Sunday, February 19, 2017

അദ്ധ്യായം 46 | സൂറത്തുൽ അഹ്‌ഖാഫ് - ഭാഗം-01

അദ്ധ്യായം 46  | സൂറത്തുൽ അഹ്ഖാഫ്  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 35

بسم الله الرحمن الرحيم
Part 1 ( 1 to 10 )

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


ഹൂദ് നബി (عليه السلام) തന്റെ ജനതയെ അഹ്ഖാഫ് എന്ന സ്ഥലത്തുവെച്ച് താക്കീത് ചെയ്തുവെന്ന് അദ്ധ്യായത്തിന്റെ ഇരുപത്തിഒന്നാം വാക്യത്തിൽ പറയുന്നുണ്ട്.അതിൽ നിന്നാണ് അദ്ധ്യായത്തിനു അഹ്ഖാഫ് എന്ന് പേർ സിദ്ധിച്ചത്
حم (46:1

(1)
ഇതിന്റെ ഉദ്ദേശം അള്ളാഹുവിനറിയാം

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ (46:2

(2)
വേദഗ്രന്ഥം അവതരിപ്പിച്ചത് പ്രതാപവാനും അഗാധജ്ഞനുമായ അള്ളാഹുവിങ്കൽ  നിന്നാകുന്നു

തന്റെ തീരുമാനങ്ങളെല്ലാം നടപ്പാക്കാനുള്ള പ്രതാപമുള്ളവനും യുക്തിയുക്തം പ്രവർത്തിക്കുന്നവനുമായ അള്ളാഹുവാണ് ഖുർആൻ അവതരിപ്പിച്ചത്.ഒരു മനുഷ്യനും അതിനു തുല്യമായത് കൊണ്ടുവരാൻ സാദ്ധ്യമല്ല. ഖുർആനിന്റെ ആധികാരികത തെളിയിക്കുന്നതാണീ സൂക്തം

مَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُّسَمًّى وَالَّذِينَ كَفَرُوا عَمَّا أُنذِرُوا مُعْرِضُونَ (46:3


(3)
ആകാശഭൂമികളെയും അവക്കിടയിലുള്ള വസ്തുക്കളെയും  ന്യായമായ ഉദ്ദേശ്യത്തോടെയും ഒരു നിശ്ചിത അവധിയോടും കൂടി മാത്രമാണ് നാം സൃഷ്ടിച്ചിട്ടുള്ളത് സത്യനിഷേധികളാവട്ടെ അവർക്ക് നൽകപ്പെടുന്ന താക്കീതുകളെ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാണ്

ന്യായമായ ഉദ്ദേശം എന്ന് പറഞ്ഞത് നല്ലവർക്ക് പ്രതിഫലവും ചീത്തയായവർക്ക് ശിക്ഷയും നൽകുക എന്നാണ് .നിശ്ചിത അവധി എന്നത് അന്ത്യനാൾ എന്നും ഓരോരുത്തരുടെയും മരണ സമയം എന്നും വ്യാഖ്യാനമാവാം.സത്യ നിഷേധികൾ അവർക്ക് നൽകപ്പെടുന്ന താക്കീതുകളെ ശ്രദ്ധിക്കാതെ തിരിഞ്ഞു കളയുന്നു എന്ന് പറഞ്ഞാൽ ദിവസത്തിനു വേണ്ടി ഒരു തയാറെടുപ്പും നടത്താതെ അവർ അശ്രദ്ധരായി കഴിയുന്നു എന്നാണ് (ഖുർതുബി)


قُلْ أَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ اِئْتُونِي بِكِتَابٍ مِّن قَبْلِ هَذَا أَوْ أَثَارَةٍ مِّنْ عِلْمٍ إِن كُنتُمْ صَادِقِينَ (46:4

(4)
(നബിയേ) അങ്ങ് പറയുക.അള്ളാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുന്ന വസ്തുക്കളെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിൽ നിന്ന് ഏത് ഭാഗമാണ് അവർ സൃഷ്ടിച്ചതെന്ന് നിങ്ങൾ എനിക്കൊന്ന് കാണിച്ചു തരിക. അല്ലെങ്കിൽ ആകാശങ്ങളിൽ(അവയുടെ സൃഷ്ടിപ്പിൽ) അവർക്ക് വല്ല പങ്കുമുണ്ടോ? ഇതിന്റെ മുമ്പുള്ള വല്ല വേദഗ്രന്ഥമോ അറിവി(ന്റെ ഇനത്തി) പെട്ട വല്ല അവശിഷ്ടമോ (പ്രമാണമോ) എനിക്ക് നിങ്ങൾ കൊണ്ടുവരുവീൻ.നിങ്ങൾ സത്യവാദികളാണെങ്കിൽ

അള്ളാഹു അല്ലാത്തവർക്ക് ആരാധന ചെയ്യാമെന്നതിനു ഖുർആനിന്റെ മുമ്പുള്ള വല്ല വേദഗ്രന്ഥമോ പൂർവീകരിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന വല്ല വിജ്ഞാന ശകലമോ തെളിവായി കൊണ്ടുവരാൻ അവരെ ആഹ്വാനം ചെയ്യുകയാണിവിടെ. പൂർവീക മഹാന്മാരിൽ നിന്ന് ശരിയായ മാർഗത്തിൽ കൂടി വന്ന അറിവ് ലക്ഷ്യത്തിനു മതിയായതാണെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം.ആരാധന എന്നാൽ ഏറ്റവും വലിയ താഴ്മയും വിനയവും കാണിക്കുക എന്നാണ്. ആരാധിക്കപ്പെടാൻ അർഹനാണെന്ന കാഴ്ചപ്പാടോടെ കാണിക്കുന്ന വിനയമാണ് ഈ അങ്ങേയറ്റം എന്നതിന്റെ മാനദണ്ഡം .അങ്ങേയറ്റത്തെ അനുഗ്രഹം ആരിൽ നിന്നാണോ ലഭിച്ചത് ആ ശക്തിയോട് മാത്രമേ ഈ വിനയം കാണിക്കാവൂ.അപ്പോൾ നമുക്ക് ലഭിച്ച അങ്ങേയറ്റത്തെ അനുഗ്രഹം ശൂന്യതയിൽ നിന്ന് അസ്തിത്വത്തിലേക്കുള്ള സൃഷ്ടിപ്പ് തന്നെ. അത് ചെയ്തവനോടേ ഏറ്റവും വലിയ താഴ്മ കാണിക്കാവൂ.എന്നാൽ നമ്മെയും ആകാശ ഭൂമിയെയും അടക്കം എല്ലാം പടച്ചത് അള്ളാഹുവാണെന്നത് അവിതർക്കിതമാണ്.അപ്പോൾ അങ്ങേയറ്റത്തെ താഴ്മയും അവനോടേ ആകാവൂ എന്നതും വ്യക്തമാണ്.എങ്കിൽ പിന്നെ അള്ളാഹു അല്ലാത്തവർ എങ്ങനെ ആരാധ്യ വസ്തുക്കളാകും അതിനു ഒരു ന്യായവുമില്ല.അള്ളാഹുവിനു പുറമേ പലതിനെയും ആരാധിക്കുന്നവരോട് ഭൂമിയിൽ നിന്ന് ഏത് ഭാഗമാണ് അവർ സൃഷ്ടിച്ചതെന്ന് നിങ്ങൾ എനിക്കൊന്ന് കാണിച്ചു തരിക  എന്ന് അള്ളാഹു ചോദിക്കാൻ പറഞ്ഞതിന്റെ ന്യായവും ഇത് തന്നെയാണ്.ഏറ്റവും വലിയ അനുഗ്രഹം എന്ന ‘സൃഷ്ടിക്കൽ’ ഇവർ സ്വന്തമായി നടത്തിയതുണ്ടോ?അല്ലെങ്കിൽ സൃഷ്ടിക്കൽ എന്നതിൽ ഈ ദൈവങ്ങൾക്ക് വല്ല പങ്കുമുണ്ടോ? ആർക്കും ഒരു പങ്കുമില്ല ആ സ്ഥിതിക്ക് അള്ളാഹുവല്ലാത്തവർക്ക് ഈ അങ്ങേയറ്റത്തെ വണക്കത്തിനു അർഹതയുമില്ല.മാത്രവുമല്ല ഈ ആരാധ്യ വസ്തുക്കൾ കേൾവിയും കാഴ്ചയുമില്ലാത്ത നിങ്ങളുടെ സംസാരം എന്താണെന്ന് മനസ്സിലാവാത്ത അചേതന വസ്തുക്കളായ കല്ലുകളും മറ്റുമാണ്. ഇതാണ് സത്യം എങ്കിൽ ആരാണ് ഈ പരദൈവങ്ങളെക്കുറിച്ച് നിങ്ങൾക്ക് പഠിപ്പിച്ചു തന്നത്? ഖുർആനിനു മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥത്തിലോ പൂർവീകരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച വല്ല രേഖയിലോ ഈ ബഹുദൈവ ആരാധനക്ക് തെളിവുണ്ടോ? ഉണ്ടെങ്കിൽ അത് കൊണ്ട് വരിക .ഇല്ലെങ്കിൽ ഈ അന്യായം അവസാനിപ്പിക്കുക. കാരണം ബുദ്ധിപരമായും രേഖാപരമായും പരദൈവ ആരാധനക്ക് തെളിവില്ല തന്നെ

وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّهِ مَن لَّا يَسْتَجِيبُ لَهُ إِلَى يَومِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ (46:5

(5)
അന്ത്യനാൾ വരെ ഉത്തരം ചെയ്യാത്തവരെ അള്ളാഹുവിനു പുറമേ ആരാധിക്കുന്നവരേക്കാൾ വഴിപിഴച്ചവർ ആരാണ്? അവരാകട്ടെ ഇവരുടെ ആരാധനയെക്കുറിച്ച് അറിയാത്തവരുമാകുന്നു

ഖിയാമത്ത് നാൾ വരെ ഉത്തരം ചെയ്യാത്തവർ എന്ന് പറഞ്ഞത് വിഗ്രഹങ്ങളെക്കുറിച്ചാണ്.അവ ഒന്നും കേൾക്കുകയോ കാണുകയോ അറിയുകയോ ചെയ്യാത്ത കല്ല്,മരം മുതലായവ കൊണ്ട് നിർമിക്കപ്പെട്ട വസ്തുക്കളാണല്ലൊ.മഹാനായ ഇബ്നു കസീർ  (رحمة الله عليه) എഴുതുന്നു ‘അള്ളാഹുവിനു പുറമെ ബിംബങ്ങളെ ആരാധിക്കുകയും അവക്ക് അന്ത്യകാലം വരെ സാധിക്കാത്ത കാര്യം അവയോട് ആവശ്യപ്പെടുകയും ചെയ്യുന്നവരേക്കാൾ വഴിപിഴച്ചവർ ആരുമില്ല.അവയാകട്ടെ അവർ പറയുന്നത് തീരെ ശ്രദ്ധയില്ലാത്തവയാണ്. അവ കേൾക്കുകയോ കാണുകയോ പിടിക്കുകയോ ഇല്ല കാരണം അവ അചേതന വസ്തുക്കളും കല്ലുകളുമാണ് (ഇബ്നു കസീർ)

അള്ളാഹുവിനു പുറമേ ഇവർ ആരാധിക്കുന്നവ ബിംബങ്ങളാണ് ഒന്നും കേൾക്കാത്ത ഇവർ പറയുന്നത് മനസ്സിലാവാത്ത അചേതന വസ്തുക്കൾ.അതാണ് അവർ അശ്രദ്ധരാണെന്ന് പറഞ്ഞത് (ഖുർതുബി)

وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاء وَكَانُوا بِعِبَادَتِهِمْ كَافِرِينَ (46:6

(6)
(മാത്രമല്ല ഖിയാമത്ത് നാളിൽ) മനുഷ്യർ ഒരുമിച്ച് കൂട്ടപ്പെടുമ്പോൾ അവർ ( ആരാധ്യവസ്തുക്കൾ) ഇവരുടെ (ആരാധിച്ചവരുടെ)ശത്രുക്കളായി തീരുകയും ഇവരുടെ ആരാധനയെ അവർ നിഷേധിക്കുന്നവരാവുകയും ചെയ്യും

ആരാധിക്കപ്പെട്ടവരെല്ലാം ആരാധിച്ചവരെ തള്ളിപ്പറയുകയും നിർണായക ഘട്ടത്തിൽ പരസ്പരം കയ്യൊഴിയുകയും ചെയ്യും.

ഭൂമിയിൽ ഇവർ ആരാധിച്ചവരെല്ലാം പരലോകത്ത് ആ ആരാധനയെ നിഷേധിക്കുകയും ഞങ്ങളെ ആരാധിക്കാൻ ഇവരോട് ഞങ്ങൾ കല്പിച്ചിട്ടേയില്ല.ഇവർ ആരാധിച്ചത് ഞങ്ങൾ അറിഞ്ഞിട്ടുമില്ല അത് കൊണ്ട് ഇവർ ഞങ്ങളെ ആരാധിച്ചതിനു ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല .എന്ന് അവർ പറയും (ഥിബ്രി)

മരണപ്പെട്ടു
പോയ മഹാത്മാക്കളെ വിളിക്കുന്നതോ അവരോട് സഹായാർത്ഥന (ഇസ്തിഗാസ) ചെയ്യുന്നതോ പറഞ്ഞ അഞ്ച്,ആറ് സൂക്തങ്ങളുടെ പരിധിയിൽ വരുന്ന വിഷയമല്ല. സൂക്തങ്ങൾ ഇസ്തിഗാസക്കെതിരാണെന്ന് ചില സഹോദരങ്ങൾ ധരിച്ചുവെച്ചത് അബദ്ധം തന്നെയാണ്.ഒന്നാമതായി മഹാന്മാർക്ക് ആരാധന ചെയ്യലല്ല അവരെ വിളിക്കുക എന്നത്.മരിച്ചവർക്ക് കാഴ്ചയും കേൾവിയും അറിവുമൊന്നുമില്ല എന്ന് പറയുന്നതും ശരിയല്ല.അതിനു ധാരാളം തെളിവുകൾ സ്ഥിരപ്പെട്ടു വന്നിട്ടുള്ളതാണ്.ഖബ് സന്ദർശന വേളയിൽ അവരെ നേരിട്ട് വിളിച്ച് സലാം പറയാനാണ് ഇസ്ലാം നിർദ്ദേശിക്കുന്നത്

ألسلام عليكم دارقوم مؤمنين واناان شاءالله بكم لاحقون



നിങ്ങൾക്ക് അള്ളാഹുവിന്റെ സമാധാനമുണ്ടാവട്ടെ അവൻ ഉദ്ദേശിച്ചാൽ ഞങ്ങളും നിങ്ങൾക്കൊപ്പം ചേരുന്നതാണ് എന്നിങ്ങനെ ജീവിച്ചിരിക്കുന്നവരോട് സംബോധന ചെയ്യുമ്പോലെ പറയാനാണ് നബി കല്പിച്ചത്.മരണപ്പെട്ടവർ കേൾക്കില്ലെങ്കിൽ ഇങ്ങനെ ഒരു നിർദ്ദേശം നിരർത്ഥകമായേനേ.

 ഇബ്നുൽ ഖയ്യിം തന്റെ റൂഹ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണാം.മരണപ്പെട്ടവർ കേൾക്കില്ലെന്ന് പറഞ്ഞു കൂടാ.കാരണം മയ്യിത്ത് സംസ്ക്കരണത്തിൽ സംബന്ധിച്ചവരുടെ ചെരിപ്പിന്റെ ശബ്ദം ഖബ്റാളികൾ കേൾക്കുമെന്ന് നബി അറിയിച്ചിട്ടുണ്ട്.ബദ്‌റിൽ കൊല്ലപ്പെട്ടവരെ നബി സംബോധന ചെയ്തത് പ്രസിദ്ധമാണ്. ഖബ്‌റാളികൾക്ക് മുന്നിലുള്ളവരോട് സംബോധന ചെയ്യുമ്പോലെ സലാം പറയണമെന്നും മരണപ്പെട്ട മുസ്‌ലിമിനു നാം പറയുന്ന സലാം അയാൾ മടക്കുമെന്നുമൊക്കെ നബി അറിയിച്ചിട്ടുണ്ട് (അൽ റൂഹ് 64)

നബി തന്റെ ആകാശാരോഹണ സന്ദർഭത്തിൽ മുമ്പ് മരണപ്പെട്ട് പോയ പ്രവാചകന്മാരെ കാണുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതായി ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നുണ്ട്. മാത്രമല്ല നബി ക്ക് അള്ളാഹു ആദ്യം അമ്പത് നേരത്തെ നിസ്ക്കാരം നൽകുകയും ആറാം ആകാശത്ത് വെച്ച് മൂസാ (عليه السلام) ന്റെ നിർബന്ധത്തിനു വഴങ്ങി ചുരുക്കിത്തരാൻ നബി അള്ളാഹുവോട് ആവശ്യപ്പെട്ടതും അഞ്ചാക്കി ചുരുക്കുന്നത് വരെ തന്റെ ഇടപെടൽ മൂസ (عليه السلام) തുടർന്നതും ഹദീസിൽ സ്ഥിരപ്പെട്ടതാണ്. മരിച്ച മഹത്തുക്കളെ കൊണ്ട് നമുക്ക് ഗുണം ലഭിക്കുമെന്നും സംഭവത്തിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്.ഇസ്തിഗാസ പോലുള്ള വിളിയെക്കുറിച്ചല്ല ആരാധനയെക്കുറിച്ചാണ് സൂക്തങ്ങളിൽ പറയുന്നതെന്ന്  നാം ഓർമിക്കുക തന്നെ വേണം

وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءهُمْ هَذَا سِحْرٌ مُّبِينٌ (46:7

(7)
നമ്മുടെ ആയത്തുകൾ അവർക്ക് വ്യക്തമായ നിലയിൽ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ സത്യം തങ്ങൾക്ക് വന്നെത്തിയ അവസരത്തിൽ അതിനെപറ്റി ഇത് വ്യക്തമായ ജാലവിദ്യയാണെന്ന് സത്യ നിഷേധികൾ പറയും

വിശുദ്ധ ഖുർആനിന്റെ വ്യക്തമായ ആശയങ്ങൾ അവർക്ക് ഓതിക്കേൾപ്പിക്കുകയും സത്യം അവരെ തേടിയെത്തുകയും ചെയ്യുമ്പോൾ സത്യനിഷേധികളുടെ പ്രതികരണം ഇത്  വ്യക്തമായ ജാല വിദ്യയാണെന്നായിരുന്നു

أَمْ يَقُولُونَ افْتَرَاهُ قُلْ إِنِ افْتَرَيْتُهُ فَلَا تَمْلِكُونَ لِي مِنَ اللَّهِ شَيْئًا هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ كَفَى بِهِ شَهِيدًا بَيْنِي وَبَيْنَكُمْ وَهُوَ الْغَفُورُ الرَّحِيمُ (46:8


(8)
അതല്ല ഇത് നബി കെട്ടിച്ചമച്ചിരിക്കുകയാണെന്ന് അവർ പറയുന്നുവോ?(നബിയേ അവരോട്) തങ്ങൾ പറയുക അത് ഞാൻ കെട്ടിച്ചമച്ചിരിക്കുകയാണെങ്കിൽ അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് എന്നെ രക്ഷിക്കുവാൻ ഒട്ടും നിങ്ങൾക്ക് കഴിയുന്നതല്ല.ഖുർ ആന്റെ കാര്യത്തിൽ നിങ്ങൾ സംസാരിക്കുന്നതിനെപ്പറ്റി അള്ളാഹു ഏറ്റവും അറിയുന്നവനാണ് നിങ്ങൾക്കും എനിക്കുമിടയിൽ സാക്ഷിയായി അവൻ തന്നെ മതി.അവൻ ഏറ്റവും പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു

ഖുർആൻ ഞാൻ സ്വയം നിർമിച്ചിട്ട് അത് അള്ളാഹു അവതരിപ്പിച്ചതാണെന്നും ഞാൻ അവന്റെ ദൂതനാണെന്നും പറയുകയാണെങ്കിൽ  അള്ളാഹുവിന്റെ മേലിൽ കള്ളം പറഞ്ഞതിന്റെ പേരിൽ അള്ളാഹുവിന്റെ കഠിനമായ ശിക്ഷക്ക് ഞാൻ അർഹനാവുക തന്നെ ചെയ്യും അത് തടയുവാൻ നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ കഴിയുകയുമില്ല. അപ്പോൾ നിങ്ങൾക്ക് വേണ്ടി കള്ളം പറഞ്ഞ് ഞാൻ സ്വയം ശക്തമായ ശിക്ഷയിലേക്ക് എന്നെ തള്ളിവിടുമോ? ഒരിക്കലും അതുണ്ടാവില്ല.എന്നാൽ ഞാൻ നിർമ്മിച്ചതല്ല ഖുർ ആൻ അത് അള്ളാഹു അവതരിപ്പിച്ചത് തന്നെയാണ് അതിനെക്കുറിച്ച് .ചിലപ്പോൾ അത് ജാലമാണെന്നും ചിലപ്പോൾ അത് കവിതയാണെന്നും ചിലപ്പോൾ അത് ആദ്യ കാലക്കാരുടെ കെട്ടുകഥകളാണെന്നും മറ്റും ആക്ഷേപ രീതിയിൽ നിങ്ങൾ പറഞ്ഞതാണ് അപരാധം ഞാൻ പറഞ്ഞതും പ്രബോധനം ചെയ്യുന്നതും സത്യമാണെന്നും നിങ്ങൾ തനി നിഷേധവും കള്ളവും പറയുന്നവരാണെന്നും അള്ളാഹു ശരിക്കും അറിയുന്നുണ്ട്.ഞാനാണോ നിങ്ങളാണോ ശരി എന്നതിനു നമുക്കിടയിൽ അള്ളാഹു തന്നെ സാക്ഷിയായി മതി.അവൻ നുണ പറഞ്ഞവർക്കെതിരിൽ നടപടി സ്വീകരിക്കും നുണ ഞാൻ പറഞ്ഞതല്ല.അഥവാ നിങ്ങളാണ് അപവാദം പറഞ്ഞത്.എന്നാലും നിങ്ങൾ നിരാശരാവേണ്ടതില്ല.പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ അവൻ മാപ്പ് ചെയ്യുകയും കരുണ വർഷിക്കുകയും ചെയ്യും.അതായത് നിങ്ങൾക്ക് നന്നാവാൻ ഇനിയും സമയമുണ്ട്. ദുരഭിമാനം കാരണമോ അള്ളാഹു ഇനി ഞങ്ങളെ അംഗീകരിക്കുകയില്ല എന്ന ഭയത്താലോ പറഞ്ഞ് പോയ അബദ്ധത്തിൽ തുടരേണ്ടതില്ല.നിങ്ങൾ അള്ളാഹുവെയും പ്രവാചകരെയും സംബന്ധിച്ച് വളരെ ഗൌരവതരമായ അനാവശ്യ പ്രസ്താവന പരിഹാസ പൂർവം നടത്തിയിട്ടും നിങ്ങളെ ഉടൻ അള്ളാഹു ശിക്ഷിക്കാത്തത്  അവന്റെ കരുണ കൊണ്ടാണെന്ന് ഈ സൂക്തം അറിയിക്കുന്നു.ആ കാരുണ്യത്തിന്റെ സന്ദേശമുൾക്കൊണ്ട് നിങ്ങൾ തിരുത്താൻ തയാറാവണമെന്ന് സാരം

قُلْ مَا كُنتُ بِدْعًا مِّنْ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُّبِينٌ (46:9


(9)
(നബിയേ) പറയുക ഞാൻ പ്രവാചകന്മാരിൽ നിന്ന് ഒന്നാമത്തെയാളല്ല.എന്നെക്കൊണ്ടും നിങ്ങളെക്കൊണ്ടും എന്ത് ചെയ്യപ്പെടുമെന്ന് എനിക്കറിയുകയുമില്ല എനിക്ക് ദിവ്യബോധനം നൽകപ്പെടുന്നത് മാത്രമാണ് ഞാൻ പിൻപറ്റുന്നത് .ഞാൻ വ്യക്തമായ താക്കീതുകാരൻ മാത്രമാകുന്നു

ഞാൻ ഒന്നാമതായി ലോകത്ത് വന്ന ദൂതൻ അല്ല.എനിക്ക് മുമ്പ് അനേകം ദൂതന്മാർ വന്നിട്ടുണ്ട് അവരൊന്നും പ്രബോധനം ചെയ്തതല്ലാത്ത പുതിയ ഒരു തത്വം ഞാൻ പ്രബോധനം ചെയ്യുന്നില്ല.അള്ളാഹുവിന്റെ ദൂതനാണെന്നത് കൊണ്ട് എന്തെങ്കിലും ഞാൻ പറയുകയില്ല .അവൻ എനിക്ക് നൽകുന്ന സന്ദേശം മാത്രമാണ് ഞാൻ പിന്തുടരുന്നത് . സ്ഥിതിക്ക് നിങ്ങൾ എന്നെ നിഷേധിക്കുന്നതിനു യാതൊരു ന്യായവുമില്ല.

നമ്മിൽ എന്തൊക്കെയാണ് നടക്കാനിരിക്കുന്നതെന്ന് എനിക്ക് ഇപ്പോൾ അറിയുകയില്ല.അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് മുൻ കൂട്ടി നിങ്ങളെ താക്കീത് ചെയ്യുക മാത്രമാണ് ഞാൻ ചെയ്യുന്നത്.അത് അനുസരിക്കുന്നത് നിങ്ങളുടെ രക്ഷക്കും അത് അവഗണിക്കുന്നത് നിങ്ങളുടെ അധപതനത്തിനും കാരണമാകും

,,എന്നെക്കൊണ്ട് എന്ത് ചെയ്യപ്പെടുമെന്ന് അറിയില്ല,, എന്നതിനു ശേഷം 'അങ്ങേക്ക് കഴിഞ്ഞ കാ‍ല ജീവിതത്തിലും വരാനിരിക്കുന്ന ജീവിതത്തിലും തിന്മ വരാതെ അള്ളാഹു സംരക്ഷിക്കുമെന്ന' ആശയമുള്ള സൂറത്തുൽ ഫത് ഹിലെ രണ്ടാം വാക്യം മുഖേന ഇത് ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന് ധാരാളം വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട് (ഇബ്നു കസീർ)

നമ്മിൽ എന്തൊക്കെയാണ് നടക്കാനിരിക്കുന്നതെന്ന് എനിക്ക് ഇപ്പോൾ അറിയുകയില്ല എന്നതിനു മറ്റൊരു വ്യാഖ്യാനം ഇങ്ങനെയാണ്.ഇവിടെ ഞാൻ കൊല്ലപ്പെടുമോ?നാട്ടിൽ നിന്ന് പുറത്താക്കപ്പെടുമോ?നിങ്ങൾ എന്നിൽ വിശ്വസിക്കുമോ?നിങ്ങൾക്ക് ആകാശത്ത് നിന്ന് കല്ലുകൊണ്ട് ഏറ് ലഭിക്കുമോ? നിങ്ങൾ ഭൂമിയിൽ ആഴ്ത്തപ്പെടുമോ എന്നൊന്നും എനിക്കറിയില്ല.എന്നാൽ പരലോകത്ത് നബി സ്വർഗത്തിലാണെന്നും നിഷേധികൾ നരകത്തിലാണെന്നും അവിടുന്ന് നേരത്തേ അറിഞ്ഞിട്ടുണ്ട്. വ്യാഖ്യാനമാണ് പ്രബലം എന്നാണ് ഇബ്നു ജരീർ (رحمة الله عليه) പറഞ്ഞത്.എന്നാൽ ഇസ്ലാം മതത്തെ അവൻ ശക്തിപ്പെടുത്തുകയും നബി യെ അള്ളാഹു സംരക്ഷിക്കുകയും ശത്രുക്കളെ പരാചയപ്പെടുത്തുകയും ചെയ്യുമെന്ന് അള്ളാഹു പിന്നീട് നബി യെ അറിയിച്ചു.എനിക്കറിയില്ല എന്ന് പറഞ്ഞതിന്റെ മറ്റൊരു വ്യാഖ്യാനം വിശദമായ അറിവ് എനിക്കില്ല എന്നാണ്  സ്വന്തമായി ഒന്നും പറയില്ല വഹ്യിനെ പിൻ പറ്റും എന്ന് സാരം

قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ اللَّهِ وَكَفَرْتُم بِهِ وَشَهِدَ شَاهِدٌ مِّن بَنِي إِسْرَائِيلَ عَلَى مِثْلِهِ فَآمَنَ وَاسْتَكْبَرْتُمْ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ (46:10)


(10)
(നബിയേ) പറയുക. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത് (ഖുർആൻ) അള്ളാഹുവിങ്കൽ നിന്നായിരിക്കുകയും അതിനെ നിങ്ങൾ നിഷേധിക്കുകയും .( അതേസമയം) ഇസ്റയീല്യരിൽ പെട്ട ഒരു സാക്ഷി ഖുർആനിനു തുല്യമായ ഒന്നിനു സക്ഷ്യം വഹിക്കുകയും അങ്ങനെ അയാൾ വിശ്വസിക്കുകയും നിങ്ങൾ (വിശ്വസിക്കാതെ) അഹംഭാവം നടിക്കുകയും ചെയ്യുകയാണുണ്ടായിട്ടുള്ളതെങ്കിൽ ( നിങ്ങളുടെ നില എന്തായിരിക്കും?എന്നാൽ നിങ്ങൾ തനി അക്രമികൾ അല്ലേ? എന്ന്) നിശ്ചയമായും അക്രമികളായ ജനതയെ അള്ളാഹു സന്മാർഗത്തിലാക്കുകയില്ല

ഖുർആനിനെ നിഷേധിക്കുന്ന സത്യ നിഷേധികളോട് ചോദിക്കാൻ നബി യോട് അള്ളാഹു കല്പിച്ചിരിക്കുകയാണ് ഖുർആൻ യഥാർത്ഥത്തിൽ അള്ളാഹുവിൽ നിന്നുള്ളതാവുകയും നിങ്ങൾ അഹങ്കരിച്ചു കൊണ്ട് അതിനെ നിഷേധിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സ്ഥിതി എന്താണ്? നിങ്ങൾ അക്രമികൾ തന്നെയല്ലേ? നിങ്ങളെ കൊണ്ട് അള്ളാഹു എന്ത് ചെയ്യുമെന്നാണ് നിങ്ങൾ മനസ്സിലാക്കുന്നത്? അതേ സമയം ഖുർ ആനിനെ പോലെ തന്നെ ഏകദൈവ വിശ്വാസം (തൌഹീദ്)പ്രബോധനം ചെയ്യുന്ന ഗ്രന്ഥമാണ് തൌറാത്ത് എന്നും അത് സത്യമായത് പോലെ ഖുർആനും സത്യമാണെന്നും ഒരു ഇസ്റയീല്യൻ സാക്ഷ്യം വഹിക്കുകയും അയാൾ ഖുർആനിൽ വിശ്വസിക്കുകയും ചെയ്യുന്നു എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല കാരണം. അള്ളാഹു അക്രമികളെ സന്മാർഗത്തിലാക്കുകയില്ല.

ഇവിടെ പറഞ്ഞ ഇസ്റയേല്യരിലെ സാക്ഷി ജൂതന്മാരിലെ പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുള്ളാഹിബ്നു സലാം رضي الله عنه ആണ്. നബി മദീനയിലെത്തിയപ്പോൾ അദ്ദേഹം നബി യുടെ അടുത്ത് വരികയും മൂന്ന് ചോദ്യങ്ങൾ ചോദിക്കുകയും ഒരു നബിക്കല്ലാതെ അതിനു ഉത്തരം പറയാൻ കഴിയില്ല എന്ന് പറയുകയും ചെയ്തു അന്ത്യനാളിന്റെ ആദ്യ അടയാളമെന്ത്? സ്വർഗക്കാർ ആദ്യം കഴിക്കുന്ന ഭക്ഷണമേത്? കുട്ടി മാതാവിന്റെയോ പിതാവിന്റെയോ രൂപ സാദൃശ്യം എങ്ങനെ വരുന്നു? ഇതായിരുന്നു ചോദ്യങ്ങൾ .നബി മറുപടി പറഞ്ഞു .ആദ്യ അടയാളം കിഴക്കു നിന്ന് പുറപ്പെടുന്ന ഒരു തീ ജനങ്ങളെ പടിഞ്ഞാറ് ഭാഗത്ത് ഒരുമിച്ച് കൂട്ടലാണ്. സ്വർഗക്കാർ കഴിക്കുന്ന ആദ്യ ഭക്ഷണം മത്സ്യക്കരളാണ്, കുട്ടിയുടെ രൂപ സാദൃശ്യം രക്ഷിതാക്കളിൽ നിന്ന് ആരുടെ ബീജമാണ് ആദ്യം വരുന്നതെങ്കിൽ കുട്ടിക്ക് അവരോടായിരിക്കും രൂപ സാദൃശ്യം.അദ്ദേഹം അപ്പോൾ തന്നെ നബി യെക്കൊണ്ട് വിശ്വസിച്ചു ഇതാണാ സംഭവം.നാല്പത് വയസ്സ് വരെ നുണയാണെന്ന് ഊഹിക്കാവുന്ന ഒരു വാക്ക് പോലും പറയാത്തതിന്റെ പേരിൽ അൽ-അമീൻ എന്ന് വിളിച്ചിരുന്ന മക്കക്കാർ നബി യെ കളവാക്കുന്നതിന്റെ നിരർത്ഥകത ചൂണ്ടിക്കാണിക്കുകയാണിവിടെ

അള്ളാഹു സത്യമുൾക്കൊള്ളാൻ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ആമിൻ

(
തുടരും) ഇൻശാ അള്ളാഹ്

പ്രിയസഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെ. ദുആവസിയത്തോടെ

part 2  click here
Part 3 click here
Part 4 click here

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക്vilakk@gmail.com




No comments: