Tuesday, February 14, 2017

അദ്ധ്യായം 47 | സൂറത്തു മുഹമ്മദ് – ഭാഗം-03

സൂറത്തു മുഹമ്മദ്  | മദീനയിൽ അവതരിച്ചു  | സൂക്തങ്ങൾ  38


Part 1 ( 1 മുതൽ 15 വരെയുള്ള സൂക്തങ്ങളുടെ വിവരണം >>> )

Part 2  ( 16 മുതൽ 26 വരെയുള്ളസൂക്തങ്ങളുടെവിവരണം >>>)


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാനാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു

فَكَيْفَ إِذَا تَوَفَّتْهُمْ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ


 (27)
അപ്പോൾ അവരുടെ മുഖങ്ങളെയും പിൻഭാഗങ്ങളെയും അടിച്ചു കൊണ്ട് മലക്കുകൾ അവരെ മരിപ്പിക്കുമ്പോൾ അവരുടെ സ്ഥിതി എങ്ങനെയായിരിക്കും?

ഇത്തരം ദുഷ്ടന്മാർക്ക് പരലോകത്ത് മാത്രമല്ല മരണവേളയിലും മലക്കുകൾ മുഖേന ശിക്ഷകൾ ലഭിക്കും. ഇത് നിഷേധികൾക്കുള്ള ശക്തമായ  താക്കീതാണ്. അതായത് ഇവർക്ക് ശിക്ഷയിൽ നിന്നുള്ള താമസം പരമാവധി ആയുസ്സ് തീരും വരെ മാത്രമാണ്. മരണ സമയത്തും ശേഷവും മലക്കുകൾ അവരെ കൈകാര്യം ചെയ്യും(ഖുർതുബി)


ذَلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّهَ وَكَرِهُوا رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ


(28)
അത്,അള്ളാഹുവിനു കോപമുണ്ടാക്കുന്ന കാര്യത്തെ അവർ പിൻ പറ്റുകയും അവന്റെ തൃപ്തിയെ അവർ വെറുക്കുകയും ചെയ്തത് കൊണ്ടാണ് .തന്നിമിത്തം അവരുടെ കർമങ്ങളെ അവൻ ഫലശൂന്യമാക്കിക്കളഞ്ഞു

അവർ ശിക്ഷിക്കപ്പെടാനുണ്ടായ കാരണമാണിവിടെ പറയുന്നത്.ഇത് വേദക്കാരെ സംബന്ധിച്ച് അവർ അവരുടെ വേദത്തിൽ വിവരിച്ച നബി ﷺ യുടെ വിശേഷണങ്ങളെ മറച്ചു വെച്ചതും കപടന്മാരെ സംബന്ധിച്ച് അവരുടെ ഉള്ളിലുള്ള അവിശ്വാസവുമാണ് .ഇത് രണ്ടും അള്ളാഹുവിന്റെ കോപത്തിനു കാരണമായി .അവന്റെ തൃപ്തിയെ വെറുത്തു എന്നതിന്റെ ഉദ്ദേശം  അവർ സത്യവിശ്വ്വാസം സ്വീകരിച്ചില്ല എന്നതാണ്.അവർ ചെയ്ത സൽകർമങ്ങൾ ധർമം ചെയ്തതും കുടുംബ ബന്ധം ചേർത്തതുമൊക്കെയാണ് (ഖുർതുബി)

