Saturday, April 8, 2017

അദ്ധ്യായം 45 | സൂറത്തുൽ ജാസിയ | ഭാഗം-02

അദ്ധ്യായം 45  | സൂറത്തുൽ ജാസിയ | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 37

Part 2 ( 12 to 17 )


بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു

Part  1  (  1 to 11 ) click here toread  >>


اللَّهُ الَّذِي سخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ


(12)
തന്റെ കല്പനയനുസരിച്ച് സമുദ്രത്തിൽ കപ്പലുകൾ സഞ്ചരിക്കാനും അവന്റെ അനുഗ്രഹത്തിൽ നിന്ന് (ഉപജീവന മാർഗം) നിങ്ങൾ അന്വേഷിക്കുവാനും നിങ്ങൾ നന്ദി ചെയ്യുവാനും വേണ്ടി നിങ്ങൾക്ക് സമുദ്രത്തെ കീഴ്പ്പെടുത്തിത്തന്നവനാണ് അള്ളാഹു

മനുഷ്യന്റെ നന്മക്ക് വേണ്ടി സമുദ്രങ്ങളെ സൌകര്യപ്പെടുത്തിയത് അള്ളാഹുവാണ്.കപ്പൽ മുങ്ങിപ്പോകാതെ സഞ്ചാര യോഗ്യമാക്കിയത് യാത്രാ മാർഗവും മത്സ്യ ബന്ധനമടക്കമുള്ള ഉപജീവന മാർഗം സൌകര്യപ്പെടുത്തിയതും ചിന്തിക്കുകയും അതിനു നന്ദി കാണിക്കുകയും വേണം.
ജനങ്ങളേ! അനുഗ്രഹം നിങ്ങൾക്ക് ചെയ്ത് തന്ന അള്ളാഹു മാത്രമേ ആരാധനക്കർഹനായിട്ടുള്ളൂ.അതിനാൽ അവന്റെ കല്പനകളെ നിങ്ങൾ സ്വീകരിക്കുകയും അവൻ വിരോധിച്ചവയെ നിങ്ങൾ കയ്യൊഴിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യണം (ഥിബ്രി)


وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِّنْهُ إِنَّ فِي ذَلِكَ لَآيَاتٍ لَّقَوْمٍ يَتَفَكَّرُونَ


(13)
ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെ പക്കൽ നിന്ന് നിങ്ങൾക്കവൻ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്

ആകാശ ഭൂമികളിലുള്ളവയെല്ലാം മനുഷ്യന് പ്രയോജനപ്പെടുമാർ അള്ളാഹു സൌകര്യപ്പെടുത്തിയത് വലിയ അനുഗ്രഹമാണ് മനുഷ്യൻ ഇന്നു വരെ നേടിയതും ഇനി നേടാനിരിക്കുന്നതുമായ എല്ലാ ശാസ്ത്രീയ വിഞാനങ്ങളും നിരീക്ഷണ ഫലങ്ങളും ജീവിത പുരോഗതിയും പ്രസ്തുത അനുഗ്രഹം കൊണ്ടാണ്
ആകാശങ്ങളിലുള്ള സൂര്യ ചന്ദ്ര നക്ഷത്രാദികളും ഭൂമിയിലുള്ള മൃഗങ്ങൾ മരങ്ങൾ മലകൾ തുടങ്ങിയവയും നിങ്ങളുടെ ഉപകാരത്തിനായി അള്ളാഹുവാണ് സംവിധാനിച്ചത് .അതിൽ മറ്റാർക്കും യാതൊരു പങ്കുമില്ല.അത് കൊണ്ട് നിങ്ങൾ അവനെ മാത്രം ആരാധിക്കുക വഴി ഈ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യണം.നിങ്ങൾ ശരിയായി ചിന്തിച്ചാൽ നിങ്ങൾക്കിത് ബോദ്ധ്യപ്പെടും (ഥിബ്‌രി)


قُل لِّلَّذِينَ آمَنُوا يَغْفِرُوا لِلَّذِينَ لا يَرْجُون أَيَّامَ اللَّهِ لِيَجْزِيَ قَوْمًا بِما كَانُوا يَكْسِبُونَ


(14)
(
നബിയേ) സത്യവിശ്വാസികളോട് തങ്ങൾ പറയുക.(അവർ പൊറുത്ത് കൊടുക്കേണമെന്ന്).എന്നാൽ അള്ളാഹുവിന്റെ ദിവസങ്ങളെ ഭയപ്പെടാത്തവർക്ക് അവർ പൊറുത്ത് കൊടുക്കും ഒരു ജനതക്ക് അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിന് അവൻ പ്രതിഫലം നൽകുവാൻ വേണ്ടിയാണത്

മുസ്‌ലിംകളെ വല്ലാതെ ഉപദ്രവിച്ചിരുന്ന ശത്രുക്കളുടെ ഉപദ്രവങ്ങൾക്ക് അതേ അളവിൽ തിരിച്ചടിക്കാതെ സംയമനം പാലിക്കുകയും അവർക്ക് മാപ്പ് നൽകുകയും ചെയ്യണമെന്ന് വിശ്വാസികളോട് പറയണമെന്ന് അള്ളാഹു നബി യോട് ആവശ്യപ്പെടുകയാണ്.അള്ളാഹുവിന്റെ ശിക്ഷയെ ഭയപ്പെടാത്ത, മുൻകാല സത്യ നിഷേധികൾക്കുണ്ടായ തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളാത്ത, പരലോകത്ത് അള്ളാഹുവിന്റെ പ്രതിഫലത്തെ പേടിക്കാത്ത ഈ നിഷേധികൾ ഭൂമിയിൽ വെച്ച് വിശ്വാസികൾക്ക് നേരെ അഴിച്ചുവിടുന്ന അക്രമങ്ങളിൽ നിങ്ങൾ ക്ഷമിക്കുക.അവർക്ക് അർഹമായത് പരലോകത്ത് ഞാൻ നൽകുക തന്നെ ചെയ്യും എന്ന് അള്ളാഹു ഉണർത്തിയിരിക്കുകയാണിവിടെ (ഥിബ്‌രി)


مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاء فَعَلَيْهَا ثُمَّ إِلَى رَبِّكُمْ تُرْجَعُونَ


(15)
വല്ലവനും നന്മ പ്രവർത്തിച്ചാൽ അതിന്റെ ഗുണം അവനു തന്നെയാണ്.വല്ലവനും തിന്മ ചെയ്താൽ അതിന്റെ ദോഷവും അവന്റെ മേൽ തന്നെ .പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങൾ മടക്കപ്പെടും

നിങ്ങൾ ചെയ്യുന്ന നന്മയുടെ ഗുണപരമായ പ്രതിഫലം നിങ്ങളെത്തന്നെ സന്തോഷിപ്പിക്കാനുള്ള വഴിയാണ്.തിന്മയുടെ വാക്താക്കളായാൽ അതിന്റെ പ്രതിഫലമായി ലഭിക്കുന്ന ശിക്ഷകൊണ്ട് വേദനിക്കുന്നതും അവർ തന്നെ.അഥവാ ഒരാളുടെയും സൽക്കർമം കൊണ്ട് അള്ളാഹുവിനു ഒരു നേട്ടവുമില്ല.ഒരാളുടെയും ധിക്കാരം മുഖേന അള്ളാഹുവിനു ഒരു നഷ്ടം വരാനുമില്ല.അത് കൊണ്ട് പ്രതിഫല ദിനത്തിൽ കൈകടിക്കാതിരിക്കാൻ ബുദ്ധിയുള്ള മനുഷ്യൻ ശ്രമിക്കുക തന്നെ വേണം.കാരണം പരലോകത്ത് എല്ലാവരും വിചാരണക്ക് വേണ്ടി അള്ളാഹുവിലേക്ക് മടക്കപ്പെടുക തന്നെ ചെയ്യും.അവൻ നീതിപൂർവകമായി അവിടെ വിധി നടപ്പാക്കുകയും ചെയ്യും


وَلَقَدْ آتَيْنَا بَنِي إِسْرَائِيلَ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ 

وَفَضَّلْنَاهُمْ عَلَى الْعَالَمِينَ


(16)
നിശ്ചയമായും ഇസ്റാഈല്യർക്ക് നാം വേദഗ്രന്ഥവും വിധിയും പ്രവാചകത്വവും നൽകുകയുണ്ടായി നല്ല വസ്തുക്കളിൽ നിന്ന് അവർക്ക് നാം ആഹാരം നൽകുകയും ലോകരേക്കാൾ അവരെ നാം ഉൽകൃഷ്ടരാക്കുകയും ചെയ്തു

വേദഗ്രന്ഥം എന്നതിൽ തൌറാത്ത്, ഇഞ്ചീൽ സബൂർ എന്നിവയുൾപ്പെടും.വിധി എന്ന് പറഞ്ഞാൽ വേദഗ്രന്ഥത്തെ സംബന്ധിച്ചുള്ള അറിവും വേദത്തിൽ വന്നിട്ടില്ലാത്ത പ്രവാചകവചനങ്ങളെക്കുറിച്ചുള്ള അറിവുമുൾപ്പെടും.നുബുവ്വത്തെന്നത് ഇസ്‌റഈല്യരിൽ വന്ന നബിമാരാണുദ്ദേശ്യം.നല്ല വസ്തുക്കളിൽ നിന്ന് ആഹാരം നൽകി എന്നത് മന്ന്,സൽവാ ഉൾപ്പെടെ അവർക്ക് അള്ളാഹു നൽകിയ ഭക്ഷണങ്ങളാണ്.ലോകരേക്കാൾ അവരെ ഉൽകൃഷ്ടരാക്കി എന്നതിന്റെ താല്പര്യം സമകാലികരിൽ അവരല്ലാത്തവരേക്കാൾ അവർക്ക് മഹത്വം നൽകി എന്നാണ് (ഥബ്‌രി)
വിധി എന്നത് അവരിൽ വന്ന രാജാക്കളുടെ തീരുമാനമാണ് സൂചിപ്പിക്കുന്നതെന്ന് ഇബ്‌നു കസീർ രേഖപ്പെടുത്തുന്നു


وَآتَيْنَاهُم بَيِّنَاتٍ مِّنَ الْأَمْرِ فَمَا اخْتَلَفُوا إِلَّا مِن بَعْدِ مَا جَاءهُمْ الْعِلْمُ بَغْيًا 

بَيْنَهُمْ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ


(17)
(
മത) കാര്യത്തിൽ വ്യക്തമായ തെളിവുകളും അവർക്ക് നാം കൊടുത്തു.എന്നാൽ അവർക്ക് അറിവ് കിട്ടിയ ശേഷം മാത്രമാണ് അവർ ഭിന്നിച്ചത്.അതാകട്ടെ അവർക്കിടയിലെ സ്പർധ മൂലവും.നിശ്ചയം അവർ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തിൽ അന്ത്യനാളിൽ തങ്ങളുടെ രക്ഷിതാവ് അവർക്കിടയിൽ വിധി കല്പിക്കുന്നതാണ്

ഇവിടെ പറഞ്ഞ  കാര്യം  നബി യെക്കുറിച്ചുള്ള വിശദമായ ചരിത്രമാണ്.അതായത് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പാലായനം ചെയ്യുമെന്നും മദീനക്കാർ നബി യെ സഹായിക്കുമെന്നും അവിടുന്ന് പ്രവാചകരാണെന്നതിന്റെ വ്യക്തമായ തെളിവുകളുമെല്ലാമാണുദ്ദേശ്യം എന്നാണ് ഒരു വീക്ഷണം.മതപരമായ വിധികളായ ഹലാൽ,ഹറാം എന്നിവയും പ്രവാചകന്മാരുടെ അമാനുഷിക സിദ്ധികളുമാണുദ്ദേശ്യമെന്നാണ് മറ്റൊരു അഭിപ്രായം.ഏതായാലും വ്യക്തമായ തെളിവുകൾ ലഭിച്ചതിനു ശേഷമാണ് അവർ നിഷേധികളായത്.നബി യെക്കുറിച്ചുള്ള വ്യക്തമായ അറിവ് ലഭിച്ച ശേഷം തന്നെയാണ് അവർ നബി യെ നിഷേധിച്ചത് അത് നബി തങ്ങളോടുള്ള അസൂയ കൊണ്ടായിരുന്നു എന്നാണിവിടെ പറയുന്നത്.അവർ തമ്മിലുള്ള അധികാരത്തർക്കമാണതെന്നും അഭിപ്രായമുണ്ട് അത് പോലെത്തന്നെയാണ് തങ്ങളുടെ വിമർശകരായ മക്കാ മുശ്രിക്കുകൾ അവർക്ക് തങ്ങൾ നബി യാണെന്ന് മനസ്സിലായിട്ടും അവർ നിഷേധം തുടരുകയാണ് .ഇതിൽ ആരാണ് സത്യത്തിൽ ആരാണ് അസത്യത്തിൽ എന്ന് അള്ളാഹു അന്ത്യ നാളിൽ അവർക്ക് വിധി നകുന്നതാണ് (ഖുർതുബി)

ഇസ്റയേലികൾക്ക് അന്ത്യനാളിൽ അള്ളാഹു വിധി നൽകും എന്ന് പറഞ്ഞത് അവരുടെ മാർഗം സ്വീകരിക്കരുതെന്ന് ഉമ്മത്തിനെ താക്കീതു ചെയ്യാനാണ് (ഇബ്നു കസീർ)


ثُمَّ جَعَلْنَاكَ عَلَى شَرِيعَةٍ مِّنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاء الَّذِينَ لَا يَعْلَمُونَ


(18)
(
നബിയേ) പിന്നീട് തങ്ങളെ നാം (മത) കാര്യത്തിൽ ഒരു തെളിഞ്ഞ മാർഗത്തിൽ ആക്കിയിരിക്കയാണ്.അത് കൊണ്ട് തങ്ങൾ അതിനെ പിൻ പറ്റിക്കൊള്ളുക.അറിവില്ലാത്തവരുടെ ദേഹേച്ഛകളെ തങ്ങൾ പിൻ പറ്റരുത്

ഇസ്രയേലികൾക്ക് വ്യക്തമായ തെളിവുകൾ നൽകിയ ശേഷം തങ്ങൾക്ക് നാം ശരിയായ മാർഗവും മതവും വിധിവിലക്കുകളും നൽകിയിരിക്കുന്നു . മാർഗമാണ് അങ്ങ് പിന്തുടരേണ്ടത് .അള്ളാഹുവിനെ മനസ്സിലാക്കാത്ത അസത്യത്തിൽ നിന്ന് സത്യത്തെ വേർതിരിച്ച് ഉൾക്കൊള്ളാത്ത വിവര ദോഷികളെ പിൻ പറ്റരുത്(ഥബ്രി)

അള്ളാഹുവിൽ നിന്ന് ലഭിക്കുന്ന വഹ്യ് പിന്തുടരുകയും വിവരമില്ലാത്ത ബഹുദൈവ വിശ്വാസികളെ അവഗണിക്കുകയും ചെയ്യുക (ഇബ്നു കസീർ)

നബി യെ മക്കക്കാർ അവരുടെ പിതാക്കളുടെ മാർഗത്തിലേക്ക് ക്ഷണിച്ചപ്പോഴാണ് സൂക്തം അവതരിച്ചത് (ഖുർതുബി)

إِنَّهُمْ لَن يُغْنُوا عَنكَ مِنَ اللَّهِ شَيئًا وإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاء بَعْضٍ وَاللَّهُ وَلِيُّ الْمُتَّقِينَ


(19)
(
കാരണം) അള്ളാഹുവിങ്കൽ നിന്ന് യാതൊരു കാര്യത്തിനും അവർ തങ്ങൾക്ക് ഉപകരിക്കുന്നതേയല്ല.അക്രമികൾ പരസ്പരം സഹായികൾ തന്നെയാകുന്നു.അള്ളാഹു ദോഷബാധയെ സുക്ഷിക്കുന്നവരുടെ സഹായിയുമാണ്

അതായത് തങ്ങൾ അവരെ പിന്തുടർന്നാൽ അള്ളാഹുവിന്റെ ശിക്ഷക്ക് അർഹനാകും.ആ ശിക്ഷയിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ അവർക്ക് സാദ്ധ്യമാവുകയില്ല.അക്രമികൾ അഥവാ ജൂതന്മാരും കപടന്മാരും പരസ്പരം തിന്മക്ക് സഹായിക്കുന്നു.അള്ളാഹു ശിർക്കിനെയും മറ്റു ദോഷങ്ങളെയും സൂക്ഷിക്കുന്ന സത്യവിശ്വാസികളുടെ സഹായിയാകുന്നു(ഖുർതുബി)
അള്ളാഹു മുത്തഖീങ്ങളുടെ സഹായിയാണെന്ന് പറഞ്ഞാൽ നബി തങ്ങളെ എതിർക്കുന്നവർ എത്ര പേരുണ്ടായാലും തങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമേല്പിക്കാൻ അവർക്ക് സാദ്ധ്യമല്ല.കാരണം അവരുടെ എല്ലാ കുതന്ത്രങ്ങളിൽ നിന്നും തങ്ങളെ അള്ളാഹു സംരക്ഷിക്കുക തന്നെ ചെയ്യും .നിർബന്ധങ്ങൾ നിർവഹിച്ചും ദോഷങ്ങളിൽ നിന്ന് അകന്നു നിന്നും അള്ളാഹുവെ സൂക്ഷിക്കുന്ന വിശ്വാസികൾക്കും അള്ളാഹു കാവൽ നൽകും (ഥബ്‌രി)


هَذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمِ يُوقِنُونَ

(20)
ഇത് (ഖുർ ആൻ) ജനങ്ങൾക്ക് ഉൾക്കാഴ്ച നൽകുന്ന തെളിവുകളാണ്.ദൃഢ വിശ്വാസമുള്ള ജനതക്ക് മാർഗ ദർശനവും കാരുണ്യവുമാകുന്നു

വിധിവിലക്കുകളിൽ ആവശ്യമായ വ്യക്തത ഖുർആനിലുണ്ട്.ആതുൾക്കൊള്ളുന്നവരെ സ്വർഗത്തിലെത്തിക്കാനാവശ്യമായ മാർഗ ദർശനവും അതിലുണ്ട്.നല്ല വിശ്വാസികൾക്ക് അത് പരലോകത്ത് അനുഗ്രഹമായി അനുഭവപ്പെടുകയും ചെയ്യും (ഖുർതുബി)

أًمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أّن نَّجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاء مَّحْيَاهُم وَمَمَاتُهُمْ سَاء مَا يَحْكُمُونَ


(21)
അതോ തിന്മകൾ ചെയ്തുക്കൂട്ടിയവർ ധരിച്ചിട്ടുണ്ടോ?സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്ന് അതായത് അവരുടെ ജീവിതവും മരണവും സമമായിരിക്കുമെന്ന് ?അവർ വിധിക്കുന്നത് വളരെ മോശം തന്നെ

സത്യവിശ്വാസികളും നിഷേധികളും ഒരിക്കലും സാമ്യമുണ്ടാവില്ല.ഉത്ബത്ത്,ശൈബത്ത്,വലീദ് തുടങ്ങിയ ധിക്കാരികളും അലി رضي الله عنه, ഹംസ رضي الله عنه,ഉബൈദത്ത് رضي الله عنه തുടങ്ങിയ മഹത്തുക്കളും സമമാകുമെന്ന് ധരിക്കരുത്.കാരണം ഒരു വിഭാഗത്തിനു നല്ല സ്വർഗീയ സുഖങ്ങൾ ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു.മറുഭാഗത്തിനോ കഠിനമായ ശിക്ഷയാണ് തയാറാക്കപ്പെട്ടിരിക്കുന്നത് തമീമുദ്ദാരീ رضي الله عنه റബീഉബ്‌നു ഖൈസം رضي الله عنه ഫുളൈലുബ്‌നു ഇയാള് رضي الله عنه തുടങ്ങിയവരൊക്കെ ഈ സൂക്തം പാരായണം ചെയ്ത് രാത്രി ദീർഘമായി കരയുന്നവരായിരുന്നു അള്ളാഹുവിനു ആരാധിക്കുന്നവരെ കരയിക്കുന്ന സൂക്തമെന്ന് ഈ സൂക്തത്തിനു പേരു വെക്കപ്പെട്ടിരിക്കുന്നു (ഖുർതുബി)

Part 3  click here

ഭാഗം-04  ഇവിടെ


പ്രിയസഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെ. ദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക്vilakk@gmail.com




No comments: