Saturday, December 16, 2017

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ -ഭാഗം-02

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 59


Part-2  ( 9 to 16 )

بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


Part  1  here >> 

(9) 

بَلْ هُمْ فِي شَكٍّ يَلْعَبُونَ

പക്ഷെ വിനോദത്തിലായിക്കൊണ്ട്  അവർ സംശയത്തിലാണ്

അള്ളാഹുവിൽ നിന്ന് ഉറപ്പായ സത്യങ്ങൾ അവർക്ക് വന്ന് കിട്ടിയപ്പോൾ അത് സ്വീകരിക്കുന്നതിനു പകരം സംശയത്തോടെ അതിനെ നിരീക്ഷിക്കുകയും അത് സ്വീകരിക്കാതിരിക്കുകയും ചെയ്തു.

ഇമാം ഖുർതുബി 
رحمة الله عليه എഴുതുന്നു.അതായത് അള്ളാഹുവാണ് അവരുടെ സൃഷ്ടാവ് എന്ന് അവർ പരസ്യമായി സമ്മതിച്ചിരുന്ന വിഷയത്തിൽ പോലും അവർക്ക്  ഉറപ്പുണ്ടായിരുന്നില്ല.മറിച്ച് അവരുടെ മുൻ തലമുറ പറഞ്ഞിരുന്നത് അവരും ഉരുവിട്ടുവെന്ന് മാത്രം.അപ്പോൾ ആ വിശ്വാസ പ്രഖ്യാപനത്തിൽ പോലും അവർ കളിക്കുകയാണ് (ഖുർതുബി)

ഇമാം റാസി 
رحمة الله عليهഎഴുതുന്നു  “ആകാശ ഭൂമികൾക്ക് ഒരു സംരക്ഷകനും സൃഷ്ടാവുമുണ്ടെന്ന് അവർ സമ്മതിച്ചിരുന്നു.അപ്പോൾ അവരോട് പറയപ്പെട്ടു ദൂതന്മാരെ അയക്കലും ഗ്രന്ഥം നൽകലുമെല്ലാം ആ നാഥനിൽ നിന്നുള്ള അനുഗ്രഹമാണ്.ആകാശ ഭൂമികളുടെ ആ നാഥൻ എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്നു.ആകാശ ഭൂമികൾക്ക് റബ്ബുണ്ടെന്ന് നിങ്ങൾ പറഞ്ഞത് അറിഞ്ഞും വിശ്വസിച്ചും പറഞ്ഞതാണെങ്കിൽ (ഈ പ്രവാചകനെയും നിങ്ങൾ നിരാകരിക്കരുതല്ലോ!)എന്നാൽ അവർ റബ്ബുണ്ടെന്ന് പറഞ്ഞത്  അറിഞ്ഞു കൊണ്ടോ ഉറപ്പിച്ചു കൊണ്ടോ അല്ല മറിച്ച് ഒരു പരിഹാസത്തോടെയും കളിയായും പറഞ്ഞതാണ് എന്ന് അള്ളാഹു വിശദീകരിച്ചു കൊണ്ട് അവരെ അവൻ ഘണ്ഡിച്ചിരിക്കുകയാണ് (റാസി)

(10)

فَارْتَقِبْ يَوْمَ تَأْتِي السَّمَاء بِدُخَانٍ مُّبِينٍ


അതിനാൽ ആകാശം സ്പഷ്ടമായ ഒരു പുക കൊണ്ടു വരുന്ന ദിവസത്തെ തങ്ങൾ പ്രതീക്ഷിക്കുക

സത്യം സ്വീകരിക്കാൻ വിസമ്മതിച്ചവർക്കുള്ള താക്കീതാണിത്.ആകാശം പുക കൊണ്ടുവരുന്ന ദിനം എന്നത് സംബന്ധമായി വിവിധ വീക്ഷണങ്ങളുണ്ട്.ആ പുക നേരത്തെ വന്നു കഴിഞ്ഞു എന്നും അന്ത്യനാളിനോടനുബന്ധിച്ച് വരാനിരിക്കുന്നതേയുള്ളൂ എന്നും പക്ഷാന്തരങ്ങളുണ്ട്.

ഇബ്‌നു കസീർ പറയുന്നു.‘മസ്‌റൂഖ് എന്നവർ പറഞ്ഞു ഞങ്ങൾ കൂഫയിലെ ഒരു പള്ളിയിൽ പ്രവേശിച്ചു അപ്പോൾ ഒരാൾ തന്റെ കൂട്ടുകാരോട് കഥ പറഞ്ഞു കൊണ്ടിരിക്കുന്നു.അദ്ദേഹം ആകാശം പുക കൊണ്ടു വരുന്ന ദിനം എന്ന ഈ സൂക്തം ഓതിക്കൊണ്ട് സദസിനോട് ചോദിക്കുന്നു ഈ പുക എന്താണെന്ന് നിങ്ങൾക്ക് അറിയാമോഇത് അന്ത്യനാളിൽ വരുന്ന ഒരു പുകയാണ് കപടന്മാരുടെ കണ്ണുകളെയും കാതുകളെയും അത് കീഴടക്കും.വിശ്വാസികൾക്ക് ഒരു ജലദോഷ ബാധ പോലെ അത് അനുഭവപ്പെടും‘ .അങ്ങനെ ഞങ്ങൾ സഹാബി വര്യനായ ഇബ്‌നു മസ്‌ഊദ്  رضي الله عنه  ന്റെ അടുത്ത് ചെന്ന് ഈ സംഭവം പറഞ്ഞു.അപ്പോൾ കിടക്കുന്ന അദ്ദേഹം അല്പം ഭയത്തോടെ എഴുന്നേറ്റിരുന്നു, എന്നിട്ട് പറഞ്ഞു. അറിയാത്തതിനെ സംബന്ധിച്ച്  അള്ളാഹു അഅ്ലം (അള്ളാഹു ഏറ്റവും അറിയുന്നവനാണ്) എന്ന് പറയൽ അറിവിന്റെ കൂട്ടത്തിൽ പെട്ടതാണ് (അതായത് കഥ പറഞ്ഞയാൾ അനാവശ്യം പറഞ്ഞു എന്ന്! )

ആ പുകയുടെ കഥ ഞാൻ പറഞ്ഞു തരാം.ഖുറൈശികൾ ഇസ്‌ലാമിലേക്ക് വരാതിരിക്കുകയും നബി  യെ വല്ലാതെ ധിക്കരിക്കുകയും ചെയ്തപ്പോൾ അവിടുന്ന് യൂസുഫ് നബി عليه السلام യുടെ കാലത്തുണ്ടായത് പോലുള്ള ക്ഷാമം കൊണ്ട് അവരെ പരീക്ഷിക്കാനായി അള്ളാഹുവോട് പ്രാർത്ഥിച്ചു.അങ്ങനെ ശവവും എല്ലും വരെ തിന്നുമാർ അവരെ ദാരിദ്ര്യവും ക്ഷാമവും ബാധിച്ചു.അപ്പോൾ അവർ മഴയുടെ വല്ല ലക്ഷണവുമുണ്ടോ എന്ന് നോക്കാൻ ആകാശത്തേക്ക് കണ്ണുകൾ ഉയർത്തി.അപ്പോൾ അവർക്ക് ഒരു പുകയല്ലാതെ മറ്റൊന്നും കാണാനായില്ല. അതാണ് ഈ സൂക്തത്തിൽ പറഞ്ഞ പുക എന്ന് ഇബ്‌നു മസ്‌ഊദ് വിശദീകരിച്ചു.അതായത് ആ പുക വന്ന് കഴിഞ്ഞു എന്ന പക്ഷമാണ് ഇബ്‌നു മസ്‌ഊദ് رضي الله عنه  ന്.(ഇബ്‌നു കസീർ)

ഇവിടെ പുക എന്ന് പറഞ്ഞത് മഴയില്ലാത്തതിന്റെ പേരിൽ ഭൂമി ശക്തമായി ഉണങ്ങുകയും ധാരാളം പൊടിപടലങ്ങൾ ഉയരുകയും അന്തരീക്ഷം ഇരുളുകയ്യും ചെയ്യുന്ന അവസ്ഥയുമാകാം.അല്ലെങ്കിൽ ശക്തമായ തിന്മകളെ സംബന്ധിച്ച് അറബികൾ പുക എന്ന് പറയാറുണ്ട് കാരണം ഒരാളുടെ ഭയം ശക്തമാവുകയോ അയാൾ ബലഹീനനാവുകയോ ചെയ്താൽ അയാളുടെ കണ്ണുകൾക്ക് ഇരുട്ട് ബാധിക്കുകയും ദുനിയാവ് പുക നിറഞ്ഞിരിക്കുകയാണെന്ന് അയാൾക്ക് തോന്നുകയും ചെയ്യും അതായത് യഥാർത്ഥത്തിൽ പുകയുണ്ടാവാതെ തന്നെ കഷ്ടപ്പാടുകൾ ശക്തമായപ്പോൾ അവർക്ക് തോന്നുന്ന അവസ്ഥയുമാവാം എന്ന് ഇമാം റാസി ഇവിടെ വിശദീകരിച്ചിട്ടുണ്ട്

ഈ സൂക്തത്തിൽ പറഞ്ഞ പുക ഇതുവരെയും വന്നിട്ടില്ല എന്നാണ് രണ്ടാം വീക്ഷണം.അവർ പറയുന്നത് നബി  യിൽ നിന്ന് വന്നിട്ടുള്ള ഒരു ഹദീസിന്റെ അടിസ്ഥാനത്തിലാണ്

ഹുദൈഫത്തു ബ്‌നു ഉസൈദ് അൽ ഗിഫ്ഫാരി  رضي الله عنه  പറയുന്നു.ഒരിക്കൽ ഞങ്ങൾ അന്ത്യനാളിനെ സംബന്ധിച്ച് ചർച്ച നടത്തിക്കൊണ്ടിരിക്കെ നബി  അവിടേക്ക് വന്നു.എന്നിട്ട് അവിടുന്ന് പറഞ്ഞു ‘പത്ത് അടയാളങ്ങൾ നിങ്ങൾ കാണാതെ അന്ത്യ നാളുണ്ടാവില്ല. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുക, പുക പ്രത്യക്ഷപ്പെടുക, ദാബ്ബത്തുൽ അർള് ന്ന അത്ഭുത ജീവി പ്രത്യക്ഷപ്പെടുക, യഅ്ജൂജ് മഅ്ജൂജ് വരിക, ഈസാ عليه السلام  വരിക, ദജ്ജാൽ വരിക, കിഴക്കും പടിഞ്ഞാറും അറേബ്യൻ ഉപദീപിലുമായി മൂന്ന് ഭൂമി പിടിച്ചു വിഴുങ്ങലുണ്ടാവുക, ജനങ്ങളെ ഒരു സ്ഥലത്തേക്ക് ഒരുമിച്ച് കൂട്ടുന്ന ഒരു തീ പുറപ്പെടുക എന്നിവയാണത്‘ (ഇബ്‌നു കസീർ )

ഈ രണ്ട് വ്യാഖ്യാനങ്ങളും വൈരുദ്ധ്യമല്ല   വൈവിദ്ധ്യമായി കാണാവുന്നതാണ്.അഥവാ ഭൂമിയിൽ നേരത്തെ തന്നെ ഇത്തരം ഒരു പുക വരികയും ഇനി ഒരു പുക വരാനിരിക്കുകയും ചെയ്യുന്നു

(11)

يَغْشَى النَّاسَ هَذَا عَذَابٌ أَلِيمٌ

അത് മനുഷ്യരെ പൊതിയും ഇത് വേദനാജനകമായ ശിക്ഷയായിരിക്കുന്നതാണ്

എപ്പോൾ ആ പുക വന്നാലും അതിന്റെ ദുരന്തം വ്യാപകമായിരിക്കും എന്നാണ് അത് അവരെ പൊതിയും എന്നതിന്റെ സാരം. ഇത് വേദനാജനകമായ ശിക്ഷയാണെന്ന് അവരെ ഭയപ്പെടുത്തും വിധം  അവരോട് പറയപ്പെടുന്നതാണെന്നും  അവർ തമ്മതമ്മിൽ ഇത് ഭയങ്കര ശിക്ഷയാണല്ലോ എന്ന് അടക്കം പറായുന്നതാണെന്നും അഭിപ്രായമുണ്ട്


(12)

رَبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ

(അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! ഈ ശിക്ഷ ഞങ്ങളിൽ നിന്ന് നീ ഒഴിവാക്കിത്തരേണമേ!തീർച്ചയായും ഞങ്ങൾ വിശ്വസിക്കുന്നവരാണ്


ശിക്ഷ നേരിൽ കാണുമ്പോൾ സ്വാഭാവികമായും നിഷേധികൾ നടത്തുന്ന ഒരു വിലാപമാണിത്.ഇതിൽ നിന്ന് ഒഴിവാക്കിത്തന്നാൽ ഞങ്ങൾ നന്നായേക്കാം എന്ന പ്രയോഗം എവിടെ ശിക്ഷ അനുഭവപ്പെടുമ്പോഴും നിഷേധികൾ ഇത്തരം പ്രയോഗം നടത്തുമെന്ന് ഖുർആൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. പക്ഷെ സമയം കഴിഞ്ഞുള്ള ആ വിലാപം വൃഥാവിലാണെന്നാണ് അതിനു മറുപടിയായി അള്ളാഹു പറഞ്ഞിട്ടുള്ളത്.അതിലേക്കുള്ള സൂചനയാണ് അടുത്ത വാക്യം


(13)

أَنَّى لَهُمُ الذِّكْرَى وَقَدْ جَاءهُمْ رَسُولٌ مُّبِينٌ

അവർക്ക് എങ്ങനെ ബോധോദയം ഉണ്ടാവാനാണ്!  നിശ്ചയമായും അവരുടെ അടുക്കൽ സ്പഷ്ടമായ ഒരു ദൈവ ദൂതൻ വന്നിരുന്നു


അതായത് അവർ ഒന്നുമറിയാതെ ഈ ശിക്ഷയിൽ വന്നു പെട്ടതല്ല.മറിച്ച് അവർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻ -നിഷേധത്തിന്റെ പരിണിത ഫലം ഇത്തരം ശിക്ഷയായിരുക്കുമെന്ന് താക്കീത് നൽകാനും അനുസരിച്ച് ജീവിക്കുന്നവർക്ക് പ്രതിഫലമുണ്ടാവുമെന്ന് സുവിശേഷമറിയിക്കാനും –വ്യക്തമായ തെളിവുകളുമായി അള്ളാഹുവിൽ നിന്നുള്ള ദൂതന്മാർ അവർക്ക് വന്നിരുന്നു.ആ ദൂതന്മാരെ അവഗണിക്കാൻ കാണിച്ച ആവേശമാണ് അവരെ ഇത്തരം ദുരന്തങ്ങളിലെത്തിച്ചത്.അത് കൊണ്ട് ശിക്ഷ കാണുമ്പോൾ രക്ഷിക്കണേ എന്ന് വിളിച്ചു കൂവുന്നവർ രക്ഷപ്പെട്ടാൽ വീണ്ടും പഴയ നിഷേധത്തിൽ തന്നെയായിരിക്കും ഉണ്ടാവുക എന്നാണ് ‘അവർക്ക് എങ്ങനെ ബോധോദയം ഉണ്ടാവാനാണ് എന്ന ചോദ്യം മുഖേന അള്ളാഹു അറിയിക്കുന്നത്


(14)

ثُمَّ تَوَلَّوْا عَنْهُ وَقَالُوا مُعَلَّمٌ مَّجْنُونٌ

എന്നിട്ട് അവർ അദ്ദേഹത്തിൽ നിന്ന് പിന്മാറിക്കളഞ്ഞു.(മാത്രമല്ല) അദ്ദേഹം അഭ്യസിപ്പിക്കപ്പെട്ടവനാണ്  ,ഭ്രാന്തനാണ് എന്നവർ പറയുകയും ചെയ്തു


പ്രവാചക അദ്ധ്യാപനങ്ങളെ അവർ തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല പ്രവാചകന്റെ ആധികാരികതയും വിശ്വാസ്യതയും ചോദ്യം ചെയ്തു കൊണ്ട് ആരാലൊക്കെയോ എന്തൊക്കെയോ പഠിപ്പിക്കപ്പെട്ട സ്വബോധമില്ലാത്തയാളാണെന്ന് വരെ പ്രവാചകനെക്കുറിച്ച് അവർ ദുരാരോപണമുന്നയിക്കുകയുണ്ടായി

ഇമാം റാസി 
رحمة الله عليهഎഴുതുന്നുനബിയുടെ മേൽ ഖുർആൻ അവതരിപ്പിക്കപ്പെട്ടത് സംബന്ധമായി മക്കയിലെ നിഷേധികൾ രണ്ട് തട്ടിലായിരുന്നു ചിലർ പറഞ്ഞത് ഇത് മുഹമ്മദ് നബി ﷺ ആരിൽ നിന്നോ പഠിച്ചതാണ് (അദ്ധ്യായം പതിനാറിലെ (നഹ്‌ൽ) നൂറ്റിമൂന്നാം സൂക്തം ഇത് വ്യക്തമാക്കുന്നു


وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ لِّسَانُ الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ 

وَهَـذَا لِسَانٌ عَرَبِيٌّ مُّبِينٌ



 “ഒരു മനുഷ്യൻ തന്നെയാണ് നബിക്ക് പഠിപ്പിച്ചു കൊടുക്കുന്നത് എന്ന് അവർ പറയുന്നുണ്ടെന്ന് തീർച്ചയായും നമുക്ക് അറിയാം അവർ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെ പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു (പൂർവ വേദങ്ങൾ പഠിച്ച ഒരു റോമൻ അടിമ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ഏറ്റു പറയുകയാണ് മുഹമ്മദ് നബി എന്നായിരുന്നു അവർ ആരോപിച്ചിരുന്നത്) ഈ ഖുർആനാകട്ടെ സ്പഷ്ടമായ അറബി ഭാഷയുമാകുന്നു“ ഈ സൂക്തത്തിലൂടെ ആരിൽ നിന്നോ നബി പഠിച്ചു എന്ന ആരോപണത്തെ ഖുർആൻ തകർത്തെറിഞ്ഞിരിക്കുകയാണ്

മറ്റു ചിലർ പറഞ്ഞത് നബിക്ക് ഭ്രാന്താണ്. ഭ്രാന്ത് വരുമ്പോൾ ജിന്നുകൾ നബിക്ക് പറഞ്ഞു കൊടുക്കുന്ന വാക്യങ്ങളാണിത് എന്നായിരുന്നു (റാസി) എന്നാൽ നബി  മറ്റൊരാളിൽ നിന്ന് പഠിച്ചിട്ടില്ല തങ്ങൾക്ക് ഭ്രാന്തിന്റെ ലാഞ്ചന പോലുമില്ല.മറിച്ച് ഖുർആൻ അല്ലാഹു നബി തങ്ങൾക്ക് അവതരിപ്പിച്ചത് തന്നെ എന്നതാണ് സത്യം


(15)
إِنَّا كَاشِفُو الْعَذَابِ قَلِيلًا إِنَّكُمْ عَائِدُونَ


നിശ്ചയം ശിക്ഷ അല്പ കാലം നാം ഒഴിവാക്കിനിറുത്താം (എന്നാലും സത്യനിഷേധികളേ) നിങ്ങൾ വീണ്ടും (ആ പഴയ നടപടിയിലേക്ക്) മടങ്ങുന്നവർ തന്നെയാണ്

പന്ത്രണ്ടാം സൂക്തത്തിൽ അവരുന്നയിച്ച ആവശ്യമായിരുന്നല്ലോ ഞങ്ങളിൽ നിന്ന് ശിക്ഷ ഒഴിവാക്കിത്തന്നാൽ ഞങ്ങൾ വിശ്വസിക്കാം എന്നത്.ഒരിക്കലും നിങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരില്ലെന്നാണ് അള്ളാഹു പറയുന്നത്.അതായത് ശിക്ഷ ഞാൻ ഒഴിവാക്കിത്തന്നാൽ -സന്തോഷത്തിലേക്ക് നിങ്ങൾ തിരിച്ചെത്തിയാൽ- നിങ്ങൾ വീണ്ടും പഴയപടി നിഷേധത്തിലേക്ക് തന്നെ മടങ്ങും.അത് കൊണ്ട് ഇനി ശിക്ഷയിൽ ഇളവ് പ്രതിക്ഷിക്കേണ്ടതില്ല എന്ന് സാരം.

ശിക്ഷ അല്പകാലം മാറ്റി നിറുത്താം എന്ന ഈ വാക്യത്തിന് രണ്ട് രൂപത്തിൽ വ്യാഖ്യാനത്തിനു സാദ്ധ്യതയുണ്ടെന്ന് ഇബ്‌നു കസീർ പറയുന്നു

(ഒന്ന്)  ഞാൻ നിങ്ങൾക്ക് ശിക്ഷ ഇളവ് ചെയ്യുകയും ഒരിക്കൽ കൂടി ഭൂമിയിലേക്ക് മടക്കുകയും ചെയ്തുവെന്നിരിക്കട്ടെ .എന്നാൽ നിങ്ങൾ വീണ്ടും പഴയ നിഷേധത്തിലേക്ക് തന്നെ മടങ്ങും (അത് കൊണ്ട് നിങ്ങൾക്കിനി ശിക്ഷയിൽ ഇളവില്ല എന്ന്.ഈ ആശയം പലയിടത്തും ഖുർആൻ പറഞ്ഞിട്ടുണ്ട്.ഉദാഹരണമായി ഇരുപത്തിമൂന്നാം അദ്ദ്യായം  -അൽ മുഅ്മിനൂന-യുടെ എഴുപത്തി അഞ്ചാം വാക്യം നോക്കുക.അള്ളാഹു പറയുന്നു.


وَلَوْ رَحِمْنَاهُمْ وَكَشَفْنَا مَا بِهِم مِّن ضُرٍّ لَّلَجُّوا فِي طُغْيَانِهِمْ يَعْمَهُونَ


 “നാം അവരോട് കരുണ കാണിക്കുകയും അവരിലുള്ള കഷ്ടത നീക്കുകയും ചെയ്താൽ അവർ തങ്ങളുടെ ധിക്കാരത്തിൽ വിഹരിക്കുന്ന അവസ്ഥയിൽ തന്നെ ശഠിച്ചു നിൽക്കുമായിരുന്നു 

ആറാം അദ്ധ്യായം –അൽ അൻആം-ഇരുപത്തിയെട്ടാം സൂക്തം പറയുന്നു 

وَلَوْ رُدُّواْ لَعَادُواْ لِمَا نُهُواْ عَنْهُ


 “അവർ തിരിച്ചയക്കപ്പെട്ടാൽ അവർ എന്തിൽ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവർ മടങ്ങിപ്പോകുന്നതാണ് .അതായത് ശിക്ഷ അനുഭവിക്കുമ്പോഴുള്ള ഈ കുമ്പ സാരം രക്ഷപ്പെട്ടാൽ കാണുകയില്ല എന്ന് സാരം

(രണ്ട്) നിങ്ങൾക്ക് ശിക്ഷ ലഭിക്കാനുള്ള കാരണങ്ങൾ നിങ്ങളിൽ നിന്നുണ്ടായിട്ടും ശിക്ഷ നാം വൈകിച്ചു .പക്ഷെ നിങ്ങൾ ആ വഴികേടിൽ തന്നെ തുടർന്നു കൊണ്ടിരിക്കുന്നു നന്നാവാനും വീണ്ടുവിചാരമുണ്ടാവാനും നിങ്ങൾക്ക് നാം നൽകിയ സാവകാശം നിങ്ങൾ പരിഗണിച്ചതേയില്ല (ഇബ്‌നു കസീർ)


(16)

يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرَى إِنَّا مُنتَقِمُونَ

ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം (ഓർക്കുക.അന്ന്) നാം ശിക്ഷാനടപടി സ്വീകരിക്കുക തന്നെ ചെയ്യും

ഈ വലിയ പിടുത്തം എന്നത് ഭൂമിയിൽ വെച്ച് ബദ്‌റിലും മറ്റും സംഭവിച്ചിട്ടുണ്ട് .ഇനി പരലോകത്തും അത് നടക്കും .അഥവാ ശക്തമായ ശിക്ഷ ഈ നിഷേധികളെ കാത്തിരിക്കുന്നു
അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ ആമീൻ

(തുടരും)
ഇൻശാ അള്ളാഹ്



പ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.com

1 comment:

വഴികാട്ടി / pathfinder said...


അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ -ഭാഗം-02

പക്ഷെ വിനോദത്തിലായിക്കൊണ്ട് അവർ സംശയത്തിലാണ്