ഇമാം റാസി رحمة الله عليه എഴുതുന്നു..മുൻ സൂക്തത്തിൽ അള്ളാഹു അവരുടെ മുഖങ്ങളെയും പിൻ ഭാഗങ്ങളെയും മലക്കുകൾ അടിക്കുന്ന കാര്യം പറഞ്ഞു.ഇവിടെ അവർ അള്ളാഹുവിന് കോപമുണ്ടാക്കുന്ന കാര്യത്തെ പിൻ പറ്റിയെന്നും അവന്റെ തൃപ്തിയെ വെറുത്തുവെന്നും പറഞ്ഞു.അപ്പോൾ അവരുടെ പ്രവർത്തനത്തിനു പറ്റിയ രൂപത്തിൽ അള്ളാഹു അവരെ കൈകാര്യം ചെയ്തു.അതായത് അള്ളാഹുവിന്റെ കോപത്തിലേക്ക് അവർ മുന്നിട്ടതിന്റെ പേരിൽ അവരുടെ മുഖത്തും അള്ളാഹുവിന്റെ പൊരുത്തത്തിൽ നിന്ന് പിന്തിരിഞ്ഞതിന്റെ പേരിൽ അവരുടെ പിൻഭാഗങ്ങളിലും മലക്കുകൾ അടിക്കുന്നു.നബി  യെ നിഷേധിച്ചതും അള്ളാഹുവിനെ കളവാക്കിയതും പിശാചിന്റെ ആധിപത്യത്തിനു വഴങ്ങിയതുമൊക്കെ അവർ അള്ളാഹുവിനു കോപമുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ്.അള്ളാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കലും ഇസ്ലാമിനെ ശരിയായി ഉൾക്കൊള്ളലും ഖുർ ആനിന്റെ തെളിവുകളെ മുഖവിലക്കെടുക്കലുമൊക്കെയായിരുന്നു അള്ളാഹുവിന്റെ പൊരുത്തം ലഭിക്കുന്ന വഴികൾ.അള്ളാഹുവിന്റെ തൃപ്തി അവർ തേടാതിരിക്കുകയും പിശാചിന്റെയും പ്രതിഷ്ഠകളുടെയും തൃപ്തി തേടുകയും ചെയ്തതിനാലാണ് അവരുടെ പ്രവർത്തനങ്ങളെ അള്ളാഹു ഫലശൂന്യമാക്കിയത് (റാസി)



أَمْ حَسِبَ الَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ اللَّهُ أَضْغَانَهُمْ


(29)
അതല്ല ഹൃദയങ്ങളിൽ ഒരു തരം രോഗമുള്ളവർ തങ്ങളുടെ ഉൾപ്പക അള്ളാഹു പുറത്ത് കൊണ്ടുവരികയില്ലെന്ന് വിജാരിച്ചിരിക്കുന്നുവോ?

ഇവരുടെ ഹൃദയത്തിലെ രോഗം കാപട്യമാണ്.അത് അള്ളാഹു പുറത്ത് കൊണ്ട് വരികയും ഇവരുടെ ചതി അള്ളാഹു തുറന്നു കാട്ടുകയും ചെയ്യും.ഇത് മനസ്സിലാക്കാതെ അള്ളാഹുവിനെയും റസൂലിനെയുമൊക്കെ ചതിച്ചു കളയാമെന്ന് ഇവർ ധരിക്കേണ്ടതില്ല എന്ന് സാരം


وَلَوْ نَشَاء لَأَرَيْنَاكَهُمْ فَلَعَرَفْتَهُم بِسِيمَاهُمْ وَلَتَعْرِفَنَّهُمْ فِي لَحْنِ الْقَوْلِ وَاللَّهُ 

يَعْلَمُ أَعْمَالَكُمْ

(30)
(
നബിയേ) നാം ഉദ്ദേശിക്കുന്ന പക്ഷം അവരെ തങ്ങൾക്ക് നാം കാണിച്ചു തരികയും അങ്ങനെ അവരുടെ ലക്ഷണം കൊണ്ട്  തങ്ങൾക്ക് അവരെ മനസ്സിലാക്കുകയും ചെയ്യാമായിരുന്നു.വാക്കിന്റെ ശൈലികൊണ്ട് (സ്വരവ്യത്യാസം കൊണ്ട്) തന്നെ നിശ്ചയമായും തങ്ങൾക്കവരെ മനസ്സിലാക്കാം അള്ളാഹു നിങ്ങളുടെ പ്രവർത്തികളെല്ലാം അറിയുന്നുണ്ട്

മുസ്ലിം വേഷമണിഞ്ഞ കപടന്മാരെ പരസ്യമായി വേണമെങ്കിൽ അള്ളാഹു കാണിച്ചു തരുമായിരുന്നു.എന്നാൽ അത് അള്ളാഹു വേണ്ടെന്ന് വെച്ചതാണ് എന്നാലും മനസ്സിൽ കപടത കുടികൊള്ളുന്നവരുടെ സംസാരത്തിൽ നിന്നും സമീപനത്തിൽ നിന്നും അവരുടെ ഉള്ളിലിരിപ്പ് അറിയാതെ പുറത്ത് വരികയും അവരെ തങ്ങൾക്ക് മനസ്സിലാക്കാനാവുകയും ചെയ്യും

ഈ സൂക്തം അവതരിച്ചതിനു ശേഷം ഓരോ കപടനെയും അവന്റെ പ്രത്യേക അടയാളത്തിലൂടെയോ പ്രത്യേക വഹ്‌യിലൂടെയോ നബി  അറിഞ്ഞിരുന്നു എന്ന് അനസ് رضي الله عنهറിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഖുർതുബി)

അള്ളാഹു അവരെ തുറന്ന് കാണിക്കാത്തത് നേതാക്കളുടെ കുറവുകൾ അവരെ പേടിച്ച് ജനം പുറത്ത് പറയാത്തത് പോലെ അവരെ ഭയപ്പെട്ടിട്ടല്ല.മറിച്ച് അത് അള്ളാഹു ഉദ്ദേശിച്ചില്ല എന്നത് കൊണ്ട് മാത്രമാണ് യുദ്ധത്തിനു വിളിക്കുമ്പോൾ “ഞങ്ങളുടെ വീടുകൾ ബദ്രതയില്ലാത്തതാണ്” എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന അവർ യുദ്ധത്തിൽ വിജയമുണ്ടാകുമ്പോൾ സമരാർജിത സമ്പത്തിൽ കണ്ണ് വെച്ച് “ഞങ്ങളും നിങ്ങളുടെ കൂടെത്തന്നെ” എന്ന് പറയുന്നത് പോലെയുള്ള സന്ദർഭത്തിനൊത്തുള്ള ചുവട് മാറ്റത്തിലൂടെ അവരെ തിരിച്ചറിയാമെന്നാണ് ശൈലികൊണ്ട് അവരെ അറിയാമെന്ന് പറഞ്ഞതിന്റെ ഉദ്ദേശം
.നബി  തങ്ങൾക്ക് നേരത്തേ തന്നെ അവരെ അറിയാമായിരുന്നു പക്ഷെ അത് മറ്റുള്ളവർക്ക് വേളിപ്പെടുത്തിക്കൊടുക്കാനുള്ള നിർദ്ദേശം അവരുടെ മയ്യിത്ത് നിസ്ക്കരിക്കരുതെന്നും ഖബ്റിങ്കൽ പോകരുതെന്നും വ്യക്തമാക്കും വരെ അള്ളാഹു നൽകിയിരുന്നില്ല എന്നും ഇവിടെ വ്യാഖ്യാനമുണ്ട് (റാസി)

അള്ളാഹു
നിങ്ങളുടെ പ്രവർത്തികളെല്ലാം അറിയുന്നുണ്ട്
എന്ന് പറഞ്ഞത് സത്യവിശ്വാസികൾക്കുള്ള വാഗ്ദാനവും സത്യവിശ്വാസികളുടെത് കപടന്മാരുടെ സ്ഥിതിയല്ല എന്ന് അറിയിക്കാനുമാണ് അതായത് കപടനു പ്രവർത്തിയില്ല വാക്കുകളേയുള്ളൂ .വിശ്വാസികളോ വാചകത്തിലല്ല പ്രവർത്തനത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് .അത് കൊണ്ട് തന്നെ സത്യവിശ്വാസി നന്മ ചെയ്യുന്നതോടൊപ്പം വല്ല തിന്മയും പറ്റിയെങ്കിൽ ഭയത്തോടെ അള്ളാഹുവോട് പൊറുക്കലിനെ തേടും കപടൻ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്” ,“ഞങ്ങൾ വിശ്വസിച്ചു”, എന്നൊക്കെ വാക്കാൽ പരസ്യപ്പെടുത്തുകയും ചീത്ത പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യും അത് കൊണ്ട് ആത്മാർത്ഥതയില്ലാത്ത കപടന്റെ വാചകമടി വൃഥാവിലാണെന്നും സത്യവിശ്വാസികളുടെ പ്രതിഫലം നഷ്ടമാകില്ലെന്നും അള്ളാഹു അറിയിക്കുകയാണ് (റാസി)


وَلَنَبْلُوَنَّكُمْ حَتَّى نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ


(31)
നിങ്ങളിൽ നിന്നുള്ള യുദ്ധ ശാലികളെയും ക്ഷമാശീലരെയും (പ്രത്യക്ഷത്തിൽ) അറിയുകയും നിങ്ങളുടെ സ്ഥിതിഗതികളെ വെളിപ്പെടുത്തുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും

എല്ലാവരുടെയും അവസ്ഥ സസൂക്ഷ്മം അറിയുന്നവനാണ് അള്ളാഹു.യുദ്ധം മുതലായ വിഷമഘട്ടങ്ങളെയും മതപരമായ വിധിവിലക്കുകളെയും ഓരോരുത്തരും എങ്ങനെ നേരിടുമെന്നും അവനു അറിയാം പക്ഷെ ഓരോർത്തരുടെയും നിലപാട് അനുഭവത്തിൽ മറ്റുള്ളവർക്ക് കൂടി വ്യക്തമായി കാണാനുള്ള പരീക്ഷണങ്ങളാണവ.
മഹാനായ ഫുളൈലുബ്‌നു ഇയാള് رحمة الله عليه ഈ സൂക്തം പാരായണം ചെയ്താൽ കരയുകയും അള്ളാഹുവേ നീ ഞങ്ങളെ പരീക്ഷിക്കരുതേ,കാരണം ഞങ്ങളെ നീ പരീക്ഷിച്ചാൽ ഞങ്ങൾ നാണം കെടുകയും ഞങ്ങളുടെ മറ പൊളിയുകയും ചെയ്യും  എന്ന് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു (ഖുർതുബി)

ഞങ്ങൾ വിശ്വസിച്ചു എന്ന് യഥാർത്ഥ വിശ്വാസിയും കപടനും പറയുമ്പോൾ ഇവരുടെ വാക്ക് പ്രവർത്തനത്തോട് യോചിക്കുന്നുണ്ടോ എന്നാണിവിടെ പരീക്ഷണം വിശ്വാസി ആ പരീക്ഷണത്തിൽ വിജയിക്കുകയും പാറപോലെ നബി ﷺ ക്ക് പിന്നിൽ ഉറച്ച് നിൽക്കുകയും കപടൻ യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടുകയും ചെയ്യുന്നു .സ്ഥിതിഗതികളെ വെളിപ്പെടുത്തുകയെന്നാൽ നബി യിൽ നിന്ന് വിശ്വാസികൾ കേട്ട ധാരാളം വാഗ്ദാനങ്ങളുണ്ട് ‘മസ്ജിദുൽ ഹറാമിൽ നമ്മൾ പ്രവേശിക്കും’,
‘’നമ്മുടെ സംഘം വിജയിക്കുകതന്നെ ചെയ്യും’,
 
തുടങ്ങിയവ ഉദാഹരണം. എന്നാൽ കപടന്മാർക്കോ ധാരാളം നുണപ്രചരണങ്ങളാണുള്ളത് സത്യം പുലരുമ്പോൾ ഈ നുണ പ്രചരണം താനേ അപ്രത്യക്ഷമാകുമല്ലോ (റാസി)


إِنَّ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ وَشَاقُّوا الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُمُ 

الهُدَى لَن يَضُرُّوا اللَّهَ شَيْئًا وَسَيُحْبِطُ أَعْمَالَهُمْ


(32)
നിശ്ചയം സത്യത്തെ നിഷേധിക്കുകയും അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ)തടയുകയും തങ്ങൾക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷം റസൂലിനോട് എതിരാവുകയും ചെയ്തിട്ടുള്ളവർ അള്ളാഹുവിനു ഒട്ടും ഉപദ്രവം വരുത്തുകയേയില്ല അവരുടെ കർമങ്ങളെല്ലാം പിന്നീട് ഫലശൂന്യമാക്കുകയും ചെയ്യും


സത്യനിഷേധികളുടെ സൽകർമങ്ങൾക്കൊന്നും പരലോകത്ത് വെച്ച് ഒരു പ്രതിഫലവും ലഭിക്കുന്നതല്ല. സത്യനിഷേധത്തോടൊപ്പമുള്ള പശ്ചാത്താപവും ഫലപ്പെടുകയില്ല ഓരോ പ്രവർത്തിയും അള്ളാഹുവും പ്രവാചകരും നിർദ്ദേശിച്ച രൂപത്തിലും ക്രമത്തിലും ഹൃദയ ശുദ്ധിയോട് കൂടി നിർവഹിക്കണം അല്ലാത്ത പക്ഷം അത് നിശ്ഫലമാകും.


يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ


(33)
സത്യവിശ്വാസികളെ! നിങ്ങൾ അള്ളാഹുവിനെയും റസൂലിനെയും അനുസരിക്കുക.സ്വന്തം കർമങ്ങളെ നിങ്ങൾ നിഷ്ഫലമാക്കരുത്

അവിശ്വാസികൾ നബിക്കെതിരിൽ നിലകൊണ്ടിരുന്നുവെന്ന് കഴിഞ്ഞ സൂക്തത്തിൽ പറഞ്ഞ ശേഷം അള്ളാഹുവിന്റെ കല്പനകളിൽ അവനെ കണിശമായി അംഗീകരിക്കണമെന്നും നബി ﷺ യുടെ ചര്യകളിൽ അവിടുത്തെ അനുസരിക്കണമെന്നും വിശ്വാസികളോട് ഉണർത്തുകയാണ്.കർമങ്ങളെ നിഷ്‌ഫലമാക്കരുതെന്ന് പറഞ്ഞത് പാപങ്ങളും ദുർനടപ്പുകളും കാരണത്താൽ സൽകർമങ്ങൾ ഫലശൂന്യമാകും എന്ന് അറിയിക്കാനാണ് ലോകമാന്യവും ധർമം ചെയ്തത് എടുത്ത് പറയലുമടക്കമുള്ള പാപങ്ങളും ഇതിന്റെ പരിധിയിൽ വരും.അള്ളാഹുവിന്റെ തൃപ്തി എന്ന ആത്മാർത്ഥതയായിരിക്കണം നിങ്ങളുടെ പ്രവർത്തനങ്ങളുടെ ആത്മാവ് അല്ലാത്തവയെല്ലാം വൃഥാവിലാവും എന്ന് സാരം


إِنَّ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ ثُمَّ مَاتُوا وَهُمْ كُفَّارٌ فَلَن يَغْفِرَ اللَّهُ لَهُمْ


(34)
നിശ്ചയം സത്യത്തെ നിഷേധിക്കുകയും അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തടയുകയും പിന്നീട് സത്യനിഷേധികളായിക്കൊണ്ട് തന്നെ മരണപ്പെടുകയും ചെയ്തവർക്ക് അള്ളാഹു പൊറുത്തു കൊടുക്കുകയില്ല തീർച്ച!

സത്യ നിഷേധത്തോടെ മരണപ്പെട്ടവൻ ഒരിക്കലും പരലോകത്ത് രക്ഷപ്പെടുകയേയില്ല.ഞങ്ങളുടെ പ്രവർത്തനങ്ങളെല്ലാം ഫലശൂന്യമാണെങ്കിലും അള്ളാഹുവിന്റെ ഔദാര്യം കൊണ്ട് അവൻ പൊറുത്തു തരുമെന്ന് അവിശ്വാസികൾ ധരിക്കേണ്ടതില്ല എന്ന് വ്യക്തമാക്കുകയാണ് അള്ളാഹു



فَلَا تَهِنُوا وَتَدْعُوا إِلَى السَّلْمِ وَأَنتُمُ الْأَعْلَوْنَ وَاللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَالَكُمْ


(35)
ആകയാൽ (സത്യവിശ്വാസികളേ) നിങ്ങൾ ബലഹീനരാവുകയും ഉന്നതരായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്.അള്ളാഹുവിന്റെ സഹായം നിങ്ങളോട് കൂടെയുണ്ട് താനും .സ്വന്തം കർമങ്ങളെ നിങ്ങൾക്കവൻ നഷ്ടപ്പെടുത്തുകയേയില്ല


ശത്രുക്കളുമായി കണ്ടുമുട്ടുമ്പോൾ സത്യവിശ്വാസികൾ മനസ്സിരുത്തേണ്ട ചില കാര്യങ്ങളാണിവിടെ ചൂണ്ടിക്കാണിക്കുന്നത്.ധൈര്യക്ഷയവും ദുർബല മനസ്ഥിതിയും നിങ്ങളെ തീണ്ടുകപോലുമരുത് ശത്രുക്കളോട് അങ്ങോട്ട് ചെന്ന് സന്ധിക്ക് അപേക്ഷിക്കാൻ പാടില്ല.നിങ്ങളെ അള്ളാഹു സഹായിക്കുന്നുണ്ട്.നിങ്ങളുടെ പ്രതിഫലം അവൻ നഷ്ടപ്പെടുത്തുകയില്ല .എന്നാൽ ശത്രുക്കളുമായി ഒരു സാഹചര്യത്തിലും സംഭാഷണം നടത്താൻ പാടില്ല എന്നല്ല ഇവിടെ പറയുന്നത് .അങ്ങനെ സംഭാഷണം നടത്തുന്നതിലാണ് നന്മയെന്ന് മുസ്ലിം നേതാവി (ഇമാം) നു തോന്നുവെങ്കിൽ അപ്പോൾ അതാവാം


إِنَّمَا الحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَإِن تُؤْمِنُوا وَتَتَّقُوا يُؤْتِكُمْ أُجُورَكُمْ وَلَا يَسْأَلْكُمْ 

أَمْوَالَكُمْ


(36)
നിശ്ചയം ഐഹികജീവിതം കളിയും വിനോദവും തന്നെയാണ്.സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതാണ്.നിങ്ങളുടെ സ്വത്തുക്കൾ (സ്വന്തം ആവശ്യത്തിനായി ) അവൻ നിങ്ങളോട് ചോദിക്കുന്നുമില്ല

 ഇപ്പോൾ ഒരു അനിവാര്യതയോ ഭാവിയിൽ ഒരു ഉപകാരമോ നേടിത്തരാത്തതും അതിനായി നിങ്ങൾ സമയം ചിലവഴിക്കുകയും ചെയ്യക എന്നതാണിവിടെ പറയുന്നത് അതിൽ നിന്ന് പ്രധാന കടമകൾ നിർവഹിക്കുന്നതിൽ നിന്ന് നിന്നെ തടയാതെയുള്ള സമയം ചിലവഴിക്കലാണെങ്കിലാണ് കളി എന്ന് പറയുന്നത്.അതിനു വേണ്ടി സമയം ചിലവാക്കുന്നതിനാൽ അനിവാര്യമായും ചെയ്യേണ്ട കാര്യങ്ങൾക്ക് കൂടി തടസ്സം വരുന്നുവെങ്കിൽ അതാണ് വിനോദം എന്ന് പറഞ്ഞത് .(റാസി)

ഉപകാരമില്ലാത്ത കളിയിലും വിനോദത്തിലും പെട്ട് സത്യവിശ്വാസത്തിന്റെ താല്പര്യത്തിനനുസരിച്ചുള്ള കടമ നിർവഹണത്തിൽ നിന്ന് പുറകോട്ട് പോകാതെ സൂക്ഷിക്കുന്ന പക്ഷം അവൻ നിങ്ങൾക്ക് പ്രതിഫലം തരിക തന്നെ ചെയ്യും അതിൽ പെട്ട കടമ തന്നെയാണ് ആവശ്യമാവുമ്പോൾ ധനം ചിലവഴിക്കൽ അതിൽ നിന്ന് നിങ്ങൾ പുറകോട്ട് പോകാൻ പാടില്ല എന്നാണ് അള്ളാഹു പറയുന്നത് 

നിങ്ങളുടെ സ്വത്തുക്കൾ ചോദിക്കുന്നില്ല എന്നതിനു പല വ്യാഖ്യാനവുമുണ്ട്

(1) അള്ളാഹുവിന്റെ ആവശ്യത്തിനായി അവൻ സമ്പാദ്യം ആവശ്യപ്പെടുന്നില്ല .നിങ്ങൾക്ക് പ്രതിഫലം ലഭിക്കാൻ വേണ്ടിയാണ് ആവശ്യപ്പെടുന്നത്

 (2)
നിങ്ങളുടെ മുഴുവൻ സ്വത്തുക്കളും അള്ളാഹുവിന്റെ മാർഗത്തിൽ ചിലവ് ചെയ്യണമെന്ന് അവൻ പറയുന്നില്ല .നിങ്ങൾക്ക് വലിയ വിഷമം വരാത്ത നിലയിൽ ചിലവഴിക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ സകാത്ത് മുതലായ ചില നിർബന്ധ ചിലവുകളും നിങ്ങൾക്ക് സാധിക്കുന്ന ദാനവും നൽകണമെന്നേ പറയുന്നുള്ളൂ

(3)
അവൻ നിങ്ങളോട് ചിലവ് ചെയ്യാൻ ആവശ്യപ്പെടുന്നത് അവന്റെ ധനമാണ്.തൽക്കാലം  ക്രയവിക്രയത്തിനു നിങ്ങൾക്കവൻ അധികാരം തന്നതാണ് അതിൽ നിന്ന് ചിലവഴിക്കാൻ പറയുന്നത് നിങ്ങൾ അവഗണിച്ചു കൂടാത്തതാണ്



إِن يَسْأَلْكُمُوهَا فَيُحْفِكُمْ تَبْخَلُوا وَيُخْرِجْ أَضْغَانَكُمْ


(37)
അവൻ നിങ്ങളോട് സ്വത്തുക്കൾ ചോദിക്കുകയും അങ്ങനെ കിണഞ്ഞാവശ്യപ്പെടുകയും ചെയ്യുന്ന പക്ഷം നിങ്ങൾ പിശുക്ക് കാണിക്കും അത് നിങ്ങളുടെ ഉൾപ്പക പുറത്തേക്ക് കൊണ്ട് വരികയും ചെയ്യും


ധനം പലർക്കും ജീവനു തുല്യം അമൂല്യമാണ്.അത് ചിലവഴിക്കാൻ കർക്കശമായി ആവശ്യപ്പെടുമ്പോൾ പിശുക്ക് കാണിക്കലും ഉൾപ്പോര് പുറത്ത് ചാടലും അവരുടെ സ്വഭാവമാകുന്നു ധനത്തിനു വേണ്ടി എത്ര കൊലയും ക്രൂതയും അത്തരക്കാർ നടത്തുന്നു അത് ശരിയല്ലെന്നും തങ്ങൾക്ക് തന്നെ ദോഷമാണെന്നും അള്ളാഹു ഓർമപ്പെടുത്തിയിരിക്കുകയാണ്


هَاأَنتُمْ هَؤُلَاء تُدْعَوْنَ لِتُنفِقُوا فِي سَبِيلِ اللَّهِ فَمِنكُم مَّن يَبْخَلُ وَمَن يَبْخَلْ فَإِنَّمَا 

يَبْخَلُ عَن نَّفْسِهِ وَاللَّهُ الْغَنِيُّ وَأَنتُمُ الْفُقَرَاء وَإِن تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ 

لَا يَكُونُوا أَمْثَالَكُمْ

(38)
അറിയുക!ഹേ കൂട്ടരേ! നിങ്ങളിതാ അള്ളാഹുവിന്റെ മാർഗത്തിൽ ചിലവ് ചെയ്യാൻ ക്ഷണിക്കപ്പെടുന്നു അപ്പോൾ നിങ്ങളിൽ ചിലർ പിശുക്ക് കാട്ടുന്നു .ആര് പിശുക്കു കാട്ടുന്നുവോ അവൻ തന്റെ കാര്യത്തിൽ തന്നെയാണ് പിശുക്ക് കാട്ടുന്നത് അള്ളാഹു പരാശ്രയമില്ലാത്തവനാണ് നിങ്ങളോ പരശ്രയം ആവശ്യമുള്ളവരും!നിങ്ങൾ (അനുസരിക്കാതെ) പിന്തിരിയുകയാണെങ്കിൽ നിങ്ങളല്ലാത്ത മറ്റൊരു ജനതയെ അവൻ നിങ്ങൾക്ക് പകരമായി കൊണ്ട് വരും എന്നിട്ട് അവർ നിങ്ങളെ പോലെ ആയിരിക്കുകയുമില്ല

അള്ളാഹുവിന്റെ കല്പന മാനിച്ച് ചിലവ് ചെയ്യണം പിശുക്ക് കാണിക്കുന്നത് നാശമാണ്.അതിന്റെ ദുരന്തം പിശുക്കൻ തന്നെ അനുഭവിക്കണം .അള്ളാഹുവിനു നിങ്ങളുടെ സഹായം ആവശ്യമില്ല എന്നാൽ അവന്റെ അനുഗ്രഹമില്ലാതെ നിങ്ങൾക്ക് നിലനിൽ‌പ്പുമില്ല.ആസ്ഥിതിക്ക് അള്ളാഹുവിന്റെ കല്പന നിങ്ങൾ അനുസരിക്കുന്നത് നിങ്ങൾക്ക് വേണ്ടി തന്നെയാണ്.നിങ്ങൾ ധിക്കാരികളായാൽ നിങ്ങളെ നശിപ്പിച്ച് അനുസരണമുള്ള മറ്റൊരു വിഭാഗത്തെ സൃഷ്ടിക്കുക എന്നത് അള്ളാഹുവിനു പ്രയാസമുള്ള കാര്യമേയല്ല

അള്ളാഹുവിന്റെ കല്പനകൾ പാലിക്കാൻ അവൻ നമ്മെ അനുഗ്രഹിക്കട്ടെ ആമിൻ




പ്രിയസഹോദരങ്ങളെനല്ലത്ഉൾകൊള്ളാനുംജീവിതത്തിൽപകർത്താനുംനാഥൻഅനുഗ്രഹിക്കട്ടെ. امين
ഇത്മറ്റ്സഹോദരങ്ങളിലേക്കുംഎത്തിക്കുക.  

വിളക്ക്സന്ദർശിക്കുകയുംഅഭിപ്രായങ്ങൾഅറിയിക്കുകയുംചെയ്യുകതെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെ. ദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين


സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക്vilakk@gmail.com







No comments: