Saturday, March 11, 2017

അദ്ധ്യായം 46 | സൂറത്തുൽ അഹ്ഖാഫ് | ഭാഗം-04

അദ്ധ്യായം 46  | സൂറത്തുൽ അഹ്ഖാഫ്  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 35

Part  4 ( 31 to 35 )

بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



يَا قَوْمَنَا أَجِيبُوا دَاعِيَ اللَّهِ وَآمِنُوا بِهِ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ


(31)
ഞങ്ങളുടെ ജനങ്ങളേ! അള്ളാഹുവിങ്കലേക്ക് ക്ഷണിക്കുന്ന ആൾക്ക് (ദൂതനു) നിങ്ങൾ ഉത്തരം നൽകുകയും ദൂതനിൽ വിശ്വസിക്കുകയും ചെയ്യുക എന്നാൽ നിങ്ങളുടെ തെറ്റുകളിൽ നിന്ന് അള്ളാഹു നിങ്ങൾക്ക് പൊറുത്തു തരികയും വേദനാജനകമായ ശിക്ഷയിൽ നിന്ന് അവൻ നിങ്ങളെ രക്ഷിക്കുകയും ചെയ്യും

കഴിഞ്ഞ സൂക്തത്തിലും ,ഞങ്ങളുടെ ജനങ്ങളേ!, എന്ന് താക്കീതുകാർ വിളിച്ചിരുന്നുവല്ലോ സൂക്തത്തിലും അതേ വിളി ആവർത്തിച്ചിരിക്കുന്നത് തുടർന്ന് പറയുന്ന വിഷയത്തിന്റെ ഗൌരവം ചൂണ്ടിക്കാണിക്കാനാണ്. അള്ളാഹുവിങ്കലേക്ക് ക്ഷണിക്കുന്ന ആൾ നബി തങ്ങളാണ്.നബി ജിന്നുകളിലേക്കും കൂടിയുള്ള പ്രവാചകനാണെന്ന് ഇത് തെളിയിക്കുന്നുണ്ട്.ജിന്നുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് സൂക്തം തെളിയിക്കുന്നുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു.അവർ പറയുന്നത് ഇത് ആദരവ് പ്രഖ്യാപിക്കുന്ന സമയമാണ്.അവിടെ പൊറുത്തു കൊടുക്കുകയും ശിക്ഷയിൽ നിന്ന് രക്ഷിക്കുകയും ചെയ്യും എന്ന് മാത്രം പറഞ്ഞ് നിർത്തിയത് അവർക്ക് അത്രയേ ഉള്ളൂ.എന്ന് തെളിയിക്കുന്നുണ്ട്.സ്വർഗപ്രവേശനമുണ്ടായിരുന്നെങ്കിൽ അത് കൂടി പറയേണ്ടതായിരുന്നു എന്നാണ്.എന്നാൽ യഥാർത്ഥം അവർ പറഞ്ഞത്  പോലെയല്ല.ജിന്നുകളിലുള്ള വിശ്വാസികളും മനുഷ്യരിലുള്ള വിശ്വാസികളെ പോലെ സ്വർഗത്തിൽ പ്രവേശിക്കും.കാരണം സൂറത്തു റഹ്മാനിൽ അള്ളാഹു പറഞ്ഞുവല്ലോ
തന്റെ രക്ഷിതാവിന്റെ സന്നിധിയിൽ (വിചാരണക്ക് ) നിൽക്കുന്നതിനെ ഭയപ്പെടുന്നവർക്ക് രണ്ട് സ്വർഗത്തോപ്പുകളുണ്ട്
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത് (റഹ്മാൻ 46/47)

ഇവിടെ അള്ളാഹുവോട് ബാദ്ധ്യത നിർവഹിച്ച എല്ലാവർക്കും അവൻ സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു ഇതിനു നന്ദിയായി വാക്കാൽ ജിന്നുകളും മറുപടി പറയുന്നുണ്ട് .
ولابشيئ من الائك ربنا نكذب فلك الحمد


(നാഥാ! നിന്റെ അനുഗ്രഹങ്ങളിൽ നിന്ന് ഒന്നിനെയും ഞങ്ങൾ നിഷേധിക്കുന്നില്ല . നിനക്കാണ് എല്ലാ സ്തുതിയും)  എന്ന്. അപ്പോൾ അവർക്ക് ലഭിക്കാത്ത ഒരു അനുഗ്രഹം എങ്ങനെയാണ് അവർക്ക് ഗുണം ചെയ്തു എന്ന രൂപത്തിൽ പറയുക.മാത്രവുമല്ല അവരിലുള്ള അവിശ്വാസികൾക്ക് നരകമുണ്ടെന്നത് വ്യക്തമാണല്ലോ സ്ഥിതിക്ക് എന്തായാലും അവരിലുള്ള നല്ലവർക്ക് പരിഗണന കിട്ടുമല്ലൊ .സത്യവിശ്വാസവും സൽക്കർമവും ചെയ്യുന്നവർക്ക് സ്വർഗമുണ്ടെന്ന് അള്ളാഹു പൊതുവായി പറഞ്ഞിട്ടുണ്ട് ജിന്നുകളും അതിൽ പെടുമെന്ന് തന്നെയാണ് വ്യക്തം (ഇബ്നു കസീർ)

മനുഷ്യരെ പോലെ ജിന്നുകളും തിന്മക്ക് ശിക്ഷയും നന്മക്ക് പ്രതിഫലവും നൽകപ്പെടുന്നവരാണ്.ഇമാം മാലിക് (رحمة الله عليه) ഇമാം ശാഫിഈ (رحمة الله عليه) ഇമാം അബൂ ലൈലാ എന്നിവരൊക്കെ പക്ഷക്കാരാണ് (ഖുർതുബി)


وَمَن لَّا يُجِبْ دَاعِيَ اللَّهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِن دُونِهِ أَولِيَاء أُوْلَئِكَ فِي ضَلَالٍ مُّبِينٍ


(32)
അള്ളാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് വല്ലവനും ഉത്തരം ചെയ്യുന്നില്ലെങ്കിൽ ഭൂമിയിൽ വെച്ച് അള്ളാഹുവിനെ പരാചയപ്പെടുത്താൻ അവനു കഴിയുന്നതല്ല.അവനു പുറമെ യാതൊരു രക്ഷാധികാരികളും തനിക്കുണ്ടായിരിക്കുന്നതുമല്ല അവൻ വ്യക്തമായ വഴിപിഴവിലാകുന്നു

അള്ളാഹുവിലേക്ക് ക്ഷണിക്കാൻ വന്ന നബി യെ അനുസരിക്കുകയും അവിടുന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുകയും ചെയ്യാത്തവരെ അള്ളാഹു ശിക്ഷിക്കുക തന്നെ ചെയ്യും.അതിൽ നിന്ന് രക്ഷപ്പെടാൻ അവൻ എവിടേക്ക് ഓടിയാലും അതെല്ലാം അള്ളാഹുവിന്റെ നിയന്ത്രണത്തിലുള്ള സ്ഥലം തന്നെയാ‍കുന്നു.അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കാൻ ഒരാളുമുണ്ടാവുകയില്ല അത്തരം സ്വഭാവമുള്ളവർ വഴികേടിലാണെന്ന് ചിന്തിക്കുന്നവർക്കെല്ലാം വ്യക്തമാവും(ഥിബ്രി)
ജിന്നുകളിലെ താക്കീതുകാർ നബി യെ അനുസരിച്ചില്ലെങ്കിൽ നിങ്ങൾക്ക് രക്ഷപ്പെടാൻ ഒരു മാർഗവുമുണ്ടാവുകയില്ലെന്ന് മറ്റുള്ള ജിന്നുകളെ ഉൽബോധിപ്പിച്ചപ്പോൾ അവരിൽ ധാരാളം ആളുകൾ ഉൽബോധനത്തിന്റെ അന്തസത്ത തിരിച്ചറിയുകയും വിശ്വാസികളാവുകയും നബി യുടെ സമീപത്തേക്ക് കൂട്ടം കൂട്ടമായി വരികയും ചെയ്തു (ഇബ്നു കസീർ)



أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَلَمْ يَعْيَ بِخَلْقِهِنَّ بِقَادِرٍ عَلَى أَنْ يُحْيِيَ الْمَوْتَى بَلَى إِنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ


(33)
ആകാശ ഭൂമികളെ സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചത് കൊണ്ട് ക്ഷീണം ബാധിക്കാതിരിക്കുകയും ചെയ്ത അള്ളാഹു മരിച്ചവരെ ജീവിപ്പിക്കുവാൻ കഴിവുള്ളവൻ തന്നെയാണെന്ന് അവർക്കറിഞ്ഞു കൂടേ?അതെ,അവൻ എല്ലാ കാര്യത്തിനും കഴിഉവുള്ളവൻ തന്നെയാണ്

മരിച്ചു മണ്ണായ ശേഷം എങ്ങനെ പുനർജനിപ്പിക്കും അത് സാദ്ധ്യമല്ല എന്ന് പറയുന്നവർ സങ്കീർണമായ ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുകയും ഇല്ലായ്മയിൽ നിന്ന് ഇവിടെ മനുഷ്യനെ സൃഷ്ടിച്ച അള്ളാഹുവിനു അവർ മറ്റൊരു രൂപം പ്രാപിച്ച ശേഷം പുനർജനിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമായിരിക്കെല്ലെന്നും ചിന്തിക്കാൻ കഴിയേണ്ടതല്ലേ?അതെ.അള്ളാഹുവിനു കഴിയും അവൻ പുനർജനിപ്പിക്കുകയും ചെയ്യും



وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَلَيْسَ هَذَا بِالْحَقِّ قَالُوا بَلَى وَرَبِّنَا قَالَ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ


(34)
സത്യ നിഷേധികൾ നരകത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം ഇത് സത്യം തന്നെയല്ലേ (എന്ന് അവരോട് ചോദിക്കപ്പെടും)അവർ പറയും അതെ.ഞങ്ങളുടെ രക്ഷിതാവിനെതന്നെയാണ് (സത്യം).അള്ളാഹു പറയും.എന്നാൽ നിങ്ങൾ  സത്യം നിഷേധിച്ചു കൊണ്ടിരുന്നതിനാൽ ശിക്ഷ രുചിനോക്കുക

പുനർജന്മത്തെയും അതിനു ശേഷമുള്ള രക്ഷാ ശിക്ഷളെയും നിഷേധിക്കുകയും അതൊന്നും സാദ്ധ്യമല്ലെന്ന് വീമ്പിളക്കുകയും ചെയ്തിരുന്നവരെ നരക ശിക്ഷ അനുഭവിപ്പിച്ച് ഇത് സത്യമല്ലേ?അതോ ഭൂമിയിൽ നിന്ന് നിങ്ങൾ പറഞ്ഞിരുന്നത് പോലെ മിഥ്യയാണോ എന്ന് അവരോട് ചോദിക്കപ്പെടുമ്പോൾ താമസം വിനാ അവരിൽ നിന്ന് വരുന്ന മറുപടിയാണ്.അതെ ഇത് സത്യം തന്നെ .ഇത് ഉൾക്കൊള്ളാനും വിശ്വസിക്കാനും നിങ്ങളെ ക്ഷണിച്ച സമയത്ത് ഇതൊക്കെ വെറുതെ പറയുന്നതാണെന്ന് പറഞ്ഞു നിഷേധിച്ചതിന്റെ പ്രതിഫലം എന്ന നിലക്ക് നിങ്ങൾ ഇത് അനുഭവിച്ചു കൊള്ളുക എന്ന് അവരോട് പറയപ്പെടും ഇത് അവർക്കുള്ള ശക്തമായ താക്കീതാണ്.ശിക്ഷ രുചി നോക്കുക എന്ന പ്രയോഗം തന്നെ ഒരു തരം ശിക്ഷയാണ്.അള്ളാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ആമീൻ



فَاصْبِرْ كَمَا صَبَرَ أُوْلُوا الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ



(35)
അത് കൊണ്ട് (നബിയേ) റസൂലുകളാകുന്ന ദൃഢ ചിത്തന്മാർ ക്ഷമിച്ചത് പോലെ തങ്ങളും ക്ഷമിക്കുക.അവർക്ക് വേണ്ടി തങ്ങൾ ധൃതി കൂട്ടേണ്ട .അവരോട് താക്കീത് ചെയ്യപ്പെടുന്നത്(ശിക്ഷ)അവർ കാണുന്ന ദിവസം ഒരു പകലിൽ നിന്നുള്ള ഒരു മണിക്കൂറല്ലാതെ (ഭൌതിക ലോകത്ത്) അവർ തമാസിച്ചിട്ടില്ലെന്ന പോലെയിരിക്കും.(ഇത്) ഒരു പ്രബോധനമാണ് എന്നാൽ ധിക്കാരികളായ ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ?

സത്യ നിഷേധികളുടെ പരലോക ജീവിതം നരക ശിക്ഷയാണെങ്കിലും തൽക്കാലം ഭൂമിയിൽ വെച്ച് അവർ മുഖേന സത്യ വിശ്വാസികൾക്ക് ധാരാളം ബുദ്ധിമുട്ടുകൾ അനുഭപ്പെടും.ചിലപ്പോൾ ക്രൂരമായ മർദ്ദനങ്ങൾ തന്നെ അവർ അഴിച്ചു വിടും.അത്തരം സന്ദർഭങ്ങളിൽ പകച്ചു പോവാതെയും ഒളിച്ചോടാതെയും ദൌത്യ നിർവഹണ രംഗത്ത് ക്ഷമിച്ചു നിൽക്കണം.എല്ലാ പ്രവാചകന്മാരും പ്രബോധിത സമൂഹത്താൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.അവർ അത് ക്ഷമയോടെ നേരിടുകയും ചെയ്തിട്ടുണ്ട് പ്രവാചകന്മാരിലെ ഏറ്റവും പ്രധാനികളായ അഞ്ച് പേരാണ് ഉലുൽ അസ്‌മ് എന്ന് അറിയപ്പെടുന്നത് മുഹമ്മദ് നബി ,നൂഹ് (عليه السلام),ഇബ്റാഹീം (عليه السلام),മൂസാ(عليه السلام),ഈസാ (عليه السلام)എന്നിവരാണവർ

ഇവിടെ ഉലുൽ അസ്‌മു എന്ന് പറഞ്ഞത് എല്ലാ പ്രവാചകന്മാരുമാണെന്നും അഭിപ്രായമുണ്ട്


ആഇശ
رضي الله عنهـا പറയുന്നു ഒരിക്കൽ നോമ്പെടുത്ത് കൊണ്ട് നബി പറഞ്ഞു,ആഇശാ!ഈ ദുനിയാവ് മുഹമ്മദ് നബി ക്കോ കുടുംബത്തിനോ അനുയോജ്യമല്ല.ആഇശാ!അള്ളാഹു പ്രവാചകന്മാരിലെ ഉലുൽ അസ്‌മുകളിൽ നിന്ന് ആ ദുനിയാവിലെ ദുരിതങ്ങളുടെ മേലിലും അതിലെ പ്രിയപ്പെട്ടതിന്റെ മേലിലും ക്ഷമിച്ചു നിന്നു കൊണ്ടല്ലാതെ തൃപ്തിപ്പെടുകയില്ല.അവർക്കൊക്കെ അള്ളാഹു നൽകിയ കണിശമായ കല്പനകൾ എനിക്കും നൽകുന്നതാണ് അള്ളാഹുവിനു തൃപ്തി. അതാണ്
‘അത് കൊണ്ട് (നബിയേ) റസൂലുകളാകുന്ന ദൃഢ ചിത്തന്മാർ ക്ഷമിച്ചത് പോലെ തങ്ങളും ക്ഷമിക്കുക’  എന്ന കല്പന.അത് കൊണ്ട് അള്ളാഹുവിനെത്തന്നെ സത്യം അവർ ക്ഷമിച്ചത് പോലെ എന്നെ ബാധിക്കുന്ന പ്രയാസങ്ങളിൽ ഞാൻ ക്ഷമിക്കുക തന്നെ ചെയ്യും.അള്ളാഹുവിനെക്കൊണ്ടല്ലാതെ എനിക്ക് ഒരു ശക്തിയുമില്ല (ഇബ്‌നു കസീർ)

ഇവിടെ അവർക്ക് വേണ്ടി ധൃതികൂട്ടേണ്ടതില്ല എന്ന് പറഞ്ഞാൽ അവരുടെ ധിക്കാരത്തിനു ഉടൻ തന്നെ ശിക്ഷ ഇറങ്ങണമെന്ന് ആഗ്രഹിക്കേണ്ടതില്ല അതിനായി പ്രാർത്ഥിക്കുകയും വേണ്ട എന്നാണ്
പരലോക ജീവിതത്തിലെ അനന്തമായ ശിക്ഷകൾ കാണുമ്പോൾ മുമ്പ് കഴിഞ്ഞു പോയ ഐഹികജീവിതം എത്രയോ തുച്ഛമായിരുന്നതായി അവർക്ക് തോന്നും അതെ,ഒരു പകലിന്റെ അല്പ സമയം മാത്രമേ തങ്ങൾ ഭൂമിയിൽ ജീവിച്ചിട്ടുള്ളൂ എന്ന പോലെ അനുഭവപ്പെടും.ഇവിടെ അവസാനമായി അള്ളാഹു ചോദിച്ചത് വളരെചിന്തനീയമാണ്.അവന്റെ കല്പനകൾ ധിക്കരിക്കുന്നവർക്കുള്ള കനത്ത താക്കീത്!അഥവാ പ്രവാചകന്മാർ മുഖേന സത്യ സന്ദേശം വന്നു കിട്ടിയിട്ട് അത് അവഗണിച്ചവനു നാശമല്ലാതെ മറ്റൊന്നും പ്രതിക്ഷിക്കേണ്ടതില്ല .ശിക്ഷ ഏറ്റു വാങ്ങുന്നവൻ തന്നെത്തന്നെ ആക്ഷേപിച്ചാൽ മതി.
അള്ളാഹു നല്ലതുൾക്കൊള്ളാ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ



പ്രിയസഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെ. ദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക്vilakk@gmail.com




No comments: