവിടെയും വിജയം മുസ്ലിംകൾക്ക് തന്നെയാകുമായിരുന്നു


(24)
وَهُوَ الَّذِي كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِن بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا

നിങ്ങൾക്ക് അവരുടെ മേൽ വിജയം നൽകിയ ശേഷം മക്കയുടെ ഉള്ളിൽ വെച്ച് അവരുടെ കൈകളെ നിങ്ങളിൽ നിന്നും നിങ്ങളുടെ കൈകളെ അവരിൽ നിന്നും തടഞ്ഞു നിർത്തിയവനാണ് അള്ളാഹു.അള്ളാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി നല്ലവണ്ണം കാണുന്നവനാകുന്നു

ഇവിടെ മക്ക എന്ന് പറഞ്ഞത് മക്കയും പരിസരവുമടങ്ങുന്ന ഹറം ശരീഫ് ആണ്.അതിന്റെ ഉള്ള് എന്ന് പറഞ്ഞത് ഹുദൈബിയ്യയാണ് ഹുദൈബിയ്യാ സന്ധിക്ക് മുമ്പ് അവിടെ ഒരു ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയ ചില സംഭവങ്ങളുണ്ടായി.ആയുധ ധാരികളായ ഒരു സംഘം മുസ്ലിംകളുടെ നേരെ  അക്രമത്തിനു മുതിർന്നു.എന്നാൽ സഹാബികൾ അവരെ പിടിച്ച് നബി യുടെ സന്നിധിയിൽ ഹാജരാക്കി.നബി അവർക്ക് മാപ്പ് നൽകി വിട്ടയച്ചു അങ്ങനെ ഹറമിൽ വെച്ച് ഒരു യുദ്ധമുണ്ടാകാതെ അള്ളാഹു കാത്തു. ആയിരത്തഞ്ഞൂറോളം വരുന്ന നിരായുധരായ സഹാബികൾക്ക് നേരെ സർവായുധ വിഭൂഷിതരായ മക്കക്കാരിൽ നിന്ന് ഒരു ഘോര യുദ്ധം തന്നെ ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടായിരുന്നു എന്നാൽ അതും അള്ളാഹു കാത്തു അതാണ് അവരുടെ കൈകളെ നിങ്ങളിൽ നിന്നും നിങ്ങളുടെ കൈകളെ അവരിൽ നിന്നും തടഞ്ഞു നിർത്തിയവനാണ് അള്ളാഹു.എന്ന് പറഞ്ഞത്


(25)
هُمُ الَّذِينَ كَفَرُوا وَصَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ وَالْهَدْيَ مَعْكُوفًا أَن يَبْلُغَ مَحِلَّهُ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَاء مُّؤْمِنَاتٌ لَّمْ تَعْلَمُوهُمْ أَن تَطَؤُوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌ بِغَيْرِ عِلْمٍ لِيُدْخِلَ اللَّهُ فِي رَحْمَتِهِ مَن يَشَاء لَوْ تَزَيَّلُوا لَعَذَّبْنَا الَّذِينَ كَفَرُوا مِنْهُمْ عَذَابًا أَلِيمًا

സത്യത്തെ നിഷേധിക്കുകയും മസ്ജിദുൽ ഹറാമിൽ (പവിത്ര പള്ളി) നിന്ന് നിങ്ങളെ തടയുകയും ചെയ്തവരാണവർ.ബലി മൃഗങ്ങൾ അവയുടെ നിശ്ചിത സ്ഥാനത്ത് എത്തിച്ചേരുന്നതിനു മുടക്കം ചെയ്യപ്പെട്ട നിലയിൽ അതിനെയും (അവർ തടഞ്ഞു) നിങ്ങൾക്കറിയാത്ത സത്യവിശ്വാസികളായ ചില പുരുഷന്മാരും സത്യ വിശ്വാസിനികളായ ചില സ്ത്രീകളും ഇല്ലായിരുന്നുവെങ്കിൽ അതായത്ത് അവരെ നിങ്ങൾ (അറിയാതെ) ചവിട്ടി (അപകടപ്പെടുത്തി) യേക്കുകയും അങ്ങനെ അറിയാത്ത നിലയിൽ നിങ്ങൾക്ക് അവർ മൂലം വല്ല ദോഷം തട്ടുകയും ചെയ്യുകയില്ലായിരുന്നുവെങ്കിൽ (നാം യുദ്ധം തടയുമായിരുന്നില്ല) അള്ളാഹു ഉദ്ദേശിച്ചവരെ അവന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുവാൻ  വേണ്ടിയാണ് (അവൻ യുദ്ധം തടഞ്ഞത്അവർ (മക്കയിലെ വിശ്വാസികളും നിഷേധികളും) വേറിട്ട് നിന്നിരുന്നുവെങ്കിൽ അവരിലുള്ള സത്യ നിഷേധികൾക്ക് വേദനാജനകമായ ശിക്ഷ നാം നൽകുമായിരുന്നു

വിശുദ്ധ കഅ്ബയും ചുറ്റുമുള്ള പരിസരവുമാണ് മസ്ജിദുൽ ഹറാം .ബലികർമം നടത്താൻ മക്കയിലേക്ക് കൊണ്ടു വരുന്ന മൃഗങ്ങളാണ് ഹദ്യ്’. അതിന്റെ നിശ്ചിത സ്ഥാനം എന്ന് പറയുന്നത് മിനായും ഹറമിന്റെ മറ്റു ഭാഗങ്ങളുമാണ്.പള്ളിയിൽ പ്രവേശിക്കുന്നതിനും ഹറമിൽ വെച്ച് ബലി നടത്തുന്നതിനും മക്കക്കാർ തടസ്സം നിന്നതിനെയാണിവിടെ പരാമർശിക്കുന്നത് .ഇത്രയും വിശുദ്ധമായ പള്ളിയിൽ നിന്ന് വിശ്വാസികളെ തടഞ്ഞ അക്രമികൾ ശിക്ഷക്കർഹരാണെന്നതിൽ സന്ദേഹമില്ല.എന്നിട്ടും അവിടെ ഒരു യുദ്ധം വരാതെ അള്ളാഹു തടഞ്ഞതിന്റെ കാരണമാണ് തുടർന്ന് പറയുന്നത് തങ്ങളുടെ മനസ്സിലുള്ള സത്യവിശ്വാസം പരസ്യപ്പെടുത്താതെ കഴിയുന്ന ചില സ്ത്രീ പുരുഷന്മാർ മക്കയിലുണ്ടായിരുന്നു എന്നാൽ അവർ ആരൊക്കെയാണെന്ന് മുസ്ലിംകൾക്കറിയില്ല തന്നിമിത്തം ഒരു പൊതു സംഘട്ടനം നടക്കുകയാണെങ്കിൽ മന:പ്പൂർവമല്ലെങ്കിലും സാധുക്കൾക്കും ചില ആപത്തുകൾ നേരിട്ടേക്കും അതു മൂലം സ്വന്തം ആളുകൾക്ക് ആപത്ത് വരുത്തിയതിലുള്ള വിഷമം,സത്യനിഷേധികളിൽ നിന്നുണ്ടാകുന്ന പരിഹാസം, ആക്ഷേപം ഇങ്ങനെ പലതും സഹാബികൾ നേരിടേണ്ടിവരും ഇതിനൊന്നും അവർ ഉത്തരവാദികളാവരുതല്ലോ അവർ പ്രത്യക്ഷത്തിൽ തന്നെ വേർതിരിഞ്ഞു നിന്നിരുന്നുവെങ്കിൽ മുസ്ലിംകളുടെ കൈകൊണ്ട് തന്നെ അള്ളാഹു മുശ്രിക്കുകളെ ശിക്ഷിക്കുമായിരുന്നു


(26)
إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنزَلَ اللَّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَى وَكَانُوا أَحَقَّ بِهَا وَأَهْلَهَا وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا

ആ സത്യനിഷേധികൾ അവരുടെ ഹൃദയങ്ങളിൽ ദുരഭിമാനം –അജ്ഞാന കാലത്തിന്റെ ദുരഭിമാനം- വെച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ. അങ്ങനെ തന്റെ റസൂലിന്റെ മേലിലും സത്യവിശ്വാസികളുടെ മേലിലും അള്ളാഹു സമാധാനം ഇറക്കിക്കൊടുക്കുകയും സൂക്ഷ്മതയുടെ വാക്യം  അവർക്ക് തിരഞ്ഞെടുത്ത് കൊടുക്കുകയും ചെയ്തു അവർ അതിനു കൂടുതൽ അർഹതയുള്ളവരും അതിന്റെ ആൾക്കാരുമായിരുന്നു താനും. അള്ളാഹു എല്ലാ കാര്യത്തെപറ്റിയും ഏറ്റവും അറിയുന്നവനുമാകുന്നു


നബി
ഉംറ നിർവഹിക്കാൻ മാത്രം വന്നതാണെന്നറിഞ്ഞിട്ടും ശത്രുക്കൾ അതിനനുവദിച്ചില്ല . സന്ധി വ്യവസ്ഥ എഴുതുമ്പോൾ  بسم الله الرحمن الرحيم  എന്നെഴുതാൻ സമ്മതിച്ചില്ല അത് പോലെ റസൂലുള്ളാഹ്’ എന്ന് എഴുതാൻ സമ്മതിച്ചില്ല. ഇത്രയും വാശി അവരുടെ അഹങ്കാരവും ദുരഭിമാനവും മൂലം അവർ ചെയ്തതാണ് ഇതൊക്കെ മുസ്ലിംകളെ കൂടുതൽ ചൊടിപ്പിക്കുന്ന കാര്യങ്ങളാണെങ്കിലും അള്ളാഹു അവർക്ക് വലിയ സമാധാനവും സഹനവും നൽകി കാരണം അവർ തൌഹീദിന്റെ മുദ്രാവാക്യം അടിയുറച്ച് വിശ്വസിക്കുന്നവരാണല്ലോ

(27)
لَقَدْ صَدَقَ اللَّهُ رَسُولَهُ الرُّؤْيَا بِالْحَقِّ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاء اللَّهُ آمِنِينَ مُحَلِّقِينَ رُؤُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ فَعَلِمَ مَا لَمْ تَعْلَمُوا فَجَعَلَ مِن دُونِ ذَلِكَ فَتْحًا قَرِيبًا

അള്ളാഹു ഉദ്ദേശിച്ചെങ്കിൽ നിഭയരായും കൊണ്ട് മസ്ജിദുൽ ഹറാമിൽ നിങ്ങൾ തീർച്ചയായും പ്രവേശിക്കുമെന്ന സ്വപ്നത്തെ തന്റെ ദൂതന് അള്ളാഹു സാക്ഷാൽക്കരിച്ചു കൊടുക്കുക തന്നെ ചെയ്തു നിങ്ങൾ (ആരെയും) ഭയപ്പെടാത്ത നിലയിൽ തലമുടികളയിക്കുന്നവരും വെട്ടിക്കുന്നവരുമായ നിലയിൽ .എന്നാൽ നിങ്ങൾക്കജ്ഞാതമായ ചില കാര്യങ്ങൾ അള്ളാഹു അറിഞ്ഞിരിക്കുന്നു അങ്ങനെ അതിനു മുമ്പ് ഒരു ആസന്ന വിജയം (നിങ്ങൾക്ക്) അവൻ കൈവരുത്തിത്തന്നു

ഉംറ നിർവഹിക്കാനായി ഹുദൈബിയ്യ വരെ എത്തിയെങ്കിലും കൊല്ലം ഖുറൈശുമായി സന്ധി ചെയ്ത് മടങ്ങുന്നതിലാണ് സത്യവിശ്വാസികൾക്ക് മികച്ച വിജയം കൈവരാനിരിക്കുന്നതെന്ന് അള്ളാഹുവിനറിയാം  അത് കൊണ്ട് അവന്റെ നിർദ്ദേശ പ്രകാരം നബി സന്ധി ചെയ്തു മദീനയിലേക്ക് മടങ്ങി പിറ്റേ കൊല്ലം കരാറനുസരിച്ച് സമാധാനത്തോടെ ഉംറ നിർവഹിച്ചു അങ്ങനെ നബി യുടെ സ്വപ്നം സാക്ഷാൽകൃതമായി 

ഇമാം റാസി
رحمة الله عليه എഴുതുന്നു ‘നബി യും സഹാബത്തും ഉംറ നിർവഹിക്കാതെയും തടയാൻ വന്ന മുശ്‌രിക്കുകൾക്കെതിരിൽ യുദ്ധം ചെയ്യാതെ സന്ധി ചെയ്തും തിരിച്ചു വന്നതിനെ കളിയാക്കിക്കൊണ്ട് ഞങ്ങൾ മക്കയിൽ പ്രവേശിച്ചില്ല മുടി കളഞ്ഞുമില്ല എന്ന് മദീനയിലെ കപടന്മാർ പറഞ്ഞു.ഈ പ്രസ്താവന ശരിയല്ലെന്നുണർത്തുകയാണ് അള്ളാഹു.അഥവാ നബി തങ്ങൾ കണ്ട സ്വപ്നം അള്ളാഹു സാക്ഷാൽക്കരിക്കുക തന്നെ ചെയ്യും .പക്ഷെ അത് ഇപ്പോൾ തന്നെ നടക്കുമെന്ന് നബി യോ അള്ളാഹുവോ പറഞ്ഞിട്ടില്ല അതിന്റെ സമയത്ത് അത് നടക്കും .അത് അള്ളാഹു പിന്നീട് പൂർത്തിയാക്കി കൊടുക്കുകയും അവർ മക്കയിൽ പ്രവേശിക്കുകയും ചെയ്തുവല്ലോ. അള്ളാഹു ഉദ്ദേശിച്ചെങ്കിൽ ...എന്ന് പറഞ്ഞത് ഏത് കാര്യവും അള്ളാഹുവിന്റെ തീരുമാനമനുസരിച്ച് മാത്രമേ നടക്കുകയുള്ളൂവെന്ന് ഉണർത്താനാണ്. എന്നാൽ നിങ്ങൾക്കജ്ഞാതമായ ചില കാര്യങ്ങൾ അള്ളാഹു അറിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞത് നിങ്ങൾ ഇപ്പോൾ മക്കയിലേക്ക് പ്രവേശിക്കുന്നത് വിശ്വാസം പരസ്യമാക്കാത്ത മക്കയിലെ മുസ്‌ലിംകൾക്ക് നിങ്ങളുടെ പ്രവേശനം മുഖേന ബുദ്ധിമുട്ടുണ്ടാവാതിരിക്കുക എന്നതാണ്. ആസന്ന വിജയം എന്നതിൽ ഹുദൈബിയ്യാ സന്ധിയും ഖൈബർ വിജയവും ഉൾപ്പെടും (റാസി)


(28)
هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَكَفَى بِاللَّهِ شَهِيدًا

സന്മാർഗത്തോടെയും സത്യമതത്തോടെയും തന്റെ ദൂതനെ നിയോഗിച്ചത് അവനാണ്  എല്ലാ മതങ്ങളേക്കാളും അതിനെ വിജയിപ്പിക്കുവാൻ വേണ്ടി .അതിനു സാക്ഷിയായി അള്ളാഹു തന്നെ മതി


നബി
കണ്ട സ്വപ്ന വാർത്തയിൽ നബി യുടെ സത്യ സന്ധത ശക്തിപ്പെടുത്തുകയാണിവിടെ.അതായത് നബി സത്യമതവുമായി അയക്കപ്പെട്ട പ്രവാചകരാണ് അത് കൊണ്ട് തന്നെ ജനങ്ങൾക്ക് ഉപകരിക്കുന്നതും സന്മാർഗ തത്വങ്ങൾക്ക് അനുഗുണവുമായതല്ലാത്തതൊന്നും ആ നബി ചെയ്യുകയില്ല എന്നും ആത്യന്തികമായി ആ നബിക്ക് വലിയ വിജയം തന്നെ വരാനുണ്ടെന്നും ആ മതം എക്കാലത്തും വിജയിച്ചു തന്നെ നിൽക്കുമെന്ന സന്തോഷവും മുഹമ്മദ് നബി അള്ളാഹുവിന്റെ റസൂലാണെന്ന വസ്തുത മക്കക്കാർ സമ്മതിച്ചില്ലെങ്കിലും (കരാറിൽ റസൂലുള്ളാഹി എന്ന് എഴുതിയതിനെ അവർ എതിർത്തത് ഓർക്കുക) റസൂലാണെന്നതിനു താൻ സാക്ഷിയാണെന്നും ഇവിടെ അള്ളാഹു അറിയിക്കുന്നു (റാസി)


(29)
مُّحَمَّدٌ رَّسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاء عَلَى الْكُفَّارِ رُحَمَاء بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا

മുഹമ്മദ്
അള്ളാഹുവിന്റെ ദൂതരാണ് .നബി യുടെ കൂടെയുള്ളവർ സത്യ നിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്നവരാണ്  അവർ അന്വോന്യം ദയാലുക്കളുമാണ്  റുകൂ‍ഉം സുജൂദും ചെയ്യുന്നവരായി (നിസ്ക്കരിക്കുന്നവരായി) അവരെ തങ്ങൾക്ക് കാണാം അവർ അള്ളാഹുവിൽ നിന്ന് ഔദാര്യവും  പ്രീതിയും തേടുന്നു സുജൂദിന്റെ ഫലമായി സിദ്ധിച്ച അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്  തൌറാത്തിൽ (വർണ്ണിച്ച) അവരുടെ ഉപമ അതാകുന്നു ഇഞ്ചീലിൽ അവരുടെ ഉപമ ഒരു കൃഷി പോലെയാണ് അതിന്റെ കൂമ്പ് (സൂചിമുള) അത് പുറത്തേക്ക് കൊണ്ട് വന്നു എന്നിട്ടതിനെ (ചിനച്ച്) ശക്തിപ്പെടുത്തി അങ്ങനെ അത് തടിച്ച് കനം കൂടി എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുമാറ്‌ അതിന്റെ തണ്ടുകളിൽ അത് ശരിപ്പെട്ടു നിന്നു സത്യ നിഷേധികൾക്ക് അവർ മൂലം കോപം ജനിപ്പിക്കുവാനായിട്ടാണ്  (അവരെ ഇങ്ങനെ ഉപമിച്ചത്) സത്യവിശ്വാസവും സൽക്കർമങ്ങളും കൈക്കൊണ്ട അവർക്ക് അള്ളാഹു പാപ മോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു


മുൻ സൂക്തത്തിൽ പറഞ്ഞ തങ്ങൾ റസൂലാണെന്നതിനു അള്ളാഹു സാക്ഷിയാണെന്നതിനെ ശക്തിപ്പെടുത്തുന്ന പ്രയോഗമാണ് മുഹമ്മദ്
അള്ളാഹുവിന്റെ ദൂതരാണ് എന്നത് .സത്യ നിഷേധത്തോടുള്ള ധർമരോഷവും സത്യവിശ്വാസത്തോടുള്ള ഐക്യ ദാർഢ്യവും നബി യിലും കൂടെയുള്ള വിശ്വാസികളിലും സജീവമാണ് .അഥവാ സത്യനിഷേധത്തോട് ഒരിക്കലും അവർ സന്ധിക്ക് തയാറല്ല.സത്യം വിജയിക്കാൻ എന്ത് ത്യാഗത്തിനും അവർ തയാറുമാണ്.’അവർ റുകൂ‍ഉം സുജൂദും ചെയ്ത് കൊണ്ട് അള്ളാഹുവിന്റെ ഔദാര്യവും പൊരുത്തവും തേടുന്നു’ എന്ന് പറഞ്ഞത് അവരുടെ ആരാധന സത്യനിഷേധികളുടെയും ലോകമാന്യത്തിനു ആരാധന ചെയ്യുന്നവരുടെയും നിലപാടിൽ നിന്ന് വ്യത്യസ്ഥമാണെന്ന് സൂചിപ്പിക്കാനാണ്.അവർ നാഥന്റെ  പൊരുത്തം എന്ന വലിയൊരു ലക്ഷ്യം മനസ്സിലുള്ളവരാണ് അത് സത്യവിശ്വാസികൾക്കേ ഉള്ളൂ എന്ന് കൂടി ഉണർത്തുകയാണിവിടെ.തങ്ങളുടെ ആരാധനകൾക്ക് പ്രതിഫലം തന്നേ തീരൂ എന്ന് അവകാശ വാദമുന്നയിക്കാൻ പാടില്ല മറിച്ച് പ്രതിഫലം അള്ളാഹുവിന്റെ ഔദാര്യം മാത്രമാണെന്നും ഇതിൽ സൂചന നൽകുന്നു. സുജൂദിന്റെ ഫലമായി സിദ്ധിച്ച അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്  എന്ന് പറഞ്ഞത് പരലോകത്ത് അവരുടെ മുഖത്ത് പ്രത്യേകം പ്രകാശം കാണാമെന്നാണെന്നും ഭൂമിയിൽ തന്നെ ധാരാളം സുജൂദ് മുഖേന പ്രത്യേകം അടയാളം കാണാമെന്നാണെന്നും വ്യാഖ്യാനമുണ്ട്.പൂർവ വേദമായ തൌറാത്തിൽ സഹാബികളെ ഇങ്ങനെ ഉപമിച്ചിട്ടുണ്ട് . ഇഞ്ചീലിൽ അവരുടെ ഉപമ ഒരു കൃഷി പോലെയാണ് എന്ന് പറഞ്ഞതിന്റെ താല്പര്യം കൃഷിയുടെ ആരംഭത്തിൽ അത് ബലഹീനമായിരിക്കും പിന്നീട് വളർച്ചയുടെ ഘട്ടങ്ങൾ പിന്നിടുമ്പോൾ അത് പൂർണ്ണതയിലെത്തുന്നു ഇത് പോലെ ഘട്ടം ഘട്ടമായി സഹാബികളുടെ വിശ്വാസത്തിന്റെ ശക്തിയും ഈമാനിന്റെ വിശുദ്ധിയും അവരിൽ കൂടിക്കൂടി വന്നു.തുടക്കത്തിൽ ചുരുങ്ങിയ ആളുകളേ നബി യെ കൊണ്ട് വിശ്വസിച്ചിരുന്നുള്ളൂ പിന്നീട് അത് വർദ്ധിച്ചതിലേക്കും ഈ ഉപമ ശരിയാവും.  ഇത് മുഖേന അവരെ ഇല്ലായ്മ ചെയ്യാനിറങ്ങിയ നിഷേധികളുടെ കോപം വർധിപ്പിക്കാൻ അള്ളാഹു ഉദ്ദേശിക്കുന്നു.എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് സത്യവിശ്വാസത്തിലും സൽക്കർമ്മങ്ങളിലും മുഴുകിയ വിശ്വാസികൾക്ക് അള്ളാഹു പാപ മോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.സഹാബികളുടെ മഹത്വവും പ്രാധാന്യവും ഈ സൂക്തം വിളംബരം ചെയ്യുന്നുണ്ട്.അത് കൊണ്ട് തന്നെ അവരെ അവഗണിക്കുകയോ കുറ്റം പറയുകയോ ചെയ്യുന്നത് വലിയ അപജയത്തിനു കാരണമാകുമെന്ന് നാം ഓർക്കണം.ഇമാം ഖുർത്വുബി رحمة الله عليه എഴുതുന്നു ‘സഹാബികൾ എല്ലാവരും നീതിമാന്മാരും അള്ളാഹു പ്രത്യേകം തിരഞ്ഞെടുത്ത അവന്റെ ഔലിയാക്കളുമാണ് നബിമാരെക്കഴിഞ്ഞാൽ പിന്നെ ഏറ്റവും സ്ഥാനമുള്ളതും അവർക്ക് തന്നെ ഇതാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാ അത്തിന്റെ നിലപാട്.സഹാബികളും മറ്റുള്ളവരെ പോലെയാണെന്നും അത് കൊണ്ട് അവരുടെ നീതിബോധവും പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്നും പറഞ്ഞ ഒരു ചെറിയ വിഭാഗത്തിന്റെ നിലപാട് നാം മുഖവിലക്കെടുക്കേണ്ടതേയില്ല.കാരണം അള്ളാഹു അവർക്കെല്ലാം പാപമോചനവും സ്വർഗവും പ്രഖ്യാപിച്ചത് നാം കണ്ടുവല്ലോ!

മഹാനായ ഉമർ ബിൻ ഹബീബ്
رضي الله عنه പറയുന്നു ‘ഞാൻ ഒരിക്കൽ ഹാറൂൻ റശീദ് എന്ന ഭരണാധികാരിയുടെ സദസ്സിൽ ചെന്നു.അപ്പോൾ അവിടെ ഒരു ചർച്ച നടക്കുന്നു അതിൽ പങ്കെടുത്തവർ ചേരിതിരിഞ്ഞ് ഉറക്കെ സംസാരിക്കുകയും തർക്കത്തിലേർപ്പെടുകയും ചെയ്തു.ഒരു കൂട്ടർ അവരുടെ വാദത്തിനു തെളിവായി അബൂഹുറൈറ: رضي الله عنه റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് ഉയർത്തിക്കാട്ടി .അതിനെ നിരാകരിക്കാൻ മറുഭാഗം പറഞ്ഞത് ഈ റിപ്പോർട്ടിൽ അബൂഹുറൈറ رضي الله عنه യെ വിശ്വസിക്കാവതല്ല എന്നായിരുന്നു.ഭരണാധികാരിയായ ഹാറൂൻ റശീദും ഈ ഭാഗത്തിന്റെ അഭിപ്രായത്തോട് താല്പര്യം കാണിക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു ‘ഈ ഹദീസ് നബി യിൽ നിന്ന് ശരിയായി വന്നിട്ടുള്ളതാണ്.അബൂഹുറൈറ رضي الله عنه സത്യസന്ധനുമാണ് ‘ അപ്പോൾ ഭരണാധികാരി എന്റെ നേരേ ദേഷ്യത്തോടെ നോക്കി.ഞാൻ ആ സദസ്സിൽ നിന്ന് എഴുന്നേറ്റ് എന്റെ വീട്ടിലേക്ക് പോയി.അല്പം കഴിഞ്ഞപ്പോൾ ഭരണാധികാരിയുടെ കത്തുമായി ഒരാൾ എന്റെ വീട്ടിലെത്തുകയും ഭരണധികാരിയുടെ അടുത്തെത്താൻ ആവശ്യപ്പെടുകയും ചെയ്തു.(നീ കൊല്ലപ്പെടാൻ പോകുന്നു എന്ന് പറഞ്ഞായിരുന്നു കത്തുമായി വന്നയാൾ പോയത്)  ഞാൻ അപ്പോൾ ഒരു ദുആ ചെയ്തു ‘അള്ളാഹുവേ നിന്റെ നബിയുടെ സഹാബിക്കെതിരിൽ കള്ളപ്രചരണമുണ്ടായപ്പോൾ അതിനെ പ്രതിരോധിക്കുകയും നബിയുടെ ശിഷ്യന്മാരെ ആക്ഷേപിക്കുക വഴി നബി യെ മോശക്കാരനാക്കാതിരിക്കാൻ ശ്രമിക്കുകയുമാണ് ഞാൻ ചെയ്തതെന്ന് നിനക്ക് അറിയാമല്ലോ .അത് കൊണ്ട് ഭരണാധികാരിയി നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ’ ഞാൻ ഹാറൂൻ റശീദിന്റെ അടുത്ത് എത്തിയപ്പോൾ അദ്ധേഹം കസേരയിൽ  ഇരിക്കുന്നു കയ്യിൽ വാളും മുന്നിൽ കൊല്ലപ്പെടാനുള്ളവർക്ക് വേണ്ടി വിരിക്കുന്ന വിരിപ്പുമുണ്ട്. എന്നെ കണ്ടപ്പോൾ ഹാറൂൻ റശീദ് എന്നോട് പറഞ്ഞു, ‘നീ ചെയ്തത് പോലെ ഇത് വരെ ഒരാളും എന്നോട് പ്രതികരിച്ചിട്ടില്ല’ എന്ന്.അപ്പോൾ ഞാൻ പറഞ്ഞു. ‘അമീറുൽ മുഅ്മിനീൻ! നിങ്ങൾ പറഞ്ഞതിലും തർക്കിച്ചതിലുമൊക്കെ നബി യെയും അവിടുന്ന് കൊണ്ട് വന്ന ആശയങ്ങളേയും നിസ്സാരമാക്കുന്ന ഒരു സന്ദേശമുണ്ടായിരുന്നു നബി യുടെ ശിഷ്യന്മാർ നുണയന്മാരാണെങ്കിൽ പിന്നെ ഈ മതം എങ്ങനെ ശരിയാവും?വിധികളും കല്പനകളും നോമ്പും നിസ്ക്കാരവും നികാഹും ത്വലാഖും ശിക്ഷാ വിധികളും എല്ലാം അസ്വീകാര്യമാവും കാരണം ഇങ്ങനെയെല്ലാം അള്ളാഹു കല്പിച്ചിട്ടുണ്ടെന്ന് നബി യിൽ നിന്ന് മനസ്സിലാക്കിയത് സഹാബികളാണ് അവർ കള്ളന്മാരാണെന്ന് വന്നാൽ പിന്നെ നമ്മൾ ഇതെങ്ങനെ വിശ്വസിക്കും? (അഥവാ സഹാബത്തിനെ കണ്ണുമടച്ച് വിശ്വസിച്ചാൽ മാത്രമേ ഈ മതം സത്യമാണെന്ന് നമുക്ക് പറയാനാവൂ) ഇത് ഞാൻ പറഞ്ഞപ്പോൾ ഹാറൂൻ റശീദ് رضي الله عنه   സ്വയമേ ഒന്ന് ചിന്തയിലാണ്ടു.ശേഷം എന്നോട് പറഞ്ഞു ഓ ഉമർ ബിൻ ഹബീബ്! നിങ്ങളെന്നെ ശരിയായ ജീവിതത്തിലേക്ക് കൊണ്ടുവന്നു.അള്ളാഹു നിങ്ങൾക്ക് സന്തോഷം നൽകട്ടെ എന്ന്.പതിനായിരം ദിർഹം പാരിതോഷികം കൂടി തന്നു കൊണ്ടാണ് അദ്ധേഹം എന്നെ യാത്രയാക്കിയത്..(ഖുർത്വുബി 16/214-15)

ഈ ആശയം നാം സഗൌരവം ചിന്തിക്കേണ്ടതാണ്.നബി
ഖുർആനും സുന്നത്തും സഹാബത്തിന്റെ മനസ്സിലേൽ‌പ്പിച്ചാണ് ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്.എന്റെ സഹാബികൾ നക്ഷത്ര സമാനരാണെന്നും അവരെ പിന്തുടർന്നാൽ സന്മാർഗത്തിലാവുമെന്നും അവിടുന്ന് നമ്മെ അറിയിച്ചു.എന്നിട്ടും സഹാബത്തിനെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്തവർ എങ്ങനെ ഈ മതം ഉൾക്കൊള്ളും? അള്ളാഹു സത്യമുൾക്കൊള്ളാനും അതിനായി പ്രവർത്തിക്കാനും നമ്മെ തുണക്കട്ടെ ആമീൻ

പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ   
وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين






No comments: