Tuesday, April 18, 2017

അദ്ധ്യായം 45 | സൂറത്തുൽ ജാസിയ | ഭാഗം-03

അദ്ധ്യായം 45  | സൂറത്തുൽ ജാസിയ | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 37

Part 3 ( 22 to 30)


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


Part 1 >>>

Part 2 >>>وَخَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَلِتُجْزَى كُلُّ نَفْسٍ بِمَا كَسَبَتْ وَهُمْ لَا 

يُظْلَمُونَ


22) ആകാശ ഭൂമികളെ സത്യസമേതം അള്ളാഹു പടച്ചിരിക്കുന്നു എല്ലാ ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിനു പ്രതിഫലം നൽകുവാൻ വേണ്ടിയും (കൂടിയാണത്) അവർ അക്രമിക്കപ്പെടുകയില്ല

കഴിഞ്ഞ സൂക്തത്തിൽ തിന്മ പ്രവർത്തിച്ചവരെ സത്യവിശ്വാസവും സൽക്കർമങ്ങളുമനുഷ്ഠിച്ചവരെ പോലെ അള്ളാഹു സമമാക്കുമെന്ന് തിന്മയുടെ വാഗ്ദാക്കൾ കരുതുന്നുവെങ്കിൽ അത് ശരിയല്ലെന്നുണർത്തിയല്ലോ.അതിന്റെ സ്ഥിരീകരണമാണീ സൂക്തം.അഥവാ അള്ളാഹു ആകാശങ്ങളും ഭൂമിയും പടച്ചത് സത്യവും നീതിയും സ്ഥാപിക്കാനാണ്.അവയെ പടച്ചതിന്റെ പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്.ഇമാം ഥബരി رحمة الله عليه എഴുതുന്നു. ‘അള്ളാഹു നീതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നു അക്രമത്തിനും കുഴപ്പത്തിനും അവൻ അനുവദിക്കുന്നില്ല.അതിന്റെ അടിസ്ഥാനത്തിൽ ഇവിടെയും പരലോകത്തും നല്ലവരുടെയും ചീത്തയാളുകളുടെയും ഇടയിൽ വ്യത്യസ്ഥ നിലപാട് തന്നെ നാം സ്വീകരിക്കും അതായത് നന്മ ചെയ്തവർക്ക് അതിനും തിന്മ ചെയ്തവർക്ക് അതിനും നാം പ്രതിഫലം നൽകും.നന്മ ചെയ്തവരിൽ തിന്മ ആരോപിച്ച് അവനെ ശിക്ഷിക്കാനോ തിന്മ ചെയ്തവനെ ശിക്ഷിക്കാതെ ആദരിക്കാനോ നാം മിനക്കെടുകയില്ല .എന്നാൽ ചെയ്യാത്ത കുറ്റം ആരോപിച്ച് ആരെയും നാം അക്രമിക്കുകയുമില്ല (ഥബരി)أَفَرَأَيْتَ مَنِ اتَّخَذَ إِلَهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَى عِلْمٍ وَخَتَمَ عَلَى سَمْعِهِ وَقَلْبِهِ 

وَجَعَلَ عَلَى بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ أَفَلَا تَذَكَّرُونَ(23)
തന്റെ ദേഹേച്ഛയെ ദൈവമാക്കി വെക്കുകയും അറിഞ്ഞു കൊണ്ടു തന്നെ അള്ളാഹു വഴിതെറ്റിക്കുകയും തന്റെ കേൾവിക്കും ഹൃദയത്തിനും മുദ്ര വെക്കുകയും കണ്ണിന്മേൽ ഒരു തരം മൂടിയിടുകയും ചെയ്തവനെ തങ്ങൾ കണ്ടുവോ? (ഇങ്ങനെയുള്ളവൻ എങ്ങിനെ സന്മാർഗം പ്രാപിക്കും?)അള്ളാഹു വഴിതെറ്റിച്ച ശേഷം അവനെ നേർ വഴിക്കാക്കുന്നതാരാണ്?അപ്പോൾ നിങ്ങൾ നന്നായി ആലോചിക്കുന്നില്ലേ?

സന്മാർഗം പിൻ പറ്റുന്നതിനു പകരം സ്വന്തം ഇഷ്ടത്തെ അനുസരിക്കുകയും ഇച്ഛയെ ദൈവത്തെപോലെ കാണുകയും ചെയ്തവനെ ഖുർ ആൻ ആക്ഷേപിക്കുകയാണിവിടെ.അള്ളാഹു നൽകിയ കണ്ണും കാതും മനസ്സും നല്ലത് ചിന്തിക്കാനും അനുസരിക്കാനും ഉപയോഗപ്പെടുത്താത്ത ആളുകളെ അള്ളാഹു അവരുടെ പാട്ടിനു വിട്ടിരിക്കുകയാണ്.അവർക്ക് അവരുടെ ശരീരമാണ് എല്ലാം.ശരീരം ആഗ്രഹിക്കുന്നതെന്തും വീണ്ടുവിചാരമില്ലാതെ ചെയ്യുക വഴി അധ:പതനത്തിന്റെ ആഴത്തിലേക്ക് എത്തിപ്പെടുകയാണവർ. നന്നാവില്ലെന്ന് തീരുമാനിച്ചുറച്ച ഇവർ നന്മയുടെ ഒരു മാർഗവും ഉപയോഗിക്കാൻ തയാറല്ലാത്തതിനാൽ വഴികേടിൽ തന്നെ ഉറച്ചു പോയിരിക്കുന്നുوَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ وَمَا لَهُم 

بِذَلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَظُنُّونَ


(24)
അവർ പറയുന്നു അത് (ജീവിതമെന്നത്) നമ്മുടെ ഐഹിക ജീവിതം മാത്രമാണ് നാം മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു കാലം മാത്രമാണ് നമ്മെ മരിപ്പിക്കുന്നത് അവർക്ക് അതിനെക്കുറിച്ച് യാതൊരു അറിവുമില്ല ഊഹിക്കുക മാത്രമാണവർ ചെയ്യുന്നത്

ജീവിതം നമ്മൾ ജീവിച്ച് തീർക്കും പിന്നെ നാം മരിക്കും ഇതിനപ്പുറം പുനർജന്മമോ മറ്റോ ഉണ്ടാവില്ല.ഇങ്ങനെയുള്ള സംവിധാനങ്ങളെല്ലാം ഒരു ദൈവത്തിന്റെ പ്രവർത്തനമൊന്നുമല്ല കാലം തന്നെയാണിത് സംവിധാനിക്കുന്നത് എന്നൊക്കെ വാദിക്കുന്നവർ വെറും ഊഹത്തിന്റെ പിന്നാലെയാണ്.ചെറുതായൊന്നു ചിന്തിക്കാൻ തയാറായാൽ അള്ളാഹുവിന്റെ ആസ്തിക്യം ഉൾക്കൊള്ളാൻ ഈ പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും മനുഷ്യനെ നിർബന്ധിക്കുക തന്നെ ചെയ്യുംوَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ مَّا كَانَ حُجَّتَهُمْ إِلَّا أَن قَالُوا ائْتُوا بِآبَائِنَا إِن 

كُنتُمْ صَادِقِينَ


(25)
നമ്മുടെ ആയത്തുകൾ വ്യക്തമായി അവർക്ക് ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ നിങ്ങൾ സത്യവാദികളാണെങ്കിൽ ഞങ്ങളുടെ പിതാക്കളെ (ജീവിപ്പിച്ച്)കൊണ്ടു വരിക എന്ന് മാത്രമാണവരുടെ ന്യായം

അള്ളാഹുവിനെ മാത്രം ആരാദ്ധ്യനായി കാണണമെന്നും നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം വിചാരണ നേരിടേണ്ടി വരുമെന്നും കാര്യകാരണ സഹിതം അവരെ അറിയിക്കുമ്പോൾ ഈ പ്രക്രിയയെ പൂർണമായി നിഷേധിക്കാൻ അവർ പറഞ്ഞിരുന്ന ദുർന്യായമാണ് നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ മരണപ്പെട്ട ഞങ്ങളുടെ പൂർവീകരെ തിരിച്ചു കൊണ്ടു വരിക എന്നത്.ഇത് വെറും ദുർന്യായമാണ് കാരണം വരുന്ന സൂക്തത്തിൽ അള്ളാഹു വിശദീകരിച്ചിരിക്കുന്നുقُلِ اللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَى يَوْمِ الْقِيَامَةِ لَا رَيبَ فِيهِ وَلَكِنَّ 

أَكَثَرَ النَّاسِ لَا يَعْلَمُونَ


(26)തങ്ങൾ പറയുക അള്ളാഹു നിങ്ങളെ ജീവിപ്പിക്കുകയും പിന്നീട് മരിപ്പിക്കുകയും പിന്നീട് ഖിയാമം നാളിൽ നിങ്ങളെ (ജീവിപ്പിച്ച്) ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നു അതിൽ ഒട്ടും സംശയമില്ല പക്ഷെ മിക്ക ആളുകളും അറിയുന്നില്ല

നിങ്ങളെ അള്ളാഹുവാണ് സൃഷ്ടിച്ചത് .അവൻ തന്നെ മരിപ്പിക്കുകയും പിന്നീട് പുനർജനിപ്പിക്കുകയും ചെയ്യും ഇത് വ്യക്തമാണ്.ഇല്ലായ്മയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ച അള്ളാഹുവിനു വീണ്ടും ജനിപ്പിക്കുന്നത് എങ്ങനെയാണ് പ്രയാസമാവുക?പുനർജന്മം അള്ളാഹു പരലോകത്താണ് നടത്തുക എന്ന് വ്യക്തമാക്കിയ നിലക്ക് പൂർവീകരെ ഇവിടെ ജീവിപ്പിച്ച് കൊണ്ട് വരണമെന്ന് ആവശ്യപ്പെടുന്നത് തികച്ചും ചിന്താ ശൂന്യത തന്നെ എന്നാണ് അള്ളാഹു പറയുന്നത്
وَلَلَّهِ مُلْكُ السَّمَاوَاتِ وَالْأَرضِ وَيَومَ تَقُومُ السَّاعَةُ يَوْمَئِذٍ يَخْسَرُ الْمُبْطِلُونَ


(27)ആകാശ ഭൂമികളുടെ ആധിപത്യം അള്ളാഹുവിനാകുന്നു അന്ത്യ ഘട്ടം നിലനിൽക്കുന്ന ദിവസം അതെ’ അന്ന് അസത്യവാദികൾ നഷ്ടത്തിലാകുന്നതാണ്

ആകാശ ഭൂമികളുടെ സൃഷ്ടിപ്പും അതിന്റെ ക്രമീകരണങ്ങളും അള്ളാഹുതന്നെയാണ് നിർവഹിക്കുന്നത് .അവൻ പുനർജന്മം യാഥാർത്ഥ്യമാക്കും.അള്ളാഹുവിനെ അവഗണിച്ചവരുടെ പരാജയവും നഷ്ടവും അവിടെ ബോദ്ധ്യമാവുംوَتَرَى كُلَّ أُمَّةٍ جَاثِيَةً كُلُّ أُمَّةٍ تُدْعَى إِلَى كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ


(28)
എല്ലാ ഓരോ സമുദായത്തെയും (ഭയചകിതരായി) മുട്ട് കുത്തിയ നിലയിൽ തങ്ങൾക്ക് കാണാം എല്ലാ സമുദായത്തെയും അവരുടെ ഗ്രന്ഥത്തിലേക്ക് വിളിക്കപ്പെടും നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങൾക്ക് പ്രതിഫലം നകപ്പെടുന്നതാണ് (എന്നവരോട് പറയപ്പെടുകയും ചെയ്യും)

പരലോകത്ത് എല്ലാവരും ഒരുമിച്ച് കൂട്ടപ്പെടും .ആദിനത്തിന്റെ ഭയാനകതകാരണം ജനങ്ങൾക്കുണ്ടാകുന്ന അവസ്ഥയാണിവിടെ വിശദീകരിക്കുന്നത് .എല്ലാവരും സ്വന്തത്തിന്റെ രക്ഷയെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടുന്ന ദിനമാണത് .ഗ്രന്ഥത്തിലേക്ക് വിളിക്കപ്പെടുക എന്നാൽ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ രേഖയാണ് (ജീവിതത്തിന്റെ ഡയറിക്കുറിപ്പ്) ഇവിടെ പറഞ്ഞ ഗ്രന്ഥം.നമുക്ക് ലഭിക്കാൻ പോകുന്ന പ്രതിഫലമെന്തായിരിക്കുമെന്ന് നമ്മെ തന്നെ ബോദ്ധ്യപ്പെടുത്തുന്ന സുതാര്യമായ ഒരു നിലപാടാണീ ഗ്രന്ഥം തന്ന് നമുക്ക് വായിക്കാൻ അവസരം നൽകുന്നത്هَذَا كِتَابُنَا يَنطِقُ عَلَيْكُم بِالْحَقِّ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ


(29)
ഇത് നമ്മുടെ ഗ്രന്ഥമാകുന്നു അത് നിങ്ങളോട് സത്യസമേതം എല്ലാം തുറന്ന് പറയുന്നതാണ് നിശ്ചയം നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ നാം എഴുതി സൂക്ഷിക്കുന്നുണ്ടായിരുന്നു

പരലോകത്ത് ആരെയും അള്ളാഹു അകാരണമായി കുരുക്കുന്നില്ല.മറിച്ച് ഓരോരുത്തരും ചെയ്തതിന്റെ ഫലം നൽകുകയാണിവിടെ .അതിനുള്ള ശക്തമായ തെളിവാണീ ഗ്രന്ഥം.! നിങ്ങൾ ചെയ്യാത്ത ഒരു തിന്മയും ഇതിൽ എഴുതി ചേർത്തുവെന്ന് ഒരാൾക്കും ആക്ഷേപിക്കാൻ സാധിക്കാത്ത വിധം സുതാര്യമാണാ ഗ്രന്ഥമെന്ന് ഓരോരുത്തരും സാക്ഷ്യം വഹിക്കുന്നതാണ്.അന്ന് നാം വഷളാവാതിരിക്കാൻ സ്വകാര്യജീവിതം നന്നാക്കാൻ നാം ശ്രമിക്കുക തന്നെ വേണംفَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُدْخِلُهُمْ رَبُّهُمْ فِي رَحْمَتِهِ ذَلِكَ هُوَ الْفَوْزُ الْمُبِينُ


(30)
എന്നാൽ സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ തങ്ങളുടെ രക്ഷിതാവ് അവരെ അവന്റെ കാരുണ്യത്തിൽ (സ്വർഗത്തിൽ )പ്രവേശിപ്പിക്കും അത് തന്നെയാണ് വ്യക്തമായ ഭാഗ്യം

പ്രതിഫല ദിനം സത്യമാണെന്ന് അള്ളാഹു വ്യക്തമാക്കിയ സ്ഥിതിക്ക് ആ ദിനത്തിലെ വിജയത്തിനു വേണ്ടിയുള്ള അദ്ധ്വാനമാണ് ബുദ്ധിയുള്ളവർ നടത്തേണ്ടത് അത് കൃത്യമായി ഉൾക്കൊണ്ടവരാണ് സത്യവിശ്വാസവും അതിനനുസരിച്ചുള്ള സൽക്കർമങ്ങളും ഭൂമിയിൽ അനുഷ്ഠിച്ചവർ .അവരുടെ സുകൃത്ത്തിന്റെ ഫലമായി അവരെ അള്ളാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കും .അനന്തമായ ആ സന്തോഷം തന്നെയല്ലേ ഭാഗ്യം!
അള്ളാഹു നമുക്കെല്ലാം ആ ഭാഗ്യം നൽകട്ടെ ആമീൻ
       
(തുടരും) ഇൻശാ അള്ളാഹ്


ഭാഗം-04  ഇവിടെ

പ്രിയസഹോദരങ്ങളെ
നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين

തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തുതരട്ടെ. ദുആ വസിയത്തോടെ


No comments: